കൊളോണിയൽ ഇന്ത്യയിൽ ഒരു രാഷ്‌ട്രീയരൂപമെന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയിലാണ് വർഗീയത ഉദയം പ്രാപിച്ചത്. ചരിത്രപരമായി കൊളോണിയൽ കാലഘട്ടത്തിനു മുന്പും മതാടിസ്ഥാനത്തിലുള്ള സംഘർഷങ്ങൾ കാണാമെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കാണ് മതപരമായ സ്വത്വത്തിന്റെ ആക്രമണോത്സുകതയിലൂന്നിയ വാദങ്ങൾ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരു രാഷ്‌ട്രീയ സവിശേഷതയായത്. ഒന്നാം ലോകയുദ്ധാനന്തരം വർഗീയ സംഘടനകൾ രൂപീകരിക്കപ്പെടുകയും സജീവമാകുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. പൂർണ്ണമായും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി മതത്തെ ഉപയോഗിക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം, ‘ഹിന്ദു, ‘മുസ്ലീം’ സ്വത്വങ്ങളുടെ ഭേദചിന്തയിലും ധ്രുവീകരണത്തിലും ഉൗന്നിയുള്ളതായിരുന്നു എന്നതാണ്. രണ്ടുസമുദായങ്ങളുടെയും താൽപര്യങ്ങൾ വിഭിന്നമാണെന്നും പൊതുവായ യാതൊന്നും ഇൗ സമുദായങ്ങൾക്കിടയിൽ ഇല്ലെന്നും പ്രചരിപ്പിക്കപ്പെട്ടു. ആന്തരികമായി വർഗീകരിക്കപ്പെടാത്ത രണ്ടുസമുദായങ്ങളും സഹജമായിത്തന്നെ പരസ്പര ശത്രുത പുലർത്തുന്നവരാണെന്ന അനുമാനമായിരുന്നു ഇതിനുള്ള അടിസ്ഥാനം. വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തിയ ഇന്ത്യയിലെ മനുഷ്യരുടെ സഹവർത്തിത്വത്തിന്റെ സുദീർഘമായ ചരിത്രാനുഭവത്തിന്റെ നിഷേധംകൂടിയായി ഇത് മാറി.
മതസമുദായങ്ങളെ കർക്കശമായി വിഭജിച്ച് നിർത്തുന്നതിൽ നിർബന്ധം കാട്ടിയ കൊളോണിയൽ ഭരണകൂടം, സമുദായങ്ങളുടെ പരസ്‌പര സഹവർത്തിത്വത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുംവിധം അതിരുകളും നിർണയിച്ചു. സെൻസസ്, നരവംശശാസ്ത്ര സർവേകൾ, തിരഞ്ഞെടുപ്പ് പ്രാതിനിധ്യം എന്നിവയിലൂടെ മതസമൂഹങ്ങളെ കൃത്രിമമായ രീതികളിലൂടെ നിർവചിക്കാനായിരുന്നു അവരുടെ ശ്രമം. മാത്രമല്ല, ഹിന്ദുക്കളും മുസ്ലീങ്ങളും നിരന്തരം പരസ്പരം കലഹിക്കുന്നവരാണെന്നും അതിനാൽ വ്യത്യസ്ത മതവിഭാഗങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം ഉറപ്പാക്കുന്നതിനെന്ന പേരിൽ ബ്രിട്ടീഷ് ഭരണം ന്യായീകരിക്കപ്പെടുമെന്നുമുള്ള കാഴ്‌ചപ്പാട് ബ്രിട്ടീഷ് ഭരണകൂടം വച്ചുപുലർത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയോടെ, പരസ്പരം ശത്രുത പുലർത്തുന്ന ഹിന്ദു–മുസ്ലീം ബൃഹദ് സമുദായങ്ങളാണ് ഇന്ത്യയിലുള്ളതെന്ന പൊതുധാരണ തങ്ങളുടെ ഭരണരീതികളിലൂടെ കൊളോണിയൽ ഭരണകൂടം നിർമിച്ചെടുക്കുകയും ചെയ്‌തു.
വർഗീയ പ്രത്യയശാസ്ത്രകാരർക്ക് ഉപയോഗപ്രദമായ ഈ വീക്ഷണങ്ങൾ, അവർ കൂടൂതൽ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്. 1923-ൽ വി ഡി സവർക്കർ തന്റെ ‘ഹിന്ദുത്വം: ആരാണ് ഹിന്ദു?’ എന്ന രചന പ്രസിദ്ധീകരിച്ചു. ‘ഹിന്ദുത്വം’ എന്നാൽ ഹിന്ദു ആയിരിക്കുക അല്ലെങ്കിൽ ഒരു ഹിന്ദു സ്വത്വം ഉണ്ടായിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. എന്നാലത് ചിലപ്പോഴൊക്കെ കരുതപ്പെടുംവിധം ഹിന്ദുയിസത്തെയോ ഹിന്ദുമതത്തെതന്നെയോ അർത്ഥമാക്കുന്നില്ല. സവർക്കറുടെ അഭിപ്രായത്തിൽ ഇന്ത്യ ഹിന്ദുക്കളുടെ ദേശമായിരുന്നു. പൊതുവായ പൂർവ്വികർ ഉള്ളതും രക്തബന്ധത്താൽ ബന്ധപ്പെട്ടിരിക്കുന്നതുമായ ജാതിയായിരുന്നു. ഹിന്ദുക്കൾ ഒരു രാഷ്‌ട്രമെന്നതിലുപരി ഒരു ജാതിക്കും ജന്മസിദ്ധമായ സഹോദര്യത്തിനും ഉടമകളാണ്. ‘നമ്മൾ ഒരു ജാതിയാണെന്ന് നമുക്ക് അനുഭവപ്പെടുന്നു, – ഏറ്റവും പ്രിയപ്പെട്ട രക്തബന്ധങ്ങളാൽ ബന്ധിതമായ ഒരു വംശം’–അദ്ദേഹം തുടർന്ന് പറയുന്നു. വംശത്തെക്കുറിച്ചുള്ള നിലവിലെ ആശയങ്ങൾ ഈ നിർവചനത്തെ ആഴത്തിൽ സ്വാധീനിച്ചു. ഹിന്ദുക്കളെ ഒരേ വംശത്തിൽപ്പെട്ടവരായും ഒരു പൊതുവംശത്തിൽ നിന്നുള്ളവരായും കണക്കാക്കി. സവർക്കറെ സംബന്ധിച്ചിടത്തോളം പ്രധാന പുണ്യസ്ഥലങ്ങൾ ഇന്ത്യയിലുള്ള സമുദായങ്ങൾക്കുമാത്രമേ ഇന്ത്യൻ രാഷ്‌ട്രത്തിന്റെ അവകാശികളാകാനാകൂ. ഇതുപ്രകാരം മുസ്ലീങ്ങളും ക്രിസ്ത്യാനികളും വ്യക്തമായും ഒഴിവാക്കപ്പെട്ടു. ഇന്ത്യയെ പുണ്യഭൂമിയായി കാണുന്ന ഹിന്ദുക്കൾക്ക് ഇന്ത്യയിൽ ഉന്നതാവകാശമുണ്ടായി.
സവർക്കറുടെ പുസ്തകം പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെ, ഈ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഏതാനും മേൽജാതി മഹാരാഷ്ട്രക്കാർ 1925 സെപ്തംബറിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്‌എസ്) രൂപീകരിക്കാൻ ഒത്തുചേർന്നു. നാഗ്പൂരിലാണ് സംഘടന സ്ഥാപിതമായത്.ആദ്യ യോഗത്തിൽ പങ്കെടുത്തവരിൽ കെ ബി ഹെഡ്‌ഗേവാർ, ബി എസ് മൂഞ്ചെ, ജി ഡി സവർക്കർ (വി ഡി സവർക്കറുടെ സഹോദരൻ) എന്നിവരും ഉൾപ്പെടുന്നു. മൂഞ്ചെയുമായി ഹെഡ്‌ഗേവാർ അടുത്ത ബന്ധം പുലർത്തിയിരുന്നു. രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ മാർഗദർശിയായും രാഷ്‌ട്രീയത്തിലേയ്‌ക്ക് ഹെഡ്‌ഗേവാറിനെ കൈപിടിച്ച് നടത്തിയതുതന്നെ മൂഞ്ചെയാണെന്ന് പറയാം. മുസോളിനിയുടെ ആരാധകനായിരുന്ന മൂഞ്ചെ ഇറ്റാലിയൻ ഫാസിസ്റ്റുകളിലാണ് പ്രചോദനം കണ്ടെത്തിയത്. 1931 ൽ ഇറ്റലിയിലേക്ക് പോയി മുസ്സോളിനിയെ നേരിട്ടുകണ്ട അദ്ദേഹം, സംഘ് പ്രവർത്തകർക്ക് സൈനിക പരിശീലനം നൽകുന്നതിന് ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ സഹകരണം തേടാൻ ശ്രമിക്കുകപോലും ചെയ്‌തു. ഹെഡ്‌ഗേവാർ ആയിരുന്നു ആർഎസ്‌എസിന്റെ ആദ്യത്തെ സർസംഘ്-ചാലക് അഥവാ പരമോന്നത നേതാവ്. ജീവിതാന്ത്യംവരെയാണ് സർസംഘ്-ചാലക് ആ സ്ഥാനത്ത് നിയമിക്കപ്പെടുക. 1926ൽ അദ്ദേഹം ശാഖാ പരിപാടി അവതരിപ്പിച്ചു. 50-–100 (പുരുഷ) അംഗങ്ങൾ ഉൾപ്പെടുന്ന ശാഖയാണ് സംഘടനയുടെ അടിസ്ഥാന ഘടകം, അതിന്റെ ദൈനംദിന ഒത്തുചേരലിൽ അംഗങ്ങൾക്ക് കായിക പരിശീലനം നൽകും. അതോടൊപ്പം തന്നെ അംഗങ്ങളുടെ ‘മാനസിക തയ്യാറെടുപ്പി’നായി ശാഖയിൽ പ്രത്യയശാസ്ത്ര പ്രബോധനവും നൽകുന്നു. ശാഖയിൽ പങ്കെടുക്കുന്നവർക്ക് ഒരു യൂണിഫോമും (കാക്കി ഷോർട്ട്സ്, വെള്ള ഷർട്ട്, കറുത്ത തൊപ്പി– – തുടക്കത്തിൽ കാക്കി ഷർട്ടായിരുന്നു) നിർദ്ദേശിക്കപ്പെട്ടു. 1939ആയപ്പോഴേക്കും ആർഎസ്‌എസിന് നാല്പതിനായിരം അംഗങ്ങളും അഞ്ഞൂറോളം ശാഖകളും നിലവിൽവന്നു. 1940കളിൽ വർദ്ധിച്ചുവന്ന വർഗീയ ധ്രുവീകരണത്തിന്റെ പശ്ചാത്തലത്തിൽ സംഖ്യ അതിവേഗം വികസിച്ചുകൊണ്ടേയിരുന്നു.
1930-കളിൽ ജർമ്മനിയിലെ നാസിസത്തിന്റെ ഉദയവും വളർച്ചയും ആർഎസ്എസിന്റെ സുപ്രധാന പ്രചോദനമായി മാറി. ആര്യൻ വംശത്തിന്റെ ശ്രേഷ്ഠതയെയും അവരുടെ ദേശീയ സങ്കൽപ്പങ്ങളെയും കുറിച്ചുള്ള നാസി പ്രചാരണം ആർഎസ്‌എസ് പ്രത്യയശാസ്ത്രകാരരുടെ രചനകളിൽ അതിവേഗം ഉൾച്ചേർക്കപ്പെട്ടു. നാസികളുടെ ജൂത പീഡനത്തിന് വലിയപ്രശംസപോലും ലഭിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ ഉപയോഗിക്കാവുന്ന മാതൃകയായി ഇൗ ജൂതപീഡനത്തെ അവർ കണക്കാക്കി. 1939-ൽ പ്രസിദ്ധീകരിക്കപ്പെട്ട എം എസ് ഗോൾവാൾക്കറുടെ ‘വീ ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്’ എന്ന പുസ്‌തകത്തിൽ ഇൗ വാദങ്ങളെല്ലാം സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. 33 വർഷം സർസംഘ്-ചാലകായിരുന്ന ഹെഡ്‌ഗേവാർ 1940ൽ മരിച്ചതിനെ തുടർന്ന് ഗോൾവാൾക്കർ ആർഎസ്എസിന്റെ സർസംഘ്-ചാലക് ആയി സ്ഥാനമേറ്റു. സംഘിന്റെ പ്രധാന സൈദ്ധാന്തികനായി ഗോൾവാൾക്കറിനെ നമുക്ക് കണക്കാക്കാനാകും. നിരവധി ആർഎസ്എസ്, ബിജെപി ഭാരവാഹികൾ തങ്ങൾ ഈ പുസ്തകത്തിൽ പ്രകടിപ്പിച്ച വീക്ഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും സംഘ്-പരിവാർ പ്രത്യയശാസ്ത്രം മനസ്സിലാക്കുന്നതിനുള്ള പ്രധാന ഗ്രന്ഥമായി ഇത് ഇപ്പോഴും തുടരുകയാണ്. 1960കളുടെ തുടക്കത്തിൽ ഈ പുസ്തകത്തിന്റെ രചയിതാവ് താനല്ലെന്നും ജി ഡി സവർക്കർ എഴുതിയ ഒരു മറാത്തി പുസ്തകത്തിന്റെ (രാഷ്ട്ര മീമാംസ) ഒരു സംക്ഷിപ്ത വിവർത്തനം മാത്രമാണ് താൻ ചെയ്തതെന്നും ഗോൾവാൾക്കർ അവകാശപ്പെടുകയുണ്ടായി. ഈ വിഷയത്തിൽ വിപുലമായ ഗവേഷണം നടക്കുകയും 1939ലെ പതിപ്പ് എം എസ് ഗോൾവാൾക്കർ രചിച്ചതാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഗോൾവാൾക്കറുടെ ജീവചരിത്രത്തിൽ, ധീരേന്ദ്ര കെ ഝാ പ്രസക്തമായ തെളിവുകളോടെ പുസ്തകം ഗോൾവാൾക്കർ തന്നെ എഴുതിയതാണെന്ന് വിശ്വസനീയമാംവിധം സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിന്റെ ആമുഖത്തിൽ ജി ഡി സവർക്കറിനോടുള്ള തന്റെ ബൗദ്ധിക കടപ്പാട് ഗോൾവാൾക്കർ അംഗീകരിക്കുകയും എന്നാൽ കൃതിയുടെ രചയിതാവായി സ്വയം പരാമർശിക്കാതിരിക്കുകയുമാണ് ചെയ്‌തത്. അതിനാൽതന്നെ പുസ്തകത്തിലെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വീക്ഷണങ്ങളായി കണക്കാക്കേണ്ടതുണ്ട്. പിന്നീട് അദ്ദേഹം തന്റെ ചില വീക്ഷണങ്ങളിൽ മാറ്റം വരുത്തിയതായും അഭിപ്രായമുണ്ട്, പ്രത്യേകിച്ച് ജൂതപീഡനത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ. എന്നിരുന്നാലും 1947ലെ പതിപ്പിൽ ആദ്യം പ്രസിദ്ധീകരിച്ച യഥാർത്ഥ പതിപ്പിലെ അതേ പ്രസ്താവനകൾ ആവർത്തിച്ചു. മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ആർഎസ്‌എസിന് ഏർപ്പെടുത്തിയ നിരോധനം കാരണം പുസ്തകത്തിനു പുനഃപ്രസിദ്ധീകണം സാധ്യമായില്ല.
ഇൗ പുസ്‌തകത്തിലെ ചില ഉദ്ധരണികൾ ഇവിടെ പരാമർശിക്കുന്നത് സന്ദർഭോചിതമാണെന്ന് കരുതുന്നു. ‘ ജർമൻ വംശാഭിമാനം വർത്തമാന കാലത്തെ പ്രധാന വിഷയമായി മാറിയിരിക്കുന്നു. വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും വിശുദ്ധി നിലനിർത്തുന്നതിനായി, സെമിറ്റിക് വംശത്തെ –- ജൂതരെ, – രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്‌ത് ജർമ്മനി ലോകത്തെ ആശ്ചര്യപ്പെടുത്തി. വംശാഭിമാനം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ ഇവിടെ പ്രകടമായിരിക്കുന്നു. വേരുകൾ വരെ ആഴത്തിൽ വ്യത്യാസങ്ങൾ ഉള്ള, വ്യത്യസ്ത വംശങ്ങളെയും സംസ്കാരങ്ങളെയും ഒന്നിച്ചൊരൊറ്റ രാഷ്ട്രമായി ലയിപ്പിക്കുകയോ ഉൾച്ചേർക്കുകയോ ചെയ്യുന്നത് ഏറെക്കുറെ അസാധ്യമാണെന്ന് ജർമ്മനി തെളിയിച്ചു, ഇത് ഹിന്ദുസ്ഥാനിലെ നമുക്ക് ഗ്രഹിക്കാനും ഗുണഫലം നേടാനുമുള്ള നല്ലൊരു പാഠമാണ്’.
ഗോൾവാൾക്കർ തുടർന്ന് പറയുന്നു, “ഹിന്ദുസ്ഥാനിലെ അഹിന്ദുക്കൾ (ഹിന്ദുസ്ഥാൻ എന്നല്ല; ഈ സന്ദർഭത്തിൽ ‘ഹിന്ദുസ്ഥാൻ’ എന്നാൽ ഹിന്ദുക്കളുടെ അധീശത്വമുള്ള ഒരു രാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്) ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദു മതത്തെ ബഹുമാനിക്കാനും ആദരവോടെ നിലനിർത്താനും പഠിക്കണം, ഹൈന്ദവ വംശത്തിന്റെയും സംസ്കാരത്തിന്റെയും മഹത്വവൽക്കരണം ഒഴികെ മറ്റൊരു ആശയവും സ്വീകരിക്കരുത്, അതായത് ഈ ദേശത്തോടും അതിന്റെ കാലാകാലങ്ങളായുള്ള പാരമ്പര്യങ്ങളോടും ഉള്ള അസഹിഷ്ണുതയുടെ മനോഭാവവും നന്ദികേടും ഉപേക്ഷിക്കുക മാത്രമല്ല, സ്നേഹത്തിന്റെയും ഭക്തിയുടെയും പോസിറ്റീവ് മനോഭാവം വളർത്തിയെടുക്കുകയും വേണം–- ഒറ്റവാക്കിൽ പറഞ്ഞാൽ അവർ വിദേശികളാകുന്നത് അവസാനിപ്പിക്കണം, അല്ലെങ്കിൽ ഹിന്ദു രാഷ്ട്രത്തിന് പൂർണ്ണമായും കീഴ്പ്പെട്ട്, ഒന്നും അവകാശപ്പെടാതെ, ഒരു പ്രത്യേകാവകാശവും അർഹിക്കാതെ, പ്രത്യേക പരിഗണനയ്ക്ക് അർഹതയില്ലാത്ത, പൗരാവകാശങ്ങൾ പോലും അർഹിക്കാത്ത വിഭാഗമായി രാജ്യത്ത് തുടരാം”!
ഇന്ത്യൻ രാഷ്ട്രത്തെ പുനർനിർവചിക്കാനുള്ള ആർഎസ്‌എസിന്റെ രാഷ്ട്രീയ പദ്ധതി ഇപ്പോൾ ഒരു നൂറ്റാണ്ടായി തുടരുന്നു. ചരിത്രത്തിന്റെ വ്യാജവൽക്കരണം ഈ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. രാഷ്ട്രത്തെ സംബന്ധിച്ച് അവരുടേതായ ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘ്- പ്രത്യയശാസ്ത്രകാരർ നിരന്തരം ചരിത്രത്തെ വളച്ചൊടിക്കുന്നു. അത്തരമൊരു പദ്ധതിയുടെ ഒരു അനിവാര്യ ഘടകം, പ്രഥമവും പ്രധാനവുമായ ഇൗ ഭൂപ്രദേശത്തെ ആദിമ നിവാസികളുടെ പിൻമുറക്കാരാണ് ഈ രാഷ്ട്രമെന്ന വാദമാണ്. ഈ പൊതു പൂർവ്വികരെ ഉപഭൂഖണ്ഡത്തിലെ ആദിമ നിവാസികൾ എന്ന് കരുതപ്പെടുന്ന ‘ആര്യന്മാരുമായി’ തുലനം ചെയ്യുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിനു മുമ്പുള്ള ഇന്ത്യയുടെ ചരിത്രത്തെ മതപരമായ സ്വത്വ ലേബലുകൾ ഉപയോഗിച്ച് കാലാനുസൃതമാക്കുകയും, ഈ ചരിത്രത്തെ ‘ഹിന്ദു’ കാലഘട്ടം എന്നും ‘മുസ്ലീം’ കാലഘട്ടം എന്നും വേർതിരിക്കുകയും ചെയ്തത് പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ ചരിത്രരചനയുടെ ഫലമായിട്ടാണ്. കൊളോണിയൽ ചരിത്രരചനയാണ് വർഗീയ ചരിത്രരചനയ്ക്ക് പല അടിസ്ഥാനശിലകളും സംഭാവന ചെയ്‌തത്. ചരിത്രത്തെക്കുറിച്ചുള്ള വർഗീയ രചനകളിൽ, ‘പുരാതന ഇന്ത്യ’യെ ‘ഹിന്ദു നാഗരികത’യുമായി തുലനം ചെയ്യുന്നു. ‘മധ്യകാല ഇന്ത്യ’യെ മുസ്ലീം പിടിച്ചടക്കലുകളുടെയും അല്ലെങ്കിൽ അധിനിവേശങ്ങളുടെയും, മുസ്ലീങ്ങൾക്ക് കീഴ്പ്പെട്ടതിന്റെയും കാലഘട്ടമായി ചിത്രീകരിക്കുന്നു. ഇന്ത്യയുടെ പുരാതന, ‘ഹിന്ദു’ നാഗരികതയെ തകർക്കുന്ന ഒരു ഇരുണ്ട യുഗമായിട്ടാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.എല്ലാറ്റിലുമുപരി ഇൗ പദ്ധതിയിൽ ബ്രിട്ടീഷ് ഭരണത്തെ സംബന്ധിക്കുന്ന യാതൊരു വിമർശനവുമില്ല എന്നുള്ളതാണ്. ഇസ്ലാമിക അധിനിവേശക്കാരും/ഭരണാധികാരികളും ഹിന്ദുക്കളും തമ്മിലുള്ള സംഘർഷങ്ങൾ മാത്രമാണ് എടുത്തുകാണിച്ചിരിക്കുന്നത് (മുഗളരുടെയും സിഖുകാരുടെയും പശ്ചാത്തലത്തിൽ). കൊളോണിയൽവിരുദ്ധ ചെറുത്തുനിൽപ്പിന് ഈ ആഖ്യാനത്തിൽ സ്ഥാനമേയില്ല. വർഗീയ ചരിത്രരചനയുടെ പതിവ് സവിശേഷതയായി ഈ കാഴ്ചപ്പാടുകൾ തുടരുന്നു. 2023 ജൂണിൽ അമേരിക്കയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യ കഴിഞ്ഞ ആയിരം വർഷമായി ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വിദേശഭരണത്തിന് കീഴിലായിരുന്നൂവെന്ന ധാരണ പ്രധാനമന്ത്രി ആവർത്തിച്ചു. മുസ്ലീം ഭരണാധികാരികൾ വിദേശ ഭരണാധികാരികളായിരുന്നുവെന്ന ധ്വനി ജനിപ്പിക്കുന്നതാണിത്.
ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദിമ നിവാസികളാണെന്നും ഇൗ രാഷ്‌ട്രം യാഥാർഥത്തിൽ അവരുടെ പിന്മുറക്കാർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള വീക്ഷണമാണ് സംഘ്-പരിവാറിന്റെ ‘ഹിന്ദു രാഷ്ട്രം’ എന്ന പരിപ്രേക്ഷ്യത്തിന്റെ കേന്ദ്രബിന്ദു; ഇൗ ഹിന്ദുരാഷ്‌ട്രത്തിന്റെ സംസ്ഥാപനമാണ് അവരുടെ ആത്യന്തിക ലക്ഷ്യവും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന കാലഘട്ടത്തിലുടനീളം ബിജെപി ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രവർത്തിച്ചുവരികയാണ്. ഇത് രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന ആശയങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അടുത്തിടെ നടന്ന ആർഎസ്‌എസിന്റെ ശതാബ്‌ദി ആഘോഷത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളും ആർഎസ്‌എസിനെ മഹത്വവൽക്കരിച്ചത്, പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഇൗ സർക്കാരിന്റെ പ്രേരകശക്തിയായി വർത്തിക്കുന്നത് ആർഎസ്എസാണെന്ന് –മുൻപ് സംശയമുണ്ടായിരുന്നവർക്കുപോലും – വ്യക്തമാക്കിക്കൊടുത്തിരിക്കുന്നു. l
പരിഭാഷ: റിതിൻ പൗലോസ്



