Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിഗുണമേന്മയുള്ള വിദ്യാഭ്യാസം തുറന്ന സംവാദങ്ങൾ 
അനിവാര്യം

ഗുണമേന്മയുള്ള വിദ്യാഭ്യാസം തുറന്ന സംവാദങ്ങൾ 
അനിവാര്യം

സി രാമകൃഷ്ണൻ

സ്കൂൾ പ്രായത്തിലുള്ള ഏതാണ്ട് എല്ലാകുട്ടികളും സ്കൂളിൽ എത്തുകയും പന്ത്രണ്ടാംക്ലാസ് വരെ പഠനം തുടരുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അഖിലേന്ത്യാടിസ്ഥാനത്തിൽ ഇന്നും ഇക്കാര്യം ഒരു മരീചികയായി തുടരുകയാണ്. കേന്ദ്രവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി യുഡയസ്+ ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അഖിലേന്ത്യാതലത്തിൽ ഏതാണ്ട് 18% കുട്ടികൾ പത്താം ക്ലാസ് പഠനം പൂർത്തീകരിക്കുന്നില്ല. 2011 ലെ സെൻസസ് പ്രകാരം സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം പരിഗണിച്ചാൽ പോലും അഞ്ചുകോടി കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാൻ കഴിയുന്നില്ല. ഈ യാഥാർത്ഥ്യം കൂടി പരിഗണിച്ചുവേണം കേരളത്തിലെ ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്.

സാർവത്രിക സ്കൂൾപ്രാപ്യതയും പഠനത്തുടർച്ചയും ഉറപ്പുവരുത്തിത്തന്നെ ഈ രംഗത്ത് ഇനിയുള്ള കേരളത്തിന്റെ പ്രയാണം തുല്യതയും നീതിയും ഉറപ്പാക്കിക്കൊണ്ടുള്ള ഗുണമേന്മാ വിദ്യാഭ്യാസത്തിനാകണം. അറിവിന്റേതായ ലോകക്രമത്തില്‍ ഗുണമേന്മ എന്നത് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത കാര്യമാണ്. ഇപ്പോൾ പുറത്തുവന്ന പല പഠനങ്ങളും അക്കാദമിക കാര്യങ്ങളിലുള്ള നമ്മുടെ പോരായ്മകളെ ചൂണ്ടിക്കാട്ടുന്നതാണ്. ഇക്കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കണം. മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത നേട്ടങ്ങളിൽ അഭിമാനിച്ചു കൊണ്ടുതന്നെ പരിമിതികൾ കണ്ടെത്തി മറികടക്കാനുള്ള അന്വേഷണമാണ് സാർവത്രിക ഗുണമേന്മവിദ്യാഭ്യാസത്തിന്റെ ഭാഗമായി വേണ്ടത്. ഇതിനായി കേരളം ഇതുവരെ നടത്തിയ ശ്രമങ്ങൾ കൂടി പരിഗണിച്ചാകണം ഇനി മുന്നോട്ടുള്ള പാതകളെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കേണ്ടത്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും എന്ന കാഴ്ചപ്പാടോടെ അതിന്റെ പ്രായോഗിക തലം വികസിപ്പിക്കാനായി പ്രാദേശികമായ, വൈവിധ്യമാർന്ന അന്വേഷണങ്ങൾ കേരളത്തിൽ 1980കളിൽ തന്നെ നടന്നിരുന്നു. അധ്യാപകരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ചും കൂട്ടം ചേർന്നും ഈ അന്വേഷണം മുന്നോട്ടുപോയി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഭരണകൂടവുമായി കൂട്ടുചേർന്ന് നടത്തിയ എറണാകുളം സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയും അതിന്റെ തുടർച്ചയായി നടത്തിയ കേരള സാക്ഷരതാപദ്ധതിയും അതിലൂടെ കേരളീയ സമൂഹത്തിനു ലഭിച്ച അനുഭവങ്ങളും വിദ്യാഭ്യാസത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാട് വികസിപ്പിച്ചു. സർവത്രിക സ്കൂൾ പ്രവേശനത്തോടൊപ്പംതന്നെ പ്രധാനമാണ് സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത്. ഈ ആവശ്യം സാമൂഹികമായി ഉയർന്നുവന്നു. അതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടങ്ങളുടെയും ഡയറ്റുകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയത്. വികേന്ദ്രീകൃതമായി നടന്ന ഇത്തരം പ്രവർത്തനങ്ങളാണ് കേരളത്തിലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് നയിച്ചത്.

പല മാറ്റങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായി. അതുവരെ തുടർന്നുവന്ന പാഠപുസ്തകത്തിൽ നിന്നും തികച്ചും ഭിന്നമായിരുന്നു പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ. ഒന്ന്, രണ്ട് ക്ലാസുകളിൽ ഉദ്ഗ്രഥിതപാഠപുസ്തകം ‘പൂത്തിരി’, രണ്ട്, മൂന്ന് ക്ലാസുകളിൽ മലയാള പാഠ പുസ്തകം ‘കിങ്ങിണി’, ഗണിതത്തിനായി ‘കുന്നിമണി’, പരിസര പഠനത്തിനായി ‘മിന്നാമിന്നി’ എന്നീ പുസ്തകങ്ങൾ സാമ്പ്രദായിക പാഠപുസ്തക സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പഠനരീതിയിലും വ്യത്യാസം വന്നു. അധ്യാപകർക്ക് മികച്ച പരിശീലനം നൽകി. ഇതെല്ലാം ക്ലാസ്സിലും നാട്ടിലും അനുഭവവേദ്യമായി. മാറിയ പഠനരീതി കുട്ടികളെ വലിയതോതിൽ സ്വാധീനിച്ചു. ആത്മവിശ്വാസത്തോടെ സ്കൂളുകളിലേക്ക് വരാൻ കുട്ടികൾ സജ്ജരായി. കുട്ടികളിൽ ഉണ്ടായ സന്തോഷവും ആത്മവിശ്വാസവും താല്പര്യവും അന്വേഷണാത്മക പഠനവുമെല്ലാം കേരളീയ സമൂഹത്തിന്റെ വലിയൊരു വിഭാഗം സ്വീകരിക്കുകയുണ്ടായി. എന്നാൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒരു വിഭാഗം ഈ പഠനരീതിക്കെതിരെ നിലപാടെടുത്തു. കുട്ടികൾ സന്തോഷത്തോടെ പഠിക്കുന്നത് അവരെ അസ്വസ്ഥരാക്കി. കേരളത്തിൽ വലതുപക്ഷ ശക്തികൾക്ക് അധികാരം ലഭിച്ച ഘട്ടങ്ങളിലെല്ലാം വിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക വാദങ്ങൾ മേൽക്കെെ നേടിയിട്ടുണ്ട്. ഈ മേൽക്കെെയാണ് കുട്ടികളെ സജീവപങ്കാളികളാക്കിക്കൊണ്ട് മുന്നേറിയിരുന്ന പാഠ്യപദ്ധതിയിൽ വെള്ളം ചേർത്ത് ദുർബലപ്പെടുത്തിയത്. പരീക്ഷയാണ് വിദ്യാഭ്യാസത്തിന്റെ അന്തിമ ലക്ഷ്യം എന്നതിനു കൂടി മേൽക്കെെ ലഭിച്ചു. എല്ലാ കുട്ടികൾക്കും വിജയികൾ ആകാൻ കഴിയില്ലെന്നും ‘അർഹരായവർ’ മാത്രം പരീക്ഷ ജയിച്ചാൽ മതിയെന്നും ‘എല്ലാവരും ജയിക്കുന്നെങ്കിൽ പരീക്ഷകൾക്ക് എന്തർത്ഥം’ എന്നും ഒരുകൂട്ടർ വാദിച്ചു. അങ്ങനെ ഉയർന്ന വാദങ്ങൾ തീരുമാനങ്ങളെ ഒരു പരിധി വരെ സ്വാധീനിച്ചു.

അതുകൊണ്ടുതന്നെ എല്ലാവരേയും ഉൾച്ചേർക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ഗുണമേന്മയ്ക്കായുള്ള വിദ്യാഭ്യാസ അന്വേഷണങ്ങളെ തളർത്തിയ ഇത്തരം സാമൂഹിക കാരണങ്ങളേയും അവയ്ക്ക് നിദാനമായ ഘടകങ്ങളേയും പറ്റി ആഴത്തിലുള്ള പരിശോധന ആവശ്യമാണ്. എങ്കിലേ എല്ലാകുട്ടികളെയും ഉൾക്കൊള്ളുന്ന ഗുണമേന്മാവിദ്യാഭ്യാസം സാധ്യമാകുകയുള്ളൂ. ഇല്ലാതെവന്നാൽ അരിച്ചുമാറ്റുക എന്ന കമ്പോള യുക്തി കേരളത്തിലും മേൽക്കൈ നേടിയേക്കും. കേരളത്തിലെ മധ്യവർഗ്ഗ മനസ്സിൽ ഇത്തരം ഒരു കാഴ്ചപ്പാട് ഇപ്പോൾ തന്നെയുണ്ട്. ലഭിക്കുന്ന അവസരങ്ങളിൽ അത് പല രൂപത്തിലും പുറത്തു വരുന്നുവെന്ന് മാത്രം.

പരീക്ഷകളിൽ ലഭിക്കുന്ന മാർക്കും ഗ്രേഡും മാത്രമാണ് അന്തിമ വിജയം എന്ന സമൂഹധാരണ തിരുത്തപ്പെടേണ്ടതുണ്ട്. എങ്കിലേ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള ഏതൊരു ശ്രമവും അർത്ഥ പൂർണമാകൂ. പരീക്ഷയും അതിലെ മാർക്ക് /ഗ്രേഡ് എന്നിവയും പദവി ചിഹ്നമായി പരിഗണിക്കപ്പെടുന്നതുകൊണ്ട് അവ കുട്ടികളിലുണ്ടാക്കുന്ന സമ്മർദ്ദവും ആകാംക്ഷയും പിരിമുറുക്കവും കാണാതെ പോകുന്നു. രോഗഗ്രസ്തമായ മാനസികാവസ്ഥയിൽ കുട്ടികൾക്ക് അധികം മുന്നോട്ടു പോകാനാകില്ല എന്നകാര്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളിൽ വളർന്നുവരുന്ന ലഹരിയോടുള്ള ആഭിമുഖ്യമടക്കം അഭികാമ്യമല്ലാത്ത പ്രവണതകൾക്ക് ഇതെല്ലാം കാരണവുമാകാം.

നല്ല പൗരരായി വളരാൻ കുട്ടികൾക്ക് ലഭിക്കേണ്ട അനുഭവങ്ങളൊന്നും പഠനമായി കാണാത്ത സമൂഹമനസ്സും തിരുത്തപ്പെടേണ്ടതാണ്. ജനാധിപത്യം, മതനിരപേക്ഷത, സാഹോദര്യം, ആർദ്രത,സഹാനുഭൂതി, അനുതാപം, ലിംഗാവബോധം, സഹകരണം, സഹവർത്തിത്വം, പൗരബോധം, ശുചിത്വബോധം, പാരിസ്ഥിതികാവബോധം തുടങ്ങിയ സാമൂഹ്യമൂല്യങ്ങൾ വികസിക്കേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്ന ബോധ്യം രക്ഷിതാക്കൾക്ക് ഇല്ലാത്തതും ഒരു പ്രതിസന്ധിയാണ്. പ്രളയഘട്ടത്തിലും കോവിഡ് കാലത്തും കേരളീയസമൂഹം കാട്ടിയ ഉദാത്തമായ സാമൂഹ്യബോധവും ബോധ്യവും വളർത്തിയതും വികസിപ്പിച്ചതും പൊതുവിദ്യാലയങ്ങളാണ് എന്ന കാര്യം ഇന്നത്തെ മുതിർന്നവർ പ്രത്യേകിച്ച് രക്ഷിതാക്കൾ ഉൾക്കൊള്ളാൻ തയ്യാറാകേണ്ടതുണ്ട്. അതിനായി അവരെ സജ്ജരാക്കുക എന്നത് ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം.

പ്രശ്നനിർദ്ധാരണത്തിനുള്ള കഴിവ് വികസിപ്പിക്കുക എന്നതാണ് ഇന്നത്തെ ലോകത്തിൽ അതിജീവനത്തിന് അനിവാര്യം. ആർജ്ജിത അറിവിനെ പ്രശ്നസന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയണം. ഇങ്ങനെയെങ്കിൽ വിവരങ്ങളുടെ ശേഖരണവും വർഗ്ഗീകരണവും വിശകലനവും നിഗമനങ്ങളിൽ എത്തിച്ചേരലും അങ്ങനെ ഉൽപ്പാദിപ്പിച്ച അറിവിന്റെ വിനിമയവുമെല്ലാം പ്രധാനമാകും. വിമർശനാവബോധം എന്നത് പ്രധാനപ്പെട്ട ഘടകമാണ്. സാമ്പ്രദായിക പഠനത്തിലൂടെ ഇതൊന്നും നേടിയെടുക്കാൻ കഴിയില്ല. ഇവിടെയാണ് പ്രവർത്തനാധിഷ്ഠിതവും പ്രക്രിയബന്ധിതവുമായ പഠനരീതി പ്രധാനമാകുന്നത്. സാമ്പ്രദായിക വിദ്യാഭ്യാസം പരീക്ഷകളെ അന്തിമമായി കാണുന്നു. എല്ലാവിധ അന്വേഷണ പഠനങ്ങളെയും അത് നിഷേധിക്കും. എന്നാൽ ആധുനിക വിദ്യാഭ്യാസരീതി പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറികളെയും അവിടെ നടക്കുന്ന പ്രക്രിയകളെയും അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കും. പഠനത്തിൽ മുന്നേറുന്ന കുട്ടിയെ ഓരോഘട്ടത്തിലും നിരന്തരം വിലയിരുത്തി ആവശ്യമായ അനുഭവങ്ങളും പിന്തുണയും ഉറപ്പാക്കി കുട്ടികളെ അറിവിന്റെ സ്രഷ്ടാക്കളാക്കി മാറ്റും. ആധുനിക ലോകക്രമം ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറാൻ കഴിയും വിധം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെങ്കിൽ നമ്മുടെ ക്ലാസ് മുറികൾ ആ രീതിയിലേക്ക് മാറണം. കുട്ടികളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ കഴിവുകളെ മാനിച്ചുകൊണ്ടും അവരെ അംഗീകരിച്ചു കൊണ്ടും മാത്രമേ ജനാധിപത്യ ക്ലാസ് മുറികൾ സാധ്യമാകൂ. ഇത്തരം ക്ലാസ് മുറികളെ നയിക്കാനുള്ള അറിവും കഴിവും മനോഭാവവും അധ്യാപകർക്കുണ്ടാവണം. അധ്യാപകരുടെ മനോഭാവമാറ്റം ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകമാണ്.

ഇതോടൊപ്പം പ്രധാനമാണ് കുട്ടികളും ടീച്ചറും തമ്മിലുള്ള മുഖാമുഖ സമയം. ഇപ്പോൾ വിദ്യാലയങ്ങൾക്ക് നൽകുന്ന അവധികൾ ഇങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്നകാര്യം പരിശോധിക്കപ്പെടണം. കുട്ടികളുടെ പഠനാവകാശമാണ് മറ്റേതൊരു അവകാശത്തെയുംകാൾ പ്രധാനം എന്നുള്ള ബോധ്യം അധ്യാപകർ അടക്കമുള്ള മുതിർന്നവർക്ക് ഉണ്ടാകേണ്ടതുണ്ട്. പഠനസമയം യാന്ത്രികമായി കണക്കാക്കുന്ന ഇന്നത്തെ രീതി മാറ്റിക്കൊണ്ടു മാത്രമേ ഗുണമേന്മാ വിദ്യാഭ്യാസത്തെ അഭിമുഖീകരിക്കാൻ നമുക്കു കഴിയൂ. അവധികള്‍ അധ്യാപകരുടെ അവകാശമായി കാണുകയും യഥാര്‍ത്ഥ കടമ വിസ്മരിക്കുകയും ചെയ്യുന്ന പ്രവണത ഒരു ചെറുവിഭാഗം അധ്യാപകര്‍ കാട്ടുന്നുണ്ട് എന്ന് പറയാതെ വയ്യ. അപകടകരമായ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമോ?

തൊഴിൽ മനോഭാവവും തൊഴിൽ നൈപുണിയും വികസിക്കേണ്ടത് അതിജീവനത്തിനും രാഷ്ട്ര പുനർനിർമാണത്തിനും അനിവാര്യമാണ്. ഇപ്പോൾ പ്രായത്തിനനുസരിച്ചാണ് ക്ലാസുകൾ. അത് തുടരേണ്ടിവരും. അതേസമയം അഭിരുചിക്കനുസരിച്ച് ഗ്രൂപ്പുകളായി കുട്ടികൾക്ക് അനുഭവങ്ങൾ ഒരുക്കേണ്ടതില്ലേ? ഒരേ ക്ലാസിൽ പഠിക്കുന്ന വരല്ലല്ലോ ഒരു സ്കൂളിന്റെ ടീം ആയി മാറുന്നത്. അങ്ങനെയെങ്കിൽ ഇതുകൂടി പരിഗണിക്കും വിധം ഇപ്പോൾ നിലവിലുള്ള സ്കൂൾ പഠനദിനങ്ങളും പഠന സമയവും എങ്ങനെ പരിവർത്തിപ്പിക്കാൻ കഴിയുമെന്നതും ആലോചിക്കേണ്ടതല്ലേ?

വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പുരോഗമനപരമായ മാറ്റങ്ങൾ സ്വാംശീകരിക്കാൻ കഴിയും വിധം അധ്യാപകരുടെ പ്രൊഫഷണല്‍ ഡെവലപ്‍മെന്റ് ചിട്ടപ്പെടണം. അങ്ങനെയെങ്കില്‍ സേവനകാല പരിശീലനവും അധ്യാപകരാകാൻ വേണ്ടി കടന്നുവരുന്ന പരിശീലനങ്ങളും കാലത്തിനനുസരിച്ച് മാറേണ്ടതില്ലേ? സേവനകാല പരിശീലനത്തിന്റെ കാര്യത്തിലും ഒരു പൊളിച്ചെഴുത്ത് അനിവാര്യമല്ലേ? അറിവിന്റെയും സാങ്കേതികവിദ്യയുടെയും ബോധനശാസ്ത്രരംഗത്തേയും വികാസത്തിന് അനുസൃതമായി അധ്യാപകർ നിരന്തരം നവീകരിക്കപ്പെടേണ്ടതില്ലേ? അധ്യാപകരെ ഈ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം അധ്യാപക സംഘടനകൾ ഏറ്റെടുക്കേണ്ടതില്ലേ? അധ്യാപക സംഘടനകളുടെ ഏറ്റവും പ്രധാന മുദ്രാവാക്യമായി ഗുണമേന്മാ വിദ്യാഭ്യാസത്തെ വരേണ്ടതില്ലേ? ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെങ്കില്‍ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതല്ലേ‍? കേരളത്തിലെ വിദ്യാഭ്യാസഗുണത സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും എത്തിച്ചേരുന്ന നിഗമനം പ്രശ്നങ്ങൾക്കെല്ലാത്തിനും ഉത്തരവാദി കുട്ടിയാണ് എന്നതാണ്. ഇങ്ങനെ ആരോപിച്ച് എത്രകാലം നമുക്കു മാറിനില്‍ക്കാന്‍ കഴിയും. ഇക്കാര്യങ്ങളെല്ലാം തുറന്ന മനസ്സോടെ സംവദിക്കപ്പെടേണ്ടതുണ്ട്.

ഇവ കൂടാതെ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം, കുട്ടികളുടെ എണ്ണം കണക്കാക്കിയുള്ള സ്കൂളുകളുടെ വലുപ്പം, അക്കാദമിക മാറ്റങ്ങള്‍ക്കനുസൃതമായി സ്കൂള്‍ ഘടനയിലുണ്ടാകേണ്ടുന്ന മാറ്റം, അക്കാദമിക മോണിറ്ററിങ് ഫലപ്രദമായി ശക്തിപ്പെടുത്തൽ, കുട്ടികളുടെ ആരോഗ്യ – കായികക്ഷമത വര്‍ദ്ധിപ്പിക്കല്‍, കുട്ടികളുടെ സ്വയംപ്രകാശന വേദികള്‍ വികസിപ്പിക്കല്‍, കലാകായിക രംഗത്ത് അഭിരുചിയുള്ള കുട്ടികളുടെ പഠനാവശ്യങ്ങള്‍ അഭിമുഖീകരിക്കല്‍, സ്കൂള്‍ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂള്‍ പാര്‍ലമെന്റുകള്‍ കൂടുതല്‍ ഫലപ്രദമാക്കല്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതികള്‍/ എസ്എംസികള്‍ എന്നിവ ശക്തിപ്പെടുത്തുക വഴി സമൂഹത്തിന്റെ ക്രിയാത്മക പങ്കാളിത്തം ഉറപ്പാക്കല്‍, എസ്-സിഇആര്‍ടി, സീമാറ്റ്, എസ്.ഐ.ഇടി, കൈറ്റ്, ഡയറ്റുകള്‍, ബിആര്‍സികള്‍ എന്നിവയെ സെന്റേഴ്സ് ഓഫ് എക്സലന്റ്സ് ആക്കി വളര്‍ത്തല്‍, ഉച്ചഭക്ഷണപദ്ധതി കാര്യക്ഷമമാക്കൽ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടല്‍, ഗണിതപഠനത്തിലും ശാസ്ത്രപഠനത്തിലും ഭാഷാപഠനത്തിലും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയ പരിമിതികള്‍ മറികടക്കാനും പുതിയ പഠനരീതിശാസ്ത്രം വികസിപ്പിക്കാനും വികേന്ദ്രീകൃതമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്ക‍ല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നാം ചര്‍ച്ച ചെയ്യണം.

ഒരുഭാഗത്ത് അറിവിന്റേയും സാങ്കേതികവിദ്യയുടേയും വളര്‍ച്ച, അതനുസരിച്ച്- ജ്ഞാനസമൂഹത്തെക്കുറിച്ചുള്ള പുരോഗമനാത്മകമായ സംവാദങ്ങള്‍, മറുഭാഗത്ത് തീവ്രദേശീയതയും മണ്ണിന്റെ മക്കള്‍വാദവും ഉയര്‍ത്തുന്ന തീവ്രവലതുപക്ഷം കൂടുതല്‍ ശക്തമാകുന്ന ലോക സാഹചര്യം. ഇതോടൊപ്പം വര്‍ഗ്ഗീയതയെക്കൂടി അംഗീകരിക്കുന്ന ഇന്ത്യന്‍ഭരണകൂടവും വിദ്യാഭ്യാസനയവും. ഇത്തരം സാഹചര്യങ്ങളെ പതറാതെ നിര്‍ഭയമായി അഭിമുഖീകരിക്കാനും ജനാധിപത്യ–മതനിരപേക്ഷ നിലപാടോടെ, ആത്മവിശ്വാസത്തോടെ അതിജീവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പ്രാപ്തമാകുംവിധം അറിവും കഴിവും നൈപുണിയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉത്തരവാദിത്തം എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്നവര്‍ക്കുണ്ട്. ഇതിനനുഗുണമായ തുറന്ന സംവാദങ്ങള്‍ ജനപങ്കാളിത്തത്തോടെ നടക്കണം. സംവാദങ്ങള്‍ നടത്തി ആത്മസംതൃപ്തി അടഞ്ഞാല്‍ മതിയാകില്ല. ഇതെല്ലാം ക്ലാസ്സ്മുറിയില്‍ പ്രതിഫലിക്കുന്നു എന്നുറപ്പാക്കുന്ന സമയബന്ധിതമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കാനും കഴിയണം. വലതുപക്ഷത്തിന് ഒരിക്കലും എല്ലാവരേയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസക്രമം അജൻഡയാകില്ല എന്നത് കേരളീയ അനുഭവമാണ്. അതുകൊണ്ട് എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന ഗുണമേന്മാ വിദ്യാഭ്യാസം വികസിപ്പിക്കാൻ ഇടതുപക്ഷ ശക്തികളുടെ തുടർച്ച പ്രധാനമാണ് എന്നതും കാണേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − five =

Most Popular