കേരള സംസ്ഥാനം രൂപപ്പെട്ട് ഏഴു പതിറ്റാണ്ടോളം പിന്നിട്ടിരിക്കുകയാണ്. 2031 ആകുമ്പോഴേക്കും നമ്മള്‍ ഐക്യകേരളം രൂപപ്പെട്ടതിന്റെ 75-–ാം വര്‍ഷത്തിലേക്ക് എത്തിച്ചേരും. 2031 ലെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനായി ‘വിഷന്‍ 2031′ എന്ന പേരില്‍ സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുകയാണ്.
ഐ ടി രംഗത്ത് കേരളത്തിന്റെ ഭാവി മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ‘റീ കോഡ് 2025′ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളസമൂഹത്തെ പരിണമിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. വൈജ്ഞാനിക കേരളം എന്ന ആശയത്തിലേക്ക് നാം ചുവടുവെച്ച് എത്തിയത് ഒരു സുപ്രഭാതത്തിലല്ല. മറിച്ച്, വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്തുനിന്നും പടിപടിയായി നേടിയെടുത്ത അവകാശങ്ങള്‍ക്കുമേല്‍ പടുത്തുയര്‍ത്തിയ വൈജ്ഞാനിക പരിണാമത്തിലൂടെയാണ്. അത്തരത്തില്‍ കേരളം പരിണമിക്കുന്നതിനിടയിൽ തന്നെ ഇവിടെ ഐ ടി മേഖലയ്ക്കും വളര്‍ച്ചയുണ്ടായി.
ഏഷ്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്ക് നമ്മുടെ സംസ്ഥാനത്താണ്. ഈ രാജ്യത്തെ ആദ്യ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷന്‍ കമ്പനിയും കേരളത്തിലാണ്. അവിടെനിന്നും വീണ്ടും മുന്നോട്ടു സഞ്ചരിച്ച് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും ഒക്കെ നമ്മള്‍ രൂപം നല്‍കി. അത്തരം നേട്ടങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വരുംകാല കേരളത്തിന്റെ രൂപരേഖ തയ്യാറാക്കുകയാണ് നമുക്ക് ഇനി ചെയ്യേണ്ടത്. കേരളത്തിന്റെ ഡിജിറ്റല്‍ ഫ്യൂച്ചറിനെ രൂപപ്പെടുത്തുകയാണ് വേണ്ടത്.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ് നൂതന സാങ്കേതികവിദ്യാ വ്യവസായങ്ങള്‍. 2050 ഓടെ ലോകത്തെ തൊഴിലുകളില്‍ ഭൂരിഭാഗവും നൂതന സാങ്കേതികവിദ്യാ വ്യവസായവുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് 2021 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നൂതന സാങ്കേതികവിദ്യാ പ്രോത്സാഹന നയം മുന്നോട്ടുവച്ചത്; അതിനായി സര്‍ക്കാര്‍-–സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആരംഭിച്ചത്.
നൂതന സാങ്കേതികവിദ്യാ പ്രോത്സാഹനം ഉപരിപ്ലവമായ ഇടപെടലുകള്‍ മാത്രമല്ല. അടിസ്ഥാന വിദ്യാഭ്യാസ തലത്തില്‍ തുടങ്ങി ഉത്പാദനം വരെയുള്ള മേഖലകളില്‍ ഇടപെടലുകള്‍ ഉണ്ടായി. നൂതന വ്യവസായ വളര്‍ച്ചയുടെ ഈ യുഗത്തില്‍ എജ്യൂക്കേഷനെ നമ്മള്‍ വിശേഷിപ്പിക്കുക എജ്യൂക്കേഷന്‍ 5.0 എന്നാണല്ലൊ. അതിനനുസരിച്ച് നമ്മുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയാണ്.
ഇന്ന് നമ്മുടെ കുട്ടികള്‍ സ്‌കൂള്‍തലത്തില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെക്കുറിച്ചും റോബോട്ടിക്‌സിനെക്കുറിച്ചുമെല്ലാം പഠിക്കുകയാണ്. അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂതന വിദ്യാപഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യങ് ഇന്നൊവേറ്റീവ് പ്രോഗാം, കണക്ട് കരിയര്‍ ടൂ ക്യാമ്പസ്, ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിവരികയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന പുതിയ അറിവുകളെ ഉത്പന്നങ്ങളായി പരിണമിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. 9,000 ത്തോളം സ്ഥാപനങ്ങളിലാണ് ആ പദ്ധതി നടപ്പാക്കിയത്. ചെറുകിട – സൂക്ഷ്മ സംരംഭങ്ങളുടെ മേഖലയില്‍ ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ രൂപീകരിക്കുകയാണ്. അതിനായി ഇന്നൊവേഷന്‍ ക്ലസ്റ്ററുകളുടെ മാര്‍ക്കിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അഭ്യസ്തവിദ്യരായ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അനേകം നൂതനാശയങ്ങള്‍ കൈമുതലായിട്ടുണ്ട്. എന്നാല്‍, അവ ഉത്പന്നങ്ങളാക്കുന്നതില്‍ അവര്‍ക്ക് ഫണ്ട് അടക്കമുള്ള കാര്യങ്ങളില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നു. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍, സര്‍ക്കാര്‍ തങ്ങളെ ഉള്‍ക്കൊള്ളുമോ എന്ന ആശങ്ക, അങ്ങനെ പലതും അവരെ ഉത്കണ്ഠപ്പെടുത്തിയിരുന്നു.
അത്തരമൊരു ഘട്ടത്തിലാണ് 2016 ലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. അന്ന് നമ്മുടെ നാട്ടില്‍ ആകെയുണ്ടായിരുന്നത് 300 സ്റ്റാര്‍ട്ടപ്പുകളാണ്. അതുകൊണ്ടുതന്നെ അവയെ വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പ് മേഖലയെയാകെ പരിപോഷിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ ആ സര്‍ക്കാര്‍ കൈക്കൊണ്ടു.
അതിന്റെ ഭാഗമായി ഒരു പ്രത്യേക സ്റ്റാര്‍ട്ടപ്പ് നയം തന്നെ രൂപീകരിച്ചു. അതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ് ലഭ്യമാക്കി, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചു. സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ കേള്‍ക്കാനും അവ പ്രാവര്‍ത്തികമാക്കാനും കഴിയുന്ന വിധത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് മിഷനെ മാറ്റിയെടുക്കുകയും ചെയ്തു. ഇവയെല്ലാംതന്നെ നല്ല നിലയ്ക്കുള്ള ഫലമുണ്ടാക്കി. അതുകൊണ്ടാണല്ലോ ഇന്ന് നമ്മുടെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 7,500 ആയി വര്‍ദ്ധിച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുക മാത്രമല്ല ചെയ്തത്. ഈ മേഖലയില്‍ നമ്മള്‍ അനേകം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
2022 ലെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ നമ്മള്‍ ടോപ്പ് പെര്‍ഫോര്‍മര്‍ പദവിയിലെത്തി. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതാണ്. 2021 നും 2023 നുമിടയില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 254 ശതമാനം വളര്‍ച്ചയാണുണ്ടായത്. ആ ഘട്ടത്തിലെ ഗ്ലോബല്‍ ശരാശരി 46 ശതമാനം മാത്രമായിരുന്നു.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ മാത്രം 1.8 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ഇന്‍കുബേഷന്‍ ഫെസിലിറ്റിയുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോസിറ്റിയില്‍ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന എമര്‍ജിങ് ടെക്‌നോളജി ഹബ്, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിക്കപ്പെടുന്നത്.
ഐ ടി വ്യവസായത്തിന് വലിയ തോതില്‍ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കേരളത്തിന്റെ ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിരൂപയോടടുക്കുകയാണ്. ഐ ടി നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നതിന് കാരണമാകുന്നത് വിവിധങ്ങളായ ഘടകങ്ങളാണ്.
നാഷണല്‍ ഹൈവേ വികസനം, വിമാനത്താവളങ്ങളുടെ വികസനം, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒരുവശത്ത്. ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പവര്‍ഹൈവേ യാഥാര്‍ത്ഥ്യമാക്കല്‍, ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കല്‍, ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ പദ്ധതികള്‍ മറുവശത്ത്. ഇതിനുപുറമെയാണ് കേരളമാകെ ഒറ്റ കണക്ടിവിറ്റി നെറ്റ്‌വര്‍ക്ക് മുഖേന ബന്ധിപ്പിക്കുന്ന കെ-ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
നിലവില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2016 മുതല്‍ ഇതുവരെയായി 66,000 ത്തോളം തൊഴിലവസരങ്ങള്‍ ഇവിടങ്ങളില്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആകെ ഐ ടി കയറ്റുമതി 2016 ല്‍ 34,123 കോടി രൂപയായിരുന്നത്, ഇന്ന് 90,000 കോടി രൂപയായി വര്‍ദ്ധിച്ചു. 2016 ല്‍ 155.85 ലക്ഷം ചതുരശ്രയടി ബില്‍റ്റപ്പ് സ്‌പേയ്‌സ് ഉണ്ടായിരുന്നത്, നിലവില്‍ 223 ലക്ഷം ചതുരശ്രയടി ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് ആക്‌സെഞ്ച്വര്‍, എച്ച് സി എല്‍, ആര്‍മാദ, എക്വിഫാസ്, പ്രോചാന്റ്, ഗീക്യവോള്‍ഫ്, ഐ ബി എം, എം എസ് സി, സ്ട്രാഡ, റ്റി എന്‍ പി, അഡേസ്സോ, മൈഗേറ്റ്, ടെക് മഹീന്ദ്ര, ക്വസ്റ്റ് ഗ്ലോബല്‍ തുടങ്ങിയ ആഗോള കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അതുപോലെ യു എസ് ടി ഗ്ലോബല്‍ ഐ ടി കാമ്പസ്, ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ടവര്‍ 3, കാസ്പിയന്‍ ടവര്‍ 2, ജിയോജിത് ഐ ടി കാമ്പസ് തുടങ്ങിയ പ്രധാന കമ്പനികളുടെ പദ്ധതികള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്ത് 390 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ടെക്‌നോസിറ്റി, ജി സി സി ക്ലസ്റ്ററുകള്‍, ടി സി എസിന്റെ പ്രധാന കാമ്പസ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, കേരള സ്പേസ് പാര്‍ക്ക്, എമര്‍ജിങ് ടെക് ഹബ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഒരു സമഗ്രമായ എക്കോ സിസ്റ്റം രൂപപ്പെടുത്തിയിട്ടുണ്ട്.
ലാന്‍ഡ് പൂളിങ് സംവിധാനത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ എ ഐ-നേറ്റീവ് സിറ്റിയായി ഇന്‍ഫോപാര്‍ക്ക് ഫേസ് 3 മാറുകയാണ്. ഇന്‍ഫോപാര്‍ക്ക് ഫേസ് 4, യാഥാര്‍ത്ഥ്യമാകുന്നതോടെ അമ്പത് ലക്ഷം ചതുരശ്ര അടി ഐ റ്റി സ്‌പേസ് കൂടി ഉണ്ടാകും. കോഴിക്കോട്, സൈബര്‍ പാര്‍ക്ക് വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കണ്ണൂര്‍ ഐ ടി പാര്‍ക്കിനായി ഇതിനകം കിഫ്ബി മുഖേന 292 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നൂതന സാമഗ്രികളുടെ വികസനത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ, ഡിജിറ്റല്‍ സര്‍വ്വകലാശാല, സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഇന്‍ ഇലക്‌ട്രോണിക് ടെക്‌നോളജീസുമായി സഹകരിച്ച്, ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷന്‍ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ഒരു ‘ഗ്രാഫീന്‍ അറോറ പ്രോജക്ട്’ നടപ്പാക്കുന്നതിന് 98.85 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ മേക്കര്‍ വില്ലേജ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹാര്‍ഡ്-വെയര്‍ ഇന്‍കുബേറ്ററായി മാറിയിട്ടുണ്ട്. ഇപ്പോള്‍ വയനാട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ ആറ് പ്രാദേശിക ഇന്‍കുബേഷന്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മേക്കര്‍ വില്ലേജ് 2.0 പദ്ധതി പുരോഗമിക്കുകയാണ്.
ഇത്തരം നേട്ടങ്ങള്‍ നമ്മുടെ നൂതന സാങ്കേതികവിദ്യാ മുന്നേറ്റത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്. അവയില്‍ ഊന്നിനിന്നുകൊണ്ട് വരുംകാല കേരളത്തിനു വേണ്ടിയുള്ള ഐ ടി നയനടപടികള്‍ രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ ഐ ടി വിപണിയുടെ 10 ശതമാനം വിഹിതം നേടി പ്രതിവര്‍ഷം മികച്ച വരുമാനം സൃഷ്ടിക്കുക, ഐ ടി മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഐ ടി സ്‌പേസ് 3 കോടി ചതുരശ്ര അടിയിലേക്ക് എത്തിക്കുക ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120 വരെ എത്തിക്കുക തുടങ്ങി കൈവരിക്കേണ്ട ഭാവിനേട്ടങ്ങളിലേക്കാണ് ഇനി നാം ശ്രദ്ധചെലുത്തേണ്ടത്. l



