250 വർഷം മുമ്പാണ് അമേരിക്ക എന്ന രാജ്യത്തിന്റെ പിറവിക്കുള്ള പേറ്റുനോവ് ആരംഭിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അവരുടെ കീഴിലെ 13 അമേരിക്കൻ കോളനികളിലെ ആദ്യ കുടിയേറ്റക്കാരായ വെള്ളക്കാർ ഉയർത്തിയ പ്രതിഷേധം എട്ടുവർഷം നീണ്ട യുദ്ധമായി മാറി. 1775 ഏപ്രിൽ 19ന് ലെക്സിങ്‌ടണിലും കോൺകോഡിലും ആരംഭിച്ച ഏറ്റുമുട്ടലുകൾ മുഴുവൻ കോളനികളിലേക്കും പടരുകയായിരുന്നു. 1776ൽ തന്നെ കോളനികളിലെ സേനകളുടെ സർവസൈന്യാധിപൻ ജോർജ് വാഷിങ്‌ടൺ അമേരിക്കൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രജകളായിരുന്ന കോളനിവാസികളുടെ നേതാക്കൾ ആദ്യം സ്വയംഭരണം പോലുള്ള മിതമായ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാൽ അതിനുപോലും വഴങ്ങാതെ അടിച്ചമർത്താനാണ് ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യ’ത്തിന്റെ അധിപർ എന്നഹങ്കരിച്ചിരുന്ന ബ്രിട്ടീഷ് രാജാധിപത്യം ശ്രമിച്ചത്. ഒടുവിൽ കുപ്രസിദ്ധമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പതനത്തിന്റെ ആരംഭമായി അമേരിക്കൻ വിപ്ലവയുദ്ധം മാറി. അമേരിക്ക സ്വതന്ത്ര രാജ്യമായതിനു ശേഷവും ഒന്നേമുക്കാൽ നൂറ്റാണ്ടോളം ബ്രിട്ടൻ തന്നെയായിരുന്നു പ്രധാന സാമ്രാജ്യത്വ ശക്തി. ഫ്രാൻസും സ്‌പെയിനുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ടാംലോക യുദ്ധം അവസാനിച്ചതോടെയാണ് അതുവരെയുള്ള ശാക്തിക സന്തുലനം ഉടച്ചുവാർത്ത് അമേരിക്ക സാമ്രാജ്യത്വ രാജ്യങ്ങളുടെ നേതൃസ്ഥാനത്തേക്കുയർന്നത്. സാമ്രാജ്യത്വത്തിന് വെല്ലുവിളിയായി സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്‌റ്റ് ചേരിയും ഉയർന്നുവന്നു. അതോടെ അതുവരെ വലിയ കൊളോണിയൽ ശക്തികളായിരുന്ന ബ്രിട്ടനും ഫ്രാൻസും സ്‌പെയിനും ഇറ്റലിയുമെല്ലാം സാമ്രാജ്യത്വ ചങ്ങല പൊട്ടാതെ വിധേയസാമന്തരെപോലെ അമേരിക്കയുടെ ശിങ്കിടിരാഷ്‌ട്രങ്ങളായി മാറുന്നതാണ് ലോകം കണ്ടത്. പിന്നീട് ലോകത്തുണ്ടായ മിക്ക യുദ്ധങ്ങളിലും ഒരുഭാഗത്ത് അമേരിക്കയായിരുന്നു.
അമേരിക്കൻവിപ്ലവയുദ്ധത്തിനും ഐക്യനാടുകളുടെ പിറവിക്കുംശേഷം അമേരിക്ക നടത്തിയ ആദ്യയുദ്ധം ബ്രിട്ടനെതിരെ 1812ൽ ആരംഭിച്ചതാണ്. ഭരണഘടനയനുസരിച്ച് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യയുദ്ധം കൂടിയായിരുന്നു അത്. അമേരിക്കൻ വ്യാപാരത്തിൽ ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അമേരിക്കക്കാരെ ബ്രിട്ടീഷ് നാവികസേനയിൽ നിർബന്ധമായി ചേർത്തതും അമേരിക്കൻ വ്യാപനത്തെ ചെറുക്കാൻ തദ്ദേശ ഗോത്രങ്ങളെ ബ്രിട്ടൻ സഹായിച്ചതും മറ്റുമായിരുന്നു യുദ്ധം പ്രഖ്യാപിക്കാൻ കാരണം. മൂന്നുവർഷം നീണ്ട യുദ്ധത്തിൽ കാനഡ പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടീഷുകാർ വാഷിങ്‌ടൺ ഡിസിയടക്കം കത്തിച്ചപ്പോൾ വൈറ്റ്‌ഹൗസിനും കാര്യമായ നാശമുണ്ടായി.
|
വംശഹത്യയുടെ ♦ പരിക്കേറ്റവർ‐ 1,69,679 |
13 കോളനികൾ ചേർന്നുണ്ടാക്കിയ രാജ്യത്തിന്റെ വ്യാപനത്തിന് പിന്നീട് അമേരിക്ക കച്ചവടതന്ത്രങ്ങളും സൈനിക മുഷ്‌കും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. ലൂസിയാന പ്രദേശം ഫ്രാൻസിൽനിന്നും(1800) ഫ്ലോറിഡ സ്‌പെയിനിൽനിന്നും(1819) അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക റഷ്യയിൽ നിന്നും(1867) വിലയ്‌ക്ക് വാങ്ങിയതാണ്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്തുള്ള അലാസ്‌ക യഥാർത്ഥത്തിൽ അവശിഷ്‌ട അമേരിക്കൻ രാജ്യത്തുനിന്നും വേറിട്ടുകിടക്കുന്ന പ്രദേശമാണ്. അമേരിക്കയ്‌ക്കും അലാസ്‌കയ്‌ക്കുമിടയിലാണ് കാനഡയുടെ സ്ഥാനം. മൂന്നിലൊന്നും ആർടിക് ഭാഗത്ത് വരുന്ന അലാസ്‌കയിൽ ജനസംഖ്യ ഏഴരലക്ഷത്തിൽ താഴെയാണ്. ജനസാന്ദ്രതയാകട്ടെ ചതുരശ്ര മൈലിൽ 1.3 മാത്രം. എന്നാൽ എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ തുടങ്ങിയവയാൽ സമ്പന്നമായ അലാസ്‌ക സ്വന്തമാക്കിയത് അമേരിക്കയ്‌ക്ക് ലാഭക്കവച്ചടമായി മാറി.
1846ൽ ആരംഭിച്ച യുദ്ധത്തിലാണ് അമേരിക്ക മെക്‌സിക്കോയുടെ വടക്കൻ ഭാഗങ്ങൾ സ്വന്തമാക്കിയത്. മെക്‌സിക്കോയുടെ വടക്കൻ സംസ്ഥാനമായിരുന്ന കൊ ആഹില തെജസിലെ (Coahuila Tejas) ജനങ്ങളിൽ ഭൂരിപക്ഷവും അമേരിക്കയിൽ നിന്ന് കുടിയേറിയ ഇംഗ്ലീഷുകാരായിരുന്നു. അവർ 1834ൽ ആ പ്രദേശത്തെ ടെക്‌സസ് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് യുദ്ധത്തിൽ കലാശിച്ചത്. 1836ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ടെക്‌സസ് ഒൻപതുവർഷം കഴിഞ്ഞ് അമേരിക്കൻ ഐക്യനാടുകളിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. അലാസ്‌ക കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് ടെക്‌സസ്. 1846 മെയ് 13നാണ് അമേരിക്കൻ കോൺഗ്രസ് യുദ്ധത്തിന് തീരുമാനിച്ചത്. യുദ്ധം കഴിഞ്ഞപ്പോൾ വടക്കൻ പ്രദേശങ്ങൾ വെറും ഒന്നരക്കോടി ഡോളറിന് അമേരിക്കയ്‌ക്ക് വിൽക്കാൻ മെക്‌സിക്കോ നിർബന്ധിതമായി. കാലിഫോർണിയ, നെവാദ, യൂട്ടാ എന്നീ അമേരിക്കൻ സംസ്ഥാനങ്ങൾ പൂർണമായും അരിസോണ, ന്യൂ മെക്‌സിക്കോ, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളുടെ നല്ലപങ്കും അന്ന് മെക്‌സിക്കോയുടെ ഭാഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അമേരിക്കയിൽ 31 സംസ്ഥാനങ്ങളായി.
ഇതിനിടെ 1861 ഏപ്രിൽ മുതൽ നാലുവർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ അടിമത്തത്തിനു വേണ്ടി വാദിച്ച 11 സംസ്ഥാനങ്ങൾ വേർപെട്ട്- കോൺഫെഡറേറ്റ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുണ്ടാക്കിയിരുന്നു. എട്ടുലക്ഷത്തിലധികം ആളുകളാണ് ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടത്. പിരിഞ്ഞുപോയ സംസ്ഥാനങ്ങൾ 1866ൽ വീണ്ടും അമേരിക്കയുടെ ഭാഗമായി. പിന്നീട് 1898ൽ സ്‌പെയിനുമായി നടത്തിയ യുദ്ധത്തോടെയാണ് അമേരിക്ക പഴയ കൊളോണിയൽ ശക്തികൾക്ക് വെല്ലുവിളിയായി മാറിയത്. തങ്ങളുടെ തൊട്ടടുത്തുള്ള ക്യൂബയിലെ സ്‌പാനിഷ് ആധിപത്യം അവസാനിപ്പിക്കാനായിരുന്നു യുദ്ധം. ആ വർഷം തന്നെയുണ്ടാക്കിയ പാരിസ് ഉടമ്പടിയനുസരിച്ച് ക്യൂബ മാത്രമല്ല, പോർട്ടോ റിക്കോ, ഗ്വാം, ഫിലിപ്പീൻസ് തുടങ്ങിയവയും അമേരിക്കൻ ആധിപത്യത്തിലായി. 1902ൽ ക്യൂബയ്‌ക്ക് സ്വാതന്ത്ര്യം അനുവദിച്ചത്, ഏത് സാഹചര്യത്തിലും അമേരിക്കയ്‌ക്ക് ആ ചെറിയ അയൽരാജ്യത്ത് ഇടപെടാൻ അനുവാദം നൽകുന്ന വകുപ്പ് ക്യൂബൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയാണ്. ഫിലിപ്പീൻസിൽ അമേരിക്കൻ ആധിപത്യത്തിനെതിരെ നീണ്ട ചെറുത്തുനിൽപ്പുണ്ടായി.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാനമാണ് മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളെ പിന്തള്ളി അമേരിക്ക സാമ്രാജ്യത്വ നേതൃത്വം സ്വന്തമാക്കിയത്. സോവിയറ്റ് യൂണിയൻ അജയ്യമായി മാറുകയും ആ സ്വാധീനത്തിൽ നിരവധി രാജ്യങ്ങൾ സോഷ്യലിസ്‌റ്റ് പാത സ്വീകരിക്കുകയും ചെയ്‌ത സന്ദർഭത്തിൽ പരമ്പരാഗത പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങൾ വിപ്ലവങ്ങൾ ഭയന്ന് അമേരിക്കൻ ആധിപത്യം അംഗീകരിച്ച് ഒരു ചേരിയാവുകയായിരുന്നു. ചൈനയിലും കമ്യൂണിസ്‌റ്റ് മുന്നേറ്റം വ്യക്തമായിരുന്നു. രണ്ടാം ലോകയുദ്ധം ഏറെക്കുറെ അവസാനിച്ചശേഷം, ലോക മനഃസാക്ഷിയെ നടുക്കി ജപ്പാനിൽ അണുബോംബുകളിട്ട് ലക്ഷക്കണക്കിനാളുകളെ കൂട്ടത്തോടെ കൊന്ന അമേരിക്കയെ പാശ്ചാത്യ രാജ്യങ്ങൾ നേതാവായി അംഗീകരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിൽ കൊറിയയും കമ്യൂണിസ്‌റ്റ് മാർഗത്തിലാണെന്ന ധാരണയിലാണ് കൊറിയൻ വിഭജനത്തിന് അമേരിക്ക നിർദേശം വച്ചത്. തകർന്നുകഴിഞ്ഞ ജപ്പാനെ നിരായുധമാക്കാൻ എന്നാണ് ന്യായം പറഞ്ഞത്. സോവിയറ്റ് പ്രദേശങ്ങൾ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയ കൊറിയൻ കമ്യൂണിസ്‌റ്റുകൾ വടക്കൻ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചിരുന്നു. 1950ൽ രാജ്യത്തിന്റെ പുനരേകീകരണത്തിന് ശ്രമിച്ച ഇവർ ഒരുഘട്ടത്തിൽ തെക്കൻ ഭാഗവും മോചിപ്പിച്ച് സോൾ അടക്കം സ്വന്തമാക്കിയെങ്കിലും അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യ മുതലാളിത്ത ശക്തികൾ ഐക്യരാഷ്‌ട്ര സംഘടനയുടെ പേരിൽ പടനീക്കം നടത്തി തെക്കൻ ഭാഗത്തെ വീണ്ടും വേർപെടുത്തി. വടക്കൻ പ്രദേശവും സാമ്രാജ്യത്വ ശക്തികൾ പിടിച്ചെങ്കിലും നവ വിപ്ലവ ചൈനയും യുദ്ധക്കളത്തിലിറങ്ങിയതോടെ വീണ്ടും കമ്യൂണിസ്‌റ്റ് പക്ഷത്തിനു മുന്നേറ്റമായി. ഒടുവിൽ കൊറിയ രണ്ടു ഭാഗമായി തുടരാൻ ഒത്തുതീർപ്പായതോടെയാണ് മൂന്നുവർഷം നീണ്ട കൊറിയൻ യുദ്ധത്തിന് വിരാമമായത്.
ക്യൂബയിലും വിയത്‌നാമിലും നാണംകെട്ടു
അമേരിക്കയുടെ താൽപര്യത്തിനനുസരിച്ചു മാത്രം ഭരണം നടന്നുവന്ന ക്യൂബയിൽ അതിന് മാറ്റമുണ്ടായത് 1959ലെ വിപ്ലവത്തോടെയാണ്. ഫിദൽ കാസ്‌ട്രോയും സഖാക്കളും ഗറില്ലാ പോരാട്ടത്തിലൂടെ 1959ൽ ബാത്തിസ്‌ത്തയുടെ സ്വേഛാധിപത്യവാഴ്‌ച അവസാനിപ്പിച്ചപ്പോൾ ഏറ്റവും അസ്വസ്ഥമായത് അമേരിക്കയാണ്. അമേരിക്കൻ സമ്പന്നരുടെ വിഹാരരംഗമായിരുന്ന ക്യൂബയെ കമ്യൂണിസ്‌റ്റുകാരിൽ നിന്ന് ‘മോചിപ്പിക്കാൻ’ വൈകാതെ ആക്രമണങ്ങൾ ആരംഭിച്ചു. വിപ്ലവ സർക്കാർ അധികാരമേറ്റ് മൂന്നു മാസം മാത്രം പിന്നിട്ടപ്പോഴാണ് ബേ ഓഫ് പിഗ്‌സിൽ അമേരിക്കൻ കൂലിപ്പടയുടെ ആക്രമണമുണ്ടായത്. വിപ്ലവത്തെ തുടർന്ന് അമേരിക്കയിലേക്ക് കടന്ന പ്രതിവിപ്ലവകാരികളിൽനിന്നാണ് 1400 പേരുടെ പടയെ അമേരിക്ക കനത്ത ആയുധ സജ്ജീകരണങ്ങളോടെ കപ്പലിൽ ക്യൂബയുടെ തീരത്തിറക്കിയത്. എന്നാൽ, അവരിൽ 400 പേർ മൂന്ന് ദിവസത്തിനകം ക്യൂബൻ ജനതയുടെ ചെറുത്തുനിൽപ്പിൽ കൊല്ലപ്പെട്ടു. അവശേഷിച്ചവർ കീഴടങ്ങി. കീഴടങ്ങിയവരെ മോചിപ്പിക്കാൻ അമേരിക്ക 530 ലക്ഷം ഡോളറിന്റെ ഭക്ഷ്യവസ്‌തുക്കളും മരുന്നുകളും മറ്റും ക്യൂബയ്‌ക്ക് നൽകാൻ നിർബന്ധിതമായി. ക്യൂബയെ തകർക്കാൻ മറ്റു മാർഗങ്ങൾ ആസൂത്രണം ചെയ്‌ത അമേരിക്ക 1961 ജനുവരിയിൽ നയതന്ത്രബന്ധം വിച്ഛേദിച്ചു. അടുത്തവർഷം ഫെബ്രുവരിയിൽ ക്യൂബയ്‌ക്കെതിരെ ഉപരോധവും ഏർപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ക്യൂബ സോവിയറ്റ് സഹായം തേടി കനത്ത തിരിച്ചടി നൽകിയത്.
1962 ഒക്‌ടോബറിൽ ക്യൂബയിൽ ബാലിസ്‌റ്റിക്- മിസൈലുകൾ കണ്ടെത്തിയതിന്റെ പേരിൽ അമേരിക്ക വലിയ യുദ്ധത്തിന് കോപ്പുകൂട്ടിയത് ലോകത്തെ കുറച്ചുകാലം ആശങ്കയിലാക്കിയിരുന്നു. വ്യോമാതിർത്തി ലംഘിച്ച ഒരു അമേരിക്കൻ യുദ്ധവിമാനം ക്യൂബ വെടിവച്ചിട്ടപ്പോൾ പൈലറ്റ് കൊല്ലപ്പെട്ടു. ഒടുവിൽ ക്യൂബയെ ഒരിക്കലും ആക്രമിക്കില്ലെന്നും തുർക്കിയിൽ സോവിയറ്റ് യൂണിയനെ ലക്ഷ്യമിട്ട് സ്ഥാപിച്ച മിസൈലുകൾ നീക്കാമെന്നും അമേരിക്ക ഉറപ്പുനൽകിയതോടെ ക്യൂബയിൽനിന്ന് മിസൈലുകൾ നീക്കാൻ സോവിയറ്റ് യൂണിയനും സമ്മതിച്ചു. അമേരിക്കയ്‌ക്ക് വലിയ ക്ഷീണമായ ഒത്തുതീർപ്പായിരുന്നു അത്. പിന്നീട് ക്യൂബയെ തകർക്കാനും നേതാക്കളെ വധിക്കാനും അമേരിക്ക പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും അതെല്ലാം വിഫലമായി. നേരിട്ട് ആക്രമണം നടത്താനും സാധിക്കാതായി.
ഇതിലും നാണംകെട്ട പരാജയമാണ് അമേരിക്കയ്‌ക്ക് വിയത്‌നാമിൽ സംഭവിച്ചത്. അവിടെ ഒരു നൂറ്റാണ്ടോളം അധിനിവേശം നടത്തിയ ഫ്രഞ്ച് സൈന്യം തോറ്റോടിയ വിടവിലേക്കാണ് 1955ൽ അമേരിക്കൻ അധിനിവേശസേന എത്തിയത്. കൊറിയയുടെ കാര്യത്തിലെന്നപോലെ വിയത്‌നാമിനെ രണ്ടായി പിളർത്തും ഒരു ഭാഗത്തെ സാമ്രാജ്യത്വപക്ഷത്തിന്റെ ചട്ടുകമായി മേഖലയിൽ ഉപയോഗിക്കുകയായിരുന്നു അമേരിക്കൻ പദ്ധതി. എന്നാൽ ഹോചിമിൻ നയിച്ച കമ്യൂണിസ്‌റ്റ് പാർട്ടിക്ക് കീഴിൽ ഇരുഭാഗത്തെയും ജനങ്ങളിൽ ഭൂരിപക്ഷം അണിചേർന്നപ്പോൾ, 1975ൽ അമേരിക്കയ്‌ക്ക് തോൽവി സമ്മതിക്കേണ്ടിവന്നു. കമ്യൂണിസ്‌റ്റ് നിയന്ത്രണത്തിലായിരുന്ന വടക്കൻ ഭാഗത്ത് 11 ലക്ഷം പേരും അമേരിക്കൻ പാവസർക്കാരായിരുന്ന തെക്കൻ ഭാഗത്ത് 20 ലക്ഷം പേരുമാണ് അമേരിക്കൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 58,226 അമേരിക്കൻ സൈനികരെ ബലിയർപ്പിച്ച ശേഷമാണ് യാങ്കികൾ അടിയറവ് പറഞ്ഞത്. ദരിദ്രമായിരുന്ന കാർഷിക രാജ്യത്തെ തകർക്കാൻ അമേരിക്ക 1961നും 67നും ഇടയിൽമാത്രം രണ്ട് കോടി ഗാലൻ വിഷവസ്‌തുക്കളാണ് അവിടത്തെ 60ലക്ഷം ഏക്കർ പാടങ്ങളിലും കാടുകളിലും തളിച്ചത്. എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ച് ഏജന്റ് ഓറഞ്ച് പോലുള്ള മാരകരാസവസ്‌തുക്കൾ വിയത്‌നാം ജനതയ്ക്കെതിരെ ഉപയോഗിച്ചു. ലക്ഷക്കണക്കിനാളുകളുടെ മരണത്തിന് പുറമേ പതിനായിരക്കണക്കിന് കുട്ടികൾ അംഗവൈകല്യങ്ങളോടെ ജനിക്കുന്നതിനും അമേരിക്കൻ നിഷ്‌ഠുരത കാരണമായി. മനുഷ്യർ മാത്രമല്ല, ആയിരക്കണക്കിന് കന്നുകാലികളും ചത്തു.
അഞ്ചു ലക്ഷത്തിനടുത്ത് അമേരിക്കൻ പട്ടാളക്കാർ ഒരേസമയം വിയത്‌നാമിലുണ്ടായ സമയം ഉണ്ടായിരുന്നു. എന്നിട്ടും തോറ്റോടിയതിന്റെ അപമാനം അമേരിക്കയെ ഒരിക്കലും വിട്ടുപോവില്ല. യുദ്ധാനന്തരം പുനരേകീകരിക്കപ്പെട്ട വിയത്‌നാം പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളരുകയാണ്.
മിത്രമാവുന്നത് കൂടുതൽ അപകടകരം
അമേരിക്കയുടെ ശത്രുവാകുന്നതിലും അപകടകരം മിത്രമാവുന്നതാണ് എന്ന് പണ്ട് പറഞ്ഞത് ആ രാജ്യത്തിന്റെ വിദേശമന്ത്രിയായിരുന്ന(സ്‌റ്റേറ്റ് സെക്രട്ടറി) ഹെൻറി കിസിഞ്ചറാണ്. അത് അക്ഷരാർത്ഥത്തിൽ ശരിവയ്‌ക്കുന്നതായിരുന്നു ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെയും പനാമ പട്ടാള മേധാവിയായിരുന്ന മാനുവൽ നൊറീഗയുടെയും ദുരനുഭവം. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് കടുത്ത അപമാനവും കുത്തകകൾക്ക് സ്വത്തുനഷ്‌ടവും നേരിട്ട അമേരിക്ക ആ രാജ്യത്തെ തകർക്കാനാണ് ഇറാഖിനെ കുത്തിയിളക്കി യുദ്ധം ചെയ്യിച്ചത്. എട്ടുവർഷം നീണ്ട യുദ്ധത്തിൽ പാശ്ചാത്യ രാഷ്‌ട്രങ്ങളുടെയും അറബ് ഭരണാധികാരികളുടെയും പിന്തുണ സദ്ദാമിനുണ്ടായിരുന്നു. എന്നാൽ യുദ്ധം അവസാനിച്ചപ്പോഴേക്കും ഇറാഖ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അത് പരിഹരിക്കുന്നതിനുകൂടിയാണ് അദ്ദേഹം ചരിത്രപരമായ പഴയ ചില വാദങ്ങളുന്നയിച്ച് കുവൈത്തിൽ സാഹസത്തിനൊരുങ്ങിയത്.
അമേരിക്കയെ അറിയിച്ച്, മൗനസമ്മതത്തോടെയാണ് സദ്ദാം 1990 ആഗസ്‌തിൽ കുവൈത്ത് വെട്ടിപ്പിടിച്ചതെന്ന വിവരം പിന്നീട് പുറത്തുവന്നെങ്കിലും മേഖലയിൽ പുതിയ ഇടപെടലുകൾക്ക് സദ്ദാമിനെ ബലിയാടാക്കാനായിരുന്നു അമേരിക്കൻ പദ്ധതി. കുവൈത്തിനെ മോചിപ്പിക്കാനെന്ന പേരിൽ ഇറാഖിൽ ആക്രമണം നടത്തിയ അമേരിക്കൻ സഖ്യം തുടർന്ന് ഒരിക്കലും ഇറാഖ് തലയുയർത്താത്ത മട്ടിൽ നിരവധി ഉപാധികൾ അടിച്ചേൽപ്പിച്ചാണ് യുദ്ധം അവസാനിപ്പിച്ചത്. ഉപാധികൾ ലംഘിക്കുന്നെന്ന് ആരോപിച്ച് ഇറാഖിനെയും സദ്ദാമിനെയും പിന്നീട് ഒരു പതിറ്റാണ്ടിലധികം അമേരിക്ക വേട്ടയാടി. 2001 സെപ്‌തംബർ 11ന്(9/11) അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരിൽ അഫ്‌ഗാനിസ്താനിൽ ആക്രമണം നടത്തിയശേഷം ഇറാഖിനെയാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഐക്യരാഷ്‌ട്ര സംഘടനയെയും ചില സഖ്യരാഷ്‌ട്രങ്ങളെയും നിഷേധിച്ച് 2003ൽ ഇറാഖിൽ ആക്രമണം നടത്തുന്നതിന് കാരണമായി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്(ജൂനിയർ) പറഞ്ഞ വാദങ്ങളെല്ലാം പച്ചക്കളളമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. സർവസംഹാരായുധങ്ങൾ സദ്ദാം കുന്നുകൂട്ടുന്നു എന്നായിരുന്നു ബുഷിന്റെ പ്രധാന ആരോപണം. ഒരുപതിറ്റാണ്ടിലധികമായി കടുത്ത ഉപരോധം നേരിടുകയായിരുന്ന ഇറാഖിന്റെ പക്കൽ സ്വന്തം പ്രതിരോധത്തിനാവശ്യമായ സാധാരണ യുദ്ധോപകരണങ്ങൾ പോലും കമ്മിയായിരുന്നൂവെന്ന് വ്യക്തമായി. സദ്ദാമിനെ അട്ടിമറിക്കുകയും പിന്നീട് വിചാരണ പ്രഹസനം നടത്തി വധിക്കുകയും ചെയ്‌തു എന്നതിനപ്പുറം ഇറാഖിൽ കാര്യമായി എന്തെങ്കിലും നേട്ടമുണ്ടാക്കാൻ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ല. ആ രാജ്യത്തെ വർഷങ്ങളോളം കനത്ത അശാന്തിയിലേക്ക് തള്ളിയിടുകയും ചെയ്‌തു. ഇറാഖിലെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിന്റെയും പുനർനിർമ്മിക്കുന്നതിന്റെയും ചില കരാറുകൾ അമേരിക്കൻ കമ്പനികൾക്ക് ലഭിച്ചു എന്നതാണ് അമേരിക്കയ്‌ക്കുണ്ടായ സാമ്പത്തിക നേട്ടം. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾ ഇറാഖിലെ അമേരിക്കൻ ആക്രമണത്തെ എതിർത്തിരുന്നെങ്കിലും ബ്രിട്ടൻ, ആസ്‌ട്രേലിയ തുടങ്ങിയ ആംഗ്ലോ സാക്സൻ രാജ്യങ്ങൾ അമേരിക്കൻ അതിക്രമങ്ങളിൽ പങ്കാളികളായി.
സദ്ദാമിന് സംഭവിച്ചതിന് സമാനമാണ് പനാമയിലെ ജനറൽ നൊറീഗയ്‌ക്ക് സംഭവിച്ചത്. ആ മധ്യഅമേരിക്കൻ രാജ്യത്തിലെ പ്രധാന അമേരിക്കൻ ഏജന്റായിരുന്നു നൊറീഗ. 1989ൽ ജോർജ് ബുഷ് സീനിയർ അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ് പനാമയിൽ അമേരിക്കൻ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 5000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. വത്തിക്കാൻ എംബസിയിൽ അഭയം തേടിയ നൊറീഗയെ പുറത്തുചാടിക്കാൻ ആ കെട്ടിടത്തിനുപുറത്ത് അതിഘോരമായ ശബ്ദത്തിൽ ഹാർഡ് റോക്ക് ഗാനങ്ങൾ കേൾപ്പിച്ച് ‘ശബ്ദയുദ്ധം’ നടത്തിയാണ് അമേരിക്ക ലക്ഷ്യംകണ്ടത്. 1990 ജനുവരിയിൽ കീഴടങ്ങിയ നൊറീഗയെ അമേരിക്കയിൽ കൊണ്ടുപോയി വിചാരണ ചെയ്‌ത് 1992ൽ 40 വർഷം തടവിന് ശിക്ഷിച്ചു. നൊറീഗയ്‌ക്ക് 1984ന് മുമ്പ് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടായിരുന്നു എന്നാണ് അമേരിക്ക ‘കണ്ടെത്തിയത്’. എന്നാൽ അക്കാലത്തും അതിനുമുമ്പും നൊറീഗ അമേരിക്കയുടെ ഒരു വിശ്വസ്‌ത സേവകനായിരുന്നു എന്നതാണ് വസ്‌തുത. നൊറീഗയെ പിടിക്കാൻ പനാമയിൽ അധിനിവേശം നടത്തിയ ബുഷ്, സീനിയർ സിഐഎ തലവനായിരിക്കുമ്പോൾ നൊറീഗയ്‌ക്ക് പ്രതിവർഷം 1,10,000 ഡോളർ കോഴ കൊടുത്തിരുന്നു എന്ന് അമേരിക്കൻ രേഖകൾതന്നെ വ്യക്തമാക്കിയിരുന്നു. നിക്കരാഗ്വയിലെ ഇടതുപക്ഷ സാന്തിനിസ്‌ത സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിവിപ്ലവകാരികൾക്കും എൽസാൽവദോറിലെ ഇടതുപക്ഷ പോരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വലതുപക്ഷ കൊലയാളി സംഘങ്ങൾക്കും ആയുധങ്ങളും പണവും എത്തിക്കുന്നതിന് അമേരിക്ക നൊറീഗയുടെ സേവനം മുമ്പ് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾക്ക് പിന്നീട് അയാൾ വഴങ്ങാതിരുന്നപ്പോൾ അനഭിമതനായി. 1988ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്‌പെയിനിലേക്ക് പോയി വിശ്രമജീവിതം നയിക്കുന്നതിന് അമേരിക്ക നൊറീഗയ്‌ക്ക് 20 ലക്ഷം ഡോളർ വാഗ്ദാനം ചെയ്‌തതായും പ്രചരിച്ചിരുന്നു. എന്തായാലും ആവശ്യം കഴിഞ്ഞപ്പോൾ, അയാളെ പതിറ്റാണ്ടുകൾ തടവറയിൽ കഴിയാനാണ് അമേരിക്ക വിധിച്ചത്. അമേരിക്കയിലും ഫ്രാൻസിലും പിന്നെ പനാമയിലുമായി തടവറയിൽ കഴിഞ്ഞ നൊറീഗയെ 2012ൽ രോഗബാധയെ തുടർന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. 2017ൽ ചികിത്സയിലിരിക്കെ മരിച്ചു.
അൽ ഖ്വയ്‌ദയുടെയും
താലിബാന്റെയും
സ്രഷ്‌ടാവ്
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ, വിശേഷിച്ച് അറബ്‌ലോകത്ത്, ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യ പുരോഗതിയും തടയുന്നതിന് എന്നും ശ്രദ്ധിക്കുന്ന അമേരിക്ക തീവ്ര മതമൗലികവാദികളെ മാത്രമല്ല, ഭീകരവാദികളെ പോലും പാലൂട്ടി വളർത്തിയ ചരിത്രവുമുണ്ട്. അഫ്‌ഗാനിസ്താനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്‌ത്രീകളുടെ ജീവിതത്തിലും മറ്റും വലിയ മുന്നേറ്റമുണ്ടാക്കിയ സോഷ്യലിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പാകിസ്താനെയും സൗദി അറേബ്യയെയും മറ്റും കൂട്ടുപിടിച്ച് സംഘടിപ്പിച്ച തീവ്രവാദികളാണ് പിന്നീട് താലിബാനും അൽ ഖ്വയ്‌ദയും മറ്റുമായി മാറിയത്. ഇറാഖിലെ അമേരിക്കൻ അധിനിവേശമാണ് ഐഎസിന് വളരാൻ അവസരമൊരുക്കിയത്. 1978 ഏപ്രിലിലാണ് ഇടതുപക്ഷ പീപ്പിൾസ് ഡെമൊക്രാറ്റിക് പാർട്ടി അഫ്‌ഗാനിസ്താനിൽ അധികാരത്തിലെത്തിയത്. പിഡിപിയുടെ സോഷ്യലിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും പാകിസ്താനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇസ്ലാമികവാദികളെ രംഗത്തിറക്കിയതിനെ തുടർന്ന് 1979 ഡിസംബറിലാണ് സോവിയറ്റ് സൈന്യം അഫ്‌ഗാനിസ്താനിലെത്തിയത്. സോവിയറ്റ് സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ നിരവധി വികസനപ്രവർത്തനങ്ങളും നടക്കുന്നുണ്ടായിരുന്നു. എൺപതുകളിൽ അഫ്‌ഗാനിസ്താനിൽ എത്തിയ ഒസാമ ബിൻ ലാദൻ 1988ലാണ് അൽ ഖ്വ-യ്‌ദ രൂപീകരിച്ചത്. 1989ൽ സോവിയറ്റ് സേന മടങ്ങി. 1991ൽ യുഎൻ സമാധാനപദ്ധതി ഡോ. നജീബുള്ള സർക്കാർ അംഗീകരിച്ചെങ്കിലും മുജാഹിദീനുകൾ അതംഗീകരിച്ചില്ല. ആക്രമണങ്ങൾ രൂക്ഷമാക്കിയ മതമൗലികവാദികൾ 1992ലാണ് അഫ്‌ഗാൻ ഭരണം പിടിച്ചത്. മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിനിടയിൽ 1996ൽ താലിബാൻ ഭരണം പിടിച്ചു. അമേരിക്കയുടെ കൂട്ടാളികളായ പാകിസ്താനും സൗദി അറേബ്യയും മാത്രമാണ് താലിബാൻ സർക്കാരിനെ അംഗീകരിച്ചിരുന്നത്. 1998ൽ നയ്‌റോബിയിലും ദാർ എസ് സലാമിലും യുഎസ് എംബസികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിനു ശേഷമാണ് അമേരിക്ക താലിബാനെതിരെ തിരിഞ്ഞത്. 9/11 ഭീകരാക്രമണത്തെ തുടർന്ന് താലിബാനെ പുറത്താക്കാൻ അഫ്‌ഗാനിസ്താനിൽ ആക്രമണം നടത്തിയ അമേരിക്ക രണ്ട് പതിറ്റാണ്ട് തികയും മുമ്പേ താലിബാനെ ഭരണം തിരിച്ചേൽപ്പിക്കുന്ന അപമാനകരമായ കാഴ്‌ചയാണ് 2021ൽ ലോകം കണ്ടത്. സദ്ദാം ഹുസൈൻ മുതൽ യാസർ അറഫാത്തു-വരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച മുസ്ലീം നേതാക്കളെ വേട്ടയാടിയ ചരിത്രം അമേരിക്കയ്‌ക്കുള്ളപ്പോഴാണ് താലിബാൻ പോലുള്ള പിന്തിരിപ്പൻ ഭീകരസംഘടനകളെ അധികാരത്തിൽ വാഴിക്കുന്നത്. അറഫാത്ത് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമെതിരെ ഹമാസ് പോലുള്ള മതസംഘടനകളെ പ്രോത്സാഹിപ്പിച്ച ഇസ്രയേലിന്റെ കുടിലതന്ത്രം മാത്രമാണ് ഇതിന് സമാനമായുള്ളത്.
ഇസ്രയേൽ ഏകപക്ഷീയമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് സഹായകമായി കഴിഞ്ഞ ജൂണിൽ ട്രംപ് ഭരണകൂടവും ഇറാനിൽ മിസൈലാക്രമണം നടത്തിയിരുന്നു. അമേരിക്കൻ ആക്രമണങ്ങളുടെ ചരിത്രത്തിൽ പുതിയതാണിതെങ്കിലും ഒടുവിലത്തേത് ആയിരിക്കില്ല. പുരോഗമനവാദിയായ മുഹമ്മദ് മുസാദിഖിന്റെ സർക്കാരിനെ സിഐഎ 1953ൽ അട്ടിമറിച്ചതുമുതൽ ഇറാനിൽ അമേരിക്കൻ ഇടപെടലുകളുണ്ടായിരുന്നു. ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന എണ്ണവ്യവസായം മുസാദിഖ് ദേശസാൽക്കരിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തളർത്തിയശേഷമായിരുന്നു അട്ടിമറി. മുസാദിഖിനെ വീഴ്‌ത്തി അമേരിക്ക അധികാരത്തിലേറ്റിയ മുഹമ്മദ് ഷാ റിസ പഹ്‌ലവി 1979ലെ ജനരോഷത്തിൽ പുറത്തായി. ഇസ്ലാമിക വിപ്ലവമായി മാറിയ ആ ജനമുന്നേറ്റം മുതൽ അമേരിക്ക ഇറാന്റെ ശത്രുപക്ഷത്താണ്. ഇതിനിടെ ഇറാനിയൻ വിദ്യാർഥികൾ തെഹ്‌റാനിലെ അമേരിക്കൻ എംബസി കയ്യേറി നയതന്ത്രജ്ഞർ അടക്കം 66 അമേരിക്കക്കാരെ 444 ദിസവം ബന്ദികളാക്കിയത് അമേരിക്കയ്‌ക്ക് മറ്റൊരു നാണക്കേടായിരുന്നു. അമേരിക്ക അഭയം നൽകിയ ഷായെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ എംബസി പിടിച്ചത്. അതിനിടെ ഷാ മരിച്ചതിനെ തുടർന്ന് അൽജിയേഴ്‌സ് കരാറിലൂടെയാണ് ഇറാൻ ബന്ദികളെ വിട്ടയച്ചത്.
ഇറാനെതിരെ ഇറാഖിനെ യുദ്ധത്തിനിറക്കിയ അമേരിക്ക സദ്ദാമിന് ആയുധങ്ങൾ നൽകി സഹായിച്ചപ്പോൾതന്നെ ഇറാനും ആയുധം വിറ്റത് വിവാദമായിരുന്നു. നിക്കരാഗ്വയിലെ പ്രതിവിപ്ലവ ശക്തികളെ സഹായിക്കാൻ പണത്തിനായാണ് ഇറാനുമായി നാണംകെട്ട ആയുധക്കച്ചവടം അമേരിക്ക നടത്തിയത്. ഇത്തരത്തിൽ അധാർമികമായ അട്ടിമറികൾക്കും ആയുധക്കച്ചവടങ്ങളിലൂടെ അമേരിക്കൻ സൈനിക വ്യവസായ മേഖലയ്‌ക്ക് ലാഭം കുന്നുകൂട്ടാനുമാണ് യാങ്കി ഭരണകൂടം എന്നും യുദ്ധത്തെ ഉപയോഗിക്കുന്നത്. ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന യുദ്ധത്തിലും അമേരിക്കൻ താൽപര്യം കാണാനാവും. ഇന്ന് ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സംഘർഷങ്ങൾ പലസ്‌തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയും റഷ്യ–-ഉക്രെയ്‌ൻ യുദ്ധവുമാണ്. ആദ്യത്തേതിൽ ദരിദ്രരടക്കമുള്ള അമേരിക്കൻ പൗരരുടെ നികുതിപ്പണം കൂടി ഉപയോഗിച്ചാണ് അമേരിക്ക ഇസ്രയേലിന് സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ നൽകിവരുന്നത്. രണ്ടാമത്തേതിലാകട്ടെ, 35 വർഷം മുമ്പ് ജർമനികളുടെ പുനരേകീകരണ വേളയിൽ അമേരിക്ക സോവിയറ്റ് യൂണിയന് നൽകിയ ഉറപ്പ് ലംഘിച്ച് റഷ്യൻ അതിർത്തിയിലേക്ക് നാറ്റോയെ വ്യാപിപ്പിക്കുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. എല്ലാം അമേരിക്കയ്‌ക്ക് ലാഭക്കച്ചവടം മാത്രം. മുമ്പ് ഇറാൻ–-ഇറാഖ് യുദ്ധകാലത്ത് ചെയ്‌തതുപോലെ വേണ്ടിവന്നാൽ ഇരുപക്ഷത്തിനും ആയുധം നൽകാൻപോലും അമേരിക്കയ്‌ക്ക് മടിയില്ല. ജൂണിൽ ഇറാനിൽ ചെയ്‌തതുപോലെ, പ്രകോപനമുണ്ടാക്കി സമാധാന സാധ്യത ഇല്ലാതാക്കാൻ ഏകപക്ഷീയ ആക്രമണങ്ങൾ നടത്താനും അമേരിക്ക മടിക്കില്ല. അമേരിക്കയെ ബഹിഷ്‌കരിക്കാനുള്ള വിവേകം മറ്റു രാജ്യങ്ങൾക്കുണ്ടാവുന്നതുവരെ ഇത് തുടരും. മറ്റു രാജ്യങ്ങൾ ഈ സാമ്രാജ്യത്വ കെണിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാനാണ് ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്‌ത്യ ദേശത്തും ലാറ്റിനമേരിക്കയിലും മറ്റും അയൽക്കാരെ തമ്മിലടിപ്പിക്കാൻ അമേരിക്ക നിരന്തരം ശ്രമിക്കുന്നത്. l



