Wednesday, November 12, 2025

ad

Homeകവര്‍സ്റ്റോറിതുല്യനീതി ഉറപ്പാക്കുന്ന 
വിദ്യാഭ്യാസം

തുല്യനീതി ഉറപ്പാക്കുന്ന 
വിദ്യാഭ്യാസം

വി ശിവൻകുട്ടി/ഗിരീഷ് ചേനപ്പാടി

2017–18 അധ്യയനവർഷം മുതലാണല്ലോ നവകേരള കർമപദ്ധതിയനുസരിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും തുടർവിദ്യാഭ്യാസ പരിപാടിയിലൂടെയും നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചത്. അത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ എന്തൊക്കെയാണ്?

വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക ചുവടുവെപ്പായിരുന്നു. 2011–-16 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയ പൊതുവിദ്യാഭ്യാസ സംവിധാനങ്ങളെയും  പൊതുവിദ്യാലയങ്ങളെയും  ശക്തിപ്പെടുത്തുകയും  സംരക്ഷിക്കുകയും  ചെയ്യുക  എന്നത് എൽഡിഎഫ് സര്‍ക്കാരിന്റെ നിലപാടായി പ്രഖ്യാപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ ഉത്തരവു കൊടുത്ത കോഴിക്കോട് ജില്ലയിലെ എ.യുപി.എസ് മലാപ്പറമ്പ്  ഉള്‍പ്പെടെ നാല് സ്കൂളുകള്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍  വിദ്യാലയങ്ങളാക്കി മാറ്റുകയും ചെയ്തു.  ഇതിന്റെയെല്ലാം ഫലമായി   പൊതുവിദ്യാലയങ്ങളിലുള്ള സമൂഹത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞു.  പത്തു ലക്ഷത്തിലധികം കുട്ടികളാണ് ഈ കാലയളവിൽ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്.

പശ്ചാത്തല സൗകര്യ വികസനം, ആധുനികവൽക്കരണത്തിന്റെ ഭാഗമായി സാങ്കേതികവിദ്യ സൗഹൃദമാക്കൽ, ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള അക്കാദമിക ഇടപെടൽ, ഘടനാപരമായ മാറ്റങ്ങൾ, ഭരണനിർവഹണം കാര്യക്ഷമമാക്കൽ, ജനങ്ങളുടെ സർഗാത്മക പങ്കാളിത്തം ഉറപ്പാക്കൽ എന്നിവയെല്ലാം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി.

കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ശാസ്ത്രീയ അവബോധം വളർത്താനും ഇതിലൂടെ സാധിച്ചു. ഇതൊരു സർക്കാർ പദ്ധതി എന്നതിലുപരി ഒരു ജനകീയ മുന്നേറ്റമായി മാറിയെന്നതാണ് ഏറ്റവും വലിയ വിജയം.

അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ അടിത്തറയാണല്ലോ കഴിഞ്ഞ പത്തുവർഷത്തിനുള്ളിലുണ്ടായത്. പശ്ചാത്തല സൗകര്യ മേഖലയിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണ്?

തീർച്ചയായും. കിഫ്ബി (KIIFB) വഴിയും മറ്റ് സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചും പശ്ചാത്തലസൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നമ്മൾ നടപ്പാക്കിയത്. ഏകദേശം 5000 കോടിയിലധികം രൂപ ഈ മേഖലയിൽ നിക്ഷേപിച്ചു. ആയിരക്കണക്കിന് സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക ലബോറട്ടറികൾ, ലൈബ്രറികൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം ഒരുക്കാൻ സാധിച്ചു. എല്ലാ എൽ.പി, യു.പി, ഹൈസ്കൂളുകളിലും ഹൈടെക് ലാബുകൾ സ്ഥാപിച്ചു.  സെക്കൻഡറി, ഹയര്‍സെക്കൻഡറി ക്ലാസ്സുകളിലെല്ലാം ആധുനിക സാങ്കേതിക വിദ്യാ സങ്കേതങ്ങള്‍ സ്ഥാപിച്ചു. ഇന്ന് കേരളത്തിലെ സർക്കാർ സ്കൂളുകൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിദ്യാലയങ്ങള്‍ക്കുപോലും സാധിക്കാത്ത സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിദ്യാർഥികൾക്കും അധ്യാപകർക്കും എഐ (AI) പരിശീലനം നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണല്ലോ. അതിന് എന്തെല്ലാം മുന്നൊരുക്കങ്ങൾ നടത്തി?

നാലാം വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടം കഴിഞ്ഞ് അഞ്ചാം ഘട്ടത്തിലേക്ക് കടന്നു എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ ലോകനിലവാരത്തിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി കൃത്യമായ ആസൂത്രണം നടത്തി. KITE (Kerala Infrastructure and Technology for Education) ന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് പ്രത്യേക മൊഡ്യൂളുകൾ തയ്യാറാക്കി പരിശീലനം നൽകി. പ്രമുഖ ടെക്നോളജി സ്ഥാപനങ്ങളുമായി സഹകരിച്ച്, കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ, ലളിതമായ രീതിയിൽ AI ആശയങ്ങൾ പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ AI ലാബുകളും ക്ലബ്ബുകളും ആരംഭിച്ചു. ഈ മുന്നൊരുക്കങ്ങളാണ് നമ്മളെ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാക്കി മാറ്റിയത്. കേവലാര്‍ത്ഥത്തിലല്ല സാങ്കേതികവിദ്യാ പ്രയോഗത്തെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണുന്നത്. കുട്ടികളെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്താനുള്ള  സഹായകസംവിധാനങ്ങളായാണ് ആധുനിക സാങ്കേതികവിദ്യാ സാധ്യതകളെ നാം പ്രയോജനപ്പെടുത്തുന്നത്.

വിക്ടേഴ്സ് ചാനലിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റൽ പഠനരംഗത്ത് കരുത്തുപകർന്നുവല്ലോ. ഒന്നു വിശദീകരിക്കാമോ?

കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം മുഴുവൻ വിദ്യാഭ്യാസം സ്തംഭിച്ചുപോയപ്പോൾ, നമുക്ക് തുണയായത് വിക്ടേഴ്സ് ചാനലായിരുന്നു.‘ഫസ്റ്റ് ബെൽ’ എന്ന പേരിൽ ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ച് ഒരു കുട്ടിക്കു പോലും പഠനം മുടങ്ങുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കി. അത് പിന്നീട് ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഒരു  പ്രധാന ഉപാധിയായി വികസിച്ചു. പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിനപ്പുറം, കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ, കരിയർ ഗൈഡൻസ്, മാനസികാരോഗ്യ പരിപാടികൾ എന്നിവയും വിക്ടേഴ്സിലൂടെ നൽകിവരുന്നു. ഇന്ന് ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ഒരു വലിയ ശേഖരം തന്നെ നമുക്കുണ്ട്.

2023–-24 അധ്യയന വര്‍ഷം മുതല്‍ നമ്മുടെ ഭരണഘടനയുടെ ആമുഖം എല്ലാ പാഠപുസ്‌തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. പൗരബോധവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലം, ഫീഡ്ബാക്ക് എന്നിവ വിശദീകരിക്കാമോ?

നമ്മുടെ രാജ്യം നിലനിൽക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിന്റെ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ കുട്ടിക്കാലം മുതലേ വിദ്യാർത്ഥികൾ മനസിലാക്കണം എന്ന നിർബന്ധബുദ്ധിയാണ് ഈ തീരുമാനത്തിനു പിന്നിൽ. പാഠപുസ്തകത്തിന്റെ ആദ്യ പേജിൽ തന്നെ ഭരണഘടനയുടെ ആമുഖം ചേർത്തതിലൂടെ ഓരോ ദിവസവും അതവരുടെ ശ്രദ്ധയിൽപ്പെടും. ഇതിന് സമൂഹത്തിന്റെ എല്ലാ കോണുകളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികളിൽ പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്താൻ ഇത് സഹായിക്കുമെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേപോലെ അഭിപ്രായപ്പെടുന്നു. അമിത കേന്ദ്രീകരണവും സ്കൂള്‍ വിദ്യാഭ്യാസത്തിലടക്കം വര്‍ഗ്ഗീയവല്‍ക്കരണവും ലക്ഷ്യംവച്ചുളള ദേശീയ വിദ്യാഭ്യാസ നയത്തെ ചെറുക്കണമെങ്കില്‍   ഇന്ത്യന്‍ ഭരണഘടനയുടെ സത്ത കുട്ടികള്‍ അറിയേണ്ടതുണ്ട്.

കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ പരീക്ഷകളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടല്ലോ. എന്തൊക്കെയാണവ?

തീർച്ചയായും. പരീക്ഷകളെ കേവലം ഓർമശക്തി പരിശോധിക്കുന്ന ഒന്നായി കാണാതെ, കുട്ടികളുടെ ചിന്താശേഷിയും വിശകലനശേഷിയും വിമര്‍ശനാവബോധവും  വിലയിരുത്തുന്ന രീതിയിലേക്ക് വളര്‍ത്തിയെടുക്കാനുളള   മാറ്റങ്ങൾ കൊണ്ടുവന്നു. തുടർമൂല്യനിർണയത്തിന് (Continuous Evaluation) കൂടുതൽ പ്രാധാന്യം നൽകി. ചോദ്യപേപ്പറുകളുടെ ഘടന മാറ്റി. കാണാപ്പാഠം പഠിച്ച് എഴുതുന്നതിനു പകരം, സ്വന്തമായി ചിന്തിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക് പ്രാമുഖ്യം നൽകി. ഓരോ കുട്ടിയുടെയും പഠന പുരോഗതി കൃത്യമായി നിരീക്ഷിക്കാനും പഠനപിന്തുണ ആവശ്യമുളളവര്‍ക്ക്  അതുനൽകാനും ഇതിലൂടെ സാധിക്കുന്നുണ്ട്. സബ്ജക്ട് മിനിമം നടപ്പാക്കിയതിലൂടെ ഓരോ ക്ലാസ്സിലും കുട്ടികള്‍ നേടിയെടുക്കണം എന്ന് നിജപ്പെടുത്തിയ പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ അഭികാമ്യമായ തലത്തില്‍ എല്ലാ കുട്ടികളും  നേടി എന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്.

2017 നും 2024 നും ഇടയില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്‌ഡഡ് സ്‌കൂളുകളിലുമായി നിരവധി നിയമനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. ഈ അധ്യാപകര്‍ക്ക് കാലാനുസൃതമായ പരിശീലനം നൽകുന്നതിൽ സര്‍ക്കാര്‍ എത്രമാത്രം മുന്നോട്ടുപോയി?

2021 മുതല്‍ 2025 വരെ എല്‍ ഡി എഫ്  സര്‍ക്കാര്‍, വകുപ്പില്‍ നടത്തിയ അധ്യാപക– അനധ്യാപക നിയമനങ്ങള്‍  80,887 ആണ്. ഇതിൽ പി എസ് സി മുഖേനയുള്ള നിയമനങ്ങൾ 20,387 വരും. അധ്യാപകരാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്. അതുകൊണ്ടുതന്നെ അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. പുതിയതായി നിയമനം ലഭിച്ചവർക്ക് മാത്രമല്ല, നിലവിലുള്ള എല്ലാ അധ്യാപകർക്കും കാലത്തിനനുസരിച്ചുള്ള പരിശീലനം നൽകുന്നുണ്ട്. പുതിയ പാഠ്യപദ്ധതി, ഐ.ടി അധിഷ്ഠിത പഠനം, കുട്ടികളുടെ മനഃശാസ്ത്രം, ഭിന്നശേഷി കുട്ടികളുടെ പഠനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ SCERT, KITE, SIEMAT തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമഗ്രമായ പരിശീലന പരിപാടികൾ നടന്നുവരുന്നു.

ഓരോ ജില്ലയിലും മോഡൽ സ്കൂൾപദ്ധതി ആരംഭിച്ചുവല്ലോ. വിദ്യാർഥികളുടെ പുരോഗതിയിലും വളർച്ചയിലും സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണ്?

എല്ലാ ജില്ലകളിലും ഓരോ സർക്കാർ സ്കൂളിനെ മികവിന്റെ കേന്ദ്രമായി (Centre of Excellence) ഉയർത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും അക്കാദമിക് അന്തരീക്ഷവും ഒരുക്കിക്കൊണ്ട് ഭാവിയില്‍  വരേണ്ടുന്ന അക്കാദമിക മാറ്റങ്ങളുടെ അന്വേഷണത്തിനുള്ള ഇടമാക്കി ഈ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ മറ്റു സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.   ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്- അക്കാദമിക രംഗങ്ങളിലും  മികച്ച പ്രകടനം കാഴ്ചവെക്കാൻ  കഴിയുംവിധമുള്ള  സൗകര്യങ്ങളും ഒരുക്കും.  കിഫ്ബി പദ്ധതിയുടെ ഭാഗമായി 5 കോടി  രൂപ ചെലവില്‍  നിര്‍മ്മിച്ച  പല വിദ്യാലയങ്ങളും  ഈ തലത്തിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്.

സ്കൂ‌ൾ കായികമേളകൾ ഇന്ന് കാര്യമായ പരാതികളില്ലാതെ വിജയകരമായി പൂർത്തീകരിക്കാൻ കഴിയുന്നുണ്ട്. അതിന് എന്തൊക്കെ ഗൃഹപാഠങ്ങളാണ് ചെയ്‌തത്?

കായികമേളകൾ പരാതിരഹിതമാക്കാൻ നമ്മൾ കൃത്യമായ ആസൂത്രണം നടത്തി. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമാക്കി, ഇത് അനർഹർ പങ്കെടുക്കുന്നത് തടഞ്ഞു. മത്സരങ്ങളുടെ സമയക്രമം കൃത്യമായി പാലിക്കാൻ നിർദേശം നൽകി. അപ്പീലുകൾ കുറയ്ക്കുന്നതിനും വിധിനിർണയത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും ശക്തമായ നടപടികൾ സ്വീകരിച്ചു. കായികാധ്യാപകർക്കും സംഘാടകർക്കും കൃത്യമായ മാർഗനിർദേശങ്ങൾ നൽകി. എല്ലാം ഒരു ടീം വർക്കായി ചെയ്തതിന്റെ ഫലമാണിത്. രാജ്യത്താദ്യമായി ഒളിമ്പിക്സ് മാതൃകയിലും ഇൻക്ലൂസീവ് മാതൃകയിലും കായികമേള സംഘടിപ്പിക്കാൻ നമുക്കായി.

കലാമേളകളിൽ തദ്ദേശീയ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നത് വലിയ പ്രശംസ നേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിച്ച പങ്ക് വിശദീകരിക്കാമോ?

നമ്മുടെ നാടിന്റെ തനത് കലാരൂപങ്ങൾ സംരക്ഷിക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഈ തിരിച്ചറിവിൽ നിന്നാണ് സ്കൂൾ കലോത്സവങ്ങളിൽ തദ്ദേശീയ കലാരൂപങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചത്. അന്യംനിന്നുപോകുന്ന ഗോത്രകലാരൂപങ്ങളെ കലോത്സവത്തിൽ ഉൾപ്പെടുത്താൻ നമുക്കു കഴിഞ്ഞു. അതിനായി കലോത്സവ മാനുവൽതന്നെ പരിഷ്കരിച്ചു. ഇത് ആ കലകളെ പുനരുജ്ജീവിപ്പിക്കാനും കുട്ടികൾക്ക് നമ്മുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അവബോധം നൽകാനും സഹായിക്കുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പരിവര്‍ത്തനം കഴിഞ്ഞ ഒമ്പതര വര്‍ഷമായി ഉണ്ടായിട്ടുണ്ടെന്ന് ആരും സമ്മതിക്കും. ഈ നേട്ടം കൈവരിക്കാൻ സർക്കാരിനെ സഹായിച്ചത് എന്തൊക്കെ ഘടകങ്ങളാണ്?

ഇതിന് പ്രധാനമായും മൂന്നു ഘടകങ്ങളാണുള്ളത്. ഒന്ന്, സർക്കാരിന്റെ വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ദീർഘവീക്ഷണവും. രണ്ട്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തോടെയുള്ള ഒരു ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റാൻ കഴിഞ്ഞു എന്നത്. മൂന്ന്, കിഫ്ബി പോലുള്ള സംവിധാനങ്ങളിലൂടെ  പശ്ചാത്തല സൗകര്യവികസനത്തില്‍ വലിയ കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞത്.

വിദ്യാർഥികളുടെ ക്ഷേമത്തിന് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചത്? ഭാവി പരിപാടികൾ എന്തൊക്കെയാണ്?

കുട്ടികളുടെ പഠനം പോലെ തന്നെ പ്രധാനമാണ് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. സ്കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ‘നോ ടു ഡ്രഗ്സ്’ പോലുള്ള ക്യാമ്പയിനുകൾ ശക്തമായി നടപ്പിലാക്കുന്നു. പെൺകുട്ടികൾക്ക് ആയോധനകലകളിലടക്കം പരിശീലനം നൽകുന്നു. പോഷകാഹാരം ഉറപ്പാക്കാൻ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിച്ചു, പാലും മുട്ടയും നൽകുന്നു. ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കർശനമായ മാർഗനിർദേശങ്ങളും നിലവിലുണ്ട്. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

ഗുണമേന്മാ വിദ്യാഭ്യാസത്തിനാണ് വിദ്യാകിരണം പദ്ധതി കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിന്റെ പുരോഗതി അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ?

വിദ്യാകിരണം മിഷൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാം ഘട്ടമാണ്. ആദ്യഘട്ടത്തിൽ നാം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, വിദ്യാകിരണത്തിലൂടെ അക്കാദമിക മികവ് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അധ്യാപക പരിശീലനം, പാഠ്യപദ്ധതി പരിഷ്കരണം, മൂല്യനിർണയ രീതികളിലെ മാറ്റം, ഡിജിറ്റൽ ഉള്ളടക്ക വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഓരോ കുട്ടിയുടെയും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ നമ്മൾ ലക്ഷ്യമിടുന്നത്. ഇതിന് വളരെ നല്ല ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.  കൂടാതെ ഗണിതപഠനത്തിനായി മഞ്ചാടി, ശാസ്ത്രപഠനത്തിനായി മഴവില്ല് തുടങ്ങിയ അന്വേഷണങ്ങളും പൈലറ്റടിസ്ഥാനത്തില്‍ നടക്കുന്നു.  കുട്ടികളുടെ ജീവിതരീതിയേയും ജീവിത ശീലങ്ങളേയും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍  അഭിമുഖീകരിക്കുന്നതിനായി ശുചിത്വവിദ്യാലയം ഹരിതവിദ്യാലയം സുരക്ഷിതവിദ്യാലയം  ക്യാമ്പയിനും വിദ്യാകിരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

പാഠ്യപദ്ധതി ചട്ടക്കൂട് നവീകരിച്ചുവല്ലോ. അതിന്റെ ഭാഗമായി ഒന്നുമുതൽ പത്തു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മാറിയിട്ടുണ്ട്. പാഠപുസ‌്തകങ്ങൾ പരിഷ്‌കരിക്കുന്നതിൽ സ്വീകരിച്ച സമീപനം എന്തായിരുന്നു?

വളരെ ജനാധിപത്യപരമായ ഒരു സമീപനമാണ് നമ്മൾ സ്വീകരിച്ചത്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുമായി വിപുലമായ ചർച്ചകൾ നടത്തി. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസവിദഗ്ദ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം അഭിപ്രായങ്ങൾ സ്വീകരിച്ചു. അറിവു നിർമ്മാണത്തിന് ഊന്നൽ നൽകുന്ന, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന, ലിംഗനീതിയും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു പാഠ്യപദ്ധതിയാണ് നമ്മൾ രൂപീകരിച്ചത്. കേരളത്തിന്റെ തനത് അറിവുകൾക്കും ചരിത്രത്തിനും പ്രാധാന്യം നൽകാനും ശ്രമിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

പാഠപുസ്‌തകങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതും സമയബന്ധിതമായി കുട്ടികളിൽ അവ എത്തിക്കുന്നതും ഒരു വെല്ലുവിളി ആയിരുന്നില്ലേ? അവയെ മറികടക്കാൻ എന്ത് കർമപദ്ധതികളാണ് ആവിഷ്‌കരിച്ചത്?

അതൊരു വലിയ വെല്ലുവിളിതന്നെയായിരുന്നു. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം തയ്യാറാക്കുന്നതു മുതൽ അച്ചടിച്ച് സ്കൂൾ തുറക്കുന്നതിനുമുമ്പ് കുട്ടികളുടെ കൈകളിൽ എത്തിക്കുന്നതുവരെ അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമായിരുന്നു. ഇതിനായി SCERT, KBPS (കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി) എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അച്ചടിക്ക് മുമ്പുതന്നെ പേപ്പർ സംഭരണം ഉറപ്പാക്കി. വിതരണത്തിനായി ജില്ലാതലത്തിൽ കൃത്യമായ പ്ലാനുകൾ തയ്യാറാക്കി. അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് നമുക്കിത് കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിച്ചത്.

മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് അധ്യാപകരെ പരിശീലിപ്പിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരുന്നോ?

പുതിയ പാഠപുസ്തകങ്ങൾ ഒരു പുതിയ പഠനരീതിയാണ് മുന്നോട്ടുവയ്ക്കുന്നത്. അധ്യാപകർ യാന്ത്രികമായി പഠിപ്പിക്കുന്നവരായി മാറാതെ, കുട്ടികളുടെ നൈസര്‍ഗ്ഗികമായ ശേഷികളേയും അവര്‍ ആര്‍ജ്ജിച്ച അറിവിനെയും അടുത്ത തലമുറയിലേക്ക് വളരാന്‍ സഹായിക്കുകയും അതുവഴി അവരെ അറിവുകളുടെ നിര്‍മ്മാതാക്കളാക്കി മാറ്റുകയും ചെയ്യുന്നവരാക്കി തീർക്കുക എന്നത്  ശ്രമകരമായ ദൗത്യമാണ്. കുട്ടികൾക്ക് അത്തരത്തിൽ ഉയർന്നുവരാനുള്ള സാഹചര്യവും അന്തരീക്ഷവും ഒരുക്കുന്നവരായി അധ്യാപകർ മാറണം. അറിവിന്റെയും സാങ്കേതികവിദ്യയുടെയും രൂപപ്പെട്ടുവരുന്ന ബോധനതന്ത്രങ്ങളുടെയും സാധ്യതകള്‍  ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും അധ്യാപകരെ  സജ്ജമാക്കിയേ തീരൂ.  ഇതിനായി സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് അധ്യാപകർക്ക് പല ഘട്ടങ്ങളിലായി സമഗ്രമായ പരിശീലനം നൽകി. തുടക്കത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ അധ്യാപകർ പുതിയ രീതിയെ പൂർണമായും സ്വാഗതം ചെയ്തിരിക്കുകയാണ്.

ദേശീയ വിദ്യാഭ്യാസനയത്തിലെ (NEP) ഉള്ളടക്കത്തോടും ചില സമീപനങ്ങളോടുമുള്ള നമ്മുടെ വിയോജിപ്പ് പരസ്യമായിത്തന്നെ അറിയിച്ചിട്ടുള്ളതാണ്. അവയോടുള്ള സംസ്ഥാന ഗവൺമെന്റിന്റെ സമീപനം എന്താണ്?

ഏതൊരു നയത്തേയും  രാഷ്ട്രീയമായും അക്കാദമികമായും വിശകലനം ചെയ്തു കൊണ്ടേ നിലപാടെടുക്കാന്‍ കഴിയൂ.  എന്തെങ്കിലും നയത്തെ മാത്രമായി ഒറ്റയ്ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. ദേശീയ വിദ്യാഭ്യാസ നയവും അതിലെ   നിർദ്ദേശങ്ങളും നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും  സ്വഭാവത്തിനും എതിരാണ്. അമിത കേന്ദ്രീകരണത്തിനും  വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനും ഇടയാക്കുന്ന നിർദ്ദേശങ്ങളെ നമ്മൾ ശക്തമായി എതിർക്കുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്കും നാം ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്കും അനുസൃതമായി,  ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടിനും ഫെഡറല്‍ സംവിധാനത്തിനും അനുസൃതമായി കേരളം  നാളിതുവരെ കൈക്കൊണ്ട നിലപാടുമായി മുന്നോട്ടുപോകാനാണ്  സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ വിദ്യാർഥികളുടെ വിജയശതമാനം 99-നു മുകളിലാണ്. ചിലർ അതിന്റെ പേരിൽ നമ്മുടെ മൂല്യനിർണയ രീതിയെ വിമർശിക്കുന്നുണ്ട്. ദേശീയതലത്തിൽ വിജയശതമാനം 88-–89 ആണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് വിമർശനം. മൂല്യനിർണയത്തിൽ കാലാനുസൃതമായ മാറ്റം അനിവാര്യമല്ലേ?

ഈ വിമർശനം വസ്തുതകളെ പൂർണമായി മനസിലാക്കാതെയുള്ളതാണ്.  ഇന്ത്യയില്‍  സാര്‍വ്വത്രിക  വിദ്യാഭ്യാസം ഉറപ്പാക്കിയ ഏക സംസ്‌ഥാനമാണ് കേരളം. ദേശീയതലത്തില്‍ 30% ത്തിലധികം കുട്ടികള്‍ പത്താംക്ലാസ്സില്‍പോലും എത്തുന്നില്ല. ഏതാണ്ട് 10 കോടിയിലധികം കുട്ടികള്‍ വരുമിത്. ഇത്തരമൊരു രാജ്യത്താണ്, ഒന്നാംക്ലാസിലെത്തുന്ന ഏതാണ്ട് എല്ലാ കുട്ടികളും പന്ത്രണ്ടാം ക്ലാസ് വരെയെത്തുന്ന സംസ്ഥാനമായി നാം  മാറിയത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചു മാത്രമേ വിദ്യാഭ്യാസരംഗത്ത് നേടിയ ഉയര്‍ച്ചകളെ  വിലയിരുത്താന്‍ കഴിയൂ. കേരളത്തിലെ ഉയർന്ന വിജയശതമാനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മികവാണ് കാണിക്കുന്നത്, അല്ലാതെ മൂല്യനിർണയത്തിന്റെ നിലവാരത്തകർച്ചയല്ല. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർമൂല്യനിർണയത്തിലൂടെയും,  പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതികളിലൂടെയും ഓരോ കുട്ടിക്കും പഠിക്കാൻ അവസരം നൽകുന്നു. ഒരു കുട്ടിയും പഠനത്തിൽ പിന്നിലാകരുത് എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് മൂല്യനിർണയം ഉദാരമാക്കിയതുകൊണ്ടല്ല,  മറിച്ച് പഠന-ബോധന നിലവാരം ഉയർത്തിയതുകൊണ്ടാണ്. എങ്കിലും, മൂല്യനിർണയ രീതികൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് നമ്മൾ എപ്പോഴും ചിന്തിക്കുന്നുണ്ട്.

മിനിമം മാർക്ക് ഉറപ്പാക്കണമെന്ന സർക്കാർ തീരുമാനവും വിമർശിക്കപ്പെടുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ഒരൊറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒരു കുട്ടിയുടെ ഭാവിയെ നിർണയിക്കുന്ന രീതി ശരിയല്ല. ഒരു കുട്ടിക്ക് അസുഖം കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അവർ തോറ്റുപോവരുത്. എന്നാൽ വിഷയത്തിൽ കുട്ടികൾക്ക് അവഗാഹം വേണം താനും. എട്ടാം ക്ലാസിൽ ആണ് മിനിമം മാർക്ക് ആദ്യമായി നടപ്പാക്കിയത്. ഇത്തവണ 5 മുതൽ 9 വരെ എല്ലാ ക്ലാസുകളിലും നടപ്പാക്കുന്നു. മിനിമം മാർക്ക് നേടാത്തവർക്ക് അധിക പഠന പിന്തുണ നൽകുന്നു. പൊതുസമൂഹത്തിൽ നിന്നും അധ്യാപകരിൽ നിന്നും വലിയ പിന്തുണയാണ് ഇതിനു ലഭിക്കുന്നത്.

കേരളത്തിൽ പൊതുവിദ്യാലയങ്ങളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ, വിശേഷിച്ച് മലയോര–തീരദേശ പ്രദേശങ്ങളിലെയും ഗോത്രവിഭാഗങ്ങളിലെയും മത്സ്യത്തൊഴിലാളികളിലെയും അതിഥിതൊഴിലാളികളിലെയും കുട്ടികളുടെ തുടർച്ചയായ ഹാജർ ഉറപ്പാക്കാൻ സാധിക്കുന്നില്ല. അതിനെ മറികടക്കാൻ എന്തൊക്കെ കർമപരിപാടികളാണ് സർക്കാർ ആവിഷ്കരിച്ചത്?

ഈ പ്രശ്നം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ നിരവധി  പദ്ധതികളുണ്ട്. അവരുടെ ഭാഷയിൽ പഠിപ്പിക്കാൻ ആ വിഭാഗത്തിൽ നിന്നുള്ളവരെത്തന്നെ മെന്റർ ടീച്ചർമാരായി നിയമിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി പ്രത്യേക പഠനകേന്ദ്രങ്ങളും മലയാളം പഠിക്കാനുള്ള അവസരങ്ങളും ഒരുക്കുന്നു. തീരദേശ–ലയോര മേഖലകളിലെ കുട്ടികൾക്ക് യാത്രാസൗകര്യം ഉൾപ്പെടെയുള്ള പിന്തുണ നൽകുന്നുണ്ട്. ഈ കുട്ടികളുടെ ഹാജർ ഉറപ്പാക്കാൻ അധ്യാപകരും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹയർ സെക്കൻഡറി ഏകോപനം എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിന്റെ പുരോഗതി വിശദീകരിക്കാമോ?

സ്കൂൾ വിദ്യാഭ്യാസത്തെ പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ ഒറ്റ ഡയറക്ടറേറ്റിനുകീഴിൽ കൊണ്ടുവരിക എന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രധാന ശുപാർശ. ഇത് ഭരണപരമായ ഏകോപനം സാധ്യമാക്കുകയും വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുകയും ചെയ്യും. ഇതിന്റെ ആദ്യപടിയായി ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകളെ സംയോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ (DGE) രൂപീകരിച്ചു. തുടർനടപടികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കിവരികയാണ്. അധ്യാപക സംഘടനകളുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ചകൾ നടത്തി, അവരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടാവും ഏകീകരണം പൂർത്തിയാക്കുക.

വി.എച്ച്‌.എസ്.സി കോഴ്‌സ് പാസായവർക്ക് തൊഴിൽ ലഭ്യമാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്രപേർക്ക്, എങ്ങനെ?

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നമ്മൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. വി.എച്ച്.എസ്.സി പാഠ്യപദ്ധതി വ്യവസായങ്ങളുടെ ആവശ്യകത അനുസരിച്ച് നവീകരിച്ചു. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് കുട്ടികൾക്ക് ഇന്റേൺഷിപ്പും അപ്രന്റീസ്ഷിപ്പും നൽകുന്നു. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന് (NSQF) അനുസൃതമായാണ് ഇപ്പോൾ കോഴ്സുകൾ നടത്തുന്നത്. ഇത് അവർക്ക് ദേശീയതലത്തിൽ തൊഴിൽ നേടാൻ സഹായിക്കുന്നു. കൂടാതെ, പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ മേളകൾ സംഘടിപ്പിക്കുകയും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ആയിരക്കണക്കിന് കുട്ടികൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്.

നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അത് കുട്ടികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യമോ തൊഴിൽ നൈപുണിയോ വികസിപ്പിക്കുന്നില്ല എന്നതാണ്. എങ്ങനെ അതിനെ മറികടക്കാമെന്നാണ് കരുതുന്നത്?

ഈ പരിമിതിയെ മറികടക്കാനാണ് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പാഠ്യപദ്ധതിയിൽ തൊഴില്‍ ഉദ്ഗ്രഥിതവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്. ഉയർന്ന ക്ലാസുകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു തൊഴിൽ മേഖലയിൽ പരിശീലനം നേടാനുള്ള അവസരമുണ്ടാകും. സ്കൂളുകളിൽ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം ഏതെങ്കിലുമൊരു തൊഴിലിൽ വൈദഗ്ധ്യം നേടാൻ കുട്ടികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. പഠനത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യം വെച്ച് ‘കർമ്മചാരി’ പോലുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.

കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം മുതലായവ സംഘടിപ്പിക്കുന്നതിൽ വന്‍തോതിലുള്ള ജനപങ്കാളിത്തം നേടാൻ സാധിക്കുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് വേണ്ടത്ര ഇൻപുട്ട് ഇതിൽനിന്ന് ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്?

ഈ മേളകളെ കേവലം മത്സരങ്ങളായിട്ടല്ല, മറിച്ച് കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും പഠിക്കാനുമുള്ള ഉത്സവങ്ങളായിട്ടാണ് നമ്മൾ കാണുന്നത്. ഗ്രേസ് മാർക്കിനു വേണ്ടിയുള്ള അനാരോഗ്യകരമായ മത്സര പ്രവണതകൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രോത്സവങ്ങളിൽ കുട്ടികളുടെ കണ്ടുപിടുത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു. ഈ മേളകൾ കുട്ടികളിൽ ടീം വർക്ക്, കഠിനാധ്വാനം, സ്പോർട്സ്മാൻ സ്പിരിറ്റ് തുടങ്ങിയ മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്നുണ്ട്. എങ്കിലും, ഈ മേളകളെ കൂടുതൽ വിജ്ഞാനപ്രദമാക്കാനുള്ള നിർദ്ദേശങ്ങളെ  എപ്പോഴും സ്വാഗതം ചെയ്യും.

കുട്ടികൾക്കിടയിലെ വായനയും സാഹിത്യാഭിരുചിയും പ്രോത്സാഹിപ്പിക്കുന്നതിൽ എന്തൊക്കെ കർമപദ്ധതികളാണ് സർക്കാരിനുള്ളത്?

വായനയെ ഒരു സംസ്കാരമായി വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂൾ ലൈബ്രറികൾ ശക്തിപ്പെടുത്തി, പതിനായിരക്കണക്കിന് പുതിയ പുസ്തകങ്ങൾ വാങ്ങി. വായനയുടെ വസന്തം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് എഴുത്തുകാരുമായി സംവദിക്കാൻ അവസരങ്ങൾ ഒരുക്കുന്നു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ നിർബന്ധമാക്കി. ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇ-–ബുക്കുകളും ലഭ്യമാക്കിയിട്ടുണ്ട്. വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്കുണ്ട്. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയുണ്ടായി. ഇതൊരു സ്ഥിരംമേളയാക്കാനാണ് ലക്ഷ്യമിടുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിൽ താങ്കളുടെ നേതൃത്വത്തിൽ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കപ്പെട്ടല്ലോ. അതുണ്ടാക്കിയ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചത്. വർഷങ്ങളായി കെട്ടിക്കിടന്ന ആയിരക്കണക്കിന് ഫയലുകൾക്ക് തീർപ്പുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും സേവന-–വേതന സംബന്ധമായ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ കഴിഞ്ഞു. ഇത് വകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കി മാറ്റി.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് പല നിയമങ്ങളും നിലവിലുണ്ട്. എന്നിരുന്നാലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നു. ഇതിനെ എങ്ങനെ നേരിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്?

ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. സ്കൂളും പരിസരവും കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം. ഇതിനായി സ്കൂളുകളിൽ ജാഗ്രതാ സമിതികൾ ശക്തമാക്കിയിട്ടുണ്ട്. അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ ബോധവൽക്കരണം നൽകുന്നു. പോക്സോ നിയമത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നു. സ്കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കി കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നു. പൊലീസുമായി സഹകരിച്ച് സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാമിത്രം പോലുള്ള പദ്ധതികൾ ജാഗ്രതയുടെ പരിധിയിൽ വീടിനെയും കൊണ്ടുവരുന്നു.

നമ്മുടെ വിദ്യാഭ്യാസമേഖലയെ കാര്യക്ഷമമാക്കുന്നതിന് ഫിൻലാൻഡിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് താങ്കൾ വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമിക് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഫിൻലാൻഡ് മാതൃക സഹായകമായിട്ടുണ്ടോ?

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നാണ് ഫിൻലാൻഡിന്റേത്. അവരുടെ മാതൃക അപ്പാടെ പകർത്തുകയല്ല, മറിച്ച് അവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അധ്യാപക പരിശീലനം, ഗണിത-ശാസ്ത്ര പഠനം, കളിയിലൂടെയുള്ള പഠനം (Play-based learning) തുടങ്ങിയ മേഖലകളിൽ ഫിൻലാൻഡ് രീതിയെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.   വിദ്യാഭ്യാസപരമായി മുൻനിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ അനുഭവങ്ങള്‍ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രയോജനപ്പെടുത്തുന്നത് അക്കാദമിക് രംഗത്ത് ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നു തന്നെയാണ് ഗവൺമെന്റ് കരുതുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏറ്റവുമൊടുവിൽ തയ്യാറാക്കിയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സില്‍ (PGI) കേരളം ആദ്യ ശ്രേണിയില്‍ തന്നെ നിലകൊള്ളുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ അതേക്കുറിച്ച്?

ഇത് കേരളത്തിലെ എല്ലാ പൗരന്മാർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. കേന്ദ്ര സർക്കാർതന്നെ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണിത്. പഠന നിലവാരം, അടിസ്ഥാനസൗകര്യം, ഭരണനിർവഹണം, തുല്യത എന്നിങ്ങനെ എല്ലാ മാനദണ്ഡങ്ങളിലും കേരളം മുൻപന്തിയിലാണ്. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരെയും രക്ഷിതാക്കളെയും ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. ഈ സ്ഥാനം നിലനിർത്താനും കൂടുതൽ മെച്ചപ്പെടുത്താനുമാണ് നമ്മൾ  തുടർന്നും ശ്രമിക്കുക.

സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് എന്ന് പറയുമ്പോള്‍ നിലവാരത്തിന്റെ കാര്യത്തില്‍ അങ്ങനെ പറയാനാവുമോ? മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യം നല്ലതല്ലേ?

തീർച്ചയായും. എണ്ണത്തിൽ മാത്രമല്ല, ഗുണത്തിലും നാം മുന്നിലാണ്. ദേശീയ തലത്തിൽ നടക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ (NAS) പോലുള്ള പഠനങ്ങളിൽ കേരളത്തിലെ കുട്ടികൾ സ്ഥിരമായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗണിതം, ശാസ്ത്രം, ഭാഷാശേഷി തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ കുട്ടികൾ ദേശീയ ശരാശരിയേക്കാൾ ബഹുദൂരം മുന്നിലാണ്. നമ്മുടെ വിജയശതമാനം, PGI റാങ്കിങ് എന്നിവയെല്ലാം ഈ നിലവാരത്തിന്റെ സൂചകങ്ങളാണ്.

പ്രാഥമികതലം മുതല്‍ ഇപ്പോള്‍ കേരളത്തില്‍ കമ്പ്യൂട്ടർ പഠനസൗകര്യങ്ങളുണ്ടല്ലോ. അതിനു വേണ്ട പശ്ചാത്തലസൗകര്യങ്ങൾ നമ്മുടെ സ്കൂ‌ളുകളിലുണ്ടോ? ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഇക്കാര്യത്തിലുള്ള അവസ്ഥയെന്താണ്?

ഈ രംഗത്ത് കേരളം ഒരു മാതൃകയാണ്. തുടക്കം മുതൽ കമ്പ്യൂട്ടർ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ 13,000-ത്തിനടുത്ത് സ്കൂളുകളിലായി 5 ലക്ഷത്തിലധികം ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മറ്റുപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള പഠനമാണ് നാം പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ഹൈസ്കൂൾ തലത്തിൽ പോലും ഇത്രയും വിപുലമായ ഐ.ടി സൗകര്യങ്ങൾ ലഭ്യമല്ല. ഈ രംഗത്ത് നാം ഒരുപാട് മുന്നിലാണ്.

ഇങ്ങനെ ഏതുതരം പരിവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും നാം സ്വീകരിക്കുന്ന ഒരു പൊതുനയമുണ്ട്. അത് ഏറെ പ്രസക്തമാകുന്നത് ആധുനിക സാങ്കേതികവിദ്യാ സാധ്യതകളുടെ വിന്യാസത്തിലാണ്. ലോകമെമ്പാടും ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ ഡിജിറ്റൽ ഉപകരണങ്ങള്‍ ഒരുതരത്തിലുമുള്ള വിവേചനമോ, വേര്‍തിരിവോ ഇല്ലാതെ, എയ്ഡഡ്, സര്‍ക്കാര്‍ വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കുംവേണ്ടി ഒരുക്കിയ സംസ്ഥാനമാണ് കേരളം. അരിച്ചുമാറ്റുക എന്നതാണ് കമ്പോളത്തിന്റെ രീതിയും നീതിയും. എന്നാല്‍  എല്ലാവര്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് തുല്യഅവസരമെന്നതാണ് ഇടതുപക്ഷ ബദല്‍. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ കാര്യങ്ങളിലും ഇതുറപ്പാക്കാന്‍  2016 മുതലിങ്ങോട്ടുള്ള എൽഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + ten =

Most Popular