Sunday, June 14, 2026

ad

Homeകവര്‍സ്റ്റോറിസ്വതന്ത്ര തിരുവിതാംകൂറിനെ 
പിന്തുണച്ച് സവർക്കർ

സ്വതന്ത്ര തിരുവിതാംകൂറിനെ 
പിന്തുണച്ച് സവർക്കർ

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആധാരശിലകളിലൊന്നായി അതിന്റെ വക്താക്കൾ ഉയർത്തിപ്പിടിക്കുന്ന ആശയമാണ് അഖണ്ഡഭാരതം എന്നത്. അഫ്ഗാനിസ്താൻ മുതൽ മ്യാൻമർ വരെയും കന്യാകുമാരി മുതൽ കാശ്മീർ വരെയുമുള്ള ഭൂപ്രദേശങ്ങളെയാകെ കൂട്ടിച്ചേർക്കുന്നതാണല്ലോ ആർഎസ്എസിന്റെ അഖണ്ഡഭാരതം.

എന്നാൽ, ഈയടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഭാരതാംബയുടെ ചിത്രത്തിന്റെ പശ്ചാത്തലമായി സംഘ്പരിവാർ നൽകിയിട്ടുള്ള ഭൂപടത്തിൽ ജമ്മു–കാശ്മീരിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ സ്വതന്ത്രമാകുന്നതിനുമുൻപ്, 1940കളിൽ തയ്യാറാക്കിയ ഈ ചിത്രം അഖണ്ഡഭാരതം സംബന്ധിച്ച സംഘ്പരിവാറിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് പ്രകടമാക്കുന്നത്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ വേളയിൽ ഇന്ത്യയോട് ചേരാൻ തയ്യാറാകാതെ സ്വതന്ത്ര രാജ്യമായി നിൽക്കാൻ തീരുമാനിച്ച കാശ്മീർ ഭരണാധികാരിക്ക് നൽകിയ മുൻകൂട്ടിയുള്ള പിന്തുണയായിരുന്നു ഭാരതാംബ ചിത്രത്തിലെ ‘അഖണ്ഡഭാരത’ ഭൂപടം.

ജമ്മു കാശ്മീരിന്റെ കാര്യത്തിൽ മാത്രമല്ല, സംഘികളുടെ അഖണ്ഡഭാരത സങ്കൽപ്പത്തിലെ ഇരട്ടത്താപ്പും പൊള്ളത്തരവും പുറത്തുവരുന്നത്. അഖണ്ഡഭാരത ഭൂപടം അവർ തയ്യാറാക്കി പ്രസിദ്ധീകരിച്ച ശേഷമാണ് ‘സ്വതന്ത്ര തിരുവിതാംകൂർ’ പ്രഖ്യാപനം സർ സി പി രാമസ്വാമി അയ്യർ നടത്തിയത്. ആ ഭൂപടം തയ്യാറാക്കുന്നതിനു മുൻപായിരുന്നു സർ സിപിയുടെ ‘സ്വതന്ത്ര തിരുവിതാംകൂർ’ പ്രഖ്യാപനം വന്നിരുന്നതെങ്കിൽ സംഘികളുടെ ആ ‘അഖണ്ഡഭാരത’
ത്തിൽ തിരുവിതാംകൂറും ഉൾപ്പെടുമായിരുന്നില്ല എന്നുറപ്പാണ്. അത്രയേറെ പരിഹാസ്യമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അഖണ്ഡഭാരത സങ്കൽപ്പനം. പക്ഷേ ഇന്ത്യൻ ജനത, പ്രത്യേകിച്ച് ജമ്മു –കാശ്മീരിലെയും തിരുവിതാംകൂറിലെയും ജനങ്ങൾ സംഘ്-പരിവാറിന്റെ മോഹത്തെ മുളയിലേ നുള്ളിക്കളയുകയും ഭാരതാംബ ചിത്രത്തിലെ രാജ്യദ്രോഹപരമായ ഭൂപടത്തെ നാഗ്പ്പൂരിലെ സർസംഘ് ചാലകിന്റെ ഒാഫീസിന്റെ മൂലയിൽ ഒതുക്കുകയുമാണുണ്ടായത്.

1947 ജൂൺ 11നാണ് അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരില്ലെന്നും സ്വതന്ത്ര രാജ്യമായി നിൽക്കുമെന്നും പ്രഖ്യാപനം നടത്തിയത്. ‘സ്വതന്ത്ര തിരുവിതാംകൂറിലെ ഭരണസംവിധാനം അമേരിക്കൻ മോഡലിലായിരിക്കുമെന്നും രാമസ്വാമി അയ്യർ പ്രഖ്യാപനംനടത്തി. രാജ കുടുംബത്തിൽനിന്നും ഇതിനോട് എതിർപ്പൊന്നും ഉയർന്നതായും അറിയുന്നില്ല. എന്നാൽ തിരുവിതാംകൂർ ജനത ‘‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’’ എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തെ ശക്തമായി എതിർത്തു.

എന്നാൽ രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തെ കെെമെയ് മറന്ന് സ്വാഗതം ചെയ്യുകയായിരുന്നു, സംഘ്പരിവാർ താത്വികാചാര്യനും ഹിന്ദുമഹാസഭയുടെ പ്രസിഡന്റുമായിരുന്ന വി ഡി സവർക്കർ. 1947 ജൂൺ 19ന് സവർക്കർ ദിവാൻ സി പി രാമസ്വാമി അയ്യർക്ക് ഹിന്ദു മഹാസഭയുടെ പിന്തുണ അറിയിച്ചുകൊണ്ട് ടെലഗ്രാം അയച്ചു. തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രത്തിൽ ആ ടെലഗ്രാമിന്റെ ഉള്ളടക്കം പൂർണ രൂപത്തിൽ നൽകിയിരുന്നു. പോരെങ്കിൽ നാഷണൽ ആർക്കെവ്സിൽ അതിപ്പോഴും ലഭ്യവുമാണ്.

എന്താണാ ടെലഗ്രാമിന്റെ ഉള്ളടക്കം? അതിങ്ങനെയാണ്: ‘‘തിരുവിതാംകൂർ മഹാരാജാവിനെയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധെെര്യവുമുള്ള ദിവാൻ സർ സി പി രാമസ്വാമി അയ്യരെയും തിരുവിതാംകൂറിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപനം നടത്തിയതിന് ഞാൻ അഭിനന്ദിക്കുന്നു. ഹെെദ്രാബാദ് നെെസാം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. തുടർന്ന് മറ്റു മുസ്ലീം ഭരണാധികാരികളും അതേ പാത പിന്തുടരാനാണ് സാധ്യത. ഹിന്ദു സംസ്ഥാനങ്ങളും അതേ അവകാശം ഉയർത്തിപ്പിടിക്കാനുള്ള ചങ്കൂറ്റം കാണിക്കണം. സ്വതന്ത്ര ഹിന്ദു രാഷ്ട്രമാകാനുള്ള എല്ലാ അവകാശവും തിരുവിതാംകൂറിനുണ്ട്; ഈ ചരിത്രപ്രധാനമായ തീരുമാനത്തിന് ഹിന്ദു മഹാസഭ താങ്കൾക്ക് സമ്പൂർണമായ പിന്തുണ അറിയിക്കുന്നു.’’

അപ്പോൾ മുസ്ലീം രാഷ്ട്രങ്ങളായും ഹിന്ദു രാഷ്ട്രങ്ങളായും രാജ്യം ചിതറിപ്പോയാൽ എവിടെയാണ് അഖണ്ഡഭാരതം? പക്ഷേ, സവർക്കറുടെ ഈ വാദം പുതിയതല്ല, അതിൽ അത്ഭുതപ്പെടേണ്ടതുമില്ല. കാരണം മുഹമ്മദലി ജിന്നയും മുസ്ലീം ലീഗും പാകിസ്താൻ വാദം ഉന്നയിക്കുന്നതിനു മുൻപുതന്നെ വി ഡി സവർക്കർ ദ്വിരാഷ്ട്ര വാദം (ഇന്ത്യയ്ക്ക് ഒരു രാഷ്ട്രമായി നിൽക്കാനാവില്ലെന്നും ഹിന്ദു രാഷ്ട്രമായും മുസ്ലീം രാഷ്ട്രമായും വേർതിരിയണമെന്നുമുള്ള വാദം) ഉന്നയിച്ചതാണല്ലോ! ഒരേസമയം അഖണ്ഡഭാരതത്തെക്കുറിച്ച്- പറയാനും ദ്വിരാഷ്ട്രവാദമുയർത്താനും ഹിന്ദുത്വവാദികൾക്കല്ലാതെ മറ്റാർക്കാണു കഴിയുക? ഏതു കാര്യത്തിലും സംഘികൾ വിഷസർപ്പങ്ങളെപ്പോലെ ഇരട്ട നാവ്- പ്രകടിപ്പിക്കാറുണ്ടല്ലോ!

രാജ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ഭാരതാംബ ചിത്രത്തെ ആരാധിക്കുന്നതിനെ നമുക്കു മുന്നിൽ അവതരിപ്പിച്ച് കേരള ഗവർണർ വിശ്വനാഥ രാജേന്ദ്ര ആർലേക്കർക്ക് താനാണ് കേരളത്തിന്റെ യഥാർഥ അധികാരിയെന്ന് വീരസ്യം പറയാൻ സവർക്കർ പിന്തുണച്ച സ്വതന്ത്ര തിരുവിതാംകൂർ വാദം യാഥാർഥ്യമായെങ്കിൽ എങ്ങനെ കഴിയുമായിരുന്നു? മാത്രമല്ല, അദ്ദേഹം ജനിച്ചുവളർന്ന ഗോവ ഇന്ത്യയുടെ ഭാഗമായി ഉണ്ടാകുമായിരുന്നോ? 1961 ഡിസംബർ 19ന് ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്നതുവരെ ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇന്ത്യയിലെ ഇടതുപക്ഷ പുരോഗമന ശക്തികളൊന്നടങ്കം ഗോവയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും പൊരുതുകയും ചെയ്തപ്പോൾ അവിടെയൊന്നും സംഘ്-പരിവാർ ഉണ്ടായിരുന്നില്ലല്ലോ. ബ്രിട്ടീഷ് വാഴ്ചയിൽനിന്ന് മോചനം നേടാനുള്ള നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറിനിന്ന ഒറ്റുകാരായ ഹിന്ദുത്വവാദികൾ സലാസറുടെ ഫാസിസ്റ്റ് വാഴ്ചയിലായിരുന്ന പോർച്ചുഗലിൽനിന്ന് ഗോവയുടെ മോചനത്തിനായി വാദിക്കുകയോ പൊരുതുകയോ ചെയ്യാതിരുന്നത് സ്വാഭാവികം. ഗോവ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുന്നതിലും അഭികാമ്യം ആർഎസ്എസുകാർക്ക് തങ്ങളുടെ വീരനായകരിലൊരാളായ സലാസറുടെ അടിമത്തത്തിൻകീഴിൽ കഴിയുന്നതായിരിക്കുമല്ലോ. ഫ്രഞ്ചധീനതയിലായിരുന്ന പോണ്ടിച്ചേരിയുടെ, മയ്യഴിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും സംഘികൾക്ക് ഇതേ സമീപനം തന്നെ ആയിരുന്നല്ലോ.

കാശ്മീരിലെ ഭൂരിപക്ഷം വരുന്ന ജനതയുടെ പോരാട്ടത്തെത്തുടർന്ന് (അതിനു നേതൃത്വം നൽകിയതാകട്ടെ കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള നാഷണൽ കോൺഫറൻസായിരുന്നു) ഇന്ത്യൻ സേന കാശ്മീരിലേക്ക് കടക്കുകയും കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാവുകയും ചെയ്ത ശേഷമാണല്ലോ ശ്യാമപ്രസാദ് മുഖർജി ദേശീയ പതാക ഉയർത്താൻ ശ്രീനഗറിലേക്ക് പാഞ്ഞത്? അതേ വരെ ജമ്മു–കാശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമാകണമെന്ന് പറയാൻ സംഘ്-പരിവാർ ശക്തികൾക്ക് നാവുയരുമായിരുന്നില്ല. കാശ്മീർ ഭരണാധികാരിയായിരുന്ന സവർണ ഹിന്ദു രാജാവിനുകീഴിൽ (രാജാ ഹരിസിങ്) ഹിന്ദു രാഷ്ട്രമായി കാശ്മീർ തുടരണമെന്നായിരുന്നല്ലോ സംഘികളുടെ മോഹം. അതാണ് ഭാരതാംബ ചിത്രത്തിൽ കാശ്മീർ ഇടംപിടിക്കാതെ പോയത്.

മാത്രമല്ല, ഹെെദ്രാബാദിലെ മുസ്ലീം ഭരണാധികാരിയായ നെെസാമിനെതിരെ നടന്ന ജനകീയപോരാട്ടത്തിലും സംഘ്പരിവാർ ഉണ്ടായിരുന്നില്ലല്ലോ. അപ്പോൾ അവിടെയും സംഘികളുടെ അഖണ്ഡഭാരതവാദം ശുദ്ധ തട്ടിപ്പാണെന്ന് തെളിയുന്നു. ഹെെദ്രാബാദിൽ നെെസാമിനും ഭൂപ്രഭുക്കൾക്കും ഒപ്പമായിരുന്നു ഹിന്ദുത്വവാദികൾ. അഖണ്ഡഭാരതമെന്നാൽ ഭൂപ്രഭുക്കളുടെയും അതിസമ്പന്നരുടെയും വാഴ്ചയല്ലാതെ മറ്റൊന്നുമല്ലെന്ന് ഇത് തെളിയിക്കുന്നു.

ദിവാൻ സർ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തെ വി ഡി സവർക്കർ അകമഴിഞ്ഞ് പിന്തുണയ്ക്കുമ്പോൾ യഥാർഥത്തിൽ ജന്മിമാരുടെയും മുതലാളിമാരുടെയും വാഴ്ച അഭംഗുരം തുടരണമെന്ന കാഴ്ചപ്പാടാണ് സവർക്കർ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യത്വത്തിനും രാജവാഴ്ചയ്ക്കും ഭൂപ്രഭുത്വത്തിനും സ്വതന്ത്ര തിരുവിതാംകൂർവാദത്തിനുമെതിരെ നടന്ന പുന്നപ്ര–വയലാർ സമരത്തിനെതിരായ പക്ഷത്ത് ഹിന്ദുത്വവാദികൾ നിലയുറപ്പിച്ചത്.

ഹിന്ദുത്വ രാഷ്ട്രീയം എക്കാലത്തും ഭൂപ്രഭുക്കൾക്കും കോർപറേറ്റുകൾക്കും സാമ്രാജ്യത്വശക്തികൾക്കുമൊപ്പമാണ് നിന്നിട്ടുള്ളത്. ആർഎസ്എസ് സ്ഥാപിക്കുന്നതിന് ആശയാടിത്തറ പാകിയ സവർക്കറുടെ ‘ഹിന്ദുത്വ’ എന്ന കൃതിയിൽ ഹിന്ദുത്വമെന്നത് ഹിന്ദുമതമല്ലെന്നും മതവിശ്വാസവുമായി അതിനൊരു ബന്ധവുമില്ലെന്നും അതൊരു രാഷ്ട്രീയ പദ്ധതിയാണെന്നും സ്പഷ്ടമായിതന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ ആ രാഷ്ട്രീയ പദ്ധതി ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് എന്ന ചോദ്യമുയരുന്നു. സംഘ്പരിവാർ അധികാരത്തിലെത്തുമ്പോഴെല്ലാം നടപ്പാക്കുന്നതുമാത്രമല്ല, അധികാരത്തിലില്ലാത്തപ്പോൾ വാദിക്കുന്നതും ഭൂപ്രഭുക്കളുടെയും കോർപറേറ്റുകളുടെയും താൽപ്പര്യം സംരക്ഷിക്കാനായി മാത്രമാണ്. അവർ എക്കാലത്തും സാമ്രാജ്യത്വശക്തികൾക്ക് ഒപ്പം നിൽക്കുകയായിരുന്നു. അവർ ഒരിക്കലും ജനപക്ഷത്തായിരുന്നില്ല. ജനങ്ങളെ ചേരിതിരിച്ചു നിർത്തി തമ്മിലടിപ്പിക്കലായിരുന്നു ഭരണവർഗത്തിനാവശ്യം. അത് നടത്തിക്കൊടുക്കലാണ്- ആർഎസ്എസ് ചെയ്തിരുന്നത്. അവരുടെ ഈ പക്ഷപാതിത്വത്തിന്റെ മറ്റൊരു പ്രതിഫലനം മാത്രമാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകനായ സവർക്കർ സർ സിപിയുടെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിന് നൽകിയ പിന്തുണയും. അവിടെയാണ് ആർഎസ്എസിന്റെ ‘അഖണ്ഡഭാരതം’ വെറും കാപട്യമാണെന്ന് വെളിപ്പെടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 4 =

Most Popular