Saturday, May 16, 2026

ad

Homeകവര്‍സ്റ്റോറിഫാസിസത്തിലേക്കുള്ള 
ആർഎസ്എസിന്റെ വഴികൾ

ഫാസിസത്തിലേക്കുള്ള 
ആർഎസ്എസിന്റെ വഴികൾ

‘‘ഒരു പതാക, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർഎസ്എസ് ഈ മഹത്തായ ഭൂമിയുടെ ഓരോ കോണിലും ഹിന്ദുത്വത്തിന്റെ ജ്വാല കൊളുത്തുകയാണ്.’’ 1940ൽ നാഗ്പൂരിലെ രേഷംബാഗിൽ ആർഎസ്എസ് പ്രവർത്തകരുടെ മുമ്പാകെ ഗോൾവാൾക്കർ നടത്തിയ പ്രഖ്യാപനമാണിത്. അതിനുള്ള പദ്ധതി എന്താകണമെന്നും ഗോൾവാൾക്കർക്ക് നിശ്ചയമുണ്ടായിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്ത് രൂപംകൊണ്ട ആർഎസ്-എസ് മാതൃകയാക്കുന്നത് ഫാസിസത്തെ പ്രയോഗവൽക്കരിച്ച ഹിറ്റ്ലറെയാണ്.

ഹിറ്റ്ലറുടെ നാസി ആശയത്തെ ഗാഢമായി പുണരുന്ന ഗോൾവാൾക്കർ അതേ തന്ത്രമുപയോഗിച്ച് ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് നിരന്തരം ആവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മുസ്ലീങ്ങളെ തുടച്ചുനീക്കുന്നതിനായി ഇന്ത്യയെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ദ്വിരാഷ്ട്ര സിദ്ധാന്തം ഗോൾവാൾക്കർ ജിന്നയ്ക്ക് മുൻപേതന്നെ മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ വിഭജിക്കണമെന്ന ആർഎസ്എസിന്റെ തന്ത്രം വിജയിച്ചുവെങ്കിലും ജനാധിപത്യത്തിന്റെ ശക്തിക്കുമുന്നിൽ ആർഎസ്എസിന് തങ്ങളുടെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിൽ വിജയിക്കുന്നതിന് പുതിയ തന്ത്രങ്ങൾ മെനയേണ്ടിവന്നു. അതിന്റെ ഭാഗമായി ആർഎസ്എസ് പിന്നിൽനിന്നുകൊണ്ട് ആദ്യം ജനസംഘവും പിന്നെ ബിജെപിയുമായി ഒരു രാഷ്ട്രീയശക്തിയായി മാറാൻ മൂന്ന് പതിറ്റാണ്ടെടുത്തു. ഇതിലേക്കെല്ലാം വെളിച്ചം വീശുന്ന കൃതിയാണ് രാംപുനിയാനി രചിച്ച ‘സംഘ്പരിവാറിന്റെ ഫാസിസം’. ഡോ. പി എസ് ശ്രീകല പരിഭാഷപ്പെടുത്തിയ ഈ പുസ്തകം മെെത്രി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആർഎസ്എസിന്റെ കാർമികത്വത്തിൽ സംഘ്പരിവാർ ഇന്ത്യയിലൊട്ടാകെ പടർത്തിയ വർഗീയ വിഷ വിത്തുവിതയ്ക്കലിന്റെ, അതിനായി നടത്തിയ ക്രൂരമായ ആക്രമണ പരമ്പരകളുടെ, കലാപങ്ങളുടെ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അതിന്റെ തുടർച്ചകളുടെ വസ്തുനിഷ്ഠ വിവരണം ഈ പുസ്തകത്തിൽ പരാമർശിക്കുന്നു. അതോടൊപ്പം ആർഎസ്എസ് എന്ന മനുഷ്യവിരുദ്ധ സംഘടനയുടെ ഉദയത്തെയും വളർച്ചയെയും അതിനു പര്യാപ‍്തമാകുംവിധം ഇവിടെ നിലനിന്ന രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെയും വസ്തുനിഷ്ഠമായിത്തന്നെ വിവരിക്കുന്നു.

യൂറോപ്പിലെ ഫാസിസത്തിന്റെ ഉയർന്നുവരവിനെയും അതിന്റെ സ്വഭാവ സവിശേഷതകളെയുംകുറിച്ചുള്ള ഹ്രസ്വവിവരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്ന് ആർഎസ്എസ് രൂപീകരണം മുതൽ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ അനിവാര്യത വരെ ആറ് അധ്യായങ്ങളിലായി വിവരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കു വഹിച്ചിട്ടുണ്ടെന്ന ആർഎസ്എസിന്റെ അവകാശവാദത്തെ, ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പെഴുതികൊടുത്തുകൊണ്ട് ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ‘വീര’ സവർക്കറുടെ ഭീരുത്വത്തെ തുറന്നുകാട്ടി പൊളിച്ചടുക്കുന്നു. ആർഎസ്എസ് ഒരിക്കലും ബ്രിട്ടീഷ്-വിരുദ്ധ പക്ഷത്തായിരുന്നില്ലെന്നു മാത്രമല്ല, ദേശീയ പ്രസ്ഥാനത്തിന് മുസ്ലീം പ്രീണനമാണെന്നാരോപിച്ചും പ്രസ്ഥാനത്തിന്റെ മതേതര സ്വഭാവത്തോടുള്ള എതിർപ്പുകൊണ്ടുമാണ് ഹിന്ദു മഹാസഭ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽനിന്നും പൂർണമായും വിട്ടുപോയതെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ഹിന്ദുത്വത്തിന്റെ ആശയാടിത്തറയെപ്പറ്റിയുള്ള അധ്യായങ്ങളിൽ, ഹിന്ദൂയിസവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം, ഹിന്ദുത്വവും മൗലികവാദവും തമ്മിലുള്ള സാമ്യതകൾ, ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാജാത്യ– വെെജാത്യങ്ങൾ എന്നിവ പട്ടികയാക്കിക്കൊടുത്തിരിക്കുന്നത് ഇവ വേഗത്തിൽ ഗ്രഹിക്കാൻ സഹായകമാണ്.

സമൂഹത്തിലെ ചൂഷിത വിഭാഗങ്ങൾ സംഘടിക്കുന്നതിനെ സംഘ്പരിവാർ എക്കാലവും ഭയപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. അതിനെ തകർക്കാൻ ആർഎസ്എസ് ഭാരതീയ മസ്ദൂർ സംഘിന് രൂപം നൽകി. ഇത്തരത്തിൽ വംശീയവും മതപരവുമായി മാത്രമല്ല, വർഗപരമായി കൂടി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ആർഎസ്എസിന്റെ പ്രവർത്തനങ്ങളെയും രാം പുനിയാനി തുറന്നുകാട്ടുന്നു.

ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ അനിവാര്യതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പുസ്തകം അവസാനിപ്പിക്കുന്നത്. തീർച്ചയായും ഇന്ന് രാജ്യത്ത് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന, ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ തകർക്കാനുള്ള ഹീനമായ അജൻഡയെ തിരിച്ചറിയാനും അതിനെതിരെ പൊരുതാനുമുള്ള ആയുധവും ഉൗർജവും ഈ പുസ്തകവായന നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × five =

Most Popular