Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിസ്കൂള്‍ വിദ്യാഭ്യാസത്തെ 
വിലയിരുത്തുമ്പോള്‍

സ്കൂള്‍ വിദ്യാഭ്യാസത്തെ 
വിലയിരുത്തുമ്പോള്‍

ഒ എം ശങ്കരൻ (റിട്ട. പ്രിന്‍സിപ്പല്‍, ഡയറ്റ്, കണ്ണൂര്‍)

1956 നവംബര്‍ 1 ന് കേരളം രൂപംകൊണ്ടത് ഒട്ടേറെ വികസന പ്രശ്നങ്ങളോടെയായിരുന്നു. സ്വാതന്ത്ര്യം കിട്ടി 9 വര്‍ഷം മാത്രം പ്രായമുള്ള രാജ്യത്തെ ഈ പുതിയ സംസ്ഥാനം, രണ്ട് രാജഭരണപ്രദേശങ്ങളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗങ്ങളും ചേര്‍ത്താണ് രൂപീകരിച്ചത്.

ഒരു ജനതയുടെ അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണല്ലോ വിദ്യാഭ്യാസം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം, 1950 ലെ ഭരണഘടന പ്രകാരം, സംസ്ഥാനങ്ങള്‍ക്കായിരുന്നു (45–ാം വകുപ്പ്). യൂണിയന്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം കൊടുക്കാനായി കൂടുതല്‍ ചുമതലാബോധം കാണിക്കേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. കേരളമാകട്ടെ, ഇതിനെ ഒരു സാധ്യതയാക്കി പ്രയോജനപ്പെടുത്തുകയും ചെയ്തു.

കെ ഇ ആ‍ര്‍ ഉം തുട‍ര്‍പ്രവര്‍ത്തനങ്ങളും
‘സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ഉപാധി’യായി സ്കൂള്‍ വിദ്യാഭ്യാസത്തെ നാം കണക്കാക്കി. 1957 ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുള്ള ഒട്ടേറെ നയപരിപാടികള്‍ക്കും കര്‍മപദ്ധതികള്‍ക്കും വിദ്യാഭ്യാസമേഖലയിലും അനുബന്ധ മേഖലകളിലും രൂപംകൊടുത്ത് നടപ്പാക്കാന്‍ തുടങ്ങി. യഥാക്രമം 1958 ലും 1959 ലുമായി നിലവില്‍വന്ന കേരള എഡ്യുക്കേഷന്‍ ആക്‌ടും റൂള്‍സും, തുടര്‍ന്ന് സംസ്ഥാനം ഏറ്റെടുക്കേണ്ട സ്കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ചട്ടക്കൂടും പീഠികയും ഒരുക്കി.

1961 ല്‍ കേരളത്തിലെ സാക്ഷരതാനിരക്ക് 55.08% മാത്രമായിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം അത് 93.91% ആയി കുതിച്ചുയര്‍ന്നു. അതേസമയം, ഈ കാലത്ത് ദേശീയതലത്തില്‍ യഥാക്രമം 28.3 ശതമാനവും 74.04 ശതമാനവും മാത്രമായിരുന്നു. 1990–-91 ല്‍ കേരളത്തില്‍ നടന്ന സമ്പൂര്‍ണ സാക്ഷരതായജ്ഞം കേരളത്തിലെ സാക്ഷരതാനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.

സ്കൂള്‍പ്രായത്തിന് മുകളിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു, സാക്ഷരതാ പ്രസ്ഥാനം ആസൂത്രണം ചെയ്യപ്പെട്ടത്. സ്കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വീടിനടുത്തുതന്നെ പഠനസൗകര്യം, പുതിയ സ്കൂളുകള്‍, ആവശ്യമായ അധ്യാപകര്‍, പഠന സാമഗ്രികള്‍, സൗജന്യ വിദ്യാഭ്യാസം (ഹൈസ്കൂള്‍ ക്ലാസുകള്‍ തൊട്ട് ട്യൂഷന്‍ ‍ഫീസ് ഒഴിവാക്കി) ഉച്ചഭക്ഷണ പരിപാടികള്‍ തുടങ്ങിയവ ലഭ്യമാക്കി. ഭൂപരിഷ്കരണ നിയമങ്ങള്‍ വഴി കൃഷിഭൂമി കൃഷിക്കാരന് ലഭിച്ചപ്പോള്‍ അവര്‍ സ്വന്തം കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു. ഇതിന്റെയൊക്കെ ഫലമായി ഇന്ന് കേരളത്തില്‍ സ്കൂള്‍ പ്രവേശനം മിക്കവാറും 100% ആണ്. 5 –ാം വയസ്സില്‍ സ്കൂളില്‍ പ്രവേശിച്ചവരെല്ലാം 10-–ാം ക്ലാസില്‍ എത്തുന്നു. 10 ലെ വിജയശതമാനം ഏകദേശം 100% ആണ്. 10 –ാം ക്ലാസ് വിജയിക്കുന്നവര്‍ക്കെല്ലാം 11 –ാം ക്ലാസിലോ തത്തുല്യമായ മറ്റു സൗകര്യങ്ങളിലോ (പോളിടെക്നിക്ക്, ഐ.ടി.ഐ. തുടങ്ങിയവ) തുടര്‍ന്ന് പഠിക്കാന്‍ സൗകര്യമുണ്ട്. അതായത്, പ്രായപൂര്‍ത്തി വോട്ടവകാശം നേടുന്ന 18 വയസ്സുവരെ എല്ലാവര്‍ക്കും പഠിക്കാന്‍ കേരളത്തില്‍ ഇന്ന് സൗകര്യമുണ്ട്.

പ്രാദേശിക സര്‍ക്കാരുകളുടെ 
ഇടപെടലുകളും പുതിയ പാഠ്യപദ്ധതിയും
കെ.ഇ.ആര്‍. രൂപീകരണം സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ ഒന്നാം വിപ്ലവമായി കണക്കാക്കാം. 1991 ല്‍ രൂപംകൊണ്ട ജില്ലാ കൗണ്‍സിലുകളും 1995 ല്‍ നിലവില്‍ വന്ന ത്രിതല പഞ്ചായത്തുകളും വിദ്യാഭ്യാസത്തിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ (പഠന – ബോധന പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ) ഏറ്റെടുത്ത് സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ‘അക്ഷരപ്പുലരി’ പോലുള്ളവ ഉദാഹരണങ്ങളാണ്. ഭാഷാപഠനം മെച്ചപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ക്ലാസ്‌റൂം വിനിമയം കൂടുതല്‍ ജനാധിപത്യപരവും വിദ്യാര്‍ഥി കേന്ദ്രിതവും രസകരവുമാക്കാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്.

ഈ അനുഭവങ്ങളാണ് കേരളത്തില്‍ – വ്യത്യസ്തമായ ഒരു പാഠ്യപദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ 1997–-98 ല്‍ കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നാളിതുവരെയുള്ള കേരളത്തിലെ പാഠ്യപദ്ധതി സമീപനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്. 1993 ലെ യശ്‌പാല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആശയങ്ങളും കേരളത്തിലെ അനുഭവങ്ങളുമാണ് ഇതിനുള്ള സൈദ്ധാന്തിക അടിത്തറ സൃഷ്ടിച്ചത്.

ക്ലാസ്‌റൂം പഠനം ഫലപ്രദമാകാന്‍ ക്ലാസ്‌മുറികള്‍ മാറണം. അതിനായി അധ്യാപകരും മാറണം; ശിശുസൗഹൃദമായി, പ്രവര്‍ത്തനാധിഷ്ഠിതമായി, ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം; പ്രാദേശിക സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ നേതൃത്വം കൊടുക്കണം, പങ്കാളിയാവണം. അങ്ങനെ അറിവ് സൃഷ്ടിക്കാന്‍ (പഠിക്കാന്‍) സാഹചര്യം ഒരുക്കുന്ന പൊതു ഇടങ്ങളായി സ്കൂളുകള്‍ മാറണം. ഇതിനാണ് 1997ല്‍ പാഠ്യപദ്ധതിക്ക് രൂപം കൊടുത്തത്.
ആ അ‍ര്‍ഥത്തില്‍ നോക്കിയാല്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലെ മറ്റൊരു വിപ്ലവത്തിനായിരുന്നു 1997 ല്‍ കേരളം തുടക്കംകുറിച്ചത്. ഈ മാറ്റങ്ങള്‍ സ്ഥായിയായും തുടര്‍ച്ചയോടെയും നടത്തുന്നതിന് പഴയ പല സ്കൂള്‍ കെട്ടിടങ്ങളും പുതിയ ഡിസൈനുകളോടെ പൊളിച്ചു പണിയേണ്ടിവന്നു. 2006–09 കാലത്തും 2016 നുശേഷവുമാണിത് നടപ്പാക്കിയത്. കൂടാതെ പുതിയ കെട്ടിടങ്ങള്‍ പണിതും സ്കൂള്‍ പഠനത്തിന്റെ നിലവാരം വര്‍ധിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തി.
ഇത്തരത്തിൽ അടിസ്ഥാനപരമായ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ നിലവിലുള്ള പരിമിതികളും പുതിയ പ്രശ്നങ്ങളും ശ്രദ്ധയില്‍പെട്ടുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇനി എന്ത്? എങ്ങോട്ട്? എങ്ങനെ? എന്നീ കാര്യങ്ങള്‍ പരിശോധിക്കാന്‍ കാലമായി.

ഭാവി പരിപാടികള്‍ എന്താവണം?
1. ക്ലാസ് റൂം ജനാധിപത്യവത്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും നമ്മുടെ സ്കൂള്‍ സമ്പ്രദായം (school system) പഴയതു തന്നെയാണ്. അത് ബ്യൂറോക്രാറ്റിക് ആണെന്നു മാത്രമല്ല; ജനാധിപത്യനിരാസം അതിന്റെ മുഖമുദ്രയുമാണ്. അതിനാല്‍ സാമൂഹ്യ-പൗരജീവിതത്തിനുള്ള മൂല്യങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാന്‍ ജനാധിപത്യ മതിനിരപേക്ഷ ഇടമായി ക്ലാസിനെ മാറ്റണം.

2. ത്രിതല പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം മേല്‍ത്തട്ടില്‍ നിന്ന് താഴേക്ക് കൈമാറണം. അധ്യാപകര്‍ തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പ്രൊഫഷണലായി ഏറ്റെടുക്കുന്നുവെന്നും അതില്‍ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ സമൂഹത്തോട് ചുമതലാബോധം (accountability) കാണിക്കുന്നൂവെന്നും ഉറപ്പാക്കണം.

3. ദേശീയതലത്തില്‍ 6 മുതല്‍ 14 വയസ്സ് വരെ (-8–ാം ക്ലാസ് വരെ) മാത്രമേ വിദ്യാഭ്യാസ അവകാശ നിയമം -2009 (RTE -2009) ന് കീഴില്‍ വരൂ. അത് -+2 വരെയാക്കി കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാസൂത്രണം ചെയ്യണം. പ്രീ- സ്കൂള്‍ ഘട്ടത്തിനായി ഒരു പ്രത്യേക സംവിധാനം രൂപീകരിച്ച് അത് ശാസ്ത്രീയമാക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുക്കണം. പ്രീസ്കൂള്‍ പഠനം സ്കൂള്‍ സിസ്റ്റത്തിന്റെ ഏറ്റവും പ്രധാന ഘട്ടമായി പരിഗണിച്ചുള്ള ആസൂത്രണം നടത്തണം.

4. നമുക്ക് ആദിവാസികളെയും ഭിന്നശേഷിയുള്ളവരെയും പൂര്‍ണമായി സ്കൂളിലെത്തിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മാത്രമല്ല, അവരുടെ യഥാര്‍ഥ കഴിവുകളെ വളര്‍ത്താന്‍ സമഗ്രമായി ഇടപെടാനും സാധിച്ചിട്ടില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണല്ലോ ലക്ഷ്യമാക്കേണ്ടത്. ഈ രണ്ടു വിഭാഗങ്ങള്‍ക്കും മുന്തിയ പരിഗണന കൊടുക്കുന്ന സമീപനം ഇടതു കാഴ്ചപ്പാടുള്ള സര്‍ക്കാരുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

5. ക്ലാസ് മുറികളെ അക്കാദമികമായി പരിവര്‍ത്തിപ്പിക്കാനാണല്ലോ പാഠ്യപദ്ധതികള്‍ നിരന്തരമായി പരിഷ്‌കരിക്കുന്നത്. അതിന്റെ ഫലമായി ഭാഷ, ഗണിതം, സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നിവയിലെ മികവ് കുട്ടികള്‍ക്ക് കൂടേണ്ടതുണ്ട്. ഇത് എത്ര കൂടി/ കുറഞ്ഞു എന്നൊക്കെ പഠനങ്ങള്‍ വഴിയാണ് കണ്ടെത്തേണ്ടത്. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മോണിറ്റര്‍ ചെയ്യുന്നത് പിസ (PISA- – Programme for International Student Assessment) ടെസ്റ്റുകള്‍ വഴിയാണ്. കൗതുകകരമായ കാര്യം, ഈ ടെസ്റ്റുകളില്‍ മൂന്നു മേഖലകളെ മാത്രമേ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നുള്ളൂ എന്നതാണ് – വായന (Reading Literacy), ഗണിതം (Mathematics Literacy), ശാസ്ത്രം (Science Literacy). 15 വയസ്സുകാരെയാണ് ഈ മൂല്യനിര്‍ണയത്തില്‍ പങ്കെടുപ്പിക്കുന്നത്. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ‘പിസ’ ഭാഷാശേഷി അളക്കുന്നത് ‘വായന’ വഴിയാണ്; എഴുത്ത് വഴിയല്ല എന്നതാണ്. നാമാകട്ടെ, ഭാഷാ മൂല്യനിര്‍ണയത്തില്‍ വായനയെ പരിഗണിക്കാറേയില്ല. നമ്മുടെ കുട്ടികള്‍ക്ക് വായനാശേഷിയില്‍ കാണുന്ന ഗുരുതരമായ കുറവിന്റെ കാരണം വേറെ അന്വേഷിക്കേണ്ടതില്ല.

6. പരമ്പരാഗത പരീക്ഷാരീതി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പഠനത്തെ സങ്കുചിതമാക്കുന്നുണ്ട്. അത്തരം ലോകരാഷ്ട്രങ്ങളില്‍ പോലും പലതിലും എലിമെന്ററി ക്ലാസുകളില്‍ പരീക്ഷകളില്ല; പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് / അധ്യാപകന് കുട്ടിക്ക് കൊടുക്കേണ്ട കൈത്താങ്ങ് (scaffolding) തീരുമാനിക്കാനുള്ള മൂല്യനിര്‍ണയമേ നടത്താറുള്ളൂ. എലിമെന്ററി ക്ലാസുകളിലെ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഗ്രാമപഞ്ചായത്ത് തലത്തിലും SSLC, +1, +2 പരീക്ഷകളൊഴിച്ച് മറ്റുള്ളവയെല്ലാം ജില്ലാതലത്തിലും വികേന്ദ്രീകരിച്ചുകൂടേ? അങ്ങനെ അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യം (autonomy) വര്‍ധിപ്പിച്ചുകൂടേ?

7. നമ്മുടെ അധ്യാപക വിദ്യാഭ്യാസം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. അധ്യാപകരെ തയ്യാറാക്കുന്ന മികവുള്ള സ്ഥാപനങ്ങള്‍, അവിടെയുള്ള സൗകര്യങ്ങള്‍, മികവുള്ള പരിശീലകർ, എല്ലാം അപര്യാപ്തമാണ്. പ്രൊഫഷണല്‍ സമീപനമുള്ള അധ്യാപകരില്ലാതെ മറ്റെന്തു ചെയ്താലും നമ്മുടെ ക്ലാസ്‌റൂം മാറുകയില്ല എന്നോര്‍ക്കണം.

8. ഇപ്പോള്‍ 10 –ാം ക്ലാസ് പരീക്ഷയെഴുതുന്നവരില്‍ 60% ത്തിലേറെയും ഇംഗ്ലീഷ് മാധ്യമത്തിലാണ് പഠിക്കുന്നത്. പഠനമാധ്യമം മാതൃഭാഷയാവണമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഈ കുട്ടികളുടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവാകട്ടെ, പഠനമാധ്യമം ഇംഗ്ലീഷായിട്ടും വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ല. മാതൃഭാഷയിലെ അവരുടെ പ്രാവീണ്യവും തൃപ്തികരമല്ല. മാതൃഭാഷാമാധ്യമത്തില്‍ കൂടി പഠിക്കുകയും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉള്ളതുമായ ഭാവി സമൂഹത്തെ രൂപപ്പെടുത്താനുള്ള ശാസ്ത്രീയമായ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കണം.

9. കുട്ടികളുടെ പഠനസമയം പാഠ്യപദ്ധതിയുടെ ആവശ്യവുമായി ബന്ധപ്പെടുത്തി പുനരാവിഷ്കരിക്കണം. (ശനിയാഴ്ചകളിലും മറ്റും സ്പെഷ്യല്‍ ക്ലാസുകള്‍ വെക്കുന്ന രീതി ഇവിടെയല്ലാതെ ലോകത്തെവിടെയെങ്കിലുമുണ്ടോ?)

10. പല പഠനങ്ങളും കാണിക്കുന്നത് നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യം, ശാരീരികാരോഗ്യം, സാംസ്കാരികാരോഗ്യം എന്നിവ തീരെ തൃപ്തികരമല്ല എന്നാണ്. ഇത് പരിഹരിക്കുന്നതിനായി ഒരു തുടക്കമെന്ന നിലയില്‍ എല്ലാ സ്കൂളുകളിലും കളിയിടങ്ങള്‍ ഉണ്ടെന്നും എല്ലാ കുട്ടികളും ഏതെങ്കിലും ഒരു കളിയിലോ ശാസ്ത്ര-, സാമൂഹ്യശാസ്ത്ര-, കലാ-സാഹിത്യ ക്ലബ്ബുകളിലൊന്നിലോ പങ്കെടുക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

11. ഒടുവിലത്തേതെങ്കിലും തീരെ അപ്രധാനമല്ലാത്തതാണ് ഇനി പറയുന്നത്. കേരളത്തില്‍ ചില അധ്യാപകരെങ്കിലും പാഠ്യപദ്ധതി പരിഷ്കരണം/ മാറ്റം മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നത്. ഈ പ്രശ്നത്തെ എൽഡിഎഫ് സര്‍ക്കാര്‍ അഭിമുഖീകരിച്ചേ പറ്റൂ. സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായും പൊതുജനങ്ങളുമായും രണ്ടു മൂന്നു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഒരു സംവാദത്തിന് സര്‍ക്കാര്‍ തയ്യാറാകണം. അടിസ്ഥാന തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഒരു സമവായത്തിലെത്തി നടപ്പാക്കണം.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം രാഷ്ട്രീയമായി തീരുമാനിക്കപ്പെട്ടതാണ്. അക്കാര്യത്തില്‍ ഇന്ന് തര്‍ക്കങ്ങളില്ല. പക്ഷേ, ഓരോ കാലത്തും നിലനില്ക്കുന്ന സമൂഹത്തെ നയിക്കുന്ന സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക ബന്ധങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസം വഴി കുട്ടിക്ക് ലഭിക്കേണ്ട ശേഷികളില്‍ ചില മാറ്റങ്ങള്‍ / കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി വന്നേക്കാം. ഓരോ കാലത്തും ജീവിക്കാനും സമൂഹത്തില്‍ സര്‍ഗാത്മകമായി ഇടപെടാനുമുള്ള ശേഷികള്‍ എല്ലാവര്‍ക്കും മികവോടെ കിട്ടുന്നൂവെന്ന് വിദ്യാഭ്യാസം വഴി ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ചതിക്കുഴികളെ തിരിച്ചറിയാനും അതിനെതിരായ സര്‍ഗാത്മകമായ ബദല്‍ നിര്‍മാണത്തിനും നാം ശ്രമിക്കേണ്ടതുണ്ട്. ഇതെല്ലാമാവണം നമ്മുടെ രാഷ്ട്രീയ,- അക്കാദമിക നേതൃത്വത്തിന്റെ ചുമതല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 19 =

Most Popular