വിജ്ഞാന കേരളം:
സിദ്ധാന്തത്തിൽനിന്ന്
പ്രയോഗത്തിലേക്ക്
ഡോ. ടി എം തോമസ് ഐസക്
പ്രസാധകർ: ചിന്ത പബ്ലിഷേഴ്സ്
വില: ₹ 250
വിജ്ഞാന സമ്പദ്-വ്യവസ്ഥയെക്കുറിച്ച് കഴിഞ്ഞ കുറേക്കാലമായി പൊതുമണ്ഡലത്തിൽ ചർച്ചകൾ സജീവമാണ്. എന്നാൽ എന്താണ് വിജ്ഞാന സമ്പദ്-വ്യവസ്ഥയെന്നത് സംബന്ധിച്ച് കാര്യമായ വിശകലനങ്ങളൊന്നുംതന്നെ മലയാളത്തിൽ ഇനിയും ലഭ്യമായിട്ടില്ല. വിജ്ഞാന സമ്പദ്ഘടന സാക്ഷാത്കരിക്കാനുള്ള മാർഗമെന്തെന്നതിനെക്കുറിച്ച് സാധാരണ ജനങ്ങൾ ഏറെക്കുറെ അജ്ഞരാണ്. ഈ കുറവുകൾ പരിഹരിക്കാനാകുന്നതാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഡോ. ടി എം തോമസ് ഐസക്കിന്റെ ‘‘വിജ്ഞാന കേരളം: സിദ്ധാന്തത്തിൽനിന്ന് പ്രയോഗത്തിലേക്ക്’’ എന്ന ലഘുഗ്രന്ഥം.
പതിനൊന്ന് അധ്യായങ്ങളിലായി വിജ്ഞാന സമ്പദ്ഘടനയെക്കുറിച്ച്, അതിന്റെ ഭാഗമായ വിജ്ഞാന കേരളം പദ്ധതിയെക്കുറിച്ച്, സാമാന്യമായി അറിയേണ്ട കാര്യങ്ങളെല്ലാം ലളിതമായി വിവരിക്കുകയാണ് ഈ കൃതിയിൽ. ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽരഹിതരുള്ള സംസ്ഥാനമാണ് കേരളമെന്ന് അടയാളപ്പെടുത്തപ്പെടുമ്പോൾതന്നെ 35 ലക്ഷം അതിഥി തൊഴിലാളികൾ ഈ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ടെന്നതിലെ വിരോധാഭാസത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ടാണ് ഡോ. ഐസക് വിഷയത്തിലേക്ക് കടക്കുന്നത്. ഇവിടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യാൻ ഇവിടെ എന്തുകൊണ്ട് ആളെ കിട്ടുന്നില്ല? അതിന് അതിഥി തൊഴിലാളികളെ ആശ്രയിക്കേണ്ടതായി വരുന്നതെന്തുകൊണ്ട്? ഇതൊരു പ്രധാന പ്രശ്നമാണ്.
ഇന്ത്യയിൽ ഏറ്റവുമധികം അഭ്യസ്തവിദ്യരുള്ള സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർക്ക് അവരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. അതനുസരിച്ചു തൊഴിലുകളിൽ മാറ്റം വരുന്നില്ല. എന്നാൽ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഇതേ തൊഴിലുകൾക്ക് ലഭിക്കുന്ന വേതനത്തെക്കാൾ ഉയർന്ന വേതനം ലഭിക്കുന്നതും അത്തരം തൊഴിലുകൾ ചെയ്യാൻ സന്നദ്ധതയുള്ള ആളുകൾ വേണ്ടത്ര ഇവിടെ ഇല്ലാതിരിക്കുന്നതുമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലനേ-്വഷകരെ ഇവിടേക്ക് ആകർഷിക്കുന്നതിനുകാരണം.
മൊത്തം തൊഴിലില്ലായ്മയുടെ നിരക്ക് കേരളത്തിൽ അധികമാണെന്നതുപോലെതന്നെ സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കും വളരെ ഉയർന്നതാണ്. അതും കേരളത്തിന്റെ തൊഴിൽ മേഖലയിലെ ഒരു പ്രശ്നമാണ്. ആ സ്ഥിതിക്ക് സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിച്ചുകൊണ്ടുമാത്രമേ പൊതുവിലുള്ള തൊഴിലില്ലായ്മ നിരക്ക് കുറച്ചുകൊണ്ടുവരാനാകൂ.
കേരളത്തിൽ അഭ്യസ്തവിദ്യരുടെ എണ്ണം അധികമാണെന്നിരിക്കെത്തന്നെ അവർ നേടിയ വിദ്യാഭ്യാസത്തിന്റെ പരിമിതി തൊഴിൽ ലഭ്യമാകാൻ അത് ജപര്യാപ്തമല്ലായെന്നതാണ്. തൊഴിൽ ലഭ്യതയ്ക്കുവേണ്ട നെെപുണി തൊഴിൽ തേടുന്നവർക്കില്ലയെന്നതാണ് അതിനു കാരണം. ഈ പശ്ചാത്തലത്തിലാണ് വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസത്തെ തൊഴിലുകളുമായി ബന്ധപ്പെടുത്താനുള്ള പരിശ്രമം നടത്തുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പഠനം പൂർത്തിയാക്കുന്നതിനുമുൻപുതന്നെ വിവിധ തൊഴിലുകൾ ചെയ്യാനുള്ള നെെപുണി പരിശീലനം കൂടി നൽകേണ്ടതുണ്ട്. അതിനുപുറമെ പഠനം പൂർത്തിയാക്കി തൊഴിൽരഹിതരായി കഴിയുന്നവർ, ജീവിത സാഹചര്യങ്ങളിൽപെട്ട് കരിയർ ബ്രേക്കുണ്ടാകുന്ന സ്ത്രീകൾ എന്നിവർക്കെല്ലാം അനുയോജ്യമായ തൊഴിലുകളിൽ നെെപുണി പരിശീലനം നൽകേണ്ടതുമുണ്ട്. പഠനം തുടരുന്നവർക്കും പഠനം പൂർത്തിയായവർക്കുമുള്ള നെെപുണി പരിശീലനം നൽകാൻ വലിയൊരു ജനകീയ ക്യാമ്പയ്നിലൂടെ മാത്രമേ കഴിയൂ. സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും കാലത്തെന്നപോലെ വലിയൊരു ജനകീയപ്രസ്ഥാനമായി ഇൗ ക്യാമ്പയ്നെയും മാറ്റേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളാണ് ഈ കൃതിയുടെ 11 അധ്യായങ്ങളിലായി പരിശോധിക്കുന്നത്.
കേവലം തൊഴിലിന്റെയും നെെപുണിയുടെയും പ്രശ്നങ്ങൾ മാത്രമല്ല, ഇവയുമായി ബന്ധപ്പെട്ട സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും ഇവിടെ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കും കേന്ദ്ര സർക്കാരിന്റെ പ്രതികാരബുദ്ധിയോടെയുള്ള വിവേചനം അതിനിടയാക്കുന്നതിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പ്രയാണത്തിൽ സംസ്ഥാനം നേരിടേണ്ടതായി വരുന്ന കടമ്പകളിലേക്കും ഈ കൃതി വിരൽചൂണ്ടുന്നുണ്ട്. ഇന്ന് ഡിജിറ്റൽ മേഖലയിലായാലും കൂടുതൽ വിജ്ഞാനാധിഷ്ഠിത തൊഴിലുകളിലായാലും വിദേശത്ത് പോകേണ്ടതായി വരുന്ന സാഹചര്യത്തിനടക്കം മാറ്റംവരേണ്ടതുണ്ട്. അതിന് ആവശ്യമായ തൊഴിലുകൾ സൃഷ്ടിക്കാൻ വേണ്ട പശ്ചാത്തലവികസനത്തിന് വൻ തുക മുടക്കേണ്ടതുണ്ട്. അതിന് ബജറ്റിനു പുറത്തുനിന്നും തുക കണ്ടെത്തേണ്ടതായി വരുന്നു. അതിനുള്ള സംവിധാനമായി രൂപപ്പെടുത്തിയ കിഫ്ബിയുടെ പ്രവർത്തനത്തെ പ്പോലും തടയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ എല്ലാ വെെതരണികളെയും അതിജീവിക്കുന്നതിനുള്ള നടപടികൾക്കൊപ്പം നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയിലും നവീകരണവും പൊളിച്ചെഴുത്തും അനിവാര്യമാണ്.
സർവകലാശാലകൾക്കുള്ളിൽ ഓട്ടോണമസ് ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളും സ്കൂളുകളും സ്ഥാപിക്കുന്നതുൾപ്പെടെ ഒട്ടേറെ പരിഷ്കാരങ്ങൾ സംസ്ഥാനത്ത് അതിവേഗം നടപ്പാക്കിവരികയാണ്. അതിന്റെ പ്രാധാന്യവും വിശദാംശങ്ങളുമെല്ലാം ഈ കൃതിയിൽ വിവരിക്കുന്നുണ്ട്.
ദേശീയതലത്തിൽ കേന്ദ്ര സർക്കാർ പിന്തുടർന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളിൽനിന്ന് വ്യത്യസ്തമായ ബദൽനയങ്ങൾ മുന്നോട്ടുവയ്ക്കാനാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിജ്ഞാനകേരളം എന്ന ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.
ചുരുക്കത്തിൽ, വിജ്ഞാന സമ്പദ്ഘടനയുമായി ബന്ധപ്പെട്ടും വിജ്ഞാനാധിഷ്ഠിത തൊഴിലുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അത്തരം തൊഴിൽ ലഭ്യതയ്ക്കാവശ്യമായ നെെപുണി പരിശീലനത്തെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ വായനക്കാരുമായി ഡോ. തോമസ് ഐസക് ഈ കൃതിയിൽ പങ്കുവയ്ക്കുന്നു. വിഷയങ്ങളുടെ സമഗ്രവും അതേസമയംതന്നെ ലളിതവുമായ പ്രതിപാദനരീതി ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. തൊഴിൽ തേടുന്നവരെ സംബന്ധിച്ചും വിജ്ഞാന കേരളം ജനകീയ ക്യാമ്പയ‍്നിൽ സന്നദ്ധപ്രവർത്തനത്തിനു തയ്യാറാകുന്നവരെ സംബന്ധിച്ചും അവശ്യം വായിച്ചിരിക്കേണ്ട ഒരു കെെപ്പുസ്തകമാണ് ഡോ. ടി എം തോമസ് ഐസക്കിന്റെ വിജ്ഞാനകേരളം: സിദ്ധാന്തത്തിൽനിന്ന് പ്രയോ ഗത്തിലേക്ക് എന്ന ലഘുഗ്രന്ഥം. ഈ കൃതി രചിച്ച ഡോ. ഐസക്കും അതു പ്രസിദ്ധീകരിച്ച ചിന്ത പബ്ലിഷേഴ്സും അഭിനന്ദനം അർഹിക്കുന്നു. l



