ഇതാണ് യഥാർത്ഥത്തിൽ സൃഷ്ടിപരമായ മാർക്സിസം! ഉത്പാദനശക്തികളുടെ വികാസം മനഃപരിവർത്തനം എന്ന ചൂഷകരെയും ചൂഷിതരെയും സ്വാഭാവിക പ്രക്രിയയിലൂടെ സംയോജിപ്പിക്കുമെന്നും, വർഗ്ഗയുദ്ധം ആവശ്യമില്ലെന്നും, ബലപ്രയോഗമില്ലാതെയും വർധിതമായ സാമൂഹ്യബോധത്തോടുകൂടിയുമുള്ള വർഗ്ഗസമരം ഉണ്ടായിരിക്കുമെന്നുമുള്ള കാര്യം മാർക്സിനുപോലും അറിയാമായിരുന്നില്ല!
ഇത് ഒരു ഉറപ്പാണ്: ജനാധിപത്യ ഭരണകൂടത്തിന്റെ അധികാരം ചൂഷക വിഭാഗങ്ങൾക്കെതിരെ ഉപയോഗിക്കില്ല, അതേസമയം ചൂഷണം ചെയ്യാനുള്ള ഇക്കൂട്ടരുടെ അവകാശങ്ങൾ ഭരണകൂടം ഉറപ്പാക്കുകയും ചെയ്യും. ഇതിനെയാണ് സോഷ്യലിസത്തിലേക്കുള്ള ജനാധിപത്യ മാർഗ്ഗം എന്ന് വിളിക്കുന്നത്. ലിബറലുകൾക്ക് കാറില്ലോ നൽകുന്ന വാഗ്ദാനമാണിത്. ഒരേയൊരു മറവ്: ഒരു ഗുരുതരമായ രാഷ്ട്രീയ വർഗ്ഗയുദ്ധമില്ലാതെ, ‘ജനാധിപത്യപരവും സമാധാനപരവുമായ മാർഗ്ഗങ്ങളിലൂടെ’ ഭരണകൂടത്തിന്മേൽ കുത്തകകളുടെ ആധിപത്യം എങ്ങനെയോ ഇല്ലായ്മ ചെയ്യാം. കുത്തകയിതര അല്ലെങ്കിൽ കുത്തകവിരുദ്ധ ചേരി അധികാരത്തിൽ ഉണ്ടാകും, എന്നാൽ ഏതെങ്കിലും മുതലാളിത്ത വിഭാഗങ്ങൾക്കെതിരെ ബലപ്രയോഗ നടപടികൾ എടുക്കില്ലെന്നും ഉറപ്പു നൽകും. എന്തൊരു ജനാധിപത്യം!
സാമ്രാജ്യത്വവും ബഹുരാഷ്ട്ര
കമ്പനികളുമായുള്ള സൗഹൃദവും
സാമ്രാജ്യത്വത്തോടുള്ള സൗഹൃദം, അല്ലെങ്കിൽ സാമ്രാജ്യത്വ രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും തമ്മിൽ, സാമ്രാജ്യത്വവും വിജയകരമായ തൊഴിലാളിവർഗ സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിൽ ഉള്ള സമദൂര നിലപാട്, ഈ ദൃഷ്ടികോണിൽ നിന്നാണ് പിന്തുടരുന്നത്-. സാമ്രാജ്യത്വവും സോഷ്യലിസവും രണ്ടും ശാക്തിക ചേരികളായി വിവരിക്കപ്പെടുന്നു.
കാറില്ലോയുടെ വാക്കുകൾ കേൾക്കുക: “ ശാക്തിക ചേരികളുടെ ലോകത്തെ മറ്റ് പശ്ചിമ യൂറോപ്യൻ രാജ്യങ്ങളെപ്പോലെ, സ്പെയിൻ നന്നായി നിർവചിക്കപ്പെട്ട രാഷ്ട്രീയ, സാമ്പത്തിക, സൈനിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ യാഥാർത്ഥ്യം നിരസിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.” അതായത്, “ഞങ്ങൾ’ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക ലോകത്തോടൊപ്പം തുടരും. “യുഎസ്എസ്ആറിനെ ചുറ്റിപ്പറ്റി ഒരു രൂപത്തിലോ മറ്റൊരു രൂപത്തിലോ ക്രമീകരിച്ചിരിക്കുന്ന മറ്റേ മേഖലയിലേക്ക് പോകാനായി യാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഞങ്ങളുടെ നിലപാടല്ല. യുഎസ്എസ്ആറിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും സ്വതന്ത്രമായ, സോഷ്യലിസത്തിലേക്ക് ലക്ഷ്യമിട്ട ജനങ്ങളുടെ യൂറോപ്പ് – അതിൽ ഞങ്ങളുടെ രാജ്യം സ്വന്തം വ്യക്തിത്വം സംരക്ഷിക്കുന്ന തരത്തിൽ – ആണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഞങ്ങൾ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ‘‘മനുഷ്യരാശിയുടെ ശത്രുവായ, ലോക പൊലീസായ അമേരിക്കൻ സാമ്രാജ്യത്വത്തെ സോവിയറ്റ് റഷ്യയുമായി തുല്യനിലയിൽ കാണാൻ ഒരു കമ്യൂണിസ്റ്റിന് കഴിയുമോ? എന്നാൽ ലിബറലുകളോടുള്ള ഈ അഭ്യർത്ഥന, രണ്ട് ശാക്തിക ചേരികളെന്ന ആശയം, ഇതിലേക്കാണ് നയിക്കുന്നത്. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല—സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങൾക്ക് വിധേയമാക്കുന്ന ഒരു കാഴ്ചപ്പാടാണിത്. ലിബറലുകളുടെ പ്രീതി നേടാനുള്ള ഈ ശ്രമത്തിൽ, സോവിയറ്റ് റഷ്യ യൂറോപ്പിന്റെ ഭാഗമാണെന്ന വസ്തുതപോലും മറക്കപ്പെടുന്നു. സോഷ്യലിസവും ബാക്കി യൂറോപ്പും തമ്മിൽ ഒരു മതിൽക്കെട്ട് സൃഷ്ടിക്കുകയും അതേസമയം അമേരിക്കൻ സാമ്രാജ്യത്വവുമായി സൗഹൃദം പരിപോഷിപ്പിക്കുകയും ചെയ്യുകയാണ്.
സാമ്പത്തിക പരിസ്ഥിതിയെക്കുറിച്ചോ? അവിടെയും ഒരേ കഥതന്നെ ആവർത്തിക്കുന്നു. “സാമ്പത്തിക പരിതഃസ്ഥിതി കൂടുതൽ സങ്കീർണ്ണമാണ്. അധ്വാനത്തിന്റെയും സംസ്കാരത്തിന്റെയും ശക്തികളുടെ നേതൃത്വത്തിലുള്ള ഒരു ജനാധിപത്യ അധികാരത്തെ അസ്ഥിരപ്പെടുത്താൻ സാമ്രാജ്യത്വം ശ്രമിക്കുമെന്ന് കരുതുന്നു. അതിനാൽ, ‘‘യൂറോപ്പിലെയും ഏഷ്യയിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്.’’ സോഷ്യലിസ്റ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഈ ഒറ്റവാക്യത്തിൽ തന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തിയ ശേഷം, കാറില്ലോ താൻ സാമ്രാജ്യത്വ-മുതലാളിത്ത ഭ്രമണപഥത്തിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് ധൃതിയിൽ കൂട്ടിച്ചേർക്കുന്നു. “‘ഇതെല്ലാം ഞങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക ബന്ധങ്ങളുടെ സംവിധാനത്തിൽ ഒരു മാറ്റം സൂചിപ്പിക്കുന്നില്ല… സ്പെയിൻ തന്റെ ചരിത്രപരമായ വിപണികൾ (അവ എന്തൊക്കെയാണെന്ന് നമുക്കറിയാം), വിൽക്കുന്നവയും വാങ്ങുന്നവയും, സാധ്യമായിടത്തോളം വികസിപ്പിക്കാനും വൈവിധ്യമാക്കാനും ശ്രമിക്കണം.” ഇതിനർത്ഥം എന്താണ്? യുഎസ്എസ്ആറിൽ നിന്നും യുഎസ്എയിൽ നിന്നും സ്വതന്ത്രമായ ഒരു സ്പെയിൻ, സാമ്രാജ്യത്വ ബഹുരാഷ്ട്ര കുത്തകകളിൽ നിന്ന് സ്വതന്ത്രമല്ല എന്നാണ് ഇത് അർഥമാക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളെ ക്ഷണിക്കുകയും ലാഭം ഊറ്റിയെടുക്കാൻ അനുവദിക്കുകയും വേണം. ഞങ്ങളുടെ രാജ്യത്ത് “ഇതിനർത്ഥം വിദേശ മൂലധന നിക്ഷേപങ്ങളും ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനവും തടസ്സപ്പെടുത്തില്ല, അതിനാൽ സ്പെയിനിലെ വിദേശ മൂലധനം ലാഭം വീണ്ടും വീണ്ടും ഊറ്റിയെടുക്കും എന്നാണ്.’ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ ദൗർബല്യങ്ങൾ വർധിപ്പിക്കുന്നതിന്, യൂറോകമ്യൂണിസം ബഹുരാഷ്ട്ര കമ്പനികൾക്ക് പൂർണ്ണ ജനാധിപത്യം വാഗ്ദാനം ചെയ്യുന്നു. അധികാരത്തിൽ നിന്ന് കുത്തകകളെ പുറത്താക്കി സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ യാത്ര ആരംഭിച്ച കാറില്ലോ, ഇപ്പോൾ ലോകത്തിലെ അങ്ങേയറ്റം ചൂഷകരായ അന്താരാഷ്ട്ര കുത്തകകളെ സ്പാനിഷ് സോഷ്യലിസം നിർമ്മിക്കാനായി സഹായിക്കാൻ ക്ഷണിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതിനു ശേഷം കാറില്ലോ വിചിത്രമായ ഈ പ്രസ്താവന നടത്തുന്നു, ‘‘സോഷ്യലിസത്തിന്റെ തത്വങ്ങളുടെയും ചരിത്രപരമായ അനുഭവത്തിന്റെയും വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ, ഇത് ഒട്ടേറെ വർഷങ്ങളായി സോഷ്യലിസം സ്ഥാപിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നടപ്പാക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിന്റെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ല.’’ സ്പാനിഷ് സോഷ്യലിസത്തെ കേവലമൊരു ദേശീയ പ്രസ്ഥാനമായി അവതരിപ്പിക്കാൻ കാറില്ലോ ആഗ്രഹിക്കുമ്പോൾ പിന്തുണയ്‌ക്കായി മുൻകാല സോഷ്യലിസ്റ്റ് മാതൃകകളെ ആശ്രയിക്കേണ്ടിവരുന്നു എന്നത് വിരോധാഭാസമാണ്. ബഹുരാഷ്ട്ര കുത്തകകളുമായുള്ള സോവിയറ്റുകളുടെ സമീപകാല കരാറുകൾ പലയിടത്തും വിമർശനങ്ങളും സംശയങ്ങളും ഉയർത്തിയിട്ടുണ്ട്. റിവിഷനിസ്റ്റ് അവസരവാദം കൊണ്ടുനിറഞ്ഞ സന്ധി ചെയ്യൽ കരാറുകൾ എന്ന നിലയ്ക്ക് അവ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ഇതിനുപുറമെ, നിരവധി മേഖലകളിൽ അമേരിക്കയെക്കാൾ മുന്നിട്ടുനിൽക്കുന്ന, സോഷ്യലിസ്റ്റ് സാമ്പത്തിക ശക്തിയായ സോവിയറ്റ് യൂണിയനെപോലൊരു രാജ്യം, ബഹുരാഷ്ട്ര കുത്തകകളുമായി ഇടപാടുനടത്തുന്ന കാര്യത്തിൽ തന്റെ ജനാധിപത്യ സ്പെയിനിനു തുല്യമാണ് എന്ന് കാറില്ലോ ഗൗരവപൂർവം കരുതുന്നുണ്ടോ? യുക്തിപരവും സത്യസന്ധവുമായ വിചിന്തനം എന്നത് യൂറോ കമ്യൂണിസത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്രപരമായ തർക്കങ്ങളുടെയും ഭാഗമല്ലായെന്ന കാര്യം സ്പഷ്ടമാണ്.
“കാര്യങ്ങൾ ഇപ്പോഴുള്ളതുപോലെയാണെങ്കിൽ, സ്പെയിനിലെ സോഷ്യലിസ്റ്റ് ജനാധിപത്യം നമ്മുടെ സാമ്പത്തിക വികസനത്തിനുതകുന്ന വിദേശ നിക്ഷേപങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും വാതിലുകൾ തുറന്നുകൊടുക്കുന്ന നയം തുടരേണ്ടതുണ്ട് എന്ന കാര്യം സ്പഷ്ടമാണ് (വളരെ വളരെ സ്പഷ്ടമാണ്). ഈ സാഹചര്യത്തിൽ ദേശീയ താല്പര്യവും സംരക്ഷിക്കപ്പെടണം. വിദേശ നിക്ഷേപത്തെ ദേശീയ പദ്ധതിയുമായി സംയോജിപ്പിക്കണം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ടോ അല്ലാതെയോ ഇടപെടുന്നത് അനുവദിക്കരുത്. അതിനെതിരായ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്ക് നീതീകരണമുണ്ട്. ‘ഇത്തരം വാചകങ്ങൾ നമ്മുടെ രാജ്യത്ത് നമുക്ക് സുപരിചിതമാണ്. ജവഹർലാൽ നെഹ്റു മുതൽ മൊറാർജി ദേശായി വരെ, ദേശീയ താല്പര്യത്തിന് വിധേയമായി മാത്രമുള്ള വിദേശ നിക്ഷേപങ്ങളാണെന്നും ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കുമെന്നുമൊക്കെ പറയുകയുണ്ടായി. എന്നാൽ, വിദേശ നിക്ഷേപകർ ഇന്ത്യൻ തൊഴിലാളികളെ ഇരയാക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്തുകൊണ്ട് അവരുടെ സ്ഥാനം കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കുന്നത് നമ്മൾ കണ്ടു. വാസ്തവത്തിൽ, വികസനത്തിനായി ബഹുരാഷ്ട്ര കമ്പനികളെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അവരെ പിടിച്ചുകെട്ടാനായെന്നു വരില്ല. ഈ ലളിതമായ സത്യം കാറില്ലോ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ, സ്പാനിഷ് ദേശീയതാൽപ്പര്യങ്ങളുമായി ബഹുരാഷ്ട്ര കമ്പനികളെ സംയോജിപ്പിക്കുന്നതിനുപകരം ബഹുരാഷ്ട്ര കമ്പനികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സ്പാനിഷ് ദേശീയ താൽപ്പര്യങ്ങളും സോഷ്യലിസവും താദാത്മ്യം പ്രാപിക്കാനുള്ള എല്ലാവിധ സാധ്യതകളും കാണുന്നുണ്ട്. l
(തുടരും)
പരിഭാഷ: അഞ്ജലി ഗംഗ



