Tuesday, March 3, 2026

ad

Homeവിശകലനംകാറില്ലോയുടെ യൂറോ കമ്യൂണിസവും 
ഭരണകൂടവും: ഒരു വിമർശന പഠനം–3

കാറില്ലോയുടെ യൂറോ കമ്യൂണിസവും 
ഭരണകൂടവും: ഒരു വിമർശന പഠനം–3

ബി ടി രണദിവെ

കാറില്ലോയുടെ ‘ബഹുധ്രുവ സന്തുലനം’

സ്വാഭാവികമായും, സാമ്രാജ്യത്വ ചേരിയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരു വിദേശനയമാണ് സ്വീകരിക്കേണ്ടത് എന്നാണ് കാറില്ലോ പറഞ്ഞുവെയ്ക്കുന്നത്. എല്ലാ പുരോഗമന ശക്തികളും, സാമ്രാജ്യത്വത്തിനെതിരെയും സാമ്രാജ്യത്വ വിരുദ്ധക്തികൾക്കനുകൂലമായും സെെനിക ശക്തികളുടെ നിലവിലെ സന്തുലനത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നതാണ്; എന്നാൽ സാമ്രാജ്യത്വ ചേരിയുടെ ശക്തിയെ ബലഹീനപ്പെടുത്താനാഗ്രഹിക്കാത്ത കാറില്ലോ അങ്ങനെയൊന്നും ആഗ്രഹിക്കുന്നില്ല.

‘‘സ്പഷ്ടമായും സെെനിക പ്രാധാന്യമുള്ള ഒരു മേഖല എന്ന നിലയ്ക്ക് സ്പെയിനിൽ ഉയരുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, ഈ മേഖലയിൽ കെെക്കൊള്ളുന്ന നയം ചാഞ്ചാട്ടമുള്ളതായിരിക്കണം. അത് നിലവിലുള്ള ആഗോള ശക്തികളെ കുഴയ്ക്കുകയോ അമേരിക്കൻ സ്വാധീനത്തിൽനിന്ന് സോവിയറ്റ് സ്വാധീനത്തിലേക്ക് ദിശ തിരിച്ചുവിടുകയോ ചെയ്യുകയല്ല.’’

‘‘നിരായുധീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതുവരെ, സൈനിക ശക്തിയെ സമാധാനത്തിനായി ഉപയോഗിക്കാൻ സാധിക്കും. തുടക്കം ഇങ്ങനെയാവുകയും ചേരിചേരാനയമെന്ന ലക്ഷ്യം കെെക്കൊള്ളുകയും ചേരികളുടെ (അമേരിക്കയും സോവിയറ്റ് യൂണിയനും) നയത്തെ മറികടക്കുകയും ചെയ്യുന്നതുവഴി ജനാധിപത്യ സ്പെയിൻ നിർവഹിക്കുന്ന കടമയെന്നത്, ആദ്യ ഘട്ടത്തിൽ, നിലവിലെ സന്തുലന ശക്തികളുടെ ഇരുധ്രുവ സ്വഭാവത്തെ മറികടക്കാനും ഒരു ബഹുധ്രുവ സന്തുലനത്തിലേക്ക് അതിനെ മാറ്റുവാനും സഹായിക്കലാണ്.’’

ആക്രമണകാരികളായ സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്നാണ് കാറില്ലോ പറഞ്ഞുവെയ്ക്കുന്നത്. സോവിയറ്റ് യൂണിയനെയും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയും സോഷ്യലിസ്റ്റ് രാജ്യങ്ങളായി കാറില്ലോ കണക്കാക്കുന്നില്ലെന്നും, അവ സാമ്രാജ്യത്വ ശക്തികളെപ്പോലെ ആക്രമണാത്മകമാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ നന്നായേനെ. കാരണം, സ്വയം കമ്യൂണിസ്റ്റ് എന്ന് വിളിക്കുന്ന ആർക്കും സോഷ്യലിസ്റ്റ് ക്യാമ്പിനോട് പക്ഷപാതമുള്ള ഒരു മനോഭാവം എടുക്കാതിരിക്കാനാവില്ല.

ഇത്തരമൊരു സമീപനത്തിലൂടെ കാറില്ലോ എന്താണ് ഉദ്ദേശിക്കുന്നത് ? “ബഹുധ്രുവ സന്തുലനം’ എന്ന പേരിൽ മറ്റൊരു സോവിയറ്റ്- വിരുദ്ധ ചേരി യൂറോപ്യൻ മുതലാളിത്ത രാജ്യങ്ങളെ ചേർത്ത് നിർമ്മിക്കുക എന്നതാണ് കാറില്ലോ ലക്ഷ്യമിടുന്നത്. കാറില്ലോ സഖ്യകക്ഷികളായി കണക്കാക്കുന്നത് പടിഞ്ഞാറൻ ജർമ്മൻ, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികളെയാണ്. സോവിയറ്റ് യൂണിയനെ തങ്ങളുടെ പ്രധാന ശത്രുവായി കാണുകയും, യൂറോപ്യൻ പ്രതിരോധത്തിലൂടെ സോവിയറ്റ് യൂണിയനെതിരെ ആക്രമണാത്മകമായ നിലപാട് എടുക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ ശക്തികളാണിവ. സ്പാനിഷ് ജനാധിപത്യ സോഷ്യലിസം നിലവിലെ സൈനിക ശക്തി സന്തുലനത്തെ തകർക്കാൻ തയ്യാറല്ലെന്നു മാത്രമല്ല, സാമ്രാജ്യത്വ ശക്തിക്ക് അനുകൂലമായി അതിനെ ശക്തിപ്പെടുത്താനും തയ്യാറാണ്. കാരണം, സാമ്രാജ്യത്വ ചേരിയും സോഷ്യലിസ്റ്റ് ചേരിയും എന്ന രണ്ട് ശക്തി കേന്ദ്രങ്ങൾ ഉണ്ടെന്ന വസ്തുത നിരാകരിക്കുകയാണ് ഇവർ.

യൂറോപ്യൻ പ്രതിരോധ സംഘടനയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് കാറില്ലോ പറയുന്നു: അതിൽ ‘‘ആദ്യത്തേത് മറ്റ് രാജ്യങ്ങൾക്കെ തിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണാത്മകമായ നടപടികൾ എടുക്കാതിരിക്കുകയും, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്തുകൊണ്ട് ലോകസമാധാനം സംരക്ഷിക്കുക എന്നതാണ്’’. എന്നാൽ, ഈ ലക്ഷ്യങ്ങൾ പടിഞ്ഞാറൻ ജർമ്മൻ, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ സർക്കാരുകളുടെയും വലത് സോഷ്യൽ ഡെമോക്രാറ്റിക് നേതാക്കളുടെയും സഹകരണത്തിൽ നേടാൻ കഴിയുന്നതാണോ? ഇത് നേടുന്നതിനായി ഒരു സോവിയറ്റ്-വിരുദ്ധ ബ്ലോക്ക് രൂപീകരിക്കേണ്ടത് ആവശ്യമാണോ?

പാർട്ടിയെ സംബന്ധിച്ച ലെനിനിസ്റ്റ് 
സങ്കൽപ്പനത്തെ ഇല്ലായ്മചെയ്യൽ
ഇത്തരമൊരു കാഴ്ചപ്പാടും പരിപാടിയുമുള്ള കാറില്ലോയുടെ ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയെ സംബന്ധിച്ച മാർക്സിസ്റ്റ് –ലെനിനിസ്റ്റ് ധാരണയുടെ ആവശ്യകതയുമായോ വിപ്ലവത്തിന്റെ അനിവാര്യതയുമായോ, ഭരണകൂടത്തിന്റെ വർഗസ്വഭാവവുമായോ തൊഴിലാളിവർഗത്തിന്റെ സർവ്വാധിപത്യം സ്ഥാപിക്കുന്നതുമായോ യോജിക്കുന്നതല്ല എന്ന കാര്യം സ്പഷ്ടമാണ്. അത് കാഴ്ചപ്പാടിനെയും വർഗ നേതൃത്വത്തിന്റെ അനിവാര്യതയെയും തള്ളിക്കളയുകയും തൊഴിലാളിവർഗത്തെയും അതിന്റെ വർഗ സ്ഥാപനങ്ങളെയും തൊഴിലാളിവർഗേതര വിഭാഗങ്ങളുമായും സംഘടനകളുമായും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, കാറില്ലോ പറയുന്നു: ‘‘വികസിത രാജ്യങ്ങളിലെ സോഷ്യലിസത്തിലേക്കുള്ള പാത സംബന്ധിച്ച പുതിയ ആശയങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ പങ്കിലും പ്രവർത്തനത്തിലും ചില വൈവിധ്യങ്ങൾ അനുവദിക്കുന്നുണ്ട്. സർഗാത്മകമായ മാർക്സിസ്റ്റ് നിലപാട് സത്യസന്ധമായി പിന്തുടരുന്നിടത്തോളം അത് മുന്നണിപ്പടയുടെ പാർട്ടിയായി തുടരും. എന്നാൽ, ഈ പാർട്ടി തൊഴിലാളി വർഗ്ഗത്തിന്റെയും, തൊഴിലാളികളുടെയും, സാംസ്കാരിക ശക്തികളുടെയും പ്രതിനിധിയായി നിലകൊള്ളുന്നില്ല. സിദ്ധാന്തത്തിലും പ്രയോഗത്തിലും, മറ്റ് സോഷ്യലിസ്റ്റ് പ്രവണതയുള്ള പാർട്ടികൾക്കും തൊഴിലാളി വർഗ്ഗത്തിന്റെ ചില വിഭാഗങ്ങളെ പ്രതിനിധീകരിക്കാനാകുമെന്ന് അത് അംഗീകരിക്കുന്നു—അവരുടെ സൈദ്ധാന്തികതയും, തത്ത്വചിന്തയും നമ്മുടേതുപോലെ അല്ലെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഈ പരാമർശം നടത്തുന്നത്. ചില സന്ദർഭങ്ങളിൽ നമ്മുടെ പാർട്ടിയേക്കാൾ കൂടുതൽ പ്രശ്ന പരിഹാരത്തിനുള്ള സാധ്യത ഇത്തരം പാർട്ടികൾക്കുണ്ടാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘‘മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം നമ്മുടെ മാത്രം സ്വകാര്യ സ്വത്തല്ല. മാർക്സിസം സാർവത്രിക സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായതിനാൽ, ചില പാർട്ടികൾ കാലകാലങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന കൃത്യമായ ധാരണയില്ലാതെ തന്നെ മാർക്സിസ്റ്റ് ആശയങ്ങൾ പ്രയോഗിച്ചേക്കാം.’’

ഇതിന്റെ അർത്ഥം എന്താണ്? വിപ്ലവപരമായ പ്രായോഗികതയിൽ ദൃഢബദ്ധമായിട്ടുള്ള കൃത്യമായ ശാസ്ത്രീയ കാഴ്ചപ്പാടുള്ളതുകൊണ്ടുതന്നെ വിപ്ലവം വിജയിക്കണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി മുന്നണിപ്പടയാകുകയും നായകസ്ഥാനം വഹിക്കുകയും ചെയ്യണമെന്ന് മാർക്സിസം– ലെനിനിസം ഉറപ്പിച്ചുപറയുന്നു. ഒരു കാലത്തും പാർട്ടിക്കും അതിന്റെ പ്രവർത്തനങ്ങൾക്കും വീഴ്ചകൾ ഉണ്ടാവില്ലെന്ന് ഒരാളും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് സ്വയം-വിമർശനവും അവലോകനവും പാർട്ടി പ്രവർത്തനത്തിൽ പ്രധാനമാകുന്നത്.

ഒരു മാർക്സിസ്റ്റ് – ലെനിനിസ്റ്റും അങ്ങനെ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല; കമ്യൂണിസ്റ്റ് പാർട്ടി മുന്നണിപ്പടയുടെ പങ്കുവഹിക്കുകയും തൊഴിലാളിവർഗത്തെയാകെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് പാർട്ടി അങ്ങനെ പറയുന്നതുകൊണ്ടു മാത്രമല്ല എന്നും കാറില്ലോ അറിയണം. വിപ്ലവത്തിന്റെ കാലഘട്ടത്തിലുടനീളം കൊടുക്കുന്ന അനന്തമായ പ്രായോഗിക മാർഗനിർദേശത്തിലൂടെ മാത്രമേ തൊഴിലാളിവർഗത്തിന്റെ കണ്ണുകളിൽ നേതൃത്വസ്ഥാനത്തെത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുകയുള്ളൂ. പാർട്ടിയുടെ പങ്ക് സംബന്ധിച്ച യൂറോ കമ്യൂണിസ്റ്റ് വെെവിധ്യവൽക്കരണം എന്ന പേരിൽ ഈ പ്രാഥമിക സത്യങ്ങളെ മാറ്റി പ്രസ്താവിക്കാനാണ് കാറില്ലോ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം വ്യഥാ സമയം കളയുകയാണ്. എന്നാൽ അദ്ദേഹം അതിനുമപ്പുറം ലക്ഷ്യമിടുന്നുണ്ട്- എന്ന കാര്യം വ്യക്തമാണ്.

മാർക്സിസം-ലെനിനിസം തത്വത്തിനു മാത്രമല്ല ശാസ്ത്രീയമായ വശങ്ങൾ ഉള്ളതെന്ന് സ്ഥാപിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. തത്തുല്യമായ വിപ്ലവാശയങ്ങൾ മറ്റുള്ളവയ്ക്കും ഉണ്ടാകാം എന്നാണദ്ദേഹം പറയുന്നത്. അതല്ലെങ്കിൽ പിന്നെ ഈ പ്രസ്താവനകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്, ‘‘സെെദ്ധാന്തികവും തത്വശാസ്ത്രപരവുമായ നിലപാടുകൾ നമ്മുടേതല്ലെങ്കിൽപോലും, സിദ്ധാന്തത്തിലും പ്രയോഗത്തിലും, സോഷ്യലിസ്റ്റ് പ്രവണതയുള്ള മറ്റു പാർട്ടികൾക്കും അധ്വാനിക്കുന്ന ജനതയിലെ പ്രത്യേക വിഭാഗങ്ങളെ പ്രതിനിധീകരിക്കാവുന്നതാണ്? ’’ ഈ പറയുന്ന മറ്റു ‘‘സോഷ്യലിസ്റ്റ് പ്രവണതകളും’’ അബദ്ധവിശ്വാസങ്ങളും തുല്യനിലയിൽ സാധൂകരണമുള്ളവയാണ് എന്നാണ് കാറില്ലോ അവകാശപ്പെടുന്നത്. മാത്രമല്ല ഇപ്പറയുന്ന മറ്റ് സോഷ്യലിസ്റ്റ് പ്രവണതകൾ അധ്വാനിക്കുന്ന ജനതയിലെ പ്രത്യേക വിഭാഗങ്ങളുടെ യഥാർഥമായ വിപ്ലവ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുമെന്നും കാറില്ലോ വാദിക്കുന്നു. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ആശയം മൊത്തം സമൂഹത്തിന്റെ താൽപ്പര്യത്തെ പ്രതിനിധീകരിക്കുകയില്ലെന്നും ചില വിഭാഗങ്ങളുടെ താൽപ്പര്യത്തെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും അവകാശപ്പെടുന്നു. മാർക്സിസം –ലെനിനിസത്തെ സംബന്ധിച്ച അബദ്ധജടിലവും വളച്ചൊടിക്കപ്പെട്ടതുമായ വാദങ്ങൾക്ക് ഇതിനുമപ്പുറം പോകാൻ കഴിയുമോ? ഇതിനുശേഷം കാറില്ലോ മറ്റൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അഭിപ്രായവും പറയുന്നുണ്ട്; അത് സവിശേഷ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിനുള്ള വ്യത്യസ്ത നയങ്ങളും പരിപാടികളും തമ്മിലുള്ള മത്സരത്തെ ഉത്തേജിപ്പിക്കുകയും അതിനെ സാധാരണമായി കണക്കാക്കുകയും ചെയ്യുന്നു; കൂടാതെ, ഒരു പ്രത്യേക സാഹചര്യത്തെ വിലയിരുത്തുന്നതിൽ മറ്റുള്ളവർക്ക് കമ്യൂണിസ്റ്റ് പാർട്ടിയെക്കാൾ കൂടുതൽ കൃത്യതയുണ്ടാകാമെന്ന് അംഗീകരിക്കുവാനും അതിനു മടിയില്ല.’’ കമ്യൂണിസ്റ്റ് പാർട്ടിയോ കമ്യൂണിസ്റ്റ് നേതാക്കളോ ഒരിക്കലും എല്ലാക്കാലത്തും പാർട്ടി സ്വീകരിച്ചുവരുന്ന അടവുപരമായ നിലപാടുകളോ നീക്കങ്ങളോ നൂറുശതമാനം ശരിയായിരുന്നുവെന്ന്, പറഞ്ഞിട്ടില്ല; ഒരു സാഹചര്യത്തിലും അവകാശപ്പെട്ടിട്ടുമില്ല; ഒരു സവിശേഷ സാഹചര്യവുമായി ബന്ധപ്പെട്ട് മറ്റു മാർക്സിസ്റ്റിതര പാർട്ടികൾക്ക് തെറ്റു പറ്റാനുള്ള സാധ്യത കുറവാണെന്നോ അവ കൂടുതൽ ശരിയാണെന്നോ ഒരു കമ്യൂണിസ്റ്റ് പാർട്ടിയും പറഞ്ഞിട്ടില്ല. വിഭാഗീയമായ പിഴവുകൾക്ക് പാർട്ടി ഉത്തരവാദിയായിട്ടുമുണ്ട്; വലതുപക്ഷ അവസരവാദം, ഇടതുപക്ഷ വിഭാഗീയത, എന്നിങ്ങനെയുള്ള പിഴവുകളെയും മുന്നിലുള്ള ഒരു വിഷയത്തെ അമിതമായി വിലയിരുത്തുകയോ വിലകുറച്ചുകാണുകയോ ചെയ്യുന്ന പ്രവണതയെയും പാർട്ടി തുറന്നു സമ്മതിക്കുക മാത്രമല്ല ചെയ്തത്. മറിച്ച്, മുൻപ് ജനവിരുദ്ധ ചേരിയിലായിരുന്ന പാർട്ടികളുമായും സംഘടനകളുമായും ഐക്യമുന്നണിയുണ്ടാക്കിക്കൊണ്ട് പരിഹരിക്കുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാവർക്കുമറിയാവുന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി എപ്പോഴും ശരിയാണെന്നു സെെദ്ധാന്തികമായി വിലയിരുത്തുകയും മറ്റുള്ളവരുടെ അനുഭവങ്ങളോടും വാദങ്ങളോടും ചെവികൊടുക്കില്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നതുവഴി കാറില്ലോ, ലിബറലുകളും കമ്യൂണിസ്റ്റ് വഞ്ചകരും ചെയ്യുന്നതുപോലെ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ്.

വ്യത്യസ്ത ദർശനങ്ങളുള്ള പാർട്ടികളിൽ നിന്നു വരുന്ന നയങ്ങൾക്കും പ്രശ്‌നപരിഹാരങ്ങൾക്കും ഇടയിലെ മത്സരത്തെ സാധാരണമെന്നു കണക്കാക്കുന്നത്, പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ നേതൃപങ്കിനെ നിഷേധിക്കുന്നതാണ്. മാർക്സിസ്റ്റ് അല്ലാത്തവയും, മാർക്സിസ്റ്റ് -വിരു
ദ്ധവുമായ സിദ്ധാന്തങ്ങൾ, ശാസ്ത്രീയമല്ലാത്ത, അടിസ്ഥാനമില്ലാത്ത ആശയങ്ങൾ എന്നിവയ്ക്ക് ശാശ്വതമായ നിലനില്പിനുള്ള അംഗീകാരം നൽകുന്ന വാദംകൂടിയാണിത്. ശരിയായ നിലപാട് എന്താണ്? മാർക്സിസവും -ലെനിനിസവും അതിന്റെ പാർട്ടിയും എല്ലാ അപരപ്രത്യയശാസ്ത്രങ്ങളോടും അവയുടെ രാഷ്ട്രീയ രൂപങ്ങളോടും നിരന്തരമായ ആശയപോരാട്ടം നടത്തണം. ജനങ്ങളിലെ പല കാഴ്ചപ്പാടുകളും അവബോധം, ചർച്ച എന്നിവയിലൂടെയും അത്തരം പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ–സാമ്പത്തികാടിത്തറ തുറന്നുകാട്ടുന്നതിലൂടെയും മാറ്റിയെടുക്കാൻ സാധിക്കും. അന്യവർഗ പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കൾക്കെതിരായ ഭരണപരമായ നടപടികൾ ന്യായീകരിക്കപ്പെടുന്നത് അവർ പ്രതിവിപ്ലവം സംഘടിപ്പിക്കുന്നതിനായുള്ള പ്രത്യക്ഷ ആയുധങ്ങളായി മാറുകയും അതിനകംതന്നെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളിൽനിന്നും ഒറ്റപ്പെടുകയും ചെയ്യുമ്പോഴാണ്. അവരുടെ വർഗസ്വഭാവം പൂർണമായും തുറന്നുകാണിക്കുന്നതുവരെ അവരെ ജനങ്ങളിൽനിന്നും ഒറ്റപ്പെടുത്തുവാനുള്ള പ്രത്യയശാസ്ത്രപ്പോരാട്ടം തുടരുക തന്നെ ചെയ്യണം. ഇതിനെ സ്ഥിരമായ, സ്വാഭാവികമായ ഉത്തേജിപ്പിക്കപ്പെടുന്ന മത്സരം എന്നൊക്കെ വിശേഷിപ്പിക്കുന്നത് തെറ്റാണ്.

കാറില്ലോ, പാർട്ടിയെ ആദ്യത്തെ തത്ത്വചിന്തയും സാമ്പത്തിക സിദ്ധാന്തവും ആശയവുമില്ലാത്ത, നമ്മുടെ കാലത്തെ പ്രത്യയശാസ്ത്രപരമായ ഉപരിഘടനയെ സംബന്ധിച്ച അഭിപ്രായങ്ങളും മുൻഗണനകളുമില്ലാത്ത ഒരു രാഷ്ട്രീയ കൂട്ടായ്മയായി കണക്കാക്കുന്നു എന്നതാണ് വസ്തുത. അത്തരമൊരു പാർട്ടി വിപ്ലവതന്ത്രത്തെയും രാഷ്ട്രീയ അടവുകളെയും സംബന്ധിച്ച വിഷയങ്ങൾക്കൊഴികെ മറ്റൊന്നിലും വിധിനിർണയം നടത്തുകയില്ല. സാമ്പത്തിക സിദ്ധാന്തം സംബന്ധിച്ച ശരിയായ ധാരണയും ജനങ്ങളെ വഞ്ചിക്കുന്നതിനുവേണ്ടി ബൂർഷ്വാസി പടച്ചുവിടുന്ന വിവിധ സിദ്ധാന്തങ്ങളെ ചെറുക്കുവാനുള്ള പൊതുവായ കാഴ്ചപ്പാടുമില്ലാതെ ഏതെങ്കിലുമൊരു പാർട്ടിക്ക് ശരിയായ വിപ്ലവതന്ത്രവും രാഷ്ട്രീയ അടവുകളും ഉണ്ടാക്കാനാകുമോ?

പാർട്ടി അംഗത്തെക്കുറിച്ചുള്ള കാറില്ലോയുടെ സങ്കൽപ്പം, പാർട്ടിയുടെ രാഷ്ട്രീയ ലൈൻ അംഗീകരിക്കുന്ന ഒരാൾ എന്നത് മാത്രമാണ്, അതിൽ കൂടുതലൊന്നും ഇല്ല. ബൂർഷ്വാസിദ്ധാന്തങ്ങളെ സംബന്ധിച്ചിടത്തോളം, അയാൾക്ക് സ്വയം മാറാൻ കഴിയും; അയാൾക്ക് ഇഷ്ടമുള്ളതുപോലെ ആ ആശയങ്ങളോട് പോരടിക്കാം അല്ലെങ്കിൽ അവയെ പിന്തുണയ്ക്കാം. ‘കൂട്ടായ രാഷ്ട്രീയ കടമകൾക്ക് പുറത്ത്, ഓരോ അംഗത്തിനും തങ്ങളുടേതായ മുൻഗണനകളുണ്ട്. ബൗദ്ധികമോ കലാപരമോ ആയ ചായ്-വുകളിലും വ്യക്തിപരമായ ബന്ധങ്ങളിലും ഒരു വ്യക്തി തന്നെയാണ് അവന്റെ യജമാനനനെന്ന് പാർട്ടി തിരിച്ചറിയുന്നു’. സിദ്ധാന്തം, സംസ്കാരം, കല എന്നിവയുടെ മേഖലയിലും ഹ്യുമാനിറ്റിസ് ഉൾപ്പെടെയുള്ള എല്ലാത്തരം ശാസ്ത്രങ്ങളിലെ ഗവേഷണ മേഖലയിലും, വ്യത്യസ്ത ചിന്താധാരകൾ അതിനുള്ളിൽ സഹവർത്തിക്കാമെന്നും അവയ്‌ക്കെല്ലാം അവയുടെ സാംസ്കാരിക സ്ഥാപനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സ്വതന്ത്രമായ ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടെന്നും അത് അംഗീകരിക്കുന്നു.

ലിബറലിസത്തെ 
പാലൂട്ടിവളർത്തുന്നു
ലെനിനിസ്റ്റ് ആശയത്തിലുള്ള തൊഴിലാളി വർഗ വിപ്ലവ പാർട്ടിയുടെ അന്ത്യം ലക്ഷ്യമിട്ടാണ് കാറില്ലോ പ്രവർത്തിക്കുന്നത്. പാർട്ടിയെ ലിബറൽ പാർട്ടിയെക്കാൾ നീചമായ രൂപത്തിലേക്ക് താഴ്ത്താൻ തീരുമാനിച്ചിറങ്ങിയതു പോലെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ. ചില പാർട്ടികളിൽ കണ്ടുവരുന്ന വ്യതിയാനങ്ങൾക്കെതിരായി ഒരു പക്ഷേ അദ്ദേഹം പ്രതികരിക്കുകയായിരിക്കാം. ശാസ്ത്ര ഗവേഷണം, സാഹിത്യ വിമർശനം, ആധുനിക കാലഘട്ടത്തിലെ സാഹിത്യ-കലാഭിരുചികൾ അംഗീകരിക്കേണ്ടതാണോ നിരസിക്കേണ്ടതാണോ എന്നതെല്ലാം സംബന്ധിച്ച പ്രമേയങ്ങൾ പാസാക്കുകയും പാർട്ടി നിർണായക ചർച്ച നടത്തി അംഗങ്ങൾ ഇവ ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രശ്‌നങ്ങളെ കുറിച്ചുള്ള അപക്വവും തെറ്റായതുമായ സമീപനത്തെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനങ്ങൾ എടുത്തത്. അതിന്റെ ഫലമായി അറിവിന്റെ വളർച്ചയിലേക്ക് ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലുകൾ കടന്നുകൂടി. ഈ അബദ്ധജടിലമായ ഉള്ളടക്കങ്ങൾ ചൂണ്ടിക്കാട്ടിയവരോട് അന്യായവും പീഡനപരവുമായ സമീപനം കാണിക്കുകയും ചെയ്തു. ഇത്തരത്തിലുളള വിഷയങ്ങളിൽ പാർട്ടി ഇടപെടുമ്പോൾ അടിയന്തരമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമുമ്പ് അത്യധികം ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

എന്നുപറഞ്ഞാൽ എന്തായാലും ഓരോ അംഗത്തിനും പാർട്ടിയുടെ അടിസ്ഥാന ലോക തത്ത്വത്തിൽ അതായത്, മാർക്സിസം–ലെനിനിസത്തിൽ, നിന്നുകൊണ്ടല്ലാതെ സിദ്ധാന്തങ്ങളിലും കലയിലും, ശാസ്ത്രീയ ഗവേഷണത്തിലുമെല്ലാം സ്വതന്ത്രമായി അഭിപ്രായം പ്രഖ്യാപിക്കാമെന്നതാണോ അതിന്റെ അർത്ഥം? പാർട്ടി ഫാസിസത്തിനെതിരായ ജീവൻമരണ പോരാട്ടത്തിലായിരിക്കുന്ന സമയത്ത്, വ്യക്തിഗത അംഗങ്ങൾ പ്രശസ്ത ഫാസിസ്റ്റുകളുമായി സ്വകാര്യ ജീവിതത്തിൽ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ പാടുണ്ടോ? തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, മതം തുടങ്ങിയ വിഷയങ്ങളിൽ പ്രതിമാർക്സിസ്റ്റ് തത്ത്വങ്ങൾ പ്രചരിപ്പിക്കാനോ സ്വതന്ത്രരാണോ?അങ്ങനെയെങ്കിൽ, ഐക്യദാർഢ്യമില്ലാത്ത, വർഗവീക്ഷണമില്ലാത്ത, പൊതു ലോകദർശനം ഇല്ലാത്ത, പക്ഷേ വ്യക്തിപരമായി രാഷ്ട്രീയ അധികാരം പിടിക്കാനുളള ആഗ്രഹം മാത്രമുള്ള രാഷ്ട്രീയ സാഹസികരുടെ ഒരു സംഘമായി അത് പാർട്ടിയെ തരം താഴ്ത്തും. ഇത് ഏതൊരു അംഗത്തിനും എന്തിലും തങ്ങൾക്കിഷ്ടമുള്ള അഭിപ്രായം പറയാവുന്ന തരത്തിലേക്ക് മാർക്സിസ്റ്റ്-–ലെനിനിസ്റ്റ് പാർട്ടിയെ കൊണ്ടെത്തിക്കുകയാണ് ചെയ്യുക. പാർട്ടിയുടെ ദർശനവും അതിലെ അംഗങ്ങളുടെ ദർശനവും മാർക്സിസം–ലെനിനിസത്തിലേക്കുള്ള ദൃഢമായ അർപ്പണബോധം കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. അതിനാൽ, പാർട്ടിയെ സംബന്ധിച്ച കാറില്ലോയുടെ ആശയം, പാർലമെന്ററി മാർഗത്തിന് പ്രതിജ്ഞാബദ്ധമായതാണ്, ഇത് വിപ്ലവത്തെ അപ്പാടെ നിഷേധിക്കുന്നു, അതിന് രാഷ്ട്രീയ പരിപാടിയുണ്ടെങ്കിലും ദർശനമില്ല, ലോകവീക്ഷണമില്ല, തത്ത്വചിന്തയുമില്ല.

പാർട്ടിയുടെ നേതൃസ്ഥാനത്തെക്കുറിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിലും സോഷ്യലിസ്റ്റ് സമൂഹത്തിലെ പാർട്ടിയുടെ നേതൃസ്ഥാനത്തെപ്പറ്റിയും കാറില്ലോ വിലകുറച്ചു കാണുന്നുണ്ട്.

“ഭരണകൂടത്തിലും സമൂഹത്തിലും ആധിപത്യശക്തിയാകുക എന്നത് പാർട്ടിയുടെ ലക്ഷ്യമല്ല. പാർട്ടിയുടെ ആദർശങ്ങൾ സമൂഹത്തിന്റെ മേൽ അടിച്ചേൽപ്പിക്കാനും പാർട്ടി ലക്ഷ്യമിടുന്നില്ല. പകരം, തൊഴിലാളിവർഗ സാംസ്‌കാരിക ശക്തികൾക്ക് രാഷ്ട്രീയ-–സാമൂഹിക ആധിപത്യം നേടുന്നതിനുള്ള വഴികളുറപ്പാക്കുവാൻ സഹായിക്കുക എന്നത് മാത്രമാണ് പാർട്ടിയുടെ ദൗത്യം. ഈ ലക്ഷ്യത്തോടെ, പാർട്ടി അധികാരം സ്വന്തമായി മാത്രം കൈപ്പിടിയിലാക്കാൻ ആഗ്രഹിക്കുകയല്ല, മറിച്ച് ഈ ശക്തികളെ പ്രതിനിധീകരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് സമൂഹത്തിന്റെ പുരോഗതിക്കായി സോഷ്യലിസവും ജനാധിപത്യവും സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്.’

ലിബറൽ വൃത്തങ്ങളിൽ നിന്നുള്ള ആശയങ്ങൾ ഉപയോഗിച്ച് കാറില്ലോ പാർട്ടിയുടെ നേതൃസങ്കല്പത്തെ തരം താഴ്ത്തുകയാണ് ഇതിലൂടെ. മാർക്സിസ്റ്റ്-– ലെനിനിസ്റ്റ് പാർട്ടി ഒരു രാജ്യത്തിന്റെ ആധിപത്യശക്തിയാകാൻ ശ്രമിക്കരുത് എന്നു പറയുന്നത് എന്തുകൊണ്ടാണ്? ഇതിൽ ജനാധിപത്യത്തിന്റെ ഏതു മാനദണ്ഡമാണ് ലംഘിക്കപ്പെടുന്നത്?

തൊഴിലാളി വർഗത്തിന്റെ വിപ്ലവത്തിലൂടെയാണ് അധികാരം ലഭിക്കുന്നതെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. ഭൂരിപക്ഷം നേടുന്നത് അധികാരത്തിന്റെ ഒത്താശയിലൂടെയല്ല. എന്നാൽ കാറില്ലോ ‘ആധിപത്യം’ എന്ന ആശയത്തോട്തന്നെ എതിരാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തൊഴിലാളി വർഗത്തിന്റെ പാർട്ടി വലിയഭൂരിപക്ഷം നേടാൻ ശ്രമിക്കരുത്, അതിനുപകരം മറ്റു പാർട്ടികൾക്ക് ജനങ്ങളുടെ മേലുള്ള അധികാരം കൂടി അംഗീകരിക്കണം. അതിനാൽ അവർക്കും കൂടി ഇടം നൽകണമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

മതസംഘടനകൾക്കും പള്ളിക്കും അന്ധവിശ്വാസികൾക്കും ചെറുകിട മുതലാളിമാർക്കും ജനങ്ങളെ സ്വാധീനിക്കാൻ ഇടം നൽകണം എന്നാണ് കാറില്ലോ പറയുന്നത്. അതിനാൽ ഇത്തരം പാർട്ടികൾക്ക് സോഷ്യലിസം നടപ്പാക്കാൻ സാധ്യമാകില്ല എന്നത് വ്യക്തമാണ്. അവർ സോഷ്യലിസ്റ്റ് വിരുദ്ധ, വിപ്ലവ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവയാണ്. മാർക്സിസം–-ലെനിനിസത്തിന്റെ മേൽക്കെെ കൊണ്ട് മാത്രമേ ഇത്തരം രാഷ്ട്രീയ പാർട്ടികളെ ചെറുത്തുതോൽപ്പിക്കാൻ ആകൂ.

പാർട്ടിയുടെ നേതൃപങ്ക് ആധിപത്യമല്ല, ബലപ്രയോഗത്തിലോ മറ്റു പാർട്ടികളെ ഇല്ലാതാക്കലിലോ നിന്നല്ല എന്ന വാദം ചരിത്രവിരുദ്ധവും മാർക്സിസം-–ലെനിനിസത്തിന്റേത് അല്ലാത്തതുമാണ്.

പാർട്ടിയുടെ നേതൃപങ്ക് ജനങ്ങൾ അംഗീകരിക്കുമ്പോഴാണ് അത് വളരുന്നത്. ഇത് അവരിൽ വിശ്വാസം വളരുന്നുണ്ടെന്ന് കാണിക്കുന്നു. ഇതിൽ, ജനങ്ങളോട് അടുത്തു നിൽക്കുന്ന മറ്റു പാർട്ടികളുമായും ദർശനങ്ങളുമായും സഹകരിക്കേണ്ടതുണ്ട്. ഇന്ത്യ പോലുള്ള രാജ്യത്ത്, ഇത്തരമൊരു സഹകരണം ആവശ്യമാണ്. മാർക്സിസ്റ്റ് – -ലെനിനിസ്റ്റ് ആശയങ്ങളുടെ മേൽക്കെെ അംഗീകരിക്കുന്ന അത്തരം പാർട്ടികളെ ചേർത്തുനിർത്തണം. മറിച്ച് , മാർക്സിസ്റ്റ്-–ലെനിനിസ്റ്റ് ദർശനം ജനങ്ങളിലേക്ക് ബലമായി ചുമത്താനാകില്ല. ജനങ്ങൾ പാർട്ടിയുടെ ശരിയായ നയങ്ങൾ തിരിച്ചറിയുമ്പോഴാണ് അതിനെ സ്വീകരിക്കുക. അത് സ്വമേധയാ സംഭവിക്കണം.

അതിനാൽ വിപ്ലവ പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളിൽ പാർട്ടി വ്യത്യസ്ത ദർശനങ്ങൾ അംഗീകരിക്കുന്ന മറ്റു പാർട്ടികളുമായി ഐക്യം രൂപീകരിക്കുന്നു. വിപ്ലവത്തിന് ശേഷവും ഇത്തരമൊരു ഐക്യം ആവശ്യമായി വരാറുണ്ട്. വിപ്ലവകാലത്ത് ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനിന്ന പാർട്ടികളാണ് ഈ ഐക്യത്തിൽ ഉൾപ്പെടുക. ഈ പാർട്ടികൾക്ക് അവരുടെ നയങ്ങൾ ഉപേക്ഷിച്ചു എത്രയും പെട്ടെന്ന് മാർക്സിസ്റ്റ്– ലെനിനിസ്റ്റ് ആശയങ്ങൾ അംഗീകരിക്കാനാകും എന്നത് അനുസരിച്ചായിരിക്കും ഇവരെ ഒപ്പം നിർത്തേണ്ടത്. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പാർട്ടിക്ക് പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാമെന്നു വിശ്വസിക്കാൻ കഴിയില്ല.

എന്നാൽ കാറില്ലോയ്ക്ക് മാർക്സിസ്റ്റ് – ലെനിനിസ്റ്റ് ആശയങ്ങൾ ലോകത്തെ പല ദർശനങ്ങളിൽ ഒന്നു മാത്രമാണ്.

പാർട്ടിയുടെ ആധിപത്യം എന്ന ആശയം, അതിന്റെ നേതൃപങ്ക്, എന്നിവ പാർട്ടികളുടെ ഐക്യം എന്ന രീതിയിലേക്ക് മാറ്റി അവതരിപ്പിക്കുകയാണ് കാറില്ലോ.

“ഇത്തരമൊരു സാഹചര്യത്തിൽ, നാം മുമ്പ് കമ്യൂണിസ്റ്റുപാർട്ടിയെയാണ് തൊഴിലാളികളുടെ ആധിപത്യം നടപ്പാക്കാനുള്ള ഉപകരണമായി കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് , ‘പുതിയ രാഷ്ട്രീയ ഘടന’ എന്ന ചിന്തയ്ക്ക് വഴിമാറണം.

ഈ പുതിയ രാഷ്ട്രീയ ഘടന, തൊഴിലാളി വർഗത്തിന്റെ ആധിപത്യമല്ല, തൊഴിലാളി വർഗ, സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ ആധിപത്യമാണ്. ഒരു പാർട്ടിക്ക് മാത്രം മുൻഗണന നൽകാതെ എല്ലാ പാർട്ടികളും ഒരുമിച്ചുള്ള രാഷ്ട്രീയ ആശ്യത്തിനാണ് കുറച്ചുകൂടി മുൻഗണന നൽകേണ്ടത്.’

പ്രശ്നം എന്തെന്നാൽ, ഓരോ പാർട്ടിക്കും അവ അതത് വർഗ്ഗങ്ങളെ പ്രതിനിധീകരിക്കുമ്പോൾ, അവയുടെ ആശയങ്ങൾ എങ്ങനെ ഏതു രീതിയിൽ നടപ്പാക്കും എന്നൊരു ചോദ്യം വന്നേക്കാം.

മാർക്സിസ്റ്റ് – ലെനിനിസ്റ്റ് തത്ത്വം അടിസ്ഥാനമാക്കിയുള്ള പാർട്ടിക്ക് മാത്രമല്ല ആധിപത്യത്തിന് അവകാശമുള്ളത്. മറിച്ച് ഈ ആശയങ്ങൾ നിഷേധിക്കുന്ന പാർട്ടികൾക്കും അതിനു കഴിയുമെന്നാണ് കാറില്ലോ പറയുന്നത്. ഇതിലൂടെ യൂറോ കമ്യൂണിസത്തിന്റെ വർഗ സ്വഭാവം അപ്പാടെ ഒഴിവാക്കാൻ കാറില്ലോ കിണഞ്ഞു പരിശ്രമിക്കുകയാണെന്നു പറയേണ്ടി വരും. l
(തുടരും)
പരിഭാഷ : അഞ്ജലി ഗംഗ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 4 =

Most Popular