Saturday, May 16, 2026

ad

Homeകവര്‍സ്റ്റോറി‘നൈപുണ്യ സമഗ്ര – നൈപുണി വികസനത്തിന് ’ ഒരു വിജ്ഞാനകേരളം 
ഇടപെടൽ

‘നൈപുണ്യ സമഗ്ര – നൈപുണി വികസനത്തിന് ’ ഒരു വിജ്ഞാനകേരളം 
ഇടപെടൽ

വിജ്ഞാനസമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇടപെടലുകൾ സുപ്രധാനമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്, നാളിതുവരെ ഉയർത്തിപ്പിടിച്ചിട്ടുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉൾച്ചേർക്കൽ, തുല്യനീതി എന്നീ മൂല്യങ്ങളും അക്കാദമിക സ്വാതന്ത്ര്യവും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് നാം നൽകുന്ന സുപ്രധാനമായ സ്ഥാനവും നിലനിർത്തിക്കൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ രംഗത്തെ എങ്ങനെ നവീകരിക്കാം എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഊന്നൽ.

ഉന്നത വിദ്യാഭ്യാസരംഗം അതിന്റെ ആഗോള അക്കാദമിക ഗുണനിലവാരങ്ങൾക്കനുസരിച്ചും ആഗോള പ്രവണതകൾക്കനുസരിച്ചും മികവുറ്റതാക്കുന്നതിന് ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എളുപ്പം നവീകരിക്കാവുന്നതും വൈവിധ്യമാർന്നതും രൂപാന്തരത്തിന് സാധ്യത ഉൾക്കൊള്ളുന്നതുമായ അക്കാദമിക ഘടന, വ്യത്യസ്ത വിഷയ മേഖലകളുടെ ഫലപ്രദമായ സമന്വയം സാധ്യമാകുന്ന പഠനരീതികൾ, ഫലപ്രാപ്തിയിൽ ഊന്നിയുള്ള സന്ദർഭാധിഷ്ഠിതമായ ഗവേഷണ പരിപാടികൾ, ഗവേഷണ ഫലങ്ങളെ പ്രായോഗികമായി നിർവഹണ സ്ഥാനത്തെത്തിച്ച് പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങൾ എന്നിവ ഉണ്ടാകേണ്ടതുണ്ട്.

സ്വകാര്യ മേഖലയിലെ കോർപ്പറേറ്റ് അവസരങ്ങൾക്ക് തയ്യാറാക്കുന്ന തൊഴിൽക്ഷമതയിലേക്കുള്ള ഊന്നലായാണ് പലപ്പോഴും ഉന്നത വിദ്യാഭ്യാസരംഗത്തെ ഒരു ഗുണനിലവാര സൂചികയായി പലരും വിവക്ഷിക്കാറുള്ളത്. ഈ നിയോലിബറൽ നിർമ്മിതിയോട് വിയോജിക്കുമ്പോൾ തന്നെ ഉല്പാദന പ്രക്രിയയിൽ പങ്കാളിയാവാനുതകുംവിധമുള്ള തൊഴിൽക്ഷമത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന് ഉണ്ടാകേണ്ടതുണ്ടെന്ന് നാം തിരിച്ചറിയണം. ഇതിനാവശ്യമായിട്ടുള്ളത് ഉന്നത വിദ്യാഭ്യാസ പഠനത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും പഠന പരിശീലന രീതികളിലുമുള്ള മാറ്റമാണ്. ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ട് സജീവമായി ചർച്ച ചെയ്യപ്പെടുന്ന രണ്ട് സാമാന്യ സങ്കൽപങ്ങളാണ് നൈപുണിയും നൂതനാശയ നിർമ്മിതിയും.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ നവീകരണത്തിൽ ഈ രണ്ട് സങ്കേതങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. പുത്തൻ മൂല്യസൃഷ്ടിക്ക് ഉതകുംവിധം സാമൂഹ്യ ഉല്പാദന പ്രക്രിയയിൽ അർത്ഥപൂർണമായി സംഭാവന നൽകാൻ തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്നതും പരിശീലനത്തിലൂടെയും പ്രായോഗിക അനുഭവത്തിലൂടെയും വികസിക്കുന്നതും, തൊഴിൽ കമ്പോളത്തിൽ തൊഴിലാളിയുടെ വിലപേശലിന് സഹായകമാകുന്നതുമാണ് നൈപുണി. നൈപുണി എന്നത് വ്യാപകമായി ചർച്ചചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണം, ആഗോളതലത്തിൽ തൊഴിൽക്കമ്പോളത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന വിപുലമായ മാറ്റങ്ങളാണ്.

വിവരസംവേദന ശാസ്ത്രസാങ്കേതികവിദ്യ, പദാർത്ഥ ശാസ്ത്ര സാങ്കേതികവിദ്യ, ജീവശാസ്ത്ര സാങ്കേതികവിദ്യ എന്നീ വിജ്ഞാനമേഖലകളിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ മാറ്റങ്ങൾക്ക് അടിസ്ഥാനം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വികാസത്തോടെ ശബ്ദം, ചിത്രം, എഴുത്ത്, ഡാറ്റ എന്നിവയുടെ സംയോജനവും ഇതുവഴി മുമ്പൊരിക്കലുമില്ലാത്ത വിധം വിവരവിജ്ഞാനിയം ഏകോപിപ്പിക്കാനും, ഇതുപയോഗിച്ച് ഉല്പാദന സേവന പ്രവർത്തനങ്ങളുടെ മേൽനോട്ടം, നിയന്ത്രണം എന്നിവ സാധ്യമാക്കാനുമാകുന്നു. വിവരസംവേദന ശാസ്ത്രസാങ്കേതികവിദ്യകൾ, നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ് എന്നിവ വലിയ സാധ്യതകളാണ് പ്രദാനം ചെയ്യുന്നത്. പദാർത്ഥ വിജ്ഞാനീയവും വിവരസംവേദന സാങ്കേതികവിദ്യകളും ചേർന്ന് വിവിധ ഉപകരണങ്ങളെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതുവഴി ഇന്റർനെറ്റ് ഓഫ് തിങ്ക്സിന് വഴിവെച്ചിരിക്കുന്നു. ജീവശാസ്ത്ര സാങ്കേതികവിദ്യയും, വിവരസംവേദന വിജ്ഞാനീയവും ചേർന്ന് മനുഷ്യ നിർമ്മിത കൃത്രിമ ജൈവ സമ്പ്രദായങ്ങൾ സാധ്യമാക്കിയിരിക്കുന്നു. ഉദാ: ജൈവ‍ക ഇന്ധനങ്ങൾ സൃഷ്ടിക്കുന്ന സൂഷ്മാണുക്കൾ, ജീവ വിജ്ഞാനീയത്തിന്റെയും വിവരസംവേദന വിജ്ഞാനീയത്തിന്റെയും സംയോജനത്തിലൂടെ ജീൻ എഡിറ്റിംഗ്, പുനരുജ്ജീവന വൈദ്യശാസ്ത്രം എന്നീ ജൈവ സാങ്കേതികവിദ്യകൾ ഉണ്ടായിരിക്കുന്നു. പദാർത്ഥ വിജ്ഞാനീയവും വിവരസംവേദന വിജ്ഞാനീയവും ചേർന്ന് നാനോ അളവുകളിലുള്ള ട്രാൻസിസ്റ്ററുകൾ, സെൻസറുകൾ എന്നിവയും നാനോ പദാർത്ഥങ്ങൾ, നാനോ കമ്പികൾ, നാനോ കുഴലുകൾ എന്നിവയും ഉപയോഗിച്ച് വളരെ വ്യത്യസ്തമായ ഗുണനിലവാരത്തിലുള്ള ഗ്രാഫീനാദി പദാർത്ഥങ്ങൾ സൃഷ്ടിക്കാനായിരിക്കുന്നു.

എന്നാൽ, യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിന്ന് പൂർണമായും വ്യവഛേദിക്കുകയും പൊതുവായ ചില കഴിവുകളിൽ മാത്രം ഊന്നിക്കൊണ്ട് ചരക്കുവൽക്കരണത്തിന് ഉതകുംവിധം പരിശീലന ക്യാപ്സ്യൂളുകൾ സൃഷ്ടിക്കുകയും, സാമൂഹ്യ സന്ദർഭങ്ങളിൽ നിന്നും നൈപുണിയുടെ അളവുകോലായി ചില നിർവഹണ സൂചികകൾ അവലംബിക്കുകയും ചെയ്യുന്നതാണ് ആധുനിക കോർപ്പറേറ്റ് നൈപുണിയുടെ ജ്ഞാനശാസ്ത്രം. അതിന്റെ നിർവഹണവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തൊഴിൽക്ഷമതാ പ്രശ്നങ്ങൾ പരിഹരിക്കാനിടയില്ല. ഡേവിഡ് ഹാർവെ, ഹെൻറി ജിറോ, ഹെർബട് ജിന്റീസ് തുടങ്ങിയ പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണരൊക്കെ ഈ കോർപ്പറേറ്റ് നൈപുണി ചട്ടക്കൂടുകളുടെ വിമർശകരാണ്. വിമർശനാത്മക അപഗ്രഥനത്തിലും അനുഭവങ്ങളിലും, പ്രായോഗിക പ്രവർത്തനങ്ങളിലുമൂന്നിയതും, തൊഴിലിടത്തിലെ പ്രായോഗികമായ ശേഷികൾ കൈമാറ്റം ചെയ്യുന്നതുമായ നൈപുണി നിർമ്മിതിയിൽ നിന്ന് ഇത് തികച്ചും വിഭിന്നമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും ആധുനിക ലേണിംഗ് മാനേജ്‍മെന്റ് സംവിധാനങ്ങളുടെയും ആവിർഭാവം കോർപ്പറേറ്റ് നൈപുണി സംവിധാനങ്ങളുടെ വ്യാപനത്തിനും ശാക്തീകരണത്തിനും വലിയ തോതിൽ സഹായകരമായിട്ടുണ്ട്. ഏജൻസി അടിസ്ഥാനത്തിൽ നിർവഹിക്കുന്ന ഇത്തരം നൈപുണി ശ്രമങ്ങളിൽ നിന്ന് വ്യതിരിക്തമായി, വിമർശനാത്മക അപഗ്രഥനത്തിൽ ഊന്നുന്നതും അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതും തൊഴിലിടത്തിലെ പ്രായോഗിക നിർവഹണത്തിന് സഹായകരമാകുന്നതുമായുള്ള ഒരു ബദൽ നൈപുണി പരിപ്രേക്ഷ്യം സൃഷ്ടിക്കേണ്ടതുണ്ട്. വ്യവസായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ട് ഇടപെട്ട് നൈപുണി സംവിധാനങ്ങൾ സൃഷ്ടിക്കുകയും കാര്യ-കാരണ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, സഹപ്രവർത്തനത്തിലൂടെയും കൂട്ടായ്മയിലൂടെയും – വിമർശനാത്മകവും സർഗാത്മകവും വിശകലനാത്മകവുമായ ഉയർന്ന തലത്തിലുള്ള ചിന്താശേഷികൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ളതുമായിരിക്കണം ഇത്തരം നൈപുണി പരിപാടികൾ. പെഡഗോഗി ഓഫ് ഒപ്രസ്ഡ് എന്ന തന്റെ ക്ലാസിക്ക് കൃതിയിലൂടെ പൗലോ ഫ്രെയർ നിർദ്ദേശിക്കുന്നതുപോലെ, സന്ദർഭത്തിനനുസൃതമായ വിജ്ഞാന സഹനിർമ്മിതിയിലെ വിദ്യാർത്ഥികളുടെ സഹായകനാകണം അദ്ധ്യാപകൻ. അദ്ധ്യാപകന് സഹായികളായി ചതുർമാന സർപ്പിളത്തിന്റെ (ക്വാട്രിപ്പിൾ ഹെലിക്സ്) ഘടകങ്ങളെന്ന നിലയിൽ അദ്ധ്യാപകനും, വിഷയമേഖലയിലെ മെന്ററും, പുത്തൻ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള വ്യവസായത്തിന്റെ മെന്ററും, പൊതുസമൂഹത്തിന്റെ പ്രതിനിധിയായ മെന്ററും കൂട്ടുചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്, വ്യത്യസ്ത പഠന മേഖലകൾ ഏകോപിപ്പിച്ചുള്ള പ്രശ്നാന്വേഷണങ്ങളുടെ അന്വേഷണാത്മക രീതിയിലുള്ള നൈപുണി സൃഷ്ടിക്ക് സഹായകരമാകുന്നു.

രണ്ടാം തലമുറ പ്രശ്നങ്ങളാണ് കേരള വികസനത്തിന്റെ മുഖമുദ്ര. ഈ രണ്ടാം തലമുറ വികസന പ്രശ്നങ്ങൾ, വലിയ അളവിൽ വിഷയാന്തര പഠനരീതികളവലംബിച്ചുകൊണ്ടുള്ള ദുർജ്ജയ-സങ്കീർണ പ്രശ്നങ്ങൾ (സങ്കീർണമായ പരസ്പരാശ്രിതത്വം മൂലം അങ്ങേയറ്റം ദുഷ്കരമായ പ്രശ്നങ്ങൾ – Wicked Problems) ഉന്നത ചിന്താശേഷികൾ ഉപയോഗിച്ചു മാത്രം പരിഹരിക്കാനാവുന്നതാണ്. ഇവയുടെ പരിഹാരാന്വേഷണങ്ങൾ ഒരു പുതിയ നൈപുണി സംസ്കാരത്തിന് വഴിയൊരുക്കും. വിജ്ഞാന സമൂഹ സൃഷ്ടിക്കായുള്ള ബദൽ ജ്ഞാനശാസ്ത്രമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

ഇവിടെയാണ് പുത്തനാശയ നിർവഹണ സംവിധാനങ്ങൾക്ക്, നൈപുണി പ്രക്രിയയിൽ സാംഗത്യമുണ്ടാകുന്നത്. കേരളത്തിൽ ഒരു പുത്തനാശയ വ്യവസ്ഥിതി കരുപ്പിടിപ്പിക്കാനായി, കേരള ഡെവലപ്‍മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-–ഡിസ്ക്) ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം, കേരള ജിനോമിക് ഡേറ്റാ സെന്റർ, ഇലക്ട്രിക് വെഹിക്കിൾ കൺസോർഷ്യം, കേരള ബ്ലോക്ക് ചെയിൻ അക്കാദമി തുടങ്ങി ശാസ്ത്ര സാങ്കേതികവിദ്യകളിലൂന്നിയ പുത്തനാശയ നിർമ്മിതി നിർവഹണ സംവിധാനങ്ങളോടൊപ്പം, ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം, ഒരു ജില്ല ഒരു ആശയം, യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം എന്നിങ്ങനെ അനുഭവജ്ഞാനത്തിലൂന്നിയ നിത്യ ജീവിതപ്രശ്ന നിർദ്ധാരണത്തിനുതകുന്ന doing- using- interacting എന്ന പുത്തനാശയ നിർമ്മിതി സങ്കേതങ്ങളെ ഏകോപിപ്പിക്കുകയാണ്, കെ-–ഡിസ്ക് ചെയ്യുന്നത്. പുത്തൻ മൂല്യസൃഷ്ടിക്കോ മൂല്യത്തിന്റെ പുനർവിതരണത്തിനോ ഉതകുന്ന യഥാർത്ഥ ജീവിതപ്രശ്ന നിദ്ധാരണത്തിൽ ഊന്നിയിട്ടുള്ള പ്രവർത്തനങ്ങളിലാണ് കെ-–ഡിസ്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിനകംതന്നെ സാന്നിദ്ധ്യം ഉറപ്പിച്ച ഈ സംവിധാനം വിജ്ഞാനകേരളം ക്യാമ്പയിനിൽ ഏറ്റെടുക്കുന്ന നൈപുണി പരിപാടികൾക്ക് മുതൽകൂട്ടാകുമെന്നത് തീർച്ച.

വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന അവസാനവർഷ വിദ്യാർത്ഥികളായ അഞ്ചു ലക്ഷം വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കുമനുസരിച്ചുള്ള തൊഴിലിലേക്ക് എത്തിക്കുന്നതിന് അനുയോജ്യമായ തരത്തിൽ ബൃഹത്തായ നൈപുണി പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലെ മൂന്നര ലക്ഷം വിദ്യാർത്ഥികൾ, എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും അമ്പതിനായിരം, പോളിടെക്നിക് കോളേജുകളിലെ 25000, ഐടിഐ, ഐടിസി എന്നിവിടങ്ങളിൽ നിന്നും 25,000 വീതം, മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, മാനേജ്മെന്റ് എന്നീ വിവിധ മേഖലകളിൽ നിന്നും 75,000 വിദ്യാർത്ഥികൾ എന്നിങ്ങനെയാണ് ടാർഗറ്റ്.

ഇത്തരത്തിൽ കണ്ടെത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തൊഴിലവസരങ്ങൾ കണ്ടെത്തി അവരെ തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, 2025 ആഗസ്ത് 29,30 തീയതികളിലായി ഗ്ലോബൽ സ്കിൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

സ്കിൽ സമ്മിറ്റിനുശേഷം, 2025 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ അവസാന വർഷ വിദ്യാർത്ഥികൾക്കും നൈപുണി പരിശീലനം നൽകാനുള്ള പരിപാടി ആസൂത്രണം ചെയ്യണം. അതിനുശേഷം, ഡിസംബർ, ജനുവരി മാസങ്ങളിലായി വിവിധ മേഖലകളുടെ അടിസ്ഥാനത്തിൽ ജോബ് ഫെയറുകൾ നടത്തി എല്ലാ വിദ്യാർത്ഥികൾക്കും തൊഴിൽ ലഭ്യമാക്കുക എന്നത് വിജ്ഞാനകേരളം പരിപാടിയുടെ ഒരു പ്രധാന ലക്ഷ്യമാണ്.

കോളേജ് ക്യാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപിക്കുന്ന സ്കിൽ സെന്ററുകൾ വഴിയായിരിക്കും ഈ പരിപാടി നടപ്പാക്കുക. ഇതിനായി വലിയ അളവിൽ മെന്റർമാരെ കണ്ടെത്താൻ ശ്രമങ്ങൾ നടക്കുന്നു. മെന്റർമാരുടെ പങ്കാളിത്തത്തോടുകൂടി തൊഴിൽദായകർ ആവശ്യപ്പെടുന്ന ശേഷികൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, കുട്ടിക്കാനം മരിയൻ എഞ്ചിനീയറിംഗ് കോളേജ്, തിരു
വനന്തപുരം ഗവ. വിമൻസ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നീ സ്ഥാപനങ്ങൾ സൃഷ്ടിച്ചിട്ടുള്ള മാതൃകകൾ കുട്ടികളുടെ പ്ലേസ്‍മെന്റ് സംവിധാനത്തിന് ഇപ്പോഴുണ്ട്. ഈ മാതൃകകൾ സമ്പുഷ്ടമാക്കി വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം, ഇന്റേൺഷിപ്പ്, അപ്രന്റീസ്ഷിപ്പ്, റിക്രൂട്ട് ട്രെയിൻ ആൻഡ് ഡിപ്ലോയ് എന്നീ രീതികളും, ഉയർന്ന തലത്തിലുള്ള ചിന്താശേഷി സൃഷ്ടിക്കാനുള്ള പഠന പരിപാടിയും കോർത്തിണക്കിയാണ് നൈപുണി വിജ്ഞാനകേരളത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ടെക്നോപാർക്കിലെ കമ്പനികളുടെ സംഘടനയായ ജി- ടെക്കിന്റെയും, കേരളത്തിലെ പ്രമുഖ പ്രൊഫഷണൽ സംഘടനകളുടെയുമൊക്കെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular