Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിവളരുന്ന നഗരങ്ങളും കേരളത്തിന്റെ വികസനവും

വളരുന്ന നഗരങ്ങളും കേരളത്തിന്റെ വികസനവും

ഗ്രാമ നഗര വ്യത്യാസമില്ലാതെ കേരളം അതിവേഗം വലിയൊരു നഗരമായി മാറുകയാണ്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞ സവിശേഷമായ ഈ ഘടന നമ്മുടെ സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ഗതിവേഗം കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. സെന്‍സസ് കണക്കുകളനുസരിച്ച്, 2001 നും 2011 നും ഇടയിൽതന്നെ കേരളത്തിലെ നഗര ജനസംഖ്യ ഗണ്യമായി വളർന്നിരുന്നു. നഗര ജനസംഖ്യയുടെ അനുപാതം ഈ കാലയളവില്‍ 25.96 ശതമാനത്തില്‍ നിന്ന് 47.72 ശതമാനമായാണ് വർദ്ധിച്ചത്. നിലവിലുള്ള വളർച്ച തുടര്‍ന്നാല്‍ 2036 ആകുമ്പോഴേക്കും ജനസംഖ്യയുടെ 96.43 ശതമാനവും നഗരപ്രദേശങ്ങളിൽ താമസിക്കുമെന്നാണ് പ്രവചനം.

കേരളത്തിലെ വികസനം സംബന്ധിച്ച ചര്‍ച്ചകളുടെ മുഖ്യപ്രമേയമായി നഗരവല്‍ക്കരണം മാറിക്കഴിഞ്ഞിരിക്കുന്നു. നാം ഇതുവരെ തുടര്‍ന്നുവന്ന വികസനാസൂത്രണ മാതൃകയില്‍നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ നാം നിര്‍ബന്ധിതരാവുകയാണ്. അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിനുള്ള സാങ്കേതിക ജ്ഞാനവും ശാസ്ത്രീയ സമീപനവുമാണ് ഭാവിയിലെ തദ്ദേശ ഭരണകൂടങ്ങളില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. ഇത് നിര്‍വഹിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കണം.

ഇന്ത്യയിലെ വന്‍ നഗരങ്ങളുടെ അതേ മാതൃകയിലുള്ള നഗര വളര്‍ച്ചയല്ല കേരളത്തിലുള്ളത്. കേരളത്തിലെ സവിശേഷതകള്‍ പരിഗണിച്ചുകൊണ്ടുള്ള വ്യത്യസ്തമായൊരു നഗരവല്‍ക്കരണ മാതൃകയാണ് നമുക്ക് സ്വീകാര്യമായിട്ടുള്ളത്. നഗരത്തോടനുബന്ധിച്ചുള്ള നഗരവല്‍കൃത പ്രദേശങ്ങള്‍ ചേര്‍ന്ന ‘നഗര സമുച്ചയങ്ങളുടെ’ (Urban Agglomerations) ആസൂത്രണത്തിനു പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഏറ്റെടുക്കാനാവും.

പൊതു ആവശ്യങ്ങളായ ഗതാഗത സൗകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഭൂമി ലഭ്യമാക്കുക, അടിക്കടിയുണ്ടാകുന്ന പ്രളയമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ പ്രതിരോധിക്കാനുള്ള പാരിസ്ഥിതിക എഞ്ചിനീയറിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് വളരെ സൂക്ഷ്മമായ ഭൂവിനിയോഗ പദ്ധതികള്‍ ഓരോ നഗര സമുച്ചയങ്ങളിലും തയ്യാറാക്കാന്‍ കഴിയും. ഒതുക്കമുള്ള, വൃത്തിയും കാര്യക്ഷമതയുമുള്ള നഗര വികസന മാതൃകകളെക്കുറിച്ചാണ് നമുക്ക് ആലോചിക്കേണ്ടത്.

വികേന്ദ്രീകൃത ആസൂത്രണ സംവിധാനം നിലവിലുള്ള കേരളത്തിൽ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭരണം ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ ഭരണസംവിധാനത്തിൽനിന്ന് വ്യത്യസ്തമാണ്. വന്‍ നഗരങ്ങളുടെ വികസനാസൂത്രണം സംബന്ധിച്ച്, കൂടുതല്‍ പണവും സാമ്പത്തികാധികാരങ്ങളും സാങ്കേതിക പരിജ്ഞാനമുള്ളവരും ആവശ്യമാണ്. നഗര പശ്ചാത്തല സൗകര്യ വികസനം, സ്ഥാനീയ ആസൂത്രണം, സാമ്പത്തിക മാനേജ്മെന്റ്, പ്രാദേശിക സാമ്പത്തിക വികസനം, മാലിന്യ നിര്‍മാര്‍ജനമുള്‍പ്പെടെയുള്ള പൗര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച ആധുനിക പ്രവണതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടൂള്ള നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ കഴിയും. സംരംഭകത്വവും പ്രാദേശിക സാമ്പത്തിക വികസനവും ത്വരിതപ്പെടുത്തുന്നതിന് മുനിസിപ്പല്‍ ലൈസന്‍സിംഗ് ചട്ടങ്ങള്‍ പരിഷ്കരിച്ചത് ഈ ദിശയിലേക്കുള്ള ഒരു പുതിയ കാല്‍വയ്പാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളൂടെ സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊര്‍ജ്ജിതമാക്കാനാകും. പുതിയ ധന സ്രോതസ്സുകളും പുതിയ മാർഗങ്ങളും കണ്ടെത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനസ്ഥിതി മെച്ചപ്പെടുത്തുവാനും കഴിയും. ദീര്‍ഘകാല ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഭാവിയില്‍ ശാസ്ത്രീയമായ സാമ്പത്തികാസൂത്രണം നടത്താന്‍ നഗര തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് പ്രാപ്തിയുണ്ടാകും. സ്ഥലപരമായ ആസൂത്രണത്തിന്റെ സാദ്ധ്യതകള്‍ നഗരാസൂത്രണത്തിലും വികസനത്തിലും നഗര ഭരണ പരിപാലനത്തിലും വന്‍തോതില്‍ നമുക്ക് ഉപയോഗിക്കാനാവും. ഭാവിയിലെ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് GIS, AI എന്നീ സാങ്കേതികവിദ്യകള്‍ വിപുലമായി ഉപയോഗിക്കേണ്ടിവരും.

പൗരസേവനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഡിജിറ്റലാക്കിയ സംസ്ഥാനമാണ് കേരളം. സ്വമേധയാ പൗരരോട് മുന്‍കൂട്ടി സംവദിക്കുകയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുകയും ചെയ്യുന്ന സംവേദനക്ഷമതയുള്ള (interactive and predictive) ഇ- – ഗവേണന്‍സിലേക്ക് അതിവേഗം മാറാന്‍ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.

നഗരവൽക്കരണം സാമ്പത്തിക വികസനത്തിന് ആക്കംകൂട്ടുന്ന ചാലകശക്തിയായാണ് പരിഗണിക്കപ്പെടുന്നത്. കൂടുതല്‍ മൂലധന നിക്ഷേപം, വാണിജ്യ പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ് നഗരങ്ങള്‍. കേരളം കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ കൈവരിച്ച സാമ്പത്തിക വളര്‍ച്ചയുടെ ആവേഗം നിലനിര്‍ത്തുന്നതിനുള്ള കൃത്യമായ ആസൂത്രണം നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആവശ്യമാണ്. കേരളത്തിലെ നഗരങ്ങളെ മാത്രമല്ല, ഗ്രാമപ്രദേശങ്ങളെയും ചെറുപട്ടണങ്ങളെയും കേന്ദ്രീകരിച്ചുമുള്ള സംരംഭങ്ങളും വാണിജ്യ പ്രവര്‍ത്തനങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. റോഡുകളുടെയും വിവരവിനിമയ സൗകര്യങ്ങളുടെയും വികസനം പൂര്‍ണ്ണമായി വിനിയോഗിക്കുന്നതിന് ഇത്തരത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്.

ഓരോ നഗരത്തിന്റെയും വികസന സാധ്യതകൾ കണ്ടെത്തി അവിടെ കൂടുതൽ മൂലധന നിക്ഷേപവും തൊഴിലും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പ്രത്യേക ഗ്രാമ- നഗര വ്യവസ്ഥയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ഉല്‍പാദന സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഹബ് ആന്‍ഡ് സ്പോക്ക് മാതൃക വികസിപ്പിക്കാന്‍ കഴിയും. വിദൂര വർക്ക് സ്പേസ് പ്രോജക്ടുകൾ, ചെറുപട്ടണങ്ങളിൽ സ്ഥാപിക്കപ്പെട്ട ഇൻഫർമേഷൻ ടെക്നോളജി പാർക്കുകൾ എന്നിവ വിപുലമാകും. ഒന്നിലധികം നഗര കേന്ദ്രങ്ങളില്‍ പരന്നുകിടക്കുന്ന വളര്‍ച്ചാ കേന്ദ്രങ്ങള്‍ എന്ന ആശയവും പ്രാവര്‍ത്തികമാണ്. കൊച്ചി-–പാലക്കാട് വ്യവസായ കോറിഡോര്‍ പോലെയുള്ള പദ്ധതികള്‍ നഗരവല്‍ക്കരണത്തിന്റെ ഫലമായുള്ള സാമ്പത്തിക വളര്‍ച്ചക്ക് ആക്കംകൂട്ടൂം.

പ്രാദേശിക വികസനം ത്വരിതപ്പെടുത്താന്‍ തെരഞ്ഞെടുക്കപ്പെട്ട നഗര ബിസിനസ് കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കാവുന്നതാണ്. നഗരങ്ങളിലെ ബഹുമുഖമായ സാമ്പത്തിക വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ കൗണ്‍സിലിന് കഴിയും. വികസനാവകാശം കൈമാറ്റം (Transfer of Development Rights), ഭൂമി സമാഹരണം (Land Pooling) എന്നിങ്ങനെയുള്ള നഗര വികസന മാതൃകകള്‍ കേരളത്തിനനുയോജ്യമായ വിധത്തില്‍ പുനരാവിഷ്കരിക്കാനും നമുക്ക് സാധിക്കും.

ജനപങ്കാളിത്തത്തോടെ മാസ്റ്റർ പ്ലാനുകൾ പരിഷ്കരിച്ച് ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നഗരസഭാഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടി വരും. സെപ്റ്റേജും സീവേജും കൈകാര്യം ചെയ്യുന്നതിന് വികേന്ദ്രീകൃതമായ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. നല്ല നിലവാരമുള്ള പശ്ചാത്തലസൗകര്യവും ജീവനോപാധികളൂം ഭംഗിയുള്ള പൊതു ഇടങ്ങളുമുള്ള സുന്ദരമായ നഗരങ്ങളായി കേരളത്തിലെ പട്ടണങ്ങള്‍ വികസിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 13 =

Most Popular