കേവലം സാമ്പത്തികസഹായം നല്‍കുന്ന ഒരു ക്ഷേമപദ്ധതിയല്ല അതിദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം. മറിച്ച്, ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും നിര്‍വ്വചിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത ഒരു സമഗ്ര ജനകീയ മുന്നേറ്റമാണിത്. ദാരിദ്ര്യത്തെ വരുമാനം എന്ന ഒറ്റ അളവുകോലില്‍ ഒതുക്കാതെ, വിശപ്പ്, രോഗം, ഭവനം, തൊഴില്‍ തുടങ്ങിയ സാമൂഹികവും ആരോഗ്യപരവുമായ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഏറ്റവും ദുര്‍ബലരായ 64,006 കുടുംബങ്ങളെയാണ് കേരളം കണ്ടെത്തിയത്. ഈ ഓരോ കുടുംബത്തിനും അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് മൈക്രോപ്ലാനുകള്‍ തയ്യാറാക്കി. അവര്‍ക്കെല്ലാം ഭക്ഷണം, ആരോഗ്യ പരിരക്ഷ, സുരക്ഷിത ഭവനം എന്നിവയ്ക്കുപുറമെ സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള ഉപജീവന മാര്‍ഗ്ഗങ്ങളും മൈക്രോപ്ലാനുകളില്‍ ഉള്‍പ്പെടുത്തി.
സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ പോലും ഉള്‍പ്പെടാതെപോയ ഏറ്റവും അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ സര്‍ക്കാര്‍ നടപടി, നവകേരളം മുന്നോട്ടുവെക്കുന്ന മാനുഷികവും സമഗ്രവുമായ വികസന കാഴ്ചപ്പാടിന്റെ അടിത്തറയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലാണ് ചരിത്രപരമായ ഈ നേട്ടത്തിനു പിന്നില്‍. എല്ലാ പൗരര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിലൂടെ വെളിവാകുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നാം നടപ്പാക്കിവരുന്ന നവകേരള നിര്‍മ്മാണ പ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തല സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണ് കേരളം സാമൂഹികവികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി. ആര്‍ദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ശക്തിപ്പെടുത്തിക്കൊണ്ട് സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. നമ്മുടെ നെല്‍വയലുകളും ജലാശയങ്ങളും വീണ്ടെടുത്തു. ഹരിതകേരളം പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ ഹരിതാഭയെയാകെ തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിച്ചു.
ലൈഫ് മിഷന്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു പാർപ്പിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. രാജ്യത്ത് ഭവനനിര്‍മ്മാണത്തില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര വേഗത്തിലാണ് ലൈഫ് മിഷന്‍ മുന്നോട്ടുപോയത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച്, ഇന്ന് ലോകം ഉറ്റുനോക്കുന്ന ഭവനപദ്ധതിയായി വളര്‍ന്ന ലൈഫ് മിഷന്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് നാടിനു സമ്മാനിച്ചത്. അഞ്ചു ലക്ഷത്തോളം വീടുകള്‍ നല്‍കി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ക്ഷേമകാര്യങ്ങളില്‍ സമാനതകളില്ലാത്ത ഇടപെടലുകളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 62 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1,600 രൂപ വീതം മുടങ്ങാതെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കിവരുന്നത്. എന്നാല്‍, നവംബര്‍ 1 മുതല്‍ അത് 2,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കുടിശ്ശിക വരുത്താതെ ഇത്രയും പേര്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതിയുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായി കേരളം മാറി. നിലവില്‍ നടന്നുവരുന്ന ക്ഷേമ പദ്ധതികള്‍ക്കുപുറമെ ചില പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഇതിലേറ്റവും പ്രധാനമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിക്കുന്ന പെന്‍ഷന്‍ പദ്ധതി. 35 മുതല്‍ 60 വയസ്സ് വരെയുള്ള, നിലവില്‍ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എ എ വൈ (മഞ്ഞക്കാര്‍ഡ്), പി എച്ച് എച്ച് (മുന്‍ഗണനാ വിഭാഗം – പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കും. 31.34 ലക്ഷം സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്റ് അഥവാ സാമ്പത്തിക സഹായം നല്‍കുന്നതിനായി കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്ന പേരില്‍ ഒരു പദ്ധതിയും ആരംഭിക്കുകയാണ്. 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവതി / യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ഇതുവഴി ധനസഹായം ലഭിക്കും.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവയുടെ ഫലമായി 8 സര്‍വ്വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതില്‍ 82 കോളേജുകള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് ഇതു ലഭിച്ചത്. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളേജുകളാണ്.
അഭൂതപൂര്‍വമായ നേട്ടങ്ങളാണ് വ്യവസായ മേഖലയില്‍ കേരളം കൈവരിച്ചത്. 2016 ല്‍ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച 12 ശതമാനം ആയിരുന്നത്, ഇന്ന് 17 ശതമാനമായി ഉയര്‍ന്നു. മാനുഫാക്ചറിങ് സെക്ടറിന്റെ സംഭാവന 2016 ല്‍ 9.8% ആയിരുന്നു. ഇന്നത് 14 ശതമാനമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം എത്തുന്ന നിലയിലേക്ക് വ്യവസായ മേഖലയെ സര്‍ക്കാര്‍ വളര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെ–സ്വിഫ്റ്റ് എന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനത്തിന്റെയും, വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധനാ സംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം നമുക്കു സാധ്യമായത്. ഈ സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭക വര്‍ഷം പദ്ധതി ദേശീയതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റി. അതിന്റെ ഭാഗമായി ഇതുവരെ 3,56,016 സംരംഭങ്ങള്‍ ആരംഭിച്ചു. 22,900 കോടി രൂപയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണ് എന്നത് ഈ പദ്ധതിയുടെ മാറ്റുകൂട്ടുന്നു. ഇപ്പോള്‍ സംരംഭങ്ങളുടെ എണ്ണം നാലു ലക്ഷത്തിലേക്ക് എത്തുകയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളിലൊന്നായി കേരളം ഇക്കാലയളവില്‍ മാറി. കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനുള്ളില്‍ 7,200 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുകയും വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായ മേഖലയെ കൈപിടിച്ചുയര്‍ത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗത മേഖലയ്ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്കീമിന് 2011–16 കാലത്ത് 210 കോടി രൂപ മാത്രമായിരുന്നു വകയിരുത്തിയതെങ്കില്‍ കഴിഞ്ഞ 9 വര്‍ഷക്കാലത്ത് 700 കോടിയോളം രൂപ ഈ ഇനത്തില്‍ ചെലവഴിച്ചു.
കാര്‍ഷിക മേഖലയിലും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016 ല്‍ 2 ശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചാ നിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍, ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 4.56 ടണ്‍ ആയി വര്‍ദ്ധിച്ചു. പച്ചക്കറി ഉത്പാദനം 7 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു. കാര്‍ഷിക മൂല്യവര്‍ദ്ധനവ് ലക്ഷ്യംവെച്ചുള്ള വിവിധ പാര്‍ക്കുകള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും നമ്മള്‍ മാറി. കഴിഞ്ഞ ഒമ്പതര വര്‍ഷംകൊണ്ട് 15,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകളെടുത്തു നോക്കിയാല്‍ നമ്മുടെ തനതു നികുതി വരുമാനം 47,000 കോടി രൂപയില്‍ നിന്ന് 81,000 കോടി രൂപയായി വര്‍ദ്ധിച്ചു. ആകെ തനതു വരുമാനമാകട്ടെ 55,000 കോടിരൂപയില്‍ നിന്ന് 1,04,000 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഈ സാമ്പത്തിക വര്‍ഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടിവരും എന്നാണ് കരുതപ്പെടുന്നത്.
പി എസ് സിയിലൂടെ കഴിഞ്ഞ ഒമ്പതുവര്‍ഷംകൊണ്ട് മൂന്നു ലക്ഷത്തോളം നിയമനങ്ങള്‍ നടത്തി. 40,000 ത്തോളം തസ്തികകള്‍ സൃഷ്ടിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നാലുശതമാനം സംവരണം ഉറപ്പാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഇ–ഓഫീസും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വഴി ഫയല്‍ നീക്കവും അപേക്ഷാ നടപടികളുമെല്ലാം ഓണ്‍ലൈന്‍ ആക്കിമാറ്റി. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ പാടേ മാറ്റിമറിച്ചുകൊണ്ട് കിഫ്ബി മുന്നേറ്റം തുടരുകയാണ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമാക്കുന്നതില്‍ കിഫ്ബി വലിയ പങ്കുവഹിച്ചു. 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രം അടിസ്ഥാന സൗകര്യ മേഖലയില്‍ ഉണ്ടായി. സ്കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയും, സര്‍ക്കാര്‍ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മെച്ചപ്പെടുത്തിയും, പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചും കിഫ്ബി മുന്നേറുകയാണ്. തീരദേശ, മലയോര ഹൈവേകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഗതാഗത പദ്ധതികള്‍ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗത ഭൂപടംതന്നെ മാറ്റിവരയ്ക്കുകയാണ്.
സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന നിരവധി മറ്റു വന്‍കിട പദ്ധതികളും ഇക്കാലയളവില്‍ യാഥാര്‍ത്ഥ്യമായി. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പ്രകൃതിവാതക ലഭ്യത ഉറപ്പാക്കി. ദേശീയപാതാ വികസനം നാല്, ആറ് വരികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു പുതിയ ഊര്‍ജ്ജം നല്‍കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തെ ആഗോള വാണിജ്യ ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ, എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന കെ–ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിലൂടെ കേരളം ഒരു ‘ഡിജിറ്റല്‍ ഹൈവേ’ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഇങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നടത്തിയ ഈ കുതിച്ചുചാട്ടമാണ് കേരളത്തെ ഒരു വികസിത സമൂഹമായി മുന്നോട്ടു നയിക്കുന്നത്.
നവകേരളം എന്ന നമ്മുടെ ലക്ഷ്യം നിയമപരമായി ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ നിയമസഭ പാസാക്കിയ അഞ്ച് സുപ്രധാന ബില്ലുകള്‍ ജനജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബില്‍, 2025 വഴി പൗരര്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയും കാലതാമസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതിലൂടെ ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുന്നു. സാമ്പത്തിക പ്രതിസന്ധികളില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാനും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍. വീടും പുരയിടവും ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള സംരക്ഷണം ഈ ബില്‍ ഉറപ്പുനല്‍കുന്നു.
ഡിജിറ്റല്‍ സര്‍വേയില്‍ കണ്ടെത്തുന്നതും എന്നാല്‍ രേഖകളില്‍ ഉള്‍പ്പെടാത്തതുമായ ചെറിയ അളവിലുള്ള അധിക ഭൂമി കൈവശമുള്ളവര്‍ക്ക് ഉടമസ്ഥാവകാശം ക്രമവത്കരിച്ച് നല്‍കി പതിറ്റാണ്ടുകളായുള്ള ഭൂമി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍. ഭരണതലത്തിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും മലയാള ഭാഷയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്ന മലയാളഭാഷാ ബില്‍ നമ്മുടെ മാതൃഭാഷാ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരനു കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബില്‍. ജനപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നവയാണ് ഈ നിയമനിര്‍മ്മാണങ്ങളെല്ലാം.
സാമൂഹിക പുരോഗതിയുടെയും വികസനത്തിന്റെയും സൂചികകളില്‍ കേരളം എപ്പോഴും ഇന്ത്യയ്ക്ക് മാതൃകയായി നിലകൊള്ളുന്നു. മികച്ച ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെല്ലാം കേരളം മുന്‍പന്തിയിലാണ്. അതിദാരിദ്ര്യം പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന ചരിത്രപരമായ പ്രഖ്യാപനത്തോടെ, നാം ലോകത്തിനു മുന്നില്‍ ഒരു പുതിയ മാതൃക കൂടി സ്ഥാപിച്ചിരിക്കുകയാണ്.
സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. അതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. l



