Saturday, December 13, 2025

ad

Homeവിശകലനംബുദ്ധിജീവികളും 
നവഫാസിസവും

ബുദ്ധിജീവികളും 
നവഫാസിസവും

പ്രഭാത് പട്നായക്

ന്ത്യയിലെ കമ്യൂണിസ്റ്റുകാർ പലപ്പോഴും പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിച്ചും പൊതുജനങ്ങളുടെയാകെ പരിശ്രമം ഉപയോഗപ്പെടുത്തിയും തങ്ങളുടെ പ്രദേശങ്ങളിൽ സ്കൂളുകളും കോളേജുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ആർഎസ്എസിനെപ്പോലെയുള്ള –ഫാസിസ്റ്റ് സംഘടനകൾ കുട്ടികൾക്ക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവർത്തനത്തിൽനിന്നും മൊത്തത്തിൽ വ്യത്യസ്തമാണ്; കമ്യൂണിസ്റ്റുകാരുടെ ഈ പ്രവർത്തനം ഇത്തരം ഫാസിസ്റ്റ് സംഘടനകളുടെ പ്രവർത്തനത്തിൽനിന്ന് വ്യത്യസ്തമാകുന്നത് തികച്ചും പ്രകടമായ രണ്ട് രീതികളിലാണ്.ഒന്ന്, കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത് അവിടങ്ങളിൽ പഠിക്കുന്നവരെ നിയന്ത്രിക്കുവാനോ, തങ്ങളുടെ ലോകവീക്ഷണം അവരിലൂടെ പ്രചരിപ്പിക്കുവാനോ അല്ല; അവരുടെ ലക്ഷ്യം ജനങ്ങളുടെ പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ്; ജനങ്ങൾ വിദ്യാഭ്യാസം നേടിയാൽ, അവർ സ്വയമേവ കമ്യൂണിസ്റ്റ് ലോകവീക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാർ കെട്ടിപ്പടുക്കുന്ന സ്ഥാപനങ്ങൾ കേവലം സവിശേഷമായ പ്രൊപ്പഗാൻഡ നടപ്പാക്കുന്നതിനുവേണ്ടിയുള്ള ഉപാധികളല്ല, മറിച്ച് വിശ്വസനീയമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. രണ്ട്, ഇൗ കാരണംകൊണ്ടുതന്നെ, എളുപ്പം സ്വാധീനിക്കാവുന്ന പ്രായത്തിൽ കുട്ടികളെ കയ്യിലെടുക്കാൻവേണ്ടി ഫാസിസ്റ്റുകൾ ചെയ്യുന്നതുപോലെ കുട്ടികൾക്കായുള്ള സ്കൂളുകൾ മാത്രം നിർമ്മിക്കുകയല്ല കമ്യൂണിസ്റ്റുകാർ ചെയ്യുന്നത്, മറിച്ച് ആശയങ്ങളെ സംബന്ധിച്ച് സ്വതന്ത്രമായി സംവദിക്കുവാനും അഭിപ്രായങ്ങൾ രൂപപ്പെടുത്തുവാനും കഴിയുന്ന മുതിർന്ന വിദ്യാർഥികൾക്കുവേണ്ടി അവർ കോളേജുകളും സ്ഥാപിക്കുന്നുണ്ട്.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിദ്യാഭ്യാസത്തോടുള്ള പൂർണ്ണമായും കടകവിരുദ്ധമായ രണ്ട് സമീപനങ്ങളാണ് ഈ രണ്ട് ഉദ്യമങ്ങളും പ്രകടമാക്കുന്നത്. ‘‘പട്ടിണിയായ മനുഷ്യാ; നീ പുസ്തകം കയ്യിലെടുക്കൂ’’ എന്ന് ബെർതോൾഡ് ബ്രെഹ്ത് എഴുതുമ്പോൾ, കാഴ്ചപ്പാടുകൾ വിശാലമാക്കുന്ന, അതുകൊണ്ടുതന്നെ അനിവാര്യമായും വിമോചനാത്മകമായ ഒന്നെന്ന നിലയിൽ വിദ്യാഭ്യാസത്തെ നോക്കിക്കാണുന്ന ഇടതുപക്ഷ സമീപനം വ്യക്തമായി പറഞ്ഞുവെക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. വിദ്യാഭ്യാസത്തോടുള്ള ഫാസിസ്റ്റ് സമീപനം പൂർണ്ണമായും ഇതിനു നേർവിപരീതമാണ്; ഫാസിസ്റ്റ് സമീപനമനുസരിച്ച്, ഏതെങ്കിലും വിധത്തിൽ ജനങ്ങളുടെ കാഴ്ചപ്പാടുകൾ വിശാലമായതാക്കിത്തീർക്കുന്ന എന്തും വിനാശകരവും അതുകൊണ്ടുതന്നെ അടിച്ചമർത്തപ്പെടേണ്ടതുമാണ്. അതിനാൽ, ഫാസുിസ്റ്റുകളെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളെയും അമർച്ച ചെയ്യുകയും പകരം –ഫാസിസ്റ്റ് പ്രൊപ്പഗാൻഡ പുനഃസ്ഥാപിക്കുകയും വേണം. ‘‘പട്ടിണി കിടക്കുന്ന മനുഷ്യനോട്’’ ഇടതുപക്ഷം ‘‘പുസ്തകം കയ്യിലെടുക്കാൻ’’ ആഹ്വാനം ചെയ്തപ്പോൾ, നാസി ജർമനിയിൽ ചെയ്തതുപോലെതന്നെ -ഫാസിസ്റ്റുകൾ ലോകത്തെവിടെയും പുസ്തകം കത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

ഇക്കാര്യത്തിൽ ഇന്നത്തെ നവഫാസിസ്റ്റുകൾ തങ്ങളുടെ മുൻഗാമികളെ അന്ധമായി അനുകരിക്കുകയാണ്. അവർക്ക് പൊതുവിൽ ബൗദ്ധിക പ്രവർത്തനത്തോടും ഒരു സാമൂഹിക വിഭാഗമെന്ന നിലയിൽ ബുദ്ധിജീവികളോടും അന്ധമായ ശത്രുതയാണ്. ഇന്ത്യയിൽ മാത്രമല്ല, സമാനമായ ഭരണകൂട വാഴ്ചകൾ നിലവിലുള്ള എല്ലാ രാജ്യങ്ങളിലും, അമേരിക്കയിലടക്കം നടന്നുകൊണ്ടിരിക്കുന്ന മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ നശിപ്പിക്കാനുള്ള പ്രവർത്തനം ഈ പ്രവണതയുടെ ഒരു പ്രതീകമാണ്. തങ്ങളുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ ധെെര്യപ്പെടുന്ന ഇന്ത്യയിലെ ബുദ്ധിജീവികൾക്കുനേരെ ഇഡി റെയ്ഡ് നടത്തിക്കൊണ്ട് ഭീകരവാദികളായി ചിത്രീകരിക്കുകയും ‘‘ഖാൻ മാർക്കറ്റ് ഗ്യാങ്’’ (അവർ എന്തർഥമാക്കുന്നുവോ അത്), ‘‘തുക്ക്ഡെ തുക്ക്ഡെ ഗ്യാങ്’’ (രാജ്യത്തെ തകർക്കാൻ ഇറങ്ങിത്തിരിച്ച മനുഷ്യർ), ‘‘അർബൻ നക്സലുകൾ’’ (അതായത് തീവ്ര ഇടതുപക്ഷ വിഭാഗങ്ങൾ) എന്നിങ്ങനെയൊക്കെ മുദ്രകുത്തി അവർക്കെതിരായ പൊതുശത്രുത രൂപപ്പെടുത്തുകയും ചെയ്യുന്നതുമെല്ലാം ഇപ്പറഞ്ഞ പ്രവണതയുടെ ഭാഗമാണ്. ഉന്മൂലനം ചെയ്യപ്പെടേണ്ടവരായിട്ടുള്ള കമ്യൂണിസ്റ്റുകാരെക്കൊണ്ട് നിറയുന്ന ഒന്നായി അമേരിക്കൻ സർവകലാശാലകളെ ഡൊണാൾഡ് ട്രംപ് കാണുന്നത് വെറും യാദൃച്ഛികതയല്ല; വിദ്യാഭ്യാസത്തോടുള്ള നവഫാസിസ്റ്റ് സമീപനത്തിൽ ഇത്തരം വിഭ്രാന്തികൾ അന്തർലീനമാണ്.

ജവഹർലാൽ നെഹ്റു സർവകലാശാലയെ നശിപ്പിക്കുവാനും വിശ്വഭാരതി സർവകലാശാലയെ പ്രവർത്തനരഹിതമാക്കിത്തീർക്കുവാനും ഹെെദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അട്ടിമറിക്കുവാനും ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല ഭീകരതയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുവാനും ഡൽഹി സർവകലാശാലയെ അസ്ഥിരപ്പെടുത്തുവാനും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പിടിച്ചടക്കുവാനും (അതിനെതിരെയാണ് വിദ്യാർഥികൾ നീണ്ട കാലം പ്രക്ഷോഭം നടത്തിയത്) ബറോഡയിലെ മഹാരാജ സയജി റാവു സർവകലാശാലയിലെ ഫെെൻ ആർട്സ് ഡിപ്പാർട്ട്മെന്റിനെ നിയന്ത്രിക്കുവാനും മോദി ഗവൺമെന്റ് വ്യവസ്ഥാപരമായി ശ്രമിക്കുകയുണ്ടായി. ഇവയെല്ലാം തന്നെ പ്രധാനമായും സ്വാതന്ത്ര്യത്തിനുശേഷം സ്ഥാപിച്ചിട്ടുള്ളതും രാജ്യത്തിന് ശരിക്കും അഭിമാനകരമായതുമായ സ്ഥാപനങ്ങളാണ്; ഈ സ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണം രാജ്യത്തെ മൗലികവും സർഗ്ഗാത്മകവുമായ ചിന്തയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള അങ്ങേയറ്റം അപഹാസ്യമായ നീക്കത്തെയാണ് കാണിക്കുന്നത്. ചിന്തയ്ക്കുനേരെയുള്ള ഈ കടന്നാക്രമണം, കൊളംബിയ സർവകലാശാലയിലും ഹാർവാർഡ് സർവകലാശാലയിലും അമേരിക്കയിലെ മറ്റ് ആദരണീയ സ്ഥാപനങ്ങളിലും ട്രംപ് ഭരണകൂടം നടത്തിയ കടന്നാക്രമണത്തിന് അമ്പരിപ്പിക്കുംവിധത്തിൽ സമാനമാണ്.

ചിന്തയെ മരവിപ്പിക്കുന്നതിനും ബൗദ്ധിക പ്രവർത്തനത്തെ അമർച്ച ചെയ്യുന്നതിനുംവേണ്ടി നവഫാസിസ്റ്റുകൾ നടത്തുന്ന ശ്രമം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല; അതേസമയം നമ്മളെ കുഴപ്പിയ്ക്കുന്നത് തികച്ചും വ്യത്യസ്തമായ ചിലതാണ്: ബുദ്ധിജീവികൾക്ക് എല്ലായ്-പ്പോഴും ഉന്നതമായ ആദരവു നൽകിയിരുന്ന ( അത് മുതലാളിത്തപൂർവ്വ പെെതൃകത്തിന്റെ ഭാഗമാണ് എന്നതിൽ തർക്കമില്ല) ഒരു രാജ്യത്ത് ഇത്തരം ശ്രമങ്ങൾ ഒരു പരിധിവരെ വിജയിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ സാധാരണ ജനങ്ങൾ ബുദ്ധിജീവികളെ, പ്രതേ-്യകിച്ചും അക്കാദമിക് വിദഗ്ദ്ധരെ, ഉന്നതമായ ആദരവോടുകൂടിയാണ് കണ്ടിരുന്നത് എന്ന വസ്തുത അക്കാദമിക് സമൂഹത്തിലെ ഏതൊരാൾക്കും ഉറപ്പിച്ചുപറയാൻ കഴിയും. പിന്നെ എന്തുകൊണ്ടാണ് ബുദ്ധിജീവികൾക്കുനേരെ മോദി ഗവൺമെന്റ് നടത്തുന്ന ഈ കടന്നാക്രമണത്തിനെതിരായി സ്വാഭാവികമായും ആരും പ്രതീക്ഷിക്കുന്ന വിദേ-്വഷം ഉയർത്താത്തത്? ഈ കാര്യത്തിൽ അമേരിക്കയിലെ സംഭവം കുറച്ചൊക്കെ വ്യത്യസ്തമാണ്; കാരണം, ഒരു ഫ്യൂഡൽ ഭൂതകാലം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ ഇന്ത്യയെപ്പോലെയുള്ള പുരാതന സമൂഹങ്ങൾ വ്യവസ്ഥാനുസൃതമായി ചെയ്തതുപോലെ അമേരിക്ക ഒരിക്കലും ബുദ്ധിജീവികൾക്ക് ശ്രേഷ്ഠപദവി കൽപിച്ചു നൽകിയിട്ടില്ല. ഇതിന് മാറ്റം വരുത്തുന്നതിനുംമാത്രം എന്താണ് ഇന്ത്യയിൽ സംഭവിച്ചത്?

ഇത്തരമൊരു മാറ്റത്തിന് അടിസ്ഥാനമായ ഏറ്റവും നിർണ്ണായകമായ ഘടകം, രാജ്യത്ത് നവലിബറൽ വാഴ്ചയ്ക്ക് തുടക്കമിട്ടതാണ് എന്ന് നിസ്സംശയം പറയാൻ കഴിയും. കുറഞ്ഞത് മൂന്ന് വിഭിന്നമായ രീതികളിലാണ് നവലിബറലിസം ഈ മാറ്റത്തിന് കാരണമായിട്ടുള്ളത്. ഒന്ന്, അത് വരുമാനത്തിലെ അസമത്വങ്ങളെ വൻതോതിൽ വർദ്ധിപ്പിച്ചു; ബുദ്ധിജീവികളും അക്കാദമിക് വിദഗ്ദ്ധരും ഉയർന്ന വരുമാനമുള്ളവരിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, അവരിലെ പ്രബലമായ വിഭാഗങ്ങൾക്ക് അധ്വാനിക്കുന്ന ജനങ്ങളിലെ ബഹുഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, തീർച്ചയായും മെച്ചപ്പെട്ട നിലയുണ്ടായിട്ടുണ്ട്. ഒരുദാഹരണം നോക്കിയാൽ ഈ കാര്യം വ്യക്തമാകും. അതായത്, 1974ൽ ഇന്ത്യയിൽ ഒരു ക്വിന്റൽ ഗോതമ്പിന്റെ മിനിമം താങ്ങുവില 85 രൂപ ആയിരിക്കവെ, ഒരു കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർക്ക് തുടക്കത്തിൽ നൽകുന്ന അടിസ്ഥാന ശമ്പളം മാസം 1200 രൂപയായിരുന്നു; ഇന്ന്, ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2,275 ആയിരിക്കവെ, ഒരു കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർക്ക് തുടക്കത്തിൽ നൽകുന്ന അടിസ്ഥാന മാസശമ്പളം 1,31,400 രൂപയാണ്. രണ്ടുവിഭാഗം മനുഷ്യരുടെ വരുമാന നിലയിലെ ഗതിമാറ്റത്തിലുണ്ടായ കയ്-പേറിയ ഈ മതിപ്പുകണക്കുകൾ പരിശോധിച്ചാൽ, ഒരു അക്കാദമിക് വിദഗ്ധന്റെ വരുമാനം 100 ഇരട്ടിയിലധികം വർധിച്ചപ്പോൾ, ഒരു കർഷകന്റെ വരുമാനം കേവലം 27 ഇരട്ടിമാത്രമാണ് വർധിച്ചതെന്ന് കാണാൻ കഴിയും; അതായത്, അവരുടെ വരുമാനത്തിലെ അനുപാതം ഇക്കാലയളവിൽ മൂന്നിരട്ടിയിലധികം വർധിച്ചിരിക്കുന്നു; ഇത് അധികവും നവലിബറൽ യുഗത്തോടൊപ്പംതന്നെ സംഭവിച്ചിട്ടുള്ളതുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ അധ്വാനിക്കുന്ന ജനങ്ങൾ അക്കാദമിക് വിദഗ്ധരിൽനിന്നും മറ്റ് ബുദ്ധിജീവികളിൽനിന്നും കൂടുതൽ അകന്നുപോകുന്നതിൽ അതിശയിക്കേണ്ടതില്ല.

രണ്ട്, മുൻകാലത്ത് നിലനിന്നിരുന്ന സമൂഹങ്ങൾക്കുമേൽ മുതലാളിത്തത്തിന് ക്ഷയിപ്പിക്കലിന്റേതായ ഒരു സ്വാധീനമാണ് ഉള്ളത്. ഇന്ത്യയിൽ ബുദ്ധിജീവികളോട് കാണിക്കുന്ന ആദരവ് മുതലാളിത്ത പൂർവകാലഘട്ടങ്ങളിലെ സമൂഹത്തിന്റെ ധാരണയിൽ നിന്നുടലെടുത്ത ഒരു പാരമ്പര്യമാണ്; രാജ്യത്തിനകത്ത് അതിതീവ്രമായ, യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്ത തരത്തിലുള്ള മുതലാളിത്തത്തെ കെട്ടഴിച്ചുവിട്ട നവലിബറൽ വാഴ്ച, മുതലാളിത്ത പൂർവ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സമൂഹത്തിന്റേതായ ഈ ധാരണയെതന്നെ ഇല്ലാതാക്കുകയെന്ന കടമ നിർവഹിച്ചു; അങ്ങനെ ബുദ്ധിജീവി വിഭാഗവും അധ്വാനിക്കുന്ന ജനങ്ങളും തമ്മിലുള്ള വിടവ് വർധിക്കുന്നതിന് കാരണമാകുകയും ചെയ്തു.
മൂന്ന്, വ്യക്തിവത്കരണത്തിലേക്കുള്ള ഈ പ്രവണതയോടൊപ്പംതന്നെ, രാജ്യത്തിനകത്തുള്ള വിവിധ വിഭാഗങ്ങളെ അവലംബിമാക്കുന്നതിൽ നിന്നും വലിയൊരു വിഭാഗം ബുദ്ധിജീവികളെ അകറ്റിനിർത്തുകയും അവർക്കിടയിൽ ആഗോള നെറ്റ്-വർക്കിങ്ങിനുള്ള പ്രവണതയുണ്ടാക്കുകയും ചെയ്യുന്ന ആഗോളവത്കരണത്തിന്റേതായ ഒരു സമകാലിക പ്രതിഭാസവും അരങ്ങേറുകയുണ്ടായി; ഇത് അവരെ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളിൽനിന്ന് വീണ്ടും അകറ്റി.

ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ; അധ്വാനിക്കുന്ന ജനങ്ങളും ബുദ്ധിജീവി വിഭാഗവും തമ്മിലുള്ള വിടവ് നവലിബറലിസം വിപുലപ്പെടുത്തി എന്നുതന്നെ പറയാം; ഇത് പൊതുവിൽ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സഹിഷ്ണുതയുടെയും സംരക്ഷകരായി പ്രവർത്തിക്കാൻ തയ്യാറാകുന്ന ബുദ്ധിജീവി വിഭാഗത്ത ആക്രമിക്കുന്നതിന് നവഫാസിസത്തിന് എളുപ്പം കഴിയുമെന്ന നില വരുത്തി. നവലിബറലിസം നവഫാസിസത്തിനുള്ള അരങ്ങൊരുക്കിയ മറ്റൊരു രീതിയാണിത്.

അധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ ബുദ്ധിജീവി വിഭാഗത്തോടുള്ള ആദരവ് ഇല്ലാതാകുന്നത്, അത് സാമൂഹികമായ അന്തരങ്ങളെയും സാമൂഹിക അസമത്വങ്ങളെയും തുടച്ചുനീക്കുമെന്നതിനാൽ, സ്വാഗതാർഹമായൊരു സംഭവവികാസമായി കരുതപ്പെടാനിടയുണ്ട്. ഏതു വിധത്തിലായാലും ഇത് അബദ്ധജടിലമായൊരു കാഴ്ചപ്പാടാണ്. എല്ലാവരും ഒരേസമയം അധ്വാനിക്കുന്നവരും ബുദ്ധിജീവികളുമായി മാറുമെന്നതിനാൽ (അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്) സമത്വാധിഷ്ഠിത സമൂഹത്തിൽ ഒരു ബുദ്ധിജീവി വിഭാഗം എന്നുവിളിക്കപ്പെടുന്ന പ്രത്യേക വർഗം അഭാവം അനാവാശ്യമായിവരുന്നു; അങ്ങനെയായിരിക്കവെ തന്നെ സമത്വവാദത്തിന്റെ പേരിൽ ബുദ്ധിജീവി വിഭാഗത്തെ കേവലമായി നിരസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തെ എളുപ്പത്തിൽ, വഴികാട്ടാൻ ആളില്ലാത്ത ഒന്നാക്കിത്തീർക്കുകയും നവഫാസിസ്റ്റുകളുടെയും കപട വേഷധാരികളുടെയും നിയന്ത്രണത്തിന് സമൂഹത്തെ കാഴ്ചവയ്ക്കുകയും ചെയ്യലാകും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജനങ്ങൾക്കുമേൽ കുത്തക നിയന്ത്രണമുള്ള ഒരു ചെറിയ വിഭാഗത്തിനിടയിൽ ആശയങ്ങൾ കേന്ദ്രീകരിച്ചു കിടക്കുന്നതിനുപകരം ജനങ്ങൾക്കിടയിൽ ആശയങ്ങൾ പരന്നുകിടക്കുന്നതും ആശയങ്ങളുടെ വിനാശവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്.

വാസ്തവത്തിൽ, സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ എം കെയ്ൻസിനെപ്പോലെ ലിബറൽ കാഴ്ചപ്പാടുള്ള എഴുത്തുകാർപോലും ഒരു മുതലാളിത്ത സമൂഹത്തിൽ സാമൂഹികമായി പ്രതികരിക്കുന്ന ബുദ്ധിജീവികളുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അങ്ങേയറ്റം ബോധ്യമുള്ളവരാണ്; വ്യവസ്ഥയുടെ തെറ്റുകൾ തിരുത്തുന്നതിനും പോരായ്മകളെ മറികടക്കുന്നതിനും വേണ്ടി സമൂഹത്തിൽ മതിയായ സ്വാധീനം ചെലുത്താൻ കഴിയുന്ന ‘‘വിദ്യാഭ്യാസം നേടിയ ബൂർഷ്വാസി’’ എന്നാണ് കെയ്ൻസ് ഈ ബുദ്ധിജീവികളെ വിശേഷിപ്പിച്ചത്. വികസിത മുതലാളിത്ത രാജ്യങ്ങളിലടക്കം, സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയാത്ത, നവലിബറൽ വാഴ്ചയ്ക്കുകീഴിൽ അവനവനിലേക്കു മാത്രം ഒതുങ്ങുകയും സാമൂഹികമായി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെ സൃഷ്ടിക്കുന്നത് പിൽക്കാല മുതലാളിത്തത്തിന്റെ പ്രധാന വെെരുദ്ധ്യങ്ങളിലൊന്നാണ്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽ തീർച്ചയായും അത് നവഫാസിസത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതാണ്.

അതിനാൽ, അധ്വാനിക്കുന്ന ജനങ്ങളും ബുദ്ധിജീവി വിഭാഗവും തമ്മിലുള്ള വിടവ് മറികടക്കുന്നത് നവഫാസിസത്തെ പരാജയപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും; നവലിബറലിസത്തിന്റെ അടിസ്ഥാനപരമായ പ്രതിസന്ധി കൊണ്ടുതന്നെ ഇത് സാധ്യമാകുകയും ചെയ്യും. ബുദ്ധിജീവി വിഭാഗം ഈ പ്രതിസന്ധിയുടെ ഇരയാക്കപ്പെടുകയും നവലിബറലിസത്തിനുകീഴിൽ ആദ്യകാലത്ത് അതിനു ലഭിച്ചിരുന്ന പ്രബലമായ സ്ഥാനം ക്രമേണ നഷ്ടപ്പെടുകയും ചെയ്യുകയാണ്. നവലിബറൽ കാലത്ത് ഇന്ത്യയിലെ കർഷകരുടെ വരുമാനത്തേക്കാൾ ബുദ്ധിജീവികളുടെ ശമ്പളത്തിലുണ്ടായ ദ്രുതഗതിയിലുള്ള വർധനവിനെക്കുറിച്ച് മുകളിൽ എടുത്തുപറഞ്ഞിട്ടുണ്ട്, എന്നാൽ നവലിബറലിസം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഉയർന്ന ശമ്പളമെന്നു കരുതപ്പെടുന്ന ഈ തുകയും അവർക്ക് സമയത്തിനു ലഭിക്കുന്നില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിലെ അക്കാദമിക് സമൂഹം നേരിടുന്ന തികഞ്ഞ സാമ്പത്തിക ബുദ്ധിമുട്ടുകൾ, നവഫാസിസത്തിന്റെ പ്രതിസന്ധിയുടെ കാലത്ത് ബുദ്ധിജീവി വിഭാഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും വിധി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്ന വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നു; ഇത്തരമൊരു പ്രതിസന്ധിയുടെ ഘട്ടത്തിലാണ് നവഫാസിസം കേന്ദ്ര സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 14 =

Most Popular