Wednesday, November 12, 2025

ad

Homeകവര്‍സ്റ്റോറിഅക്രമാസക്തമായ
 നൂറുവര്‍ഷം

അക്രമാസക്തമായ
 നൂറുവര്‍ഷം

എം വി ഗോവിന്ദൻ

1925ലെ വിജയദശമി ദിനത്തിലാണ് ആര്‍.എസ്.എസ് രൂപീകരിച്ചത്. ഹിന്ദുമഹാസഭയിലെ അംഗങ്ങളായിരുന്നു ഈ രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരെല്ലാം. ഇത്തരമൊരു സംഘടന രൂപപ്പെടുന്നതിന് അക്കാലത്ത് നിലനിന്ന സാമൂഹിക–രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമായ പങ്കുവഹിക്കുകയുണ്ടായി.

മഹാരാഷ്ട്രയിലെ നാഗ്-പ്പൂരില്‍ വച്ചുനടന്ന ഈ സംഘടനാ രൂപീകരണത്തിനു പിന്നില്‍ ബ്രാഹ്മണാധിപത്യം നിലനിര്‍ത്തുന്നതിനുള്ള ഇടപെടലായിരുന്നുവെന്ന് കാണാം. ഇന്ത്യയിലെ ബ്രാഹ്മണാധിപത്യത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രം ചാതുര്‍വര്‍ണ്യ കാഴ്ചപ്പാടുകളാണ്. അവയെ സംരക്ഷിക്കുകയും, മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുകയെന്നതാണ് ആർഎസ്എസിന്റെ അടിസ്ഥാനം. ദൈവവുമായി സവിശേഷ ബന്ധമുള്ള വിഭാഗമെന്ന നിലയില്‍ ബ്രാഹ്മണ്യത്തെ കാണുകയെന്നതാണ് ഇതിന്റെ കാഴ്ചപ്പാട്. ഗോള്‍വാള്‍ക്കറുടെ വിചാരധാര പരിശോധിച്ചാല്‍ ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്താനുള്ള വൈദിക മതത്തിന്റെ ആശയങ്ങളെയാണ് അവ സ്വീകരിച്ചത് എന്ന് കാണാം.

വിരാട് പുരുഷന്റെ തലയില്‍നിന്ന് ബ്രാഹ്മണനും, കൈകളില്‍നിന്ന് ക്ഷത്രിയനും, ഊരുക്കളില്‍നിന്ന് വൈശ്യനും, പാദത്തില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്ന കാഴ്ചപ്പാടാണ് അക്കാലത്ത് മുന്നോട്ടുവെച്ചത്. പട്ടികജാതി–പട്ടികവര്‍ഗ വിഭാഗങ്ങളെ മനുഷ്യരായി കാണുകയെന്ന ആശയഗതി ബ്രാഹ്മണ മേധാവിത്വം മുന്നോട്ടുവെച്ച ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിനുണ്ടായിരുന്നില്ല. ഇതേ കാഴ്ചപ്പാടാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ എഴുതിവെച്ചത്.

ചാതുര്‍വര്‍ണ്യത്തേയും, അതിന്റെ ആശയഗതികളേയും പിന്തുണയ്ക്കുന്നവര്‍ക്ക് അത്തരം സംവിധാനങ്ങള്‍ക്കെതിരായി നടക്കുന്ന പോരാട്ടങ്ങളെ അംഗീകരിക്കാനാവില്ല. മാത്രമല്ല, അത്തരം പോരാട്ടങ്ങളെ ഇല്ലാതാക്കുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. മഹാരാഷ്ട്രയില്‍ ജ്യോതിബാഫുലെയുടെ നേതൃത്വത്തിലുള്ള സത്യശോധക് സമാജം ഇത്തരം ആശയഗതികളെ ചോദ്യംചെയ്തുകൊണ്ടാണ് മുന്നോട്ടുവന്നത്. അംബേദ്കര്‍ പ്രസ്ഥാനവും ഇതേ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊണ്ടത്. അതുകൊണ്ട് ഇത്തരം കാഴ്ചപ്പാടുകളെ ചെറുക്കാന്‍ ഒരു പ്രസ്ഥാനം രൂപപ്പെടുത്തുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത്. അവരുടെ കാഴ്ചപ്പാട് ചാതുര്‍വര്‍ണ്യ സിദ്ധാന്തങ്ങളും, ബ്രാഹ്മണ മേധാവിത്വവും നിലനിര്‍ത്തുകയെന്നതാണ്.

ഫ്യൂഡലിസം ശക്തിപ്രാപിച്ച പ്രദേശമായിരുന്നു മഹാരാഷ്ട്ര. അവിടുത്തെ കര്‍ഷകത്തൊഴിലാളികള്‍ ദളിത് ജനവിഭാഗങ്ങളായിരുന്നു. അവര്‍ക്കെതിരായി നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. അവരുടെ പ്രക്ഷോഭത്തെ നേരിടാന്‍ ഒരു ഗുണ്ടാപ്പട വേണമെന്ന താല്‍പര്യം ജന്മിത്വ ശക്തികള്‍ക്കുണ്ടായിരുന്നു. ജന്മിത്വശക്തികളുടെ വര്‍ഗ താല്‍പര്യത്തിന്റെ സൃഷ്ടി കൂടിയാണ് ആര്‍.എസ്.എസ് എന്നു കാണാം.

ആർഎസ്എസ് ആശയഗതികളുടെ അടിസ്ഥാനം
1923ല്‍ സവര്‍ക്കര്‍ എഴുതിയ ഹിന്ദുത്വ എന്ന പുസ്തകമാണ് ആർഎസ്എസ്സിന്റെ ആശയഗതികള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്നത്. ആ പുസ്തകം പ്രധാനമായും മുന്നോട്ടുവെക്കുന്നത് ഹിന്ദുവും, ഹിന്ദുത്വവും തമ്മില്‍ വ്യത്യാസമുണ്ട് എന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുത്വം എന്നത് ഹിമാലയത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ തങ്ങളുടെ പുണ്യസ്ഥലമായി കണക്കാക്കുന്നവരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശ്വാസികൾ എന്ന് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെ മറ്റ് മതവിശ്വാസികളേയും മതനിരപേക്ഷ ചിന്താഗതിക്കാരേയും അന്യരായി പ്രഖ്യാപിക്കുന്ന കാഴ്ചപ്പാടാണ് ‘ഹിന്ദുത്വ’ എന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ജനകീയ പ്രസ്ഥാനമായി കൂടുതല്‍ വികസിക്കുന്ന കാലം കൂടിയായിരുന്നു അത്. ജനകീയ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വര്‍ഗീയത രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ബ്രിട്ടീഷുകാര്‍ നേരത്തെ തന്നെ നടത്തിയിരുന്നു. അത്തരത്തിലുള്ള ഒരു വിഭജനത്തിന് ഇടയാക്കുന്ന സംഘടനയെന്ന നിലയില്‍ ആർഎസ്എസ്സിനെ പ്രോത്സാഹിപ്പിക്കാനും ശക്തിപ്പെടുത്താനും ബ്രിട്ടീഷുകാരും സഹായിച്ചിരുന്നു. ഇത്തരത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ താല്‍പര്യവും ഇന്ത്യയിലെ ബ്രാഹ്മണ മേധാവിത്വത്തിന്റെ കാഴ്ചപ്പാടുകളും ചേര്‍ത്തുവെച്ചുകൊണ്ട് രൂപീകരിച്ച പ്രസ്ഥാനമെന്ന നിലയിലാണ് ആർഎസ്എസ് രൂപീകരിക്കപ്പെടുന്നത്.

ആര്‍എസ്എസിന്റെ ആശയം പരിശോധിച്ചാല്‍, വംശീയ സിദ്ധാന്തമാണ് അവര്‍ മുന്നോട്ടുവെക്കുന്നത് എന്ന് കാണാം. ആര്യന്‍ മേധാവിത്വത്തിന്റെ ആശയം കൂടിയാണത്. ഇത്തരം ആശയം ലോകത്തു മുന്നോട്ടുവെച്ച മറ്റൊരാളാണ് ഹിറ്റ്ലര്‍. ഹിറ്റ്ലറെ വീരാരാധനയോടെ കണ്ടുവെന്ന് മാത്രമല്ല, ആശയങ്ങളേയും സ്വീകരിച്ചുകൊണ്ടാണ് ആര്‍എസ്എസ് മുന്നോട്ടുപോയത്. നാം അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നുവെന്ന പുസ്തകത്തില്‍ തങ്ങളുടെ മാതൃകയായി ഗോള്‍വാള്‍ക്കര്‍ കാണുന്നത് ജര്‍മ്മനിയെയാണ്. അവരില്‍നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് ഇന്ത്യയില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നായിരുന്നു ആര്‍എസ്എസ് ആചാര്യന്റെ നിലപാട്. ആശയം ഹിറ്റ്-ലറിൽനിന്ന് സ്വീകരിക്കുമ്പോള്‍ അതിന്റെ സംഘടനാ രൂപം ഉണ്ടാവുന്നത് മുസോളിനിയുടെ കാഴ്ചപ്പാടില്‍ നിന്നാണ്. ആര്‍.എസ്.എസ് സ്ഥാപകനായ ബി.എസ് മൂഞ്ചെയുടെ ഡയറിക്കുറിപ്പുകളില്‍ ഈ ബന്ധവും, സംഘടനാ രൂപം സ്വീകരിച്ച കാര്യവുമെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്‍എസ്എസിന്റെ രൂപീകരണമെന്നത് സാമ്രാജ്യത്വത്തിന്റേയും, ജന്മിത്വത്തിന്റേയും താല്‍പര്യത്തിനുവേണ്ടി ലോക ഫാസിസ്റ്റുകളുടെ സിദ്ധാന്തങ്ങളും, പ്രായോഗിക സമീപനങ്ങളും സ്വീകരിച്ചുകൊണ്ട് രൂപപ്പെട്ടതാണെന്ന് കാണാം.

ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ഈ കാഴ്ചപ്പാട് പ്രായോഗികമാക്കാനുള്ള ഇടപെടലാണ് കഴിഞ്ഞ നൂറ് വര്‍ഷക്കാലം അവര്‍ നടത്തിയിരുന്നത് എന്ന് കാണണം. ഇന്ത്യന്‍ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയും, അതുവഴി അന്യമത വിദ്വേഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ മുന്നോട്ടുപോയത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇന്ത്യാ വിഭജനകാലത്ത് ആര്‍എസ്എസിന് സ്വാധീനമുള്ളയിടങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറ്റവും ശക്തമായി ഉണ്ടായത് എന്ന് കാണാം. വര്‍ഗീയ ധ്രുവീകരണം നടത്തി രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഇടപെടലായിരുന്നു അത്. എന്നാല്‍, അവരുടെ ശ്രമം ആ ഘട്ടത്തില്‍ പ്രായോഗികമായില്ല.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുകയും, ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഇന്ത്യന്‍ മതേതരത്വത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ശക്തമായി നിലയുറപ്പിച്ച നേതാവായിരുന്നു ഗാന്ധിജി. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര മോഹങ്ങള്‍ക്ക് തടസ്സമായി നിന്ന പ്രധാനപ്പെട്ട വെല്ലുവിളിയായി ഇ.എം.എസ് വിലയിരുത്തുന്നത് ഗാന്ധിജിയുടെ സംഭാവനയെയാണ്. ഗാന്ധിയും, ഗാന്ധിസവുമെന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്.

ഹിന്ദുരാഷ്ട്ര മോഹങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച നേതാവ് എന്ന നിലയില്‍ ഗാന്ധിജിയെ കൊലപ്പെടുത്തുകയെന്നത് ഒരു അജൻഡയായിത്തന്നെ ഹിന്ദുത്വ ശക്തികള്‍ കൊണ്ടുനടന്നു. അതിന്റെ തുടർച്ചയായാണ് ഗാന്ധിജി വധിക്കപ്പെടുന്നത്. ഹിന്ദുത്വ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക് എതിരായി നിലകൊണ്ട ഗാന്ധിജിയുടെ വധം സംഘപരിവാര്‍ ഉദ്ദേശിച്ച തരത്തിലല്ല പോയത്. രാജ്യം മുഴുവന്‍ ഈ വധത്തിനും, അതിന് നേതൃത്വം നല്‍കിയ ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്കും എതിരായ നിലപാട് സ്വീകരിച്ചു. ആര്‍എസ്-എസ് നിരോധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. കേന്ദ്ര സര്‍ക്കാരുമായുള്ള നിരന്തരമായ ചര്‍ച്ചകളുടേയും, ഇടപെടലുകളുടേയും ഫലമായി ആര്‍എസ്എസ് നിരോധനം പിന്‍വലിച്ചു. എന്നാല്‍, ആ നിരോധനം പിന്‍വലിക്കുന്നതിന് ഒരു രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ ഇനി പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പ് അവര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുകയുണ്ടായി. അതിനെ തുടര്‍ന്ന് രാഷ്ട്രീയ ഇടപെടലിന് പുതിയ ഒരു സംഘടന ആവശ്യമാണ് എന്ന നിലയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് ജനസംഘം രൂപീകരിക്കപ്പെടുന്നത്.

ജനസംഘം രൂപീകരണം
പാര്‍ലമെന്റില്‍ ഹിന്ദുകോഡ് കൊണ്ടുവരുന്നതിലുള്ള നെഹ്റുവിന്റെ നിലപാടിനെ തുടര്‍ന്ന് നെഹ്റു മന്ത്രിസഭയില്‍ നിന്നും ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി രാജിവച്ചു; പ്രത്യേക രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടദ്ദേഹം. ഈ ഘട്ടത്തില്‍ 1952ല്‍ ഭാരതീയ ജനസംഘം രൂപീകരിക്കുന്നതിന് ശ്യാമപ്രസാദ് മുഖര്‍ജിയെ സഹായിക്കാന്‍ ആര്‍എസ്എസ് അവരുടെ കേഡര്‍മാരെ അയച്ചുകൊടുത്തു. അതായത്, ജനസംഘം രൂപീകരിക്കപ്പെടുന്നത് ആര്‍എസ്എസിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ അതിനെ മറികടക്കാന്‍വേണ്ടിയായിരുന്നു; എന്നുവച്ചാൽ പുതിയ പേര് സ്വീകരിച്ചുവെന്ന് മാത്രം. അതായത്, ആര്‍എസ്എസിന്റെ രാഷ്ട്രീയ മുഖമാണ് ബിജെപി. ആ അര്‍ത്ഥത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കുക എന്നതിനര്‍ത്ഥം ഇന്ത്യന്‍ ഭരണകൂടത്തെ ആര്‍.എസ്.എസ് നിയന്ത്രിക്കുന്നുവെന്നാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടതും, മതനിരപേക്ഷത ഉള്‍പ്പെടെ അതിന്റെ ഭാഗമായി മാറിയതും. എന്നാല്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്ന ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഇത്തരം കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഭരണഘടനാ മൂല്യങ്ങളെ തുടര്‍ച്ചയായി ചോദ്യംചെയ്ത് അതിനെ അട്ടിമറിക്കാന്‍ ഇക്കൂട്ടർ ഇടപെടുകയും ചെയ്തു. ഇന്ത്യാ രാജ്യത്തിനകത്ത് ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ കൂട്ടമായി സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ടുപോയി.

1950കളിലും, 1960കളിലും ഇന്ത്യയും ചൈനയും തമ്മില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് സജീവമായി പ്രവര്‍ത്തിക്കുന്ന നിലയുണ്ടായി. 1965ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം അവർ മുതലെടുത്തു. സങ്കുചിത ദേശീയവാദമുയര്‍ത്തിപ്പിടിച്ച് പൊതുസമൂഹത്തിലിടപെടുന്നതിനുള്ള ശ്രമങ്ങളിൽ അവര്‍ ഏര്‍പ്പെട്ടു. 1967ലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളെ അണിനിരത്തി 1966ല്‍ പാര്‍ലമെന്റിനു പുറത്ത് ഗോവധത്തിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ അവർ സംഘടിപ്പിച്ചു.

വർഗീയ സംഘർഷങ്ങളുടെ 
പരമ്പര സൃഷ്ടിക്കുന്നു
രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇത്തരത്തില്‍ ഇടപെടുന്നതിനോടൊപ്പം തന്നെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ പരമ്പരകള്‍ സൃഷ്ടിക്കുകയെന്നതും അവരുടെ സമീപനമായിത്തീര്‍ന്നു. 1960കളില്‍ രാജ്യത്തുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളുടെയെല്ലാം പിന്നില്‍ സംഘ്-പരിവാറുണ്ടായിരുന്നു. 1961ൽ ജബല്‍പൂരില്‍ വലിയൊരു വര്‍ഗ്ഗീയ ലഹള അവര്‍ സംഘടിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢിലും, മീററ്റിലും വര്‍ഗ്ഗീയ ലഹളകളുണ്ടാക്കി.

1964ല്‍ രൂപംകൊണ്ട വിശ്വഹിന്ദു പരിഷത്ത് അഖില ലോക തലത്തില്‍തന്നെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തു. റാഞ്ചി, കല്‍ക്കട്ട, റൂര്‍ക്കല, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലെല്ലാം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പരമ്പരതന്നെ സൃഷ്ടിച്ചു. അഹമ്മദാബാദിലും, ഭീവണ്ടിയിലും സമാനമായ സ്ഥിതിവിശേഷം അവർ സൃഷ്ടിച്ചു.

ഇത്തരത്തില്‍ വര്‍ഗ്ഗീയവാദവും, അന്യമത വിദ്വേഷവും ജനാധിപത്യവിരുദ്ധമായ സമീപനങ്ങളും സ്വീകരിച്ചുകൊണ്ട് ആർഎസ്എസ് പ്രവര്‍ത്തനം മുന്നോട്ടു നീക്കി. 1974ല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറുന്നതിനും അവര്‍ പരിശ്രമിച്ചു. ഇതിന്റെ തുടര്‍ച്ചയില്‍ 1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലം വളര്‍ന്നുവന്നു. ഈ ഘട്ടത്തിലും ആര്‍എസ്എസിനെ ഇന്ദിരാഗാന്ധി നിരോധിച്ചിരുന്നു. എന്നാല്‍, ബ്രിട്ടീഷുകാലത്ത് തടവറയിലായപ്പോള്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ട സവര്‍ക്കറുടെ പാത പിന്തുടര്‍ന്ന് ആര്‍എസ്എസിന്റെ സര്‍സംഘ്-ചാലക് ആര്‍എസ്എസിനേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രിയോട് അപേക്ഷിച്ചു. ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില്‍ ആശംസയര്‍പ്പിക്കുക മാത്രമല്ല, തെരഞ്ഞെടുപ്പ് ആരോപണത്തില്‍നിന്നും സുപ്രീം കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തു.

1975 നവംബര്‍ 10ന് എഴുതിയ കത്തില്‍ ദേവറസ് ഇങ്ങനെ എഴുതി: “ആയിരക്കണക്കിനായ ആര്‍എസ്എസ് പ്രവര്‍ത്തകരെ മോചിപ്പിക്കുകയും, സംഘടനയ്-ക്കുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും വേണം. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ ലക്ഷക്കണക്കിനായ ആര്‍എസ്എസ് വളന്റിയര്‍മാരുടെ ഭാഗത്തുനിന്നുമുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ കരുത്ത് ദേശീയ പുരോഗതിക്കായി (ഗവണ്‍മെന്റിന്റേയും, ഗവണ്‍മെന്റിതരവും) ഉപയോഗിക്കപ്പെടും. നമ്മുടെ രാജ്യം സമൃദ്ധിയിലേക്ക് കുതിച്ചുയരുമെന്ന് ഞങ്ങളെല്ലാം ആശിക്കുന്നു”.

അടിയന്തരാവസ്ഥയ്-ക്കുശേഷം ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചത് അവരുടെ ഈ കീഴടങ്ങല്‍ മൂടിവെക്കാന്‍ ആര്‍എസ്എസിനെ സഹായിക്കുകയും ചെയ്തു. അധികാരത്തിലെ ഈ സാധ്യതകൾ ഉപയോഗിച്ചു വളര്‍ന്നുവരാനുള്ള ഇടപെടലുകളാണ് തുടര്‍ന്ന് നടത്തിയത്. രാഷ്ട്രീയ അധികാരമുപയോഗിച്ച് എല്ലാ മേഖലകളിലും നുഴഞ്ഞുകയറാനുള്ള ഇടപെടലുകള്‍ സംഘ‍്-പരിവാർ നടത്തി. ജനതാ പാര്‍ട്ടിയിലും, ആര്‍എസ്എസിലും ഇരട്ട മെമ്പര്‍ഷിപ്പെന്ന പ്രശ്നം ഉയര്‍ന്നുവന്നു. ജനതാ പാര്‍ട്ടിയിലെ മതനിരപേക്ഷ ശക്തികള്‍ ഇതിനെതിരെ നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് ജനതാ പാര്‍ടിയില്‍ നിന്ന് മാറി ബിജെപിയുടെ രൂപീകരണമുണ്ടാവുന്നത്. തീവ്രമായ വര്‍ഗ്ഗീയ അജൻഡകള്‍ പ്രയോഗിക്കാന്‍ അവര്‍ ആരംഭിച്ചു. 1981 ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് ഇസ്ലാമിലേക്ക് ദളിതര്‍ മതം മാറിയത് ഉയർത്തിപ്പിടിച്ച് ശക്തമായ പ്രചാരവേല ആര്‍എസ്എസ് നടത്തി.

അയോധ്യയിലെ രാമക്ഷേത്ര വിഷയം 1983 മുതല്‍ ഏക അജൻഡയായി അവർ ഏറ്റെടുത്തു. തുടര്‍ന്ന്, ഇതിനെ അടിസ്ഥാനപ്പെടുത്തി ക്യാമ്പയിനുകള്‍ ആരംഭിച്ചു. ഏകാത്മകയാത്ര, 1989ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ശിലാന്യാസ ക്യാമ്പയിന്‍ തുടങ്ങിയവ ആരംഭിച്ചു. 1991ല്‍ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര രാജ്യത്താകമാനം വര്‍ഗ്ഗീയ അന്തരീക്ഷം സൃഷ്ടിച്ചു. രാഷ്ട്രീയമായി ഇത്തരം വര്‍ഗീയ ധ്രുവീകരണം നടത്തുകയും വര്‍ഗീയ സംഘര്‍ഷങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുകയും ചെയ്തു. 1983നും, 1992നും ഇടയില്‍ 44 വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ നടന്നു.

കോൺഗ്രസിന്റെ മൃദുസമീപനം
സംഘപരിവാറിന്റെ ഇത്തരം രാഷ്ട്രീയ ഇടപെടലുകളെ ചെറുക്കുന്നതിന് കോണ്‍ഗ്രസ് തയ്യാറായില്ല. വര്‍ഗ്ഗീയ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് മുന്നോട്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. 1999ല്‍ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒറീസയില്‍ ഗ്രഹാംസ്റ്റെയിൻസിനേയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളേയും സംഘ്പരിവാര്‍ ചുട്ടുകൊന്നു. പിന്നീടാണ് രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യ 2002 ഫെബ്രുവരി–മാര്‍ച്ച് കാലത്ത് ഗുജറാത്തില്‍ നടന്നത്. 2000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനുപേര്‍ക്ക് പരിക്കേറ്റു, സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികളെ ജീവനോടെ കത്തിച്ചു. ന്യൂനപക്ഷങ്ങളുടെ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടു. ഇത്തരത്തില്‍ വര്‍ഗീയമായ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് സംഘ്-പരിവാര്‍ മുന്നോട്ടു നീങ്ങിയത്.

ആർഎസ്എസ്സിന്റെ ഇത്തരം വര്‍ഗീയ മുദ്രാവാക്യങ്ങള്‍ക്ക് അംഗീകാരം കിട്ടുക എളുപ്പമായിരുന്നില്ല. ഈ ഘട്ടത്തിലാണ് സംഘപരിവാറിനേയും, മോദിയേയും മുന്നോട്ടുകൊണ്ടുപോവുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് ശക്തികളുടെ ഇടപെടലുണ്ടാവുന്നത്. വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ നിക്ഷേപ മേളകള്‍ സംഘടിപ്പിച്ച് കോര്‍പ്പറേറ്റ് മാധ്യമങ്ങളിലൂടെ വികസന നായകനാണ് മോദിയെന്ന പ്രചാരവേല അവർ സംഘടിപ്പിച്ചു. ഇത്തരം പ്രചരണങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായ രാജ്യത്തെ വികസന മുരടിപ്പും, വര്‍ഗ്ഗീയ പ്രചരണങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ബിജെപി അധികാരമുറപ്പിച്ചത്.

ബിജെപിക്ക് തുടര്‍ച്ചയായി അധികാരം കിട്ടുന്ന നില വന്നതോടെ ഹിന്ദുരാഷ്ട്രമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി. ആര്‍എസ്എസ് നൂറാം വാര്‍ഷികം ആചരിക്കുന്ന 2025ല്‍ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തനങ്ങളും മുന്നോട്ടു നീക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഇന്ത്യന്‍ ജനത മതനിരപേക്ഷത സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ബിജെപിക്ക് ഒറ്റയ്-ക്ക് ഭൂരിപക്ഷം പോലും കിട്ടാത്ത നിലവന്നു. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സ്വപ്നങ്ങള്‍ക്ക് അത് തിരിച്ചടിയായി.

ഇന്ത്യന്‍ ജനത തിരിച്ചടി നല്‍കിയിട്ടും അതില്‍ നിന്നും പിന്നോട്ടുപോകാനല്ല, അതേ അജൻഡകള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതന്നെ കാവിവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കവര്‍ നീങ്ങിയിരിക്കുന്നു. വോട്ടര്‍ പട്ടിക തന്നെ അട്ടിമറിച്ചു. വോട്ടിംഗ് യന്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ പോലും പരിശോധിക്കാന്‍ തയ്യാറായില്ല. ഇലക്ഷന്‍ കമ്മീഷന്‍ സംഘ്-പരിവാറിന്റെ ബി ടീമായി എന്നതാണ് ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം. ഇന്ത്യയിലെ ഇലക്ഷനുകള്‍ തന്നെ അട്ടിമറിക്കപ്പെടുമെന്ന സ്ഥിതിവിശേഷത്തെയാണ് രാജ്യം നേരിടുന്നത്. സംഘ്-പരിവാറിന്റെ നൂറ് വര്‍ഷത്തെ പ്രവര്‍ത്തനം ഇന്ത്യന്‍ ജനാധിപത്യത്തെതന്നെ അട്ടിമറിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ മുഴുകുകയാണ്. ബി.ജെ.പി–സംഘ്-പരിവാര്‍ പ്രവര്‍ത്തകരെ തന്നെ ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ഇടപെടലും നടത്തുകയാണ്. ഭീകരവാദ പ്രവര്‍ത്തനത്തിനും സംഘ്-പരിവാര്‍ നേതൃത്വം നല്‍കുകയാണ്. മക്ക മസ്ജിദ്, മലേഗാവ് സ്ഫോടനങ്ങളിലെ പ്രതികളെ വെറുതെ വിടുന്ന വിധിയും ഉണ്ടായി. പാഠപുസ്തകങ്ങൾ കാവിവല്‍ക്കരിക്കുന്നതിനുള്ള ഇടപെടലും അവർ നടത്തുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും തകര്‍ക്കുന്ന നിലപാട് അവർ സ്വീകരിക്കുന്നു.

ന്യൂനപക്ഷ ജനവിഭാഗങ്ങളേയും, ദളിതരേയും ആർഎസ്എസ്സിന്റെ നേതൃത്വത്തിൽ വേട്ടയാടുകയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും. ഭീതിയുടെ അന്തരീക്ഷം സമൂഹത്തില്‍ സൃഷ്ടിച്ച് മേല്‍ക്കെെ നേടുകയെന്ന അവസ്ഥ രാജ്യത്ത് സൃഷ്ടിച്ചിരിക്കുകയാണ് അവർ. ഫെഡറലിസത്തെ തകര്‍ക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്-ക്കും ഭീഷണി ഉയര്‍ത്തുന്നവിധം മാറിയിരിക്കുകയാണ്.

ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഒന്നിനു പിറകെ ഒന്നായി കൈവശപ്പെടുത്തുകയാണ്. അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കുന്ന കാര്യത്തിലും തികഞ്ഞ അവഗണനയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് മോദി സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സംരക്ഷിക്കുന്നത് 
കോർപ്പറേറ്റ് താൽപര്യം
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തിക നയങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കുകയാണ് മോദി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നു. തൊഴിലാളി വിരുദ്ധമായി തൊഴില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. എല്‍.ഐ.സിയുടെ തുക പോലും അദാനിക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുകയാണ്. രാജ്യം ഉയര്‍ത്തിപ്പിടിച്ച സാമ്രാജ്യത്വവിരുദ്ധ വിദേശ നയത്തെ പോലും ബിജെപി സർക്കാർ അട്ടിമറിച്ചിരിക്കുന്നു.

രാജ്യത്തിന്റെ എല്ലാ ഗുണപരമായ നേട്ടങ്ങളേയും തകര്‍ക്കുന്ന നിലയിലേക്ക് കഴിഞ്ഞ നൂറുവര്‍ഷംകൊണ്ട് സംഘപരിവാര്‍ എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ദുരന്തവും, ആപത്തുമായി ഈ സംഘം മാറിയിരിക്കുകയാണ്. ഇവരെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. അതിനായി സിപിഐ എമ്മിന്റെ കരുത്ത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബിജെപിയുടെ നയങ്ങള്‍ക്കെതിരെ വ്യക്തമായ ബദലുയര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തുകെയന്നത് പ്രധാനമാണ്. അതിന്റെ അടിത്തറയില്‍ യോജിപ്പിക്കാന്‍ പറ്റുന്ന ജനാധിപത്യ വിശ്വാസികളെയെല്ലാം കൂട്ടിയോജിപ്പിക്കുകയെന്ന പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങള്‍ അതേപോലെ പിന്തുടരുകയും, വര്‍ഗീയതയ്-ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന് ബിജെപിക്ക് ബദലായി ഉയരാന്‍ കഴിയില്ലയെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

രാജ്യത്തെ ഹിന്ദു വര്‍ഗീയവാദത്തിനാണ് ഫാസിസമായി വളരാന്‍ കഴിയുകയെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസം വളര്‍ന്നുവരുന്നത് ലോകത്ത് ഫാസിസം വളര്‍ന്നുവന്ന അതേ രീതിയിലല്ല. പൊതുവായ പ്രത്യേകതകള്‍ പലതും കാണുമെങ്കിലും നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറി മതരാഷ്ട്ര സമീപനത്തിലേക്ക് അവയെ എത്തിക്കുകയെന്ന ഇടപെടല്‍ കൂടിയാണ് അവര്‍ സ്വീകരിക്കുന്നത്. നവഫാസിസത്തിന്റെ ഇത്തരം രൂപങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ ചെറുക്കുകയെന്നത് പ്രധാനമാണ്. അങ്ങനെ തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ സംഘ്-പരിവാറിന്റെ ഫാസിസ്റ്റ് അജൻഡകളെ പ്രതിരോധിക്കാനാവൂ.

ആര്‍എസ്എസ്സിന്റെ നൂറ് വര്‍ഷങ്ങള്‍ രാജ്യത്ത് ദുരിതങ്ങള്‍ വിതയ്-ക്കുന്നതിനുള്ള ഇടപെടലുകളുടെ നൂറ്റാണ്ടാണ്. നമ്മുടെ സംസ്ഥാനത്ത് ബിജെപിക്കെതിരെ മതനിരപേക്ഷതയുടെ ശക്തമായ കോട്ട തീര്‍ത്ത് മുന്നോട്ടുപോകാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ജനങ്ങൾക്കിടയില്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ചും, മതവിശ്വാസികളെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് ആര്‍എസ്എസ് കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തുന്നുണ്ട്. പൊതുമണ്ഡലങ്ങളെ സംരക്ഷിച്ചും, വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചും കൂടുതല്‍ കരുത്തോടെ ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. ഒരു വര്‍ഗീയതകൊണ്ടു മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാവില്ല. ജമാഅത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള എല്ലാ മതരാഷ്ട്രവാദികള്‍ക്കുമെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തി മുന്നോട്ടുപോകാന്‍ നമുക്കു കഴിയണം. ആര്‍എസ്എസിന്റെ നൂറ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുവിതച്ച ദുരന്തങ്ങളെ ശക്തമായി പ്രചരിപ്പിക്കാന്‍ കഴിയണം. മതരാഷ്ട്രവാദികള്‍ക്കെതിരെ മതവിശ്വാസികളെയടക്കം അണിനിരത്തിയുള്ള വിശാല ഐക്യനിര കെട്ടിപ്പടുക്കുകയെന്നത് പ്രധാനമാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട് നാം ഇടപെടണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular