Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിഗുണതയുടെ വഴിയിൽ 
മുന്നേറണം

ഗുണതയുടെ വഴിയിൽ 
മുന്നേറണം

ടി കെ മീരാഭായി (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

പൊതുവിദ്യാഭ്യാസവളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയാകുംവിധം മുന്നേറിയ സംസ്ഥാനമാണ് കേരളം. സ്കൂൾ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുകയും പത്താം ക്ലാസ്, – പന്ത്രണ്ടാം ക്ലാസ് വരെ പഠനം നിലനിർത്തുകയും ചെയ്യുകയെന്ന ലക്ഷ്യം വർഷങ്ങൾക്കുമുമ്പുതന്നെ നേടാൻ കേരളത്തിന് സാധിച്ചു.

നവോത്ഥാനപ്രസ്ഥാനമുണ്ടാക്കിയ അനുകൂലപശ്ചാത്തലവും 1957 മുതൽ പല ഘട്ടങ്ങളിലായി അധികാരത്തിലിരുന്ന പുരോഗമന ഇടതുപക്ഷ ഗവൺമെന്റുകൾ കൃത്യമായ കാഴ്ചപ്പാടോടെ നടപ്പാക്കിയ നയ-പരിപാടികളുമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഇത്തരത്തിൽ വളർച്ചയിലേക്കു നയിച്ചത്. വീട്ടിൽനിന്ന് അധികം അകലെയല്ലാതെ സ്കൂളുകൾ ലഭ്യമാക്കൽ, ട്യൂഷൻ ഫീസ് ഒഴിവാക്കൽ, ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പാഠപുസ്തകം ,യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങിയവ സൗജന്യമായി നൽകൽ തുടങ്ങി വിദ്യാഭ്യാസത്തെ പൊതുവാക്കി മാറ്റാൻവേണ്ടി നടത്തിയ പ്രവർത്തനങ്ങൾ വിദ്യാഭ്യാസചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

എന്നാൽ ഈ ഭൗതികമികവിൽ തൃപ്തിപ്പെട്ട് കൈയും കെട്ടിയിരുന്നില്ലെന്നതാണ് കേരള വിദ്യാഭ്യാസം ഇന്നു കാണുന്ന രീതിയിൽ മുന്നോട്ടു പോയതിന്റെ പ്രധാന കാരണം. ഒന്നാം ക്ലാസിൽ ചേർന്നവരെല്ലാം പത്താം ക്ലാസ്സുവരെ എത്തുന്നില്ലെന്നും, ഒരു ക്ലാസിൽ ഉള്ളവർതന്നെ മനസ്സുകൊണ്ട് ആ ക്ലാസിൽ ഇല്ലെന്നും എഴുപതുകളിൽത്തന്നെ വിദ്യാഭ്യാസതല്പരരായ ആളുകളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും വിലയിരുത്തിയിരുന്നു. ഇതിന്റെ കാരണവും പരിഹാരവും അന്വേഷിക്കുകയും ബദലുകൾ കണ്ടെത്തുകയും ചെയ്യുന്ന പ്രവർത്തനം ഇവരുടെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിൽ ജോലി ചെയ്യുന്ന അധ്യാപകർ വിദ്യാഭ്യാസതാൽപര്യത്തോടുകൂടി പ്രവർത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അന്വേഷണങ്ങളിൽ ഏർപ്പെടുകയായിരുന്നു. പരിഷത്തിന്റെ ബാലവേദി പ്രവർത്തനങ്ങൾ, അക്ഷരവേദികൾ, വിജ്ഞാനോത്സവ പരിപാടികൾ, കുട്ടികൾക്കുള്ള യുറീക്ക, -ശാസ്ത്രകേരളം മാസികകൾ, പഞ്ചായത്ത് സ്കൂൾ കോംപ്ലക്സുകൾ തുടങ്ങിയ പരിപാടികൾ ഇത്തരം അന്വേഷണങ്ങളുടെ പ്രധാന ഉദാഹരണങ്ങളാണ്. ക്ലാസ്- മുറികളിലെ പഠനം കുട്ടികൾക്ക് വിരസതയുളവാക്കുന്നുവെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ആഹ്ലാദകരമായ പഠനം (പഠനം പാൽപ്പായസമാക്കൽ), പ്രവർത്തിച്ചു പഠിക്കൽ, ശാസ്ത്രീയമായ വിലയിരുത്തൽ നടത്തൽ തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി ഇത്തരം വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടന്നത്. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസപ്രവർത്തകർക്കും അധ്യാപകർക്കും വലിയ തിരിച്ചറിവാണ്- നൽകിയത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസത്തിന്റെ ഗുണത, എല്ലാവർക്കും പങ്കാളിത്തം, അവസരതുല്യത,തുല്യനീതി തുടങ്ങിയവ ചർച്ചാവിഷയമായി.

പാഠ്യപദ്ധതിപരിഷ്കരണം 
ഗുണതയിലേക്കുള്ള പടവ്
ഇങ്ങനെയൊരു അക്കാദമിക പശ്ചാത്തലമുള്ളതുകൊണ്ടാണ് തൊണ്ണൂറുകളിൽ ദേശീയതലത്തിൽ കൊണ്ടുവന്ന ഡി പി ഇ പി എന്ന പരിപാടി കേരളത്തിൽ മാത്രം പാഠ്യപദ്ധതിപരിഷ്കരണത്തിന്റെ പര്യായമായി മാറിയത്. ഇതിന്റെ ഭാഗമായി കേരളത്തിൽ സ്കൂൾപഠനത്തിൽ സമകാലികമായ ഒരു ശാസ്ത്രീയസമീപനമുണ്ടായി. പാഠപുസ്തകങ്ങളും അധ്യാപക സഹായികളും അധ്യാപകപരിശീലനങ്ങളും യാഥാർത്ഥ്യമായി. കുട്ടികൾ രസിച്ചു പഠിക്കാൻ ,കൂട്ടായി പ്രവർത്തിക്കാൻ, പ്രവർത്തിച്ചു പഠിക്കാൻ, അതുവഴി മുമ്പു ചർച്ച ചെയ്ത ‘പഠനം പാൽപ്പായസം’ യാഥാർഥ്യമാക്കുന്നതിലേക്ക് പതുക്കെപ്പതുക്കെ നടക്കാൻ ആരംഭിച്ചു.

ദേശീയതല മികവിലേക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളുടെ കെട്ടിട -ക്ലാസ്- മുറികളിലും ഐടി സൗകര്യങ്ങളിലും വൻ കുതിപ്പാണുണ്ടാക്കിയത്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വിദ്യാഭ്യാസത്തിന് അനുകൂലമായ പശ്ചാത്തലം ഒരുക്കാൻ സാധിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി ഐടി സഹായിത പഠനരംഗത്തുണ്ടാക്കിയ മാതൃകകൾ കേരളത്തിന്റെമാത്രം സവിശേഷതയാണ്. പാഠ്യപദ്ധതിപരിഷ്കരണത്തിന് സാമൂഹ്യജ്ഞാനനിർമ്മിതിവാദവും വിമർശനാത്മകപഠനവും ബഹുമുഖബുദ്ധിസിദ്ധാന്തവും അടിസ്ഥാനമായി സ്വീകരിച്ചതാണ് ദേശീയതലത്തിൽ പല കാര്യങ്ങളിലും കേരളത്തെ ഒന്നാമതാകാൻ സഹായിച്ചത്. കുട്ടികളുടെ അവകാശങ്ങൾക്കു നൽകിയ മുന്തിയ പരിഗണന ഈ ദിശയിൽ മുന്നേറാൻ കേരളത്തെ സഹായിച്ച മറ്റൊരു കാര്യമാണ് .ശിശുസൗഹൃദ പാഠ്യപദ്ധതി യാഥാർത്ഥ്യമാക്കൽ കുട്ടികളുടെ അവകാശങ്ങൾ പരിഗണിച്ചുകൊണ്ടേ സാധ്യമാകൂ.

പുതിയ കേരളം ആവശ്യപ്പെടുന്നത്
നവകേരളനിർമ്മിതിയും ജ്ഞാനസമൂഹസൃഷ്ടിയും ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുകയും യഥാർഥലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ വിശകലനം ചെയ്യുമ്പോൾ വിദ്യാഭ്യാസത്തിന്റെ പല ഘടകങ്ങളിലും മേഖലകളിലും ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്നു കാണാൻ കഴിയും. പ്രകടമായ പരിമിതികൾ നിലനിൽക്കുന്ന പ്രീസ്കൂൾ വിദ്യാഭ്യാസം, ഗോത്ര വിഭാഗങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ വലിയ അവഗണനയാണ് ഇപ്പോഴുമുള്ളത്. മികച്ച വിദ്യാഭ്യാസം നിലനിൽക്കുന്ന രാജ്യങ്ങൾ പ്രീസ്കൂൾ മേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണന നൽകുമ്പോൾ കേരളത്തിൽ തികഞ്ഞ അശ്രദ്ധയും അവഗണനയുമാണ്. കുട്ടികളുടെ ശരിയായ വളർച്ചയും വികാസവും ലക്ഷ്യമാക്കുന്ന കളിയിടമാകുന്നതിനുവേണ്ട കെട്ടിട -– പൂന്തോട്ട -– കളിയുപകരണസൗകര്യങ്ങൾ വച്ചുനോക്കുമ്പോൾ കേരളത്തിലെ പ്രീസ്കൂളുകൾ – അങ്കണവാടികളായാലും എൽകെജി, യുകെജികളായാലും- ലജ്ജ തോന്നിപ്പിക്കുംവിധം പിറകിലാണ്. അവിടെ നടക്കുന്നത് (മിക്കവാറും )കുട്ടിയുടെ മനസ്സിനെയും ചിന്താരീതിയെയും അവഗണിക്കുന്ന അറുപഴഞ്ചൻ പ്രവർത്തനങ്ങളാണ്. ശൈശവകാലവിദ്യാഭ്യാസത്തിൽ പരിഗണിക്കേണ്ട മന:ശാസ്ത്ര തത്വങ്ങളും ദർശനങ്ങളും സിദ്ധാന്തങ്ങളുമെല്ലാം പ്രീസ്കൂൾ സ്ഥാപനങ്ങളുടെ പടിക്കു പുറത്താണ്!

ഹാർഡ്‌വെയർ മാറിയില്ല 
സോഫ്റ്റ്‌വെയർ മാറി
വിദ്യാഭ്യാസലക്ഷ്യങ്ങളിലും സങ്കൽപ്പങ്ങളിലും വലിയ പുരോഗമനം സ്വീകരിച്ചുവെങ്കിലും അതിനനുസൃതമായി വളരേണ്ട വിദ്യാഭ്യാസത്തിന്റെ മറ്റു ഘടകങ്ങളിൽ ആവശ്യമായ മുന്നേറ്റം മൂന്നു ദശകങ്ങൾ പിന്നിട്ടിട്ടും വേണ്ടത്രയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. കെട്ടിട -ഐടി സൗകര്യങ്ങൾ വലിയ തോതിൽ മാറിയെങ്കിലും ക്ലാസ്- മുറികൾ അക്കാദമിക തലത്തിൽ കാര്യമായി വളർന്നിട്ടില്ല എന്നത് വസ്തുതയാണ്. 1997ലെ പാഠ്യപദ്ധതിപരിഷ്കരണത്തെത്തുടർന്ന് ക്ലാസ്- മുറികൾ പരിവർത്തിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നു. ക്ലാസ്റൂം ജനാധിപത്യം വലിയ പരിഗണനയായി.അധ്യാപകർ പരമ്പരാഗതരീതിയിൽനിന്ന് മാറി പ്രവർത്തിക്കാൻ ആരംഭിച്ചു. ശാസ്ത്രപഠനം പ്രവർത്തനാധിഷ്ഠിതമാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കുട്ടികളിൽ യുക്തിചിന്ത, ശാസ്ത്രാവബോധം തുടങ്ങിയ മൂല്യ -മനോഭാവങ്ങൾ രൂപപ്പെടാൻ തുടങ്ങി. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞതോടെ ഇത്തരത്തിലുള്ള മുന്നേറ്റങ്ങൾ തിരിച്ചുപോക്കിന്റെ പാതയിലായി. ഇപ്പോൾ ക്ലാസ്- മുറികളിൽ പാഠ്യപദ്ധതിയുടെ ഊർജം നാമമാത്രമായിട്ടേ ഉള്ളൂ എന്നു പറയാം .ചെറിയൊരു വിഭാഗം അധ്യാപകരുടെ ക്ലാസുകളിൽ പ്രതീക്ഷയുടെ വെളിച്ചം കാണാമെന്നു മാത്രം.

കെസിഎഫ് കരിക്കുലത്തിലേക്കു വളരണം
പരിഷ്കരണത്തിനാധാരമായി സമഗ്രമായ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF)തയ്യാറാക്കി, പലപ്പോഴായി പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പാഠ്യപദ്ധതി രേഖ (curriculum document)തയ്യാറാക്കുന്നതിൽ വിദ്യാഭ്യാസവകുപ്പും ഇക്കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അക്കാദമികസ്ഥാപനമായ എസ് സി ഇ ആർ ടി യും ശ്രദ്ധിച്ചില്ല. മികച്ച വിദ്യാഭ്യാസസമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളിൽ കൃത്യമായ കരിക്കുലം രേഖയുണ്ട്. ഓരോ ക്ലാസിലും വിവിധ വിഷയങ്ങളിൽ അതതു വർഷം കുട്ടികൾ നേടേണ്ട പഠനലക്ഷ്യങ്ങൾ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെ സമഗ്രമായിക്കണ്ടുകൊണ്ടും പരസ്പരബന്ധമുറപ്പാക്കിക്കൊണ്ടും തയാറാക്കി ഇതിൽ ചേർത്തിരിക്കും. ഒപ്പം അതു നേടേണ്ട രീതിശാസ്ത്രവും പ്രക്രിയയും,ഇതിനനുസൃതമായി ബാക്കി ഓരോ ഘടകങ്ങളും എങ്ങനെ പ്രവർത്തിക്കണമെന്നതിനുള്ള സമീപനനിർദേശങ്ങളും ഇതിൽ ഉള്ളടങ്ങിയിരിക്കും. ഇത്തരത്തിൽ പാഠ്യപദ്ധതിവിനിമയത്തിന്റെ സൂക്ഷ്മവശങ്ങൾ കൃത്യമായും ശാസ്ത്രീയമായും പ്രതിപാദിക്കുന്ന ആധികാരികരേഖയാണ് പാഠ്യപദ്ധതി രേഖ. ഇതിൽ പറയുന്ന ലക്ഷ്യങ്ങൾ നേടുന്നതിന് സഹായകമായ പാഠപുസ്തകങ്ങൾ, മറ്റു സഹായകസാമഗ്രികൾ തുടങ്ങിയവ കരിക്കുലത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കാൻ അവിടങ്ങളിൽ ആർക്കും സ്വാതന്ത്ര്യമുണ്ട്,അതിന്റെ ഗുണനിലവാരമാനദണ്ഡങ്ങൾ പാലിക്കണമെന്നുമാത്രം. ആരു തയാറാക്കിയാലും ലക്ഷ്യത്തിലേക്കു നയിക്കപ്പെടുമെന്നുറപ്പാക്കുംവിധം കൃത്യതയും സൂക്ഷ്മതയും ശാസ്ത്രീയതയുമുള്ളതുമാവും കരിക്കുലം എന്നതുകൊണ്ടാണ് ഇങ്ങനെ സ്വാതന്ത്ര്യം നൽകാൻ കഴിയുന്നത്. ഇങ്ങനെയൊരു ശാസ്ത്രീയതലത്തിലേക്ക് പതുക്കെപ്പതുക്കെ കേരളവും വളരേണ്ടതുണ്ട്.

ഇത്തരമൊരു രേഖയുടെ അഭാവം കേരളത്തിൽ വലിയ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.പാഠപുസ്തകരചനയിൽ ഏർപ്പെടുന്നവരെയും അധ്യാപക പരിശീലകരെയും ശാസ്ത്രീയമായി നയിക്കാൻ കഴിയുന്നില്ല. പാഠ്യപദ്ധതിയുടെ സത്തയുൾക്കൊണ്ടാണ് അവ രൂപപ്പെടുന്നതെന്ന് ഉറപ്പാക്കുന്നുമില്ല. വിദ്യാഭ്യാസ മേലധികാരികൾ, മറ്റുദ്യോഗസ്ഥർ, വിവിധ സമിതികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും നിയാമകമാകേണ്ടത് ഇത്തരമൊരു രേഖ തന്നെയാണ്. തദനുസൃതമായി പ്രവർത്തനങ്ങൾ നിർദ്ദേശിക്കപ്പെടാത്തതുകൊണ്ട് അധ്യാപകർ, ക്ലാസ്- മുറി, പ്രക്രിയ, അന്തരീക്ഷം, രക്ഷിതാക്കൾ തുടങ്ങിയവയും പാഠ്യപദ്ധതിപോഷകമായി പ്രവർത്തിക്കുന്നൂവെന്ന് ഉറപ്പാക്കപ്പെടുന്നില്ല.

സംവിധാനത്തിലെ ദൗർബല്യം
സംസ്ഥാനതലം മുതൽ സ്കൂൾതലംവരെയുള്ള വിദ്യാഭ്യാസത്തിന്റെ ഔദ്യോഗികനേതൃത്വം പാഠ്യപദ്ധതിയിലും അതിനാധാരമായ ദർശനങ്ങളിലും സിദ്ധാന്തങ്ങളിലും വിശ്വാസമർപ്പിക്കുന്നില്ല എന്നത് മറ്റൊരു പ്രതിസന്ധിയാണ്. കേരളത്തിൽ നിലനിൽക്കുന്ന സമാന്തരവിദ്യാഭ്യാസ സമ്പ്രദായമാണ് ശരിയെന്നു വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് പൊതുവിദ്യാഭ്യാസത്തെ ഇപ്പറഞ്ഞ ലക്ഷ്യത്തിലേക്കു നയിക്കാൻ കഴിയുക?പാഠ്യപദ്ധതിക്കനുസൃതമായി വിദ്യാഭ്യാസഗുണതയുറപ്പാക്കുന്നതിൽ സംസ്ഥാനതലം മുതലുള്ള മോണിറ്ററിങ്ങിന് വലിയ സ്ഥാനമുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ തീരെ നടക്കുന്നില്ല എന്നുതന്നെ പറയാം. ഇക്കാര്യങ്ങളിലെല്ലാം രാഷ്ട്രീയമായ തീരുമാനമുണ്ടാകേണ്ടത് അനിവാര്യമാണ്.അപ്പോൾ മാത്രമേ പാഠ്യപദ്ധതിക്കനുസരിച്ച് എല്ലാ ഘടകങ്ങളും നവീകരിക്കപ്പെടുകയുള്ളൂ.

‘ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം’ എന്നത് കേരളത്തിൽ അടുത്തകാലത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ആശയമാണ്. ഇക്കാര്യത്തിൽ വലിയ വിടവുണ്ടെന്നത് കൃത്യമായി വിശകലനം ചെയ്താൽ ബോധ്യപ്പെടുന്ന വസ്തുതയാണ്. യാതൊരുവിധ വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാ തലങ്ങളിലും തരത്തിലുംപെട്ട കുട്ടികളെ ഉൾച്ചേർക്കുന്ന, വ്യത്യസ്ത സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന കുട്ടികളെ പഠിപ്പിക്കുന്ന പൊതുവിദ്യാഭ്യാസത്തിൽ എല്ലാവർക്കും ഗുണമേന്മയുറപ്പാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നതിൽ തർക്കമില്ല. എങ്കിലും അതിനുള്ള ആസൂത്രിതവും ഗൗരവപൂർവ്വവുമായ ശ്രമങ്ങൾ തുടർച്ചയായി നടക്കേണ്ടതുണ്ട് . ഇതിനായി വിദ്യാഭ്യാസസംവിധാനത്തിന്റെ അയഞ്ഞതും ലക്ഷ്യപൂർണ്ണമല്ലാത്തതുമായ പ്രവർത്തനരീതി അടിയന്തരമായി അഴിച്ചുപണിയണം. വർഷംതോറും പലതരം മേളകൾ നടത്തി വിജയിപ്പിക്കൽ, പരീക്ഷകൾ ഗൗരവമായി നടത്തൽ എന്നിവ മാത്രം പ്രധാനമായി കരുതി പ്രവർത്തിക്കുന്നതിൽനിന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം മാറണം.

പഠനരീതിയും പഠനസമയലഭ്യതയും
പാഠ്യപദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട് വേറെയും നിരവധി പരിമിതികൾ നിലനിൽക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്ന് സമയലഭ്യതയിലുള്ള കുറവാണ്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും അറിവു നിർമ്മിക്കുന്ന രീതിയാണല്ലോ നിർദ്ദേശിക്കുന്നത്. ഇങ്ങനെ അറിവു നിർമ്മിക്കുന്നതിന് നിശ്ചിതമായ പ്രക്രിയാഘട്ടങ്ങളുണ്ട്. ഇത് അധ്യാപകർ കുട്ടിക്ക് അറിവു പകർന്നുകൊടുക്കുന്ന പരമ്പരാഗത രീതിയേക്കാൾ കൂടുതൽ സമയം ആവശ്യപ്പെടുന്നതാണ്. ഇങ്ങനെ ഓരോ വിഷയത്തിനും അതതു ക്ലാസിൽ ആവശ്യമായ പഠനസമയം എത്രയെന്ന് കൃത്യമായി കണക്കാക്കി, അങ്ങനെ ആകെ ഒരു ക്ലാസിൽ ഒരു വർഷം ഓരോ വിഷയത്തിനും വേണ്ട സമയം എത്രയെന്ന് നിശ്ചയിക്കേണ്ടതുണ്ട്. ഇപ്പോഴുള്ള ലഭ്യമായ പഠനദിനങ്ങൾവച്ച് അത്രയും പഠനസമയം ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കണം. എന്നാൽ ഓരോ ദിവസവും പല അളവിൽ പഠനസമയം പഠനത്തിനല്ലാതെ വിനിയോഗിക്കപ്പെടുന്നുണ്ട്. തന്മൂലം നഷ്ടമാകുന്ന പഠനസമയവും വളരെ കൂടുതലാണ്.

അട്ടിമറിക്കപ്പെടുന്ന പരീക്ഷകൾ
മറ്റൊരു പ്രധാന പ്രശ്നം എഴുത്തു പരീക്ഷകൾക്കു നൽകുന്ന അമിത പ്രാധാന്യമാണ്. പരീക്ഷയിലെ വിജയവും സ്കോറുമാണ് പഠനനിലവാരത്തിന്റെ മാനദണ്ഡമായി കേരളത്തിൽ വ്യവഹരിക്കുന്നത്. ഇത് ഒട്ടും ശാസ്ത്രീയമല്ല.

പതുക്കെപ്പതുക്കെ എങ്ങനെയും സ്കോർ ഉണ്ടാക്കുകയെന്ന കുറുക്കുവഴിയിലേക്ക് അധ്യാപകർ നീങ്ങുന്നതോടെ പാഠ്യപദ്ധതിലക്ഷ്യം നേടുന്നതിൽ വലിയ കുറവാണുണ്ടാകുന്നത്. കുട്ടികൾക്ക് നിശ്ചിത വിഷയവുമായി ബന്ധപ്പെട്ട് ആശയങ്ങൾ, ശേഷികൾ, മൂല്യ – മനോഭാവങ്ങൾ എന്നിവ ഉണ്ടാക്കാനാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ ആശയങ്ങൾ എത്രമാത്രം നേടിയിട്ടുണ്ടെന്നു മാത്രമാണ് പരീക്ഷയിൽ അളക്കുന്നത്. ശേഷികളും മൂല്യ -മനോഭാവങ്ങളും ഇതിന്റെ പരിധിയിൽ വരുന്നേയില്ല.

മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളും അനുയോജ്യമായവിധം നേടുന്നൂവെന്ന് ഉറപ്പാക്കാൻ സഹായകമായ വിലയിരുത്തലാണ് യഥാർഥത്തിൽ നടക്കേണ്ടത്. അത് പഠനത്തിന്റെ ഓരോ ഘട്ടത്തിലും ഉൾച്ചേർന്ന് നടക്കുകയും വേണം. പഠനലക്ഷ്യങ്ങൾക്കായി ഒരുക്കുന്ന പഠനപ്രവർത്തനങ്ങൾക്കിടയിൽ കുട്ടി നേരിടുന്ന പ്രയാസങ്ങളെ അപ്പപ്പോൾ തിരിച്ചറിയാൻ ഈ വിലയിരുത്തൽ അധ്യാപകനെ സഹായിക്കണം. ഇങ്ങനെ തിരിച്ചറിഞ്ഞാലുടനെതന്നെ പ്രയാസങ്ങൾ മറികടക്കാനുള്ള പിന്തുണ അനുയോജ്യമായ വിധത്തിൽ കുട്ടിക്ക് നൽകുകയും വേണം. ഇതാണ് പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന വിലയിരുത്തൽസമീപനം. ഇതിനു പകരം പഠനപ്രവർത്തനം നടന്നുകഴിഞ്ഞതിനുശേഷം എപ്പോഴെങ്കിലും പരീക്ഷ നടത്തി ഇന്നയിന്ന ആശയങ്ങൾ നേടിയിട്ടില്ല എന്ന് വിധിപ്രസ്താവം നടത്തുന്ന പരീക്ഷകൾ പ്രയോജനം ചെയ്യുകയില്ല. മാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസം കളയുമെന്ന ദോഷവും ഇതിനുണ്ട് . സ്നേഹവും പരിഗണനയും അംഗീകാരവുമാണ് ക്ലാസ്- മുറിയിൽ കുട്ടികൾക്ക് ലഭിക്കേണ്ടത്.

അധ്യാപകർ പ്രൊഫഷണലുകളാകാൻ
പാഠ്യപദ്ധതിയുടെ ഫലപ്രാപ്തി കുറയ്ക്കുന്നതിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു ഘടകമാണ് കേരളത്തിലെ അക്കാദമികനിലവാരം തീരെക്കുറവായ അധ്യാപക വിദ്യാഭ്യാസം. മികച്ച വിദ്യാഭ്യാസസമ്പ്രദായം നിലനിൽക്കുന്ന ഫിൻലാൻഡുപോലുള്ള രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ അധ്യാപകവിദ്യാഭ്യാസത്തെ ഏറ്റവും പ്രധാനമായി പരിഗണിക്കൽ, അതിന്റെ നിർവഹണം സർവ്വകലാശാലാതലത്തിൽ മികച്ച രീതിയിൽ നടത്തൽ, അധ്യാപനത്തിൽ താല്പര്യവും കഴിവുമുള്ളവരെമാത്രം അധ്യാപകവിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കൽ തുടങ്ങിയ അടിസ്ഥാനസമീപനങ്ങൾ കേരളത്തിൽ സ്വീകരിക്കുന്നില്ല. അധ്യാപകരെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റുന്ന രീതിയിൽ അധ്യാപകവിദ്യാഭ്യാസം പുനരാവിഷ്കരിച്ചുകൊണ്ടുമാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ കേരളവിദ്യാഭ്യാസത്തെ ബാധിക്കുന്ന ഈ കെടുതിയെ മറികടക്കാൻ കഴിയൂ.

ഭാഷാപഠനവും ഭാഷയിലൂടെയുള്ള പഠനവും
ദേശീയതലത്തിൽ പല കാര്യങ്ങളിലും മുന്നിലാവുമ്പോൾത്തന്നെ ആശയഗ്രഹണവായനയിൽ നമ്മുടെ കുട്ടികൾ പുറകിലാണ്. പുതിയ കാലത്ത് അന്താരാഷ്ട്രതലത്തിൽ പ്രധാനമായി കരുതുകയും PISA പോലുള്ള പരീക്ഷകളിൽ പ്രധാന അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുന്നത് വിമർശനാത്മകവായനാശേഷിയാണ്.

അതാകട്ടെ ആശയഗ്രഹണവായനയുടെയും അപ്പുറം ഉയർന്ന നിലയിലുള്ളതാണ്.

കേരളത്തിലെ വിദ്യാഭ്യാസഗുണതയ്ക്ക് തടസ്സം നിൽക്കുന്ന അതീവവൈപുല്യമുള്ള ചില പ്രശ്നങ്ങൾകൂടിയുണ്ട്. അതിലൊന്ന് മാതൃഭാഷയിലൂടെയുള്ള പഠനം നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. പുതിയ കാലത്ത് ഇംഗ്ലീഷ്, ഹിന്ദി പോലെയുള്ള ബന്ധഭാഷകളിൽ കുട്ടികൾക്ക് പ്രാവീണ്യമുണ്ടാകണമെന്നത് തർക്കമറ്റ സംഗതിയാണ്. അതിന് സ്കൂളിലെ ഇംഗ്ലീഷ് – ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുകയാണു വേണ്ടത്. സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും ഈ ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാൻ, കേട്ടു മനസ്സിലാക്കാൻ, നന്നായി സംസാരിക്കാൻ, നന്നായി വായിക്കാൻ, എഴുതി പ്രകടിപ്പിക്കാൻ – കുട്ടികളെ പ്രാപ്തരാക്കണം. എന്നാൽ മറ്റു വിഷയങ്ങളുടെ പഠനം ഏറ്റവും നന്നായി നടക്കുന്നത് മാതൃഭാഷാമാധ്യമത്തിലൂടെയാണെന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസസമ്പ്രദായമുള്ള രാജ്യങ്ങൾ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്ത വസ്തുതയാണ്. നമ്മൾ ഇതിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്.

ഭരണതലത്തിലുള്ള പ്രശ്നങ്ങൾ
ആഗോളവൽക്കരണനയത്തിന് മേൽക്കൈയുള്ള പുതിയ കാലത്ത് യൂണിയൻ ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP2020) ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചെറുതല്ല. കമ്പോളം ആവശ്യപ്പെടുന്ന സാങ്കേതികവിദ്യാശേഷികൾക്കുമാത്രം പ്രാധാന്യം നൽകുന്ന,ശാസ്ത്രപഠനത്തിനും മൂല്യ -മനോഭാവങ്ങൾക്കും പ്രാധാന്യം നൽകാത്ത പഠനസമ്പ്രദായം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാകുന്നത്.

കേരളംപോലുള്ള സംസ്ഥാനങ്ങളോട് വൈരനിര്യാതനബുദ്ധിയോടുകൂടി പെരുമാറുകയും വിദ്യാഭ്യാസരംഗത്ത് സാമ്പത്തികപ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന യൂണിയൻ ഗവൺമെന്റിന്റെ നയങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ട വലിയ ഉത്തരവാദിത്വംകൂടി ഏറ്റെടുത്തുകൊണ്ടേ കേരള വിദ്യാഭ്യാസത്തെ ഗുണപരമായി മുന്നോട്ടു നയിക്കാൻ കഴിയൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − six =

Most Popular