Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലേക്ക് 
അതിവേഗം നടക്കുന്ന കേരളം

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലേക്ക് 
അതിവേഗം നടക്കുന്ന കേരളം

ആർ രാംകുമാർ

ന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ — മുതലാളിത്ത സമ്പദ്-വ്യവസ്ഥ നിലനിൽക്കെത്തന്നെ — ദാരിദ്ര്യം തുടച്ചുനീക്കാൻ ഒരു ക്ഷേമരാഷ്ട്ര സങ്കല്പം അത്യാവശ്യമാണ്. വികസനത്തിന്റെ ഈ സങ്കീർണ്ണ വൈരുദ്ധ്യത്തിന് സാമ്പത്തിക വളർച്ചമാത്രം പരിഹാരമാകാത്തതിനാൽ, സമഗ്രവും മനുഷ്യകേന്ദ്രീകൃതവുമായ ഒരു സമീപനമാണ് വേണ്ടത്. ഒന്നാമതായി, വികസ്വര രാജ്യങ്ങളിൽ പലയിടത്തും സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, വൈദ്യുതി, ആരോഗ്യപരിചരണം, വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത പരിമിതമാണ്. രണ്ടാമതായി, കുറഞ്ഞ വരുമാനവും കൂലിയും, ഉയർന്ന തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന അസമത്വം എന്നിവ ജനങ്ങൾ നേരിട്ട് അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ അവസ്ഥയെ കൂടുതൽ ദുസ്സഹമാക്കുന്നു. മൂന്നാമതായി, സാമ്പത്തിക ഉദാരവൽക്കരണവും ആഗോളവൽക്കരണവും ഭരണകൂടത്തിന്റെ ഇടപെടലിനെയും ചെലവഴിക്കലിനെയും ചുരുക്കുന്നു; അത് ഇത്തരം ദുരിതാവസ്ഥകളെ പല വിധത്തിലും രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേമരാഷ്ട്ര നയങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ ഈ അടുത്തകാലത്തായി വീണ്ടും ഉയർന്നുവരാൻ ആരംഭിച്ചിട്ടുള്ളത്.

ഒരു ക്ഷേമരാഷ്ട്ര സങ്കൽപത്തിന്റെ അടിസ്ഥാനം എല്ലാ പൗരർക്കും ആരോഗ്യപരിചരണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സുരക്ഷിതമായ വസതി, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കലാണ്. പ്രത്യേകിച്ച്, വിദ്യാഭ്യാസവും ആരോഗ്യവുംപോലുള്ള സേവനങ്ങൾ ദാരിദ്ര്യത്തിന്റെ ചാക്രികതയെ ദുർബലപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. പക്ഷേ ഇതുമാത്രം പോരാ. ഒപ്പം, സമഗ്രമായ ഒരു സാമൂഹ്യ സംരക്ഷണ വലയം (Social Safety Net) കൂടി സൃഷ്ടിക്കണം. പൊതുവിൽ, അനാസ്വാസ്ഥ്യ പരിതഃസ്ഥിതികളിൽ (ഉദാഹരണത്തിന് അസുഖം, തൊഴിൽ നഷ്ടം, പ്രകൃതി ദുരന്തം) നിന്ന് വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്ന സാമൂഹിക സുരക്ഷാ വലയങ്ങൾ വികസ്വര രാജ്യങ്ങളിൽ അപര്യാപ്തമാണ്. ഇതിനുമപ്പുറം, സാമൂഹിക നീതിയും സമത്വവും വളർത്തുന്ന ലിംഗസമത്വം ഉറപ്പാക്കൽ, അംഗീകൃത വർഗ്ഗങ്ങൾക്ക് സമാവകാശം നൽകൽ എന്നിവയും ഈ സങ്കല്പത്തിൽ ഉൾപ്പെടുന്നു.

ഈ ലേഖനത്തിൽ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനമായി വർത്തിക്കേണ്ട ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളിലെ ഇടപെടലുകൾ സ്ഥലപരിമിതി മൂലം ചർച്ച ചെയ്യുന്നില്ല. ഈ വിഷയങ്ങളിലൊക്കെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയും കേരളത്തിൽ കൈവരിച്ചിട്ടുള്ള ഉന്നതമായ നേട്ടങ്ങളും പലയിടത്തും ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. ഇതിനുമപ്പുറം ഓരോ സമൂഹവും ഓരോ പൗരനും ഉറപ്പാക്കേണ്ട ഒരു സാമൂഹ്യ സുരക്ഷിതത്വ വലയത്തിന്റെ നിർമാണത്തെക്കുറിച്ചുമാത്രമാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ഭരണകൂടവും സാമൂഹ്യ 
സുരക്ഷിതത്വവും
പൊതുവിൽ ഒരു പൗരന് വീടിനു പുറത്തുപോയി അധ്വാനിച്ച് സമ്പാദ്യം നേടാൻ കഴിയുന്നത് ഏകദേശം 15 വയസ്സ് മുതൽ 60 വയസ്സുവരെയുള്ള പ്രായത്തിലാണ്. 15 വയസ്സുവരെയുള്ള പ്രായത്തിൽ ഭരണഘടനാപരമായി ഓരോ കുട്ടിയുടെയും ഉത്തരവാദിത്വം ഭരണകൂടത്തിലും കുടുംബങ്ങളിലും നിക്ഷിപ്തമാക്കിയിട്ടുണ്ട്. എന്നാൽ അധ്വാനിച്ച് കൂലിയോ ശമ്പളമോ നേടാൻ കഴിയാത്ത 60 വയസ്സിന് മുകളിലുള്ള പൗരരുടെ കാര്യത്തിൽ പ്രത്യേകമായുള്ള യാതൊരു ഭരണഘടനാ നിർദേശവും നിലവിലില്ല. അതുപോലെതന്നെയാണ് സമൂഹത്തിലെ കഷ്ടതകളും വിഷമതകളും അനുഭവിക്കുന്ന പ്രത്യേക ജനവിഭാഗങ്ങളുടെ കാര്യവും. ഉദാഹരണത്തിന്, വിധവകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വിഭാഗക്കാർ, നിരാലംബർ, ഗുരുതരമായ അസുഖങ്ങളിൽ പെട്ട് ഉഴലുന്നവർ എന്നിവർ.

ഒരുവശത്ത്, അധ്വാനിക്കാൻ ശേഷി കുറഞ്ഞതുമൂലം, അഥവാ ഇല്ലാത്തതു മൂലം, ജീവിതം ബുദ്ധിമുട്ടിലായവരാണ്. ഇവരെ സംരക്ഷിക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ചുമതലയാണ്. മറുവശത്ത്, തങ്ങൾക്ക് അധ്വാനിക്കാൻ കഴിയുമായിരുന്ന കാലത്ത് സമൂഹത്തിനും സമ്പദ്ഘടനയ്ക്കും വേണ്ടി ഏറെ സംഭാവനകൾ നൽകിയ ഇവർക്ക് അതിനുള്ള ശേഷി ഇല്ലാതായിപ്പോയ കാലത്ത് അവശ്യം വേണ്ട സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കഴിയണം. ഈ രണ്ട് കാരണങ്ങൾ മൂലമാണ് മുതലാളിത്ത സമൂഹങ്ങൾക്കുള്ളിൽ ഉയർന്നുവന്ന ലിബറൽ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കുള്ളിൽ പോലും ഒരു ക്ഷേമരാഷ്ട്ര സങ്കല്പം സാർവത്രികമായി അനിവാര്യമാണ് എന്ന അഭിപ്രായം രൂപപ്പെടുന്നത്.

ചരിത്രപരമായി നോക്കിയാൽ, മുതലാളിത്ത സമൂഹങ്ങൾക്കുള്ളിൽ ക്ഷേമരാഷ്ട്ര നിർമ്മാണം തുടങ്ങുന്നതും ശക്തിപ്പെടുന്നതും 1929ലെ ലോക സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ്. ഈ പ്രതിസന്ധിക്കു ശേഷം തുറന്ന വിപണികളിൻ മേലുള്ള ജനങ്ങളുടെ വിശ്വാസം അമ്പേ തകർന്നു. ഇതിനൊപ്പം ഭരണകൂടത്തിന്റെ ഇടപെടലുകൾക്കനുകൂലമായ രാഷ്ട്രീയ വികാരവും ഉയർന്നുവന്നു. 1933 മുതൽ അമേരിക്കയിൽ നടപ്പിലാക്കിയ “ന്യൂ ഡീൽ’ എന്ന പേരിൽ അറിയപ്പെട്ട പുതിയ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം സാമൂഹ്യ സുരക്ഷിതത്വ നയങ്ങളുടെ സ്ഥാപനവൽക്കരണമായിരുന്നു. പക്ഷേ അമേരിക്കയെക്കാളും വിപുലമായ സാമൂഹ്യ സുരക്ഷിതത്വ നയങ്ങൾ നിലവിൽ വന്നത് ബ്രിട്ടനിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമായിരുന്നു.

ബ്രിട്ടനിൽ 1942ൽ സമർപ്പിക്കപ്പെട്ട വില്യം ബെവറിഡ്ജ് റിപ്പോർട്ട് മുതലാളിത്ത രാജ്യങ്ങൾക്കുള്ളിൽ നിലവിൽ വന്ന ഏറ്റവും വിപുലമായ സാമൂഹ്യ സുരക്ഷിതത്വ നയങ്ങൾക്ക് വഴിതെളിച്ചു. ബെവറിഡ്ജിന്റെ അഭിപ്രായത്തിൽ സമൂഹത്തിലെ അഞ്ച് പ്രധാന തിന്മകൾ ഇല്ലായ്മ, രോഗം, അജ്ഞത, മാലിന്യം, അലസത എന്നിവയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ അഞ്ച് തിന്മകളെയും ഇല്ലായ്മ ചെയ്യാൻ വേണ്ടത് ഭക്ഷണ ലഭ്യത, ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, ഭവനം, തൊഴിൽ എന്നിവയുടെ സാർവത്രികമായ ലഭ്യതയാണ്. ഇവ ലഭ്യമാക്കാൻ തുറന്ന വിപണികൾക്കോ സ്വകാര്യ മേഖലയ്ക്കോ കഴിയില്ല. ഇത് ഭരണകൂടത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. അങ്ങനെയാണ് ജനനം മുതൽ മരണം വരെ (“തൊട്ടിൽ മുതൽ ശവക്കുഴി വരെ’ എന്നും പറയാറുണ്ട്) ഓരോ പൗരന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സാമൂഹ്യ ഇൻഷുറൻസും സാമൂഹ്യ സഹായവും ലഭ്യമാക്കുന്ന നയങ്ങൾ ബ്രിട്ടനിൽ നിലവിൽ വന്നത്. ഇതിന്റെ തുടർച്ചയായാണ് എല്ലാ വയോജനങ്ങൾക്കും പെൻഷൻ, എല്ലാ പൗരർക്കും സൗജന്യ ആരോഗ്യ സേവനങ്ങൾ, അമ്മമാർക്കും കുട്ടികൾക്കും തൊഴിൽരഹിതർക്കും പ്രത്യേക സഹായങ്ങൾ, മരണാനന്തര ചടങ്ങുകൾക്കുള്ള സഹായങ്ങൾ എന്നിവയൊക്കെ ബ്രിട്ടനിൽ സ്ഥാപിക്കപ്പെട്ടത്.

സമാന മാതൃകയിലുള്ള നയങ്ങൾ കൂടുതൽ വിപുലമായി യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും നിലവിൽ വന്നു. ഉദാഹരണത്തിന്, ഇന്ന് സ്വീഡനിലെ സാർവത്രിക പെൻഷൻ ഒരു മാസം ഏകദേശം 1,20,000 രൂപവരും. ഒപ്പം എല്ലാ പൗരർക്കും സൗജന്യ ആരോഗ്യ സേവനങ്ങളും. വയോജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യത്തിന്റെ പരിപൂർണ്ണ നിർമാർജനം സ്വീഡന്റെ ഒരു ലക്ഷ്യമാണ്. ഡെന്മാർക്കിൽ സാർവ്വത്രിക പെൻഷൻ ഒരു മാസം ഏകദേശം 1,10,000 രൂപ വരും. ഒപ്പം എല്ലാവർക്കും സൗജന്യ ആരോഗ്യ സേവനങ്ങളും. ജപ്പാനിലെ പ്രതിമാസ പെൻഷൻ ഏകദേശം 35,000 രൂപ വരും. വയോജനങ്ങളുടെ കാര്യങ്ങൾ നോക്കി നടത്താൻ മാനേജർമാരും അവിടെയുണ്ട്.

ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ജപ്പാനിലും ഒക്കെ നിലവിൽ വന്ന സാമൂഹ്യ സുരക്ഷിതത്വ സേവനങ്ങളെ ഇങ്ങനെ ചുരുക്കിപ്പറയാം. ഒന്ന്, എല്ലാ സാമൂഹ്യ സുരക്ഷിതത്വ നയങ്ങളും സാമൂഹ്യ സേവനങ്ങളും സാർവത്രികമായാണ് ലഭ്യമാക്കുന്നത്. രണ്ട്, എല്ലാ പൗരർക്കും മാന്യമായതും അന്തസ്സുള്ളതുമായ ജീവിതം ഉറപ്പുവരുത്താനുള്ള നടപടികൾ ഉണ്ടാവണം. മൂന്ന്, ഈ നയങ്ങൾക്കുള്ള പണം കണ്ടെത്തേണ്ടത് സമൂഹത്തിലെ കുത്തകകളിൽ നിന്നും പണക്കാരിൽ നിന്നുമൊക്കെയുള്ള ഉയർന്ന നികുതികൾ വഴിയാവണം. നാല്, ജനനം മുതൽ മരണം വരെയുള്ള ഒട്ടുമിക്ക സാമൂഹ്യ സേവനങ്ങളെയും ഒരു കുടക്കീഴിൽ ഒരുമിച്ചുകൊണ്ടു വരണം.

ഇതിന്റെയൊക്കെ ഭാഗമായി പലതരത്തിലുള്ള സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ ഗുണങ്ങൾ ലഭിക്കുന്നു. വരുമാനം കൂടുന്നതിന്റെയും ദാരിദ്ര്യം കുറയുന്നതിന്റെയും ഭാഗമായി സാമ്പത്തിക വളർച്ച അഭിവൃദ്ധിപ്പെടുന്നു; ജനങ്ങൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയുന്നു; സാമൂഹികമായ പരസ്പരാശ്രയത്വം മെച്ചപ്പെടുന്നു; നയ നിർവഹണത്തിന്റെ കാര്യക്ഷമത വർദ്ധിക്കുന്നു.

1980കൾക്കു ശേഷം വന്ന ഉദാരവൽക്കരണ നയങ്ങൾ ഈ രാജ്യങ്ങളിലെ സാമൂഹ്യ സുരക്ഷിതത്വ നയങ്ങളെ വല്ലാതെ ദുർബലപ്പെടുത്തിയെങ്കിലും ശക്തമായ ഒരു സുരക്ഷിതത്വ വലയം ഇന്നും അവിടെയൊക്കെ ദരിദ്രർക്കായി ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എങ്ങനെയാണ് നവലിബറല്‍ ഉദാരവൽക്കരണ നയങ്ങൾ ഈ വികസിത രാജ്യങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കല്പത്തെ ദുർബലപ്പെടുത്തിയത്? ഒന്ന്, നയനിർമാണത്തിൽ വിപണികളുടെ കാര്യക്ഷമതയ്ക്ക് സമത്വത്തെക്കാളും പൗരരുടെ അന്തസ്സിനെക്കാളും പ്രാധാന്യം ലഭിച്ചു. രണ്ട്, സ്വകാര്യ ലാഭങ്ങൾക്ക് സാമൂഹ്യക്ഷേമത്തെക്കാൾ പ്രാധാന്യം ലഭിച്ചു. മൂന്ന്, പൗരരുടെ വ്യക്തിപരമായ മാനങ്ങൾക്ക് ഭരണകൂടത്തിന്റെ സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങളേക്കാൾ പ്രാധാന്യം ലഭിച്ചു. ഇതിന്റെയൊക്കെ ഭാഗമായി സമൂഹത്തിലെ വയോജനങ്ങളെ, ഭരണകൂടത്തിന്മേൽ ഭാരമായി മാറിയ ഉൽപാദനക്ഷമതയില്ലാത്തവരായും രാഷ്ട്രീയ അവകാശങ്ങൾ ഇല്ലാത്തവരായും നവലിബറലിസം മുദ്രകുത്തി. ചില പണ്ഡിതർ ഈ പ്രതിഭാസത്തെ “വയോജനങ്ങളുടെ സാമൂഹ്യ മരണം’ എന്നുതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. അങ്ങനെ, പെൻഷനുകൾ നൽകുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമല്ല എന്ന ഒരു നിലപാട് പല അവസരങ്ങളിലായി മുന്നോട്ടുവയ്ക്കപ്പെട്ടു. നിലവിൽ നിന്നിരുന്ന പെൻഷൻ സമ്പ്രദായങ്ങൾ പല രാജ്യങ്ങളിലും അട്ടിമറിക്കപ്പെടുകയും ചെയ്തു.

ഈ ഒരു പൊതുപശ്ചാത്തലത്തിലാണ് ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹ്യ സുരക്ഷിതത്വ നയങ്ങളുടെ ചരിത്രത്തെയും ആവിർഭാവത്തെയും നമ്മൾ അടയാളപ്പെടുത്തേണ്ടത്.

ഇന്ത്യയിലെ സ്ഥിതി
വയോജനങ്ങളുടെ വിഷയം പരിശോധിക്കുന്നത് വിവിധ സമൂഹങ്ങൾക്കിടയിലെ സാമൂഹ്യ സുരക്ഷിതത്വ നയങ്ങളുടെ ഒരു സൂചകമായി കാണാവുന്നതാണ്. ഇന്ത്യയിൽ ജനസംഖ്യയുടെ ഏകദേശം 8 ശതമാനം വരും വയോജനങ്ങൾ. ഈ വിഹിതം 2021ൽ 10 ശതമാനത്തിലധികമായും (അതായത് 14 കോടി പേർ) 2050ൽ 20 ശതമാനത്തിലധികമായും (അതായത് 34 കോടി പേർ) വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്. ചുരുക്കത്തിൽ, വയോജനങ്ങളുടെ ജനസംഖ്യയിലെ വിഹിതം വലിയ രൂപത്തിൽ കൂടാൻ പോകുന്നു.

ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയും അന്താരാഷ്ട്ര ആരോഗ്യ സംഘടനയും ഒക്കെ വയോജനങ്ങളുടെ ക്ഷേമം കേന്ദ്രീകരിച്ച് പ്രത്യേക നയങ്ങൾ വേണം എന്ന് ആവശ്യപ്പെട്ടുവരുന്നത്. ഉദാഹരണത്തിന്, 1952ലെ ലോക തൊഴിൽ സംഘടനയുടെ ഒരു കൺവെൻഷൻ അനുസരിച്ച് സാമൂഹ്യ സുരക്ഷിതത്വത്തിന്റെ 9 ശാഖകൾ കേന്ദ്രീകരിച്ച് എല്ലാ പൗരർക്കും ഒരു മിനിമം നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കണം. ഈ 9 ശാഖകൾ താഴെ പറയുന്നവയാണ്: വൈദ്യ പരിചരണം, രോഗാനുകൂല്യം, തൊഴിലില്ലായ്മാനുകൂല്യം, വാർദ്ധക്യകാല ആനുകൂല്യം, തൊഴിൽ പരിക്ക് ആനുകൂല്യം, കുടുംബ ആനുകൂല്യം, പ്രസവാനുകൂല്യം, ഭിന്നശേഷി ആനുകൂല്യം, അതിജീവിച്ചയാളുടെ ആനുകൂല്യം. ഇതിന്റെ ചുവടുപിടിച്ച് എല്ലാ പൗരരുടെയും വാർദ്ധക്യം “സജീവവും ആരോഗ്യകരവും മാന്യവുമായിരിക്കണം’ (active, healthy and dignified) എന്നാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന നിർദ്ദേശിക്കുന്നത്.

എന്നാൽ 1952ലെ ഈ കൺവെൻഷനിൽ ഒപ്പുവയ്ക്കാൻ ഇന്ത്യ ഇക്കാലമത്രയും തയ്യാറായിട്ടില്ല. മറുവശത്ത്, ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 41 എല്ലാ പൗരർക്കും “പൊതുസഹായത്തിനുള്ള അവകാശം’ ഉറപ്പാക്കുന്നുണ്ട്. അതായത്, തൊഴിലില്ലായ്മ, വാർദ്ധക്യം, രോഗം, വൈകല്യം തുടങ്ങിയ സാഹചര്യങ്ങളിൽ ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും സർക്കാരുകൾ പൊതു വ്യവസ്ഥകൾ നിലവിൽ വരുത്തണം. ഭരണഘടനയുടെ ഈ ആർട്ടിക്കിളിന്റെ സമ്പൂർണ്ണമായ ലംഘനമാണ് ഇന്ത്യയുടെ പൊതുവിലുള്ള സാമൂഹ്യ നയങ്ങളിൽ പ്രതിഫലിക്കുന്നത്.

വയോജനങ്ങൾക്ക് പെൻഷൻ നൽകി നേരിട്ട് സഹായിക്കാൻ കേന്ദ്രസർക്കാരിന് ചുരുക്കം പദ്ധതികൾ മാത്രമേയുള്ളൂ. “നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം’ എടുത്താൽ വയോജനങ്ങൾക്ക് പെൻഷൻ ആയി കേന്ദ്രസർക്കാർ നൽകുന്നത് പ്രതിമാസം 200 രൂപ മാത്രമാണ്; 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയും. ഇതുതന്നെയാണ് വിധവകൾക്കും ഭിന്നശേഷിക്കാർക്കും ഒക്കെ കിട്ടുന്ന പെൻഷനും. മാത്രമല്ല, ഈ പെൻഷനുകൾ നൽകപ്പെടുന്നത് ദാരിദ്ര്യ രേഖയ്ക്കു താഴെ എന്ന് നിർവചിച്ചിട്ടുള്ള വളരെ ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമാണു താനും.

എന്നാൽ എന്താണ് ഇന്ത്യയിലെ നിലവിലെ അവസ്ഥ? ചുരുക്കിപ്പറഞ്ഞാൽ വയോജനങ്ങൾ സാമ്പത്തികമായി അവഗണിക്കപ്പെടുന്നു; ആരോഗ്യ സേവനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു; അങ്ങനെ സാമൂഹികമായി അദൃശ്യവൽക്കരിക്കപ്പെടുന്നു. പല പഠനങ്ങൾ വഴി പുറത്തുവന്നിട്ടുള്ള കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ 40% ത്തോളം വയോജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. 75% വയോജനങ്ങൾക്കും സ്ഥിരമായ വരുമാനം ഇല്ല. 73% വയോജനങ്ങൾക്കും സമ്പാദ്യമേ ഇല്ല. വയോജനങ്ങളിൽ 26% മാത്രമാണ് സ്വയംപര്യാപ്തർ; 20 ശതമാനം പേർ ഭാഗികമായി മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരും 54% പേർ പൂർണമായും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നവരും ആണ്. 75% വയോജനങ്ങൾക്കും കുറഞ്ഞത് ഒരു വിട്ടുമാറാത്ത രോഗമെങ്കിലും ഉണ്ട്. 65% വയോജനങ്ങൾ ഉയർന്ന ചെലവ് കാരണം വൈദ്യചികിത്സ ഒഴിവാക്കുന്നവരാണ്. 68 ശതമാനം വയോജനങ്ങൾ പ്രോട്ടീൻ കുറവുള്ള ഭക്ഷണക്രമം പാലിക്കുന്നവരാണ്. 32 ശതമാനം സ്ത്രീ വയോജനങ്ങൾ ഭാരക്കുറവുള്ളവരാണ്. 40% വയോജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പീഡനമോ വാക്കാലുള്ള പീഡനമോ അവഗണനയോ ചൂഷണമോ സ്ഥിരമായി നേരിടുന്നവരാണ്. 30% വയോജനങ്ങളും വിഷാദരോഗ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. 52% സ്ത്രീ വയോജനങ്ങളും വിധവകളാണ്. ഇവർക്ക് കുടുംബങ്ങളിലെ വസ്തുക്കളിന്മേൽ ഉടമസ്ഥാവകാശം പരിമിതമാണ്; മാത്രമല്ല ഇവരിൽ 80 ശതമാനവും ഭൂമി കൈവശം ഇല്ലാത്തവരാണ്. ഓരോ വർഷവും ഏകദേശം 18,000 വൃദ്ധർ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്.

എല്ലാവിധ പൊതു സംവിധാനങ്ങളുടെയും പരിപൂർണ്ണമായ തകർച്ചയെയാണ് ഈ കണക്കുകൾ വെളിവാക്കുന്നത്. ഒപ്പം ഭരണകൂടത്തിന്റെ ഭരണഘടനാപരമായ പരാജയത്തെയും.

ഈ സാഹചര്യത്തിലാണ്, എല്ലാ വയോജനങ്ങൾക്കും സാർവത്രിക പെൻഷൻ ലഭ്യമാക്കണമെന്ന രാഷ്ട്രീയ ആവശ്യം ഇന്ത്യയിൽ പലപ്പോഴായി ഉയർന്നു വന്നിട്ടുള്ളതും ഇന്ന് ഒരു സമരമുദ്രാവാക്യമായി വളർന്നു വന്നിട്ടുള്ളതും. എന്നാൽ നവലിബറല്‍ പ്രയോക്താക്കൾ നമ്മളോട് പറയുന്നത് സാർവത്രിക പെൻഷൻ എന്നത് ഭരണകൂടത്തിന് താങ്ങാനാവാത്തതാണ് എന്നാണ്. പച്ചക്കള്ളമാണിത്. ഇന്ത്യയിലെ എല്ലാ 12.8 കോടി വയോജനങ്ങൾക്കും ഓരോ മാസവും 3,000 രൂപ വീതം പെൻഷൻ നൽകാൻ വേണ്ടിവരുന്ന തുക 4.6 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ ജിഡിപിയുടെ വലിപ്പം ഏകദേശം 330 ലക്ഷം കോടി രൂപ വരും. അതായത് എല്ലാ വയോജനങ്ങൾക്കും ഓരോ മാസവും 3,000 രൂപ വീതം പെൻഷൻ നൽകാൻ വേണ്ടി വരുന്നത് ഇന്ത്യയുടെ ജിഡിപിയുടെ 1.4% മാത്രം! ഇതെങ്ങനെയാണ് താങ്ങാനാവാത്തതാകുന്നത്?

ഇങ്ങനെ പെൻഷൻ നൽകാനുള്ള പണം എങ്ങനെ സമാഹരിക്കാം എന്നതിനെക്കുറിച്ച് പണ്ഡിതർ കണക്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെ മൊത്തം അറ്റ ആസ്തി ഏകദേശം 570 ലക്ഷം കോടി രൂപ വരും. ഇവരിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ മാത്രം കാര്യമെടുത്താൽ അവരുടെ മൊത്തം അറ്റ ആസ്തി ഏകദേശം 330 ലക്ഷം കോടി രൂപയാണ്. ഈ ഒരു ശതമാനത്തിന്റെ മേൽ ഓരോ വർഷവും രണ്ട് ശതമാനം സമ്പത്ത് നികുതി (വെൽത്ത് ടാക്സ്) ചുമത്തിയാൽ 6.6 ലക്ഷം കോടി രൂപ സർക്കാരിന് വാർഷികമായി ലഭിക്കും. ഇതിനൊപ്പം സമ്പന്നനായ ഒരു വ്യക്തി മരിക്കുമ്പോൾ പിൻതലമുറക്കാർക്കു മേൽ 33 ശതമാനം അനന്തരാവകാശ നികുതി ചുമത്തിയാൽ സർക്കാരിന് വാർഷികമായി മറ്റൊരു 5.5 ലക്ഷം കോടി രൂപ കൂടി ലഭിക്കും. അങ്ങനെ മൊത്തം ഏകദേശം 12 ലക്ഷം കോടി രൂപ സർക്കാരിന് വേണമെങ്കിൽ എളുപ്പത്തിൽ സമാഹരിക്കാം.

ഈ നികുതിപ്പണംകൊണ്ട് സർക്കാരിന് എന്തൊക്കെ ചെയ്യാം? ഇന്ത്യയിലെ എല്ലാ 12.8 കോടി വയോജനങ്ങൾക്കും പ്രതിമാസം 3,000 രൂപ സാർവത്രിക പെൻഷൻ നൽകാം. മൊത്തം വ്യക്തികൾക്കും ഓരോ മാസവും 10 കിലോ അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യാം. ഗ്രാമീണ തൊഴിലുറപ്പ് കാർഡുള്ള എല്ലാവർക്കും നഗര മേഖലയിൽ അത്യാവശ്യം തൊഴിൽ വേണ്ട ഏകദേശം നാല് കോടി കുടുംബങ്ങൾക്കും എല്ലാവർഷവും 100 ദിവസം പണി നൽകാം. ഇതിനൊക്കെ പുറമേ ജിഡിപിയുടെ രണ്ട് ശതമാനം കണ്ട് വിദ്യാഭ്യാസത്തിലും മറ്റൊരു രണ്ട് ശതമാനം കണ്ട് ആരോഗ്യ മേഖലയിലും പൊതുനിക്ഷേപം വർദ്ധിപ്പിക്കാം. അങ്ങനെ എല്ലാവർക്കും ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പെൻഷൻ എന്നിവ സർക്കാരുകൾക്ക് ഉറപ്പുവരുത്താം. എത്രയോ കാലമായി ഈ നിർദ്ദേശങ്ങൾ സർക്കാരിന്റെ മേശപ്പുറത്ത് ഉണ്ടെങ്കിലും ഒരു വിരലനക്കാൻ പോലും മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തയ്യാറായിട്ടില്ല.

കേരളത്തിലെ സ്ഥിതി
ഇന്ത്യയിൽ നിലനിൽക്കുന്ന മുകളിൽ വിവരിച്ച പരിതഃസ്ഥിതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് കേരളത്തിൽ നിലവിലുള്ളത്. കേരളത്തിലെ ദാരിദ്ര്യത്തിന്റെ ആഴം കുറയ്ക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സഹായങ്ങൾ എത്തിക്കാനുള്ള പൊതുവ്യവസ്ഥകൾ നിർമ്മിക്കാനുമുള്ള നയങ്ങൾക്ക് കേരളപ്പിറവിയോളം തന്നെ ചരിത്രം ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനം 1950കൾ മുതൽ 1970കൾ വരെ നടപ്പിൽ വരുത്തപ്പെട്ട ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യ മേഖലയുടെയും വികസനവുമാണ്. ഈ നയങ്ങളൊക്കെ ദാരിദ്ര്യത്തിന്റെ ആഴം കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിച്ചു. എന്നാൽ സാമൂഹ്യ സുരക്ഷിതത്വ വലയങ്ങളുടെ പ്രത്യേകമായ നിർമ്മാണം കേരളത്തിൽ ആരംഭിക്കുന്നത് 1980കൾ മുതലാണ്.

ഈ വലയങ്ങളുടെ നിർമ്മാണത്തിന് കേരളത്തിലെ വർഗ്ഗ സംഘടനകളുടെ പോരാട്ടത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. 1940കളിൽ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം ഒരു വശത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും മുതലാളിമാരുടെ ചൂഷണത്തിനെതിരെയും സമരങ്ങൾ നയിക്കുമ്പോൾ, മറുവശത്ത് അവരുടേതായ സാമൂഹ്യ സുരക്ഷിതത്വ ഇടപെടലുകളും പരസ്പര സഹായ സംഘങ്ങളുടെ സ്ഥാപനവും നടത്തിയിരുന്നു. ഇത്തരം ഇടപെടലുകളാണ് ആദ്യകാലത്തെ തൊഴിലാളി സംഘങ്ങളും സഹകരണ സംഘങ്ങളും നിലവിൽവരാൻ പ്രേരകമായത്. ഇത്തരം സംഘങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പിന്നീട് കേരളപ്പിറവിക്കു ശേഷം തൊഴിലാളി വർഗ്ഗത്തിനൊന്നാകെ വേണ്ട സാമൂഹ്യ സുരക്ഷിതത്വ നയങ്ങളെ പറ്റിയുള്ള നിലപാടുകൾ ട്രേഡ് യൂണിയനുകൾ കൈക്കൊണ്ടത്. അങ്ങനെയാണ് നേരത്തെ നിലവിലുണ്ടായിരുന്ന സംഘങ്ങളുടെ പുതിയ ഒരു രൂപം എന്ന നിലയിൽ ക്ഷേമനിധി ഫണ്ടുകൾ സർക്കാരിന്റെ നേതൃത്വത്തിൽ വേണം എന്ന ആവശ്യം രൂപപ്പെടുന്നത്.

അങ്ങനെ കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വ നയങ്ങളുടെ നിർമ്മാണം മൂന്നു തലങ്ങളിലായി കാലക്രമേണ നിലവിൽ വന്നു. ഒന്ന്, ഏകദേശം 80 ലക്ഷം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള 28 ക്ഷേമനിധി ബോർഡുകൾ ഇന്ന് നിലവിലുണ്ട്. ഇവരിൽ ഏകദേശം പകുതി പേർ 60 വയസ്സ് കഴിഞ്ഞവരാണ്. ഇവർക്ക് ഈയടുത്ത കാലം വരെ ഓരോ മാസവും 1600 രൂപ പെൻഷൻ നൽകിവരുന്നു. പെൻഷന് പുറമേ ചില ബോർഡുകൾ പ്രൊവിഡന്റ് ഫണ്ട് അനുകൂല്യങ്ങളും ഗ്രാറ്റുവിറ്റികളും അംഗങ്ങൾക്ക് നൽകിപ്പോരുന്നു. മറ്റു ചില ബോർഡുകൾ ചികിത്സാ സഹായവും ഒക്കെ ഉൾപ്പെടുന്ന സാമൂഹ്യ ഇൻഷുറൻസ് ആനുകൂല്യങ്ങളും അംഗങ്ങൾക്ക് നൽകിപ്പോരുന്നു. പിന്നെയും മറ്റ് ചില ബോർഡുകൾ അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പെൺമക്കളുടെ വിവാഹത്തിനും ഭവന നിർമ്മാണത്തിനും എല്ലാം സാമ്പത്തിക സഹായങ്ങൾ നൽകിപ്പോരുന്നു.

1990കൾ ആയപ്പോൾ തന്നെ കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ 50% അസംഘടിത തൊഴിലാളികളെയും അവരുടെ കുടക്കീഴിൽ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. ഇന്ന് ഈ ബോർഡുകൾ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ (കുട്ടികളെ ഒഴിച്ചു നിർത്തിയാൽ) മൂന്നിലൊന്നു പേരെയും അംഗത്വം വഴി ബോർഡുകളിലേക്ക് ചേർത്തുകഴിഞ്ഞു. മറ്റൊരു പ്രധാന കാര്യം എല്ലാ ബോർഡുകളുടെയും അംഗത്വം കൂട്ടിയാൽ അവരിൽ 57 ശതമാനവും സ്ത്രീകളാണ് എന്നതാണ്. പല സംഘങ്ങളിലും സ്ത്രീകളുടെ അംഗത്വം 90% ത്തിൽ കൂടുതലാണ്; ഉദാഹരണത്തിന് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്.

രണ്ട്, ക്ഷേമനിധി ബോർഡുകൾക്കുപുറത്ത്നിൽക്കുന്ന, ഇവയിൽ ഒരംഗത്വവും ഇല്ലാത്ത ദരിദ്ര ജനവിഭാഗങ്ങൾക്ക്, കേരള സർക്കാർ പ്രത്യേകമായി സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ നൽകിവരുന്നു. ഇതുവഴി ഏകദേശം 50 ലക്ഷം പേർക്ക് ഇന്ന് വയോജന പെൻഷൻ ലഭിക്കുന്നു; 14 ലക്ഷം പേർക്ക് വിധവാ പെൻഷൻ ലഭിക്കുന്നു; 50 വയസ്സ് കഴിഞ്ഞ ഏകദേശം 87,000 അവിവാഹിത കൾക്കും 4 ലക്ഷം ഭിന്നശേഷിക്കാർക്കും മറ്റൊരു 4 ലക്ഷം കർഷകത്തൊഴിലാളികൾക്കും ഇതേ അനുകൂല്യങ്ങൾ ലഭിച്ചുവരുന്നു. ഇവിടെയും സ്ത്രീകൾക്കാണ് പ്രാമുഖ്യം. കർഷകത്തൊഴിലാളി പെൻഷനിൽ 67 ശതമാനവും വയോജന പെൻഷനിൽ 46 ശതമാനവും ഭിന്നശേഷി പെൻഷനിൽ 41 ശതമാനവും ലഭിക്കുന്നത് സ്ത്രീകൾക്കാണ്.

മൂന്ന്, മുകളിൽ പറഞ്ഞ രണ്ടിലും ഉൾപ്പെടാത്ത ദരിദ്ര ജനവിഭാഗങ്ങളെ ഇവയ്ക്കുള്ളിലും പുറത്തുമായി അധികമായി പെടുത്തിയാണ് കോവിഡ് മഹാമാരിക്കാലത്ത് കേരളം അതിന്റെ സാമൂഹ്യ സുരക്ഷിതത്വ വലയം വിപുലപ്പെടുത്തിയത്. അങ്ങനെയാണ് മാർച്ച് 2020ൽ ഏകദേശം 28 ലക്ഷം പേർക്ക് ആയിരം രൂപ ഒറ്റത്തവണ സഹായം നൽകിക്കൊണ്ട് അവരെ പുതിയതായി സാമൂഹ്യ സുരക്ഷിതത്വ വലയത്തിലേക്ക് കേരളം കൊണ്ടുവന്നത്. കാലക്രമേണ ഇവരെയും വിവിധ ക്ഷേമനിധി ബോർഡുകളിലേക്കും സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ സമ്പ്രദായത്തിലേക്കും കേരളം ഉൾപ്പെടുത്തും.

ക്ഷേമനിധി ബോർഡുകൾക്ക് പുറത്ത്, ഇങ്ങനെ ഏകദേശം 62 ലക്ഷം പേർക്ക് പ്രതിമാസം പെൻഷൻ നൽകാൻ കേരളത്തിന് സാധിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂ എന്ന് അനുമാനിക്കാം. 4 പേരാണ് ഒരു കുടുംബത്തിൽ ഉള്ളതെങ്കിൽ ഏകദേശം 2.5 കോടി പേർ പ്രത്യക്ഷമായോ പരോക്ഷമായോ ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആണ് എന്നു വരുന്നു. അതായത് കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിലധികം ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആണ്. ഏകദേശം സാർവത്രികമായിത്തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് സാരം.

മുകളിൽ പറഞ്ഞതിനും അപ്പുറത്തേക്ക് കേരളത്തിലെ സാമൂഹ്യ സുരക്ഷിതത്വ വലയത്തിന്റെ പരപ്പ് നീളുന്നുണ്ട്. പല കേന്ദ്ര പദ്ധതികളിലും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള തുച്ഛമായ ശമ്പളത്തിന് അപ്പുറത്തേക്ക് കൂടുതൽ വേതനവും വിപുലമായ ആനുകൂല്യങ്ങളും കേരള സർക്കാർ കാലാകാലങ്ങളായി നൽകിപ്പോരുന്നുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള 26,125 ആശ വർക്കർമാർക്ക് പ്രതിമാസം ശരാശരി വേതനം ഏകദേശം 13,000 രൂപ വരും. ഇതിൽ ഓണറേറിയമായി 7,000 രൂപയും ഫിക്സഡ് ഇൻസെന്റീവ് ആയി 3,000 രൂപയും പ്രതിഫലമായി 3,000 രൂപയും ഉൾപ്പെടും. പ്രതിഫലവും ഫിക്സഡ് ഇൻസെന്റീവിന്റെ 60 ശതമാനവും മാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി സംസ്ഥാനമാണ് നൽകിവരുന്നത്. വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി വർക്കർമാർക്ക് ശരാശരി പ്രതിമാസം 12,500 രൂപ വേതനം ഉണ്ട് (10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് 13,000 രൂപ). ഇതിൽ 4500 രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്; ബാക്കി നൽകുന്നത് സംസ്ഥാന സർക്കാരാണ്. അങ്കണവാടി ഹെൽപ്പർമാർക്ക് പ്രതിമാസം 8500 രൂപ വേതനം ഉണ്ട് (10 വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് 9,000 രൂപ). ഇവിടെ കേന്ദ്രസർക്കാർ നൽകുന്നത് 2,250 രൂപ മാത്രം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാചക തൊഴിലാളികൾക്ക് പ്രതിമാസ വേതനം ഏകദേശം 12,000 രൂപ വരും. എന്നാൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഓണറേറിയം പ്രതിമാസം 1,000 രൂപ മാത്രമാണ്. അതിന്റെ തന്നെ 60% ആയ 600 രൂപ മാത്രമേ കേന്ദ്രം തരികയുള്ളൂ. ബാക്കി നൽകുന്നത് സംസ്ഥാന സർക്കാരാണ്. ചില ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ നൽകിയിട്ടുള്ളത്. ചുരുക്കത്തിൽ, കേന്ദ്ര പദ്ധതികളിൽ മിക്കതിലും തുച്ഛമായ കേന്ദ്രസർക്കാരിന്റെ സംഭാവനയ്ക്കപ്പുറത്തേക്ക് വലിയൊരു തുക അവരുടെ വേതനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ ചെലവഴിക്കുന്നുണ്ട്.

കേന്ദ്ര പദ്ധതികൾ: 
താരതമ്യങ്ങൾ
കേന്ദ്രസർക്കാരിന്റെ 5 പ്രധാന പെൻഷൻ പദ്ധതികളാണ് ഇന്ന് നിലവിലുള്ളത്. നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീം അഥവാ ദേശീയ വയോജന പെൻഷൻ പദ്ധതി; നാഷണൽ ഫാമിലി ബെനിഫിറ്റ് സ്കീം അഥവാ ദേശീയ കുടുംബസഹായ പദ്ധതി; നാഷണൽ മെറ്റേർണിറ്റി ബെനിഫിറ്റ് സ്കീം; നാഷണൽ വിഡോ പെൻഷൻ സ്‌കീം അഥവാ ദേശീയ വിധവാ പെൻഷൻ പദ്ധതി; നാഷണൽ ഡിസെബിലിറ്റി പെൻഷൻ സ്കീം അഥവാ ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി; പിന്നെ അന്നപൂർണ്ണ എന്ന പദ്ധതിയും. ഇവിടെ വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നീ പദ്ധതികളിൽ കേന്ദ്രസർക്കാരിന്റെ സംഭാവന തീർത്തും തുച്ഛമാണ്. 60 മുതൽ 79 വയസ്സ് വരെ പ്രായമുള്ള വയോജനങ്ങൾക്ക് പ്രതിമാസം 200 രൂപ; 80 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് പ്രതിമാസം 500 രൂപ; വിധവകൾക്ക് പ്രതിമാസം 300 രൂപ; ഭിന്നശേഷിക്കാർക്ക് പ്രതിമാസം 300 രൂപ. ഈ പദ്ധതികളിലൊക്കെ ഗുണഭോക്താക്കളായി 2022ൽ ഏകദേശം മൂന്നു കോടി പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക് പറയുന്നത്. മറ്റൊരു 6 കോടി പേരെ സംസ്ഥാനങ്ങൾ അവരുടെ ബജറ്റിൽ നിന്ന് പ്രത്യേകമായി പണം നൽകിയാണ് ഈ സ്കീമുകളിൽ ചേർത്തിട്ടുള്ളത്. മാത്രമല്ല കേന്ദ്രസർക്കാർ ചേർത്തിട്ടുള്ളവർക്കും സംസ്ഥാന സർക്കാർ ചേർത്തിട്ടുള്ളവർക്കും കേന്ദ്രസർക്കാർ നൽകിവരുന്ന തുച്ഛമായ തുകയേക്കാൾ കൂടുതൽ പെൻഷൻ പല സംസ്ഥാനങ്ങളും അവയുടെ ബജറ്റിൽ നിന്ന് പണം ചെലവഴിച്ച് നൽകിയും പോരുന്നു.

ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് കേരളം മുന്നിട്ടുനിൽക്കുന്നത്. കേന്ദ്രസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് 2022ൽ 27.5 ലക്ഷം പേരെ വയോജന പദ്ധതിയിലേക്കും 12.3 ലക്ഷം പേരെ വിധവാ പദ്ധതിയിലേക്കും 3.8 ലക്ഷം പേരെ ഭിന്നശേഷി പദ്ധതിയിലേക്കും അധികമായി ചേർത്തുകൊണ്ട് മൊത്തം 43.5 ലക്ഷം ഗുണഭോക്താക്കളെ കേരളം അധികമായി ഈ സ്കീമുകളുടെ പരിധികളിലേക്ക് കൊണ്ടുവന്നുകൊണ്ട് പെൻഷൻ നൽകിവന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും കേരളം ചേർത്ത അത്രയും ഗുണഭോക്താക്കളെ ഒരു സംസ്ഥാനവും അധികമായി ചേർത്തിട്ടില്ല. മൊത്തം ജനസംഖ്യയുടെ എത്ര ശതമാനമാണ് അധികമായി ഈ സ്കീമുകളിലേക്ക് കൊണ്ടുവന്നത് എന്ന് കണക്കുകൂട്ടിയാൽ ഇത് മനസ്സിലാകും. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയിലേക്ക് അധികമായി ചേർത്ത 43.5 ലക്ഷം പേർ കേരളത്തിലെ ഇന്നത്തെ ജനസംഖ്യയുടെ ഏകദേശം 12% വരും. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കാര്യമെടുത്താൽ തങ്ങളുടെ ജനസംഖ്യയുടെ ശരാശരി 4 ശതമാനം മാത്രമാണ് ഈ സ്കീമുകളിലേക്ക് അധികമായി ചേർക്കപ്പെട്ടവർ. ഗുജറാത്തിൽ അധികമായി ചേർക്കപ്പെട്ടവർ അവിടുത്തെ ജനസംഖ്യയുടെ 1.5 ശതമാനം മാത്രമേ വരുന്നുള്ളൂ. ഉത്തർപ്രദേശിലാണെങ്കിൽ വെറും 1.9 ശതമാനം മാത്രം. പഞ്ചാബ്, തെലങ്കാന, കർണാടക, ഹരിയാന തുടങ്ങി ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് താരതമ്യേന കൂടുതൽ പേരെ ഈ പദ്ധതികളിലേക്ക് അധികമായി ചേർത്തിട്ടുള്ളത്. എന്നാൽ അവിടെയൊക്കെയും കേരളത്തിൽ ചേർത്ത ജനസംഖ്യയുടെ അത്രയും വിഹിതം ചേർത്തിട്ടില്ല.

ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ തുകയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. കേന്ദ്രം വയോജന പെൻഷനായി പ്രതിമാസം 200 രൂപ മാത്രം നൽകുമ്പോൾ ബാക്കി 1400 രൂപ സംസ്ഥാന ബജറ്റിൽ നിന്ന് ചെലവഴിച്ചാണ് കേരളം ഇതുവരെയും പ്രതിമാസം 1600 രൂപ പെൻഷൻ നൽകിവന്നിരുന്നത്. വിധവാ പെൻഷനിൽ കേന്ദ്രം നൽകിവരുന്ന 300 രൂപയിൽ അധികം 1300 രൂപ പ്രതിമാസം ചെലവഴിച്ചാണ് കേരളം 1600 രൂപ കൂടി പെൻഷൻ നൽകി വന്നിരുന്നത്. ഭിന്നശേഷി പെൻഷന്റെ കാര്യവും ഇതുതന്നെ.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ കേരളത്തെക്കാൾ കൂടുതൽ പ്രതിമാസ പെൻഷൻ വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും നൽകി വരുന്നുണ്ട് എന്നത് വാസ്തവമാണ്. ആന്ധ്രപ്രദേശ് പ്രതിമാസം 2750 രൂപ വയോജന പെൻഷനും വിധവ പെൻഷനും 3000 രൂപ ഭിന്നശേഷി പെൻഷനും നൽകിവരുന്നു. പക്ഷേ വിട്ടുപോകാൻ പാടില്ലാത്തത് എത്രപേർക്ക് ഈ പെൻഷൻ നൽകുന്നു എന്നതാണ്. അവരുടെ ജനസംഖ്യയുടെ 1.8 ശതമാനത്തിന് മാത്രം. ഹരിയാന പ്രതിമാസം 2700 രൂപ വയോജന പെൻഷനും 2800 രൂപ ഭിന്നശേഷി പെൻഷനും നൽകുന്നു; പക്ഷേ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനത്തിന് മാത്രം. ഇവിടെയാണ് ജനസംഖ്യയുടെ 12 ശതമാനത്തിന് പ്രതിമാസം 1600 രൂപ നൽകി പെൻഷൻ വലയത്തിലേക്ക് കൊണ്ടുവന്നു കൊണ്ട് കേരളം ഏറ്റവും മുൻപിൽ നിൽക്കുന്നത്. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളുടെ വിഷയം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.

പുതിയ മാറ്റങ്ങൾ
ഈ ഒരു പൊതു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന ഒട്ടുമിക്ക വാഗ്ദാനങ്ങളും പാലിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ സുരക്ഷിതത്വ വലയത്തെ കൂടുതൽ ബൃഹത്താക്കുന്നതായി ഈ പ്രഖ്യാപനങ്ങൾ.

ഒന്നാമതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അതിപ്രധാനമായ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയാണ്. ഒരു രൂപ പോലും കേന്ദ്രസഹായം ലഭ്യമല്ലാത്ത ഈ പദ്ധതിക്ക് കീഴിൽ 35 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള, അന്ത്യോദയ വിഭാഗത്തിൽപ്പെടുന്ന, മറ്റു പെൻഷനുകൾ ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

രണ്ടാമതായി, വയോജന, വിധവ, ഭിന്നശേഷി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷിതത്വ പെൻഷനുകൾ പ്രതിമാസം 1600 രൂപയിൽ നിന്ന് വർദ്ധിപ്പിച്ച് 2000 രൂപയാക്കി. അങ്ങനെ വരുമ്പോൾ വയോജന പെൻഷനിൽ സംസ്ഥാന സർക്കാരിന്റെ സംഭാവന 1400 രൂപയിൽ നിന്ന് ഉയർന്ന് 1800 രൂപയായി വർദ്ധിക്കും. വിധവാ പെൻഷനിലും ഭിന്നശേഷി പെൻഷനിലും ഇതേ സംസ്ഥാന സർക്കാരിന്റെ സംഭാവന 1300 രൂപയിൽ നിന്ന് ഉയർന്ന് 1700 രൂപയായി വർദ്ധിക്കും. അങ്ങനെ ജനസംഖ്യയുടെ ഏറ്റവും വലിയ ഒരു വിഹിതത്തെ ഉൾപ്പെടുത്തിക്കൊണ്ട് ഏറ്റവും ഉയർന്ന പെൻഷനുകൾ നൽകുന്ന ഒരു സംസ്ഥാനമായി കേരളം ഒന്നുകൂടി മാറുകയാണ്.

മൂന്നാമതായി, ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്ന 18 വയസ്സ് മുതൽ 30 വയസ്സുവരെ പ്രായമുള്ള 5 ലക്ഷം യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന “കണക്ട് ടു വർക്ക്’ എന്ന പുതിയൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും പരിപൂർണ്ണമായി സംസ്ഥാന ബജറ്റിൽ നിന്നാണ് പണം കണ്ടെത്തുന്നത്.

നാലാമതായി, അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ വേതനം 1,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. അങ്ങനെ പത്തു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 14,000 രൂപയായും ഹെൽപ്പർമാരുടെ വേതനം 10,000 രൂപയായും ഉയരും. ഇതിൽ ആദ്യത്തേതിൽ 2,700 രൂപയും രണ്ടാമത്തേതിൽ 1,350 രൂപയും മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. ബാക്കി നൽകുന്നത് സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ്.

അഞ്ചാമതായി, ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 7,000 രൂപയിൽ നിന്ന് 1,000 രൂപ വർദ്ധിപ്പിച്ച് 8,000 രൂപയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

ആറാമതായി, സാക്ഷരതാ പ്രേരക്-മാർക്കുള്ള കേന്ദ്ര പദ്ധതി 1998ൽ അവസാനിച്ചിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ തുടർന്നു വന്നിരുന്നു. ഏകദേശം 1,282 പ്രേരക്-മാരും 200 നോഡൽ പ്രേരക്-മാരും ഈ പദ്ധതിയിൽ ഇപ്പോഴുണ്ട്. ഇവരുടെ വേതനവും പ്രതിമാസം 1,000 രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ നോഡൽ പ്രേരക്-മാരുടെ പ്രതിമാസ വേതനം 16,000 രൂപയായും പ്രേര്-കമാരുടെ പ്രതിമാസ വേതനം 13,000 രൂപയായും മാറും. ഈ തുകയുടെ 60% തദ്ദേശസ്ഥാപനങ്ങളും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.

ഏഴാമതായി, സ്കൂളുകളിൽ പണിയെടുക്കുന്ന പാചക തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിമാസ ഓണറേറിയം നിലവിൽ 1,000 രൂപയാണ്. ഇവരുടെ പ്രതിമാസ ഓണറേറിയം അങ്ങനെ 13,500 രൂപയിൽ നിന്ന് വർദ്ധിച്ച് 14,500 രൂപയായി മാറും. ഇതിൽ 600 രൂപ മാത്രമാണ് കേന്ദ്രം നൽകുന്നത്; ബാക്കി 13,900 രൂപയും സംസ്ഥാന ബജറ്റിൽ നിന്നാണ് നൽകുന്നത്.

എട്ടാമതായി, പ്രീ-പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെയും ആയമാരുടെയും വേതനത്തിലും, പൂർണമായി സംസ്ഥാന ബജറ്റിൽ നിന്ന് പണം എടുത്തുകൊണ്ട്, പ്രതിമാസം 1,000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

അവസാനമായി, കോളേജുകളിൽ തുച്ഛവേതനത്തിൽ പണിയെടുക്കുന്ന ഗസ്റ്റ് ലെക്ചറർമാരുടെ പ്രതിമാസ വേതനവും 2,000 രൂപ കണ്ട് വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പണവും പൂർണമായി സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നിന്നാണ് നൽകേണ്ടി വരിക.

ഇതിനെല്ലാം പുറമേ ഏകദേശം 3.8 ലക്ഷം തൊഴിലാളികൾ അംഗങ്ങളായ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് നൽകാനുള്ള ഏകദേശം 992 കോടി രൂപ അടിയന്തരമായി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒപ്പം അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന്റെ അംഗങ്ങളായ വിരമിച്ച വർക്കർമാർക്ക് പ്രതിമാസം 2,500 രൂപയും ഹെൽപ്പർമാർക്ക് പ്രതിമാസം 1,500 രൂപയും അധികമായി സർക്കാർ നൽകും. ഇവിടെ ഏകദേശം 21,180 പേർക്ക് പ്രയോജനം ലഭിക്കും എന്നാണ് അനുമാനിക്കുന്നത്. കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി, സ്നേഹപൂർവ്വം പദ്ധതി, ആശ്വാസകരണം പദ്ധതി, സമാശ്വാസം പദ്ധതി, സ്നേഹസ്പർശം പദ്ധതി, മിട്ടായി പദ്ധതി, കെയർ പദ്ധതി എന്നിവയ്ക്കൊക്കെ നൽകാനുള്ള കുടിശ്ശികയും അടിയന്തരമായി കൊടുത്തു തീർക്കുമെന്ന് കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ക്ഷേമരാഷ്ട്ര 
സങ്കല്പത്തിലേക്കുള്ള വഴി
ഒരു ക്ഷേമരാഷ്ട്ര സങ്കല്പം നടപ്പാക്കുക എന്നത് ഒരു ലക്ഷ്യം മാത്രമല്ല, ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും സങ്കീർണ്ണമായ വേരുകൾ മനസ്സിലാക്കുകയും അവയെ തന്ത്രപരമായി നേരിടുകയും ചെയ്യുന്ന ഒരു നിർവഹണ രീതി കൂടിയാണ്. സാമ്പത്തിക വളർച്ചയെ മാത്രം ലക്ഷ്യം വയ്ക്കുന്ന പരമ്പരാഗത മാതൃകകൾ പര്യാപ്തമല്ലെന്ന് ലോകബാങ്കിന്റെ പഠനങ്ങൾ പോലും സൂചിപ്പിക്കുന്നു. വികസ്വര രാജ്യങ്ങൾക്ക് അവരുടെ സവിശേഷ സാഹചര്യങ്ങളും ആവശ്യങ്ങളും അനുസരിച്ച് ക്ഷേമരാഷ്ട്ര മാതൃകകൾ രൂപകൽപ്പന ചെയ്യേണ്ടതുണ്ട്.

ഈ ദിശയിലേക്കുള്ള പുരോഗമന പരിവർത്തനം സാധ്യമാണെന്നാണ് കേരളത്തിലെ വിജയകരമായ ഇടപെടലുകൾ തെളിയിക്കുന്നത്. വെറും സാമ്പത്തിക വളർച്ചയ്ക്കു പകരം സാമൂഹ്യ നേതൃത്വത്തിലുള്ള വികസനമാണ് കേരളത്തിൽ ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ ജനകീയമായി കണ്ടെത്തി അവരെ ആ അവസ്ഥയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന കേരളത്തിന്റെ സമീപനം ഈ ലക്ഷ്യത്തിൽ വിജയം കാണുന്നു എന്നതിന്റെ തെളിവാണ്. ഇതുതന്നെയാണ് സാമൂഹ്യ സുരക്ഷിതത്വ വലയം നിർമ്മിക്കുന്ന നയങ്ങളുടെ കാര്യവും. ഒറ്റ അനാസ്വാസ്ഥ്യ സംഭവം മാത്രം മതി ഒരു കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ. അത് ഒഴിവാക്കാൻ ഓരോ കുടുംബത്തിനും തൊഴിൽ നഷ്ടം, അസുഖം തുടങ്ങിയ സാഹചര്യങ്ങളിൽ സംരക്ഷണവും സഹായവും നൽകുന്ന പദ്ധതികളും കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വരുന്നു. ഇത്തരം സംരക്ഷണങ്ങളെയും സഹായങ്ങളെയും പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.

ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ ക്ഷേമ രാഷ്ട്ര സങ്കൽപ്പത്തിലേക്കുള്ള യാത്ര മൂന്ന് പ്രധാനപ്പെട്ട തത്ത്വങ്ങളിൽ ഊന്നിയാവണം എന്ന് നമുക്ക് പറയാം.

ഒന്ന്, കേരളത്തിന് ഒരു മനുഷ്യാവകാശ സമ്പദ്-വ്യവസ്ഥയായി (Human Rights Economy) മാറാൻ കഴിയണം. സമ്പദ്-വ്യവസ്ഥയുടെ കേന്ദ്രത്തിൽ ജനങ്ങളുടെ ക്ഷേമത്തെയും ആരോഗ്യത്തെയും സ്ഥാപിക്കുന്ന ഒരു സമ്പദ്-വ്യവസ്ഥാ മാതൃക. സാമ്പത്തിക നയങ്ങൾ, നിക്ഷേപ തീരുമാനങ്ങൾ, ഉപഭോക്തൃ ചോയ്സുകൾ, ബിസിനസ് മോഡലുകൾ എന്നിവയെല്ലാം എല്ലാവർക്കുമുള്ള മനുഷ്യാവകാശങ്ങളുടെ ഫലപ്രദമായ നേട്ടത്തിനായി ലയിപ്പിക്കപ്പെടണം.

രണ്ട്, എല്ലാ പൗരർക്കും സാർവത്രിക സാമൂഹ്യ സേവനങ്ങളും സാമൂഹ്യ സംരക്ഷണവും നൽകുന്ന സംസ്ഥാനമായി കേരളം മാറണം. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, ഭവനം, ഊർജ്ജം, ഭക്ഷ്യസുരക്ഷ, വെള്ളം, ശുചിത്വം എന്നിവയുടെ സാർവത്രിക ലഭ്യത ഉറപ്പുവരുത്തണം. കുടുംബങ്ങൾക്ക് അനാസ്വാസ്ഥ്യ പരിതഃസ്ഥിതികളെ നേരിടുന്നതിനുള്ള ശക്തി കൂട്ടുന്നതിന് ഇത് അത്യാവശ്യമാണ്.

മൂന്ന്, കേരളത്തിന്റെ മുകളിലെ സമീപനങ്ങൾ സമഗ്രമാവണം. ക്ഷേമരാഷ്ട്രം, സാമൂഹ്യ സംരക്ഷണം, സേവനങ്ങൾ, തൊഴിൽ നയങ്ങൾ, പരിപാലന സമ്പദ്-വ്യവസ്ഥ, കാലാവസ്ഥാ നീതി, ലിംഗസമത്വം എന്നിവയുൾപ്പെടെയുള്ള നിരവധി നയമേഖലകൾ ഏകോപിപ്പിച്ചു വേണം നടപടികൾ മുന്നോട്ടുനീക്കാൻ.

ദാരിദ്ര്യം ഒരു വ്യക്തിഗത പരാജയമല്ല, മറിച്ച് ഒരു സമൂഹത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും പരാജയമാണെന്ന ധാരണയിൽ നിന്നാണ് ക്ഷേമരാഷ്ട്രത്തിന്റെ സങ്കല്പം ഉരുത്തിരിഞ്ഞുവരുന്നത്. അതിനാൽ, അതിന്റെ പരിഹാരവും സാമൂഹികവും സ്ഥാപനപരവുമായ പരിവർത്തനം വഴി മാത്രമേ വന്നു ചേരുകയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 5 =

Most Popular