Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിപരിഗണന 
സിവില്‍ സര്‍വീസിനും

പരിഗണന 
സിവില്‍ സര്‍വീസിനും

എം വി ശശിധരൻ

കേരളപ്പിറവി ദിനം എല്ലാ മലയാളികള്‍ക്കും ആഹ്ലാദം നല്‍കുന്നതാണ്. ഈ കേരളപ്പിറവി ദിനത്തിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിന്റെ നെറുകയിലെത്തി, അത്യപൂര്‍വ്വ നേട്ടം കൈവരിച്ചുകൊണ്ട്. ഓരോ മലയാളിക്കും അഭിമാനിക്കാം എന്റെ നാട് അതിദരിദ്രരില്ലാത്ത ഇടമാണ് എന്ന്.
നവംബർ 1 ന് രണ്ടു ദിവസം മുമ്പേ, ഒക്ടോബര്‍ 29 ന്റെ മന്ത്രിസഭാ തീരുമാനവും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. നവകേരളം എങ്ങോട്ടാണെന്നും ആരുടേതാണെന്നും വ്യക്തമാക്കുന്നതാണത്. സമസ്ത ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നവകേരളത്തിലേക്കുള്ള യാത്രയാണത്. കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വയോജനങ്ങൾ, ജീവനക്കാര്‍,അധ്യാപകര്‍ തുടങ്ങി അടിസ്ഥാന വിഭാഗങ്ങളെയെല്ലാം സ്പര്‍ശിച്ചുകൊണ്ടുള്ള തീരുമാനങ്ങളും നടപടികളുമാണ് ഉണ്ടായിരിക്കുന്നത്.

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രധാന ആവശ്യങ്ങളിലൊന്നാണ് കുടിശ്ശിക ക്ഷാമബത്തയും ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയും. ഒരു ഗഡു ക്ഷാമബത്ത (4 ശതമാനം) ഒക്ടോബര്‍ മാസം മുതലും, പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ബാക്കിയായ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷവും തന്നെ നല്‍കുകയാണ്. 4 ശതമാനം ക്ഷാമബത്ത നല്‍കുക വഴി ഏറ്റവും ചുരുങ്ങിയത് 920 രൂപ മുതല്‍ 5160 രൂപ വരെ ഈ മാസത്തെ ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിക്കും. ക്ഷാമബത്ത സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. കേരളത്തില്‍ അടിക്കടിയുണ്ടായ ദുരന്തങ്ങളും മഹാമാരിയും കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വൈരനിര്യാതനബുദ്ധിയോടെയുള്ള സാമ്പത്തിക നിഷേധങ്ങളുമാണ് സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുകയും ജീവനക്കാരും അധ്യാപകരും ഉള്‍പ്പടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള സാമ്പത്തിക അവകാശാനുകൂല്യങ്ങള്‍ യഥാസമയം നല്‍കുന്നതില്‍ ചില തടസങ്ങളുണ്ടാക്കുകയും ചെയ്തത്. എത്ര പ്രതിസന്ധിയുണ്ടായാലും ജീവനക്കാരുടെയെന്നല്ല ഒരു വിഭാഗത്തിന്റെയും അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കില്ല. ധനസ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ഓരോന്നും കൊടുത്തു തീര്‍ക്കും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചട്ടം 300 പ്രകാരം തന്നെ മുഖ്യമന്ത്രി നിയമസഭയില്‍ ഇത് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.

ക്ഷാമബത്ത, 11–ാം ശമ്പള പരിഷ്കരണം, പെന്‍ഷന്‍ പരിഷ്കരണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവയായിരുന്നു പ്രധാന കുടിശ്ശികയായി ഉണ്ടായിരുന്നത്. പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശിക പൂര്‍ണമായി നേരത്തെതന്നെ കൊടുത്തു കഴിഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും. പ്രതിവര്‍ഷം രണ്ട് ഗഡു ക്ഷാമബത്ത അനുവദിച്ച് കുടിശ്ശിക തീര്‍ക്കും എന്നാണ് പറഞ്ഞത്. ഒന്നര വര്‍ഷത്തിനിടയില്‍ തന്നെ അഞ്ചു ഗഡു – 15 ശതമാനം ക്ഷാമബത്ത ഇതിനകംതന്നെ നല്‍കിക്കഴിഞ്ഞു. ഈ ഒന്നര വര്‍ഷത്തിനിടയില്‍ ജീവനക്കാര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 4255 രൂപ മുതല്‍ 22,615 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായതായി കാണാം.

തസ്തിക  ശമ്പളം വര്‍ദ്ധന
ഒ എ 23700 4255
ക്ലര്‍ക്ക് 27200 4780
നഴ്സിംഗ് ഓഫീസര്‍ 40300 7045
സീനിയര്‍ സൂപ്രണ്ട് 52600 9090
അണ്ടര്‍ സെക്രട്ടറി 64200 11130
സ്പെഷ്യല്‍ സെക്രട്ടറി 131200 22615

പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും വര്‍ധനയുണ്ടായിട്ടുണ്ട്.കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാനങ്ങളും കോവിഡിന്റെ മറവില്‍ മരവിപ്പിച്ച മൂന്നു ഗഡു ക്ഷാമബത്ത ഇതുവരെ നല്‍കിയിട്ടില്ല എന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്.

ക്ഷാമബത്ത സംബന്ധിച്ച് എൽഡിഎഫ് ഗവണ്‍മെന്റിന് എല്ലാകാലത്തും കൃത്യമായ നിലപാടും പക്ഷവും ഉണ്ട്. ജീവനക്കാരും സംഘടനകളും ഇതില്‍ നല്ല അവബോധം ഉള്ളവരാണ്. കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത എന്നത് ഒരു അനിശ്ചിതകാല പണിമുടക്കിലൂടെയാണ് ജീവനക്കാര്‍ കരഗതമാക്കുന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യ അനിശ്ചിതകാല പണിമുടക്കിന്റെ (1967 ജനുവരി 5 മുതല്‍ 17 വരെ )ആവശ്യങ്ങളില്‍ ഒന്ന് കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക എന്നതായിരുന്നു. അന്നത്തെ ഗവര്‍ണര്‍ ഭരണം ഈ ആവശ്യത്തെ ഉറപ്പില്‍ ഒതുക്കിയെങ്കിലും തുടര്‍ന്നുവന്ന ഇഎംഎസ് സര്‍ക്കാര്‍ കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിക്കുകയുണ്ടായി. പിന്നീട് 1980 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് അനുസരിച്ചുതന്നെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷാമബത്ത നല്‍കുവാൻ തീരുമാനിച്ചു. ഡിസിആര്‍ജി കണക്കാക്കുന്നതിന് ശമ്പളത്തോടൊപ്പം ക്ഷാമബത്തയും കണക്കാക്കാമെന്ന് തീരുമാനിച്ചത് 1998 മുതലാണ്. അന്ന് നായനാര്‍ മന്ത്രിസഭ ആയിരുന്നു അധികാരത്തിലിരുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തീയതിക്കു തന്നെ കുടിശ്ശികയില്ലാതെ രൊക്കം പണമായി നല്‍കിയത് 2008 മുതല്‍ വി എസ് സര്‍ക്കാരാണ്. പ്രളയവും കോവിഡ് മഹാമാരിയും പിടിച്ചുലച്ചിട്ടും ഉലയാതെ,കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച മൂന്നു ഗഡു ഉള്‍പ്പെടെ ക്ഷാമബത്ത കുടിശ്ശികയില്ലാതെ അനുവദിച്ചത് 2021ലെ ഒന്നാം പിണറായി സര്‍ക്കാരാണ്. എൽഡിഎഫ് സര്‍ക്കാര്‍ ‘നിഷേ ധ’ത്തിന്റെ നിലപാടല്ല പകരം ‘അനുവദിക്കുക’ എന്ന നിലപാടാണ് സ്വീകരിച്ചു പോരുന്നതെന്ന് അനുഭവത്തില്‍ നിന്ന് നമുക്ക് കാണാവുന്നതാണ്.

ക്ഷാമബത്തയോടുള്ള യുഡിഎഫ് സമീപനത്തിന്റെ കാലവും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. എല്ലാ യുഡിഎഫ് കാലവും ക്ഷാമബത്ത തര്‍ക്കവിഷയമാക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. 1975 ല്‍ 6 ഗഡു കുടിശ്ശികയാക്കുകയും ജീവനക്കാര്‍ ആവശ്യം ഉയര്‍ത്തിയപ്പോള്‍ ഒരു ഗഡുപോലും നല്‍കാന്‍ സന്നദ്ധമല്ലെന്നും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നുമാണ് അന്നത്തെ ഭരണാധികാരികള്‍ പറഞ്ഞത്. തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കുപോലും നടത്തേണ്ടിവന്നു. ഇതിന്റെ തുടര്‍ച്ച 1996ലും 2005–06 ലും നാം കണ്ടതാണ്. പുതിയതായി സര്‍വീസില്‍ കയറുന്നവര്‍ക്ക് ആദ്യ രണ്ടു വര്‍ഷം ക്ഷാമബത്ത അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കിയതും ഗള്‍ഫില്‍ ക്ഷാമബത്ത നല്‍കുന്നില്ല, അതിനാല്‍ ഇവിടെയും വേണ്ടെന്നു പറഞ്ഞതും 2002ലെ യുഡിഎഫ് ഭരണകാലത്തായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് എൽഡിഎഫ് ഗവണ്‍മെന്റുകള്‍ എക്കാലത്തും സ്വീകരിച്ചുപോരുന്നത്.

സിവില്‍ സര്‍വ്വീസിനെ ശക്തിപ്പെടുത്തുന്ന നിരവധി നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനകംതന്നെ ഉണ്ടായിരിക്കുന്നത്. ഏറ്റവും പ്രധാനം, കേന്ദ്ര സര്‍വീസിലും ഇതര സംസ്ഥാന സര്‍വീസിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും വ്യാപകമാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കേരളത്തില്‍ ഒമ്പതര വര്‍ഷത്തിനിടയില്‍ 3,00,069നിയമന ശുപാര്‍ശ കേരള പി.എസ്.സി നല്‍കിയിരിക്കുന്നത് എന്നതാണ്. 40,000 ഓളം പുതിയ തസ്തികകളും അനുവദിച്ചു. രാജ്യത്തെ ആകെ പി.എസ്.സി നിയമനത്തിന്റെ 60 ശതമാനവും കേരളത്തിലാണെന്ന് യു.പി.എസ്.സി തന്നെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതാണ്. സിവില്‍ സര്‍വ്വീസിനെ ഏറ്റവും ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത കാലഘട്ടമാണ് കഴിഞ്ഞ ഒമ്പതര വര്‍ഷമെന്ന് അര്‍ത്ഥശങ്കയില്ലാതെ തന്നെ പറയാവുന്നതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 7 =

Most Popular