വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധ വാഗ്മി ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, മുഹമ്മയിലെ ഒരു സാംസ്കാരിക സമ്മേളനത്തില്‍ പ്രസ്താവിച്ച കാര്യമാണ് ഈ ഡയറക്ടറി വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയിലേക്കു കടന്നുവന്നത്. കഴിഞ്ഞകാല ചരിത്രം നാം മറക്കരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മനുഷ്യന്റെ മുന്നോട്ടുള്ള പോക്കിന് ചരിത്ര വിജ്ഞാനം കൂടിയേ തീരൂ. അതിനുദാഹരണമായി മുന്നോട്ട് കാറോടിക്കുന്ന ഡ്രൈവര്‍ മുന്നോട്ടു മാത്രമല്ല നോക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ശരിയായി മുന്നോട്ടുപോകുന്നതിന് സൈഡിലുള്ള കണ്ണാടിയിലൂടെ ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് പിന്നിലേയ്ക്കും നോക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പിന്നിലേക്കുള്ള നോട്ടം എന്നു പറയുന്നതാണ് ചരിത്രത്തിലേക്കുള്ള കണ്ണോടിക്കല്‍. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടു മുന്‍പ് കേരളത്തില്‍, അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്ത് തൊഴിലാളി വര്‍ഗം സ്വന്തം ജീവനും ജീവിതവും വിലപ്പെട്ട മറ്റു പലതും ഹോമിച്ച് രാജവാഴ്ചക്കെതിരെ, ദിവാന്‍ഭരണത്തിനെതിരെ നടത്തിയ ത്യാഗോജ്വലമായ പോരാട്ടമായിരുന്നുവല്ലോ പുന്നപ്ര വയലാര്‍ സമരം.
ഇന്ത്യന്‍ സ്വാതന്ത്രത്തിനു സഹായകമായി നടത്തിയ പല പോരാട്ടങ്ങളില്‍ ഒന്നായിരുന്നു പുന്നപ്ര വയലാര്‍ സമരവും. കൃത്യമായി എത്രപേര്‍ ആ സമരത്തില്‍ പങ്കാളികളായി എന്നതിനോ എത്രപേര്‍ക്ക് അംഗവൈകല്യം വന്നു എന്നതിനോ എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നതിനോ എത്രപേര്‍ രക്തസാക്ഷികളായി എന്നതിനോ ഒന്നും കൃത്യമായ കണക്കുകളില്ല. ജന്മിമാരുടെയും നാട്ടിലെ പ്രഭുക്കന്മാരുടെയും കൊടിയ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സാധാരണക്കാര്‍ ഇരകളായിക്കൊണ്ടിരുന്ന ഒരു കാലഘട്ടം. അതിനെതിരായി അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ പല ഭാഗത്തും പൊട്ടിപ്പുറപ്പെട്ട സമരമായിരുന്നു അത്. 1946 ഒക്ടോബറില്‍ നടന്ന ആ ഐതിഹാസിക സമരത്തെക്കുറിച്ച് പല ഗ്രന്ഥങ്ങളും പുറത്തുവന്നിട്ടുണ്ട്. എങ്കിലും അതില്‍ പങ്കെടുത്തവരുടെയും നേതൃത്വം നല്‍കിയവരുടെയും രക്തസാക്ഷിത്വം വരിച്ചവരുടെയും പേരുവിവരങ്ങള്‍ വിശദമായി പുറത്തുകൊണ്ടുവരുന്നതിന് ബൃഹത്തായ ഒരു ശ്രമം ഇവിടെ പരാമര്‍ശിക്കുന്ന ഡയറക്ടറി മുന്‍പ് ഉണ്ടായതായി അറിവില്ല. ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രൊഫ. ബിച്ചു എക്സ് മലയില്‍, പ്രൊഫ. എസ്. അജയകുമാര്‍, പ്രൊഫ. എം. വി. കൃഷ്ണമൂര്‍ത്തി, കെ. വി. രതീഷ്, ജിജി ചന്ദ്രന്‍ സി എന്നിവരും അംഗങ്ങളായിരുന്നു. എഴുന്നൂറ്റി ഇരുപതു പേജുള്ള ഈ ഗ്രന്ഥത്തിന്റെ വില 1500 രൂപയാണ്; ഇത് പ്രസിദ്ധീകരിച്ചത് കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും.
മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ആലപ്പുഴയിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ ചരിത്ര മ്യൂസിയത്തിനുവേണ്ടിയാണ് ഈ ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നതെന്ന് ഡോ. തോമസ് ഐസക് തന്റെ എഡിറ്റോറിയല്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസിരീസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഷാരോണ്‍ വീട്ടിലിന്റെ പ്രസാധക കുറിപ്പും ഈ ഗ്രന്ഥത്തിന്റെ തുടക്കത്തിലുണ്ട്. കേരളത്തിലെ പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഈ സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് അയച്ചുകൊടുത്തിട്ടുള്ള സന്ദേശവും ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ നമുക്കു കാണാം. ഇതിന് അവതാരിക എഴുതിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെ ഇവിടത്തെ തൊഴിലാളി വര്‍ഗം ശക്തമായി എതിര്‍ത്തപ്പോള്‍, ദിവാന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സന്ദേശമയച്ച ഹിന്ദു മഹാസഭയുടെ നേതാവ് വി. ഡി. സവര്‍ക്കറുടെ കാര്യം പിണറായി സൂചിപ്പിക്കുന്നുണ്ട്. ‘‘തിരുവിതാംകൂറിനെ സ്വതന്ത്ര പരമാധികാര രാജ്യമായി നിലനിര്‍ത്താനുള്ള ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനം ദീര്‍ഘദൃഷ്ടിയോടുകൂടിയതും ധൈര്യപൂര്‍വ്വവുമായ ഒന്നാണ്… തിരുവിതാംകൂറിന് ഒരു സ്വതന്ത്ര ഹിന്ദുരാഷ്ട്രമായി നിലനില്‍ക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. ചരിത്രപരമായ ഈ തീരുമാനത്തിന് ഹിന്ദുമഹാസഭ കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിക്കുന്നു” എന്നായിരുന്നു സവർക്കർ അയച്ചത്. വര്‍ഗീയവാദികളുടെ ഇത്തരം മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ജാതി–മതഭേദമില്ലാതെ ഒന്നിച്ചുനിന്ന് പോരാടുവാനും കഴിഞ്ഞു എന്നതാണ് ആ സമരത്തിന്റെ നേട്ടമെന്ന് അവതാരികയില്‍ പറയുന്നു. പുന്നപ്ര–വയലാര്‍ സമരത്തിന്റെ ചരിത്രപ്രാധാന്യത്തെയും അതിന്റെ നേട്ടകോട്ടങ്ങളെയും വിലയിരുത്തിക്കൊണ്ട് തുടക്കത്തില്‍ ഡോ. തോമസ് ഐസക് കൊടുത്തിട്ടുള്ള വിവരണവും പഠനാര്‍ഹമാണ്. ചരിത്രപ്രാധാന്യമുള്ള ഈ സമരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ച കാര്യവും ഈ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പുന്നപ്ര‐വയലാര്‍ സമരത്തില്‍ വെടിവെയ്പ് നടന്നിട്ടുള്ളത് പ്രധാനമായും അമ്പലപ്പുഴþചേര്‍ത്തല താലൂക്കുകളിലെ പുന്നപ്ര, തിരുവമ്പാടി, കാട്ടൂര്‍, മാരാരിക്കുളം, മേനാശ്ശേരി, ഒളതല, വയലാര്‍ എന്നിവിടങ്ങളിലാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ സമരത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണം 190 മാത്രമാണ്. അനൗദ്യോഗികമായി 2000 വരെ മരണസംഖ്യ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ ഡയറക്ടറിയിലെ കണക്കു പ്രകാരം 400–500 പേരെങ്കിലും രക്തസാക്ഷികളായിട്ടുണ്ട്. ഇതില്‍ 190 രക്തസാക്ഷികളുടെ വിവരങ്ങള്‍ മാത്രമേ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്താനായിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈ സമരത്തില്‍ എത്രപേര്‍ പങ്കെടുത്തു എന്നതിനോ എത്രപേര്‍ രക്തസാക്ഷികളായി എന്നതിനോ കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഈ സമരത്തിന് നേതൃത്വം കൊടുത്തിട്ടുള്ള പി. കൃഷ്ണപിള്ള, വി. എസ്. അച്യുതാനന്ദന്‍, മുഹമ്മ എന്‍. കെ. അയ്യപ്പന്‍, പി. കെ. ചന്ദ്രാനന്ദന്‍, എം. ടി. ചന്ദ്രസേനന്‍, കെ. സി. ജോര്‍ജ്., സി. കെ. കരുണാകരപ്പണിക്കര്‍… തുടങ്ങി പി. കെ. കരുണാകരന്‍ വരെയുള്ള 1873 സമര സേനാനികളെക്കുറിച്ച് ലഭ്യമായ വിവരങ്ങളാണ് ഈ ഡയറക്ടറിയില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കുറച്ചുപേരുടെ ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.
190 രക്തസാക്ഷികളുടെ പേരുവിവരം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഇവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി കേവലം പതിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മേനാശ്ശേരിയിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ട അനഘാശയനെന്ന ബാലനാണ്; സമരത്തില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ എ. കെ. അനസൂയ, വി. ജെ. ഏലിയാമ്മ, കെ. കെ. കമലാക്ഷി, കാളിക്കുട്ടി ആശാട്ടി, കെ. മീനാക്ഷി, പി. കെ. മേദിനി, സി. നാരായണിയമ്മ… തുടങ്ങിയ നിരവധി വനിതാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഈ ഡയറക്ടറിക്കു വേണ്ട വിവരശേഖരണം നടത്തിയവരില്‍ പ്രധാനികളായിട്ടുള്ള റോയ് മാത്യു കുളത്തൂര്‍ മുതല്‍ അഖില്‍ ആലപ്പുഴ വരെയുള്ള 85 വ്യക്തികളുടെ പേരും ഡയറക്ടറിയില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ഡയറക്ടറി തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തിയ സുവനീറുകള്‍ ഉള്‍പ്പെടെയുള്ള 45 പുസ്തകങ്ങളുടെ ലിസ്റ്റും പുസ്തകത്തിന്റെ രചയിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും ഇതിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. സാധാരണ വായനക്കാര്‍ക്കും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണീ ഗ്രന്ഥം.
ഈ ഡയറക്ടറി നിര്‍മ്മിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. വൈകിയാണെങ്കിലും ഇങ്ങനെ ഒരു സ്മരണിക കേരളത്തിന് ലഭ്യമാക്കിയതില്‍ മറ്റനേകം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദിതജനതയുടെ അറിയപ്പെടാത്ത വിവരങ്ങളറിയുന്നതിന് താല്പര്യമുള്ളവര്‍ക്കുമൊപ്പം ഈ ലേഖകനുമുള്ള സന്തോഷവും രേഖപ്പെടുത്തുകയാണ്. പുന്നപ്ര–വയലാര്‍ സമര സഖാക്കളെക്കുറിച്ചുള്ള പല ചരിത്ര രേഖകളും പാര്‍ട്ടിയാഫീസുകളില്‍ നിന്നും യൂണിയന്‍ ഓഫീസുകളില്‍ നിന്നും അന്നത്തെ പോലീസ് എടുത്തുമാറ്റി നശിപ്പിച്ചിട്ടുണ്ടെന്നുള്ളതും ഈ ഡയറക്ടറിയുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്.
നേരിട്ട് സമരത്തില്‍ പങ്കെടുക്കാതെ ഈ സമരത്തെ സഹായിച്ചിട്ടുള്ള നിരവധി വ്യക്തികളുണ്ടാകും. ഈ സമര മേഖലയിലെ താമസക്കാരനായ ഈ ലേഖകന് സമരം നടക്കുമ്പോള്‍ ആറു വയസ്സ് ആകുന്നതേയുള്ളൂ. ഈ ഡയറക്ടറിയില്‍ പേരു ചേര്‍ക്കപ്പെടാതെ പോയ രണ്ടു പേരുടെ കാര്യം എനിക്ക് നേരിട്ടറിവുള്ളതാണ്. അന്ന് ഞങ്ങളുടെ പ്രദേശത്ത് സമരസഖാക്കള്‍ക്കു വേണ്ടി രഹസ്യമായി സമരായുധമായ ‘വാരിക്കുന്തങ്ങള്‍’ നിര്‍മ്മിച്ചുകൊടുത്ത, മുഹമ്മ കെ. പി.എം.യു.പി. സ്കൂളിന് സമീപത്ത് താമസിച്ചിരുന്ന പൂവത്തുങ്കല്‍ കുട്ടന്‍ ആണ് ഒരാള്‍. തെങ്ങു കയറ്റത്തൊഴിലാളിയായിരുന്ന അദ്ദേഹത്തെ നാട്ടുകാര്‍ ‘കുട്ടമൂപ്പര്‍’ എന്നാണ് വിളിച്ചിരുന്നത്. കുട്ടമൂപ്പര്‍ ഇങ്ങനെ വാരിക്കുന്തമുണ്ടാക്കുന്നു എന്ന കാര്യം ഞങ്ങളുടെ പ്രദേശത്തെ ഒരു നാട്ടുപ്രമാണിയുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടമൂപ്പരുടെ വിവരങ്ങള്‍ താന്‍ പൊലീസില്‍ അറിയിക്കുകയില്ലെന്നും അതിനു പകരം തന്റെ വീട്ടുജോലികള്‍ ചെയ്തു തരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ദരിദ്രനായിരുന്ന കുട്ടമൂപ്പര്‍ ഏതാനും മാസക്കാലം പ്രതിഫലം വാങ്ങാതെ ആ നാട്ടുപ്രമാണിയുടെ വീട്ടില്‍ ജോലി ചെയ്തുകൊടുത്തു എന്ന ദുരനുഭവം എനിക്കു നേരിട്ടറിവുള്ളതാണ്.
കുട്ടമൂപ്പരെക്കൂടാതെ സമരത്തെ പിന്നില്‍ നിന്നു സഹായിച്ച മറ്റൊരാള്‍ കൂടിയുണ്ട്; മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് വിജയവിലാസം ഭജനമഠത്തിനു സമീപത്തെ പുത്തന്‍പുര ദിവാകരന്‍ ഭാഗവതര്‍. നാടക ട്രൂപ്പുകള്‍ക്കു വേണ്ടി സ്റ്റേജില്‍ ഹാര്‍മോണിയം വായിക്കുകയും പാട്ടുപാടുകയുമൊക്കെയാണ് അദ്ദേഹം ചെയ്തിരുന്നത്. തിരുവാതിര കളിക്കാരായ ആ പ്രദേശത്തെ ഏതാനും വനിതകളെ വിപ്ലവ ഗാനങ്ങള്‍ പഠിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ഇതിന്റെ പേരില്‍ ജയില്‍വാസവും ക്രൂരമര്‍ദ്ദനവും അദ്ദേഹത്തിന് ഏല്‍ക്കേണ്ടതായി വന്നു.
ഇനിയും ഇതുപോലുള്ള ഒരന്വേഷണം സമരമേഖലയില്‍ നടത്തിയാല്‍ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തേണ്ട പല വ്യക്തികളുടെയും വിവരങ്ങള്‍ ലഭ്യമാകും എന്നതാണെന്റെ അഭിപ്രായം. അതുപോലെ വിവരശേഖരണത്തിലോ അച്ചടിയിലോ ഒക്കെ ഉണ്ടായിട്ടുള്ള ചില പിശകുകള്‍ ഡയറക്ടറിയില്‍ കടന്നുകൂടിയിട്ടുണ്ടാകാം. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുദാഹരണം ചൂണ്ടിക്കാട്ടാം: ഡയറക്ടറിയിലെ 490–ാം നമ്പര്‍ സമരസേനാനി മുഹമ്മയിലെ എ. കെ. രാഘവന്റെ വീട്ടുപേര് ‘അനാവെളി’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. ‘അന്നവേലി’ എന്നതാണ് അദ്ദേഹത്തിന്റെ ശരിയായ വീട്ടുപേര്.
ഈ ഡയറക്ടറി ഒരു ചരിത്രരേഖയാണല്ലോ, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാഞ്ഞുപോകാത്ത ഒരു ചരിത്രരേഖ. ഇനി വരുന്ന ഇതിന്റെ ഓരോ പുതിയ പതിപ്പിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ള ന്യൂനതകള്‍ എല്ലാവിധത്തിലും പരിഹരിച്ചു പോകാന്‍ കഴിയുമെന്ന വിശ്വാസമാണുള്ളത്. വളരെ പണിപ്പെട്ട് ഇങ്ങനെ ഒരു വിലപ്പെട്ട ചരിത്രരേഖ തയ്യാറാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. l



