Sunday, May 31, 2026

ad

Homeകവര്‍സ്റ്റോറിതാങ്ങുവില വർദ്ധിപ്പിച്ച് 
കർഷക ക്ഷേമം ഉറപ്പാക്കുന്നു

താങ്ങുവില വർദ്ധിപ്പിച്ച് 
കർഷക ക്ഷേമം ഉറപ്പാക്കുന്നു

കേരള സർക്കാർ വിവിധ ജനവിഭാഗങ്ങൾക്കു വേണ്ടി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു 2025 ഒക്ടോബർ 29- ലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. കേരളത്തിലെ കർഷക ജനതയെ സംബന്ധിക്കുന്ന രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ ആയിരുന്നു നെല്ലിന്റെ സംഭരണ വില മുപ്പത് രൂപയാക്കി ഉയർത്തിയതും റബ്ബറിന് നൽകിവന്നിരുന്ന ഉല്പാദന പ്രോത്സാഹന തുക കിലോഗ്രാമിന് 180 രൂപ ആയിരുന്നത് 200 രൂപയാക്കി വർധിപ്പിച്ചതും. കേരളത്തിൽ നെല്ലിന്റെ സംഭരണ വില, കേന്ദ്ര സർക്കാർ കർഷകരിൽ നിന്നും നേരിട്ട് നെല്ല് സംഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ നെൽ കർഷകർക്ക് ലഭിക്കുന്ന വിലയേക്കാൾ 21 ശതമാനം അധികമാണ്. കേരളം കഴിഞ്ഞാൽ റബ്ബർ ഉല്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ത്രിപുരയിലോ മറ്റു സംസ്ഥാനങ്ങളിലോ റബ്ബർ കർഷകർക്കു വേണ്ടിയുള്ള ഒരു പദ്ധതിയും അവിടങ്ങളിലെ സംസ്ഥാന സർക്കാരുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല.

സർക്കാരുകൾ കമ്പോളത്തിൽ ഇടപെടുന്നത് കമ്പോളത്തിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപെടുത്തുമെന്നാണ് നവലിബറൽ സാമ്പത്തിക നയങ്ങൾ അനുശാസിക്കുന്നത്. മോദി സർക്കാർ ചെറുകിട കർഷകരെയും വമ്പൻ കോർപ്പറേറ്റുകളെയും കാണുന്നത് ഒരുപോലെയാണ്. അര ഏക്കർ സ്ഥലത്ത് നെല്ല് കൃഷി ചെയ്യുന്ന നാമമാത്ര കർഷകനും റിലയൻസ് ഫ്രഷ് (റിലയൻസ് റീറ്റെയ്ൽ) ഉടമയായ മുകേഷ് അംബാനിയും ഒരേ കമ്പോളത്തിൽ മത്സരിച്ച് കമ്പോളം പിടിച്ചടക്കണമെന്നാണ് നവലിബറൽ സാമ്പത്തിക നയങ്ങൾ ആവശ്യപ്പെടുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്നവർമാത്രമേ ഉല്പാദന രംഗത്ത് ഉണ്ടാകാവൂ. കമ്പോളത്തിൽ നിന്നും പുറത്താക്കപ്പെടുന്ന ചെറുകിട ഉല്പാദകർ അവരുടെ കൈവശമുള്ള തുണ്ടു ഭൂമി കിട്ടുന്ന വിലയ്ക്ക് വിറ്റിട്ട് തൊഴിലാളിയായി മാറണം. ഇതാണ് ആഗോളവത്കൃത കമ്പോള വ്യവസ്ഥിതിയുടെ അടിസ്ഥാന പ്രമാണം. എന്നാൽ നാമമാത്ര- – ചെറുകിട ഉല്പാദകരെ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുകയാണ് കേരള സർക്കാർ.

കേന്ദ്ര സർക്കാർ ഓരോ വർഷവും ഇന്ത്യയിലെ 23 വിളകൾക്ക് പ്രഖ്യാപിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് മിനിമം സപ്പോർട്ട് പ്രൈസ് (എം എസ് പി). കുറഞ്ഞ വില പ്രഖ്യാപിക്കുന്ന 23 ഇനം കാർഷികോൽപ്പന്നങ്ങളിൽ റബ്ബർ ഉൾപ്പെട്ടിട്ടില്ല. നെല്ലിന്റെ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പായി കുത്തക സംഭരണവും താങ്ങുവിലയും നിലവിൽ വന്ന സാഹചര്യം എന്തായിരുന്നെന്ന് അറിയേണ്ടതുണ്ട്. മുപ്പത് ലക്ഷം ജനങ്ങളുടെ പട്ടിണിമരണത്തിന് ഇടയാക്കിയ കുപ്രസിദ്ധമായ ബംഗാൾ ക്ഷാമം ഉൾപ്പടെ 1940 കളിൽ ഉണ്ടായ ഭക്ഷ്യ ക്ഷാമം, 1950 – -1960 കാലഘട്ടത്തിൽ രൂക്ഷമായ ക്ഷാമം, ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം, പി എൽ -480 വഴിയുള്ള അമേരിക്കയുടെ ഭീഷണി എന്നിവ ഇന്ത്യയിൽ ഭക്ഷ്യ വസ്തുക്കളുടെ കരുതൽ ശേഖരം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്തി. അതോടൊപ്പം ഹരിത വിപ്ലവത്തിന്റെ ഭാഗമായി അരി, ഗോതമ്പ് എന്നിവയുടെ ഉല്പാദനം വളരെ വർദ്ധിക്കുകയും അതിന്റെ ഭാഗമായി രൂപപ്പെട്ടുവന്ന സമ്പന്ന കർഷകർക്ക് ആവശ്യമായ കമ്പോളം കണ്ടെത്തിക്കൊടുക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1966 കാലഘട്ടത്തിൽ നെല്ലിനും ഗോതമ്പിനും മിനിമം താങ്ങുവില പ്രഖ്യാപിച്ചതും അവയുടെ കുത്തക സംഭരണം ആരംഭിച്ചതും.

മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്-പി) ഇപ്പോൾ കേന്ദ്ര സർക്കാർ ഇന്ത്യയിലെ 23 വിളകൾക്ക് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ നെല്ല്, ഗോതമ്പ്, ചില പയറുവർഗ്ഗങ്ങൾ മുതലായ ഏതാനും ചില ഉല്പന്നങ്ങൾ മാത്രമേ കേന്ദ്ര സർക്കാർ താങ്ങുവില കൊടുത്തു സംഭരിക്കുന്നുള്ളൂ. ഇവയുടെ തന്നെ ആകെ ഉത്പാദനത്തിന്റെ ചെറിയൊരു വിഹിതം മാത്രമേ ഇങ്ങനെ സംഭരിക്കുന്നുള്ളൂ. ഇന്ത്യയിലെ കൃഷിയിടങ്ങളിൽ 45 ശതമാനത്തിലേറെയും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. കൂടാതെ, കർഷകരിൽ 86 ശതമാനം പേരും രണ്ട് ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകരാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനംകൊണ്ട് വിളവെടുപ്പ് ചെറുതായി വർദ്ധിച്ചാൽ വ്യാപാരികൾ കമ്പോളവില കുത്തനെ ഇടിക്കും. കാർഷികോല്പന്നങ്ങളുടെ വിലയിൽ ഉണ്ടാകുന്ന അസ്ഥിരത കർഷകരുടെ ഉപജീവന മാർഗ്ഗത്തെ പ്രതികൂലമായി ബാധിക്കാതിരുക്കുവാനാണ് മിനിമം താങ്ങുവിലയും കുത്തക സംഭരണവും ഏർപ്പെടുത്തിയിരിക്കുന്നത്. 2020 –-21 -ൽ ഇന്ത്യയിൽ നടന്ന കർഷക പ്രക്ഷോഭങ്ങളുടെ പ്രധാന ആവശ്യമായിരുന്നു മിനിമം താങ്ങുവില (എം എസ് പി ) പ്രഖ്യാപനവും പ്രഖ്യാപിച്ച വിലയ്-ക്ക് സർക്കാർ ഏജൻസികൾ കർഷകരിൽ നിന്നും 23 ഇനം കാർഷിക ഉല്പന്നങ്ങൾ വാങ്ങുമെന്നതിനുള്ള നിയമപരമായ ഉറപ്പും. കർഷകരുടെ ഈ ആവശ്യം ഇനിയും മോദി സർക്കാർ അംഗീകരിച്ചിട്ടില്ല.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് എന്ന സ്ഥാപനം നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓരോ വർഷവും കേന്ദ്ര കൃഷി മന്ത്രാലയം രണ്ടു സീസണുകളിലായി 23 വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുന്നത്. ഓരോ വർഷവും ഇന്ത്യയിലെ 23 ഇനം വിളകളുടെ ഉൽപാദന ചെലവും അതനുസരിച്ച് ഓരോ വിളയ്-ക്കും കർഷകന് ലഭിക്കേണ്ട വിലയും ഈ സ്ഥാപനം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കാർഷിക ഉല്പന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന മിനിമം താങ്ങുവിലയ്-ക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI), നാഫെഡ് എന്നീ ഏജൻസികൾ കർഷകരിൽ നിന്നും നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ വാങ്ങുന്നു. ഇവ പൊതു വിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് വിൽക്കും.

കേരളത്തിൽ നെല്ലിന്റെ താങ്ങുവില
കേന്ദ്ര സർക്കാരിന്റെ കുത്തക സംഭരണം ഏതാനും സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് 1996 -ൽ കുത്തക സംഭരണം വികേന്ദ്രീകരിച്ചത്. കേരളം, തമിഴ്‌നാട്, കർണാടകം, ഒഡീഷ , ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളിലാണ് ഇപ്പോൾ അതാത് സംസ്ഥാനങ്ങൾ ധാന്യങ്ങൾ സംഭരിക്കുന്നത്. എഫ് സി ഐ യുടെ മേലുള്ള സമ്മർദ്ദം കുറയ്-ക്കുന്നതിനും കേന്ദ്രീകൃതമായ സംഭരണത്തിന്റെ ചെലവ് കുറകയ്ക്കുന്നതിനുമാണ് കുത്തക സംഭരണം വികേന്ദ്രീകരിച്ചത്. ഇന്ന് കേരളത്തിലെ നെൽ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് കാരണം നെല്ലിന്റെ കുത്തക സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്.

ഇന്ത്യയിൽ രണ്ട് വിധത്തിലാണ് കാർഷികോല്പന്നങ്ങളുടെ കുത്തക സംഭരണം നടത്തുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്-ക്ക് എഫ്സിഐ നേരിട്ട് കർഷകരിൽ നിന്നും നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ സംഭരിക്കുന്ന രീതിയാണ് കേന്ദ്രീകൃത കുത്തക സംഭരണം. നെൽ കർഷകരുടെ ക്ഷേമത്തിന് വേണ്ടി കേരളം സ്വീകരിച്ചിരിക്കുന്നത് വികേന്ദ്രീകൃത നെല്ല് സംഭരണമാണ്.

കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ കർഷകർക്കുനൽകുന്ന കുറഞ്ഞ താങ്ങുവിലയ്ക്കുപകരം സംസ്ഥാന സർക്കാർ തീരുമാനിക്കുന്ന താങ്ങുവിലയിൽ നെൽ കർഷകർക്ക് പ്രോത്സാഹനമായി കിലോഗ്രാമിന് അഞ്ച് രൂപ മുതൽ ഏഴ് രൂപ വരെ അധികം കൊടുക്കുന്നുണ്ട്. 2024-25 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കിലോഗ്രാമിന് 23 രൂപയായിരുന്നു. കേരള സർക്കാർ നെൽ കർഷകരിൽ നിന്നും നെല്ല് സംഭരിച്ചത് 28.20 രൂപയ്ക്കാണ്. ഇതാണ് ഇപ്പോൾ 30 രൂപയാക്കി വർധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ തന്നെ സപ്ലെെകോ പോലുള്ള സ്ഥാപനങ്ങളെക്കൊണ്ട് കർഷകരിൽ നിന്നും നെല്ല് സംഭരിച്ച് എഫ് സി ഐ ക്ക് നൽകുന്നതാണ് വികേന്ദ്രീകൃത നെല്ല് സംഭരണ രീതി.

കർഷകവിരുദ്ധമായ 
കേന്ദ്ര സർക്കാർ നയങ്ങൾ
രണ്ട് തരത്തിലുള്ള നെല്ലിനാണ് കേന്ദ്ര കൃഷി മന്ത്രാലയം എംഎസ്-പി (താങ്ങുവില) പ്രഖ്യാപിക്കുന്നത്. 2025-26 -ൽ നെല്ല് (സാധാരണ തരം) കിലോഗ്രാമിന് 23.69 രൂപയും ഗ്രേഡ് എ തരത്തിലുള്ള നെല്ലിന് 23.89 രൂപയും താങ്ങുവിലയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 2024-25 -ൽ സാധാരണ നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 23 രൂപയും ഗ്രേഡ് എ നെല്ലിന്റെ താങ്ങുവില 23.20 രൂപയുമായിരുന്നു. വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഫുഡ് കോർപറേഷനോ അല്ലെങ്കിൽ സർക്കാർ ചുമതലപ്പെടുത്തുന്ന നാഫെഡ് പോലുള്ള സ്ഥാപനങ്ങളോ നേരിട്ട് കർഷകരിൽ നിന്നും നെല്ല്, ഗോതമ്പ് എന്നിവ വാങ്ങുകയാണ് പതിവ്.

കേരളത്തിൽ മഴ കൂടുതൽ ലഭിക്കുന്നതുകൊണ്ട് നെല്ലിലെ ഈർപ്പം കൂടുതൽ ആയിരിക്കും. വടക്കേ ഇന്ത്യയിൽ നൂറു കിലോഗ്രാം നെല്ലിൽ നിന്നും 68 കിലോ അരി കിട്ടുന്നതുകൊണ്ട് കേരളത്തിൽ നിന്നും അതേ അനുപാതത്തിൽ അരി ലഭിക്കണമെന്ന് പറയുന്നത് ന്യായീകരിക്കാവുന്നതല്ല. മില്ലുടമകൾ നൂറു കിലോ നെല്ല് അരിയാക്കുമ്പോൾ പരമാവധി ലഭിക്കുന്നത് 63 കിലോഗ്രാം അരി ആയിരിക്കും. കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുവാൻ തയ്യാറല്ല. സപ്ലൈകോയ്-ക്കു വേണ്ടി കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത് സംസ്ഥാന സർക്കാരുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള 52 മില്ലുടമകളാണ്. ഇവർ ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി സപ്ലൈകോ വഴി റേഷൻ കടകളിൽ എത്തിച്ച് അതുവഴി റേഷൻ കാർഡുടമകൾക്ക് അരിവിറ്റതിന്റെ കണക്ക് എഫ്സിഐയ‍-്-ക്ക് സംസ്ഥാന സർക്കാർ കൈമാറുമ്പോഴാണ് കർഷകർക്ക് നെല്ലിന്റെ വിലയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതമായ 23.69 (2025–-26) രൂപ കിട്ടുന്നത്. കർഷകരിൽ നിന്നും നെല്ലുവാങ്ങി ആറുമാസം കഴിഞ്ഞാണ് ഭരണപരമായ എല്ലാ പരിശോധനയും കഴിഞ്ഞതിനുശേഷം എഫ്സിഐയിൽ നിന്നും സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ള നെല്ലിന്റെ താങ്ങുവില ലഭിക്കുന്നത്. ഈ നീണ്ട കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടി കർഷകർ മില്ലുടമകൾക്കു നെല്ല് കൊടുക്കുമ്പോൾ ലഭിക്കുന്ന രസീത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ബാങ്കുകളിൽ കൊടുത്താൽ കർഷകർക്ക് രസീതിൽ പറഞ്ഞിരിക്കുന്ന തുക ബാങ്കുകൾ പലിശ ഇല്ലാത്ത വായ്പയായി നൽകും. ഇങ്ങനെ കൊടുക്കുന്ന വായ്പകൾക്ക് ബാങ്കിന് പലിശ കൊടുക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇത്തരത്തിൽ ഇന്ത്യയിൽ ഇപ്പോൾ നെല്ലിന് ഏറ്റവും ഉയർന്ന സംഭരണ വില കർഷകന് ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കേരള സർക്കാർ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന് കേന്ദ്ര സർക്കാർ കൊടുക്കേണ്ട വിഹിതത്തിൽ 1200 കോടി രൂപ കുടിശ്ശികയായിട്ടുണ്ട്. ഈ തുക ഇതുവരെയും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല.

റബ്ബർ കർഷകർക്കുള്ള 
ഉല്പാദന പ്രോത്സാഹന സഹായം
കർഷകർ റബ്ബറിനെ ഒരു ഭാഗ്യവിളയായാണ് ആഗോളവൽക്കരണകാലഘട്ടംവരെ കണ്ടിരുന്നത്. സുസ്ഥിരമായ കമ്പോളവും ന്യായമായ വിലയും ലഭിച്ചിരുന്ന റബ്ബർ കർഷകർക്ക് റബ്ബറിന്റെ ആഭ്യന്തര കമ്പോളം നഷ്ടപെട്ടു. റബ്ബറിന്റെ വില ക്രമാതീതമായി 2013 മുതൽ ഇടിയാൻ തുടങ്ങിയപ്പോൾ അന്ന് സംസ്ഥാനത്തു ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാർ 2014 ജനുവരിയിൽ 100 കോടി രൂപ വില സ്ഥിരതാ ഫണ്ടായി അനുവദിച്ചെങ്കിലും ഒരു രൂപ പോലും കർഷകർക്ക് കൊടുത്തില്ല. പത്തുകോടി രൂപ കർഷകരിൽ നിന്നും നേരിട്ട് റബ്ബർ വാങ്ങുന്നതിനായി യുഡിഎഫ് സർക്കാർ 2014-–15 ലെ ബജറ്റിൽ വകയിരുത്തി. നാലാം ഗ്രേഡ് റബ്ബർ കമ്പോളത്തിൽ നിന്നും നേരിട്ട് റബ്ബറിന്റെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു കിലോഗ്രാം റബ്ബർ പോലും വാങ്ങിയില്ല. 2016 -ൽ ഒന്നാം പിണറായി സർക്കാർ റബ്ബറിന്റെ കമ്പോള വില 170 ആയി പ്രഖ്യാപിച്ചുകൊണ്ട് കമ്പോളവില 170 -ൽ നിന്നും താഴേയ്-ക്ക് പോയപ്പോൾ റബ്ബർ ഉല്പാദക സംഘങ്ങൾ വഴി കർഷകർക്ക് കമ്പോളവിലയും സർക്കാർ പ്രഖ്യാപിച്ച വിലയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നൽകി റബ്ബറിന്റെ വില പിടിച്ചുനിർത്തി. രണ്ടാം പിണറായി സർക്കാർ റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയായി വർധിപ്പിച്ചു. ഒക്ടോബർ 29 ലെ പ്രഖ്യാപനത്തിൽ അത് 200 രൂപയാക്കി. റബ്ബറിന് ഇന്ന് ന്യായമായ വില ലഭിക്കുന്നത് 2016 മുതലുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലമാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റബ്ബർ കർഷകരുള്ളത് ത്രിപുരയിലാണ്. എന്നാൽ റബ്ബറിന്റെ വില കൂട്ടുവാൻ ബിജെപി ഭരിക്കുന്ന ത്രിപുര സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കേരള സർക്കാർ റബ്ബർ കർഷകർക്ക് നൽകുന്ന താങ്ങുവിലയുടെ നേട്ടം എല്ലാ സംസ്ഥാനങ്ങളിലുമുള്ള കർഷകർക്ക് റബ്ബറിനു ഉയർന്ന വില കിട്ടുവാൻ സഹായകമാകും. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 1 =

Most Popular