Sunday, June 14, 2026

ad

Homeകവര്‍സ്റ്റോറിപുന്നപ്ര വയലാർ 
സമരസേനാനികളെ 
കുറിച്ചുള്ള ഡയറക്ടറി

പുന്നപ്ര വയലാർ 
സമരസേനാനികളെ 
കുറിച്ചുള്ള ഡയറക്ടറി

പുന്നപ്ര‐വയലാർ സമരത്തിന്‌ എട്ട്‌ പതിറ്റാണ്ട്‌ പ്രായമാകുന്ന വേളയിലാണ്‌ സമരസേനാനികളെക്കുറിച്ച്‌ ഒരു ഡയറക്ടറി പുറത്തിറങ്ങുന്നത്‌. ഏതാണ്ട് എട്ട് പതിറ്റാണ്ടിനു മുമ്പ് നടന്ന ഒരു സമരത്തിന്റെ പോരാളികളെക്കുറിച്ചുള്ള നാട്ടുസ്മരണകൾ ക്രോഡീകരിക്കുന്നത് വിസ്മയകരമായ സംഭവമാണ്.
1859 സമരസേനാനികളെക്കുറിച്ചുള്ള ലഘുവിവരങ്ങൾ ഈ ഡയറക്ടറിയിലുണ്ട്‌. 400‐500 സേനാനികൾ രക്തസാക്ഷികളായി എന്നാണ്‌ ഡയറക്ടറിയുടെ നിഗമനം.  അവരിൽ 193 രക്തസാക്ഷികളെക്കുറിച്ചുള്ള പേരുവിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. പുന്നപ്ര- വയലാർ സമരസേനാനികൾ, പണ്ഡിതർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇതുവരെ എഴുതിയിട്ടുള്ള എല്ലാ വിവരങ്ങളും സസൂക്ഷ്‌മം വായിച്ചും സമരസേനാനികളുടെ ബന്ധുക്കളോടും പ്രാദേശിക പാർട്ടി പ്രവർത്തകരോടും സംസാരിച്ചുമാണ് ഡയറക്ടറി തയ്യാറാക്കിയിട്ടുള്ളത്‌.

ഇ എം എസിന്റെ പദ്ധതി
1980-കളുടെ അവസാനം പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട ചരിത്രരേഖകളും സമരസേനാനികളുടെ വായ്‌മൊഴികളും ശേഖരിക്കുന്നതിന്‌ ഇഎംഎസിന്റെ നേതൃത്വത്തിൽ എകെജി പഠനഗവേഷണകേന്ദ്രം ഒരു ജനകീയ ബൃഹദ്‌പദ്ധതി തയ്യാറാക്കി. ഇതിന്റെ ധനസഹായത്തിനായി ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ സയൻസിന്‌ പദ്ധതി സമർപ്പിച്ചു. എന്നാൽ ആ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ചിലരുടെ സങ്കുചിതമായ താൽപര്യംമൂലം പദ്ധതി പ്രാവർത്തികമായില്ല.

അന്ന്‌ സമരസേനാനികളിൽ പകുതിപ്പേരെങ്കിലും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇപ്പോൾ കൈവിരലിൽ എണ്ണാവുന്നവർ മാത്രമേ ഉള്ളൂ. അതുകൊണ്ട്‌ അന്ന്‌ ലക്ഷ്യമിട്ടതുപോലെ  ഒരു വിവരശേഖരണം ഇനി സാധ്യമല്ല. എങ്കിലും മുസിരീസ്‌ ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായി സമരസേനാനികളെക്കുറിച്ച്‌ 2019‐2024 കാലത്ത്‌ ഒരു വിവരശേഖരണ പരിപാടി നടപ്പാക്കി. അതുസംബന്ധിച്ചുള്ള ഒരു ചെറുവിവരണമാണ്‌ ഇനി നൽകുന്നത്‌.

മുസിരിസ്‌ ആലപ്പുഴ 
പൈതൃകപദ്ധതി
ആലപ്പുഴ ഒരു പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി തീരങ്ങളിലുള്ള പൗരാണിക മന്ദിരങ്ങളിൽ പ്രധാനപ്പെട്ടവ പുനരുദ്ധരിച്ച് ലിവിങ്- മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന് പരിപാടി ആവിഷ്കരിക്കുകയുണ്ടായി. റോഡുകൾ, പാലങ്ങൾ, കനാലുകൾ എന്നിവയുടെ നവീകരണം, കുടിവെള്ള പദ്ധതി, മൊബിലിറ്റി ഹബ്ബ്, പൗരാണിക മന്ദിരങ്ങളുടെ കൺസർവേഷൻ തുടങ്ങിയവയ്ക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗപ്പെടുത്തുന്നത്. നഗരശുചിത്വവും സൗന്ദര്യവൽക്കരണവും മുനിസിപ്പാലിറ്റിയുടെ ചുമതലയിലാണ്. 20 ഓളം മ്യൂസിയങ്ങളുടെ നിർമ്മാണം മുസിരിസ് പൈതൃക കമ്പനിയുടെ ചുമതലയായി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് കയർ മ്യൂസിയം സമുച്ചയം ആയിരുന്നു.

കയർ വ്യവസായത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അഞ്ച് മ്യൂസിയങ്ങൾ പഴയ ഡാറ (കയർഫെഡ്), വോൾകാർട്ട് ബ്രദേഴ്സ് (കയർ കോർപറേഷൻ), ബോംബെ കമ്പനി (ന്യൂ മോഡൽ കയർ കോ–ഓപ്പറേറ്റീവ്) എന്നീ സ്ഥാപനങ്ങളിൽ പരന്നുകിടക്കുന്നു. ഇവയിൽ ന്യൂ മോഡൽ കയർ കോ–ഓപ്പറേറ്റീവിലാണ് കയർ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പ്രദർശിപ്പിക്കാൻ പോകുന്നത്. 1922-ലെ തിരുവിതാംകൂറിലെ ലേബർ അസോസിയേഷൻ രൂപീകരണം മുതൽ 1946-ലെ പുന്നപ്ര- വയലാർ സമരം വരെയുള്ള തൊഴിലാളി പ്രസ്ഥാന ചരിത്രം ആധുനികമായ സംവേദന രീതികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കലാപരമായി അവതരിപ്പിക്കാനാണ് ഈ മ്യൂസിയത്തിൽ ശ്രമിക്കുന്നത്.

തൊഴിലാളി പ്രസ്ഥാന മ്യൂസിയം
ആലപ്പുഴ തൊഴിലാളി പ്രസ്ഥാന ചരിത്ര മ്യൂസിയം തയ്യാറാക്കുന്നതിന്റെ ഭാഗമായി പുന്നപ്ര- വയലാർ സമരസേനാനികളെക്കുറിച്ചുള്ള അതിവിപുലമായ വിവരശേഖരണ ത്തിന് പരിപാടി തയ്യാറാക്കുകയുണ്ടായി. ചരിത്രരേഖകൾ സൂക്ഷിക്കുന്നതിനുള്ള നമ്മുടെ അലംഭാവവും പൊലീസിന്റെ അതിക്രമവുംമൂലം ആലപ്പുഴയിലെ അതിവിപുലമായ ട്രേഡ് യൂണിയൻ രേഖാശേഖരത്തിൽ നല്ലപങ്കും നഷ്ടപ്പെട്ടുപോയി. വായ്മൊഴിയിലൂടെ വിവരങ്ങൾ ശേഖരിക്കുകയല്ലാതെ മറ്റു മാർഗമില്ല എന്നതായിരുന്നു അവസ്ഥ. പല കാരണങ്ങൾകൊണ്ടും ഡയറക്ടറിയുടെ പൂർത്തീകരണം വൈകി.

നിലവിൽ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായുള്ള നിർമാണപ്രവർ ത്തനങ്ങൾ അതിന്റെ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ഇനി ഇവിടെ പ്രവർത്തിക്കേണ്ട മ്യൂസിയങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. കയർ മ്യൂസിയം സമുച്ചയത്തിലെ ആദ്യത്തെ മ്യൂസിയമായ കയർ യാൺ മ്യൂസിയം പുതുവർഷത്തിൽ ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് കരുതുന്നത്. ഒപ്പം തൊഴിലാളിപ്രസ്ഥാന മ്യൂസിയത്തിന്റെയും തുറമുഖ മ്യൂസിയത്തിന്റെയും നിർമ്മാണം ആരംഭിക്കാനാവുമെന്നും കരുതുന്നു.

ആരാണ്‌ സമരസേനാനികൾ?
അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ഭൂരിപക്ഷം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളായ പ്രക്ഷോഭവും പ്രതിരോധവും ആയിരുന്നു പുന്നപ്ര- വയലാർ സമരം. ഇത്തരമൊരു ജനകീയ സമരത്തിലെ സേനാനികളെ എങ്ങിനെയാണ്- നിർണ്ണയിക്കുക? ഇതായിരുന്നു ഡയറക്ടറിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ ഞങ്ങൾ അഭിമുഖീകരിച്ച പ്രശ്നം.

പുന്നപ്ര- വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ച് സമരസേനാനികൾക്ക് കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ പെൻഷൻ അനുവദി ച്ചിരുന്നു. സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്ന എല്ലാവരെയും ഡയറക്ടറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അവരുടെ പെൻഷൻ ഫയൽ നമ്പരുകൾ ഡയറക്ടറിയിൽ പേരുകൾക്കുശേഷം ബ്രാക്കറ്റിൽ നൽകിയിട്ടുണ്ട്.

അപ്പോഴും രണ്ടു പ്രശ്നങ്ങൾ ബാക്കിയായി. ഒന്ന്, ആദർശപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണത്താലോ പെൻഷൻ വാങ്ങാതിരുന്നവർ ഏറെയുണ്ട്. അവരെയെങ്ങനെയാണ് ഉൾക്കൊള്ളിക്കുക? പെൻഷൻ രജിസ്റ്ററിൽ ഇല്ലെങ്കിലും ലേഖനങ്ങൾ തുടങ്ങിയവയിലെ രേഖാപരമായ തെളിവുകളോ, നാട്ടുസമ്മതിയുടെ അടിസ്ഥാനത്തിലോ, നേരിട്ട് സമരത്തിൽ പങ്കെടുത്തിട്ടുള്ളവരെക്കൂടി ഡയറക്ടറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

1957-ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് ഭൂമി പതിച്ചുകിട്ടി ആലപ്പുഴയിൽ നിന്ന് സ്ഥലം മാറിപ്പോയ ഒട്ടനവധി കുടുംബങ്ങളുണ്ട്. അവരുടെ പതിവ് രേഖകൾ കണ്ടെത്താനായില്ല. പെൻഷൻ രേഖകളാവട്ടെ ആലപ്പുഴയ്ക്ക് പുറത്തുള്ള കളക്ടറേറ്റുകളിലേ ലഭ്യമായിട്ടുള്ളൂ. ഇവ ബന്ധപ്പെട്ട കളക്ടറേറ്റുകളിൽ നിന്ന് ശേഖരിക്കണമെന്നു തീരുമാനിച്ചെങ്കിലും. നടപ്പാക്കുവാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരുടെ പേരുകൾ ഡയറക്ടറിയിൽ ഉൾപ്പെടുത്താനായില്ല.

വിവരശേഖരണ പ്രവർത്തനം
പുന്നപ്ര- വയലാർ സമരസേനാനികളുടെ ഈ ഡയറക്ടറി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ 2019-ലാണ് ആരംഭിച്ചത്. കോവിഡുമൂലം ഏതാനും മാസങ്ങൾ കൊണ്ട് തീർക്കാൻ ഉദ്ദേശിച്ചിരുന്ന വിവരശേഖരണവും പ്രാഥമിക കരട് തയ്യാറാക്കലും രണ്ട് വർഷം നീണ്ടു.

രണ്ട്‌ കമ്യൂണിസ്റ്റ് പാർട്ടികളുടെയും  ആലപ്പുഴയിലെ നേതാക്കളുടെയും ചരിത്രപണ്ഡിതരുടെയും യോഗത്തിൽവച്ചാണ് വിവരശേഖരണത്തിനുള്ള സ്രോതസ്സുകളെക്കുറിച്ചും രീതികളെക്കുറിച്ചും ഡയറക്ടറിയുടെ സ്വഭാവത്തെക്കുറിച്ചും തീരുമാനമായത്.

സമരസേനാനികളിൽ പെൻഷൻ വാങ്ങുന്നവരുടെ   കളക്ടറേറ്റിലെ ഫയലുകൾ പരിശോധിക്കുന്നതിന് 20 പേരടങ്ങുന്ന ടീം ഒരുമാസക്കാലം പ്രവർത്തിച്ചു. പെൻഷന്റെ ഫയലുകളെല്ലാം സ്കാൻ ചെയ്ത് കോപ്പി എടുത്ത് നമ്പരിട്ട് തരംതിരിച്ചു ഡോക്യുമെന്റ് ചെയ്തു.

പെൻഷൻ ഫയലുകളിൽ ഭരണപരമായ വിവരങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നത്. അതുകൊണ്ട് പെൻഷൻ ഫയലുകളിൽ ഉണ്ടായിരുന്ന സമരസേനാനികളുടെ മേൽവിലാസങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ വീടുകൾ സന്ദർശിച്ച് കുടുംബങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഇതിനായി വിപുലമായ വോളന്റിയർ യോഗം വിളിച്ചു ചേർത്തു. ഓരോ പഞ്ചായത്തിനും മുൻസിപ്പാലിറ്റിയ്ക്കും പ്രത്യേകം സന്നദ്ധപ്രവർത്തകരെ തീരുമാനിച്ചു. ഇവർ സമരസേനാനികളുടെ വീടുകളിൽ പോയി വിവരശേഖരണം നടത്തി ചിത്രങ്ങളുടെയും ഡോക്യുമെന്റുകളുടെയും പകർപ്പുകൾ ഓഫീസിൽ എത്തിച്ചു. മിനിമം എന്തെല്ലാം വിവരങ്ങൾ ശേഖരിക്കണമെന്നും നിശ്ചയിച്ചിരുന്നു. ഈ പ്രവർത്തനം പൂർത്തീകരിക്കാൻ ആറ് മാസത്തോളം എടുത്തു. പക്ഷേ, പല വീടുകളിലും സമരസേനാനികളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിൽപ്പെട്ടവരാണ് ഉണ്ടായിരുന്നത്. അവരിൽ പലർക്കും വേണ്ടത്ര വിവരങ്ങൾ അറിയാൻ കഴിയുമായിരുന്നില്ല.

വീടുകളിൽ പോയി ശേഖരിച്ച വിവരങ്ങൾ ഏകീകൃത രൂപത്തിലാക്കുന്നതിനും ലഭിച്ച ചിത്രങ്ങളും വിവരങ്ങളും ശരിയാണോയെന്നു പരിശോധിക്കുന്നതിനും വേണ്ടി ഡോക്യുമെന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

എജികെ സെന്റർ, ഇ എം എസ്‌ അക്കാദമി, എറണാകുളം ദേശാഭിമാനി ഓഫീസ്‌ എന്നിവിടങ്ങളിലുണ്ടായിരുന്ന ദേശാഭിമാനി പത്രശേഖരത്തിലെ ചരമകോളങ്ങളും അനുസ്മരണക്കുറിപ്പുകളും വാർഷികാചരണ റിപ്പോർട്ടുകളും ആലപ്പുഴയിൽ നിന്നുള്ള 15 അംഗ ടീം പരിശോധിച്ച്- വിവരങ്ങൾ ശേഖരിച്ചു.  ജനയുഗം പത്രശേഖരവും പരിശോധിച്ചു.

വിവരണക്കുറിപ്പുകളും എഡിറ്റിങ്ങും
പെൻഷൻ രേഖകൾ, സന്നദ്ധപ്രവർത്തകരുടെ സ്വാതന്ത്ര്യ സമര സേനാനി ഗൃഹസന്ദർശന കുറിപ്പുകൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ എന്നിവയിലെ പരാമർശങ്ങൾ ഇവയുടെ അടിസ്ഥാനത്തിൽ ഓരോ സമര സേനാനിയേയും സംബന്ധിച്ച കുറിപ്പുകൾ ഒരു ടീം തയ്യാറാക്കി. ഇവ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ പരിഷ്കരിച്ചു. ഡോ. ടി.എം. തോമസ് ഐസക് ചീഫ് എഡിറ്ററായി, പ്രൊഫസർ ഡോ. ബിച്ചു എക്സ് മലയിൽ, പ്രൊഫസർ ഡോ. എസ്. അജയകുമാർ, ഡോ. എം.വി. കൃഷ്ണമൂർത്തി, കെ.വി. രതീഷ്, ജിജി ചന്ദ്രൻ സി എന്നിവരായിരുൾപ്പെട്ടതായിരുന്നു എഡിറ്റോറിയൽ ബോർഡ്. പക്ഷേ പല കാരണങ്ങൾകൊണ്ടും പ്രസിദ്ധീകരണം നീണ്ടുപോയി.

2022-ൽ ഈ കുറിപ്പുകൾ അച്ചടിയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് പുനരാരംഭിച്ചു. സമരസേനാനികളെക്കുറിച്ചുള്ള വിവരണങ്ങൾ ശുഷ്-കമായിപ്പോയി എന്നായിരുന്നു വായിച്ചവർ പറഞ്ഞ അഭിപ്രായം. പുസ്തകങ്ങൾ, ലേഖനങ്ങൾ, വാർഷികാചരണ പത്രപ്പതിപ്പുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി പലതും പരിഷ്കരിച്ചു. രണ്ടാം ഭാഗത്തുള്ള കുറിപ്പുകളും, നേതാക്കളെക്കുറിച്ചുള്ള അവതരണങ്ങളും ഏതാണ്ട് പൂർണ്ണമായും തിരുത്തി എഴുതേണ്ടിവന്നു.

2024-ലെ വയലാർ രക്തസാക്ഷി വാരാചരണ സമാപന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡയറക്ടറിയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കരട് കുറിപ്പുകൾ സംബന്ധിച്ച് അഭിപ്രായങ്ങളും തിരുത്തലുകളും രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം വെബ്സൈറ്റിൽ തന്നെ ഉണ്ടായിരുന്നു. കൂടാതെ കരട് ഡയറക്ടറിയുടെ പ്രസക്തമായ ഭാഗങ്ങൾ രണ്ട് കമ്യൂണിസ്റ്റ് പാർട്ടികളുടെയും ആലപ്പുഴ ജില്ലാ കമ്മിറ്റികൾക്കും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ ഏരിയാ കമ്മിറ്റികൾക്കും രണ്ടുവട്ടം ലഭ്യമാക്കി. ഇങ്ങനെ ലഭിച്ച അഭിപ്രായങ്ങളും വിവരങ്ങളും പരിഗണിച്ച് ആവശ്യമായ ഭേദഗതി വരുത്തിയിട്ടാണ് ഡയറക്ടറി പ്രസിദ്ധീകരിച്ചത്.

ഡയറക്ടറിയുടെ ആദ്യപതിപ്പ്
ഡയറക്ടറിക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം, അരൂർ മുതൽ ആര്യാട് പഞ്ചായത്തുവരെയുള്ള പ്രദേശത്തെ സമരസേനാനികളുടെ വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ടാം ഭാഗം, ആലപ്പുഴ മുനിസിപ്പാലിറ്റി മുതൽ അമ്പലപ്പുഴ വരെയുള്ള പ്രദേശങ്ങളിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഡയറക്ടറിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒട്ടെല്ലാ സമരസേനാനികളും തന്നെ വെടിയേറ്റവർ, ജയിൽവാസം അനുഭവിച്ചവർ, അറസ്റ്റ് വാറന്റുമൂലം ഒളിവിൽ പോകാൻ നിർബന്ധിതരായവർ തുടങ്ങിയവരാണ്. 193 രക്തസാക്ഷികളുടെ പേരുവിവരങ്ങളുമുണ്ട്.

ഡയറക്ടറിയുടെ ഉള്ളടക്ക വിവരണത്തിൽ പഞ്ചായത്ത്‌ തിരിച്ച്‌ പേജ്‌ നമ്പറുകൾ നൽകിയിട്ടുണ്ട്‌. ഡയറക്ടറിയുടെ അവസാനം, മുഴുവൻ സമരസേനാനികളുടെയും അകാരക്രമത്തിലുള്ള സൂചികയും നൽകിയിട്ടുണ്ട്‌. ഇത് റഫറൻസ് എളുപ്പമാക്കുന്നുണ്ട്. പുസ്‌തകം എൻബിഎസിന്റെ ശാഖകളിൽനിന്ന്‌ വാങ്ങാൻ ലഭിക്കും. അതുപോലെ മുസിരിസ്‌ പൈതൃകപദ്ധതിയുടെ വെബ്‌സൈറ്റിൽ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

ഈ വിവരശേഖരണം പൂർണ്ണമല്ല. എന്നാൽ പൂർണ്ണമാക്കാൻ ഇനിയും പ്രസിദ്ധീകരണം വച്ചുതാമസിപ്പിക്കുന്നത് ശരിയാവില്ല. അതേസമയം വിവരശേഖരണം തുടരും. കൂടുതൽ വിവരങ്ങൾ കൈവശമുള്ളവർ അവ മുസിരിസ് പ്രൊജക്ടിനെ അറിയിക്കുന്നതിന് ഈ ഡയറക്ടറി പ്രചോദനമാകട്ടെ. ചീഫ് എഡിറ്ററേയും നേരിട്ട് തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ അറിയിക്കാം. അവ ഉൾക്കൊള്ളിച്ച് ഒരു ശുദ്ധിപത്രം പിന്നാലെ പ്രസിദ്ധീകരിക്കാമെന്നാണ് ധാരണ.

ദേശീയതലത്തിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ നാഷണൽ ഡയറക്ടറി ഏറെ പ്രസിദ്ധമാണ്. അതിന്റെയൊരു മാതൃകയിലാണ് ഈ ഡയറക്ടറിയും തയ്യാറാക്കിയിട്ടുള്ളത്. ഇതിനു സമാനമായ മറ്റൊരു സംരംഭം കേരളത്തിൽ ഉള്ളതായി അറിവില്ല. ഇതുപോലെ കഴിഞ്ഞ കാലഘട്ടത്തിലെ സമരങ്ങളെയും വ്യക്തിത്വങ്ങളെയും കുറിച്ചുള്ള ഡയറക്ടറികൾ ഉണ്ടാകേണ്ടതുണ്ടെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഡയറക്ടറി വെബ്സൈറ്റിന്റെ ഉദ്ഘാടനവേളയിൽ അഭിപ്രായപ്പെടുകയുണ്ടായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 3 =

Most Popular