Wednesday, November 12, 2025

ad

Homeകവര്‍സ്റ്റോറിവേണം പുതിയ 
അളവുകോലുകൾ

വേണം പുതിയ 
അളവുകോലുകൾ

സി രവീന്ദ്രനാഥ്

രു ജനതയെ മുന്നോട്ടുനയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിഷയമാണ് വിദ്യാഭ്യാസം. ഭരണകൂടം ഉൽപ്പാദിപ്പിക്കുന്ന ആശയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സമൂഹ മനസ്സിലെത്തിച്ചാണ് ജനങ്ങളെ കൂടെ നിർത്തുന്നത് എന്ന് അന്റോണി ഗ്രാംഷി പറയുന്നു. ചൂഷണ വ്യവസ്ഥയെ അപ്പാടെതന്നെ അംഗീകരിക്കുവാൻ വിദ്യാഭ്യാസത്തെയാണ് ഉപയോഗിക്കുന്നതെന്ന് ലൂയി അൽത്തൂസറും പറയുന്നു. അതിനാൽ ശരിയായ വിദ്യാഭ്യാസം വിമോചനത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് പൗലോഫ്രെയർ പറയുന്നുണ്ട്; വിദ്യാഭ്യാസത്തിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്നർഥം.

വിദ്യാഭ്യാസം മൂന്ന് തരത്തിലുണ്ട്. 1. സാമ്പ്രദായിക വിദ്യാഭ്യാസം 2. പ്രതിലോമ വിദ്യാഭ്യാസം 3. ആധുനിക അല്ലെങ്കിൽ പുരോഗമന വിദ്യാഭ്യാസം. സാമ്പ്രദായിക വിദ്യാഭ്യാസത്തിലൂടെയാണ് ചൂഷണ വ്യവസ്ഥ നിലനിന്നുപോകുന്നത്. വ്യവസ്ഥക്കനുകൂലമായ മനസ്സിനെ ഉൽപ്പാദിപ്പിക്കലാണ് സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. കരിക്കുലവും സിലബസ്സും പാഠ്യപദ്ധതിയും പെഡഗോജിയും പാഠപുസ്തകവും ഇതിനനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കും. വലതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ രീതിയാണിത്. ഔട്ട് കം ബേസ്ഡ് പെഡഗോജിയെല്ലാം ഈ പ്രക്രിയയുടെ ഉപകരണങ്ങളാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളെല്ലാം മുന്നോട്ടുവച്ച പ്രധാന വിദ്യാഭ്യാസ ദർശനം ഈ ചട്ടക്കൂടിനുള്ളിൽ നിൽക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പരിമിതിയും ഇതായിരുന്നു.

ലൂയി അൽത്തൂസർ

പ്രതിലോമ വിദ്യാഭ്യാസത്തിന്റെ വളർച്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സമൂഹ മനസ്സിനെ പിറകിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണ് പ്രതിലോമ വിദ്യാഭ്യാസത്തിന്റെ പ്രത്യയശാസ്ത്രം. ഫാസിസ്റ്റ് ചിന്തകൾ ഉണർന്നു നിൽക്കുന്നതിനു വേണ്ടിയുള്ള പ്രത്യയശാസ്ത്ര ഇടപെടലാണിത്. സമൂഹ മനസ്സിനെ വരേണ്യ യുക്തിയിലേക്ക് നയിക്കുവാൻ ലക്ഷ്യമിടുന്നതാണ് ഈ വിദ്യാഭ്യാസ രീതി. ‘‘പുതിയ വിദ്യാഭ്യാസ നയം (NEP)2020’’ ഈ ലക്ഷ്യത്തിലുള്ള വിദ്യാഭ്യാസ നയമാണ്. അതുകൊണ്ടുതന്നെയാണ് പാർലമെന്റിൽപോലും ചർച്ചയില്ലാതെ അത് പാസാക്കിയത്. ഇതുവരെ സമൂഹം മുന്നേറിയതിനെ അപനിർമിക്കുന്ന വിദ്യാഭ്യാസനയമാണ് NEP (New Education Policy) 2020. ഇന്ത്യൻ അക്കാദമിക് സമൂഹം ഈ നയത്തെ കൃത്യമായി തുറന്നുകാട്ടണം. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ അക്കാദമിക് സമൂഹം ചെയ്ത പ്രയത്നങ്ങളെയെല്ലാം തകർക്കുന്നതാണീ സമീപനം. ആധുനിക ശാസ്ത്ര നിഗമനങ്ങളെയെല്ലാം കാറ്റിൽ പറത്തുകയാണ്. ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലും സിലബസ്സിൽനിന്ന് അടർത്തിമാറ്റി. ജിനോമിക്സ് എന്ന ശാസ്ത്രശാഖ അതിവേഗം പുരോഗമിക്കുമ്പോൾ പരിണാമ ശാസ്ത്രം അറിയാത്ത ഇന്ത്യൻ ജനത എവിടെ നിൽക്കും ? ആവർത്തന പട്ടിക അറിയാത്ത പുതിയ ഇന്ത്യൻ സമൂഹം ഇരുട്ടിൽ തപ്പുകയല്ലേയുള്ളൂ.

അതിനാൽ NEP എതിർക്കപ്പെടേണ്ടതാണ്. സൃഷ്ടിവാദം, പഞ്ചഭൂത സിദ്ധാന്തം എന്നിവയെ സമൂഹ മനസ്സിൽ പ്രതിഷ്ഠിക്കുവാനുള്ള നീക്കം അപകടകരമാണ്, ഇന്ത്യൻ ജനതയെ പിറകോട്ടുകൊണ്ടുപോകലാണിത്. ഇതൊരിക്കലും വികസനമോ പുരോഗമനമോ അല്ല.

പൗലോ ഫ്രെയർ

കേരളം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ തുടങ്ങിവച്ച വിദ്യാഭ്യാസ മാറ്റങ്ങൾ പുരോഗമന വിദ്യാഭ്യാസ ചിന്തയിലധിഷ്ഠിതമാണ്. നിലവിലെ വ്യവസ്ഥയെ മാറ്റുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുവാനുള്ള ശാസ്ത്രീയ ഇടപെടലാണ് പുരോഗമന വിദ്യാഭ്യാസം. വ്യവസ്ഥയിലെ പ്രതിലോമ ഘടകങ്ങളെ തിരിച്ചറിയുകയും അതിനെ മാറ്റുവാനുള്ള ചിന്ത ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പുരോഗമന വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ അത് വിമർശനാത്മക വിദ്യാഭ്യാസവുമാണ്. നിലനിൽക്കുന്ന ചൂഷണ വ്യവസ്ഥയോടുള്ള വിമർശനം മനസ്സിൽ ഉയർന്നുവരണമെന്ന് ഈ രീതി ഉദ്ദേശിക്കുന്നു. നിലവിലുള്ള അന്ധവിശ്വാസത്തോടുള്ള വിമർശനത്തിലൂടെ മാത്രമേ ശാസ്ത്രബോധമുൽപാദിപ്പിക്കുവാനും അന്ധവിശ്വാസമില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കാണുവാനും കഴിയൂ. വിമർശനാത്മക ബോധന ശാസ്ത്രം എന്ന ബോധന സങ്കേതത്തിന് വളരെയധികം പ്രാധാന്യം ഇവിടെ ഉണ്ടായിരിക്കും. ഇതാണ് യഥാർഥ പുരോഗമന ശാസ്ത്രം. ശാസ്ത്ര യുക്തിയും പ്രകൃതിയുക്തിയും മാനവികതയും ലയിച്ചുചേരുന്ന ഒരു സമൂഹമാണ് പുരോഗമന വിദ്യാഭ്യാസത്തിന് മുന്നിലുള്ള ലക്ഷ്യം. പൊതുവിദ്യാഭ്യാസത്തിലൂടെ തുടങ്ങി വിദ്യാകിരണമെന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയിലൂടെ വളർന്ന് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വിദ്യാഭ്യാസ പദ്ധതിയായി അത് മാറുകയാണ്. നാളത്തെ ലോകത്തിന് ഇത് മാതൃകയാകും.

ഇവിടെ ഒരു പ്രശ്നം ഉയർന്നുവരുന്നു. ആധുനിക വിദ്യാഭ്യാസത്തെ അളക്കുവാൻ അളവുകോലുകളില്ല (Parameters). ഇന്നും വിദ്യാഭ്യാസത്തിലെ പല മേഖലകളെയും അളക്കുന്നത് സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ അളവുകോലുകളുപയോഗിച്ചാണ്. പരീക്ഷ, മാർക്ക്, തുടർ പരിശീലനം, മോണിറ്ററിങ്, കുട്ടിയുടെ ബോധതലം, അക്കാദമിക് നേട്ടങ്ങൾ, ഗുണനിലവാര പരിശോധന, അധ്യാപക മോണിറ്ററിങ്, വിദ്യാലയനേട്ടങ്ങൾ, അക്കാദമിക് മികവ്, ആധുനികതയുടെ തലം, സാമൂഹികതലം തുടങ്ങിയ സുപ്രധാനമായ വിദ്യാഭ്യാസ നേട്ടങ്ങൾ പുരോഗമന വിദ്യാഭ്യാസത്തിൽ വളരെ വ്യത്യസ്തമാണ്. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ രീതിയിലുള്ള, ആധുനികത സൃഷ്ടിക്കുന്ന നേട്ടങ്ങളെ അളക്കുവാൻ പുതിയ അളവുകോൽ വേണം. ഇക്കാലത്ത് സാമ്പ്രദായിക വിദ്യാഭ്യാസത്തിന്റെ അളവുകോലുകളുപയോഗിച്ചാണ് പലരും പുതിയ നേട്ടങ്ങളെ അളന്ന് അഭിപ്രായം പറയുന്നത്. ഇത് തുറന്നുകാട്ടണം. പുതിയ അളവുകോലുകൾക്കായി ഗവേഷണങ്ങൾ നടക്കണം.

ക്ലാസ്സ് പ്രവർത്തനങ്ങളിലുള്ള മാറ്റങ്ങൾ പൊതുസമൂഹവും വിമർശകരും തിരിച്ചറിയണം. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ശെെലിയിലാണ് പലരും ഇന്നത്തെ ക്ലാസ്സുകളെ കാണുന്നത്. ഇത് തെറ്റാണ്. അധ്യാപകർ അറിവു പകർന്നുകൊടുക്കുന്ന വ്യക്തികളല്ല. വിദ്യാർഥിയുടെ അറിവ് നിർമാണത്തിൽ സർഗാത്മക പങ്കുവഹിക്കുന്ന വ്യക്തികളാണ്. അറിവിന്റെ പ്രഭവസ്രോതസ്സുകളിലേക്ക് വിദ്യാർഥിയുടെ മനസ്സിനെ തുറന്നുകൊടുക്കുന്ന വ്യക്തികളാണ് അധ്യാപകർ. ഈ അർഥത്തിലും തലത്തിലുമാണ് അധ്യാപകരെ അളക്കേണ്ടത്.

ക്ലാസിൽ വിവര, അറിവ്, വിജ്ഞാന ഉൽപ്പാദനം നടക്കുന്നത് പങ്കാളിത്ത, സംവാദശെെലിയിലാണ്. കുട്ടികളുടെ സർഗവെെവിധ്യത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ശാസ്ത്രീയ ഇടപെടലാണ് ക്ലാസ്സിനകത്തുള്ളത്. ആധുനിക സാങ്കേതികവിദ്യയെ ഇതിനായി പ്രയോജനപ്പെടുത്തുന്ന രീതിശാസ്ത്രമാണ് അവലംബിച്ചിരിക്കുന്നത്. ഈ രീതിയിൽ വേണം വിദ്യാഭ്യാസത്തെ വിലയിരുത്തുവാൻ. കുട്ടികളുടെ സർഗ ചേതനയെ പരമാവധി വികസിപ്പിക്കുക എന്ന ലക്ഷ്യം നടക്കുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടേണ്ടത്. ഈ പരിശോധനയില്ലാതെ കുട്ടിയെ അളക്കുന്നത് ശരിയല്ല.

അധ്യാപകൻ കുട്ടികളോട് ചോദ്യം ചോദിച്ച് വിലയിരുത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ബെെ ഹാർട്ട് പഠന പ്രക്രിയയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുട്ടികൾ ചോദ്യം ചോദിക്കുന്ന സംവാദാത്മക ശെെലി വികസിച്ചുവരണം എന്ന് ആധുനിക ശെെലി തിരിച്ചറിയുന്നു. കുട്ടിയുടെ ബോധമണ്ഡല വികാസത്തെ പരിശോധിക്കുകയും ഊട്ടി വളർത്തുകയുമാണ് ആധുനികവിദ്യാഭ്യാസത്തിൽ ചെയ്യുന്നത്. അതിനാൽ സാമ്പ്രദായിക പെഡഗോജിയും അളവുകോലുകളും മോണിറ്ററിങ്ങും അടിമുടി മാറണം. ഇനി കേരളം മുന്നോട്ടുപോകുക ഈ കാഴ്ചപ്പാടിലും ദിശയിലുമാണ്. ഏതായാലും ആധുനിക വിദ്യാഭ്യാസത്തിന് ഒരു മാതൃക കേരളത്തിൽ ശക്തമായി വളർന്നുവരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular