Saturday, December 6, 2025

ad

Homeകവര്‍സ്റ്റോറിഎല്ലാവർക്കും ചികിത്സ

എല്ലാവർക്കും ചികിത്സ

ആര്യ ജിനദേവൻ

ന്ത്യയുടെ തെക്കേ അറ്റത്തുള്ള നമ്മുടെ ഈ കൊച്ചുകേരളം ആരോഗ്യമേഖലയിലെ നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തിനാകെ മാതൃകയാവുകയാണ്. ശിശുമരണനിരക്കും മാതൃമരണനിരക്കും കുറഞ്ഞ, ഉയർന്ന ആയുർദെെർഘ്യമുള്ള സമൂഹമായി കേരളം മാറിയിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങൾ മാത്രമല്ല, വികസിത ലോക രാജ്യങ്ങളടക്കം കേരളത്തെ ഉറ്റുനോക്കുന്നു. ഏറ്റവും ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ള ചെെനയുടെയും ക്യൂബയുടെയും വിയറ്റ്നാമിന്റെയും ആരോഗ്യമേഖലയ്ക്കു തത്തുല്യമായ നിലയിലേക്ക് കേരളത്തിന്റെ ആരോഗ്യമേഖല ഉയർന്നിരിക്കുന്നു.

ആയുർദെെർഘ്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം (പു–71.9, സ്ത്രീ –78). കേരളത്തിലെ ശിശുമരണനിരക്ക് (IMR) ആയിരത്തിന് 5 ആയിരിക്കുമ്പോൾ അമേരിക്കയിലേത് 5.6 ആണ്. മാതൃമരണനിരക്ക് കേരളത്തിൽ 18 ആയിരിക്കുമ്പോൾ അമേരിക്കയിൽ 22.3 ആണ്. എന്നാൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ അമേരിക്കയുടെ ഇരുപതിലൊന്ന് മാത്രമാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനം എന്നതും കണക്കിലെടുത്തുകൊണ്ടുവേണം ഈ മഹത്തായ നേട്ടത്തെ നോക്കിക്കാണാൻ. മാത്രമല്ല, ഒറ്റ അക്ക ശിശുമരണ നിരക്കുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാണ് കേരളം.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ശിശുമരണ നിരക്ക് 1000ന് 10ഉം മാതൃമരണനിരക്ക് 43ഉം ആയിരുന്നു. അവിടെനിന്നാണ് 10 വർഷം കൊണ്ട് നാം ഈ നേട്ടം കെെവരിച്ചത്. ഇന്ന് സംസ്ഥാനത്തെ നവജാത ശിശുക്കളുടെ മരണനിരക്ക് (NNMR) 4 ആണ് – ദേശീയ ശരാശരി (20)യുടെ അഞ്ചിലൊന്ന്. ഇത് വെറും കണക്കുകളല്ല; സമഗ്രമായ മാറ്റമാണ് നമ്മുടെ പൊതുജനാരോഗ്യരംഗത്ത് ഇക്കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ് സർക്കാർ സാധ്യമാക്കിയത്.

എന്തായിരുന്നു പത്തുകൊല്ലത്തിനുമുൻപത്തെ കേരളത്തിലെ ആരോഗ്യരംഗം? ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. ഒപി കൗണ്ടറുകളിൽ ടിക്കറ്റു കിട്ടാതെ പലർക്കും തിരിച്ചുപോകേണ്ടിവരുന്നത്ര തിരക്ക്, ആവശ്യത്തിന് ഡോക്ടർമാരില്ലായിരുന്നു, സ്പെഷ്യലെെസ്ഡ് ഡോക്ടർമാരെ കാണണമെങ്കിൽ ജില്ലാശുപത്രിയിലോ മെഡിക്കൽ കോളേജിലോ തന്നെ പോകണം, മതിയായ ജീവനക്കാരോ മരുന്നുകളോ ലാബ് സംവിധാനമോ ഇല്ല, ഡോക്ടർമാരെ കാണുന്നതിന് വരിനിന്ന് വരിനിന്ന് തളർന്നുവീഴുന്ന രോഗികൾ, പൊളിഞ്ഞുവീഴാറായ പഴയ ആശുപത്രി കെട്ടിടങ്ങൾ…. ഈ സ്ഥിതിക്കാണ് കഴിഞ്ഞ പത്തുകൊല്ലംകൊണ്ട് സമഗ്രമായ മാറ്റമുണ്ടായത്. അത് ഇച്ഛാശക്തിയും ജനങ്ങളോട് കരുതലുമുള്ള ഇടതുപക്ഷ സർക്കാർ നടത്തിയ ബദൽ വികസന പരിപ്രേക്ഷ്യത്തിന്റെ സൃഷ്ടിയാണ്.

ആർദ്രം മിഷൻ
ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങളും ചികിത്സയും സർക്കാർ ആശുപത്രി വഴി നൽകുന്നതിന് ആർദ്രം മിഷൻ പദ്ധതി ആരംഭിച്ച് നടപ്പാക്കി. ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനും പരമാവധി ആരോഗ്യ സുരക്ഷ ജനങ്ങൾക്ക് ഉറപ്പാക്കുന്നിനുംവേണ്ട നയപരിപാടികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് സമയബന്ധിതമായും ചിട്ടയോടെയും നടപ്പിലാക്കി. സംസ്ഥാനത്തെ 80 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടുനേരം ഒപിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. അവിടങ്ങളിൽ ഒപി സൗകര്യം വെെകിട്ട് ആറുവരെ നീട്ടി. പ്രീ ചെക്കപ്പ് സൗകര്യങ്ങൾ, സമ്പൂർണ്ണ മാനസികാരോഗ്യ പ്രോഗ്രാം, ലബോറട്ടറി സൗകര്യങ്ങൾ, ജീവിതശെെലീ രോഗ ക്ലിനിക്ക് എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കി.

ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസിനെ നിയന്ത്രിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രം മുതൽ ‘‘ശ്വാസ്’’ (SWASS) പരിപാടി നടപ്പിലാക്കി. പ്രാഥമിക ചികിത്സയിൽ ‘ആശ്വാസം’ എന്ന പേരിൽ വിഷാദരോഗ മാനേജ്മെന്റ് സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 2017 ഏപ്രിൽ മുതൽ 2024 നവംബർ 15 വരെയുള്ള 1,80,086 കേസുകൾ പരിശോധിച്ചതിൽനിന്നും 25,017 പോസിറ്റീവ് കേസുകൾ കണ്ടെത്തി. ജീവിതശെെലീരോഗങ്ങൾ കണ്ടുപിടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ‘ശെെലി’ എന്ന ആൻഡ്രോയ്ഡ് ആപ്പ് 2022 മുതൽ സർക്കാർ ആരംഭിച്ചു. ഇ – ഹെൽത്ത് സംരംഭത്തിനുകീഴിൽ സജ്ജീകരിച്ച ഈ ആപ്പ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുന്നു. ഡയാലിസിസ് കൂടുതൽ രോഗീസൗഹൃദമാക്കുന്നതിന് എൽഡിഎഫ് സർക്കാർ 14 ജില്ലകളിലും CAPD ക്ലിനിക്കുകൾ സ്ഥാപിച്ചു.

15–55 വയസ്സിനിടയ്ക്ക് പ്രായമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും അനീമിയ പരിശോധന, ചികിത്സ, ബോധവൽക്കണം എന്നിവ നൽകുന്നതിനായി വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) പദ്ധതിയ്ക്ക് സർക്കാർ 2023ൽ തുടക്കംകുറിച്ചു. സംസ്ഥാന ആരോഗ്യ – കുടുംബക്ഷേമ വകുപ്പും വനിത – ശിശുവികസന വകുപ്പും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുപുറമെ സമ്പൂർണ്ണ മാനസികാരോഗ്യം, സ്ട്രോക്ക് മാനേജ്മെന്റ്, കിടപ്പുരോഗികൾക്ക് പെെപ്പ് ലെെനിലൂടെ ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള ‘പ്രാണ’ പദ്ധതി എന്നിവയെല്ലാം ഇടതുപക്ഷ സർക്കാർ ആരോഗ്യരംഗത്തു നടത്തിയ ജനകീയമായ ഇടപെടലിന്റെ അടയാളങ്ങളാണ്. 2018ൽ നിപ വെെറസും 2020ൽ കോവിഡും സംസ്ഥാനത്ത് വ്യാപകമായപ്പോൾ അതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് സർക്കാരും ആരോഗ്യമേഖലയും നടത്തിയ അനിതരസാധാരണമായ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടി.

മെഡിക്കൽ കോളേജുകളിൽ ഒപി രജിസ്ട്രേഷൻ കൗണ്ടറുകൾ, രോഗികൾക്ക് കാത്തിരിപ്പിനുള്ള സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, ടോയ്ലറ്റ് നിർമ്മാണം, എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കും ഒപി മുറികൾ, സിഗ്നേജുകൾ, ടിവി ഡിസ്-പ്ലേ ബോർഡ്, ഇരിപ്പിടങ്ങൾ, എയർ കണ്ടീഷണറുകൾ എന്നീ സൗകര്യങ്ങൾ പരമാവധി നിലനിർത്തിക്കൊണ്ടുപോകാൻ ആവശ്യമായ സ്റ്റാ-ഫുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കി. കേരളത്തിന് അത്ര സുപരിചിതമല്ലാതിരുന്ന കാത്ത് ലാബുകൾ, ഇ – ഹെൽത്ത് എന്നിവയെല്ലാം കേരളത്തിലെ മിക്കവാറും എല്ലാ സർക്കാർ ആശുപത്രികളിലും സജ്ജീകരിച്ചു. 41,99,233 പേരാണ് കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായത്. അവരിൽ 3,65,292 പേർക്ക് സംസ്ഥാന സർക്കാരിന്റെ ഈ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സഹായം നൽകുകയും ചെയ്തു.

അതുപോലെ തന്നെ ഒരു കുഞ്ഞ് ജനിച്ച് രണ്ട് – മൂന്ന് ദിവസത്തിനകം ആ കുഞ്ഞിന്റെ തലച്ചോർ, ഹൃദയം എന്നു തുടങ്ങി എല്ലാ അവയവങ്ങളും ആരോഗ്യകരമാണോ എന്നും സംസാര വെെകല്യം, കേൾവിക്കുറവ് എന്നിവ പോലെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കുഞ്ഞിനുണ്ടോ എന്നും കണ്ടുപിടിക്കുന്നതിന് നമ്മുടെ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിരിക്കുന്ന പരിശോധനാ സംവിധാനം അത്രമേൽ വിപുലവും ശക്തവുമാണ്. നമ്മുടെ ശിശുമരണനിരക്ക് അമേരിക്കയെക്കാൾ കുറവായിരിക്കുന്നതിന് അതും ഒരു കാരണമാണ്. സമഗ്രമായ വാക്സിനേഷൻ പരിപാടിയും സർക്കാർ നടപ്പാക്കി വരുന്നു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സമഗ്രമായ ഇ – ഹെൽത്ത് പദ്ധതി നടപ്പിലാക്കിയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മാതൃകയായി. 2,59,55,998 ആളുകളുടെ ഡാറ്റാബേസ് ശേഖരിച്ച് ഇലക്ട്രോണിക് റിക്കാർഡുകളാക്കി സൂക്ഷിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.

എല്ലാത്തിലുമുപരി, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സർക്കാർ ആശുപത്രി കെട്ടിടങ്ങളാണ് കേരളത്തിലങ്ങോളം മാറ്റത്തിന്റെ ദിശാസൂചികയായി ഉയർന്നുനിൽക്കുന്നത്. ഈ മാറ്റത്തിന്റെ കർത്താക്കൾ പത്തുവർഷക്കാലത്തെ എൽഡിഎഫ് സർക്കാരാണെന്ന് നമുക്ക് ഉറപ്പിച്ചുപറയാനാകും. അതുകൊണ്ടുതന്നെ ഈ മാറ്റത്തിന്റെ തുടർച്ചയ്ക്ക് എൽഡിഎഫി ന്റെ തുടർഭരണവും അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular