Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറികേരളം 
വികസനത്തിന്റെ 
ലോക മാതൃക

കേരളം 
വികസനത്തിന്റെ 
ലോക മാതൃക

എം വി ഗോവിന്ദൻ

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ചുവടുവെപ്പിനാണ് നാം സാക്ഷ്യംവഹിച്ചത്: നവംബര്‍ 1 ന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുതലാളിത്ത സമൂഹത്തിനകത്തുതന്നെ ശരിയായ നിലപാടുകള്‍ സ്വീകരിച്ച് ഇടപെട്ടാല്‍ അതിദാരിദ്ര്യം പരിഹരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് ലോകത്തിനുതന്നെ മാതൃകയാവുന്ന നേട്ടമാണ്.

സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ തന്നെ ഇത്തരം നേട്ടങ്ങള്‍ കെെവരിക്കാന്‍ പതിറ്റാണ്ടുകളാണ് എടുത്തിട്ടുള്ളത്. കേരളം അതിദാരിദ്ര്യം പരിഹരിക്കുന്നുവെന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ അത് ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ചൈനീസ് ഗവണ്‍മെന്റിന്റെ പ്രതിനിധി സംഘം ഇതു സംബന്ധിച്ച് പഠിക്കാന്‍ കേരളത്തിലെത്തിയിരുന്നു. അവര്‍ മൂന്നു കാര്യങ്ങളില്‍ കേരളാ മാതൃകയില്‍ നിന്ന് പഠിക്കാനുണ്ട് എന്ന് പറയുകയുണ്ടായി. ഒന്നാമതായി അതിദാരിദ്ര്യം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടര്‍ച്ചയായി ഭരണം പോലും ലഭിക്കാത്ത കേരളത്തില്‍ ഇത് സാധ്യമായതാണ് അവരെ അത്ഭുതപ്പെടുത്തിയത്.

പൊതുജനാരോഗ്യ രംഗത്തും കേരളം മറ്റു വികസിത രാഷ്ട്രങ്ങളെയെല്ലാം മറികടന്നു മുന്നോട്ടുപോയത് എങ്ങനെയാണെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. സ്റ്റാര്‍ട്ടപ്പിന്റെ കാര്യത്തില്‍ കേരളം നടത്തുന്ന കുതിപ്പും എങ്ങനെയാണെന്ന് കൗതുകത്തോടെ അവര്‍ ചോദിക്കുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍, കേരളത്തിന് ഈ നേട്ടം കെെവരിക്കാന്‍ കഴിഞ്ഞതിന് കാരണം നവോത്ഥാന പ്രസ്ഥാനവും തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും നടത്തിയ പ്രവര്‍ത്തനങ്ങളും അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വര്‍ഗ്ഗപരമായ കാഴ്ചപ്പാടോടുകൂടി ഇടപെടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞതുമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജന്മിത്വത്തിന്റെ സാമൂഹ്യമായ അനീതിക്കെതിരായാണ് രംഗത്തുവന്നത്. ദേശീയ പ്രസ്ഥാനം ആ മുദ്രാവാക്യത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി. ആ മുദ്രാവാക്യത്തെ സ്വാംശീകരിച്ചുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഏറ്റെടുത്ത് കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിച്ചു. അതോടൊപ്പം, ഭാവികേരളത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടും രൂപീകരിച്ചുകൊണ്ടാണ് പാർട്ടി പ്രവര്‍ത്തിച്ചത്. കുട്ടികൃഷ്ണ മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ഇഎംഎസ് എഴുതിയ വിയോജനക്കുറിപ്പുകളോടെയാണ് അത് ആരംഭിക്കുന്നത്. തുടര്‍ന്ന് 1956ൽ കേരള വികസന രേഖ മുന്നോട്ടുവെക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇടതുപക്ഷം ഭരണത്തില്‍ വന്നപ്പോഴെല്ലാം അതിന്റെ പരിമിതികളും, സാധ്യതകളും മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകൾ നടത്തി. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരളത്തിന്റെ അസ്ഥിവാരം രൂപപ്പെടുത്തുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. ഭരണത്തിലിരിക്കുമ്പോള്‍ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുവേണ്ട ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കി. പ്രതിപക്ഷത്തിരിക്കുന്ന ഘട്ടങ്ങളില്‍ ഇവയെ തകര്‍ക്കാനുള്ള നിയമങ്ങൾ കോൺഗ്രസ് ഗവൺമെന്റ് കൊണ്ടുവന്നപ്പോൾ അതിശക്തമായി ചെറുക്കുകയും ചെയ്തു.

ഓരോ സാഹചര്യത്തേയും മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകൾ സംഘടിപ്പിച്ചു. ആഗോളവല്‍ക്കരണ നയം ശക്തിപ്പെട്ടുവന്നപ്പോള്‍ കേരള വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഈ രംഗത്തുള്ള പുതിയ കാല്‍വെപ്പായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കേരള വികസനത്തെ സംബന്ധിച്ച ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തി മുന്നോട്ടുപോയി. 2011 മുതല്‍ 2016 വരെ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കുകയായിരുന്നു. കേരളത്തിലെ ജനജീവിതമാകമാനം തകരുന്ന സാഹചര്യമുണ്ടായി.

കേരളത്തിലെ ജനത ദുരിതങ്ങള്‍ക്കിടയില്‍പ്പെട്ട് കഴിയുന്ന ഘട്ടത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരള വികസനത്തെ സംബന്ധിച്ച ബദല്‍ കാഴ്ചപ്പാട് ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിച്ചത്. അതില്‍ എല്‍ഡിഎഫ് നടപ്പിലാക്കാന്‍ പോകുന്ന കാഴ്ചപ്പാട് ഇങ്ങനെ വിശദീകരിച്ചു:

“വേണം നമുക്കൊരു പുതുകേരളം. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്ന സംസ്ഥാനമാവണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണം. പക്ഷേ അതോടൊപ്പം ഇന്ന് നമ്മുടെ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതുവിദ്യാഭ്യാസാദി പൊതുസംവിധാനങ്ങള്‍ സംരക്ഷിക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും വേണം. ജാതിരഹിത കേരളം, മതനിരപേക്ഷ കേരളം, ജനാധിപത്യകേരളം, വികസിത കേരളം ഇവയാണ് നമ്മുടെ മുദ്രാവാക്യങ്ങള്‍”.

ഈ കാഴ്ചപ്പാട് ജനങ്ങള്‍ അംഗീകരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കുകയും ചെയ്തു. ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച കാഴ്ചപ്പാട് അവർ അംഗീകരിച്ചു എന്നാണ് ഇതിനർഥം. യുഡിഎഫ് നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം തുടരുമ്പോള്‍ തന്നെയാണ് ഇത്തരത്തിൽ ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ സമരവും, പ്രാവര്‍ത്തികമാക്കാനുള്ള ബദലുമായാണ് എല്‍ഡിഎഫ് സർക്കാർ പ്രവർത്തിച്ചത്. ഭരണത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനും ദുരന്തങ്ങളെയെല്ലാം ഫലപ്രദമായി നേരിടാനും സര്‍ക്കാരിന് സാധിച്ചു. അതോടൊപ്പം കേരളത്തെ വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ജനവിധി തേടിയത്. വൈജ്ഞാനിക സമൂഹ സൃഷ്ടി എന്ന ആശയം മുന്നോട്ടുവെച്ചു; അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ പ്രശ്നങ്ങളും കേരളത്തിന്റെ കാര്‍ഷിക – വ്യാവസായിക മേഖലകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും മുന്നോട്ടുവച്ച് നടപ്പാക്കി. തുടർന്ന് കൂടുതല്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഎഫ് അധികാരത്തിലെത്തുന്നതിന് ഇത് വഴിയൊരുക്കി.

തുടര്‍ഭരണം ലഭിച്ചതോടെ ദീര്‍ഘകാല പദ്ധതികളും ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 25 വര്‍ഷക്കാലത്തേക്കുള്ള പരിപാടികള്‍ നടപ്പിലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ആ ഘട്ടമാകുമ്പോഴേക്കും മധ്യവികസിത രാഷ്ട്രങ്ങളിലെ വരുമാനത്തിനൊപ്പംതന്നെ കേരളത്തെ എത്തിക്കുന്ന സ്ഥിതിയും ഉണ്ടാവാന്‍ പോവുകയാണ്. ഈ പ്രയാണത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്നത്. കേരളത്തിലെ ഒരു കോടിയോളം ജനതയ്ക്ക് വിവിധ തരത്തില്‍ നേരിട്ട് ആശ്വാസം നല്‍കുന്നതാണ് ഇത്. ആഗോളവല്‍ക്കരണകാലത്ത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ദുര്‍ബലപ്പെടുത്തുകയും പാവപ്പെട്ടവരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ഈ നേട്ടമുണ്ടായത്.

രാജ്യത്തെ അസമത്വം വന്‍തോതില്‍ വികസിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിലുള്ള മാറ്റം കേരളത്തില്‍ ഉണ്ടാക്കാനായത്. കേരളം ഈ മുന്നേറ്റം നടത്തിയപ്പോള്‍ ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട ക്ഷേമ പദ്ധതികൾ സര്‍ക്കാരിന് നടത്താന്‍ സാധ്യമല്ലെന്ന പ്രചരണം പ്രതിപക്ഷം നടത്തുന്നുണ്ട്. ഇതു കാണിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രവര്‍ത്തനവും നടത്തുന്നതിനുള്ള യാതൊരു പദ്ധതിയും പ്രതിപക്ഷത്തിന്റെ കയ്യിലില്ല എന്നതാണ്.

അതിദാരിദ്ര്യം പരിഹരിക്കും എന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ള എല്ലാ വിഭാഗങ്ങളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് ഇതിലൂടെ നടപ്പിലാക്കപ്പെടുന്നത്. നാലു വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം ഉണ്ടാക്കാനായത്. അതു സംബന്ധിച്ച വ്യക്തമായ പ്ലാനിങ്ങും രാഷ്ട്രീയമായ ഇച്ഛാശക്തിയും ഇടപെടലും കാരണമാണ് ഇത്തരമൊരു പദ്ധതി വിജയിപ്പിക്കാനായത‍്.

കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതം കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ സുരക്ഷാ പെൻഷനു മറ്റും നടപ്പിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍, കുടുംബശ്രീക്കുള്ള ആനുകൂല്യം തുടങ്ങിയവ അതാണ് കാണിക്കുന്നത്.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ടുകൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായി യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വര്‍ദ്ധനവ് 62 ലക്ഷത്തിലേറെ പാവപ്പെട്ടവരുടെ ജീവിതത്തെ സംരക്ഷിക്കുന്നതാണ്. സ്കീം വര്‍ക്കര്‍മാരുടെ ഓണറേറിയവും ആയിരം രൂപ വര്‍ദ്ധിപ്പിക്കുകയാണ്. ആശ, അംഗനവാടി, പാചകത്തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം വലിയ നേട്ടമാണ് ഇതുണ്ടാക്കുന്നത്. സാക്ഷരതാ പ്രേരക്മാര്‍, പ്രീപ്രൈമറി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇതിലൂടെ കഴിയും.

റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം, റബര്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന താങ്ങുവില കിലോഗ്രാമിന് 180 രൂപയില്‍ നിന്നും 200 രൂപയാക്കി ഉയര്‍ത്തും. വന്യമൃഗ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള ധനസഹായം 16 കോടി രൂപ; നെല്ല് സംഭരണത്തില്‍ ബാക്കി നല്‍കാനുള്ള തുക ഉടനെ അനുവദിക്കും. കണ്‍സോര്‍ഷ്യം വായ്പയില്‍ നിന്നോ മറ്റു വഴികളിലൂടെയോ കുടിശ്ശിക തീര്‍ക്കാനുള്ള തുക കണ്ടെത്തും.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് 25 കോടി രൂപയാണ് നല്‍കുന്നത്. വകുപ്പുകളുടെ ബജറ്റ് വിഹിതത്തില്‍നിന്നും നല്‍കുന്ന ധനസഹായ പദ്ധതികള്‍ കുടിശ്ശിക ഉള്‍പ്പെടെ കൊടുത്തുതീര്‍ക്കുന്നതിനായി 498.36 കോടി രൂപ അധികമായി നല്‍കും. തണല്‍ പദ്ധതി, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം എന്നിവയ്ക്ക് 207.40 കോടി രൂപയും നല്‍കുകയാണ്. ഖാദി – കൈത്തറി തൊഴിലാളികളുടെ ആനുകൂല്യങ്ങളിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

ലെപ്രസി, കാന്‍സര്‍, ക്ഷയരോം എന്നീ രോഗബാധിതർക്കുള്ള ധനസഹായം സമയബന്ധിതമായി നല്‍കുന്നതിന് സർക്കാർ പണം അനുവദിച്ചിരിക്കുകയാണ്. കാസ്പ്, കെ ബി എഫ് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിന് അധികം വേണ്ട തുക കൂടിച്ചേര്‍ത്ത് ഐ ബി ഡി എസ് മുഖേന പണം അനുവദിക്കുകയാണ്. ആരോഗ്യ കിരണം, ശ്രുതി തരംഗം പദ്ധതികള്‍ക്ക് പൂര്‍ണ്ണമായും തുക നല്‍കുകയാണ്. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുവാന്‍ കെ എം എസ് സി.എലിന് 914 കോടി രൂപ ഐ.ബി.ഡി.എസ് മുഖേന കൊടുക്കുകയാണ്.

സപ്ലൈകോ – വിപണി ഇടപെടല്‍ ഇനത്തില്‍ കുടിശ്ശിക തീര്‍ക്കുന്നതിനായി 110 കോടിരൂപ അനുവദിക്കും. കേരള സാമൂഹിക സുരക്ഷാമിഷന്‍ മുഖേന നടപ്പിലാക്കുന്ന 10 പദ്ധതികള്‍ക്കുള്ള കുടിശ്ശിക തീര്‍ക്കുന്നതിനായി 88.38 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. വയോമിത്രം 30 കോടി രൂപ, സ്നേഹപൂര്‍വ്വം – 43.24 കോടി രൂപ, ആശ്വാസ കിരണം – 6.65 കോടി രൂപ, സ്നേഹസ്പര്‍ശം – 0.25 കോടി രൂപ, മിഠായി – 7.99 കോടി രൂപ, വി കെയര്‍ – 0.24 കോടി എന്നിങ്ങനെയാണ് അനുവദിക്കുക.

2025 മാര്‍ച്ച് മാസം വരെയുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ആശ്വാസ കിരണം പദ്ധതിക്ക് 55 കോടി രൂപയും, സമാശ്വാസം പദ്ധതിയ്ക്ക് 3.1 കോടി രൂപയും കൂടി വേണ്ടിവരും. കുടിശ്ശിക ഉള്‍പ്പടെ മൊത്തം 146.48 കോടി രൂപ ആവശ്യമുണ്ട്. ആ തുക അനുവദിക്കും.പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി 70 കോടി രൂപ അനുവദിക്കും.

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി നിലനിർത്തുന്നതിനും ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി പിന്നാക്കം പോകുന്ന 30 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ അടുത്ത ഉത്തരവാദിത്വം. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയും, ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന സബ്സിഡികള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുമ്പോഴാണ് കേരളം ഇത്തരമൊരു കുതിപ്പ് നടത്തുന്നത്. ഇത് രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുകതന്നെ ചെയ്യും. കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരികയെന്നത് കേരളത്തിന്റെമാത്രം ആവശ്യമല്ല. അത് രാജ്യത്താകെയും, ലോകത്തെമ്പാടും ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നവരുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനും അനിവാര്യമായ ഒന്നാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + 17 =

Most Popular