Saturday, March 14, 2026

ad

Homeപ്രതികരണംഭാവി കേരളത്തിനായുള്ള 
വികസന പരിപാടി

ഭാവി കേരളത്തിനായുള്ള 
വികസന പരിപാടി

പിണറായി വിജയൻ

നങ്ങളുമായി സംവദിച്ചുകൊണ്ടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇനിയുള്ള നാളുകളിലും കൂടുതല്‍ ക്രിയാത്മകമായി അതുറപ്പുവരുത്താന്‍ സഹായകമായ ഒരു പഠന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടപ്പാക്കുന്ന ഈ നവകേരള വികസനക്ഷേമ പഠന പരിപാടി കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും സമ്മാനിക്കുമെന്നുറപ്പാണ്. സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളിലേക്കെത്തിയാണ് ഈ പഠനം നടത്തുക. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മാംശത്തില്‍ കേള്‍ക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കുകയും ചെയ്യും. അതിന്റെ തുടര്‍ച്ചയായി സമഗ്രമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. അത് ക്രോഡീകരിച്ചും അപഗ്രഥിച്ചും വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കും. അതിലൂടെ നവകേരളത്തിലേക്കുള്ള പാതയില്‍ കൂടുതല്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

രാജ്യത്തെ പൊതുനയങ്ങളില്‍ നിന്നും ഭിന്നമായി സ്വീകരിച്ച ജനപക്ഷ ഭരണനയങ്ങളാണ്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉയര്‍ന്ന ജീവിതനിലവാരമുള്ള നാടാക്കി കേരളത്തെ മാറ്റിയത്. ഈ വികസനരീതി ‘കേരള മോഡല്‍’ എന്ന പേരില്‍ ലോകശ്രദ്ധ നേടി. മാനവ വികസന സൂചികയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസ ശാക്തീകരണവും ജനകീയാസൂത്രണവും സാക്ഷരതാ യജ്ഞവും തുടങ്ങി ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട നിരവധി ജനാധിപത്യ ജനക്ഷേമ ഇടപെടലുകളുടെ ഫലമായാണ് ഇന്നത്തെ കേരളസമൂഹം വാര്‍ത്തെടുക്കപ്പെട്ടത്. ആ അടിത്തറയില്‍ ഊന്നിനിന്നാണ് ജനക്ഷേമ പദ്ധതികളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയും കേരളം ഇതുവരെ കാണാത്ത വികസന നേട്ടങ്ങള്‍ സ്വന്തമാക്കിയും കഴിഞ്ഞ ഒരു ദശാബ്ദമായി നാം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിച്ചത്. ഇത് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട കാര്യമാണ്.

ഈ നേട്ടങ്ങള്‍ക്കൊപ്പം ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന, ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ നമുക്കു സാധിച്ചു. തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ഓരോ വാഗ്ദാനവും പൂര്‍ത്തീകരിക്കുക മാത്രമല്ല, ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ അവയുടെ പുരോഗതി ജനങ്ങളെ അറിയിക്കുന്ന സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. നവകേരള കര്‍മ്മപദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കുന്നതിനും അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിനുമായി മന്ത്രിസഭ ഒന്നടങ്കം പങ്കെടുത്തുകൊണ്ട് 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു. ഭരണനിര്‍വ്വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി മേഖലാ അവലോകന യോഗങ്ങള്‍ നടത്തി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വികസന സദസ്സുകള്‍ ആരംഭിച്ചു. അതിപ്പോഴും തുടരുകയാണ്.

ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 2031 ല്‍ 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ പശ്ചാത്തലത്തില്‍ ഭാവിക്കു വേണ്ടിയുള്ള വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടത്തുകയാണ്. കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘വിഷന്‍ 2031′ എന്ന പേരില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജനങ്ങളില്‍ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് അവരുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ‘സി എം വിത്ത് മി’ എന്ന പേരില്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കേരളം ഇതിനോടകം കൈവരിച്ച നേട്ടങ്ങളില്‍ നിന്നും ഒരു പടികൂടി കടന്ന് വികസിത രാജ്യങ്ങളിലെ ജീവിതനിലവാരമുള്ള നാടായി കേരളത്തെ ഉയര്‍ത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ ഇതിനകം സംസ്ഥാനത്ത് നടപ്പിലാക്കിയ ഭരണനടപടികളിലൂടെ സാധിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം രാജ്യത്ത് ആദ്യമായി കൈവരിക്കുന്ന സംസ്ഥാനമായി 2025 നവംബര്‍ ഒന്നോടു കൂടി കേരളം മാറുകയാണ്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍, സാമൂഹ്യക്ഷേമ രംഗത്തെ ഇടപെടലുകള്‍, ആരോഗ്യ þ വിദ്യാഭ്യാസ മേഖലകളെ കാലാനുസൃതമായി നവീകരിക്കല്‍, വിജ്ഞാന സമ്പദ്ഘടന കെട്ടിപ്പടുക്കല്‍, കാര്‍ഷിക– വ്യവസായ മേഖലകളെ നവീകരിക്കല്‍ തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയാണ് നവകേരളം സിറ്റിസണ്‍സ്- റെസ്പോണ്‍സ് പ്രോഗ്രാം.

2026 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധസേനാ അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് നവകേരളം സിറ്റിസണ്‍സ്- റെസ്പോണ്‍സ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് നാലംഗ സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല നിര്‍വഹണ സമിതിയും നിലവില്‍ വരും. തദ്ദേശസ്ഥാപനതലത്തിലും അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമിതികള്‍ രൂപീകരിക്കും.

വിജ്ഞാന സമ്പദ്ഘടനയുടെ വ്യാപനം, ശാസ്ത്ര–സാങ്കേതിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ശാസ്ത്രസാങ്കേതിക വിദ്യയിലെ നേട്ടങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി കാര്‍ഷിക–വ്യവസായ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ഉന്നതവിദ്യാഭ്യാസ വിപുലീകരണം സംബന്ധിച്ച കാര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും അത് സംരക്ഷിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍, കലാ–കായിക മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, യാത്രാക്ലേശം, പൊതുശൗചാലയങ്ങള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓട്ടോ/ടാക്സി സ്റ്റാന്റുകള്‍, വയോജന സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, മനുഷ്യ–വന്യമൃഗ സംഘര്‍ഷങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തനം, തൊഴിലുറപ്പ് മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതത്തിലെ വ്യത്യസ്ത വിഷയങ്ങള്‍ പഠിച്ച് സമഗ്രമായ റിപ്പോര്‍ട്ടുകളായിരിക്കും തയ്യാറാക്കുക.

2026 മാര്‍ച്ച് മാസം 31–ാം തീയതിയോടെ പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിക്കാന്‍ സാധിക്കും വിധമാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമത്തിന് കൂടുതല്‍ ആക്കവും ദിശാബോധവും സമ്മാനിക്കാന്‍ ഈ പഠനപരിപാടിക്കു സാധിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + nine =

Most Popular