സംസ്ഥാന രൂപീകരണശേഷം ആദ്യമായി അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ നയങ്ങള്‍ വിദ്യാഭ്യാസ വ്യാപനം വേഗത്തിലാക്കി. വിദ്യാഭ്യാസനിയമം മാത്രമല്ല ഭൂപരിഷ്കരണ നിയമം സൃഷ്ടിച്ച മാറ്റവും ഇതിന് ആക്കംകൂട്ടി. മതþജാതിþലിംഗ ഭേദമന്യേ എല്ലാ കുട്ടികളും സ്കൂളിലെത്തുന്ന സ്ഥിതിയുണ്ടായി. ഉള്‍പ്രദേശങ്ങളില്‍പ്പോലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കുകയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുകയും ചെയ്തുകൊണ്ടാണ് കേരളം സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം നേടിയത്.
കേരളത്തില്‍ വന്ന ഈ മാറ്റങ്ങള്‍ സമൂഹത്തിന്റെ സാമ്പത്തിക നിലയിലും മാറ്റം വരുത്തി. 1970 കളോടെ ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന വാദത്തിന് മേല്‍ക്കൈ കിട്ടി. ഇതിന് ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുക എന്ന ശാസ്ത്രീയമായ കാഴ്ചപ്പാടിന് പകരം മാധ്യമം ഇംഗ്ലീഷ് ആക്കുകയാണ് വേണ്ടതെന്ന അശാസ്ത്രീയമായ ധാരണ കേരളത്തിലെ മധ്യവര്‍ഗ്ഗത്തിനിടയില്‍ ശക്തിപ്രാപിച്ചു. ഈ വികലകാഴ്ചപ്പാടിന്റെ ഫലമായിട്ടാണ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ലാഭക്കണ്ണോടെ വിദ്യാഭ്യാസ മേഖലയില്‍ വേരുറപ്പിച്ചത്.
ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതോടെ അറിവിനെയും ചരക്കായി പരിഗണിക്കാന്‍ ആരംഭിച്ചു. സഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയും പുതിയ സമൂഹസൃഷ്ടി എന്നതിനുപകരം, മത്സരാധിഷ്ഠിത ലോകത്ത് വിജയിക്കുന്നവർ മാത്രം നിലനില്‍ക്കുമെന്ന ആശയം പ്രബലമായി. ഈ ചിന്ത വിദ്യാഭ്യാസരംഗത്തും ശക്തിപ്രാപിച്ചു. മാനവമോചനവഴി എന്ന വിശാലമായ വിദ്യാഭ്യാസലക്ഷ്യം വിസ്മരിക്കപ്പെട്ടു. മത്സരത്തിന് അമിത പ്രാധാന്യം വന്നതോടെ ശാസ്ത്രീയവും ശിശു കേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ബോധനരീതിക്കു പകരം മത്സര പരീക്ഷകളില്‍ സ്കോര്‍ നേടാനുള്ള കുറുക്കുവഴി തേടലായി വിദ്യാഭ്യാസം മാറി. മധ്യവര്‍ഗ തൊഴിലുകള്‍ നേടാനുള്ള വഴി മാത്രമായി വിദ്യാഭ്യാസത്തെ കണ്ടു. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ രീതിയല്ല തൊഴില്‍ ലഭ്യത നിര്‍ണയിക്കുന്നത്. മറിച്ച് രാജ്യത്തെ സര്‍ക്കാര്‍ തുടരുന്ന നയങ്ങളാണ്.
വിദ്യാഭ്യാസ പ്രായത്തിലുള്ള ഏകദേശം 28 കോടി പേരാണ് ഇന്ത്യയിലുള്ളത്. ഇതില്‍ നാലര കോടിയിലധികംപേരും സ്കൂളില്‍ എത്താത്ത നാടാണ് നമ്മുടെ ഇന്ത്യ. കേരളത്തില്‍ വിദ്യാഭ്യാസ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികളെയും നമുക്ക് വിദ്യാലയങ്ങളില്‍ എത്തിക്കാനും കൊഴിഞ്ഞുപോക്കില്ലാതെ തുടര്‍പഠനം ഉറപ്പാക്കാനും കഴിയുന്നു. വിപുലമായ പൊതുവിദ്യാഭ്യാസ ശൃംഖല വഴിയാണിത് സാധ്യമാകുന്നത്. വലതുപക്ഷ ഭരണകാലഘട്ടങ്ങളിലെല്ലാം അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ അവഗണിച്ച് തകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്ന നിലപാടുകളാണ് തുടരാറുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ നാശോന്മുഖമാക്കിയ വിദ്യാഭ്യാസ മേഖലയെയാണ് 2016 മുതല്‍ നിലവിലുള്ള എൽഡിഎഫ് സര്‍ക്കാര്‍ പുതുക്കിപ്പണിഞ്ഞത്. ഭൗതിക സാഹചര്യ വികസനം, ആധുനികവല്‍ക്കരണം എന്നിവയ്ക്കൊപ്പം ശാസ്ത്രീയമായ രീതിയില്‍ പാഠ്യപദ്ധതി പരിഷ്കരണവും നടത്തി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിവിധ സാധ്യതകള്‍ പഠന–ബോധന പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങി.
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ 11 ലക്ഷം വിദ്യാര്‍ഥികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് പുതുതായി വന്നുചേര്‍ന്നത്. ഇത് കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലാഭത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെകൂടി പ്രതികരണമാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ അപമാനിക്കുന്ന പ്രചരണങ്ങള്‍. അവയെ നിഷ്കളങ്കമായി കാണാനാവില്ല. പല മാധ്യമങ്ങളും, ചില സാംസ്കാരിക നായകരും, ഏതാനും അധ്യാപകരും, വകുപ്പിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇതിന്റെ വക്താക്കളാകാറുമുണ്ട്. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണീ നിഗമനമെന്നതിന് മറുപടി കിട്ടാറില്ല.
2024ല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 781 ജില്ലകളിലെ 3,6,9 ക്ലാസുകളിലായി 21.15 ലക്ഷം കുട്ടികളും, 74000 വിദ്യാലയങ്ങളും, 86,000 ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരും, 74000 നിരീക്ഷകരും ഉള്‍പ്പെട്ട് നടത്തിയ ദേശീയ പഠന സര്‍വേയില്‍ കേരളം രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നു. കേരളത്തിലെ 1899 സ്കൂളുകളില്‍ നിന്നായി 46,737 വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം സര്‍വ്വേയില്‍ പരിശോധിച്ചു. സംസ്ഥാനങ്ങള്‍ നേടിയ പോയിന്റുകള്‍ പരിഗണിക്കുമ്പോള്‍ ആറാം ക്ലാസില്‍ ഒന്ന്, ഒമ്പതാം ക്ലാസില്‍ രണ്ട്, മൂന്നാം ക്ലാസില്‍ മൂന്ന് എന്നിങ്ങനെയാണ് കേരളത്തിന്റെ സ്ഥാനം. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ നാം വളരെ മുമ്പിലാണ്. ദേശീയ ശരാശരിയുമായുള്ള താരതമ്യം താഴെ നല്‍കുന്നു.
ക്ലാസ്സ് 3
| വിഷയം | കേരളം | ദേശീയ ശരാശരി |
| ഭാഷ | 75 | 64 |
| ഗണിതം | 70 | 60 |
ക്ലാസ്സ് 6
| വിഷയം | കേരളം | ദേശീയ ശരാശരി |
| ഭാഷ | 76 | 57 |
| ഗണിതം | 60 | 46 |
| സയന്‍സ് | 66 | 49 |
ക്ലാസ്സ് 9
| വിഷയം | കേരളം | ദേശീയ ശരാശരി |
| ഭാഷ | 74 | 54 |
| ഗണിതം 37 | 45 | 37 |
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള സാമ്പത്തിക വിദ്യാഭ്യാസ വികസനമാണ് കേരളത്തിന്റെ മൊത്തം ജീവിതനിലവാരമുയര്‍ത്തിയത് എന്നു കാണാം.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ ബി സി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനനിലവാരത്തിലും നാമേറെ മുമ്പിലാണ്. ഇത്തരം സര്‍വ്വേകളടക്കം നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്തുന്ന പ്രസ്താവനകളും പ്രചരണങ്ങളും നടത്തുന്നവരുടെ ലക്ഷ്യം വ്യക്തമാണ്.
വൈജ്ഞാനിക സമൂഹം എന്ന ഉയര്‍ന്ന സ്വപ്നം മുന്നോട്ടുവെച്ചുകൊണ്ടാണ് ഇപ്പോള്‍ കേരളത്തിലെ എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. വിജ്ഞാനവികസനത്തിലൂടെ സാമ്പത്തിക വികസനവും വ്യാവസായിക വളര്‍ച്ചയും നാം ലക്ഷ്യംവെക്കുന്നു.
‘പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈജിയൻ തൊഴുത്തുപോലെയാണെന്ന’ പ്രചാരണം ഇപ്പോള്‍ വിലപ്പോവില്ല. കാരണം ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളോളം അടിസ്ഥാനസൗകര്യമുള്ള, ആകര്‍ഷകമായ സ്ഥാപനങ്ങള്‍ അണ്‍എയ്ഡഡ് മേഖലയിലില്ല. അപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ ആരോപണമാണ് ‘അക്ഷരമറിയില്ല’ എന്ന പ്രചാരണം. ഇത്തരം ആരോപണങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ മുന്നേറ്റം.
സാര്‍വത്രിക പ്രവേശനം ഉറപ്പാക്കിയ നമുക്ക് ഇനിയും ഗുണമേന്മ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ എൽഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഈ ദിശയിലുള്ളതാണ്. പാഠ്യപദ്ധതി പരിഷ്കരണം, മൂല്യനിര്‍ണയ പരിഷ്കരണം, അധ്യാപക പരിശീലനങ്ങള്‍ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ഓരോ ക്ലാസിലും കുട്ടി നേടണമെന്ന് നിശ്ചയിക്കപ്പെട്ട ശേഷികളും നൈപുണികളും നേടുന്നു എന്നുറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്ന് കൂട്ടായ ചര്‍ച്ചയിലൂടെയും മറ്റും കണ്ടെത്തേണ്ടതുണ്ട്. മോണിറ്ററിംഗ് ശക്തമാക്കണം, സ്കൂളുകളില്‍ വിദഗ്ധരുടെ തത്സമയ പിന്തുണ ഉറപ്പാക്കണം. l



