Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിയാഥാർഥ്യമാകുന്ന 
സ്ത്രീപക്ഷ നവകേരളം

യാഥാർഥ്യമാകുന്ന 
സ്ത്രീപക്ഷ നവകേരളം

സി എസ് സുജാത

ക്ടോബർ 29-ാം തീയതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനം രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരുന്നു. വലിയ ആവേശത്തോടെയാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രഖ്യാപനങ്ങളെ കേരള സമൂഹം മാത്രമല്ല, രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളാകെയും സ്വീകരിച്ചത്. ക്ഷേമത്തിന് ഉതകുന്ന ഒട്ടേറെ പ്രധാന പ്രഖ്യാപനങ്ങൾ ആ പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു.

സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നതിനായി ആവശ്യമായ നിരവധി നിർദ്ദേശങ്ങൾ 2016ൽ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. ആ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാനായതുകൊണ്ടാണ് തിരഞ്ഞെടുപ്പു കാലത്ത് വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെയും ചില മാധ്യമങ്ങളുടെയും തെറ്റായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലെ സ്ത്രീകൾ വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിച്ചത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഒക്ടോബർ 29ന്റെ പത്രസമ്മേളനത്തിൽ ആദ്യം പ്രഖ്യാപിച്ച 62 ലക്ഷം പേർക്ക് 2000 രൂപ പെൻഷൻ എന്ന തീരുമാനം കേരളത്തിലെ സ്ത്രീകൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പെൻഷൻ ലഭിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി രാജ്യത്ത‍് ആദ്യമായി (2021ൽ) പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. 35–60 വയസ്സിനിടയ്ക്കുള്ള, മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത, ദരിദ്രരായ സ്ത്രീകൾക്കും ഭിന്നലിംഗ വ്യക്തികൾക്കും പ്രതിമാസം 1000 രൂപ നൽകാനാണ് തീരുമാനം.

തൊഴിലാളികളോടുള്ള ഈ ഗവൺമെന്റിന്റെ സമീപനം എല്ലാവർക്കും അറിവുള്ളതാണല്ലോ. തൊഴിലാളികളുടെ കൂടി ഫലമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയതും നിലനിൽക്കുന്നതും. 85 മേഖലകളിലെ കൂലി പുതുക്കി നിശ്ചയിക്കുന്ന മറ്റൊരു സംസ്ഥാനം രാജ്യത്ത് ഇല്ല. തൊഴിൽ ചെയ്യുന്നവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നമ്മുടെ സർക്കാർ മുന്നോട്ട് പോകുന്നത്.

കേന്ദ്രത്തിൽ ബിജെപി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ലേബർ കോഡ് പ്രാബല്യത്തിൽ വന്നാൽ, സ്ഥിരം തൊഴിൽ എന്ന സ്വപ്നം തന്നെ ഇല്ലാതാകുമെന്നതാണ് യാഥാർത്ഥ്യം. മണിക്കൂറുകളോളം തൊഴിൽ ചെയ്താലും തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങുകയാണ്. ഇത്തരത്തിൽ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിൽനിന്നും വ്യത്യസ്തമായ നിലപാടാണ് കേരളം സ്വീകരിക്കുന്നത്. ഇവിടെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
സ്ഥിരം തൊഴിൽ ഒഴിവാക്കി “സ്കീം വർക്കർമാർ” എന്ന പേരിൽ തൊഴിലാളികളെ നിയമിക്കുന്ന രീതിയാണ് രാജ്യത്ത് വ്യാപകമായിരിക്കുന്നത്. നാമമാത്രമായ കൂലിയാണ് ഈ തൊഴിലാളികൾക്കു നൽകുന്നത്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകളായ സ്കീം വർക്കർമാരെ ഉപയോഗിച്ചാണ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നത്. കേരളത്തിൽ യുഡിഎഫ് ഭരിച്ചിരുന്ന കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥ.

1970-കളിൽ ഇന്ത്യയിലെ ആരോഗ്യരംഗം വളരെ പിന്നോക്കം ആയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ദുരവസ്ഥയിലായിരുന്നതിനാൽ 1975-ൽ ഐ.സി.ഡി.എസ്. (ICDS) പദ്ധതി ആരംഭിക്കേണ്ടതായി വന്നു. അന്നത്തെ കണക്കുകൾ പ്രകാരം, 1 ലക്ഷം പ്രസവങ്ങളിൽ 800 സ്ത്രീകളും 129 കുഞ്ഞുങ്ങളും മരിച്ചുപോകുന്ന അവസ്ഥയായിരുന്നു. അപ്പോൾ രാജ്യത്ത് 33 ICDS പദ്ധതികളുണ്ടായിരുന്നെങ്കിൽ, ഇന്ന് 7075 ആയി വർധിച്ചിട്ടുണ്ട്.

രാജ്യത്ത് 13.9 ലക്ഷം അങ്കൺവാടികൾ ഉണ്ട്, അവിടെ 26 ലക്ഷത്തോളം വനിതാ വർക്കർമാരും ഹെൽപ്പർമാരും പ്രവർത്തിക്കുന്നു. എ
ന്നാൽ ഇവയിൽ 4.61 ലക്ഷം അങ്കൺവാടികൾക്ക് ശൗചാലയമില്ല; 3.38 ലക്ഷത്തിന് ശുദ്ധജലം ലഭ്യമല്ല. ഈ പരിമിതികൾക്കുള്ളിലും അങ്കൺവാടി വർക്കർമാർ അതുല്യമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

രാജ്യത്ത് ഇപ്പോഴും ആറുവയസ്സിനു താഴെയുള്ള 8.8 ലക്ഷം കുഞ്ഞുങ്ങൾ വർഷംതോറും മരിക്കുന്നു. 8 കോടിയോളം കുട്ടികളെയും 2 കോടിയോളം ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും പരിചരിക്കുന്നതിൽ അങ്കൺവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും വലിയ പങ്കുണ്ട്. പോഷകാഹാരത്തിന്റെ അഭാവം മൂലം 37 ശതമാനം സ്ത്രീകളിലും 17 ശതമാനം കുട്ടികളിലും വളർച്ച മുരടിക്കുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് അങ്കൺവാടി പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

അങ്കൺവാടി തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായി പ്രവർത്തിച്ചിട്ടുള്ള പ്രധാന ട്രേഡ് യൂണിയൻ CITU ആണ്. ഇവർ മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യം — “അങ്കൺവാടി അടക്കമുള്ള തൊഴിലാളികളെ യഥാർത്ഥ തൊഴിലാളികളായി അംഗീകരിക്കുക, 21000 രൂപ മിനിമം വേതനം ഉറപ്പാക്കുക” എന്നതാണ്.

ഇന്ത്യാ സർക്കാർ ഇപ്പോഴും അങ്കൺവാടി വർക്കർമാർക്ക് വളരെ കുറഞ്ഞ ഓണറേറിയമാണ് നൽകുന്നത് — വർക്കർമാർക്ക് 4500 രൂപയും ഹെൽപ്പർമാർക്ക് 2780 രൂപയും മാത്രം. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അങ്കണവാടി പ്രവർത്തകരുടെ സംഭാവനകൾ കണക്കിലെടുത്ത് 2024-ൽ വേതനം വർധിപ്പിച്ച് 10 വർഷത്തിൽ കൂടുതൽ സർവീസുള്ള വർക്കർമാർക്ക് 14000 രൂപയും ഹെൽപ്പർമാർക്ക് 10000 രൂപയും നൽകി വരുന്നു. ഇതിനുതാഴെയുള്ളവക്ക് യഥാക്രമം 13500 രൂപയും 9500 രൂപയും ലഭിക്കും. കൂടാതെ വിരമിച്ചവരുടെ പെൻഷൻ കുടിശ്ശിക തീർക്കാൻ 20 കോടി രൂപയും കേരള സർക്കാർ വകയിരുത്തി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മികച്ച പരിഗണനയാണ് അങ്കൺവാടി പ്രവർത്തകർക്ക് നൽകുന്നത് — ഉത്തർപ്രദേശിൽ അങ്കൺവാടി വർക്കർമാർക്ക് 6000 രൂപ, കർണാടകയിൽ 12000 രൂപ എന്നിങ്ങനെയാണ്.

വിഎസ് അച്യുതാനന്ദൻ സർക്കാരാണ് ആദ്യമായി ആശാ വർക്കർമാരുടെ വേതനം അംഗീകരിച്ച് ഓണറേറിയം പ്രഖ്യാപിച്ചത്. ആ വേതനം എൽഡിഎഫ് ഗവൺമെന്റ് പിന്നീട് 1000 രൂപയിൽ നിന്നു 8000 രൂപയായി ഉയർത്തി. കോവിഡ് കാലത്തെ അവരുടെ നിർണായക പങ്ക് പരിഗണിച്ചാണ് ഇടതുപക്ഷ സർക്കാർ അവരെ തുടർച്ചയായി പിന്തുണയ്ക്കുന്നത്. ഏറ്റവും കുറവ് ഓണറേറിയം നൽകുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് – 1000 രൂപ

ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കും പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും വേതനവർധന നടപ്പിലാക്കിയിട്ടുണ്ട്. പാചക തൊഴിലാളികളുടെ വേതനം 13500ൽ നിന്ന് 14500 ആക്കി. പ്രീപ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വീതം വർധനയും ഗസ്റ്റ് ലക്ചർമാർക്ക് 2000 രൂപ വർധനയും പ്രഖ്യാപിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സ്കീം വർക്കർമാർക്ക് സഹായം നൽകുന്നതോടൊപ്പം, അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

കോർപ്പറേറ്റുകൾക്കനുകൂലമായ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്രസർക്കാരിന്റെ തൊഴിൽവിരുദ്ധ സമീപനം കാരണം ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് തൊഴിലാളികളും സ്ത്രീകളുമാണ്. എന്നാൽ കേരളത്തിൽ തൊഴിലാളി സൗഹൃദവും സ്ത്രീപക്ഷവുമായ നയങ്ങൾ സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ മാത്രമാണ് അവർക്കൊപ്പം നിൽക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നു.

അങ്കൺവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, പാലിയേറ്റീവ് നഴ്സുമാർ, പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ തുടങ്ങി എല്ലാവർക്കും തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയ കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്. തൊഴിലാളികൾക്ക് എല്ലാം തുടർന്നും നല്ല പരിഗണന ലഭിക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിൽ തുടർന്നേ മതിയാകൂ.

കേരളം “അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനം” ആയി പ്രഖ്യാപിക്കപ്പെട്ടത് ഈ മുന്നേറ്റങ്ങളുടെ പ്രതിഫലനമാണ്. കൃഷി, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഈ നേട്ടങ്ങളുടെ പ്രധാന ഗുണഭോക്താക്കൾ സ്ത്രീകളാണ്‌. അതുകൊണ്ടുതന്നെ അവർ ഗവൺമെന്റിന്റെ പ്രഖ്യാപനങ്ങളും നടപടികളും സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

ഒരു സമൂഹത്തിന്റെ വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും അളവുകോൽ ആ സമൂഹത്തിൽ സ്ത്രീക്കു നൽകുന്ന സ്ഥാനവും പരിഗണനയുമാണെന്ന മാർക്സിസ്റ്റ് സങ്കൽപ്പനത്തിന്റെ സാക്ഷാത്ക്കരണമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപടികളിൽ കാണാനാവുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular