Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറികേരളം മുന്നോട്ടുവെക്കുന്ന 
മറ്റൊരു മാതൃക

കേരളം മുന്നോട്ടുവെക്കുന്ന 
മറ്റൊരു മാതൃക

യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനത്തിന് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് മാധ്യമ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ. ഈ പ്രഖ്യാപനത്തിന് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രാധാന്യമുണ്ട്.

അഭ്യസ്തവിദ്യർക്ക് തൊഴിലവസരമൊരുക്കുക എന്നതോടൊപ്പം അവരെ തൊഴിൽസജ്ജരാക്കുക കൂടിയാണ് നോളെജ് ഇക്കോണമി മിഷനിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിവിധ സോഫ്റ്റ്‌ സ്കിൽ കോഴ്‌സുകളും ചില ഉയർന്ന സ്കിൽ പരിശീലനങ്ങളും സൗജന്യമായും വിവിധ സർക്കാർ വകുപ്പുകളുടെ ഫണ്ട് ലഭ്യമാക്കിക്കൊണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ട് വഴിയും നടപ്പിലാക്കാൻ കഴിയുന്നുണ്ട്. എങ്കിലുമത് സാർവത്രികമായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യുവജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നത്.

ഇതു മാത്രമല്ല, ഇങ്ങനെയൊരു തീരുമാനം സർക്കാർ കൈക്കൊള്ളുന്ന സാഹചര്യവും സവിശേഷമാണ്. ലോകവ്യാപകമായി ഐ ടി മേഖലയിൽ വലിയതോതിൽ തൊഴിൽ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ പിരിച്ചുവിടുകയാണ്. ആമസോൺ അവരുടെ കോർപ്പറേറ്റ് വിഭാഗത്തിൽ 14,000 പേരെ പിരിച്ചുവിടുമെന്ന് പറഞ്ഞുകഴിഞ്ഞു. നിലവിലുള്ളവരിൽ 3.2% പേരെ ഒഴിവാക്കുമെന്ന് ടി സി എസ് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 50,000 ഐ ടി തൊഴിലുകൾ നഷ്ടമാകുമെന്ന് കണക്കാക്കപ്പെടുന്നു. 30-–35 വയസ്സിനുമേൽ പ്രായമുള്ളവരും സീനിയർ ജീവനക്കാരുമാണ് ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും. അവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും നൽകാതെയാണ് പിരിച്ചുവിടുന്നത്. മറ്റൊരു ജോലി കണ്ടുപിടിക്കുക അവർക്ക് എളുപ്പമല്ല. കാരണം, പുതിയ നിയമനങ്ങൾ നടത്താൻ കമ്പനികൾ വിമുഖത കാട്ടുന്നു.

പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന മുതലാളിത്തം, മനുഷ്യബുദ്ധിയുടെ അധ്വാനം ആവശ്യമില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന ലാഭമുണ്ടാക്കാമെന്നുമുള്ള തന്ത്രം പ്രയോഗിക്കുകയാണ്. ഐ ടി മേഖലയിൽ മൂലധനവിനിയോഗം ഗണ്യമായി കുറയ്ക്കാൻ അമേരിക്കയും യൂറോപ്പും തീരുമാനിച്ചിരിക്കുന്നതും ഈ പ്രതിസന്ധി കാരണമാണ്. ഇതെല്ലാം തൊഴിൽ ലഭ്യതയെയും നിലവിലുള്ള തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. നിയമനം നടത്തുന്നുവെങ്കിൽത്തന്നെയും നിയമിതരാവുന്നവർക്ക് ഐ ടി- – ഡിജിറ്റൽ മേഖലയിലുള്ള വൈദഗ്ദ്ധ്യം മാത്രം പോരാ, മറിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും നെെപുണ്യമുണ്ടായിരിക്കണം.

ഇന്ത്യ സ്വീകരിച്ചിരുന്ന നയം, ഐ ടി മേഖലയിൽ എഞ്ചിനീയർമാരെ നിയമിക്കുകയും, അവർക്ക് അടിസ്ഥാനകാര്യങ്ങളിൽ പരിശീലനം നൽകുകയും, വിവിധ ആഗോള കമ്പനികൾക്കുവേണ്ടി അവരുടെ സേവനം ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇത് കാലഹരണപ്പെട്ടിരിക്കുന്നു. പുതിയ സാഹചര്യത്തിൽ, കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടേണ്ട കാര്യം, പിരിച്ചുവിടുന്നവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കണം എന്നതാണ്. അവർക്ക് പുതിയ തൊഴിൽ കണ്ടെത്താനാകുന്നതുവരെയുള്ള ജീവിതനിവൃത്തി ഉണ്ടാവണം. അവർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രാവീണ്യം നേടാനുള്ള സൗകര്യമൊരുക്കണം. ആറു വയസ് പൂർത്തിയാവുന്ന കുട്ടികളുടെ സ്കൂൾ പ്രവേശനം പോലും അസാധ്യമായിരിക്കുന്ന ഇന്ത്യയിൽ ഇതെങ്ങനെ സാധ്യമാകാനാണ്.!

ഇക്കാലത്ത്, നൂതനമായ നൈപുണികൾ സ്വായത്തമാക്കിയവർക്കു മാത്രമേ തൊഴിൽ സാധ്യതയുള്ളൂവെന്ന് വരുന്നു. ഡിജിറ്റൽ എന്നതിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നതിനെ കേന്ദ്രീകരിച്ചാണ് നിലനിൽപ്. ഈ ആഗോള യഥാർഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കാതെ, കാലാനുസൃതമായി തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും നേരിടാൻ കേരളം സജ്ജമാകുകയാണ്. അതിന് സർക്കാർ തന്നെ മുൻകൈയെടുക്കുന്നു എന്നതാണ് സവിശേഷത. കേരളം മുന്നോട്ടു വയ്ക്കുന്ന മറ്റൊരു മാതൃക.! l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + 1 =

Most Popular