സാമൂഹ്യ ക്ഷേമ സൂചികകളിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണ്. എന്നാൽ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ നമുക്കു മുന്നിൽ ഒരു വെല്ലുവിളിയായി തുടരുന്നു. അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിലുകൾ എങ്ങനെ കേരളത്തിൽ തന്നെ സൃഷ്ടിക്കാം എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിലൂടെ മാത്രമേ കേരളത്തിന് ഈ പ്രതിസന്ധി മറികടക്കാനാകൂ. ഇതിനായി സംസ്ഥാന സർക്കാർ ദ്വിമുഖ തന്ത്രമാണ് സ്വീകരിച്ചത്. കിഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഒന്നാമത്തേത്. നൂതന സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾക്കാവശ്യമായ നൈപുണികൾ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും നൽകുക എന്നതാണ് രണ്ടാമത്തേത്. കെ- ഡിസ്കിനാണ് ഇതിന്റെ നിർവഹണ ചുമതല. ഇതിനായി പ്രത്യേകം രൂപീകരിച്ച സംവിധാനമാണ് കേരള നോളജ് ഇക്കോണമി മിഷൻ. ഇതിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദവും ജനകീയവുമാക്കുന്നതിനായി 2025-ൽ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ എന്ന പേരിൽ പുനഃസംഘടിപ്പിക്കുകയുണ്ടായി.
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തൊഴിലന്വേഷിക്കുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികളടക്കമുള്ള തൊഴിലന്വേഷകർക്ക് അവരുടെ താല്പര്യത്തിനും യോഗ്യതയ്ക്കുമനുസരിച്ചുള്ള നൈപുണി പരിശീലനം നൽകി തൊഴിൽ നൽകുക എന്നതാണ്. 2025-–26 വർഷത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മൂന്നുലക്ഷത്തോളം വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകി ഒരുലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
പ്രധാനപ്പെട്ട ലക്ഷ്യം
ആയിരത്തിൽപ്പരം വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നൈപുണി പരിശീലനം നൽകുന്നതിന് വിപുലമായ സംഘാടനം ആവശ്യമായിട്ടുണ്ട്. നൈപുണി പരിശീലനം പൊതുവെ അനാകർഷകമായാണ് പരിഗണിക്കപ്പെടുന്നത്.
പൊതുസമൂഹത്തിൽ, പൊതുവിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വിദ്യാർത്ഥികളേയും പ്രത്യേകിച്ചും നൈപുണി പരിശീലനത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് വിജ്ഞാന കേരളം പരിപാടിയുടെ ഭാഗമായി സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
എല്ലാ വിദ്യാർത്ഥികൾക്കും തൊഴിലിനും നൈപുണി പരിശീലനത്തിനും അവസരമൊരുക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്താനും സ്കിൽ കേരള ആഗോള സംഗമം ലക്ഷ്യമിടുന്നു.
പ്രാദേശിക–അന്താരാഷ്ട്രതലത്തിലുള്ള തൊഴിലവസരങ്ങളുമായി നൈപുണികളെ, പൊതുവിലും കേരളത്തിലെ നൈപുണി പരിശീലനത്തെ പ്രത്യേകിച്ചും ക്രമീകരിക്കുന്നതിനുള്ള അവസരമായും സ്കിൽ കേരള ആഗോള സംഗമം വഴിയൊരുക്കും.
സ്കിൽ കേരള ആഗോള സംഗമം പ്രധാനമായും ആറ് ട്രാക്കുകളിലായിരിക്കും നടക്കുക.
1. തൊഴിൽ മേഖലയിലെ ഉയർന്നുവരുന്ന പുതിയ അവസരങ്ങൾ. 2. ആഗോള നൈപുണി കേന്ദ്രമാക്കുന്നതിനുള്ള കേരളത്തിന്റെ സാധ്യതകൾ. 3. നൈപുണി രംഗത്തെ മികച്ച മാതൃകകൾ. 4. നൈപുണിയും വിദ്യാഭ്യാസവും. 5. ഇന്നവേഷൻ ഇക്കോ സിസ്റ്റത്തിന്റെ നിർമിതി. 6. വർക്ക് ഫ്രം കേരള – വർക്ക് ഫോർ വേൾഡ്.
ആസ്ട്രേലിയ, കൊറിയ, സിംഗപ്പൂർ, ജർമ്മനി, ബ്രിട്ടൻ തുടങ്ങി നൈപുണി രംഗത്ത് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. ഈ രാജ്യങ്ങളിലെ മികച്ച നൈപുണി മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കും.
ഇതോടൊപ്പം പ്രധാനപ്പെട്ട വ്യവസായ പങ്കാളികൾ നടപ്പിലാക്കുന്ന നൈപുണി പരിശീലന പരിപാടികളുടെ അവതരണവും കേരളത്തിലെ നൈപുണി പരിശീലന ഏജൻസികളുടെ മികവുറ്റ മാതൃകയും അവതരിപ്പിക്കും.
സ്കിൽ കേരള ആഗോള നൈപുണി സംഗമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത കേരളത്തിലെ കോളേജുകൾ നൈപുണി പരിശീലന രംഗത്ത് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ അവതരണമായിരിക്കും. ഓരോ കോളേജും 7 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയാറാക്കി സമ്മേളനത്തിൽ അവതരിപ്പിക്കും.
കേരളത്തിന്റെ സ്റ്റാർട്ടപ്പ് സംവിധാനം ഇതിനകം ദേശീയശ്രദ്ധ നേടിയതാണ്. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ തുടർച്ചയായി കേരളം ബെസ്റ്റ് പെർഫോർമൻസ് റാങ്ക് കരസ്ഥമാക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിലെ മികച്ച സംരംഭകരെ പരിചയപ്പെടുത്തുന്നതും അവരുടെ വളർച്ചയുടെ വഴികൾ അവതരിപ്പിക്കുന്നതും സ്കിൽ കേരള ആഗോള സംഗമത്തിലെ സവിശേഷതയാണ്.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കേരളത്തിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. ഇത്തരത്തിൽ തൊഴിൽ സൃഷ്ടിക്കുന്നതിന് സംരംഭകർ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് തുടങ്ങി ആഗോളതലത്തിൽ മുൻനിരയിലെത്തിയ നിരവധി വ്യവസായങ്ങൾ നമുക്കുണ്ട്. ഇത്തരം സംരംഭങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയുള്ള പുത്തൻ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള കേരളത്തിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടുന്ന പ്രത്യേക സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
മൂലധനം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി സംവദിക്കാനുള്ള സ്റ്റാർട്ടപ്പ് പിച്ചിംഗ്, യങ് ഇന്നവേറ്റർ പ്രോഗ്രാം, വിജയികളായ വിദ്യാർത്ഥികളുടെ അവതരണങ്ങൾ, വിവിധ വ്യവസായ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവ സമ്മിറ്റിന്റെ ഭാഗമാണ്.
കോളേജ് പ്ലേസ്‌മെന്റ് ഓഫീസർമാർക്ക് വിവിധ കമ്പനികളിലെ HR മാനേജർമാരുമായി നേരിട്ട് സംവദിക്കുന്നതിനും പാർട്ണർഷിപ്പുകൾ രൂപപ്പെടുത്തുന്നതിനുമായി ബി ടു ബി മീറ്റിങ്ങുകൾ സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഐടി, റീടെയിൽ, ആരോഗ്യമേഖല, മെഡ്ടെക്, ഫിനാൻസ്, ക്രിയേറ്റീവ് ഇക്കോണമി, ലോജിസ്റ്റിക് തുടങ്ങി വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട റൗണ്ട് ടേബിളുകളും പാനൽ ചർച്ചകളും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക ചർച്ചകളും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഭിന്നശേഷിക്കാരുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും തൊഴിൽ മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും സമ്മേളനം ആരായും.
അന്താരാഷ്ട്ര ഏജൻസികളായ ILO, വേൾഡ് ബാങ്ക്, ADB, UNDP തുടങ്ങിയവയിൽ നിന്നുള്ള വിദഗ്ദ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
കേരളത്തിലെ തൊഴിൽക്ഷമതയെക്കുറിച്ചും ടാലന്റ് രംഗത്തെക്കുറിച്ചുമുള്ള വിവിധ റിപ്പോർട്ടുകളും സമ്മിറ്റിൽ പ്രകാശിപ്പിക്കും.
കേരളത്തിലെ മുഴുവൻ നൈപുണി പരിശീലന ഏജൻസികളും സമ്മിറ്റിന്റെ ഭാഗമാകും. അസാപ് കേരള, കെയ്സ്, ഐസിടി അക്കാദമി തുടങ്ങിയ ഏജൻസികൾ പ്രത്യേക സെഷനുകൾ സമ്മിറ്റിൽ സംഘടിപ്പിക്കും.
ഈ അക്കാദമിക് വർഷാവസാനത്തോടെ ഒരുലക്ഷം അവസാന വർഷ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകി തൊഴിൽ നൽകുന്ന ബൃഹദ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമ്മിറ്റിൽ മുഖ്യമന്ത്രി നിർവഹിക്കും. വിജ്ഞാന കേരളം പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും അന്താരാഷ്ട്ര നൈപുണി സംഗമത്തിൽ വച്ച് നടക്കും. l



