Saturday, December 13, 2025

ad

Homeപ്രതികരണംവ്യാജ ആഖ്യാനങ്ങളാൽ 
ആർഎസ്എസിനെ 
മഹത്വവത്കരിക്കാനാവില്ല

വ്യാജ ആഖ്യാനങ്ങളാൽ 
ആർഎസ്എസിനെ 
മഹത്വവത്കരിക്കാനാവില്ല

പിണറായി വിജയൻ

ആർ എസ് എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയചരിത്രം പേറുന്ന സംഘടനയാണ് ആര്‍ എസ് എസ്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത സംഘടന, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു പാദസേവ ചെയ്ത സംഘടന, ഇന്ത്യാ വിഭജനത്തിനു വിത്തുപാകിയ സംഘടന, ഒട്ടനേകം വര്‍ഗീയ കലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയ സംഘടന, നമ്മുടെ രാഷ്ട്രപിതാവിനെ കൊലചെയ്ത നരാധമന്മാരെ വാര്‍ത്തെടുത്ത സംഘടന, അങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഇണങ്ങുന്ന സംഘടനയാണ് ആര്‍ എസ് എസ്. അത്തരമൊരു സംഘടന നൂറാം വാര്‍ഷികത്തിലേക്കെത്തുമ്പോള്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കി ആദരിക്കുന്നതിലൂടെ പ്രതിലോമകരമായ ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

ഇന്ത്യയുടെ ഭരണഘടനയെ ഒരുതരത്തിലും അംഗീകരിക്കാത്ത സംഘടനയാണ് ആര്‍ എസ് എസ്. അവര്‍ക്ക്, മനുസ്മൃതിയാണ് ഭരണഘടന. അത് അവര്‍ ഒളിച്ചുവെച്ചിട്ടില്ല. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ 1949 നവംബര്‍ 30 ന് ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതി. അതില്‍ പറഞ്ഞതിങ്ങനെ: ‘‘ഭാരതീയമായതൊന്നും ഇല്ല എന്നത് പുതിയ ഭരണഘടനയെ ഏറ്റവും മോശമാക്കുന്നു. പൗരാണിക ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെപ്പറ്റി ഒരു പരാമര്‍ശവും ഭരണഘടനയിലില്ല. ഇക്കാലത്തും, മനുസ്മൃതിയില്‍ വിശദീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നിയമസംഹിത (മനുവിന്റെ) ലോകത്തെ പ്രചോദിപ്പിക്കുകയും മതിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അനുയോജ്യമായ നിയമസംഹിതയാണ് മനുസ്മൃതിയെന്ന് ഇതിലൂടെ വെളിപ്പെടുകയാണ്”. ഭരണഘടനയോടുള്ള എതിര്‍പ്പൂ കാരണം ദേശീയ നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധിച്ച ചരിത്രമുണ്ട് ആര്‍ എസ് എസിന്. ആ കാഴ്ചപ്പാട് അവര്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.

2020 ആഗസ്റ്റ് 5നാണ് ബാബ്റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയത്. ഈ ചടങ്ങില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് മനുസ്മൃതിയില്‍ നിന്നുള്ള ശ്ലോകങ്ങളാണ് ചൊല്ലിയത്. അവര്‍ കെട്ടിപ്പടുക്കുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ മനുവിന്റെ നിയമസംഹിതയായിരിക്കുമെന്ന് അവര്‍ മറയ്ക്കാതെ പറയുന്നു.

ആര്‍ എസ് എസ് രൂപീകരിക്കപ്പെടുന്നത് ഹിറ്റ്ലറുടെയും മുസോളിനിയുടെയും പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്. ആശയങ്ങള്‍ ഹിറ്റ്ലറില്‍ നിന്നാണ് സ്വീകരിച്ചതെങ്കില്‍ സംഘടനാരൂപം മുസോളിനിയില്‍ നിന്നാണ് ഉള്‍ക്കൊണ്ടത്. ആര്‍ എസ് എസിന്റെ അടിസ്ഥാനഗ്രന്ഥമായ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ഈ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്നതാണ്. ഇന്ത്യയിലെ ആന്തരിക ശത്രുക്കളായി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് അവര്‍ കാണുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനപദ്ധതികളാണ് അവര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഗ്രഹാം സ്റ്റെയിന്‍സിനെ പോലെയുള്ള ക്രിസ്ത്യന്‍ മതപുരോഹിതരെ ചുട്ടുകൊന്ന സംഘപരിവാര്‍ ഇപ്പോള്‍ രാജ്യത്ത് പലയിടത്തും മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്യുകയാണ്, കമ്യൂണിസ്റ്റുകാരെ വേട്ടയാടുകയാണ്.

ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുക്കാനല്ല, ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേരളത്തില്‍ ആര്‍ എസ് എസ് പരിശ്രമിച്ചത്. തലശ്ശേരി കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തതായിരുന്നു. നിലയ്-ക്കല്‍ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ട് വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയുണ്ടായി. 1992 ലെ പൂന്തുറ കലാപത്തെ സംബന്ധിച്ച് അന്വേഷിച്ച അരവിന്ദാക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ എസ് എസിന്റെ പങ്കിനെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മാറാടും തീരപ്രദേശ മേഖലയിലും ഉണ്ടായ കലാപങ്ങള്‍ക്കു പിന്നിലും ആര്‍ എസ് എസിന്റെ പങ്ക് കാണാവുന്നതാണ്. അതിന്റെയെല്ലാം തുടര്‍ച്ച കേരളത്തിലുണ്ടാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുന്നു. മുന്‍കാലങ്ങളിലെന്നപോലെ ആര്‍ എസ് എസിന്റെ ഈ വിദ്വേഷ രാഷ്ട്രീയത്തെ പരിചപോലെ നിന്നു ചെറുക്കുന്നത് ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.

നാടിന്റെയാകെ സമാധാനാന്തരീക്ഷത്തിനും സ്വസ്ഥജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്ന, വിദ്വേഷ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഒരു സംഘടനയെയാണ് കേന്ദ്ര സര്‍ക്കാര്‍ മഹത്വവല്‍ക്കരിക്കുന്നത്; ആദരിക്കുന്നത്. അതിനുള്ള പരിശ്രമങ്ങള്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും നമ്മള്‍ കണ്ടു. ഗാന്ധി വധത്തെത്തുടര്‍ന്നു നിരോധിക്കപ്പെട്ട ആര്‍ എസ് എസിനും വധഗൂഢാലോചനയില്‍ വിചാരണ നേരിട്ട വി ഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമമായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനംതന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വി ഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചത് ഇതിനൊപ്പം കൂട്ടിവായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നു മനസ്സിലാകും.

ഈ അപഹാസ്യ നടപടികള്‍കൊണ്ടൊന്നും ആര്‍ എസ് എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വര്‍ഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ജാതി – മത – വേഷ – ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആര്‍ എസ് എസിന്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പനങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ച സംഘടനയാണ് ആര്‍ എസ് എസ്. സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞുനിന്ന ആര്‍ എസ് എസ്, ദേശീയ പ്രസ്ഥാനത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നു സ്ഥാ ഇപ്പോൾ പിച്ചെടുക്കാനുള്ള വ്യാജ ആഖ്യാനങ്ങളിലാണ് വ്യാപൃതമാവുന്നത്. അതിന്റെ ഭാഗമായി കൂടിയാണ് ഈ നൂറാം വാര്‍ഷികാഘോഷ വേളയില്‍ സ്വയം മെനഞ്ഞ കെട്ടുകഥകള്‍കൊണ്ട് സ്വയം മഹത്വവല്‍ക്കരിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുന്നതും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 4 =

Most Popular