1990 ഏപ്രില്‍ –ഡിസംബര്‍
ഇന്ത്യാരാജ്യത്ത് ഇത്തരത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയത് ആര്‍എസ്എസിന്റെ അജൻഡ പ്രവര്‍ത്തനപഥത്തിലെത്തിയപ്പോഴാണ്. ഹിന്ദുവോട്ട് ബാങ്ക് സൃഷ്ടിക്കാനും ബിജെപിയെ ഭരണസാരഥ്യത്തിലെത്തിക്കാനും വേണ്ടി നടത്തിയ ആലോചനയുടെ ഭാഗമായിരുന്നു രഥയാത്ര. 1990 ഒക്ടോബര്‍ 30ന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കര്‍സേവകരെ സംഘടിപ്പിക്കുന്നതിനായി നടത്തിയ പ്രചാരണങ്ങളും പരിപാടികളും പൊതുവില്‍ രാജ്യത്തിന്റെ വര്‍ഗീയാന്തരീക്ഷം കലുഷമാക്കി. അദ്വാനിയുടെ രഥയാത്ര കടന്നുപോയിടങ്ങളിലെല്ലാം സംഘര്‍ഷങ്ങളുണ്ടായി. ഗുജറാത്തില്‍ മാത്രം 1400 ലധികം വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. 224 പേര്‍ കൊല്ലപ്പെട്ടു. 775 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
1990 ഏപ്രില്‍, മേയ് – കാണ്‍പൂര്‍
ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് പ്രാവശ്യമാണ് നഗരം കലാപത്തിനിരയായത്. 30 പേര്‍ മൃഗീയമായി കൊല്ലപ്പെട്ടു. രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനായി വര്‍ഗീയ സംഘട്ടനങ്ങളെ മുതലെടുക്കാൻ മാഫിയാ സംഘങ്ങളെയും ചില ഘട്ടങ്ങളില്‍ ആര്‍എസ്എസ് ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തി. രഥയാത്ര കാരണം സംഘര്‍ഷഭരിതമായ നഗരത്തില്‍ കലാപത്തിന്റെ വിത്തുവിതയ്ക്കാനും വ്യാപിപ്പിക്കാനും മാഫിയാ സംഘങ്ങള്‍ സംഘപരിവാരങ്ങളെ ഏറെ സഹായിച്ചു. എന്നാല്‍, മെയ് മാസത്തിലെ കലാപം കുറച്ചുകൂടി ആസൂത്രിതമായിരുന്നു. മുസ്ലീങ്ങളെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിൽ ബിജെപി ആസൂത്രണം ചെയ്ത് നടത്തിയ ഘോഷയാത്ര അക്രമത്തിന് തിരികൊളുത്തി. അടുത്ത ദിവസം മുസ്ലീം പ്രദേശങ്ങള്‍ക്ക് മുന്നില്‍ ബിജെപി സംഘടിപ്പിച്ച യോഗം അക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. അത് വര്‍ഗീയ കലാപമായി പരിണമിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അവര്‍ വെറും കാഴ്ചക്കാരായി മാറി.
1990 ഒക്ടോബർ – അഹമ്മദാബാദ്
സോമനാഥില്‍ നിന്ന് രഥയാത്ര ആരംഭിച്ചതോടൊപ്പം കലാപവും ആരംഭിച്ചു. ദക്ഷിണ ഗുജറാത്തിലെ വ്യാരാ, ബുള്‍സാര്‍ എന്നീ പട്ടണങ്ങളില്‍ കൊള്ളയും കൊള്ളിവെപ്പും നടന്നു. അഹമ്മദാബാദിലും ബാവുനഗറിലും ബറോഡയിലും അങ്കലേശ്വറിലും അക്രമങ്ങള്‍ തുടര്‍ന്നു. മുസ്ലീങ്ങളായ 200 പേരെ ടാഡ പ്രകാരം തടവിലാക്കി. എന്നാല്‍, അവരില്‍ 178 പേര്‍ക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്താനോ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുക്കാനോ കഴിഞ്ഞില്ല.
1990 ഒക്ടോബര്‍ – ജയ്പൂര്‍
സോമനാഥില്‍ നിന്നും രഥയാത്രയും അക്രമവും തുടങ്ങി എന്ന അറിവ് കിട്ടിയപ്പോള്‍ മുതല്‍ ജയ്പൂരില്‍ ലഹള ആരംഭിച്ചു. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതൃത്വത്തില്‍ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടി. 52 പേർ മരണപ്പെട്ടു. 144 പേര്‍ക്ക് പരിക്കുപറ്റി.
1990 ഒക്ടോബര്‍ – ജോധ്പൂര്‍, രാജസ്താന്‍
അദ്വാനിയുടെ അറസ്റ്റിനെതിരെ വിഎച്ച്പി, ബിജെപി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘപരിവാരങ്ങള്‍ ബന്ദിനാഹ്വാനം ചെയ്തു. ബന്ദ് ദിവസം രാവിലെ മുതല്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ബലപ്രയോഗത്തിലൂടെയും പ്രകോപനത്തിലൂടെയും ഭയപ്പെടുത്തി. അത് വര്‍ഗീയ അതിക്രമങ്ങളിലേക്കും തുടര്‍ന്ന് കലാപത്തിലേക്കും കലാശിച്ചു. കുറ്റവാളികളെ സംരക്ഷിച്ച ഭരണകൂടം മുസ്ലീംവിരുദ്ധ നിലപാടാണെടുത്തത്. 49 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുസ്ലീം ന്യൂനപക്ഷത്തിനുണ്ടായ ദുരിതങ്ങള്‍ക്ക് കൈയും കണക്കുമില്ല.
1990 ഒക്ടോബര്‍ – ലഖ്നൗ
രഥയാത്രയെ തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപത്തിന്റെ മറ്റൊരു രൂപം. ഇന്ത്യയിലൊട്ടാകെ ആര്‍എസ്എസ് ലക്ഷ്യമിട്ടത് ഇത്തരം കലാപം അഴിച്ചുവിടണമെന്നായിരുന്നു.ലഖ്നൗവില്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. എന്നിട്ടും തുടര്‍ച്ചയായി രണ്ടുമാസക്കാലം പലയിടങ്ങളിലും വര്‍ഗീയ സംഘട്ടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.
1990 നവംബര്‍ – ആഗ്ര
രഥയാത്രയെ തുടര്‍ന്ന് നഗരം സംഘര്‍ഷഭരിതമായിരുന്നു. ഒരു സ്കൂട്ടര്‍ യാത്രക്കാരനെ കുത്തിക്കൊന്നതോടെ കലാപമാരംഭിച്ചു. സമാനമായ സംഭവങ്ങള്‍ മറ്റു സ്ഥലങ്ങളിലുമുണ്ടായി. വിഎച്ച്പി നേതാക്കളാണ് വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ മുന്നില്‍ നിന്നത്. കര്‍ഫ്യൂ നിലവിലുണ്ടായിട്ടും 2 മാസക്കാലം നഗരം സംഘര്‍ഷഭരിതമായി തുടര്‍ന്നു. 669 പേരെ അറസ്റ്റുചെയ്തു. 31 പേരാണ് കൊല്ലപ്പെട്ടത്. 69 പേര്‍ക്ക് പരിക്കുപറ്റി.
1990 ഒക്ടോബര്‍ – ഡല്‍ഹി
അദ്വാനിയുടെ രഥയാത്ര കടന്നുപോയപ്പോള്‍ ചാന്ദ്നി ചൗക്കില്‍ കലാപമാരംഭിച്ചു. റാലിയില്‍ പങ്കെടുത്ത മുപ്പത് – നാല്‍പ്പത് പേര്‍ ചേര്‍ന്ന് ഫത്തേപുരി മസ്ജിദിലെ ഇമാമിനെ ആക്രമിച്ചു. ആ വാര്‍ത്ത പ്രചരിച്ചതോടെ ലാല്‍കോനിലും ജുമാമസ്ജിദ് ചൗക്കിലും അക്രമം തുടങ്ങി. ഭീകരമായ കലാപത്തിനാണ് ഡല്‍ഹി സാക്ഷിയായത്. 100ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു.
1990 ഒക്ടോബര്‍ – ഹൈലക്കണ്ടി, ആസാം
ഒരു സര്‍ക്കാര്‍ സ്ഥലം ഹിന്ദുക്കള്‍ കാളിക്ഷേത്രം നിര്‍മിക്കാനായി ആവശ്യപ്പെട്ടു. ആ പ്രദേശത്തെ സര്‍വരും ഉപയോഗിക്കുന്ന പൊതുസ്ഥലമായിരുന്നു അത്. എന്നാല്‍, അതിന് നിയമതടസമുണ്ടെന്ന രീതിയില്‍ അധികാരികള്‍ നിലപാടെടുത്തു. ജില്ലാ ജഡ്ജി മുസ്ലീം ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആര്‍എസ്എസ്–സംഘപരിവാരങ്ങള്‍ ബിജെപി നേതൃത്വത്തില്‍ പ്രചരിപ്പിച്ചതിന്റെയും മുതലെടുക്കാന്‍ ശ്രമിച്ചതിന്റെയും ഭാഗമായി കലാപം ആരംഭിച്ചു. ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി എന്നിങ്ങനെ പല സ്ഥലങ്ങളിലായി കേന്ദ്രീകരിച്ച് അയോധ്യയില്‍ ശിലാന്യാസത്തിനുള്ള ഇഷ്ടികകള്‍ പവിത്രീകരിക്കാനുള്ള പൂജകള്‍ സംഘടിപ്പിച്ചതോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നുള്ള തുടര്‍ച്ചയായ കുടിയേറ്റവും സംഘര്‍ഷം വര്‍ധിപ്പിച്ചു. 37 പേരാണ് കൊല്ലപ്പെട്ടത്.
1990 ഒക്ടോബര്‍ – ബിഹാര്‍, മഹാരാഷ്ട്ര
അദ്വാനിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ വിഎച്ച്പിയും ബിജെപിയും ബന്ദാഹ്വാനം നടത്തി. മന്ദിര്‍ സിനിമാഹാള്‍ അടച്ചുപൂട്ടാനുള്ള ശ്രമത്തിനിടയില്‍ വിദ്യാര്‍ത്ഥികളും അതിലെ തൊഴിലാളികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ നിസ്സാര സംഭവത്തെ ആര്‍എസ്എസ് മുതലെടുത്തു. അതിന് വര്‍ഗീയനിറം നല്‍കി, കലാപം പൊട്ടിപ്പുറപ്പെട്ടു. സമാധാനം നിലനിര്‍ത്താന്‍ ഭരണകൂടം ഒരു സമാധാനസമിതി രൂപീകരിച്ചു. വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെയും മതസംഘടനകളുടെയും പ്രതിനിധികള്‍ ആ സമിതിയിലുണ്ടായിരുന്നു. അവരാകട്ടെ, വര്‍ഗീയ കലാപം ഇളക്കിവിടുന്നതിന്- മത്സരിച്ചു.
1990 ഒക്ടോബര്‍ –ഭഗല്‍പൂര്‍
രാമജന്‍മഭൂമി– മസ്ജിദ് വിവാദത്തെ തുടര്‍ന്നാണ് ഇവിടെയും കലാപമുണ്ടായത്. 896 പേര്‍ കൊല്ലപ്പെട്ടു. കുറ്റകൃത്യങ്ങള്‍ സ്ഥിരമായി സംഘടിപ്പിക്കുന്ന ഒരു മാഫിയാ സംഘമെന്ന പോലെ അവിടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ രൂപാന്തരം പ്രാപിച്ചിരുന്നു. ഭഗല്‍പൂരിനു ചുറ്റുമായി ഗണ്യമായ തോതില്‍ മുസ്ലീങ്ങളുണ്ട്. അവരിലധികം പേരും തുണിനെയ്ത്തുകാരും വ്യാപാരികളുമാണ്. ചില വന്‍കിട വ്യാപാരികളും പവര്‍ലൂം ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവരും ആണ്. വളരെ സമ്പന്നരായ നിരവധി മുസ്ലീങ്ങള്‍ അവിടെയുണ്ട്. രഥയാത്രയുടെ ലക്ഷ്യം എന്തെന്ന് അറിഞ്ഞിട്ടും തങ്ങളുടെ പ്രദേശത്തിലൂടെ രഥയാത്ര കടന്നുപോകാന്‍ അവര്‍ അനുവദിച്ചു. കലാപത്തിനുമുമ്പ് സംഘര്‍ഷമുണ്ടാക്കാന്‍ രണ്ട് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആഘോഷവേളകളില്‍ അവര്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കിണഞ്ഞു പരിശ്രമിച്ചു. കലാപകാലത്ത് പൊലീസ് സൂപ്രണ്ട് പക്ഷപാതപരമായി പെരുമാറി. ഭഗല്‍പൂര്‍ നഗരത്തിനൊപ്പം ചുറ്റുമുള്ള 206ലധികം ഗ്രാമങ്ങളില്‍ കലാപം പടര്‍ന്നുപിടിച്ചു. 3000 ത്തിലധികം തറികള്‍ അഗ്നിക്കിരയാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. 1100 ഹിന്ദുക്കളെയും 900 മുസ്ലീങ്ങളെയും പൊലീസ് അറസ്റ്റുചെയ്തു. കലാപത്തെകുറിച്ചന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. ആറുവര്‍ഷത്തിനുശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. കമ്മീഷന്‍ നിരീക്ഷണത്തില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തില്‍ വിഎച്ച്പി –ബിജെപി സംഘടനകളും മറുഭാഗത്ത് ഇവരെ ചെറുക്കാനെന്ന വ്യാജേന മുസ്ലീം മതമൗലികവാദികളും സംഘര്‍ഷത്തിന് കാരണമായെന്ന് രണ്ട് അംഗങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ കോണ്‍ഗ്രസാണ് ഉത്തരവാദികളെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ നിരീക്ഷിച്ചു.
1990 ഒക്ടോബര്‍ –പട്ന
രഥയാത്രയെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 18 ഹിന്ദുക്കളും 100 ലധികം മുസ്ലീങ്ങളും കൊല്ലപ്പെട്ടു. 7 വീടുകളും 5 കടകളും പൂര്‍ണമായും അഗ്നിക്കിരയാക്കി. ഇവയെല്ലാം മുസ്ലീങ്ങളുടേതായിരുന്നു. 8 മുസ്ലീം പള്ളികള്‍ നശിപ്പിക്കപ്പെട്ടു. സ്വത്തുവകകളും വ്യാപകമായി നശിപ്പിച്ചു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങളാണ് കലാപത്തിന് നേതൃത്വം കൊടുത്തത്.
1990 നവംബര്‍– കാണ്‍പൂര്‍, ഉത്തര്‍ പ്രദേശ്
രഥയാത്രയെ തുടര്‍ന്നാണ് ഇവിടെയും കലാപം പൊട്ടിപ്പുറപ്പെട്ടത്. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ മതമൗലികവാദികള്‍ പ്രത്യക്ഷത്തില്‍ രംഗത്ത് വന്നു. 7 ഹിന്ദുക്കളും 6 മുസ്ലീങ്ങളും കൊല്ലപ്പെട്ടു.150 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. 5 ദിവസം കലാപം തുടര്‍ന്നു. ഒരു മുസ്ലീം പള്ളി പൂര്‍ണമായും നശിപ്പിക്കപ്പെട്ടു.
ഡിസംബര്‍ 1990
ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി–കര്‍ണാടകം
രഥഘോഷയാത്രയുടെ ഭാഗമായുണ്ടായ വര്‍ഗീയ ധ്രുവീകരണമായിരുന്നു അടിസ്ഥാന കാരണം. ആര്‍എസ്എസ് നേതൃത്വത്തില്‍ നിരവധി നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. സിഎഫ്ഡി എന്ന സംഘടന നടത്തിയ അനേ-്വഷണത്തിൽ, ഹിന്ദു യുവശക്തി എന്ന പ്രാദേശിക സംഘടനയാണ് കലാപത്തിന് കാരണമായത് എന്നു കണ്ടെത്തി.ആര്‍എസ്എസ് പ്രചാരണം വരുന്നതിനുമുമ്പ് ഈ പ്രദേശങ്ങളില്‍ ഇത്തരം കലാപങ്ങളുണ്ടായിരുന്നില്ല.
1990 ഒക്ടോബര്‍–ഹൈദരാബാദ്
അദ്വാനിയുടെ അറസ്റ്റിനോടുള്ള പ്രതികരണമായിരുന്നു ഈ കലാപം. 165 പേരാണ് കൊല്ലപ്പെട്ടത്. 350 ല്‍പ്പരം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രഥയാത്ര, കര്‍സേവ, രാമക്ഷേത്രം എന്നിവയെ മുതലെടുത്ത ആര്‍എസ്എസ് സംഘപരിവാരങ്ങള്‍ വര്‍ഗീയ വിദ്വേഷം ഇളക്കിവിടുകയും സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയും ചെയ്തു.
1990 ഡിസംബര്‍ – ഹൈദരാബാദ്
134 പേരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്. ഭൂമിയെ ചൊല്ലി രണ്ട് സംഘങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കലാപത്തിന് കാരണമായത്. സാധനങ്ങള്‍ വിറ്റു നടക്കുന്ന ഒരു കുട്ടി കുത്തേറ്റ് മരിച്ചതാണ് പ്രത്യക്ഷത്തിലുള്ള കാരണം. കൊലപാതകം ഒരു മുസ്ലീമില്‍ ആരോപിക്കപ്പെട്ടു. നിരവധി കഥകള്‍ പ്രചരിപ്പിച്ചു. 150 ലധികം വരുന്ന കോണ്‍ഗ്രസുകാരാണ് ആദ്യം കലാപത്തിലേക്കിറങ്ങിയത്. അവര്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ഉണ്ടായിരുന്നു. ആദ്യം ഇരുപത് മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി മജ്ലിസ്, കുടിയേറ്റക്കാരായ നിര്‍മാണ തൊഴിലാളികളെയും കൊന്നു. കൊല്ലപ്പെട്ട ഓരോ നിര്‍മാണ തൊഴിലാളിയുടെയും ജഡം പേറി ബിജെപി ശവഘോഷയാത്രകൾ നടത്തി. ആ ഘോഷയാത്രകളില്‍ നിന്നെല്ലാം വിവിധ ഭാഗങ്ങളിലേക്ക് കലാപം വ്യാപിപ്പിച്ചു. 10 ദിവസത്തിലധികം നീണ്ടുനിന്ന കലാപത്തിനാണ് സംഭവങ്ങള്‍ വഴിവച്ചത്. മുഖ്യമന്ത്രി ചെന്നറെഡ്ഡി രാജിവച്ച ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്.
1991 ജനുവരി, ഏപ്രില്‍ – ഗുജറാത്ത്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ക്ക് അറുതിയായില്ല. പല ഭാഗങ്ങളിലായി അത് വീണ്ടും പുകഞ്ഞു. 120ഓളം കലാപങ്ങള്‍ ഈ സമയത്തുണ്ടായി. ഈ കാലയളവില്‍ കഴിയുന്ന തരത്തിലെല്ലാം വര്‍ഗീയ ധ്രുവീകരണത്തിനായി ആര്‍എസ്എസ് ശ്രമിച്ചു. 38 പേര്‍ കൊല്ലപ്പെട്ടു. 170 ലധികം പേര്‍ക്ക് പരിക്കുപറ്റി.
1991 ഏപ്രില്‍, ജൂലായ് –ബറോഡ
തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി കാണിച്ച മുതലെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട കലാപം. ഒരാണ്‍കുട്ടിയെ ഓട്ടോറിക്ഷയിടിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യമാണ് മുതലെടുപ്പിന് ഉപയോഗിച്ചത്. മുഹറത്തിന്റെ വേളയില്‍ വീണ്ടും കലാപം ആളിക്കത്തി. ഇവിടെ മുസ്ലീങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നത് ആക്രമണത്തിന് ഗുണകരമായ സാഹചര്യം സംഘപരിവാരങ്ങള്‍ക്ക് ഉണ്ടാക്കി കൊടുത്തു. ഉയര്‍ന്ന നിലയിലുള്ള തൊഴിലില്ലായ്മയും ദാരിദ്ര്യവു വിദ്യാഭ്യാസമില്ലായ്മയും നിലനിന്നത് കലാപത്തിന്റെ രൗദ്രത വര്‍ധിക്കാന്‍ സാഹചര്യമൊരുക്കി.
1991 മെയ്, നവംബര്‍–ബനാറസ്, ഉത്തര്‍പ്രദേശ്
നവംബറില്‍ നവ്സംഘ് ക്ലബ് സംഘടിപ്പിച്ച കാളി ഘോഷയാത്രയോടനുബന്ധിച്ചാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സംഘങ്ങളായി പിരിഞ്ഞ ഘോഷയാത്രയില്‍ ഒരു വിഭാഗത്തെ വിഎച്ച്പിയും മറ്റൊരു വിഭാഗത്തെ ബിജെപിയുമായിരുന്നു നയിച്ചത് . മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഘോഷയാത്ര എത്തിയപ്പോള്‍ മുദ്രാവാക്യം മുഴക്കുകയും പടക്കങ്ങള്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. മുസ്ലീങ്ങള്‍ വിഗ്രഹം തകര്‍ത്തു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. കലാപം ആളിക്കത്തി. 50 ലധികം പേര്‍ കൊല്ലപ്പെട്ടു. ബനാറസിലെ മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും ദുരിതമനുഭവിക്കുന്ന തുണിനെയ്ത്തുകാരാണ്. അവരില്‍ ചിലര്‍ വ്യാവസായിക സംരംഭങ്ങളിലേര്‍പ്പെട്ട് സമ്പന്നരായത് പരമ്പരാഗത ഹിന്ദു മുതലാളിമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ആര്‍എസ്എസ് അനുഭാവികളായിരുന്നു. കലാപകാരികളെ നയിച്ചത് പിഎസി (Provincial Armed Constabulary) ആയിരുന്നു. രാമജന്മഭൂമി പ്രശ്നത്തിനു ശേഷം ഭീകരമായ രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ട വിഭാഗമായിരുന്നു ബനാറസിലെ പൊലീസ് സേന. 1967നും 1991നും ഇടയില്‍ 12 വര്‍ഗീയ കലാപങ്ങള്‍ക്കാണ് ബനാറസ് സാക്ഷ്യം വഹിച്ചത്. 1991 നവംബറില്‍ മുസ്ലീങ്ങളെ കൊള്ളയടിച്ചത് പൊലീസായിരുന്നു, സാമൂഹ്യ വിരുദ്ധരായിരുന്നില്ല. അവര്‍ ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഭരണം നിര്‍വഹിച്ചത്.
1991 മേയ് – ബറോഡ
മീററ്റ് നഗര മണ്ഡലം നഷ്ടപ്പെടുമെന്ന ബിജെപിയുടെ ഭീതി നിമിത്തം തിരഞ്ഞെടുപ്പ് ദിവസംതന്നെ കലാപം പൊട്ടിപ്പുറപ്പെട്ടു. 24 മുസ്ലീങ്ങളും 4 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. വോട്ടിംഗില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായി. ബിജെപിക്ക് ഹിന്ദുക്കളുടെ വോട്ടുകള്‍ കിട്ടിയപ്പോള്‍ ജനതാദളിന് മുസ്ലീങ്ങളുടെയും ദളിതരുടെയും വോട്ടുകള്‍ ലഭിച്ചു. കലാപത്തിന് തിരികൊളുത്തുമ്പോള്‍ പതിവുപോലെ ആര്‍എസ്എസുകാര്‍ നുണക്കഥകള്‍ പ്രചരിപ്പിച്ചു.
1992 ഒക്ടോബര്‍ – സീതാമഢി, ബിഹാര്‍
സാമുദായിക ഘോഷയാത്രയാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവിടെ സവര്‍ണരുടെ കൂടെയാണ് ആര്‍എസ്എസ് നിലകൊണ്ടത്. 44 പേര്‍ കൊല്ലപ്പെട്ടു. വൈകാതെ 13 വില്ലേജുകളിലേക്ക് കലാപം പടര്‍ന്നുപിടിച്ചു.
1992 ഡിസംബര്‍ – സൂറത്ത്
മുസ്ലീങ്ങള്‍ക്കിടയില്‍പോലും വേരുകളില്ലാത്ത ഒരു മുസ്ലീം സംഘടന ബന്ദിന് ആഹ്വാനം നല്‍കി. അതിന്റെ തുടര്‍ച്ചയായി ഒരു ഡൈയിംഗ് മില്‍ നശിപ്പിക്കപ്പെട്ടു. അത് ഒരു കലാപമായി രൂപാന്തരം പ്രാപിച്ചു. 200 ല്‍പ്പരം ആളുകള്‍ കൊല്ലപ്പെട്ടു. സൂറത്തിന്റെ പ്രത്യേകത, അവിടുത്തെ മുസ്ലീങ്ങളും ഹിന്ദുക്കളും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നതാണ്. അക്കാരണത്താല്‍ അവിടെ സാമുദായിക സൗഹാര്‍ദം നിലനിന്നിരുന്നു. അവിടെ തൊഴിലില്ലായ്മയും കുറവാണ്. എന്നാല്‍, 1980 കള്‍ മുതല്‍ നഗരത്തില്‍ പഴയ സാംസ്കാരിക പാരമ്പര്യമില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ പാര്‍പ്പുറപ്പിക്കാന്‍ തുടങ്ങിയതോടെ പ്രശ്നങ്ങള്‍ തലപൊക്കി. ഈ സാഹചര്യം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി മുതലെടുക്കുകയായിരുന്നു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ചില മുസ്ലീം സംഘടനകളും അവരുടെ മേഖലയിലും ധ്രുവീകരണമുണ്ടാക്കി. സംഘര്‍ഷഭരിതമായ നഗരത്തില്‍ നടന്ന അക്രമങ്ങളും കൊള്ളകളും, ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്നു.
1992 ഡിസംബര്‍, 1993 ജനുവരി – ബോംബെ
1992 ല്‍ 400 ലധികം പേരും 1993 ല്‍ 600 ലധികം പേരും ബോംബെയിൽ കൊല്ലപ്പെട്ടു. കൂടുതലും മുസ്ലീങ്ങളായിരുന്നു. ബാബറി മസ്ജിദിന്റെ ചിത്രങ്ങള്‍ ബിബിസി ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കുകയും മുദ്രാവാക്യം വിളികള്‍ ഉണ്ടാവുകയും ചെയ്തു. 1993 ല്‍ മുസ്ലീങ്ങളെന്ന് പറയപ്പെടുന്ന ഒരാള്‍ക്കൂട്ടം ഒരു ക്ഷേത്രം ആക്രമിച്ചു. കലാപങ്ങള്‍ക്ക് നേരത്തെ തയ്യാറെടുത്തുനിന്ന രീതിയില്‍ ശിവസേന പ്രവര്‍ത്തകര്‍ നിരവധി കേന്ദ്രങ്ങളില്‍ ഒരുമിച്ച് മുസ്ലീങ്ങളെ ആക്രമിച്ചു. കലാപവേളയില്‍ ആര്‍എസ്എസ് സജീവമായിരുന്നു. ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. ആക്രമണങ്ങള്‍ക്ക് ശിവസേനാ മുഖ്യന്‍ ബാല്‍താക്കറെയെയും സേനാ പ്രവര്‍ത്തകരെയും കമ്മീഷന്‍ കുറ്റപ്പെടുത്തി. വര്‍ഗീയ കലാപം അഴിച്ചുവിടുന്നതിലും മുസ്ലീങ്ങളെ ആക്രമിക്കുന്നതിലും ശിവസേനക്കുണ്ടായിരുന്ന ‘രാഷ്ട്രീയ പങ്കാളിത്തം’ കമ്മീഷന്‍ എടുത്തു പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കഴിവുകേടിനെ കുറിച്ചും രാഷ്ട്രീയ നേതൃത്വം പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതിലെ വ്യക്തതയില്ലായ്മയെക്കുറിച്ചും കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. l
(തുടരും)



