എന്തുകൊണ്ടാണ് ആർഎസ്എസിന് നുണകൾ പ്രചരിപ്പിക്കേണ്ടി വരുന്നത് ? എന്തുകൊണ്ടാണ് അത്തരം നുണകൾക്ക് ആധുനിക ഇന്ത്യയിൽ വേരോട്ടം ഉണ്ടായത് ? ഇങ്ങനെ വർത്തമാന ഇന്ത്യയിൽ ജീവിക്കുന്ന പുരോഗമനപക്ഷത്തു നിൽക്കുന്ന, ആധുനികരായ മനുഷ്യർക്ക് അനവധി ചോദ്യങ്ങളുണ്ടാകും. അത്തരം അന്വേഷണങ്ങൾക്ക് വ്യക്തത പകരാനായുള്ള ധാരാളം ആഖ്യാനങ്ങൾ പുരോഗമനപക്ഷത്തു നിൽക്കുന്ന മനുഷ്യരിൽനിന്നും ഉണ്ടാകുന്നുണ്ട്. നാനാത്വത്തിൽ ഏകത്വം എന്നതിനെ തുടച്ചുനീക്കിക്കൊണ്ട് ‘നമ്മൾ’എന്നാൽ ‘ഹിന്ദുക്കൾ’ എന്ന് ചുരുക്കികൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പരിസരത്തിന് ഇന്ത്യയിൽ വേരോട്ടം ഉണ്ടായതെങ്ങനെ എന്ന് അന്വേഷിക്കുന്ന ഏതാനും കൃതികളാണ് താഴെ പരിചയപ്പെടുത്തുന്നത്.
വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന,
ദ്വന്ദ്വങ്ങളെ സൃഷ്ടിച്ചുകൊണ്ട് പരസ്പരം സംഘർഷത്തിലേർപ്പെടുന്നവയായി വിവിധ സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്ന, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, പാർലമെന്ററിസം എന്നിവയെ നിരാകരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന് ആധുനിക ഇന്ത്യയിൽ തഴച്ചുവളരാനായതെങ്ങനെ? ആ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനംതന്നെ നുണകളാൽ പണിത കൊട്ടാരങ്ങൾ ആണ് എന്ന് എത്രപേർക്കറിയാം? സംവാദം എന്നതിനെ അടച്ചുകളയുന്ന, ചോദ്യം ചെയ്യപ്പെടാതെ ഉരുവിട്ടുപഠിക്കേണ്ട മന്ത്രങ്ങളായി സകലതിനെയും അവതരിപ്പിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായിട്ടുള്ള ആശയങ്ങളെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുമാത്രമേ ഇന്നത്തെ ഇന്ത്യയിൽ ചെറുത്തുനിൽപുനായുള്ള സമരരംഗത്ത് അണിനിരക്കാൻ ഒരു പൗരന് സാധിക്കൂ.
ചരിത്രത്തെയും ശാസ്ത്രത്തെയും അതിവിദഗ്ധമായി വളച്ചൊടിച്ചുകൊണ്ടാണ് സംഘ്-പരിവാർ മുന്നേറുന്നത്. ഹിന്ദുക്കൾ അഥവാ ആര്യവംശം ആദിമകാലം മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നവരാണ് എന്ന് സമർത്ഥിക്കുന്നതിനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ആർഎസ്എസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് ദേശീയത. ദേശീയതയെ ഭൂമിശാസ്ത്രപരമായ തലത്തിൽനിന്നും അടർത്തിമാറ്റി സാംസ്കാരികതലത്തിലേക്കുയർത്തി വെറുപ്പും വിദ്വേഷവും വളർത്തുന്ന സംഘ്-പരിവാറിന്റെ രീതിശാസ്ത്രത്തെ തുറന്നുകാട്ടുന്ന കൃതിയാണ് പാർത്ഥ ചാറ്റർജിയുടെ ദേശീയത: നേരും നുണയും. ദേശരാഷ്ട്രം എന്നത് 20-–ാം നൂറ്റാണ്ടിനുശേഷം രൂപപ്പെട്ട ഒരു സങ്കല്പനമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആർ എസ് എസിന്റെ ആശയാടിത്തറയെ ചോദ്യംചെയ്യുന്ന കൃതിയാണിത്.
അശാസ്ത്രീയവും ചരിത്രവിരുദ്ധവുമായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ എക്കാലവും ഒരു രാഷ്ട്രമായിരുന്നുവെന്നും അതായിത്തന്നെ തുടരുമെന്നും സ്ഥാപിച്ചുകൊണ്ട് ആർഎസ്എസിന്റെ സൈദ്ധാന്തിക അടിത്തറ തീർത്ത നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു എന്ന എം എസ് ഗോൾവാക്കറുടെ കൃതി ഫാസിസ്റ്റ് ആശയസംഹിതയുടെ സംഗ്രഹം ആകുന്നത് എങ്ങനെയെന്ന് ഹിന്ദുരാഷ്ട്രമോ? എന്ന കൃതിയിലൂടെ സീതാറാം യെച്ചൂരി വ്യക്തമാക്കുന്നുണ്ട്. സംഘ്പരിവാറിന്റെ രഹസ്യ അജൻഡകൾ അനാവരണം ചെയ്യുന്ന രചനയാണിത്. യുക്തിയുടെ സകല സാധ്യതകളെയും അടച്ചുകൊണ്ട് ചരിത്രവിരുദ്ധവും അശാസ്ത്രീയവുമായ പെരുംനുണകൾ ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് ആർഎസ്എസിന്റെ ഒരു തന്ത്രം. ഗോൾവാൾക്കറുടെ പ്രസ്തുത രചനയും ഇതിൽനിന്നും വ്യത്യസ്തമല്ല. ആർഎസ്എസിന്റെ വേദപുസ്തകം എന്നു വിളിക്കാവുന്ന ഈ കൃതി 1939ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസ്തുത കൃതിയുടെ ഉദ്ദേശ്യത്തെ സീതാറാം യെച്ചൂരി ഇങ്ങനെ വിശദീകരിക്കുന്നു:
“ചരിത്രം, ശാസ്ത്രം എന്നിവ രണ്ടിനെയും അതിവിദഗ്‌ധമായി വളച്ചൊടിക്കുകവഴി ഈ ഉദ്ദേശ്യം സാധിക്കുവാൻ ഗോൾവാൾക്കർ ശ്രമിക്കുന്നു. ഒന്നാമതായി നൂറ്റാണ്ടുകളിലൂടെ ഇന്ത്യയിൽ അധിവസിച്ച ജനതയുടെ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും ആചാരങ്ങളുടെയും വൈവിധ്യത്തെ ഒന്നടങ്കം ഏകശിലാരൂപമായ ‘ഹിന്ദുയിസ’ത്തിലേക്ക് വെട്ടിയൊതുക്കാൻ കോപ്പുകൂട്ടുന്നു. രണ്ടാമതായി ഒരു ബാഹ്യശത്രുവിനെ (അതായത് ഹിന്ദുക്കൾക്ക് ‘ബാഹ്യമായ’) സൃഷ്‌ടിക്കുകയും ആ ശത്രുവിനോടുള്ള വെറുപ്പ് ‘ഹിന്ദു’ഐക്യവികാരം ആളിക്കത്തിക്കുന്നതിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നു.” (ഹിന്ദു രാഷ്ട്രമോ ? പേജ് നം.27)
മതനിരപേക്ഷപക്ഷത്തുനിന്നുകൊണ്ട് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന മറ്റൊരു കൃതിയാണ് ഷംസുൽ ഇസ്ലാമിന്റെ ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവ്വചിക്കപ്പെടുന്നു: ഒരു വിമർശനം എന്ന കൃതി. ഇതിൽ ഗോൾവാൾക്കറുടെ കൃതിയുടെ പരിഭാഷയും നൽകിയിട്ടുണ്ട്.
സംഘ്പരിവാറിന് മതമെന്നാൽ ഹിന്ദുമതം മാത്രമാണ്. ഹിന്ദുമതത്തിന്റെ ഒരു വെറും വകഭേദമായിട്ടാണ് ബുദ്ധമതത്തെ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ പിറവിയെടുത്ത എല്ലാ മതങ്ങളെയും (സിഖ്, ജൈനമതങ്ങളെ) ഏകശിലാരൂപമായ ഹിന്ദുമതത്തിലേക്ക് ഉൾക്കൊള്ളിക്കാൻ അത് ശ്രമിക്കുന്നു. മാത്രമല്ല ഹിന്ദു -– മുസ്ലീം ദ്വന്ദ്വം കൊണ്ടുവന്ന് ഹിറ്റ്ലറുടെ ഫാസിസ്റ്റ് സങ്കല്പമാതൃകയിൽ, ഹിന്ദുക്കൾ തരംതാഴ്ത്തപ്പെട്ടിരിക്കുകയാണെന്നും അതിനുത്തരവാദികൾ മുസ്ലീങ്ങളാണെന്നും അവതരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയെ തള്ളിക്കളഞ്ഞ് മതേതരത്വത്തെ ഇല്ലായ്മ ചെയ്യുന്നു. വർഗീയതയാണ് ആർ.എസ് എസിന്റെ മുഖമുദ്ര. ബിപിൻ ചന്ദ്രയുടെ വർഗീയത എന്ന കൃതി അനാവരണം ചെയ്യുന്നതിതാണ്. വർഗീയതയുടെ പ്രത്യയശാസ്ത്ര പരിസരം വ്യക്തമാകുമ്പോൾ നുണയുടെ ചീട്ടുകൊട്ടാരങ്ങൾ തകർന്നടിയും.
ഗുജറാത്ത് കലാപത്തെക്കുറിച്ച് രേവതിലോൾ നടത്തിയ അന്വേഷണങ്ങളിൽ നിന്നുമുള്ള കണ്ടെത്തലുകളാണ് വെറുപ്പിന്റെ ശരീരശാസ്ത്രം എന്ന കൃതി. വർഗീയത മനുഷ്യ മനസ്സുകളിൽ കടന്നുകയറി ഹിംസാത്മക രൂപമാർജ്ജിക്കുന്നതെങ്ങനെ എന്ന അന്വേഷണമാണിത്.
വർഗീയത എപ്രകാരമാണ് സ്ത്രീ ജീവിതത്തെ ലക്ഷ്യം വയ്ക്കുന്നതെന്നും തല്ലിത്തകർക്കുന്നതെന്നും വർഗീയതയും ഇന്ത്യൻ സ്ത്രീകളും എന്ന ബൃന്ദ കാരാട്ടിന്റെ കൃതി വ്യക്തമാക്കുന്നു. ഗുജറാത്തിലും മണിപ്പൂരിലും കലാപവേളകളിലും തുടർന്നും സ്ത്രീ ശരീരത്തെ ലക്ഷ്യമിട്ട സവർണ ഹിന്ദുത്വ വർഗീയതയുടെ ചെയ്തികളെ അടിത്തട്ടിലെ മനുഷ്യർക്കൊപ്പം നിന്ന് ആവിഷ്കരിക്കുന്ന കൃതിയിൽ. കലാപത്തിന്റെ കൊടുംക്രൂരതകൾ ഏറ്റുവാങ്ങിയ സ്ത്രീകളുമായി നേരിട്ട് സംസാരിച്ച് ശേഖരിച്ച വിവരങ്ങളടങ്ങിയിരിക്കുന്നു.
ഭരണഘടനയുടെ കാവലാൾ എന്ന തീസ്ത സെതൽവാദിന്റെ രചന നീതിക്കായുള്ള അവരുടെ പോരാട്ടങ്ങളുടെ അനുഭവ സാക്ഷ്യങ്ങളാണ്. ഗുജറാത്ത് കലാപത്തിനു പിന്നിലെ ഗൂഢാലോചനകളെ പുറത്തുകൊണ്ടുവന്ന മാധ്യപ്രവർത്തക. നരേന്ദ്ര മോദിയ്ക്കെതിരായി ക്രിമിനൽ വിചാരണ വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയത് തീസ്തയുടെ നേതൃത്വത്തിലുള്ള ‘സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ എന്ന സംഘടനയാണ്. ഇങ്ങനെ ഗുജറാത്ത് കലാപവേളയിലും മുംബൈ കലാപവേളയിലും കലാപബാധിതർക്ക് നീതി ലഭിക്കാനായി നടത്തിയ പോരാട്ടങ്ങളെ ഈ അനുഭവാഖ്യാനം തുറന്നെഴുതുന്നു.
തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജ് രചിച്ച നരേന്ദ്രമോദിയോട് രാജ്യം ചോദിക്കുന്ന 108 ചോദ്യങ്ങൾ എന്ന കൃതി ബഹുസ്വര ഇന്ത്യയെ ഇല്ലാതാക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വർഗ്ഗീയഭരണകൂടത്തിന്റെ ഗൂഢനീക്കങ്ങളെ തെളിവുകൾ നിരത്തി ചോദ്യം ചെയ്യുന്നു. വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുന്ന കൃതിയാണിത്.
നരക സാകേതത്തിലെ ഉള്ളറകൾ സുധീഷ് മിന്നിയെന്ന മുൻ ആർ എസ് എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ എഴുത്താണിത്. ഈ തുറന്നുപറച്ചിൽ എപ്രകാരമാണ് നമ്മുടെ അയൽക്കാരനെപ്പോലും ചോര കൊതിക്കുന്ന രീതിയിൽ മാറ്റിയെടുക്കുന്നതെന്ന് വ്യക്തമാക്കുന്നു.
നരോദപാട്യയിൽ നിന്നുള്ള ബസ് എന്ന വി ഷിനിലാലിന്റെ കഥാസമാഹാരം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരന്റെ ആഖ്യാനങ്ങളാണ്. തനിക്കു ചുറ്റും നടക്കുന്നതൊന്നും അന്യമായതല്ലെന്ന തിരിച്ചറിവുള്ള എഴുത്തുകാരന്റെ രചന.
വർഗ്ഗീയതയെ പിഴുതെറിയാൻതക്ക ശേഷിയുള്ള പ്രത്യയശാസ്ത്രം രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യത അടയാളപ്പെടുത്തുന്ന കൃതികളാണ് മേൽപ്പറഞ്ഞവയെല്ലാം. വർത്തമാനകാല ഇന്ത്യയെ മൂടിയിരിക്കുന്ന വർഗീയത സകല മണ്ഡലങ്ങളെയും തങ്ങളുടെ വരുതിയിൽ നിർത്താൻ ശ്രമിക്കുമ്പോൾ അതിനെതിരായ ചെറുത്തുനിൽപ് ഉയർത്തേണ്ടുന്നവരുടെ കൈകളിലെ ശക്തമായ ആയുധങ്ങളാണ് ഈ കൃതികൾ.മനുഷ്യന്റെ സാമൂഹിക ജീവിതത്തെ തകർക്കാൻ ശേഷിയുള്ളതാണ് സംഘ്-പരിവാറിന്റെ പ്രത്യയശാസ്ത്രം. ആർ എസ് എസിനെ ചെറുക്കാൻ സമൂഹത്തേയും രാഷ്ട്രീയത്തേയും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഈ ആഖ്യാനങ്ങൾ വ്യക്തമാക്കുന്നു. വർഗീയ പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നതിന് ആശയതലത്തിലും രാഷ്ട്രീയ തലത്തിലും സങ്കീർണമായ പോരാട്ടങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് ഈ ആഖ്യാനങ്ങൾ വ്യക്തമാക്കുന്നു. ഈ ദീർഘകാല പ്രക്രിയയ്ക്കടിത്തറ പാകുന്ന ചില രചനകൾ കൂടി താഴെ നൽകുന്നു:
1. ഭരണഘടനയുടെ കാവലാൾ
-തീസ്ത സെതൽവാദ്
2. ദേശീയപ്രസ്ഥാനവും ആർ എസ് എസിന്റെ വർഗീയ അജൻഡയും
3. നരേന്ദ്ര മോദിയോട് രാജ്യം ചോദിക്കുന്ന 108 ചോദ്യങ്ങൾ – – മനോ തങ്കരാജ്
4. വംശഹത്യയുടെ രാഷ്ട്രീയം
(ബി ബി സി ഡോക്യുമെന്ററി)
5. സവർക്കറും ഹിന്ദുത്വവും – എ ജി നൂറാനി
6. മഹാത്മാഗാന്ധിയുടെ മണ്ണിൽ മതവർഗീയത – ജി രാമകൃഷ്ണൻ
7. മതരാഷ്ട്രവാദത്തിന്റെ ശിലകൾ: ഹിന്ദുത്വമുദ്രാവാക്യങ്ങളുടെ ഉൾപ്പൊരുൾ
– സതീഷ് സൂര്യൻ
8. നരോദപാട്യയിൽ നിന്നുള്ള ബസ് – വി ഷിനിലാൽ
9. നരക സാകേതത്തിലെ ഉള്ളറകൾ – സുധീഷ് മിന്നി
10. സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കേണ്ടതെങ്ങനെ?
(പാർട്ടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയത്)
11. ഇന്ത്യയെ തകർക്കാൻ ആർ എസ് എസ്
പദ്ധതി – ഷംസുൽ ഇസ്ലാം
12. ഇന്ത്യൻ വർഗീയ ഫാസിസവും
സ്ത്രീകളും – ബൃന്ദ കാരാട്ട് l









