നവംബർ ഒന്നോടെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിനെതുടർന്ന് കേരളം ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സമ്പൂർണ ദാരിദ്ര്യ മുക്ത സംസ്ഥാനമാവുകയെന്ന വലിയ സ്വപ്നം കാണാൻ ഇത് നമുക്കു കരുത്തുപകരുന്നു. അതായത് കേരളം ഇടത്തരക്കാരുടെ സമൂഹമായി മാറുകയാണെന്നർഥം.
തങ്ങൾ ഇടത്തരക്കാരുടെ സമൂഹമായി മാറിക്കഴിഞ്ഞുവെന്ന് ദശകങ്ങൾക്കു മുൻപേ പെരുമ്പറ മുഴക്കുന്ന അമേരിക്കയെ പോലെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങളിൽപോലും ദരിദ്രരുടെ മാത്രമല്ല അതിദരിദ്രരുടെ എണ്ണം പോലും നിരന്തരം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവിടെയാണ് കേരളം ഇപ്പോൾ കെെവരിച്ച അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിനനു മേന്മയേറുന്നത്.
രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റെടുത്ത ആദ്യ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടത്. നിരന്തരം നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ – സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും – ഫലമായാണ് നമുക്ക് ഈ ലക്ഷ്യം കെെവരിക്കാനായത്. ഇനി ഇത് നിലനിർത്തുകയും ആരെങ്കിലും ഇതിൽപെടാത്തവരായുണ്ടെങ്കിൽ അവരെക്കൂടി കെെപിടിച്ചുയർത്തുകയും പൊതുവിൽ സ്ഥിതി മെച്ചപ്പെടുത്തുകയുമാണ് വേണ്ടത്.
കൃത്യമായി ഇത്തരമൊരു മുന്നേറ്റം ലാക്കാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെയാകെ തുക വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അതിദരിദ്രരുടെയോ ദരിദ്രരുടെയോ അഭിവൃദ്ധി മാത്രം ലക്ഷ്യമാക്കിയുള്ള പദ്ധതികളല്ല ഇവ. സമൂഹത്തിന്റെയാകെ ക്ഷേമവും സന്തുഷ്ടിയും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ്.
ആശമാർ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, ഐസിഡിഎസ് പ്രവർത്തകർ എന്നിങ്ങനെയുള്ള ലക്ഷക്കണക്കായ സ്കീം തൊഴിലാളികളെ തൊഴിലാളികളായി കാണാൻപോലും തയ്യാറാകാതെയും അവരുടെ അവകാശങ്ങൾക്കുനേരെ പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്ന മോദി ഗവൺമെന്റിന്റെ സമീപനത്തിൽനിന്നും വ്യത്യസ്തമാണ് കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിന്റെ സമീപനമെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ് ഈ വിഭാഗങ്ങൾക്കെല്ലാം ലഭിക്കുന്ന ഓണറേറിയത്തിൽ വരുത്തിയ വർധനവിലൂടെ അതുപോലെ 35നും 60നും ഇടയ്ക്ക് പ്രായമുള്ള, മറ്റൊരു ക്ഷേമ പദ്ധതിയിലും ഉൾപ്പെടാത്ത ദരിദ്രരായ വീട്ടമ്മമാർക്കുള്ള ക്ഷേമ പെൻഷൻ, തൊഴിലനേ-്വഷകരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാകുന്നതുവരെയുള്ള കാലയളവിൽ പ്രതിമാസം 1000 രൂപ വീതം നൽകാനുള്ള തീരുമാനം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിന്റെ കാര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ കണ്ണെത്തുകയാണ്.
നാനാവിധ സാമ്പത്തിക ഉപരോധങ്ങളിലൂടെ കേരളത്തെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കാൻ യൂണിയൻ ഗവൺമെന്റ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കവെയാണ് തനത് വരുമാനം കണ്ടെത്തി ഈ ക്ഷേമ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം വികസന പദ്ധതികളിൽ ഒന്നുപോലും മുടങ്ങാതെയാണ്, അവയെല്ലാം അതിവേഗം മുന്നോട്ടു കുതിക്കവെ തന്നെയാണ് ക്ഷേമത്തിൽ സംസ്ഥാന സർക്കാർ ഊന്നുന്നത് എന്നും കാണേണ്ടതുണ്ട്. ഇതാണ് യഥാർഥ കേരള സ്റ്റോറി, കേരളത്തിന്റെ ബദൽ വികസന മാതൃക!
ഞങ്ങൾ ഈ ലക്കത്തിലെ കവർസ്റ്റോറിയിൽ കെെകാര്യം ചെയ്യുന്നത് ഈ വിഷയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർക്കുപുറമെ എ ആർ സിന്ധു, സി എസ് സുജാത, ആർ രാംകുമാർ, ഡോ. പി എസ് ശ്രീകല, എസ് മോഹനകുമാർ, എം വി ശശിധരൻ എന്നിവരാണ് എഴുതുന്നത്. l



