രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആഗോള തലത്തില്‍ കമ്പ്യൂട്ടറുകള്‍ വ്യത്യസ്ത മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ അതുയർത്തിയ വെല്ലുവിളി, കമ്പോള താല്പര്യം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളെ മറികടക്കുമോ എന്നതായിരുന്നു. എന്നാല്‍, 2000 ഒക്ടോബര്‍ 6ന് അക്കാദമിക ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് ഐടി സങ്കേതങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഐടി@സ്കൂള്‍ പ്രോജക്ട് രൂപീകരിക്കപ്പെട്ടു; രണ്ടര പതിറ്റാണ്ടുകള്‍ താണ്ടി ഇന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എന്ന പേരില്‍ ഈ രംഗത്തെ ആഗോള ബദല്‍ മാതൃകയായി ആ പ്രോജക്ട് വളർന്നു എന്നത് കേരളത്തിന് അഭിമാനിക്കാൻ കഴിയുന്ന കാര്യമാണ്. ആഭ്യന്തര മനുഷ്യ വിഭവശേഷിക്ക് മുൻഗണന നല്‍കുന്ന, കേവലം സാമ്പത്തിക-–കമ്പോള താല്പര്യങ്ങള്‍ക്കപ്പുറം സാങ്കേതികവിദ്യയെ സ്വതന്ത്രമായി ഉപയോഗിച്ചും പാഠ്യപദ്ധതി ചട്ടക്കൂടിനകത്തു പ്രതിഷ്ഠിച്ചും വേറിട്ട രീതിശാസ്ത്രം രൂപീകരിച്ചാണ് ഇത് സാധ്യമാക്കിയത്. 2016 നുശേഷം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സമഗ്രമായി മാറ്റിയെടുക്കുകയായിരുന്നു.
പശ്ചാത്തലവും അടിസ്ഥാന മാറ്റവും
പൊതുവിദ്യാലയങ്ങളിൽ വിവരവിനിമയസാങ്കേതികവിദ്യ (ഐസിടി) ഉൾപ്പെടുത്താനുള്ള ഒരു ജനകീയ സംരംഭമായി രൂപപ്പെട്ട ഐടി@സ്കൂള്‍ ഇന്ത്യയുടെ തുടക്കകാല ഡിജിറ്റൽ വ്യാപന ആശങ്കകള്‍ക്കിടയില്‍ കേരളത്തില്‍ വിപുലമായ കമ്പ്യൂട്ടർ സാക്ഷരതയ്ക്ക് അടിത്തറയിട്ടു. രണ്ടായിരത്തിന്റെ പകുതിയോടെ സാങ്കേതികവിദ്യയുടെ വിദ്യാഭ്യാസപരമായ പ്രാധാന്യം ആഗോളതലത്തിൽ വർധിച്ചപ്പോൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സമഗ്രത പരിരക്ഷിക്കാൻ കൂടിയുള്ള ശ്രമങ്ങള്‍ കേരളം ഏറ്റെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ 2017-ൽ ഐടി@സ്കൂള്‍ പദ്ധതി കൈറ്റ് എന്ന സര്‍ക്കാര്‍ കമ്പനിയായി മാറി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സമഗ്രമായ സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കരണങ്ങൾ കൈറ്റ് ഏകോപിപ്പിച്ചു വന്നു.
ഈ മാറ്റം കേരള മോഡലിന്റെ പ്രതീകമായിരുന്നു—മനുഷ്യ മൂലധനത്തിന് ഊന്നൽ നൽകുന്ന, സാമ്പത്തിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു വികസന സമീപനം. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത്, സാങ്കേതികവിദ്യയെ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂടിനുള്ളിൽ കൃത്യമായി സ്ഥാപിക്കുന്ന ഒരു വേറിട്ട രീതിശാസ്ത്രം കേരളം തെളിയിച്ചു. 2015-ന് ശേഷം, പ്രത്യേകിച്ചും കോവിഡാനന്തരം സ്മാർട്ട്ഫോൺ ഉപയോഗവും ഓൺലൈൻ വിഭവങ്ങളും വ്യാപിച്ചപ്പോൾ, വാണിജ്യ പ്ലാറ്റ്‌ഫോമുകൾ പഠന-വേഗതയും ഉള്ളടക്കവും നിർദ്ദേശിക്കുകയും, അധ്യാപകരുടെ സ്വാതന്ത്ര്യവും സാംസ്കാരിക പ്രസക്തിയും ഇല്ലാതാക്കുകയും ചെയ്യുന്ന “എഡ്ടെക് ഓവർലോഡ്” മറ്റു പ്രദേശങ്ങളിൽ ദൃശ്യമായി. എന്നാൽ, കൈറ്റ് ഈ ചലനാത്മകതയെ തലകീഴാക്കി, എല്ലാ ഡിജിറ്റൽ ഇടപെടലുകളും കേരളത്തിന്റെ പാഠ്യപദ്ധതി, പ്രാദേശിക ഭാഷകൾ, സാമൂഹിക നീതി തത്ത്വങ്ങൾ എന്നിവയുമായി സംയോജിപ്പിക്കണമെന്ന് നിർബന്ധിച്ചു.
ഈ അടിസ്ഥാന തത്ത്വം, 2018- ഓടെ 15,000 സ്കൂളുകളിലെ 40 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയെ വിമർശനാത്മക ചിന്തയോടെ സമീപിക്കാന്‍ അവസരമൊരുക്കി.
ഹൈടെക് മാറ്റങ്ങളുടെ തുടക്കം
വി എസ് അച്യുതാനന്ദൻ സർക്കാരിൽ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സ്‌കൂളുകളിൽ കേന്ദീകൃതമായി ഏർപ്പെടുത്തുന്നത്. 2008 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയോടെ കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്ക് മാറിയത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടിയില്‍ കേന്ദ്രീകരിച്ചുള്ള പഠനരീതിക്കു പകരം ഐടി അധിഷ്ഠിതമായി വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന രീതി സ്വീകരിച്ചു. 2008-ല്‍ തന്നെ മുഴുവന്‍ ഹൈസ്കൂള്‍-, ഹയര്‍സെക്കൻഡറി, സര്‍ക്കാര്‍-–എയിഡഡ് വ്യത്യാസമില്ലാതെ ബി.എസ്.എന്‍.എലുമായി സഹകരിച്ച് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി പ്രൈമറി, – അപ്പര്‍ പ്രൈമറി സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏർപ്പെടുത്തിയത് 2016-ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സർക്കാരാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐ.സി.ടി@സ്കൂള്‍ പദ്ധതിയിൽ 1016 സ്കൂളുകള്‍ക്ക് അനുമതി ലഭിച്ചത് 2007–0-8 വര്‍ഷത്തിലാണ്. ഇതിന്റെ പുരോഗതി വിലയിരുത്തി പിന്നീട് കേന്ദ്ര സര്‍ക്കാര്‍ 3055 സ്കൂളുകള്‍ക്കുകൂടി ഈ പദ്ധതി അനുവദിച്ചു. അങ്ങനെ 4071 സ്കൂളുകള്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് 270 കോടി രൂപ അനുവദിച്ചത് ഫലപ്രദമായി ഉപയോഗിക്കാനും നമ്മുടെ സ്കൂളുകളില്‍ ലാപ്‍ടോപ്പുകള്‍, പ്രൊജക്ടറുകള്‍, പ്രിന്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ടിവി, ജനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ അവയുടെ ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമാക്കാനും ഈ കാലയളവിൽ കഴിഞ്ഞു. സ്കൂളുകളിലെ തകരാറായ കമ്പ്യൂട്ടറുകള്‍ കുട്ടികളുടെകൂടി സഹായത്തോടെ ശരിയാക്കുന്ന ഹാര്‍ഡ്‍വെയര്‍ ക്ലിനിക്കുകൾ പോലുള്ള പദ്ധതികള്‍ ഏറെ ശ്രദ്ധേയമായി.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനായി ഐഎസ്ആര്‍ഒ എഡ്യൂസാറ്റ് സാറ്റലൈറ്റ് വിക്ഷേപിച്ചതിന്റെ ഫലമായി 2005ല്‍ കേരളത്തിലും എഡ്യൂസാറ്റ് ഇന്ററാക്ടീവ് സംവിധാനം നിലവില്‍ വന്നു. അതിന്റെ തുടര്‍ച്ചയായി ഇന്നു കാണുന്ന വിധത്തില്‍ സാധാരണക്കാരുടെ വീടുകളില്‍ വരെയെത്തുന്ന (ഒരു നോണ്‍-ഇന്ററാക്ടീവ്) വിക്ടേഴ്സ് ചാനൽ 2006 ആഗസ്ത് 3 നാണ് ആരംഭിക്കുന്നത്. ഇ–ഗവേണന്‍സ് മേഖലയില്‍ കേരളത്തെ ദേശീയതലത്തില്‍ ഒന്നാമതാക്കിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ ഐടി@സ്കൂള്‍ സംവിധാനം വഴി വിദ്യാഭ്യാസ വകുപ്പ് നടത്തിയത്. അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും പ്ലസ്‍വണ്‍ പ്രവേശനം സാധ്യമാക്കുന്ന പ്ലസ്‍വണ്‍ ഏകജാലക സംവിധാനം ഏർപ്പെടുത്തിയതും, 55,000 അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും പൂര്‍ണമായും ഓണ്‍ലൈനാക്കിയതും, ഉച്ചഭക്ഷണ വിതരണം, പാഠപുസ്തക വിതരണം തുടങ്ങിയവയ്ക്ക് പൂര്‍ണ സുതാര്യതയോടെ ഓണ്‍ലൈന്‍ സംവിധാനം ആവിഷ്കരിച്ചതും കലോത്സവങ്ങള്‍ക്ക് ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തിയതും സ്‌കൂൾ വിക്കി റിസോഴ്സ് പോര്‍ട്ടല്‍ ആരംഭിച്ചതുമെല്ലാം ഈ കാലത്തായിരുന്നു.
പാഠ്യപദ്ധതി ഏകോപനവും
ആധുനികവൽക്കരണവും
ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഒരു ഐച്ഛിക സൗകര്യത്തിൽ (ഓപ്ഷണല്‍ വിഷയത്തില്‍) നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കി ഉയർത്തിയ ധീരമായ പാഠ്യപദ്ധതി പരിഷ്കരണങ്ങളാണ് കേരളത്തില്‍ നടത്തിയത്. ഘട്ടംഘട്ടമായി 1 മുതൽ 10 വരെ ക്ലാസുകളില്‍ ഐസിടി നിർബന്ധിത വിഷയമാക്കിയ തീരുമാനം, ഇന്ത്യയിൽ ആദ്യമായി, കമ്പ്യൂട്ടേഷണൽ ചിന്തയും ഡിജിറ്റൽ നൈതികതയും പ്രധാന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എന്ന പേരില്‍ ശ്രദ്ധ നേടുന്നതിനിടയാക്കി. 2018-ഓടെ നടപ്പാക്കിയ ഹൈടെക് സ്കൂള്‍ പദ്ധതികള്‍ സാമൂഹിക, -സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കാൻ സഹായിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വിഭജിത നടപ്പാക്കലുകളിൽ നിന്നു വ്യത്യസ്തമായി, കേരളത്തിന്റെ ഈ സമീപനം ഐസിടി-യെ പ്രധാന വിഷയങ്ങളുമായി സമന്വയിപ്പിക്കാന്‍ സഹായകമായി. അതായത്—ഗണിത പാഠങ്ങൾ പ്രശ്നപരിഹാരത്തിനായി കോഡിങ് ഉപയോഗിക്കാനും സാമൂഹ്യശാസ്ത്രത്തില്‍ ചരിത്ര വിശകലനത്തിനായി ഡാറ്റ വിഷ്വലൈസേഷൻ ഉൾപ്പെടുത്താനുമെല്ലാം ഇത് സഹായകമായി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്കെത്തിയതാണ് കേരളം കണ്ടത്.
2024-ൽ, 7-–ാം ക്ലാസിലെ ഐസിടി പാഠപുസ്തകത്തില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അടിസ്ഥാനങ്ങളും വസ്തുതാ പരിശോധന മൊഡ്യൂളുകളും ഉള്‍പ്പെടുത്തി. അതോടൊപ്പം misinformation വ്യാപന കാലത്ത് തെറ്റായ വിവരങ്ങളെ വേർതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കി. അധ്യാപകരും വിദ്യാഭ്യാസ സാങ്കേതിക വിദഗ്ധരും ചേർന്നുള്ള പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച ഈ സംരംഭങ്ങള്‍ ഡാറ്റാസെറ്റുകളിലെ പക്ഷപാതം കണ്ടെത്തൽ പോലുള്ള ഉത്തരവാദിത്വപൂർണമായ നിര്‍മിതബുദ്ധി ഉപയോഗത്തിന് ഊന്നൽ നൽകി, ഇതിന്റെ തുടർച്ചയായി, 2025-ല്‍ 8 മുതൽ 10 വരെ ക്ലാസുകളിലേക്ക് ഈ മൊഡ്യൂളുകൾ വിപുലീകരിച്ചു.
ഇതിനോടൊപ്പം, കൈറ്റ് പാഠ്യപദ്ധതിയെ future- ready skills-മായി സമന്വയിപ്പിച്ചു, സർഗാത്മകതയുടെയും കമ്പ്യൂട്ടേഷന്റെയും സംഗമം സാധ്യമാക്കി. 2024 ല്‍ 3-–ാം ക്ലാസ് മുതല്‍ ഐസിടി പാഠ്യപദ്ധതിയിൽ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) എന്നിവ ഉൾപ്പെടുത്തി, അമൂർത്തമായ ആശയങ്ങളെപ്പോലും ആകർഷകമായ വിവരണങ്ങളാക്കി മാറ്റാനും ഇതുവഴി പാരിസ്ഥിതിക സംവിധാനങ്ങളോ ചരിത്ര സംഭവങ്ങളോ ഒക്കെ അനുകരിക്കുന്ന വിദ്യാഭ്യാസ ഗെയിമുകൾ സൃഷ്ടിക്കാനുമൊക്കെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അവസരം ലഭിച്ചു. 2025-ൽ 10-–ാം ക്ലാസ് ഐസിടി പാഠപുസ്തകത്തിൽ റോബോട്ടിക്സ് ഉൾപ്പെടുത്തി. ഇതുവഴി സെൻസർ ഏകോപനവും ഓട്ടോമേഷൻ നൈതികതയും ഉൾക്കൊള്ളുന്ന പ്രായോഗിക മൊഡ്യൂളുകൾ കുട്ടികളില്‍ എൻജിനീയറിംഗ് മനോഭാവം വളർത്തി. കേരളത്തിലെ പത്താം ക്ലാസിലെ നാലുലക്ഷത്തിലധികം കുട്ടികള്‍ക്കും ഈ വർഷം മുതല്‍ റോബോട്ടിക്സ് പഠനത്തിന് അവസരം ലഭിക്കുന്നതോടെ ഗ്രാമ-, നഗര വ്യത്യാസമില്ലാതെ സാര്‍വത്രികമായ റോബോട്ടിക്സ് പഠനം സാധ്യമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന അടിസ്ഥാനശില
കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായത് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ Free and Open Source Software അഥവാ (FOSS) ഉപയോഗിച്ചുവരുന്നതാണ്. 2007ലെ ഐടി നയത്തെത്തുടര്‍ന്ന് ഐടി@സ്കൂള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിർബന്ധമാക്കിയപ്പോള്‍ വാണിജ്യ നിയന്ത്രണങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കുന്ന, വെണ്ടർ-ലോക്ക്- – ഇൻ എന്നസംവിധാനവും അമിതമായ ലൈസൻസിങ് ഫീസും ഒഴിവാക്കുന്ന മാതൃകയായി അത് പ്രശംസിക്കപ്പെട്ടു.
കൈറ്റിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടൂളുകളുടെ ശേഖരം ഈ തത്ത്വത്തെ പ്രകടമാക്കുന്നു. പ്രൊപ്രൈറ്ററി ബദലുകൾ തടയുന്ന അക്കാദമിക് സ്വാതന്ത്ര്യം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നൽകുന്നു. സാല്‍സ്ബെർഗ് സര്‍വകലാശാല വികസിപ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനായ GeoGebra വഴി ഡൈനാമിക് ജ്യോമെട്രി സിമുലേഷനുകൾ ഉള്‍പ്പെടെ ഗണിത പഠനത്തിന്റെ ഭാഗമാക്കാന്‍ കേരളത്തിനായി. വിദ്യാർത്ഥികൾക്ക് തിയറങ്ങളെ തത്സമയം ദൃശ്യവൽക്കരിക്കാൻ അവസരം നല്‍കി. കൊളാറോഡോ സര്‍വകലാശാല വികസിപ്പിച്ച PhET ഇന്ററാക്ടീവ് സിമുലേഷനുകൾ, ഫിസിക്സും കെമിസ്ട്രിയും നമ്മുടെ ക്ലാസ്‌മുറികളില്‍ ജീവനുള്ളതാക്കി. ഇത് ഭൗതിക ഉപകരണങ്ങളുടെ ദൗർലഭ്യം കുറച്ചു. GCompris, MIT Media Lab-ന്റെ Scratch എന്നിവ പ്രൈമറി ക്ലാസുകളിൽ എഡ്യൂടെയിന്‍മെന്റ് രീതിയില്‍ കമ്പ്യൂട്ടേഷണൽ സർഗാത്മകത വളർത്തി. സ്വതന്ത്രമായി പരിഷ്കരിക്കാവുന്ന ഈ ടൂളുകൾ, കേരളത്തിന്റെ മൺസൂൺ പാറ്റേണുകൾ PhET-ൽ മോഡലിങ് ചെയ്യാനും Scratch-ൽ പ്രാദേശിക കഥകൾ കോഡിങ് ചെയ്യാനുമൊക്കെ നമ്മുടെ അധ്യാപകരെ പ്രാപ്തരാക്കി. സാംസ്കാരികമായി പ്രസക്തമായ ഡിജിറ്റൽ പെഡഗോജി വളർത്താന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായകമായി.
ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിത്തറ, പ്രത്യേകിച്ച് AI-യിൽ, സ്വന്തമായി ഉല്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകി. വിദ്യാർത്ഥി ഇടപെടലുകളിൽ നിന്നും തുറന്ന വിദ്യാഭ്യാസ വിഭവങ്ങളിൽ നിന്നും നമ്മുടെ സവിശേഷമായ ഡാറ്റാസെറ്റ് ശേഖരിച്ച്, വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചട്ടക്കൂടുകൾ ഉപയോഗിച്ച് സ്വന്തമായ എഐ എഞ്ചിന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടു. എഐ മോഡലുകളിലെ അൽഗോരിതമിക് പക്ഷപാതങ്ങൾ ഇത് ലഘൂകരിക്കുന്നു. ഇതിനായ് ഫെഡറേറ്റഡ് ലേണിങ് ഉപയോഗിച്ച് ഡാറ്റാ പ്രാദേശികത ഉറപ്പാക്കി, വാണിജ്യ എ.ഐ-യിലെ നിരീക്ഷണ ആശങ്കകൾക്ക് ബദലായി സ്വകാര്യത പരിരക്ഷിക്കപ്പെടാന്‍ ഇതവസരമൊരുക്കി. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളുമായി യോജിച്ചുകൊണ്ട് ബാഹ്യ അല്‍ഗോരിതമിക് സ്വാധീനങ്ങളില്‍ നിന്ന് മുക്തമായും നമ്മുടെ അക്കാദമിക് ചട്ടക്കൂടിനകത്തു നിന്നുകൊണ്ടും സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാം എന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വഴി കേരളം തെളിയിച്ചു.
ഹൈടെക് സ്കൂൾ പദ്ധതികൾ
കേരളത്തിലെ 4,752 ഹൈസ്കൂളുകളും ഹയർസെക്കൻഡറി സ്കൂളുകളും ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ചു. 45,000-ത്തിലധികം ക്ലാസ് മുറികൾ ഡിജിറ്റൽ സംവിധാനങ്ങളോടെ സജ്ജമായി. 2 ലക്ഷത്തിലധികം ലാപ്‌ടോപ്പുകൾ, 70,000 പ്രൊജക്ടറുകൾ തുടങ്ങി 4.5 ലക്ഷം ഐസിടി ഉപകരണങ്ങള്‍ ഇതിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍-–എയിഡഡ് സ്കൂളുകളില്‍ കൈറ്റ് വിന്യസിച്ചു. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 11,000 ത്തിലധികം സ്കൂളുകളില്‍ സജ്ജമാക്കിയ ഹൈടെക് ലാബുകൾ സാങ്കേതികവിദ്യാധിഷ്ഠിത പഠനം ആകർഷകവും സംവേദനാത്മകവുമാക്കി. 1.8 ലക്ഷത്തിലധികം അധ്യാപകർക്ക് കൈറ്റ് പ്രത്യേക പരിശീലനവും നൽകി. 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ്‌മുറികളിലും ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ഇന്നും ദേശീയ തലത്തില്‍ (മറ്റു സംസ്ഥാനങ്ങള്‍ക്ക്) ചിന്തിക്കാൻപോലും കഴിയാത്ത കാര്യമാണ്. 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു.
ലിറ്റിൽ കൈറ്റ്സ്
അടുത്ത തലമുറയെ സാങ്കേതികമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പാക്കുന്ന പദ്ധതിയാണ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബുകള്‍. കേരളത്തിലെ 2200 ലധികം സ്കൂളുകളിൽ ഈ യൂണിറ്റുകളുണ്ട്, 1.8 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും ഇതിൽ അംഗങ്ങളാകുന്നു. ഈ കുട്ടികൾക്ക് 2023–-24 അധ്യയനവര്‍ഷം 9000-ത്തോളം റോബോട്ടിക് കിറ്റുകളിലൂടെ എഐ, ഐഒടി തുടങ്ങിയ സാങ്കേതിക മേഖലകളിൽ പരിശീലനം നൽകിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് 29,000 റോബോട്ടിക് കിറ്റുകൾ ഹൈസ്കൂളുകൾക്ക് വിതരണം ചെയ്ത് 2025-–26അധ്യയന വർഷം മുതല്‍ പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനം രാജ്യത്താദ്യമായി മുഴുവന്‍ കുട്ടികൾക്കും കേരളം ഏര്‍പ്പെടുത്തിയത്. ലിറ്റില്‍ കൈറ്റ്സ് പദ്ധതി യൂണിസെഫിന്റെ ഉൾപ്പെടെ രാജ്യാന്തര പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനം, അനുകരിക്കാവുന്ന മികച്ച മാതൃകയായി ഇതിനെ വിശേഷിപ്പിക്കുകയും ഫിന്‍ലാന്‍ഡ് പോലുള്ള ലോകോത്തര നിലവാരമുള്ള രാജ്യങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വ്യാജവാർത്തകളെയും തെറ്റായ വിവരങ്ങളെയും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ‘സത്യമേവ ജയതേ’ എന്ന പദ്ധതിയും കൈറ്റ് നടപ്പാക്കി. ഇതിന്റെ ഭാഗമായി 19.72 ലക്ഷം സ്കൂള്‍ കുട്ടികൾക്ക് ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകി. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ വ്യാജവാർത്തകൾ കണ്ടെത്താനുള്ള അധ്യായങ്ങൾ ഉൾപ്പെടുത്തി. നാല് ലക്ഷം രക്ഷിതാക്കള്‍ക്ക് ‘അമ്മ അറിയാന്‍’, ‘സൈബര്‍ സുരക്ഷ’ പദ്ധതിയിലൂടെ ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികള്‍ പരിശീലനം നല്‍കി.
സമഗ്ര പ്ലസും സഹിതവും
വിദ്യാഭ്യാസ ഉള്ളടക്ക വിതരണത്തിനായി കൈറ്റ് വികസിപ്പിച്ചെടുത്ത പ്രധാന പോർട്ടലാണ് ‘സമഗ്ര പ്ലസ്’. ഈ പോർട്ടലിൽ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, ഓഡിയോ ഫയലുകൾ, ഇന്ററാക്ടീവ് ആപ്ലിക്കേഷനുകൾ, വർക്ക്‌ഷീറ്റുകൾ എന്നിവ ഉൾപ്പെടെ പതിനായിരക്കണക്കിന് അധിക ഡിജിറ്റൽ വിഭവങ്ങൾ ലഭ്യമാണ്. അധ്യാപകര്‍ക്ക് ക്ലാസ്റൂം വിനിയമത്തിന് പാഠാസൂത്രണം നടത്തുന്നതോടൊപ്പം കുട്ടികളുടെ സ്വയം പഠനത്തിനും വിലയിരുത്തലിനും സഹായിക്കുന്ന ‘പഠനമുറി’ (Learning Room) സംവിധാനം ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഭാഷാ വിഷയങ്ങൾക്കായി പോഡ്‌കാസ്റ്റ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ ഹൈടെക് ക്ലാസ്- മുറികളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നത് സമഗ്രപ്ലസിലെ ഉള്ളടക്കം ഉപയോഗിച്ചാണ്.
‘സഹിതം’ എന്ന പദ്ധതി മെന്ററിംഗ് വഴി കുട്ടികളെ പഠനത്തിൽ സഹായിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ്. ഇത് കുട്ടികളെക്കുറിച്ചുള്ള അക്കാദമിക-സാമൂഹ്യ വിവരങ്ങൾ വിശകലനം ചെയ്ത് അവരെ മനസിലാക്കി അതിനനുസരിച്ച് അധിക പിന്തുണ നൽകാനും അധ്യാപകരെ സഹായിക്കുന്നു. രക്ഷിതാക്കള്‍ക്കും സഹിതം പോർട്ടല്‍ വഴി അവരുടെ കുട്ടികളുടെ വിവരങ്ങളറിയാം.
അക്കാദമിക് മോണിറ്ററിംഗ്
വിദ്യാഭ്യാസ വകുപ്പിന്റെ വ്യത്യസ്ത തലത്തിലുള്ള ഓഫീസർമാര്‍ക്ക് സ്കൂളുകളിലെ അക്കാദമിക നിലവാരം ക്ലാസ് അടിസ്ഥാനത്തിലും പരിശോധിക്കാന്‍ സമഗ്രപ്ലസ് പോർട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി കൈറ്റ് വികസിപ്പിച്ചെടുത്ത മറ്റൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സമ്പൂർണ പ്ലസ്. ഇതിലൂടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കാദമിക് പ്രകടനം, ഹാജർനില, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കാന്‍ സാധിക്കുന്നു. ഇതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും തമ്മിൽ ആശയവിനിമയം നടത്താനുള്ള സൗകര്യവും ഉണ്ട്. 15,369 സ്കൂളുകളിലെ 43.61 ലക്ഷം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.
സ്കൂളുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്ന കൈറ്റിന്റെ പോർട്ടലാണ് സമേതം. ഇതില്‍ സ്കൂളുകളിലുള്ള ഭൗതിക സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും ഉള്‍പ്പെടെ ചേർത്തിട്ടുണ്ട്.
സ്കൂൾവിക്കി, കൈറ്റ് വിക്ടേഴ്സ് ചാനൽ
2009 ല്‍ ആരംഭിച്ച സ്കൂൾവിക്കി വിദ്യാലയങ്ങളുടെ വിവരങ്ങള്‍ പങ്കിടുന്ന, ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ വിജ്ഞാനകോശമാണ്. 1.92 ലക്ഷം ലേഖനങ്ങളും 81306 ഉപയോക്താക്കളും നിലവിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയ സ്കൂള്‍വിക്കിയ്ക്ക് ഉണ്ട്. വിക്കിപീഡിയ മാതൃകയില്‍ പങ്കാളിത്ത സ്വഭാവത്തോടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സ്കൂള്‍ വിക്കിയില്‍ 2016 മുതലുള്ള സ്കൂള്‍ കലോത്സവ രചന-ാചിത്രരചന ഇനങ്ങള്‍, കായികോത്സവ ചിത്രങ്ങള്‍ എന്ന് തുടങ്ങി ലക്ഷക്കണക്കിന് ചിത്രങ്ങളും രേഖകളും നിലവില്‍ ലഭ്യമാണ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നാണ് 2006 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച കൈറ്റ് വിക്ടേഴ്സ് ചാനൽ. ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ചാനലാണ്. കോവിഡ് കാലത്തെ ‘ഫസ്റ്റ് ബെൽ’ ഡിജിറ്റല്‍ ക്ലാസുകള്‍, ഹരിത വിദ്യാലയം റിയാലിറ്റിഷോ, ഗ്രേറ്റ് ടീച്ചേഴ്സ് തുടങ്ങി നിരവധി പരിപാടികള്‍ കൈറ്റ് വിക്ടേഴ്സിനുണ്ട്. കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് മാത്രം ഇന്ന് 32.6 ലക്ഷം വരിക്കാരുണ്ട്. വെബിലും ‘KITE VICTERS’ എന്ന മൊബൈല്‍ ആപ്പിലും ഈ ചാനല്‍ ലഭ്യമാണ്.
ഇ–ഗവേണന്‍സ് പ്രവർത്തനങ്ങള്‍
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ പ്രവർത്തനങ്ങള്‍ക്കുപരി ഓപ്പണ്‍ ഹാർഡ്‌വെയറും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇ–ഗവേണന്‍സ് പ്രവർത്തനങ്ങള്‍ ഭരണനിര്‍വ്വഹണം, അക്കാദമിക പ്രവർത്തനം, മേളകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പ് എന്നിങ്ങനെ മിക്ക മേഖലകളിലും സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് വകുപ്പിന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. സമ്പൂർണ, സമ്പൂർണ പ്ലസ്, സമഗ്ര, സമഗ്ര പ്ലസ്, സഹിതം, സമേതം, സമന്വയ, സ്കൂള്‍ കലോല്‍സവം, സ്കൂള്‍ ശാസ്ത്രോല്‍സവം, സ്കൂള്‍ കായികമേള തുടങ്ങി 60 ലധികം സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു മാത്രമായി കൈറ്റ് ലഭ്യമാക്കുന്നുണ്ട്. എയിഡഡ് സ്കൂള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും നിയമനാംഗീകാരം, സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയവയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രസ്തുത മേഖലകളിലെ ഭരണഭാരം ലഘൂകരിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങള്‍ നടത്തുന്നതിനും സഹായകമായി.
പൊതുവിദ്യാഭ്യാസ മേഖലയിലും സ്വതന്ത്രസോഫ്റ്റ്‌വെയർ വിന്യാസത്തിലും ഉപയോഗത്തിലും ഹൈബ്രിഡ് അധ്യാപനത്തിലും സാങ്കേതികവിദ്യാധിഷ്ഠിത ഭരണനിർവഹണത്തിലും സാമൂഹ്യ ഇടപെടലിലുമെല്ലാമുളള പ്രവത്തനങ്ങളുടെ അംഗീകാരം എന്ന നിലയിൽ 2022 ലെ ഡിജിറ്റൽ ടെക്നോളജി സഭാ അവാർഡ് മുതൽ 2023 ലെ ഇ-ക്യൂബ് ഇംഗ്ലീഷിനുളള ടെക്നോളജിസഭാ നാഷണൽ അവാർഡ് വരെ, 2017 മുതലിങ്ങോട്ട് 9 ദേശിയ ബഹുമതികൾ കൈറ്റ് നേടി. UNESCO യുടെ 2023 ലെ ICT in Education Prize നോടൊപ്പം 2022 ലെ Chief Minister’s Award for Innovations in Public Policy അവാർഡും കൈറ്റിന് ലഭിച്ചു.
കൈറ്റിന്റെ വിവിധ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഐടി അധിഷ്ഠിതമായ വലിയ മാറ്റമാണ് കൊണ്ടുവന്നത്. ഹൈടെക് ക്ലാസ് മുറികൾ, ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്‌ഫോമുകൾ, നൂതന സാങ്കേതിക പരിശീലനങ്ങൾ എന്നിവയിലൂടെ ഐടി പഠനവും മറ്റു വിഷയങ്ങള്‍ ഐടി ഉപയോഗിച്ച് പഠിക്കുന്നതും കൂടുതല്‍ കാര്യക്ഷമവും രസകരവുമാക്കി. ചുരുക്കത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍, സാങ്കേതികവിദ്യകളെ ശക്തമായ അക്കാദമിക് ചട്ടക്കൂടിനകത്ത് പ്രതിഷ്ഠിച്ചുകൊണ്ട് മുന്നേറുക എന്ന വെല്ലുവിളിയാണ് കൈറ്റിലൂടെ കേരളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. l



