കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക കാല്‍വെയ്പ് എന്ന നിലയിലാണ് 2016 ലെ ഒന്നാം പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷന്‍പദ്ധതി ആരംഭിക്കുന്നത്. ഇ എം എസിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവില്‍വന്ന 1957 ലെ ആദ്യ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ കുടിയിറക്കുനിരോധന നിയമം മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കി മാറ്റിയ ഏക വാസഗൃഹ ജപ്തിനിരോധനനിയമം വരെ നീളുന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ നിയമനിര്‍മ്മാണങ്ങള്‍. ഒരു തുണ്ടു ഭൂമിയും അതിലൊരു കൂരയും എന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളെ അവകാശമാക്കിമാറ്റിയ ധീരചുവടുവെപ്പുകളായി വേണം ഇതിനെ കാണാന്‍.
1996–2001ലെ നായനാർ സർക്കാരിന്റെ കാലത്താണ് ഇ.എം.എസ് സമ്പൂര്‍ണ്ണ പാര്‍പ്പിടപദ്ധതി നടപ്പിലാക്കിയത്. ദരിദ്രജനവിഭാഗങ്ങളിലെ മുഴുവൻ ഭവനരഹിതര്‍ക്കും വീടൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഈ പദ്ധതിയിലൂടെ 1,28,574 വീടുകൾ പൂര്‍ത്തീകരിക്കാൻ കഴിഞ്ഞുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. തദ്ദേശസ്ഥാപനങ്ങള്‍ സർക്കാർ ഗ്യാരന്റിയോടെ സഹകരണസ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് അതിന്റെ പലിശ സർക്കാർ നല്കുകയും മുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അടയ്ക്കുകയും ചെയ്യുകയെന്ന രീതിയിലാണ് പദ്ധതിക്കു വേണ്ട സാമ്പത്തികം കണ്ടെത്തിയത്. എന്നാല്‍ കാലാകാലങ്ങളിൽ ഭരണത്തിലിരുന്ന യുഡിഎഫ് സർക്കാർ ദരിദ്രജനവിഭാഗങ്ങളുടെ പാര്‍പ്പിടാവശ്യം മുന്‍നിര്‍ത്തിയുള്ള ഒരു പദ്ധതിയും ആവിഷ്കരിച്ചില്ലെന്നത് കേരളത്തിൽ പാര്‍പ്പിടരഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഇടവരുത്തി.
ഈ ഘട്ടത്തിലാണ് 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ അധികാരമേല്‍ക്കുന്നത്. നാളിതുവരെയുണ്ടായിരുന്ന വിവിധ ഭവനപദ്ധതികളുടെ പോരായ്മകള്‍ മനസ്സിലാക്കി കേരളത്തിലെ പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിന്- പദ്ധതി തയ്യാറാക്കുന്നതിനുള്ള തീരുമാനമെടുത്തു. അങ്ങനെയാണ് ഒരു പാര്‍പ്പിടപദ്ധതി എന്നതിലപ്പുറം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമഗ്രകാഴ്ചപ്പാടോടുകൂടിയ പാര്‍പ്പിടപദ്ധതി എന്ന നിലയിൽ ലൈഫ് മിഷന് രൂപംകൊടുക്കുന്നതിനും അതുവഴി കേരളത്തിലെ പാർപ്പിടപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനുമുള്ള ക്രിയാത്മക പദ്ധതി ആവിഷ്കരിച്ചത്.
LIFE പ്രതിനിധാനം ചെയ്യുന്നതുപോലെ- LIVELIHOOD AND FINANCIAL INCLUSION അര്‍ഹരായ മുഴുവൻ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ഭവനവും ഒപ്പം ജീവനോപാധികളും ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാടാണ് ലൈഫ് പദ്ധതിവിഭാവനം ചെയ്യുന്നത്. വിവിധ വകുപ്പുകള്‍ വഴി സർക്കാർ നടപ്പിലാക്കിയിട്ടുള്ള വിവിധ ഭവനപദ്ധതികളുടെ ഒട്ടേറെ ഗുണഭോക്താക്കൾ ഭവനനിര്‍മാണം ആരംഭിക്കുകയും എന്നാല്‍ നിര്‍മാണം പൂർത്തിയാക്കാൻ കഴിയാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഭവനനിര്‍മാണത്തിന് നല്കിയിരുന്ന ധനസഹായത്തിന്റെ കുറവുകാരണം പലപ്പോഴും കിട്ടുന്ന തുകകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കഴിയാതിരുന്ന പാവപ്പെട്ട ആളുകളായിരുന്നു ഏറെയും. അത്തരക്കാരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്. 52,680 വീടുകൾ ലൈഫ് ഒന്നാം ഘട്ടത്തിൽ പൂര്‍ത്തീകരിച്ചു. യൂണിറ്റ് കോസ്റ്റ് നാലു ലക്ഷം രൂപയായി ഉയർത്തി.
ഭൂമിയുള്ള ഭവനരഹിതരായവര്‍ക്ക്- വീട് ലഭ്യമാക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു ലൈഫ് രണ്ടാംഘട്ട പദ്ധതി.കുടുംബശ്രീ സംവിധാനം വഴിയും ജനപ്രതിനിധികള്‍ വഴിയും വിവരശേഖരണം നടത്തി തയ്യാറാക്കി കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ പരിശോധിച്ച് ഗ്രാമസഭകളുടെ അംഗീകാരത്തോടെ അന്തിമമാക്കിയ പ്രസ്തുത പട്ടികയിലുള്‍പ്പെട്ട മുഴുവൻ ഭവനരഹിതര്‍ക്കും ഭവനനിര്‍മ്മാണത്തിന് ആനുകൂല്യം നല്കി. അവയെല്ലാം ഇതിനകം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഭൂരഹിതരായവർക്ക് ഭൂമി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന പേരിൽ ഭൂദാന ക്യാമ്പയിൻ നടത്തി. എന്നാൽ അതുകൊണ്ടൊന്നും പര്യാപ്തമാകാതെ വന്നപ്പോൾ എൽഡിഎഫ് സർക്കാർ ഭവന സമുച്ചയങ്ങൾ പണിത് ഭൂരഹിതർക്ക് വീടൊരുക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി ഭവനസമുച്ചയങ്ങൾ പണിതൊരുക്കിയിട്ടില്ല. അതുപോലെ തന്നെ തീരദേശ നിവാസികൾക്ക് വീടൊരുക്കുന്നതിന് പുനർഗേഹം പദ്ധതി നടപ്പിലാക്കി. മുട്ടത്തറയിൽ മത്സ്യതൊഴിലാളികൾക്ക് പുനർഗേഹം സ്കീമിൽ 332 ഫ്ളാറ്റാണ് പൂർത്തീകരിച്ചത്. ഈ പദ്ധതിയിൽ 1682 വീടുകൾ പൂർത്തീകരിക്കാനായി.
വയനാട് ചൂരൽമലയിലും മുണ്ടക്കെെയിലുമടക്കം ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലുമായി ജീവിതം തള്ളി നീക്കുന്നവർക്ക് സ്ഥലവും വീടും ടൗൺഷിപ്പും സർക്കാർ ഒരുക്കുകയാണ്. അതിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
പദ്ധതി ഇപ്പോൾ 4–ാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 5,95,536 കുടുംബങ്ങൾക്കുൾപ്പടെ മൊത്തം 5,98,102 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 4,71,442 വീടുകളുടെ പണി പൂർത്തിയാക്കി. 1,26,660 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. നിലവിൽ 5.29 ലക്ഷം വീടുകൾ എന്ന ലെെഫ് മിഷന്റെ ലക്ഷ്യം 2025–26ൽ മറികടക്കും. എങ്കിലും നിലവിലെ ലിസ്റ്റിൽപെടാത്ത ഭവനരഹിതരുണ്ടെങ്കിൽ അർഹതപ്പെട്ട എല്ലാവർക്കും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വീട് നൽകും. ലെെഫ് ഭവന പദ്ധതിക്കുവേണ്ടി ഇതുവരെ 18,288 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 2,081 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം. ഒരു വീടിന്, പട്ടിക വർഗക്കാർക്ക് 6 ലക്ഷം രൂപയും അല്ലാത്തവർക്ക് 4 ലക്ഷം രൂപയുമാണ് നൽകുന്നത്. ഇന്ത്യയിൽ, മറ്റൊരു സംസ്ഥാനത്തും ഇതിന്റെ പകുതി തുക പോലും നൽകുന്നില്ല. l



