Wednesday, November 12, 2025

ad

Homeകവര്‍സ്റ്റോറിരക്തപങ്കിലമായ 
നൂറുവർഷം

രക്തപങ്കിലമായ 
നൂറുവർഷം

പി ജയരാജൻ

ഇന്ത്യ കണ്ട ആദ്യ ഭീകരാക്രമണം –ഗാന്ധിവധം
സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ ഭീകരാക്രമണം ഏതെന്നതിൽ മതനിരപേക്ഷ ജനാധിപത്യവാദികളിൽ ഒരാൾക്കും സംശയമുണ്ടാവില്ല. അത് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആർഎസ്എസിന്റെ നടപടി തന്നെയാണ്. 1948 ജനുവരി 30ന് ബിർളാ മന്ദിറിലെ പ്രാർഥനാവേളയിൽ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നെഞ്ചിലേക്ക് നാഥുറാം ഗോഡ്സെ പായിച്ച വെടിയുണ്ട യഥാർഥത്തിൽ ഇന്ത്യയുടെ ഹൃദയത്തിനുനേരെയുള്ള ഭീകരാക്രമണമാണ്. ആർഎസ്എസിന്റെ സഹജമായ കള്ളക്കളികളിലൂടെ ഗോഡ്സെയും ആർഎസ്എസും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പ്രചരിപ്പിക്കുന്നുവെന്നു മാത്രം. ഗാന്ധിവധ ഗൂഢാലോചനയിലെ മുഖ്യപ്രതിയായ വി ഡി സവർക്കർക്കും തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പറയാനും ആർഎസ്എസ് മടിച്ചില്ല. അതേ സവർക്കറെത്തന്നെയാണ് ആർഎസ്എസും പരിവാരങ്ങളും ഗാന്ധിജിക്കുപകരം രാഷ്ട്രപിതാവായി കൊണ്ടാടാനും ശ്രമിക്കുന്നത്. നാഥുറാം ഗോഡ്സെയും ഇപ്പോൾ ആർഎസ്എസുകാരുടെ ആരാധ്യ പുരുഷനാണ്. കൊലയാളിയെന്ന് കണ്ടെത്തി കോടതി ഗോഡ്സെയ്ക്ക് വധശിക്ഷ നൽകിയതുമാണ്. കുറ്റക്കാരനെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് കോടതി സവർക്കറെ ശിക്ഷയിൽനിന്ന് ഒഴിവാക്കിയത്. ഗാന്ധിവധത്തിലെ ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം ആർഎസ്എസ്/ഹിന്ദു മഹാസഭാ പ്രവർത്തകരാണ്.

ആർഎസ്എസ് അന്നും ഇന്നും ഉയർത്തിക്കാട്ടുന്ന, അവരുടെ സുഹൃത്തായ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ് ഭായി പട്ടേൽപോലും ഗാന്ധിവധത്തിനുത്തരവാദി ആർഎസ്എസ് തന്നെയാണെന്ന് പറയുന്നുണ്ട്. മാത്രമല്ല, ‘‘ആർഎസ‍്എസ്സിന്റെ പ്രവർത്തനങ്ങൾ ഗവൺമെന്റിന്റെയും രാജ്യത്തിന്റെയും നിലനിൽപ്പിനുതന്നെ ഗുരുതരമായ ഭീഷണിയാണുയർത്തുന്നത്.’’ ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് സർദാർ പട്ടേൽ 1948 ജൂലെെ 18ന് എഴുതിയ കത്തിലെ വാക്കുകളാണിത്. വീണ്ടും 1948 സെപ്തംബർ 11ന് ആർഎസ്എസ് സർസംഘ് ചാലകിന് എഴുതിയ കത്തിൽ പട്ടേൽ അൽപ്പം കൂടി കടുത്ത ഭാഷയാണുപയോഗിച്ചിരിക്കുന്നത്. ‘‘സംഘ് നേതാക്കളുടെ പ്രസംഗങ്ങൾ വിഷലിപ്തമാണ്. അങ്ങനെ വമിച്ച കൊടുംവിഷമാണ് ഗാന്ധിജിയുടെ വധത്തിലേക്ക് നയിച്ചത്. ആർഎസ്എസ് അണികൾ ഗാന്ധി വധം മധുര പലഹാരം വിതരണം ചെയ്ത് ആഘോഷിച്ചു.’’

ആർഎസ്എസിന്റെ വിഷം നിറഞ്ഞ ഇതേ വാക്കുകളും ഗൂ-ഢാലോചനകളുമാണ് 1947 മുതൽ ഇന്നേ വരെ ഇന്ത്യയിലുണ്ടായ നിരവധി വർഗീയ ലഹളകൾക്ക് വഴിയൊരുക്കിയത്. ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആർഎസ്എസിന് ഒഴിയാൻ പറ്റിയത് അനേ-്വ
ഷണ ഏജൻസികൾ അക്കാര്യത്തിൽ നിഷ്-കർഷ പുലർത്താത്തതുകൊണ്ടു മാത്രമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളും സംഘപരിവാരങ്ങള്‍ കലാപത്തില്‍ വഹിച്ച പങ്കും ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തിന് ഉദാഹരണങ്ങളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ കലാപം 1947 ല്‍ ബംഗാളിലെ നവ്ഖാലിയിലായിരുന്നു. വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബിഹാര്‍ കലാപത്തിന്റെ പ്രതിധ്വനിയുമായിരുന്നു ഈ കലാപത്തിന് ഹേതുവായത്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലായിരുന്നു സംഘര്‍ഷം. 5000 പേര്‍ മരണമടഞ്ഞു. 25000 ത്തില്‍പ്പരം പേര്‍ക്ക് പരിക്കുപറ്റി. ആര്‍എസ്എസ് അജൻഡ ഈ കലാപത്തില്‍ വ്യാപകമായി നടപ്പിലാക്കപ്പെട്ടു.ആര്‍എസ്എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കലാപങ്ങള്‍ക്കാകെ ചില പൊതുസ്വഭാവങ്ങളുണ്ട്. മീറത്തിലായാലും അലിഗഢിലായാലും തലശ്ശേരിയിലായാലും ഒരേതരത്തിലാണ് ആസൂത്രണം. രാജ്യം സ്വാതന്ത്ര്യം നേടിയ വര്‍ഷത്തിലും തുടര്‍ന്നിങ്ങോട്ടും ആര്‍എസ്എസ് തുടക്കമിട്ട കലാപങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍, ഈ താരതമ്യവും മനസ്സിലാക്കാം.

1947 മാര്‍ച്ച് – ആഗസ്ത്
പഞ്ചാബ്, ലാഹോര്‍, അമൃത്സര്‍
1947 മാര്‍ച്ച് മുതല്‍ ആഗസ്തുവരെ നീണ്ടുനിന്ന കലാപമാണ് പഞ്ചാബിലെ ലാഹോറും അമൃത്സറും കേന്ദ്രീകരിച്ച് നടന്നത്. സ്വാതന്ത്ര്യത്തിനു മുമ്പു തുടങ്ങിയ കലാപം സ്വാതന്ത്ര്യശേഷവും തുടര്‍ന്നു. ഇവിടെയും വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കാരണമായിത്തീര്‍ന്നത്. വിഭജനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയ സംഘര്‍ഷങ്ങള്‍ നടന്നത‍് പഞ്ചാബിലായിരുന്നു. ലാഹോറിലും അമൃത്സറിലും ആയുധധാരികളായ ആള്‍ക്കൂട്ടങ്ങള്‍ ജനങ്ങളെ കൊന്നൊടുക്കി. പാര്‍പ്പിടങ്ങള്‍ക്ക് തീവച്ചു. 5000 പേരാണ് കലാപത്തില്‍ മരിച്ചത്. 3000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു.

1961 – ജബല്‍പ്പൂര്‍
ഒരു ഹിന്ദുപെണ്‍കുട്ടി മുസ്ലീമായ ഒരു ബീഡിമുതലാളിയുടെ മകനുമായി ഒളിച്ചോടിയതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. നിരവധി നുണക്കഥകള്‍ ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു. ബീഡി വ്യവസായത്തിലേര്‍പ്പെടുന്നവര്‍ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ എന്നിങ്ങനെ ധ്രുവീകരിച്ച് കടുത്ത സംഘര്‍ഷത്തിലേര്‍പ്പെട്ടു. ജസ്റ്റിസ് ശിവദയാല്‍ ശ്രീവാസ്തവ കമ്മിറ്റിയാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിസ്സംഗതയും അന്വേഷണത്തിലും വിചാരണയിലും പൊലീസ് കാണിച്ച നിഷ്ക്രിയത്വവും പ്രതികളെ മിക്കവരെയും വെറുതെ വിടാന്‍ കാരണമായി.

1964 – റൂര്‍ക്കേല, കല്‍ക്കത്ത,
 ജംഷെഡ്പൂര്‍
വ്യവസായ മേഖലയിലെ തര്‍ക്കം ഹിന്ദു–മുസ്ലീം മദ്യവ്യാപാരികള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറി. വ്യാപാരം കൂടുതല്‍ ലഭിക്കുന്നത് മുസ്ലീങ്ങള്‍ക്കാണ് എന്ന പ്രചാരണത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഈ കലാപത്തിെന്‍റ മൂലകാരണം കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളായിരുന്നു. അതിനുള്ള തിരിച്ചടിയായി മാറി റൂര്‍ക്കേല കലാപം. 2000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഈ കലാപങ്ങള്‍ക്കും മുസ്ലീം ഹത്യക്കും നേതൃത്വം കൊടുത്തത് ആര്‍എസ്എസ് ആണ്.

1967 ആഗസ്ത് – ഹാതിയ, റാഞ്ചി
ഉര്‍ദു രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ ജാഥയ്ക്ക് നേരെയുണ്ടായ കല്ലേറായിരുന്നു കലാപത്തിന് തുടക്കമിട്ടത്. താമസംവിനാ നിറം പിടിപ്പിച്ച നുണകളുടെ വ്യാപനമുണ്ടായി. 164 മുസ്ലീങ്ങള്‍ വധിക്കപ്പെട്ടു. 19 ഹിന്ദുക്കളും.

1968– ഔറംഗബാദ്
തന്റെ കച്ചവടസ്ഥാപനത്തില്‍ കയറിയ പശുവിനെ ഒരു മുസ്ലീം കുട്ടി തുരത്തിയോടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. ആര്‍എസ്എസ് – ജനസംഘത്തിന്റെ നേതൃത്വത്തില്‍ വ്യാപകമായ കൊള്ള നടത്തി. കൊള്ളയിലും കൊള്ളിവയ്പ്പിലും കോണ്‍ഗ്രസുകാരും പങ്കുകൊണ്ടു. ഇവിടെ മുസ്ലീങ്ങള്‍ തിരിച്ചടിച്ചു. 1964–65ല്‍ തന്നെ ഔറംഗബാദില്‍ വര്‍ഗീയാസ്വാസ്ഥ്യം ഉയര്‍ന്നുതുടങ്ങിയിരുന്നു.

1968 മാര്‍ച്ച് –ആസാം (കരീംഗഞ്ച്)
ഒരു മുസ്ലീം വളര്‍ത്തുന്ന പശു ഒരു ഹിന്ദുവിന്റെ പാര്‍പ്പിടത്തിലേക്ക് കയറിച്ചെന്നു. അതിനെ പുറത്താക്കുന്നതിനിടയില്‍ ആ വീട്ടിലെ ഒരംഗം പശുവിനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന്, അവിടുത്തെ ഹിന്ദുബാലനെ മുസ്ലീങ്ങള്‍ ചേര്‍ന്നു മര്‍ദിച്ചുവെന്ന പേരിലാണ് കലാപം തുടങ്ങുന്നത്. 41 മുസ്ലീങ്ങളും 41 ഹിന്ദുക്കളും കൊല്ലപ്പെട്ടു. കരീംഗഞ്ചിലെ ഹിന്ദുക്കളില്‍ ഭൂരിഭാഗവും വ്യാപാരികളും ഒപ്പം കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവരും ആയിരുന്നു. പാക്കിസ്താനിലെ മുസ്ലീങ്ങളുടെ സഹായത്തോടെ അവിടുത്തെ മുസ്ലീങ്ങള്‍ കള്ളക്കടത്തില്‍ തങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നതായുള്ള വിലയിരുത്തലാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. ആര്‍എസ്എസ് കലാപത്തിലെ സജീവ സാന്നിധ്യമായിരുന്നു.

1969 – അഹമ്മദാബാദ്
അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രപരിസരത്ത് സെപ്തംബര്‍ മാസമുണ്ടായ വര്‍ഗീയസംഘര്‍ഷം കലാപമായി പടര്‍ന്നുപിടിക്കുകയായിരുന്നു. 25 ലധികം പ്രദേശങ്ങളില്‍ കലാപം ആളിക്കത്തി. ന്യൂനപക്ഷ ധ്വംസനത്തിനായി മതപരമായ യുദ്ധം ആഹ്വാനം ചെയ്ത് ആര്‍എസ്എസും ജനസംഘവും നോട്ടീസുകള്‍ വിതരണം ചെയ്തു. 512 പേരാണ് കൊല്ലപ്പെട്ടത്. ജസ്റ്റിസ് പി ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കലാപത്തെപ്പറ്റി അന്വേഷിച്ചു. കേട്ടുകേള്‍വികളും നുണകളും അവിടെ അതിവേഗം പ്രചരിച്ചിരുന്നു. നോട്ടീസ് വിതരണത്തിലൂടെയും തെറ്റായ പത്രവാര്‍ത്തകളിലൂടെയും വിദ്വേഷം ആളിക്കത്തിക്കുകയുമുണ്ടായി. ഇത് കണ്ടെത്തിയ കമ്മീഷന്‍ കലാപം രൂപപ്പെടുത്തുന്നതിലും പടര്‍ത്തുന്നതിലും ആര്‍എസ്എസിന് പങ്കുണ്ടെന്നും വിലയിരുത്തി. വര്‍ഗീയകലാപത്തില്‍ കോണ്‍ഗ്രസും പങ്കെടുത്തു. സംഘര്‍ഷങ്ങളില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ മുസ്ലീങ്ങളെ ദേശവിരുദ്ധരെന്ന് വിളിച്ച് ആക്ഷേപിക്കുകയുമുണ്ടായി. ആര്‍എസ്എസിന്റെ ഹിന്ദുത്വ ഫാസിസത്തോട് ചേര്‍ന്നുനില്‍ക്കാനാണ് കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും ശ്രമിച്ചിട്ടുള്ളത് എന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവം.

1970 – മഹാരാഷ്ട്ര (ഭീവണ്ടി)
മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കലാപത്തിനു ഹേതുവായത് വര്‍ഷംതോറും നടന്നുവരാറുള്ള ശിവജി അനുസ്മരണ ഘോഷയാത്രയാണ്. ഇത് മുസ്ലീങ്ങള്‍ കൂടി പങ്കെടുക്കുന്ന വലിയൊരു ഉത്സവമായിരുന്നു. ആ വര്‍ഷവും പതിവുപോലെ മുസ്ലീങ്ങള്‍ ഘോഷയാത്രയില്‍ പങ്കുകൊണ്ടു. നല്ല രീതിയില്‍ ആഹ്ളാദപൂര്‍വം ആരംഭിച്ച് കുറേദൂരം പിന്നിട്ടപ്പോള്‍ പെട്ടെന്ന് മുസ്ലീങ്ങള്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ ഘോഷയാത്രയില്‍ മുഴങ്ങാന്‍ തുടങ്ങി. സംഘര്‍ഷത്തിലേക്കെത്തുമ്പോള്‍ പൊലീസ് ഇടപെട്ടു. എന്നാല്‍, പൊലീസിന്റെ നടപടികളും ഏകപക്ഷീയമായി മുസ്ലീങ്ങള്‍ക്കെതിരായിരുന്നു. 59 മുസ്ലീങ്ങളും 17 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. മുസ്ലീങ്ങളുടെ ഒരു കല്യാണപ്പാര്‍ട്ടിയെ അപ്പാടെ ഇടുങ്ങിയ ഒരു ഹാളിലേക്ക് കയറ്റി തീയിട്ട് കൊലപ്പെടുത്തിയത് ഭീവണ്ടി കലാപത്തിലാണ്. ‘‘ആര്‍എസ്എസും സംഘപരിവാരങ്ങളും എവിടെയുണ്ടോ അവിടെ സമാധാനപരമായി ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ കലാപമുണ്ടാവു”മെന്ന ഇന്ദിരാഗാന്ധിയുടെ പരസ്യപ്രസ്താവന ഈ കലാപത്തെ തുടര്‍ന്നായിരുന്നു. ഡിപി മദന്‍ കമ്മീഷനാണ് കലാപത്തെക്കുറിച്ച് അന്വേഷിച്ചത്. പൊലീസിന്റെ സമീപനങ്ങളേയും പക്ഷപാതിത്വത്തെയും കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള രാഷ്ട്രീയ ഉത്സവ് മണ്ഡലിനും ഇന്ത്യാ മജ്ലിസ് – തമീര്‍–ഇ– മില്ലറ്റി (എംടിഎം) നും സംഘര്‍ഷത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പൊലീസിന്റെ അറസ്റ്റിലും പക്ഷപാതിത്വം പ്രകടമായിരുന്നു. 323 ഹിന്ദുക്കളെ അറസ്റ്റു ചെയ്തപ്പോള്‍ 1236 മുസ്ലീങ്ങളെയാണ് അറസ്റ്റു ചെയ്തത്.

1970 മെയ് – ഗുല്‍ഗാവ്, മഹാരാഷ്ട്ര
ഒരു ഹിന്ദു യുവതിയെ ചില മുസ്ലീം ചെറുപ്പക്കാര്‍ ആകമിച്ചു എന്ന് പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപം. മഹാരാഷ്ട്രയിലെ പൊലീസടങ്ങുന്ന ഭരണകൂടം മിക്കവാറും ആര്‍എസ്എസ് നേതൃത്വത്തിലുള്ള കലാപങ്ങള്‍ക്ക് അനുകൂലമായ മനോഭാവമായിരുന്നു കൈക്കൊണ്ടിരുന്നത്. അക്രമസംഭവങ്ങള്‍ വ്യാപകമായി നടന്ന മെയ് 3ന് എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പട്ടണത്തിന് പുറത്തായിരുന്നു. അക്രമത്തേര്‍വാഴ്ച നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്. 42 മുസ്ലീങ്ങളും ഒരു ഹിന്ദുവും കൊല്ലപ്പെട്ടു. ഡി പി മദന്‍ കമ്മീഷന്‍ തന്നെയാണ് ഈ കലാപത്തെപ്പറ്റിയും അന്വേഷിച്ചത്. കലാപത്തിന് കാരണമായി ആര്‍എസ്എസ് പ്രചരിപ്പിച്ച, ഹിന്ദുയുവതിയെ അപമാനിച്ചു എന്ന കഥ കെട്ടിച്ചമച്ചതാണെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. സംഘപരിവാരങ്ങളുടെ സഹായത്തോടെ പൊലീസാണ് ഈ കഥ ചമച്ചതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

1970 മെയ് – മഹാദ്, മഹാരാഷ്ട്ര
ആകാശവാണിയില്‍ ഭീവണ്ടി കലാപത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ വന്നപ്പോഴാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്. 9 മുസ്ലീങ്ങള്‍ക്കും 9 ഹിന്ദുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.ഡി പി മദന്‍ കമ്മീഷന്‍ തന്നെയാണ് ഈ കലാപത്തെപ്പറ്റിയും അന്വേഷിച്ചത്. ആര്‍എസ്എസ് സംഘപരിവാരങ്ങളെ കൂടാതെ, വര്‍ഗീയ വികാരത്തെ ചൂഷണം ചെയ്തതിന് രാഷ്ട്രീയകക്ഷികളും കമ്മീഷന്റെ വിമര്‍ശനത്തിന് വിധേയരായി.

1972 – നോനാരി, സജ്നി, ഉത്തര്‍പ്രദേശ്
ഒരു ഹരിജന്‍ നേതാവിനെ ഒരു മുസ്ലീം വധിച്ചതിനുപിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നവംബര്‍ 15നാണ് കലാപം തുടങ്ങിയത്. സംഘപരിവാരങ്ങള്‍ തന്നെയാണ് കലാപം വ്യാപിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. 10,000 ത്തിലധികം വരുന്ന ആള്‍ക്കൂട്ടം മുസ്ലീം ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ച് കൊള്ളയും കൊള്ളിവെപ്പും നടത്തി. ഡിസംബര്‍ 15ന്, ഒരു മുസ്ലീം യുവാവ് ബ്രാഹ്മണ പെണ്‍കുട്ടിയെ ബലത്സംഗം ചെയ്തു എന്ന നുണ പ്രചരിപ്പിച്ചുകൊണ്ട് 5000ത്തോളം വരുന്ന ആള്‍ക്കൂട്ടം മുസ്ലീങ്ങളെ ക്രൂരമായി ആക്രമിക്കാന്‍ തുടങ്ങി. നോനാരിയില്‍ 107 മുസ്ലീം ഭവനങ്ങള്‍ കൊള്ളയടിക്കുകയും 76 വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു.

1977 ഒക്ടോബര്‍ – വാരണാസി, 
ഉത്തര്‍പ്രദേശ്
ആംഗ്ലോ–ബംഗാളി കോളേജിലെ വിദ്യാര്‍ഥികളും സമീപത്തുള്ള മുസ്ലീങ്ങളായ തുണിനെയ്ത്തുകാരും തമ്മിലുള്ള തര്‍ക്കമാണ് കലാപത്തിനുകാരണമായത്. തുണിനെയ്ത്തുകാരുടെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുള്ള മൈതാനം കോളേജ് വിദ്യാര്‍ത്ഥികള്‍ കൈയേറി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. എന്നാല്‍, നെയ്ത്തുകാരുടെ താമസസ്ഥലത്ത് കയറി അവരെ നിഷ്ഠൂരമായി മര്‍ദിക്കാനാണ് പൊലീസ് തുനിഞ്ഞത്. കലാപത്തിൽ, ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങളുടെ ഇടപെടല്‍ ആദ്യം മുതല്‍ക്കേയുണ്ടായിരുന്നു. സിനിമാകൊട്ടകയില്‍ സിനിമ കണ്ടുകൊണ്ടിരുന്ന അഞ്ചു മുസ്ലീങ്ങളെ വലിച്ചിറക്കി കുത്തിക്കൊന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തിലെ കുറ്റവാളികള്‍ക്കു നേരെ വെടിയുതിര്‍ക്കേണ്ടതിനു പകരം പൊലീസ് വെടിവച്ചത് ആക്രമണങ്ങൾക്കിരയായ മുസ്ലീങ്ങള്‍ക്കു നേരെയാണ്.

1978 ഒക്ടോബര്‍ – ഉത്തര്‍പ്രദേശിലെ 
അലിഗഢ്
അലിഗഢ് കലാപം ആര്‍എസ്എസ–സംഘപരിവാരങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ന്യൂനപക്ഷ അതിക്രമത്തിന്റെയും അവരെ കവര്‍ച്ച ചെയ്ത് ആ സമ്പത്ത് ഹിന്ദുത്വത്തിലേക്ക് മുതല്‍ക്കൂട്ടുക എന്ന ഗോള്‍വാക്കറിസത്തിന്റേയും പ്രത്യക്ഷമായ ഉദാഹരണമാണ്. ഹിന്ദുമതത്തില്‍പ്പെട്ട ഒരാളുടെ കൊലപാതകമായിരുന്നു കലാപത്തിന് കാരണമായത്. കുറ്റവാളിയെ പിടികൂടണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രകടനം മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടി കടന്നുപോയപ്പോള്‍ അക്രമാസക്തമായി മാറുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒരു മുന്‍കരുതലെന്ന നിലയ്ക്ക് പൊലീസ് പിടികൂടിയവരെ ഭരണകക്ഷിക്കാര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ബലാല്‍ക്കാരമായി മോചിപ്പിച്ചു. ഇത്തരം ചെയ്തികളെല്ലാം തന്നെ ആര്‍എസ്എസ്–സംഘപരിവാരങ്ങളുടെ ആസൂത്രണത്തോടും ഒത്താശയോടും കൂടിയുള്ളതായിരുന്നു.

അലിഗഢിലെ പ്രധാന വ്യവസായം സമ്പന്നരായ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പൂട്ട് നിര്‍മാണമാണ്. ഈ വ്യവസായികള്‍ മുസ്ലീങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്യാറുമുണ്ട്. കലാപമുണ്ടാവുമ്പോള്‍ ഈ മുസ്ലീം തൊഴിലാളികളുടെ സംരക്ഷകരായി നില്‍ക്കുന്ന മുതലാളിമാര്‍ ചൂഷണം തുടരാന്‍ ഈ അവസരത്തെ ഉപയോഗിക്കുന്നു. പൂട്ട് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നിയന്ത്രണം ജനസംഘത്തിന്റെ പ്രവര്‍ത്തകരായ ഹിന്ദു വ്യാപാരികള്‍ക്കാണ്. കലാപവേളയില്‍ ജീവനുംകൊണ്ട് ഓടിപ്പോകുന്ന മുസ്ലീം വ്യാപാരികളടക്കമുള്ളവരുടെ സമ്പാദ്യവും സ്വത്തു വകകളും കൈക്കലാക്കുന്നതില്‍ ഹിന്ദുവ്യാപാരികള്‍ വിജയിച്ചു. കലാപങ്ങളുടെയിടയില്‍ ആര്‍എസ്എസ്–സംഘപരിവാരങ്ങള്‍ നടത്തുന്ന ഇത്തരം കൊള്ളകള്‍ വ്യാപാരകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി പിന്നീടും നടന്നിട്ടുണ്ടെന്ന് ചരിത്രം തെളിയിക്കുന്നു.

1978 സപ്തംബര്‍ – ഹൈദരാബാദ്, 
ആന്ധ്രാപ്രദേശ്
ഗണേശഘോഷയാത്രയ്ക്ക് നേരെ നടത്തിയ കല്ലേറിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. 19 പേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ കലാപം വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.

1979 ഏപ്രില്‍ – ജംഷഡ്പൂര്‍, ബിഹാര്‍
രാമനവമി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷശ്രമമാണ് കലാപത്തിന് തുടക്കമിട്ടത്. കലാപം നടത്തുന്നതുമായി ബന്ധപ്പെട്ട നേരത്തെ രൂപരേഖയുണ്ടാക്കിയിരുന്നു. മുസ്ലീങ്ങളും ആദിവാസികളും ഭൂരിപക്ഷമുള്ള പ്രദേശത്തുകൂടി ഘോഷയാത്ര കടന്നുപോകുമ്പോള്‍ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്തെ എംഎല്‍എയും ആര്‍എസ്എസ് നേതാവുമായിരുന്ന ദീനാനാഥ് പാണ്ഡേ കലാപത്തില്‍ സജീവ പങ്കു വഹിച്ചു. 120 പേര്‍ കലാപത്തില്‍ മരണമടഞ്ഞു. ഇതില്‍ പകുതിയിലധികവും മുസ്ലീങ്ങളായിരുന്നു. ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ നേരത്തെ കൂടിയാലോചിച്ചുറപ്പിച്ചായിരുന്നു കലാപം സംഘടിപ്പിച്ചത്. ജിതേന്ദ്ര നാരായണ്‍ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. ബിജെപിയുടെയും ബിഎംഎസിന്റെയും പിന്‍ബലത്തോടെ കലാപമഴിച്ചുവിട്ടത് ആര്‍എസ്എസ് ആണെന്ന് കമ്മീഷന്‍ വിലയിരുത്തി. കലാപമടിച്ചമര്‍ത്താന്‍വേണ്ടി ബിഹാര്‍ മിലിട്ടറി പൊലീസ് 22 മണിക്കൂര്‍ നേരം നടത്തിയ വെടിവയ്പില്‍ ഒരൊറ്റ ഹിന്ദുപോലും കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

1980 ആഗസ്ത് – മൊറാദാബാദ്, 
ഉത്തര്‍പ്രദേശ്
ഈദ്ഗാഹില്‍ കടന്ന ഒരു പന്നിയെ വിരട്ടിയോടിക്കണമെന്ന മുസ്ലീങ്ങളുടെ ആവശ്യം ഒരു പൊലീസുകാരന്‍ നിരാകരിച്ചതാണ് കലാപകാരണമായി പറയുന്നത്. ഈദ് പ്രാര്‍ഥനയ്ക്കിടയില്‍ അപ്രതീക്ഷിതമായി ആക്രമണമുണ്ടായി. ഭീകരമായ കലാപം. സംഭ്രാന്തിയോടെ രക്ഷപ്പെടുന്നതിനിടയില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. 1500നും 2000ത്തിനും ഇടയില്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്. അനൗദ്യോഗികമായ കണക്കില്‍ ഇതിലുമേറെയുണ്ടാവും. നിരവധി ദളിത് കുടിലുകളും മുസ്ലീം അഭയാര്‍ഥി ക്യാമ്പുകളും ആക്രമണത്തിന് ഇരയായി. മൊറാദാബാദില്‍ അധിവസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും അംഗസംഖ്യയില്‍ ഏകദേശം തുല്യരാണ്.

ആ പട്ടണത്തിലെ മുഖ്യവരുമാനം പിച്ചളപാത്ര നിര്‍മാണ വ്യവസായമാണ്. അവിടെ തൊഴിലാളികളില്‍ ഭൂരിപക്ഷവും മുസല്‍മാന്‍മാരാണ്. എന്നാല്‍, കയറ്റുമതിക്കാരും വ്യാപാരികളുമടങ്ങുന്ന മുതലാളിമാരില്‍ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്. അവിടുത്തെ മുസ്ലീങ്ങള്‍ക്കും പരമ്പരാഗതമായി തൂപ്പു ജോലി ചെയ്യുന്ന വാല്മീകി സമുദായക്കാർക്കുമിടയില്‍ ദീര്‍ഘകാലമായി സ്പര്‍ധ നിലനില്‍ക്കുന്നുണ്ട്. ഭൂമിയെ ചൊല്ലിയും മുസ്ലീം പ്രദേശത്ത് പന്നികള്‍ കടന്നുചെല്ലുന്നതിനെ ചൊല്ലിയും നിലനിന്ന സംഘര്‍ഷ സാധ്യതയാണ് ആര്‍എസ്എസ്– സംഘപരിവാരങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഈ വന്‍ കലാപത്തിന്റെ തുടര്‍ച്ചയായി ബിഹാര്‍ ഷറീഫ്, മീററ്റ്, ബറോഡ, ഭീവണ്ടി, പൂന, ബോളിപൂര്‍ എന്നിവിടങ്ങളിലേക്കും കലാപം പടര്‍ന്നു പിടിച്ചു. ഇവിടെ ക്രമസമാധാനത്തിന് നിയോഗിക്കപ്പെട്ട പിഎസി വര്‍ഗീയമായി പെരുമാറി. അവര്‍ ആര്‍എസ്എസ് – സംഘപരിവാരങ്ങളുടെ അജൻഡകള്‍ നടപ്പിലാക്കാന്‍ പ്രയത്നിച്ചു. ഒരിക്കലവര്‍ 15 മുസ്ലീങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.

1981 ഏപ്രില്‍ – ബിഹാര്‍ഷെറീഫ്, ബിഹാര്‍
ഹരിജൻ വിഭാഗത്തിൽപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വെച്ചുണ്ടായ കശപിശയാണ് കലാപത്തിന് കാരണമായത്. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഗഗന്‍ദിവാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുകൂട്ടരും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി എന്ന് ഏറെക്കാലമായി പ്രചരിപ്പിച്ചു പോന്നിരുന്ന ഭൂമിയെക്കുറിച്ചുള്ള തര്‍ക്കം വളര്‍ത്തി വലുതാക്കി കലാപമാക്കി മാറ്റുന്നതില്‍ ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ വിജയിച്ചു. 80ലധികംപേര്‍ കൊല്ലപ്പെട്ടു. ഈ കലാപത്തെ കുറിച്ചന്വേഷിക്കാന്‍ ബാലസുബ്രഹ്മണ്യന്‍ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു. ഉന്നതോദ്യോഗസ്ഥര്‍ക്ക് കൃത്യമായി വിവരങ്ങള്‍ എത്തിക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായ വീഴ്ചയെപ്പറ്റി കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഹാര്‍ഷെറീഫ് കലാപത്തിലേക്ക് നയിച്ച സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല.

1982 സപ്തംബര്‍ – മീററ്റ്, 
യൂണിവേഴ്സിറ്റി പ്രസ്
ഷഗാസാ മേഖലയില്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ശിവക്ഷേത്രത്തേയും മസ്ജിദിനെയും ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിനു വഴിമരുന്നിട്ടത്. കലാപത്തിന് തൊട്ടുമുമ്പ് നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കലാപത്തിന് തിരികൊളുത്താനുള്ള യഥാര്‍ഥ കാരണം ഇതായിരുന്നു. കലാപത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് നെയ്ത്തു തൊഴിലെടുക്കുന്ന മുസ്ലീം വിഭാഗത്തിലുള്ള അന്‍സാരിമാരായിരുന്നു.

1982 ഡിസംബര്‍ – ബറോഡ, ഗുജറാത്ത്
ദസറയും മുഹറവും അടുത്തടുത്തു വന്ന അവസരത്തിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. ഹിന്ദുവായ പൊലീസ് കമ്മീഷണറെ മുസ്ലീങ്ങളുടെ സമ്മര്‍ദപ്രകാരം സ്ഥലംമാറ്റിയെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അത് കലാപത്തീയില്‍ എണ്ണയൊഴിച്ചു. മുസ്ലീങ്ങള്‍ ബറോഡയില്‍ സ്ഥാപിച്ച ഇസ്ലാമിക പഠനകേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് അതാണ് കലാപത്തിന്റെ കാരണമെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ നടത്തി. 1969 ലെ കലാപത്തിനുശേഷം തികച്ചും ആസൂത്രിതമായി മുസ്ലീം വ്യാപാരസ്ഥാപനങ്ങള്‍ ബഹിഷ്കരിക്കപ്പെട്ടിരുന്നു. അത് മുസ്ലീങ്ങളുടെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചു. മുസ്ലീം മതമൗലികവാദത്തിന്റെ വളര്‍ച്ചയ്ക്കും അത് കാരണമായി. കലാപം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് ശക്തമാക്കി. ഈ അവസരത്തില്‍ ബറോഡയില്‍ വ്യാജമദ്യലോബി തഴച്ചുവളര്‍ന്നു. വ്യാജമദ്യം വിതരണം ചെയ്യാന്‍ നിരവധി ഷാപ്പുകളും ഉയര്‍ന്നുവന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഷാപ്പുകളുടെ ഉടമകളായുണ്ടായിരുന്നു. അതില്‍ ആരാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്ന രീതിയില്‍ ഉരുത്തിരിഞ്ഞുവന്ന മത്സരം ആര്‍എസ്എസ്– സംഘപരിവാരങ്ങള്‍ കലാപത്തിനുള്ള വഴി മരുന്നാക്കി മാറ്റി. 17 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റു.

1983 മെയ് – മലൂര്‍,കര്‍ണാടകം
കലാപത്തിന് മൂന്നുമാസങ്ങള്‍ക്കുമുമ്പ് മൂന്ന് മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് ഒരു ഹരിജന്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്തിരുന്നു. ഈ വിഷയത്തിലെ ക്രിമിനല്‍ കുറ്റത്തെ മറച്ചുവച്ച് അതിനെ വര്‍ഗീയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് ആര്‍എസ്എസ് –സംഘപരിവാരങ്ങള്‍ പ്രചാരണം നടത്തി. ആ സമയത്ത് ഒരു മുസ്ലീമിനാല്‍ മറ്റൊരു യുവതി കൂടി അപമാനിതയായി. അതിനെ പൂര്‍ണമായും മുതലെടുത്ത ആര്‍എസ്എസ് പ്രതികാരമെന്ന നിലയില്‍ കലാപം ആളിപ്പടര്‍ത്തി. മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു. കൊള്ളയടിയും കൊള്ളിവെപ്പും നടന്നു. മലൂരിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും തമ്മിലുള്ള ഗ്രൂപ്പു വഴക്ക് കലാപത്തിന് ആക്കം കൂട്ടി. തമ്മില്‍ തമ്മില്‍ ഇകഴ്ത്തിക്കാട്ടാന്‍ നുണപ്രചരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. ഇത് ആര്‍എസ്എസുകാര്‍ കലാപ വ്യാപനത്തിന് തന്ത്രപൂര്‍വം ഉപയോഗിച്ചു. ആര്‍എസ്എസ് സംഘടനയുടെ ആവിര്‍ഭാവം ഉണ്ടാകുന്നതുവരെ മലൂരില്‍ യാതൊരുവിധ വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നില്ല.

1983 ജൂണ്‍ – മാലെഗാവ്, മഹാരാഷ്ട്ര
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ മാലെഗാവിലെ ജുമാമസ്ജിദിന് മുന്നില്‍ പടക്കംപൊട്ടിച്ചതാണ് കലാപത്തിലേക്കുള്ള വഴിതെളിച്ചത്. മാലെഗാവ് കലാപത്തിന്റെ കാരണം കാലങ്ങളായി നിലനില്‍ക്കുന്ന വ്യാപാര മത്സരവും അതില്‍ വര്‍ഗീയപരമായുണ്ടായ ചേരിതിരിവുമായിരുന്നു. ഗോവധവും അവിടെ വലിയ വിഷയമായി ഉയര്‍ന്നു. ഗോവധ നിയമപ്രകാരം 36 കശാപ്പുകാരെ മൂന്നുമാസത്തേക്ക് ജയിലിലടച്ച ഏക ജില്ല മാലെഗാവ് ആയിരുന്നു. വ്യാപാര മത്സരത്തിന്റെ ഭാഗമായി മുസ്ലീങ്ങളായ നെയ്ത്ത് വ്യാപാരികള്‍ മുസ്ലീങ്ങള്‍ക്ക് മാത്രം തുണിവിറ്റതും ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. ഇതൊക്കെ രമ്യമായി ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം ഈ സംഭവങ്ങള്‍ക്ക് വര്‍ഗീയനിറം പകര്‍ന്ന് കലാപത്തിലേക്ക് നയിക്കുന്നതില്‍ ആര്‍എസ്എസ്–സംഘപരിവാരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. ആ അവസരത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ആദരിക്കാന്‍ ഒരു രക്തസാക്ഷി സ്മാരകം നിര്‍മ്മിക്കാനുള്ള ഉദ്ദേശ്യം അന്നത്തെ മുഖ്യമന്ത്രി എ ആര്‍ ആന്തുലെ വെളിപ്പെടുത്തിയതോടെ വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയായി. ആ സ്മാരകത്തിന് നല്‍കാനായി മാലെഗാവിലെ അധികാരികള്‍ നല്‍കിയ പേരുകളെല്ലാം മുസ്ലീങ്ങളുടേതായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ ആ പേരുകളെല്ലാം ക്ഷേത്രം തകര്‍ത്തവരുടേതാണെന്ന നിലയില്‍ വ്യാപകമായ പ്രചാരണം നടത്തി. ഇത് കലാപത്തിെന്റെ രൂക്ഷത വര്‍ധിപ്പിക്കാന്‍ കാരണമായി. ഒപ്പം മുഹമ്മദ് മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു എന്ന് പ്രസ്താവിക്കുന്ന പാഠഭാഗം 8–ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങള്‍ നടത്തിവന്നിരുന്ന പ്രക്ഷോഭവും കലാപത്തിന് ആക്കം കൂട്ടി.

1983 ഒക്ടോബര്‍ – ഹസാരിബാഗ്, ബിഹാര്‍
വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കാറുള്ള ഒരു പ്രദേശത്ത് പ്രാദേശിക അധികാരികളുടെ ഉദാസീനതകൊണ്ട് സംഭവിച്ചതാണ് ഈ കലാപം. ഈ ഉദാസീനത, ആര്‍എസ്എസ് സംഘപരിവാരങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായുണ്ടായതാണ്. മുഹറം ഘോഷയാത്രയും ചൈത്ര–രാമനവമി ഘോഷയാത്രയും ഒന്നിച്ചു നടത്താമെന്ന ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദം രാഷ്ട്രീയ ലക്ഷ്യവും വര്‍ഗീയ നേട്ടവും കണ്ടുകൊണ്ടുള്ളതായിരുന്നു. സമുദായ ഐക്യത്തിന് അത് ഉതകുമെന്ന് അവര്‍ പ്രചരിപ്പിച്ചു. ഇതിലെ അപകടം അറിയാവുന്ന പൊലീസ് കണ്ണടച്ചു നിന്നു. ഘോഷയാത്ര ഒരു മുസ്ലീം ജുമാമസ്ജിദിന് അടുത്തെത്തിയപ്പോള്‍ അക്രമാസക്തമായി. കലാപം ആളിപ്പടര്‍ന്നു.

1983 സപ്തംബര്‍ – ഹൈദരാബാദ്, 
ആന്ധ്രാപ്രദേശ്
ഒരു മുസ്ലീം പള്ളി കളങ്കപ്പെട്ടതിനെ തുടര്‍ന്ന് എംഐഎം (മുസ്ലീം ഇദ്ഹാദുള്‍ മുസ്ലീമീന്‍) പാര്‍ട്ടി ഒരു ബന്ദിന് ആഹ്വാനം ചെയ്തു. ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാരങ്ങള്‍ ഇത് അവസരമായെടുത്തു. രൂക്ഷമായ കലാപത്തിന് തിരികൊളുത്തി. 45 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി. തിരഞ്ഞെടുപ്പിനും മതാഘോഷങ്ങള്‍ക്കും തൊട്ടുമുമ്പായി ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി നേതൃത്വത്തില്‍ ഹിന്ദുക്കള്‍ക്കിടയിലും എംഐഎമ്മിന്റെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ക്കിടയിലും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്ന പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. 1979 മുതല്‍ക്കുതന്നെ ചെറിയ രീതിയിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. അതിനിരയായവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വര്‍ത്തമാന പത്രങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചു. ഇതു മാത്രമല്ല, കോണ്‍ഗ്രസും ടിഡിപിയും വോട്ടുബാങ്ക് ലക്ഷ്യമിട്ട് എംഐഎമ്മുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും ആര്‍എസ്എസിന് കലാപമുണ്ടാക്കാനുള്ള ഭൂമിക ഒരുക്കുന്നതിന് കാരണമായി.

1984 മെയ്– ഭീവണ്ടി, മഹാരാഷ്ട്ര
ശിവജി ജയന്തിഘോഷയാത്രയാണ് കലാപത്തിന് വഴിവച്ചത്. 1970 ലെ കലാപത്തിനുശേഷം ശിവജി ജയന്തി ഘോഷയാത്ര നിരോധിച്ചതിനെ ശിവസേന നിരന്തരം അപലപിച്ചിരുന്നു. തുടര്‍ന്നു നടന്ന ഘോഷയാത്രയാണ് കലാപത്തിന് തിരികൊളുത്തിയത്. മതഘോഷയാത്രയിലൂടെ നാടിനെ കലാപഭരിതമാക്കി ന്യൂനപക്ഷ ധ്വംസനം നടത്തുക എന്ന ആര്‍എസ്എസ് അജൻഡ ഇവിടെ പ്രാവര്‍ത്തികമായി. 146 പേര്‍ കൊല്ലപ്പെട്ടു. 611 പേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.

1970 നുശേഷം ഭീവണ്ടിയില്‍ ഗണ്യമായ തോതില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചിരുന്നു. അവരില്‍ നിരവധിയാളുകള്‍ മാര്‍വാഡികളുടെ സഹായത്തോടെ സ്വന്തമായി നെയ്ത്ത് ജോലികള്‍ പുരോഗമിപ്പിച്ചു. യന്ത്രത്തറികള്‍ സ്ഥാപിച്ചു. കലാപത്തിനു ശേഷമുള്ള പരിശോധനയില്‍ തെളിഞ്ഞത് മുസ്ലീം പ്രദേശത്തെ മാര്‍വാഡികളുടെ അധീനതയിലുള്ള ഗോഡൗണുകള്‍ തകര്‍ക്കപ്പെട്ടില്ല എന്നാണ്. ഭീവണ്ടി പ്രദേശത്ത് കള്ളക്കടത്തുകാരുടെയും അധോലോകസംഘങ്ങളുടെയും എണ്ണം വര്‍ധിച്ചതും കലാപത്തിന് ആക്കം കൂട്ടി. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് മുന്‍ കലാപത്തിലേതുപോലെ പൊലീസിന്റെ പക്ഷംപിടിക്കലാണ്. അവര്‍ ആര്‍എസ്എസ്–സംഘപരിവാരങ്ങള്‍ക്കൊപ്പമായിരുന്നു.

1985 ഏപ്രില്‍ – അഹമ്മദാബാദ്
സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കലാപം പടര്‍ന്നുപിടിച്ചത്. 300 പേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ്–സംഘപരിവാരങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശഹത്യ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതിനോടൊപ്പം പ്രക്ഷോഭത്തില്‍ ഏര്‍പ്പെടാതിരുന്ന ഹരിജനങ്ങളെയും ആക്രമണത്തിനിരയാക്കി. 300 പേര്‍ കൊല്ലപ്പെട്ട കലാപത്തെ തുടര്‍ന്നുണ്ടായ കേസില്‍ അഹമ്മദാബാദ് സിറ്റി കോടതി എട്ടുപേരുടെ മരണത്തിനുത്തരവാദികളായ 5 മുസ്ലീങ്ങള്‍ക്ക് വധശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ കുടിലുകളില്‍ താമസിക്കുന്ന മുസ്ലീങ്ങള്‍ക്കും ദളിതർക്കും ഇടയില്‍ വ്യാപകമായ ദാരിദ്ര്യമുണ്ട്. മേല്‍ജാതി വിഭാഗക്കാര്‍ ആഹ്വാനം ചെയ്ത സംവരണ വിരുദ്ധ സമരത്തോട് അവര്‍ വേണ്ടത്ര പ്രതികരിച്ചുമില്ല. അതിനാല്‍ തന്നെ അവരുടെ വസ്തുവകകള്‍ നശിപ്പിക്കുകയും കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുകയുണ്ടായി. സംഘപരിവാരങ്ങളുടെ സവര്‍ണ ബോധമാണ് ഇവിടെ മുഴച്ചുനിന്നത്.

1986 ജൂലൈ – അഹമ്മദാബാദ്
രഥയാത്രകള്‍ കലാപങ്ങളുടെ അടയാളങ്ങളാണെന്ന വസ്തുത ആര്‍എസ്എസ് വീണ്ടും സ്ഥിരീകരിച്ചു. ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള രഥയാത്ര, കോട്ടകളാല്‍ ചുറ്റപ്പെട്ട നഗരത്തില്‍ കടന്നപ്പോള്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. 59 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. കാലുവൂര്‍, ദരിയാപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഭീകരമായ കല്ലേറുണ്ടായി. അത് കലാപത്തിന് ആക്കം കൂട്ടി.

1987 ഏപ്രില്‍, മെയ് – മീററ്റ്
ഹിന്ദു–മുസ്ലീം സംഘര്‍ഷത്തില്‍ 75 മുസ്ലീങ്ങളും 6 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കുപറ്റി. ആസൂത്രിതമായ കലാപമായിരുന്നു അത്. മുസ്ലീങ്ങളുടെ ഒരു യോഗസ്ഥലത്തെത്തിയ പൊലീസുകാരനും മുസ്ലീങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം അടിപിടിയിലെത്തി. പൊലീസുകാരന്‍ തിരിച്ചു വെടിവച്ചപ്പോള്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ്– സംഘപരിവാരങ്ങള്‍ നിരവധി നുണക്കഥകളിലൂടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെടുത്തു. കലാപത്തിന്റെ ആരംഭത്തില്‍ ഒരു കല്യാണവീട്ടില്‍ വെച്ച പാട്ടിനെ തുടര്‍ന്നുണ്ടായ തര്‍ക്കം നിരവധി പേരുടെ ജീവഹാനിക്കിടയായ ഏറ്റുമുട്ടലായി വളര്‍ന്നു. കല്യാണവീടിനടുത്തു തന്നെ ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. കല്യാണ വീട്ടിലെ റെക്കോഡ് പാട്ട് ഓഫ് ചെയ്യണമെന്ന ആവശ്യം വാഗ്വാദത്തിലേക്കും വന്‍കലാപത്തിലേക്കും നയിച്ചു.

കലാപകാലത്ത് പി എ സിക്കാരെടുത്ത നിലപാട് ആര്‍എസ്എസ്– സംഘപരിവാരങ്ങള്‍ക്ക് അനുകൂലമായിരുന്നു. അവര്‍ യുവാക്കളെ വെടിവെച്ചുകൊന്ന് കനാലിലേക്ക് തള്ളി. പി എ സി യുടെ വര്‍ഗീയ നിലപാട് പുറത്തുകൊണ്ടുവരാനുതകുന്ന സമീപനമാണ് മാധ്യമങ്ങള്‍ കൈ
ക്കൊണ്ടത്. കുറ്റവാളികളായ 19 പൊലീസുകാരെ വിചാരണ ചെയ്യുമെന്ന് 1995 ഏപ്രിലില്‍ മുലായം സിങ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. താഴേത്തട്ടിലെ മധ്യവര്‍ഗക്കാര്‍ ഈ കലാപങ്ങളില്‍ സജീവമായി പങ്കെടുത്തപ്പോള്‍ ദളിതർ മുസ്ലീം, ആദിവാസി മേഖലകളെ ലക്ഷ്യമിട്ട് കലാപം നടത്തി. ചില പ്രദേശങ്ങളില്‍ സംഘര്‍ഷം മുറ്റിനിന്നത് ദളിതരും മുസ്ലീങ്ങളും തമ്മിലായിരുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പി എ സിയെ വിന്യസിച്ചത് മുസ്ലീങ്ങളില്‍ അരക്ഷിതബോധവും അതൃപ്തിയുമുണ്ടാക്കിയപ്പോള്‍, തങ്ങളുടെ പ്രദേശങ്ങളില്‍ കൂടുതല്‍ പിഎസിക്കാരെ വിന്യസിപ്പിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വത്തില്‍ ഹിന്ദുക്കള്‍ ആവശ്യപ്പെട്ടു.

എന്‍ സി സക്സേനയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ കമ്മീഷനാണ് കലാപത്തെപ്പറ്റി അന്വേഷിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഹിന്ദുവര്‍ഗീയ വാദികള്‍ സംഘര്‍ഷം കുത്തിപ്പൊക്കിയതായി ഊന്നിപ്പറയുന്നുണ്ട്. പൊലീസിന്റെ അപകടകരവും പക്ഷപാതപരവുമായ നിലപാടുകളും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

1989 ഒക്ടോബര്‍ – ഇന്‍ഡോര്‍
രാമശിലാ ഘോഷയാത്ര തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രാഷ്ട്രീയ മോഹങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു മുസ്ലീംനേതാവ്, മതാഘോഷത്തിന്റെ ഭാഗമായി ഒരു ഘോഷയാത്ര സംഘടിപ്പിച്ചത്. ഈ അവസരം മുതലെടുത്ത ആര്‍എസ്എസ്–സംഘപരിവാരങ്ങള്‍ കലാപത്തിന് തുടക്കമിടുകയായിരുന്നു. ഇന്‍ഡോറിന്റെ തെരുവുകളിലൂടെ നീങ്ങിയ ഘോഷയാത്രയുടെ സമീപത്തുണ്ടായ രണ്ട് സ്ഫോടനങ്ങളാണ് കലാപത്തില്‍ കലാശിച്ചത്. 20 മുസ്ലീങ്ങളും 7 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടു. കോട്ട, ബദൗണ്‍, ഭഗല്‍പൂര്‍, രത്ലം, മൗ, ഖാര്‍ഗോണ്‍, കംബത്, പാലന്‍പൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നിരവധിയിടങ്ങളില്‍, ഒരേസമയത്ത് ആരംഭിച്ചതില്‍ നിന്നും ആര്‍എസ്എസിന്റെ കലാപ ഗൂഢാലോചനയുടെ കൃത്യത മനസ്സിലാക്കാന്‍ സാധിക്കും. ആര്‍എസ്എസിന്റെ ഉപദേശത്തോടെ ബിജെപിയും വിഎച്ച്പിയും വര്‍ഗീയ രാഷ്ട്രീയം പ്രത്യക്ഷമായി പ്രയോഗിച്ചു. കോണ്‍ഗ്രസ് ഭരണ പ്രദേശങ്ങളിലാണ് ഇത്രയും രൂക്ഷമായ ആക്രമണമുണ്ടായത്. ഇവിടങ്ങളിലെ വര്‍ഗീയപ്രശ്നങ്ങള്‍ മതപരമല്ലായിരുന്നു. തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയുണ്ടായ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും കലാപവുമായി കൂട്ടിവായിക്കേണ്ടതുണ്ട്. പ്രാദേശികമായ കാരണങ്ങളും കലാപം വളര്‍ത്തുന്നതില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളെ സഹായിച്ചു. ഇന്‍ഡോറിലെ ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമാണ് മുസ്ലീങ്ങളെന്നത് മനസിലാക്കി ഈ സ്ഥിതിവിശേഷത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കിണഞ്ഞു പരിശ്രമിച്ചു. നിരവധി മുസ്ലീം കുടുംബങ്ങള്‍ പൊലീസിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായി.

1989 സെപ്തംബര്‍ – കോട്ട, രാജസ്താന്‍
ആനന്ദ് ചതുര്‍ദശി വേളയില്‍ ഹിന്ദുക്കളുടെ ഘോഷയാത്രയില്‍ നിന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ആര്‍എസ്എസ് – ശിവസേന, വിഎച്ച്പി തുടങ്ങിയ സംഘപരിവാരങ്ങളുടെ കാര്യവാഹുകളും നേതാക്കളും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.കലാപമുണ്ടാവുമെന്ന മുന്നറിയിപ്പുണ്ടായിട്ടും ഭരണകൂടം വേണ്ടത്ര മുന്‍കരുതലെടുത്തില്ല. ബിസിനസുകാരായ ബോറ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തിയാല്‍, കോട്ടയിലെ മുസ്ലീങ്ങള്‍ പൊതുവില്‍ ദരിദ്രരാണ്. അവരില്‍ നിരവധി പേര്‍ ഗള്‍ഫ് നാടുകളില്‍ പോയി സമ്പന്നരായിട്ടുണ്ട്. അത് ഹിന്ദു–മുസ്ലീം ആശ്രിതത്വത്തില്‍ തകരാറുണ്ടാക്കി. കൂടാതെ തൊഴിലാളികള്‍ക്കിടയില്‍ സിഐടിയുവിന്റെ വ്യാപനമുണ്ടായതോടെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ കഴിയാത്ത സാഹചര്യം ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ കലാപത്തിനായുള്ള സ്വരുക്കൂട്ടല്‍ നടത്തിയതും കലാപം ആളിക്കത്തിച്ചതും. കലാപത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്നത് മുസ്ലീങ്ങള്‍ക്കും അവരില്‍ തന്നെ ഏറ്റവുമധികം നരകിക്കേണ്ടിവന്നത് ദാവൂദി ബോറകള്‍ക്കുമാണ്.

1989 മാര്‍ച്ച് – ഭദ്രക്, ഒഡീഷ
രാമനവമി ഘോഷയാത്രയുടെ ഭാഗമായാണ് വ്യാപകമായി കലാപം പൊട്ടിപ്പുറപ്പെട്ടത്. 13 മുസ്ലീങ്ങളും 4 ഹിന്ദുക്കളും മരണമടഞ്ഞു. കലാപസമയത്ത് 70,000 ത്തിലധികം മുസ്ലീങ്ങളുള്ള പ്രദേശമായിരുന്നു ഭദ്രക്. ഒറിയ ഹിന്ദുക്കളുടെയും മാര്‍വാഡികളുടെയും നിയന്ത്രണത്തിലായിരുന്നു ഭദ്രകിന്റെ സമ്പദ്ഘടന നിലനിന്നുപോന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ പറയത്തക്ക സാമ്പത്തികമായ മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. കുറെയധികം മുസ്ലീങ്ങള്‍ക്ക് മാര്‍വാഡികള്‍ തൊഴില്‍ നല്‍കി പോരുന്നുമുണ്ടായിരുന്നു. കടുത്ത തൊഴില്‍ ചൂഷണം അവിടെ സര്‍വസാധാരണമായിരുന്നു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തേ മുതല്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. കലാപത്തിന്റെ ആരംഭത്തില്‍ മുസ്ലീങ്ങള്‍ മാര്‍വാഡികളുടെ പീടികകള്‍ കൊള്ളയടിക്കുകയും അവ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. 1980കളില്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന മുസ്ലീങ്ങള്‍ പിന്നീട് ജനതാദളിനോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഒഡീഷയില്‍ പ്രബലരാകാന്‍ വേണ്ടി കലാപസമയത്ത് ബിജെപി കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു.അതിനു വേണ്ടിയാണ് അവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി ഘോഷയാത്ര സംഘടിപ്പിച്ചത്. ഭദ്രക്കിലെ ഘോഷയാത്രയും അതിന്റെ ഭാഗമായിരുന്നു. മുസ്ലീം പ്രദേശങ്ങളിലൂടെ കടന്നുപോകാന്‍ പൊലീസ് അവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. അങ്ങനെയാണ് കലാപം കത്തിപ്പിടിച്ചത്. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയുടെ കാലയളവാണിത്. l

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + six =

Most Popular