Saturday, December 6, 2025

ad

Homeകവര്‍സ്റ്റോറിഎല്ലാവർക്കും തൊഴിൽ

എല്ലാവർക്കും തൊഴിൽ

സി എസ് സുജാത

തൊഴിലിനെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ വരിക കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ്. ദേശീയ ശരാശരിയുടെ 2–3 മടങ്ങുവരും കേരളത്തിലെ തൊഴിലില്ലായ്മ. യുവാക്കളുടെ തൊഴിലില്ലായ്‌മയെടുത്താൽ അത് ഏതാണ്ട് 47% വരും. പക്ഷേ 25 വയസു കഴിയുന്നതോടെ പുരുഷന്മാരെല്ലാവരും ഏതെങ്കിലും തൊഴിലിലേർപ്പെടും. അവരിൽ 95 ശതമാനം പേരും വീടിനു പുറത്ത് ജോലിക്ക് പോകുന്നവരാണ്.

എന്നാൽ 25 വയസുകഴിഞ്ഞ സ്ത്രീകളിൽ 30 ശതമാനത്തിൽ താഴെമാത്രമേ വീടിനു പുറത്ത് ജോലിക്ക് പോകുന്നുള്ളു. ബാക്കിയുള്ളവർ തൊഴിൽതേടൽ തന്നെ അവസാനിപ്പിച്ച് വീടിന്റെ ഉള്ളിലേക്ക് ഒതുങ്ങുന്നു. ഈ സ്ഥിതിവിശേഷം അവസാനിപ്പിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായെങ്കിലും ഉയർത്തുകയെന്ന ലക്ഷ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ മുന്നോട്ടു വയ്ക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ചു വർഷംകൊണ്ട് തൊഴിൽ നൽകാനാണ് പരിപാടി.

ഇതൊരു ദിവാസ്വപ്നമല്ല. ഇതുവരെയുള്ള അനുഭവങ്ങൾ പരിശോധിച്ചു കൃത്യമായൊരു പരിപാടി മുന്നോട്ടുവെച്ചിരിക്കുകയാണ് എൽഡിഎഫ് പ്രകടനപത്രിക. കുടുംബശ്രീ ഇനിമേലിൽ മുഖ്യമായും മൈക്രോ ഫിനാൻസ് സംവിധാനം എന്ന നിലയിൽ നിന്ന് സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഒരു സംവിധാനമായി മാറാൻ പോവുകയാണ്. ദൂരവ്യാപകമായ സാമ്പത്തിക – സാമൂഹിക ഫലങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന ഒരു പ്രഖ്യാപനമാണിത്.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള തൊഴിൽ പരിപാടി ഇതുവരെ സ്വയം തൊഴിൽ സംരംഭങ്ങളെ ഊന്നിക്കൊണ്ടുള്ളതായിരുന്നു. സംരംഭകത്വ വികസന പരിപാടികൾ ഇനിയും തുടരും. എന്നാൽ ഇതോടൊപ്പം നാട്ടിൽ ഉണ്ടാവുന്ന മറ്റു സംരംഭങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിലുകൾ ലഭ്യമാക്കുക എന്ന കടമ ഏറ്റെടുക്കുകയാണ്.

ഇതിനകം തന്നെ വിജ്ഞാനകേരളവുമായി ചേർന്ന് വേതനാധിഷ്ഠിത തൊഴിൽ ക്യാമ്പയിൻ കുടുംബശ്രീ ആരംഭിച്ചുകഴിഞ്ഞു. 2025 ജൂലൈ മാസത്തിൽ ആരംഭിച്ച ഈ തൊഴിൽ ക്യാമ്പയിൻ വഴി ഇതിനകം രണ്ടു ലക്ഷത്തോളം പ്രാദേശിക തൊഴിലവസരങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന തൊഴിൽ മേളകളിലൂടെ 80,000 പേർക്ക് നിയമനവും നൽകിക്കഴിഞ്ഞു. ഇങ്ങനെ ജോലി കിട്ടിയവരെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നൈപുണി പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സ്ത്രീകൾക്ക് തൊഴിൽ നൽകിയാൽ അവർക്കാവശ്യമായ നൈപുണിപരിശീലനം ഇനിമേൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകും. ഇതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രൊജക്ടുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

മാനിഫെസ്റ്റോയിൽ വിപുലമായ നാല് പ്രാദേശിക സേവന സംരംഭക ശൃംഖലയ്ക്ക് കുടുംബശ്രീ നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

1. സാന്ത്വനമിത്ര: കിടപ്പുരോഗികൾക്ക് ഫീസ് വാങ്ങി എല്ലാ ദിവസവും നിശ്ചിതസമയം പരിചരണം നൽകുന്നതിനുള്ള കെയർ ഗീവർമാരുടെ സംരംഭങ്ങളാണിവ. ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്.

2. സ്കിൽ@കോൾ: വീടുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള റിപ്പയർ, മെയിന്റനൻസ്, പ്ലമ്പിംഗ്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനുള്ള സംരംഭങ്ങളാണിവ. എല്ലാ സിഡിഎസുകൾക്കുകീഴിലും ഇത്തരമൊരു സംരംഭം ഉണ്ടാവും.

3. ഷോപ്പ്@ഡോർ: കുടുംബശ്രീ ഉല്പന്നങ്ങളോടൊപ്പം നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ വീടുകളിലേക്ക് ആവശ്യത്തിനനുസരിച്ച് വാങ്ങി എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. ഇപ്പോൾ നാട്ടിൽ പ്രവർത്തിക്കുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവ പോലെയുള്ള ഒന്നായിരിക്കും ഷോപ്പ്@ഡോർ.

4. അതുപോലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, കാർഷിക ആവശ്യങ്ങൾക്കുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിദഗ്ധ തൊഴിലാളി സംഘങ്ങൾ, ഇവന്റ് മാനേജ്മെന്റ് ടീമുകൾ തുടങ്ങിയവയും ഉണ്ടാവും. ഒരു ലക്ഷം സ്ത്രീകൾക്ക് ഇവയിലൂടെ തൊഴിൽ ലഭിക്കും.

തൊഴിൽമേളകളിലൂടെയും, മേൽപ്പറഞ്ഞ സംരംഭങ്ങളിലൂടെയും ഈ ധനകാര്യ വർഷം അവസാനിക്കും മുമ്പ് മൂന്നുലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അടുത്ത അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതോടൊപ്പം അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് ബൃഹത്തായ പരിപാടി വിജ്ഞാന കേരളം വഴി ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് ദേശീയ ശരാശരിയുടെ പകുതിയായി താഴ്ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷേമപരിപാടികളിൽ യുവജനങ്ങൾക്ക് നൈപുണി പരിശീലന കാലത്ത് 1000 രൂപ സ്കോളർഷിപ്പ് നൽകുന്നത് ഈ കർമ്മപരിപാടി നടപ്പാക്കുന്നതിനു വലിയ പിന്തുണയാകും. തൊഴിൽ ഡയറക്ടറേറ്റ്, അസാപ്പ്, കെയ്സ് തുടങ്ങിയ എല്ലാ നൈപുണി വികസന ഏജൻസികളുടെയും പ്രവർത്തനം ഇതിനായി ഏകോപിപ്പിക്കും.

ഇവയോടൊപ്പം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പരമാവധി ആളുകൾക്ക് 100 ദിവസം തൊഴിൽ നൽകാൻ ശ്രമിക്കും. എന്നാൽ കേന്ദ്രസർക്കാർ തൊഴിലുറപ്പ് തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നതിന് കർശനമായ നിബന്ധനകൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ലഘൂകരിക്കുന്നതിന് യൂണിയൻ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തും. അതേസമയം നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തൊഴിലാളിയുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനു പ്രായോഗികമായ സമീപനം സ്വീകരിക്കും. നഗരങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുന്നതിനും മാനിഫെസ്റ്റോ ഉറപ്പുനൽകിയിട്ടുണ്ട്.

മാനിഫെസ്റ്റോയിലെ ഇരുപതുലക്ഷം തൊഴിൽപദ്ധതി സാധാരണക്കാരുടെ കുടുംബവരുമാനത്തിൽ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കും. ഒരു സ്ത്രീക്ക് ശരാശരി 10,000 രൂപ പ്രതിമാസ വരുമാനം കണക്കുകൂട്ടിയാൽപ്പോലും 24,000 കോടി രൂപയാണ് ഇതുവഴി സാധാരണക്കാരുടെ വീടുകളിൽ അധികവരുമാനമായി എത്തുക. അതോടൊപ്പം വീടിനുപുറത്ത് വേതനാധിഷ്ഠിത തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ മനോഭാവത്തിലും ബോധത്തിലും വലിയമാറ്റങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് വീടിനകത്തും വീടിനു പുറത്തും സ്ത്രീതുല്യതയുടെ ആദർശങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന്- ഉത്തേജകമാവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 3 =

Most Popular