Saturday, December 6, 2025

ad

Homeആമുഖംആമുഖം

ആമുഖം

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ വലതുപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പെന്ന പാലം കടക്കാനുള്ള നാരായണൻ മാത്രമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാലോ? ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാനുള്ള കടലാസുകൾ മാത്രമാവും. കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഒരേ തൂവൽപക്ഷികളാണ്. അവിടെയാണ് എൽഡിഎഫിന്റെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രസക്തമാകുന്നത്; ചർച്ച ചെയ്യപ്പെടുന്നതും.

സംസ്ഥാനത്താകെ സ്ഥാനാർഥികളെ അണിനിരത്തുന്നതിനുമുൻപുതന്നെ എൽഡിഎഫ് സമഗ്രമായ മാനിഫെസ്റ്റോ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. വ്യക്തികളായ സ്ഥാനാർഥികൾക്കുപരി അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന നയപരിപാടികളാണ് പ്രധാനമെന്ന വെളിപ്പെടുത്തലാണ് എൽഡിഎഫ് നടത്തിയിരിക്കുന്നത്. 2016ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിച്ച മാനിഫെസ്റ്റോകളിലെ ഏതാണ്ടെല്ലാ വാഗ്ദാനങ്ങളും പൂർണമായി നടപ്പാക്കിയ അനുഭവമാണ് എൽഡിഎഫ് ജനങ്ങളെ ഓർമിപ്പിക്കുന്നത്.

തുടർന്നുള്ള 5 വർഷം തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളാണ് ഈ മാനിഫെസ്റ്റോയിലൂടെ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്കം ചിന്തയിലെ കവർസ്റ്റോറി ഈ മാനിഫെസ്റ്റോയിലെ മുഖ്യ ഉള്ളടക്കങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ്. മാനിഫെസ്റ്റോയിലെ വാക്യങ്ങൾ ഉദ്ധരിച്ചശേഷം അതിന് വിശദീകരണം നൽകുന്ന ശെെലിയാണ് അവലംബിച്ചിരിക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, ഡോ. ടി എൻ സീമ, ഡോ. കെ പി മോഹനൻ, കെ ശാന്തകുമാരി എംഎൽഎ, ഡോ. ജിജു പി അലക്സ്, എൻ ജഗജീവൻ തുടങ്ങിയവരാണ് എഴുതിയിരിക്കുന്നത്.

എൽഡിഎഫ് സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കി വിജയിപ്പിച്ച ഫ്ളാഗ്ഷിപ്പ് പരിപാടികളിലൊന്നാണ്, പ്രധാന ഇനമാണ് അതിദാരിദ്ര്യനിർമാർജന പദ്ധതി. ഇതിന്റെ തുടർച്ചയായി അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കപ്പെട്ടവർ വീണ്ടും ആ അവസ്ഥയിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള കരുതലിനും ജാഗ്രതയ്ക്കുമൊപ്പം ഇപ്പോൾ കേവല ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗത്തെക്കൂടി ആ അവസ്ഥയിൽനിന്ന് മോചിപ്പിക്കുകയാണ് എൽഡിഎഫ് മാനിഫെസ്റ്റോയിൽ മുന്നോട്ടുവയ്ക്കുന്ന മുഖ്യപരിപാടി.

അത്, അനായാസം സാക്ഷാത്കരിക്കാനാകുന്നതിനായാണ് പെൻഷനുകളുടെയും മറ്റു ക്ഷേമപദ്ധതികളുടെയും തുക വർധിപ്പിച്ചത്. മാത്രമല്ല, മറ്റു വരുമാനമൊന്നുമില്ലാത്ത 35നും 60നും ഇടയ്ക്ക് പ്രായമുള്ള വീട്ടമ്മമാർക്ക് സ്ത്രീസുരക്ഷാ പെൻഷനും അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ചെറുപ്പക്കാർക്ക് കണക്ട് ടു വർക്ക് അലവൻസും പുതുതായി നടപ്പാക്കുന്നു. അങ്ങനെ ഇന്ത്യയിൽ മറ്റൊരിടത്തും ലഭ്യമല്ലാത്തവിധം ഉയർന്ന ക്ഷേമാനുകൂല്യങ്ങൾ നൽകുകയാണ് എൽഡിഎഫ് ഗവൺമെന്റ്. 5 വർഷത്തിനുമുൻപ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയശേഷം അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെ എൽഡിഎഫ് നൽകുന്ന സന്ദേശം മാനിഫെസ്റ്റോ നടപ്പാക്കാനുള്ളതുതന്നെയാണെന്നതാണ്. മറുവശത്ത് യുഡിഎഫിന്റെയും ബിജെപിയുടെയും വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജലരേഖയായി പരിണമിക്കും എന്നതാണ് അനുഭവം. ക്ഷേമപദ്ധതികൾ മാത്രമല്ല സേവന–വികസന മേഖലകളിലും എൽഡിഎഫ് സർക്കാർ മികച്ച നേട്ടം കെെവരിച്ചുകൊണ്ടിരിക്കുകയാണ്. അക്കാര്യങ്ങളിലും കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കവെ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമാണുള്ളത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + two =

Most Popular