Saturday, December 6, 2025

ad

Homeആമുഖംആമുഖം

ആമുഖം

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ച കാലമാണ് 2016 മുതലുള്ള ഒമ്പതിലേറെ വർഷം. അതിനുമുൻപുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്ത് ആദായകരമല്ലെന്ന പേരിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നതാണ് കണ്ടത്. സ്കൂൾ വർഷം പകുതി പിന്നിടുമ്പോഴാണ് കുട്ടികൾക്ക് പാഠപുസ്തകം ലഭ്യമായിരുന്നത്. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോരുന്നതും ഫലപ്രഖ്യാപനം വെെകുന്നതുമെല്ലാം പതിവായിരുന്നു അക്കാലത്ത്.

ഇന്ന് അതെല്ലാം പഴങ്കഥയായിക്കഴിഞ്ഞിരിക്കുന്നു. പ്രാഥമികതലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാലയങ്ങൾ ഹെെടെക്കായിയെന്നു മാത്രമല്ല, സ്വകാര്യവിദ്യാലയങ്ങളെ വെല്ലുംവിധത്തിലുള്ള പശ്ചാത്തലസൗകര്യങ്ങളും എൽഡിഎഫ് കാലത്ത് ഒരുക്കിക്കഴിഞ്ഞു. ഇതിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് വലിയ തോതിൽ വിദ്യാർഥികൾ മാറുന്നതാണ് നാം കാണുന്നത്.

ഡിജിറ്റൽ ഡിവെെഡ് ഇല്ലാതെ എല്ലാ കുട്ടികൾക്കും എഐ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങളാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ പഠനത്തിന് അതിവിപുലമായ സൗകര്യങ്ങൾ സ്കൂളുകളിലാകെ ഒരുക്കാനും സർക്കാരിനു കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയ പൊതുവിദ്യാലയങ്ങളിലാണ് കണ്ണഞ്ചിപ്പിക്കുംവിധമുള്ള ഈ മാറ്റങ്ങളാകെ സംഭവിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും പൊതുവിദ്യാഭ്യാസ രംഗത്തിന് ഈ മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടാണ് നിതി ആയോഗിന്റെ വിലയിരുത്തലിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസം തുടർച്ചയായി ഒന്നാം സ്ഥാനത്തെ എത്തിക്കൊണ്ടിരിക്കുന്നത്. 1957 മുതലുള്ള ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളും നടപടികളുമാണ് കേരളത്തെ ഇത്തരമൊരു മികവിൽ എത്തിച്ചത്. 2016നു ശേഷം നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടെ വലിയൊരു കുതിച്ചുചാട്ടമാണുണ്ടായത്.

ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക നിരത്താൻ ഒട്ടേറെയുള്ളപ്പോൾതന്നെ ഇത്രയും മതിയോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളുടെ നിലവാരം ഇനിയും ഏറെ ഉയരേണ്ടത് ആവശ്യമാണെന്ന അഭിപ്രായം ശക്തമായ സാഹചര്യത്തിൽ അത് തള്ളിക്കളയാവുന്നതുമല്ല. ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലുകളും അത് എങ്ങനെ തരണം ചെയ്യാമെന്നും മുന്നോട്ടുപോകാമെന്നുമുള്ള ചർച്ചകളും അനിവാര്യമാണ്. അത്തരത്തിൽ പഠന നിലവാരം ഉയർത്താനുള്ള നിരവധി പദ്ധതികളും ഇപ്പോൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ലക്കത്തിലെ കവർസ്റ്റോറി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി ചിന്ത പത്രാധിപ സമിതി അംഗം ഗിരീഷ് ചേനപ്പാടി നടത്തിയ ദീർഘമായ അഭിമുഖസംഭാഷണത്തിനുപുറമെ, മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, കെ അൻവർ സാദത്ത്, ഡോ. സി രാമകൃഷ്ണൻ, ടി കെ മീരാബായി, ഒ എം ശങ്കരൻ, ടി കെ എ ഷാ-ഫി എന്നിവരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight − seven =

Most Popular