ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 25.80 സ്കോറോടുകൂടി നാണക്കേടിന്റെ 102–ാമത്തേതാണ്. ഈ കണക്കുകൂട്ടലിൽ വ്യവസായവത്-കൃത ധനികരാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. അവരെയും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം 120 ലേക്ക് താഴും.
പട്ടിണിയെന്നു പറയുമ്പോൾ ഭക്ഷണം ലഭിക്കാത്ത അവസ്ഥമാത്രമാണെന്ന് കരുതരുത്. അതിനോടൊപ്പം പോഷകാഹാരനിലയും കൂടി കണക്കാക്കും. അതോടൊപ്പം പ്രായത്തിനനുസരിച്ചുള്ള വളർച്ച കുട്ടികൾക്കുണ്ടോ, ഉയരത്തിനനുസരിച്ചുള്ള തൂക്കമുണ്ടോ, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് എത്രയാണ്, എന്നീ കണക്കുകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ആഗോള പട്ടിണി സൂചികയുണ്ടാക്കുന്നത്.
ഇതേ മാനദണ്ഡങ്ങളുപയോഗിച്ച് കേരളത്തിന്റെ പട്ടിണി സൂചികയുടെ സ്കോർ കണക്കാക്കിയാൽ അത് 8.15 ആണ്. ഇന്ത്യ ഗുരുതര പട്ടിണി അവസ്ഥയിലുള്ള രാജ്യമാണെങ്കിൽ, കേരളം താഴ്ന്ന പട്ടിണി രാജ്യങ്ങളുടെ ഗ്രൂപ്പിലേ വരൂ. കേരളത്തിന്റെ സ്ഥാനം 25–30 റാങ്കുകളിൽ വരുന്ന രാജ്യങ്ങൾക്കൊപ്പം ആയിരിക്കും.
കേരളം എങ്ങനെ ഈ സ്ഥാനം നേടി? അതിനടിസ്ഥാന കാരണം ഉയർന്ന സാക്ഷരതയും ആരോഗ്യ പരിരക്ഷയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ്. അതോടൊപ്പം കേരളത്തിൽ നിലനിൽക്കുന്ന സുശക്തമായ പൊതുവിതരണ സംവിധാനവും, സ്‌കൂൾ ഉച്ചഭക്ഷണവും, അങ്കണവാടികളിലെ മെച്ചപ്പെട്ട പോഷകാഹാര പരിപാടിയും ഈ നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ചൈനയുടെ പട്ടിണി സ്‌കോർ 6.1 ആണ്. റാങ്ക് ലോകത്ത് ആറാമത്തേതും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ പറയുന്നത്. ‘സംസ്ഥാനത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും’ എന്നാണ്. ചൈനയിലെ പോലെ പ്രായോഗികമായി പട്ടിണി തുടച്ചുമാറ്റുവാൻ നമുക്കുമാവണം.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു സമഗ്രമായ പരിപാടി മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുന്നു. പോഷകാഹാര സമൃദ്ധ ഭക്ഷണം അങ്കണവാടികളിലും, സ്കൂളുകളിലും ഉറപ്പാക്കും. കൊച്ചി കോർപ്പറേഷൻ ആരംഭിച്ച സമൃദ്ധിയുടെ മാതൃകയിൽ എല്ലാ നഗരങ്ങളിലും ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. വീടുകളിലേക്ക് മുൻകൂട്ടി ഓർഡർ ചെയ്ത മെനു പ്രകാരമുള്ള ചെലവു കുറഞ്ഞ നല്ല ഭക്ഷണം നല്കുന്നവയായി ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്തും. പൊതു അടുക്കളകളെ പ്രോത്സാഹിപ്പിക്കും. പൊതുവിതരണം ശക്തിപ്പെടുത്തും.
ഇപ്പോൾത്തന്നെ പല സ്‌കൂളുകളിലും പ്രഭാതഭക്ഷണവും കൂടി നൽകുന്നുണ്ട്. പാലും, മുട്ടയും ഇലക്കറികളും ഭക്ഷണത്തോടൊപ്പം അങ്കണവാടികളിലും നൽകുന്നുണ്ട്. അവ കൂടുതൽ പോഷകാഹാര സമൃദ്ധമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ഒരു അപൂർവ്വ മാതൃകയായി വളർന്നിട്ടുണ്ട്. ഇതുപോലെ ഓരോ പ്രദേശത്തെയും ജനകീയ കൂട്ടായ്മകളുടെ പരിശ്രമത്തിൽ ആരും പട്ടിണികിടക്കില്ല എന്ന് ഉറപ്പു വരുത്താനാവണം. മാരാരിക്കുളം, ചേർത്തല പ്രദേശത്ത് കഴിഞ്ഞ 6–7 വർഷമായി നിരാലംബരുടെയും, കിടപ്പുരോഗികളുടേതുമായ 600–- 700 വീടുകളിൽ മുടക്കമില്ലാതെ ഉച്ചഭക്ഷണം എത്തിക്കുന്ന അനുഭവവും നമുക്കുണ്ട്.
കുട്ടികളുടെ പോഷകാഹാരനില തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ തുടർച്ചയായി അവലോകനം ചെയ്യുകയും പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യും. നമ്മൾ ഒത്തുപിടിച്ചാൽ ഏറ്റവും താഴ്ന്ന പട്ടിണിയുള്ള ചൈന പോലുള്ള രാജ്യങ്ങൾക്കൊപ്പം കേരളത്തെയും മാറ്റിയെടുക്കാനാവും. l



