പശ്ചാത്തല സൗകര്യ വികസനത്തിൽ ഏതാണ്ട് 10000 കോടിയോളം രൂപ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ആയിരക്കണക്കിന് സ്കൂളുകളിൽ പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ആധുനിക ലബോറട്ടറികൾ, ലെെബ്രറികൾ, കളിസ്ഥലങ്ങൾ എന്നിവയെല്ലാം സജ്ജമാക്കാൻ കഴിഞ്ഞു. എല്ലാ എൽപി, യുപി, ഹെെസ്കൂളുകളിലും ഹെെടെക് ലാബുകൾ സ്ഥാപിച്ചു. സെക്കൻഡറി, ഹയർ സെക്കൻഡറി ക്ലാസുകളിലെല്ലാം ആധുനിക സാങ്കേതിക വിദ്യാ സങ്കേതങ്ങൾ സ്ഥാപിച്ചു. ഇന്ന് കേരളത്തിലെ സർക്കാർ സ്കൂളുകൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ ഉയർന്ന നിലയിലാണ്. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വിദ്യാലയങ്ങൾക്കുപോലും സാധിക്കാത്ത സൗകര്യങ്ങളാണ് ഇവിടെ സർക്കാർ സ്കൂളുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് ആരും സമ്മതിക്കും. കിഫ്ബി വഴിയും മറ്റു സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചുമാണ് വിപ്ലവകരമായ ഈ നേട്ടം സംസ്ഥാനം കെെവരിച്ചത്.
2021 മുതൽ 2025 വരെയുള്ള കാലയളവിൽ തന്നെ വിദ്യാഭ്യാസ വകുപ്പിൽ 80,887 അധ്യാപക – അനധ്യാപക നിയമനങ്ങൾ എൽഡിഎഫ് സർക്കാർ നടത്തി.
അധ്യാപകരാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ല് എന്ന തിരിച്ചറിവോടെ അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് സർക്കാർ മുന്തിയ പ്രാധാന്യമാണ് നൽകുന്നത്. പുതിയതായി നിയമിക്കപ്പെട്ടവർക്കു മാത്രമല്ല, നിലവിലുള്ള എല്ലാ അധ്യാപകർക്കും കാലത്തിനനുസരിച്ചുള്ള പരിശീലനം നൽകിവരുന്നു.
ഗുണമേന്മാ വിദ്യാഭ്യാസത്തിനാണ് വിദ്യാകിരണം മിഷൻ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ഊന്നൽ നൽകിയത്. വിദ്യാകിരണം മിഷൻ അതിന്റെ രണ്ടാം ഘട്ടമാണ്. അക്കാദമിക മികവുയർത്തുകയാണ് ഈ മിഷന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി അധ്യാപകർക്ക് പരിശീലനം, പാഠ്യപദ്ധതി പരിഷ്കരണം, മൂല്യ നിർണയ രീതികളിൽ കാലോചിതമായ മാറ്റം, ഡിജിറ്റൽ ഉള്ളടക്ക വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ജീവിതരീതിയേയും ജീവിതശീലങ്ങളെയും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ അഭിമുഖീകരിക്കുന്നതിനായി ശുചിത്വ വിദ്യാലയം, ഹരിത വിദ്യാലയം, സുരക്ഷിത വിദ്യാലയം എന്ന ക്യാമ്പയിനും വിദ്യാകിരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
പാഠപുസ്തകങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നത് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് അനിവാര്യമാണ്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരിൽ നിന്നെല്ലാം അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് മാതൃകാപരമായ ജനാധിപത്യ സമീപനത്തിലൂടെയാണ് പാഠ്യപദ്ധതി എൽഡിഎഫ‍് സർക്കാർ പരിഷ്കരിച്ചത്. അറിവ് നിർമാണത്തിന് ഊന്നൽ നൽകുന്ന, വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന, ലിംഗനീതിയും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പാഠ്യപദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചത്. കേരളത്തിന്റെ തനത് അറിവുകൾക്കും ചരിത്രത്തിനും പ്രാധാന്യം നൽകാനും സർക്കാർ മുൻഗണന നൽകി. ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു.
മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് അധ്യാപകരെ പരിശീലിപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ പാഠപുസ്തകങ്ങൾ പുതിയ പഠനരീതിയാണ് മുമ്പോട്ടുവെക്കുന്നത്. അധ്യാപകർ യാന്ത്രികമായി പഠിപ്പിക്കാതെ, കുട്ടികളുടെ നെെസർഗികശേഷിയേയും അവർ നേടിയ അറിവിനെയും അടുത്ത തലമുറയിലേക്ക് വളരാൻ സഹായിക്കുകയും അതുവഴി അവരെ അറിവുകളുടെ നിർമാതാക്കളാക്കി മാറ്റുകയും ചെയ്യുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഈ ലക്ഷ്യം നേടുന്നതിനായി സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് അധ്യാപകർക്കാണ് പരിശീലനം നൽകിയത്. വിദ്യാഭ്യാസ നിലവാരം ഇനിയും കൂടുതൽ ഉയർത്തും എന്ന പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നത് പാലിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
ഇന്ത്യയിൽ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. ദേശീയതലത്തിൽ 30%ത്തിലധികം കുട്ടികൾ പത്താം ക്ലാസിൽ പോലും എത്തുന്നില്ല. എന്നാൽ കേരളത്തിൽ ഏതാണ്ട് എല്ലാ കുട്ടികളും പന്ത്രണ്ടാം ക്ലാസ് വരെയെത്തുന്നു. അതിന് നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യമാണ് മുഖ്യ പങ്കുവഹിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല. നമ്മുടെ വിദ്യാർഥികളുടെ വിജയശതമാനം 99 ശതമാനത്തിന് മുകളിലാണ്. ചിലർ അതിന്റെ പേരിൽ മൂല്യനിർണയ രീതിയെ വിമർശിക്കുന്നുണ്ട്. എന്നാൽ ഈ വിമർശനം തികച്ചും അടിസ്ഥാനരഹിതമാണ്. ദേശീയതലത്തിൽ വിജയശതമാനം 88–89% ആണ്. കേരളത്തിലെ ഉയർന്ന വിജയശതമാനം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മികവാണ് വെളിവാക്കുന്നത്. അല്ലാതെ മൂല്യനിർണയത്തിന്റെ നിലവാരത്തകർച്ചയല്ല.
വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർമൂല്യനിർണയത്തിലൂടെയും പഠനത്തിനു പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകുന്ന പദ്ധതികളിലൂടെയും എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം നൽകുന്നു.
എട്ടാം ക്ലാസിലാണ് മിനിമം മാർക്ക് ആദ്യമായി നടപ്പാക്കിയത്. ഈ വർഷം 5 മുതൽ 9 വരെ എല്ലാ ക്ലാസുകളിലും ഇത് നടപ്പാക്കുന്നുണ്ട്. മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് അധിക പഠന പിന്തുണ നൽകുന്നു. പൊതുസമൂഹത്തിൽനിന്നും അധ്യാപകരിൽനിന്നും വലിയ പിന്തുണയാണ് അതിനു ലഭിക്കുന്നത്. ഓരോ ക്ലാസിലും ആർജിക്കേണ്ട മിനിമം ശേഷി വിദ്യാർഥികൾ ഉറപ്പുവരുത്താനാണ് മിനിമം മാർക്ക് സമ്പ്രദായം സർക്കാർ കൊണ്ടുവന്നത് എന്ന തിരിച്ചറിവിൽനിന്നാണ് വ്യാപകമായി ലഭിക്കുന്ന ഈ പിന്തുണ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിടിഎകളുടെയും പിന്തുണയോടെ വിപുലമായ പഠന പിന്തുണാ പ്രസ്ഥാനം സൃഷ്ടിക്കുമെന്ന് പ്രകടനപത്രികയിൽ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദേശീയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിലും അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തെ ഒന്നാം സ്ഥാനത്തേക്കുയർത്തും എന്ന എൽഡിഎഫിന്റെ വാഗ്ദാനം ഫലവത്താകുമെന്ന കാര്യത്തിൽ സംശയമില്ല. l



