Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറിസ്ത്രീ സുരക്ഷാ പെൻഷൻ വീട്ടുജോലിയുടെ 
സാമൂഹ്യവത്കരണം

സ്ത്രീ സുരക്ഷാ പെൻഷൻ വീട്ടുജോലിയുടെ 
സാമൂഹ്യവത്കരണം

കേരള സർക്കാർ 2025 നവംബർ മുതൽ 35 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകൾക്കും ഭിന്നലിംഗ വ്യക്തികൾക്കും (ട്രാൻസ്ജെൻഡർ) പ്രതിമാസം ആയിരം രൂപ ‘സ്ത്രീ സുരക്ഷാ പെൻഷൻ’ പ്രകാരം നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു യാതൊരു പദ്ധതികളിൽനിന്നും സഹായം ലഭിക്കാത്ത ദരിദ്രരായ സ്ത്രീകൾക്കാണ് ഈ സഹായം ലഭ്യമാവുക. ഇതിൻപ്രകാരം കേരളത്തിൽ ഏതാണ്ട് 31.34 ലക്ഷംപേർക്ക് ഈ സഹായം ലഭ്യമാകും. സർക്കാർ ഇതിനായി  3,800 കോടി രൂപ നീക്കി വച്ചിരിക്കുന്നു.

സ്ത്രീകൾക്ക് ഇത്തരത്തിലുള്ള വരുമാന പിന്തുണ (ഇൻകം സപ്പോർട്ട് കാഷ് ട്രാൻസ്-ഫർ) നല്കുന്ന 12-–ാമത്തെ സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തരമൊരു പദ്ധതി ആദ്യമായി വിഭാവനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് (2021 ൽ തന്നെ) കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. യൂണിയൻ ഗവൺമെന്റ് കേരളത്തിന് അർഹമായ വിഹിതംപോലും തടഞ്ഞ് സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയതിനാൽ ഈ പദ്ധതി ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ സ്വന്തമായി വരുമാനം കണ്ടെത്തി പദ്ധതി നടപ്പാക്കുകയാണ് കേരള സർക്കാർ.

ഇത്തരം പദ്ധതികൾക്ക് അനുകൂലമായും പ്രതികൂലമായും നിരവധി വാദങ്ങൾ ഉണ്ട്. ‘വീട്ടമ്മ’മാർക്ക് പെൻഷൻ എന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം ആശയവ്യക്തതക്കുറവുമൂലം വളരെയേറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ‘വീട്ടമ്മ’ എന്ന പ്രയോഗം തന്നെ അതിന്റെ പ്രത്യയശാസ്ത്രത്താൽ ചോദ്യംചെയ്യപ്പെടേണ്ട ഒന്നാണ്. വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കപ്പെടുന്ന പദ്ധതികൾ സ്ത്രീകളുടെ പരമ്പരാഗത വാർപ്പുമാതൃകകൾ ഉറപ്പിക്കുന്ന ലക്ഷ്മി ഭണ്ഡാർ, ബഹൻ ബേട്ടി, ലാഡ് ലി ലക്ഷ്മി, ലഡ്കി ബഹിൻ, ഗൃഹ ലക്ഷ്മി, പ്യാരി ബെഹനാ തുടങ്ങിയ പേരുകളിലാണ്. കേരളത്തിലെ പദ്ധതിയുടെ വിശദാംശങ്ങൾ ഇനിയും വ്യക്തമാകേണ്ടതുണ്ട്. സ്ത്രീകൾക്കും ഭിന്നലിംഗ വ്യക്തികൾക്കുമുള്ള ‘സ്ത്രീ സുരക്ഷാ പെൻഷൻ’ ആയിട്ടാണ് കേരളം ഇപ്പോൾ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ സ്വന്തമായി വരുമാനമില്ലാത്ത 31 ലക്ഷത്തിലധികം സ്ത്രീകളുടെ അന്തസ്സുയർത്തുന്ന ഒരു നീക്കമാണിത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടാതെ ഏറ്റവും ദരിദ്രരായ ഒരു വിഭാഗത്തിന്റെ കയ്യിൽ എത്തുന്ന 3,800 കോടി രൂപ കേരളീയ സമ്പദ്-വ്യവസ്ഥയിൽ ക്രിയാത്മകമായ പങ്കുവഹിക്കും. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടികളാൽ നയിക്കപ്പെടുന്ന ഒരു മുന്നണിയുടെ വാഗ്ദാനങ്ങൾ പ്രായോഗികമായാൽ മാത്രം പോരാ, അവയ്ക്ക് പ്രത്യയശാസ്ത്ര വ്യക്തതകൂടി ഉണ്ടാവേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന പദ്ധതികൾ പലപ്പോഴും തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രം മാത്രമായിട്ടാണ് നടപ്പാക്കപ്പെടുന്നത്. അതിനാൽ പലയിടങ്ങളിലും തിരഞ്ഞെടുപ്പിനു ശേഷം പദ്ധതി നിലയ്ക്കുകയാണ് പതിവ്. മഹാരാഷ്ട്രയിൽ പന്ത്രണ്ടായിരത്തിലധികം പുരുഷൻമാരടക്കം 26 ലക്ഷം അനർഹർക്ക് ഈ പദ്ധതിയിൽ പണം കൊടുത്ത അഴിമതി പുറത്തുവന്നിരിക്കുന്നു.

കൂലിയില്ലാപ്പണി 
മുതലാളിത്തത്തിൽ
സ്ത്രീ വിവേചനത്തിനും സാമൂഹിക പിന്നാക്കാവസ്ഥയ്ക്കും ശാസ്ത്രീയ വിശദീകരണം നൽകിയ ഫ്രെഡറിക് എംഗൽസ് കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന തന്റെ പ്രധാന കൃതിയിൽ പറയുന്നു, ‘‘സ്ത്രീകൾക്ക് വലിയ തോതിൽ, സാമൂഹിക ഉത്പാദന പ്രക്രിയയിൽ ഭാഗഭാക്കാവൻ കഴിയുകയും വീട്ടുജോലി അവളുടെ സമയത്തിന്റെ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമാവുകയും ചെയ്യുമ്പോൾ മാത്രമേ സ്ത്രീ വിമോചനം സാധ്യമാകൂ’’.

മുതലാളിത്തത്തിൻ കീഴിൽ, വീടിനുള്ളിൽ സ്ത്രീകൾ ചെയ്യുന്ന വേതനമില്ലാത്ത വീട്ടുജോലിയും പരിചരണ ജോലിയുമാണ് (domestic and care work) തൊഴിൽ ശക്തി പുനരുത്പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് പ്രധാനമായും വഹിക്കുന്നത്. ഈ കൂലിയില്ലാത്ത അധ്വാനം (unpaid labour) മുതലാളിത്ത വ്യവസ്ഥയ്ക്ക് സബ്സിഡി നൽകുന്നു. പുരുഷാധിപത്യ (patriarchal) മാനദണ്ഡങ്ങൾ കുടുംബത്തിലെ സ്ത്രീകളുടെ പരമ്പരാഗതമായ പങ്കിനെ അരക്കിട്ടുറപ്പിക്കുന്നു. ആർഎസ്എസ് അടക്കമുള്ള വർഗ്ഗീയ ശക്തികളുടെ, സ്ത്രീകളുടെ ‘വീട്ടമ്മ’ റോളിനെ മഹത്വവത്കരിക്കുന്ന കാഴ്ചപ്പാട് നവലിബറൽ മുതലാളിത്തത്തിന്റെ ഈ ചൂഷണത്തെ സിദ്ധാന്തവത്കരിക്കുന്നതാണ്.

അതേസമയം ഇത് സ്ത്രീകളെ ഉൽപ്പാദന പ്രക്രിയയിൽ സജീവമായി പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നു. ഇന്ത്യയിലെ വളരെ കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്തം – കേരളത്തിലടക്കം – സ്ത്രീയുടെ സാമൂഹിക പിന്നോക്കാവസ്ഥ തുടരുന്നതിന് പ്രധാന കാരണമാണ്. എന്നാൽ നവലിബറൽ മുതലാളിത്തത്തിന് കൂലിയില്ലാപ്പണിയുടെ സബ്സിഡി മാത്രമല്ല, വിലകുറഞ്ഞ അധ്വാനശക്തിയും നിരന്തരം ലഭ്യമാകേണ്ടതുണ്ട്. അതിനാൽ നവലിബറലിസത്തിനു കീഴിൽ, ഒരേസമയം പരിമിതമായ വിലപേശൽശേഷിയുള്ള വിലകുറഞ്ഞ തൊഴിൽ സ്രോതസ്സായി ഇന്ത്യൻ സ്ത്രീകൾ തൊഴിൽ സേനയിലേക്ക് പ്രവേശിക്കുന്നത് നയപരമായ തലത്തിൽതന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട്.

സുഭാഷിഷ് റേ (ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി), ആ
കാൻ ഷ മജുംദാർ(ജിൻഡാൽ സ്കൂൾ ഓഫ് ഗവൺമെന്റ് & പബ്ലിക് പോളിസി) എന്നിവർ ചേർന്ന് നടത്തിയ ഒരു പഠനം പറയുന്നത് ഈ പദ്ധതികളുടെ ഫലം അതത് സംസ്ഥാനങ്ങളുടെ നയപരമായ മുൻഗണനകളെ ആശ്രയിച്ചാണ് എന്നാണ്. “സാമൂഹിക യാഥാസ്ഥിതികത (cultural conservatism) യാണ് ഈ പദ്ധതികളുടെ ഫലം നിർണയിക്കുന്ന ഒരു പ്രധാന ഘടകം. ബിജെപി അനുകൂല സംസ്ഥാനം അല്ലെങ്കിൽ സ്ത്രീ സാക്ഷരതാനിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ സാമ്പത്തിക സഹായം സ്ത്രീകളെ വീട്ടിൽതന്നെ നിലനിർത്തുന്നു. നേരെമറിച്ച്, ബിജെപി ഇതര / സ്ത്രീ സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതികൾ തൊഴിലിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സ്ത്രീകളെ വീട്ടിൽ നിന്ന് സമൂഹത്തിലേക്ക് നയിക്കുന്നു.” (അവലംബം: ദി പ്രിന്റ്, 17 ജനുവരി 2024)

സ്ത്രീ തൊഴിൽ പങ്കാളിത്തം
കേരളത്തിൽ
എൽഡിഎഫ് സർക്കാരിന്റെ ബോധപൂർവമായ ഇടപെടലിന്റെ ഫലമായി കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 2020-–21 ൽ 32.3% ആയിരുന്നത് 2023-–24 ൽ 36.4% ആയി വർദ്ധിച്ചു (പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ). ഇത് 50% ആക്കി വർദ്ധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാന കേരളം പദ്ധതിയിൽ കുടുംബശ്രീയുമായി ചേർന്ന് നൈപുണ്യ വികസനം (skill development) വഴി ഒാണത്തിന് ഒരു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ഇതിനകം വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു.

എന്നാൽ നിലവിലുള്ള സാമൂഹിക,- സാമ്പത്തിക വ്യവസ്ഥയിൽ, സാമൂഹ്യ ഉൽപാദനത്തിലേക്ക് പ്രവേശിക്കുന്നത് കേരളത്തിലടക്കം സ്ത്രീകൾക്ക് ഒരു വിമോചനാനുഭവമല്ല, മറിച്ച് ഇരട്ട ഭാരം വാഹിക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. ഉൽപാദന പ്രക്രിയയിൽ ഏർപ്പെടുമ്പോൾ തന്നെ, സ്ത്രീകൾ ശമ്പളമില്ലാത്ത വീട്ടുജോലികളും പരിചരണ ജോലികളും പരാതിയില്ലാതെ ചെയ്തുകൊണ്ട് തൊഴിൽ ശക്തിയുടെ പുനരുൽപാദനത്തിന് സബ്‌സിഡി നൽകുന്നത് തുടരുകയാണ്. ഇന്ത്യയിൽ, 80%-ത്തിലധികം സ്ത്രീകളും ശമ്പളമില്ലാത്ത വീട്ടുജോലികളിലും പരിചരണ ജോലികളിലും ഏർപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ശരാശരി, ഇന്ത്യൻ സ്ത്രീകൾ ഒരു ദിവസം ഏകദേശം 6 മണിക്കൂർ ശമ്പളമില്ലാത്ത ജോലികൾക്കായി ചെലവഴിക്കുന്നു. ഇന്ത്യയിൽ സ്ത്രീകൾ ചെയ്യുന്ന കൂലിയില്ലാത്ത വീട്ടുജോലികളുടെയും പരിചരണ ജോലികളുടെയും മൂല്യം പ്രതിവർഷം 22 ലക്ഷം കോടി രൂപയോളം വരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നടത്തിയ ഒരു പഠനം കണക്കാക്കുന്നു.

തൊഴിൽ ശക്തിയുടെ പുനരുൽപാദനത്തിന് ആവശ്യമായ ഈ ജോലിയുടെ വൻ ഭാരം പങ്കിടാതെ പുരുഷന്മാർ മുതലാളിത്ത – ഫ്യൂഡൽ വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കുകയാണ്. തൊഴിലാളിവർഗ കുടുംബങ്ങളിലും, സാമൂഹിക പ്രവർത്തകരുടെയോ ട്രേഡ് യൂണിയനിസ്റ്റുകളുടെയോ കുടുംബങ്ങളിലും പോലും, ഇതാണ് സ്ഥിതി. “ഭാര്യയുടെ കാണപ്പെടുന്നതോ മറഞ്ഞിരിക്കുന്നതോ ആയ ഗാർഹിക അടിമത്തത്തിലാണ് ആധുനിക വ്യക്തിഗത കുടുംബം സ്ഥാപിതമായിരിക്കുന്നത്, ആധുനിക സമൂഹം ഈ വ്യക്തിഗത കുടുംബങ്ങളുടെ തന്മാത്രകളായ ഒരു കൂട്ടമാണ്” എന്ന് എംഗൽസ് പറഞ്ഞത് ഒട്ടും ഉൾക്കൊള്ളുന്നില്ല. അദ്ദേഹം എഴുതിയതുപോലെ, ഒരു കുടുംബത്തിൽ “പുരുഷൻ ബൂർഷ്വായാണ്, ഭാര്യ തൊഴിലാളിവർഗത്തെ പ്രതിനിധീകരിക്കുന്നു”.

പതിറ്റാണ്ടുകളുടെ സമരങ്ങൾവഴി ഇന്ന് പ്രസവാനുകൂല്യവും ശിശു സംരക്ഷണവും സ്ത്രീകളുടെ അവകാശങ്ങളായും സമൂഹത്തിന്റെ ഉത്തരവാദിത്തമായും കണക്കാക്കപ്പെടുകയും അവയ്ക്കായി നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വീട്ടുജോലിയുടെയും പ്രായമായവരുടെയോ വികലാംഗരുടെയോ പരിചരണം ഉൾപ്പെടെയുള്ള മറ്റു പരിചരണ ജോലികളുടെയും പ്രശ്നങ്ങൾ തൊഴിലാളിയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി ഈ ആധുനിക കാലഘട്ടത്തിൽ പോലും ചർച്ച ചെയ്യപ്പെടുന്നില്ല. വീട്ടുജോലിയുടെയും പരിചരണ ജോലിയുടെയും സാമൂഹികവൽക്കരണത്തിന് മാത്രമേ ഗാർഹിക അടിമത്തത്തിന്റെ ചങ്ങലകൾ തകർക്കാൻ കഴിയൂ.

‘സ്ത്രീ സാമൂഹ്യ സുരക്ഷാ പെൻഷൻ’ തൊഴിലില്ലായ്മാ വേതനമായോ തൊഴിൽ ശക്തിയുടെ പുനരുത്പാദനത്തിനായുള്ള അധ്വാനത്തിന്റെ നഷ്ടപരിഹാരമായോ കണക്കാക്കിയാൽ അവ പരമ്പരാഗത സ്ത്രീ റോളുകൾ ഊട്ടിയുറപ്പിക്കാനായല്ല ഉപയോഗപ്പെടേണ്ടത് എന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി സ്ത്രീകളെ സാമൂഹിക ഉൽപാദന പ്രക്രിയയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യത്തിന് മുൻഗണന നൽകുന്ന ആവശ്യങ്ങൾ, മാന്യമായ തൊഴിൽ, വീട്ടു/ പരിചരണ ജോലികളുടെ സാമൂഹികവൽക്കരണം, ഗുണനിലവാരമുള്ള പൊതു സേവനങ്ങൾ, സാമൂഹിക അടുക്കളകൾ/കാന്റീനുകൾ, പൊതു അലക്കുശാലകൾ തുടങ്ങിയവ- മുന്നോട്ടു വച്ചുകൊണ്ടുള്ള ഒരു ബഹുജന പ്രസ്ഥാനം (movement) ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത് വീട്ടുജോലി എന്നാൽ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല എന്ന പൊതുബോധം സൃഷ്ടിക്കുകയും കുടുംബത്തെ ജനാധിപത്യവത്കരിക്കുന്ന പ്രക്രിയയിലേക്ക് നയിക്കുകയും ചെയ്യും.
നിലവിലുള്ള അർദ്ധ ഫ്യൂഡൽ- പുരുഷാധിപത്യ വ്യവസ്ഥാമൂല്യങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ, മുൻവിധികൾ എന്നിവയ്-ക്കെതിരായ ഈ സമരം സ്ത്രീകളുടെ ഗാർഹിക അടിമത്തത്തിന്റെ ചങ്ങലകൾ മാത്രമല്ല, ഹിന്ദുത്വ വർഗീയ ശക്തികളുടെ ഭൗതിക അടിത്തറയെത്തന്നെ തകർക്കും. ഇതിലേക്കുള്ള ഒരു ചുവടുവയ്പാകും എൽഡിഎഫ് സർക്കാരിന്റെ ഈ പദ്ധതി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 7 =

Most Popular