ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോക മുതലാളിത്ത ജിഹ്വ ആയ ഇക്കണോമിസ്റ്റ് വാരിക പോലും കേരളം അതിദാരിദ്ര്യത്തിൽ നിന്ന് വിമുക്തി നേടിയതിനെ പ്രകീർത്തിച്ചു. ലോകക്ഷേമ ഭൂപടത്തിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കുള്ള സ്ഥാനമാണ് ഇന്ത്യയിൽ കേരളത്തിനുള്ളതെന്നാണ് അവരുടെ അഭിപ്രായം.
എന്നാൽ അതേസമയം നമ്മുടെ നാട്ടിലെ ചില വിദഗ്ധരുടെ സന്ദേഹം അതിദാരിദ്ര്യത്തിന്റെ നിർവചനങ്ങളെക്കുറിച്ചാണ്. ആശ്രയ കുടുംബങ്ങളെയെല്ലാം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയോ? അന്ത്യോദയ കുടുംബങ്ങൾ ഇപ്പോഴും സൗജന്യ റേഷൻ വാങ്ങുന്നുണ്ടല്ലോ, പല പട്ടിക വർഗ്ഗ ഗോത്രങ്ങളും ഇന്നും പരമ ദരിദ്രരല്ലേ എന്നൊക്കെയാണ് അവർ ചോദിക്കുന്നത്.
അല്ലെന്നാരും പറഞ്ഞിട്ടില്ല. 1970-കളിൽ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യം കണക്കാക്കിയപ്പോൾ കേരളത്തിലെ ഏതാണ്ട് 70% കുടുംബങ്ങൾ ദരിദ്രരായിരുന്നു. എന്നാൽ ഇന്ന് ഔദ്യോഗിക മാനദണ്ഡ പ്രകാരമുള്ള ഏത് കണക്കെടുപ്പിലും ഏറ്റവും കുറവ് ദരിദ്രർ കേരളത്തിലാണ്. എങ്ങനെയാണ് കേരളം ദാരിദ്ര്യത്തിൽ നിന്ന് ജനങ്ങളെ കരകയറ്റിയത് എന്നതു സംബന്ധിച്ച് ഒട്ടേറെ വിശദമായ പഠനങ്ങൾ ലഭ്യമാണ്.
ഏതെങ്കിലുമൊരു ദാരിദ്ര്യ നിർമാർജന സ്കീമിലൂടെ ആയിരുന്നില്ല ഇത് സാധ്യമാക്കിയത്. ഒട്ടേറെ സാമൂഹിക ഇടപെടലുകളുടെ കൂട്ടായ ഫലമായാണിത് നേടിയെടുത്തത്. കൂലിയുടെ വർദ്ധനവ്, ഭൂപരിഷ്കരണം, പൊതുവിതരണ സമ്പ്രദായം, ഗൾഫ് പണ വരുമാനം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ മെച്ചപ്പെടുത്തുവാനുള്ള പരിപാടികൾ, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ എന്നിവയൊക്കെ ഈ അസുലഭ നേട്ടത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.
എന്നാൽ മേൽപ്പറഞ്ഞ നടപടികളിലും പരിപാടികളിലും പങ്കാളികളാകുവാൻ കഴിയാത്ത ഒരു വിഭാഗം കുടുംബങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. ഇതിനു പല കാരണങ്ങൾ ഉണ്ടാവാം. ജോലി ചെയ്യാൻ കഴിവുള്ള ആളുകൾ വീട്ടിൽ ഇല്ലാത്ത കുടുംബങ്ങൾ ഇതിനു നല്ല ഉദാഹരണമാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതുകൊണ്ട് പാലങ്ങൾക്കടിയിലോ, കുടിലുകളിലോ താമസിക്കേണ്ടി വരുന്നവർ ഇതിൽ പെടും. വീട്ടിലുള്ളവരിൽ ഭൂരിപക്ഷവും മാറാരോഗികളോ ഭിന്നശേഷിക്കാരോ ആണെങ്കിൽ നിലവിലുള്ള സ്കീമുകൾ തികച്ചും അപര്യാപ്തമാകും.
ഈ കുടുംബങ്ങളെ കണ്ടെത്തുന്നതിന് ഓരോ വാർഡിലെയും ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു രീതി സമ്പ്രദായം വികസിപ്പിച്ചു. അങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട കുടുംബങ്ങളെ ഉൾപ്പെടുത്തി ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ 64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളറിഞ്ഞ് അവ ഉറപ്പുവരുത്താൻ കുടുംബ പ്ലാനുകൾ ഉണ്ടാക്കി. അങ്ങനെയാണ് അവരെ അതിദാരിദ്ര്യത്തിൽ നിന്നു കരകയറ്റിയത്. ഇതാണ് കേരളം ചെയ്തത്.
ഇനിയെന്ത്?
ഇങ്ങനെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറിയവർ വീണ്ടും വഴുതി അതിദാരിദ്ര്യത്തിലേക്ക് വീഴില്ല എന്നത് ഉറപ്പാക്കാനുള്ള നിരന്തര ജാഗ്രത വേണം. അർഹരായ ചിലരെ വിട്ടുപോയിട്ടുണ്ട് എന്ന ആക്ഷേപം ഉണ്ട്. അവരുടെ കൈപിടിക്കണം. അത്രയുംപോരാ എന്നാണ് എൽ ഡി എഫിന്റെ മാനിഫെസ്റ്റോ പറയുന്നത്. അതിദരിദ്രരിൽ ഉൾപ്പെടാത്ത ആശ്രയ കുടുംബങ്ങളും അന്ത്യോദയ റേഷൻകാർഡുള്ള കുടുംബങ്ങളും ഉണ്ടല്ലോ? അവരിൽ കേവല ദരിദ്രരെ കണ്ടെത്തി ദാരിദ്രരേഖയ്ക്ക് മുകളിൽ എത്തിക്കണം. കേവല ദാരിദ്ര്യം ഇല്ലാതാക്കണം.
ദാരിദ്ര്യത്തെ മുഖ്യമായും രണ്ടായിട്ടാണ് തരംതിരിക്കുക–കേവല ദാരിദ്ര്യം, ആപേക്ഷികദാരിദ്ര്യം. മുതലാളിത്ത വളർച്ചയുടെ ഭാഗമായി ഉണ്ടാവുന്ന പാപ്പരീകരണത്തെ മാർക്സ് ഇത്തരത്തിൽ രണ്ടായി തിരിച്ചിട്ടുണ്ട് എന്നത് സ്മരണീയം. മുതലാളിത്തത്തിൽ പണക്കാരനെ അപേക്ഷിച്ചു വേലയെടുക്കുന്നവർ കൂടുതൽ കൂടുതൽ ദരിദ്രരാവും. ഇതനിവാര്യമാണ്. എന്നാൽ വേലയെടുക്കുന്നവർ സംഘടിതരാണെങ്കിൽ വിലപേശി തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവും. കേവല ദാരിദ്ര്യത്തിൽ നിന്ന് കരകയറുവാനാവും.
ചുരുക്കത്തിൽ ആപേക്ഷിക ദാരിദ്ര്യം രാജ്യത്തെ അസമത്വവുമായി ബന്ധപ്പെട്ടതാണ്. അതേസമയം കേവല ദാരിദ്ര്യമെന്നതിലുൾപ്പെടുന്നത് സാമൂഹികമായി നിർണയിക്കപ്പെട്ട ഒരു ജീവിത നിലവാരത്തിന് താഴെ വരുന്നവരാണ്. ഈ നിലവാരത്തെ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലേശഘടകങ്ങളുടെ സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിൽ നിർണയിക്കുക.
ഇങ്ങനെ ചെയ്യുന്നതിന് രണ്ടു ഗുണങ്ങളുണ്ട്. വെറും വരുമാനത്തെ അടിസ്ഥാനമാക്കി ദാരിദ്ര്യരേഖ നിർണയിച്ചാൽ പാകപ്പിഴകൾ ഏറെ ഉണ്ടാകാം. അതേ സമയം ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്ടെങ്കിൽ നടപടി ക്രമങ്ങൾ കൂടുതൽ സുതാര്യമായിരിക്കും. രണ്ടാമത്തെ ഗുണം നമ്മുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമായതുകൊണ്ട് കേന്ദ്ര സർക്കാർ ഉണ്ടാക്കിയിട്ടുള്ള അന്ത്യോദയ പട്ടികയെന്നും ഇത് ബാധിക്കില്ല എന്നുള്ളതാണ്.
ഇങ്ങനെ എത്ര കുടുംബങ്ങൾ ഉണ്ടാവുമെന്നത് മുൻകൂട്ടി പറയുവാനാവില്ല. ആശ്രയ കുടുംബങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. അന്ത്യോദയ കാർഡുകളിൽപെട്ടവരിൽ നല്ലൊരുപങ്കും പിന്നെ ഇതിലൊന്നും പെടാതെ പോയിട്ടുള്ള അഗതികളും നിരാലംബരും ഉണ്ടെങ്കിൽ അവരും.
ഇന്ദിരാഗാന്ധിയുടെ കാലത്ത് “ഗരീബി ഹഠാവോ” പോലത്തെ മുദ്രാവാക്യം ആയിരിക്കുമോ ഇതും എന്ന് സംശയിക്കുന്ന യുഡിഎഫുകാർ ഉണ്ടാവാം. അവരോടൊന്നേ പറയാനുള്ളു. കേരളത്തെ അതി ദാരിദ്ര്യവിമുക്തമാക്കിയ എൽഡിഎഫിന്റെ വാഗ്ദാനമാണ് കേവല ദാരിദ്ര്യനിർമാർജനം എന്നത്. ചെയ്യാവുന്നതേ എൽഡിഎഫ് പറയൂ.. പറയുന്നത് ചെയ്യും. l



