ഒക്ടോബർ 9 ന് തിരുവനന്തപുരത്തെ തമ്പാനൂരിൽ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാക്കുറിപ്പാണ് സമീപവർഷങ്ങളിൽ ആർഎസ്‌എസിനെതിരെ ഉയർന്നുവന്ന ഏറ്റവും ശക്തമായ ആരോപണങ്ങളിലൊന്ന്. വർഷങ്ങളായി ആഴത്തിലുള്ള മാനസിക ആഘാതങ്ങളിലൂടെ താൻ കടന്നുപോയെന്നും, അത് ആർഎസ്‌എസുമായി ബന്ധം പുലർത്തിയ കാലത്തെ ദുരനുഭവങ്ങൾ സ്വയം അടിച്ചമർത്തിയതിന്റെ ഫലമായി ഉണ്ടായതാണെന്നും ആ യുവാവ് സ്വയം തിരിച്ചറിയുന്നു. ആർഎസ്‌എസ് അനുഭാവിയായ അച്ഛൻ കുട്ടിക്കാലത്ത് ആർഎസ്‌എസിൽ ചേർത്തതും മൂന്നു വയസ്സു മുതൽ തന്റെ അയൽക്കാരനായ ‘എൻഎം’ എന്നയാൾ നിരന്തര ലൈംഗികപീഡനത്തിന് ഇരയാക്കിയതും കുറിപ്പിൽ വെളിപ്പെടുത്തി. ആർഎസ്‌എസ് സംഘടിപ്പിക്കുന്ന ഐടിസി (പ്രാരംഭ പരിശീലന ക്യാമ്പ്), ഒടിസി (ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ്) എന്നിവയിലും നിരന്തര പീഡനത്തിനിരയായി (ഒരുപക്ഷേ മറ്റുപലരിൽ നിന്നും). വളരെക്കാലമായി ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ആ സംഘടനയെപ്പറ്റി തനിക്കെല്ലാം അറിയാമെന്നും ആർഎസ്‌എസിനെപ്പോലെ താൻ വെറുക്കുന്ന മറ്റൊരു സംഘടനയില്ലെന്നും ആ യുവാവ് അടിവരയിട്ടുപറയുന്നു. ‘‘ആർഎസ്‌എസുകാരുമായി ഒരിക്കലും സൗഹൃദമരുത്. സുഹൃത്തുക്കൾ മാത്രമല്ല അച്ഛനോ സഹോദരനോ മകനോ പോലും ആ സംഘടനയുടെ ഭാഗമായാൽ അവരെ നിങ്ങളുടെ ജീവിതത്തിൽ നിന്നുതന്നെ അകറ്റി നിർത്തുക’’ എന്ന് (ഊന്നൽ ലേഖികയുടേത്) സ്വന്തം അനുഭവത്തിൽ നിന്ന് അനന്തു പറയുന്നു. ‘‘എന്റെ കുറിപ്പിലുള്ളതെല്ലാം അവർ എന്നോട് ചെയ്‌തകാര്യങ്ങളാണ്. ക്യാന്പുകളിൽ കണക്കറ്റ ലൈംഗികാതിക്രമങ്ങളും ശാരീരിക പീഡനങ്ങളും നടക്കുന്നുണ്ട്. അതിൽനിന്ന് പുറത്തുവന്നതുകൊണ്ട് മാത്രമാണ് ഇതു പറയാനാകുന്നത്. തെളിവില്ലാത്തതിനാൽ ആരുമെന്നെ വിശ്വസിക്കില്ലെന്നറിയാം. അതിനാൽ എന്റെ ജീവൻതന്നെ തെളിവായി ഞാൻ സമർപ്പിക്കുന്നു. ആഴത്തിലേറ്റ മുറിവുകൊണ്ടാണ് ഇതെല്ലാം ഞാൻ ഏറ്റുപറയുന്നത്. ഒരു കുട്ടിക്കും ഇൗ ഗതിയുണ്ടാകരുത്– ആത്മഹത്യക്കുറിപ്പിൽ അനന്തു പറയുന്നു.
ആർഎസ്‌എസിന്റെ സ്വഭാവം, കാഴ്ചപ്പാട്, പ്രത്യയശാസ്ത്രം എന്നിവയുടെ വിവിധ വശങ്ങൾ വിശദമായിത്തന്നെ വിശകലനവിധേയമായിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തോടുള്ള അവരുടെ എതിർപ്പ്,സാമ്രാജ്യത്വ വിധേയത്വം, ന്യൂനപക്ഷങ്ങളോടും കമ്യൂണിസ്‌റ്റുകാരോടുമുള്ള വിദ്വേഷം, മുതലാളിത്ത– ഫ്യൂഡൽ ചൂഷണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത, ഇന്ത്യൻ ഭരണഘടനയെ നിരാകരിച്ച് പകരം മനുസ്‌മൃതിയെ ഉയർത്തിപ്പിടിച്ച് അതുവഴി ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്‌ട്ര സ്ഥാപനം, സ്‌ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കൽ, എല്ലാത്തരം തൊഴിലാളികളെയും കീഴ്‌പ്പെടുത്തൽ, ന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടും. എന്നാൽ ആർഎസ്‌എസ് അംഗങ്ങളുടെ പെരുമാറ്റരീതിയിലെ ക്രൂരവും വിവേചനപരവും അങ്ങേയറ്റം പിന്തിരിപ്പനുമായ ചില വശങ്ങൾ സംബന്ധിച്ച വിശദമായ വിശകലനങ്ങൾ അത്രകണ്ട് ഉണ്ടായിട്ടില്ല.
ആർഎസ്‌എസ് അനുകൂലികളിൽ ഒട്ടേറെപ്പേർ അവർ ഉയർത്തിപ്പിടിക്കുന്ന ഈ സംഘടനയെ അംഗീകരിക്കുന്നത് ജാതിവ്യവസ്ഥയെ ആർഎസ്എസ് പിന്തുണയ്‌ക്കുന്നതിനാലാണ്. ബഹുഭൂരിപക്ഷം പേരും ഹിന്ദുക്കളായതിനാൽ ഇന്ത്യയെ ഒരു ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ലെന്നും ആർഎസ്എസിനെ അംഗീകരിക്കുന്ന മറ്റൊരു വിഭാഗം കരുതുന്നു. മറ്റു ചിലർ കോർപ്പറേറ്റുകൾക്കുള്ള നിരന്തര പിന്തുണയും തൊഴിലാളിവർഗവിരുദ്ധ നടപടികളും അംഗീകരിക്കുന്നു. ആർഎസ്‌എസിനെ പിന്തുണയ്‌ക്കുന്നവരെല്ലാം അവർ പുലർത്തുന്ന ക്രൂരതയേയും ശാസ്‌ത്രവിരുദ്ധ– പിന്തിരിപ്പൻ വിശ്വാസങ്ങളെയും അംഗീകരിക്കണമെന്നില്ല; പക്ഷേ അതിനെക്കുറിച്ച്- അവർ സംസാരിക്കാറില്ലന്നു മാത്രം.
ഭരണഘടനയോടുള്ള എതിർപ്പും മനുസ്‌മൃതിയിൽ അധിഷ്‌ഠിതമായ നിയമചട്ടക്കൂട് സ്ഥാപിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഒരിക്കലും ആർഎസ്‌എസ് മറച്ചുവെച്ചിട്ടില്ലെന്ന വസ്‌തുത പൊതുവായി എല്ലാവർക്കും അറിയാവുന്നതാണ്. സാമൂഹികവും ലിംഗപരവും മതപരവുമായ എല്ലാത്തരം അസമത്വങ്ങളെയും ഉയർത്തിക്കാട്ടുന്നതും എല്ലാ സ്ത്രീകളുടെയും അവകാശങ്ങളെ നിഷേധിക്കുന്നതുമായ ഒരു രേഖയാണ് മനുസ്മൃതി. എന്നാൽ സ്ത്രീകളെ മൃഗങ്ങളുടെ പദവിയിലേക്ക് താഴ്‌ത്തിക്കെട്ടുംവിധം അവർ പുലർത്തുന്ന വെറുപ്പുളവാക്കുന്നതും അശാസ്ത്രീയവുമായ വിശ്വാസങ്ങൾ അധികം ചർച്ചചെയ്യപ്പെടാതെ പോകുന്നു. ഏറ്റവും ദീർഘകാലം ആർഎസ്‌എസിനെ നയിക്കുകയും സംഘടനയിൽ ഏറ്റവും സ്വാധീനം ചെലുത്തുകയും ചെയ്‌ത ഗോൾവാൾക്കർ 1960 ഡിസംബറിൽ ഗുജറാത്ത് സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചിരുന്നു. ഗോൾവാൾക്കർ ഇങ്ങനെ പറഞ്ഞു: ‘ഇന്ന് സങ്കരയിന പ്രജനന പരീക്ഷണങ്ങൾ (ക്രോസ് ബ്രീഡിങ്) മൃഗങ്ങളിൽ മാത്രമാണ് നടത്തുന്നത്. എന്നാൽ ഇന്നത്തെ ആധുനിക ശാസ്ത്രജ്ഞർ എന്ന് വിളിക്കപ്പെടുന്നവർ പോലും മനുഷ്യരിൽ അത്തരം പരീക്ഷണങ്ങൾ നടത്താനുള്ള ധൈര്യം കാണിക്കുന്നില്ല… ‘നമ്മുടെ പൂർവികർ ഇൗ മേഖലയിൽ നടത്തിയ പരീക്ഷണങ്ങൾ നോക്കൂ. സങ്കലനത്തിലൂടെ മനുഷ്യ വർഗ്ഗത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ വടക്കൻ നമ്പൂതിരി ബ്രാഹ്മണർ കേരളത്തിൽ സ്ഥിരതാമസമാക്കി. ഒരു നമ്പൂതിരി കുടുംബത്തിലെ മൂത്ത മകന് വൈശ്യ, ക്ഷത്രിയ അല്ലെങ്കിൽ ശൂദ്ര വിഭാഗത്തിൽ നിന്നുള്ളയാളുടെ മകളെ മാത്രമേ വിവാഹം കഴിക്കാനാവൂ എന്ന നിയമം ഏർപ്പെടുത്തി. കൂടുതൽ ധീരമായ മറ്റൊരു നിയമം, എല്ലാ വർഗ്ഗത്തിലെയും വിവാഹിതയായ സ്ത്രീയുടെ ആദ്യ സന്തതി ഒരു നമ്പൂതിരി ബ്രാഹ്മണനിൽ നിന്ന് ജനിക്കണമെന്നുള്ളതായിരുന്നു. പിന്നീട് മാത്രമേ അവൾക്ക് സ്വന്തം ഭർത്താവിൽനിന്ന് കുട്ടികളെ ജനിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ (എം എസ്. ഗോൾവാൾക്കർ, ഓർഗനൈസർ, ജനുവരി 2, 1961, പേജ് 5).
‘സംബന്ധം’ എന്ന ആചാരത്തെക്കുറിച്ച് അബദ്ധജടിലങ്ങളായ പ്രസ്താവനകൾ നിറഞ്ഞതായിരുന്നു ഗോൾവാൾക്കറുടെ പ്രസംഗം. അതനുസരിച്ച് നമ്പൂതിരി കുടുംബത്തിലെ ഇളയ ആൺമക്കൾക്ക് ഒന്നിലധികം നായർ സ്ത്രീകളെ ‘വിവാഹം’ കഴിക്കാം. ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ നായർ കുടുംബങ്ങളിൽ വളരുകയും അതേസമയം നന്പൂതിരി അച്ഛന്മാരാൽ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുകയും ചെയ്യും. ഏറ്റവും അപലപനീയമായ കാര്യം സംബന്ധ ബന്ധങ്ങളെക്കാളും നികൃഷ്‌ടമായ കാര്യങ്ങളെയാണ് ഗോൾവാൾക്കൾ കൂടുതൽ പ്രശംസനീയമായി കാണുന്നത് എന്നതാണ്. ഒരു വശത്ത്, സങ്കര പ്രജനനത്തിലൂടെ മനുഷ്യവർഗത്ത മെച്ചപ്പെടുത്താനാണ് നന്പൂതിരിമാർ കേരളത്തിൽ സ്ഥിരതാമസമാക്കിയതെന്ന് ശ്ലാഘിക്കുന്ന ഗോൾവാൾക്കർ, മറുവശത്ത് നമ്പൂതിരിയിതര ജാതിയിൽപ്പെട്ട സ്‌ത്രീകളുമായി ബലപ്രയോഗത്തിലൂടെ നന്പൂതിരി പുരുഷന്മാർ സ്ഥാപിക്കുന്ന ബന്ധം പ്രശംസനീയമാണെന്ന് നിർലജ്ജം പുലന്പുകയും ചെയ്യുന്നു.
തലമുറകളായി നായർ സ്ത്രീകളെ അപമാനിച്ചിരുന്ന സംബന്ധമെന്ന ഈ ദുരാചാരം നിരവധി നമ്പൂതിരി സ്ത്രീകൾക്കും ക്രൂരമായ അനീതിയാണ് വരുത്തിവെച്ചത്. നമ്പൂതിരി സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അനുവാദം മൂത്ത മകന് മാത്രമാക്കിയപ്പോൾ നമ്പൂതിരി സ്ത്രീകൾക്കാകട്ടെ നമ്പൂതിരി പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതിനാൽ നന്പൂതിരി സ്‌ത്രീകളിൽ പലരും അവിവാഹിതരായി തുടരാൻ നിർബന്ധിതരായി. ജാതിവിവേചനത്തിനും ലിംഗ വിവേചനത്തിനുമെതിരെ പോരാടിയ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു സംബന്ധം എന്ന ദുരാചാരം അവസാനിപ്പിക്കൽ.
ഏറ്റവും അധഃപതിച്ച ദുരാചാരത്തെ ശാസ്ത്രീയവും കേരളത്തിലെ മനുഷ്യവർഗത്തിന്റെ പുരോഗതിക്ക് സുപ്രധാനവുമായ മുന്നേറ്റമായി പ്രശംസിക്കുന്ന ആർഎസ്‌എസ് തലവൻ ശക്തമായ ഭാഷയിൽ അപലപിക്കപ്പെടണം. മനുഷ്യബന്ധങ്ങളെ മൃഗങ്ങളുടെ സങ്കര പ്രജനനത്തിന്റെ തലത്തിലേക്ക് താഴ്‌ത്തിക്കെട്ടുന്നതിനൊപ്പം സ്ത്രീകളെ പ്രജനനോപാധിയായി ഇടിച്ചുതാഴ്‌ത്തുകയുമാണ് ഗോൾവാൾക്കർ ചെയ്‌തത്.
എല്ലാ ഹിന്ദുക്കളെയും ഒന്നിപ്പിക്കുന്നതിനുവേണ്ടി സമർപ്പിതരായ സന്ന്യാസിമാരുടെയും ഭക്തരുടെയും സംഘടനയാണ് തങ്ങളുടേതെന്ന ധാരണ പരത്താനാണ് ആർഎസ്‌എസ് ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി എല്ലാ ഹിന്ദുക്കളുടെയും തുല്യതയിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതിലൂടെ ദളിതരെയും മറ്റു പിന്നോക്ക വിഭാഗങ്ങളെയും സംഘടനയിലേക്കെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ അവർ നടത്തുന്നു. എന്നാൽ അക്രമവും വർണാശ്രമ ധർമ്മത്തിന്റെ പിന്തുടരലും ആർഎസ്‌എസ് പ്രത്യയശാസ്ത്രത്തിൽ അന്തർലീനമാണ് എന്നതാണ് സത്യം.
ദളിതനായ ഭൻവർ മേഘവൻഷി പതിമൂന്നാം വയസ്സിൽ ആർഎസ്എസിൽ ചേർന്ന വ്യക്തിയാണ്. സമർപ്പിതനും സജീവ അംഗവുമായിരുന്ന അദ്ദേഹം 1992-ൽ ബാബ്‌റി മസ്ജിദ് പൊളിക്കലിലും ആവേശത്തോടെ പങ്കെടുത്തു. സംഘടനയ്ക്കായി ജീവിതം സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച മേഘവൻഷി പക്ഷേ, അങ്ങേയറ്റം അസന്തുഷ്ടനും നിരാശനുമായ മനുഷ്യനായി മാറി. കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നെന്നേക്കുമായി ആർഎസ്‌എസ് വിടുകയാണുണ്ടായത്. തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പുസ്‌തകമെഴുതുകയും ‘ഐ കുഡ് നോട്ട് ബി എ ഹിന്ദു: ദി സ്റ്റോറി ഓഫ് എ ദളിത് ഇൻ ദി ആർഎസ്എസ്’ എന്ന പേരിൽ ഇംഗ്ലീഷിലേയ്‌ക്ക് അത് വിവർത്തനം ചെയ്യപ്പെടുകയും ചെയ്‌തു. അടുത്തിടെ കാരവനുവേണ്ടി മാധ്യമപ്രവർത്തകൻ സുശീൽ കുമാറിന് നൽകിയ അഭിമുഖത്തിൽ ആർഎസ്എസിനെക്കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ നമ്മളോടുപറയുന്നത് ബൃഹത്തായ പബ്ലിക് റിലേഷൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി അവർ നടത്തുന്ന മൂടിവെയ്‌ക്കലുകളെക്കുറിച്ചാണ്.
അദ്ദേഹം പറയുന്നു: ‘‘സംഘ്-കുടുംബത്തിൽ അക്രമത്തിന് എപ്പോഴും മുന്തിയ സ്ഥാനമാണുള്ളത്; വേദങ്ങളിലെ അക്രമം അക്രമമല്ലെന്ന് എല്ലാ ബ്രാഹ്മണ ഗ്രന്ഥങ്ങളിലും ഒരേപോലെ പറയുന്നുണ്ട്. കുറുവടിയിൽ നിരവധി ഗുണകഗണങ്ങളുണ്ടെന്നു അതെപ്പോഴും കൈയിൽ സൂക്ഷിക്കേണ്ടതാണെന്നും ഞങ്ങളെ പഠിപ്പിച്ചു. ജ്ഞാനക്ഷേത്രമായി കരുതുന്ന ഒരു ക്യാമ്പസിൽ കുറുവടികള!മായി എന്തിന് പ്രവേശിക്കുന്നൂവെന്ന് ആളുകൾക്ക് തോന്നിയേക്കാം. എന്നാൽ, വാസ്തവത്തിൽ കുറുവടിയുടെ ഭാഷയിൽ പ്രതികരിക്കാൻ അത് കൈവശം വയ്ക്കേണ്ടതുണ്ടെന്നാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.’’
ഇൗ ലേഖികയുടെ ഒരു പുസ്‌തകത്തിൽ 1993ൽ, ഞാൻ എബിവിബിക്കെതിരെ പൊരുതുകയും അതിനായി വിദ്യാർത്ഥി അധികാരി രക്ഷക് സംഘ് (The Society for Protection of Student Rights) എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തകാലത്തെ സംഭവങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ സംഘടനയുടെ പ്രസിഡന്റിനെ കുറുവടിയുപയോഗിച്ച് വളഞ്ഞിട്ട് മർദ്ദിക്കുകയും തലയിൽ സ്‌ക്രൂഡ്രൈവർ കുത്തിയിറക്കി കൊല്ലുകയുമായിരുന്നു. അക്രമം അവർക്ക് പുതുമയല്ല:അക്രമത്തോട് വലിയ ബഹുമാനം പുലർത്തുന്ന കൂട്ടരാണവർ. പൂർണ്ണമായും ലാത്തിയിൽ അടിസ്ഥാനമാക്കിയ സംഘടനാസംവിധാനമാണത്. ഇന്ന് നിങ്ങൾ ഇതൊക്കെ കാണുന്നത് അവരുടെ വീഡിയോകൾ ആളുകളുടെ മുന്നിൽ വരുന്നതുകൊണ്ടാണ്.
തന്നെ വളരെയധികം അപമാനിക്കുകയും അസന്തുഷ്ടനാക്കുകയും ചെയ്ത ഒരു സംഭവത്തെക്കുറിച്ച് മേഘവൻഷി പറയുന്നുണ്ട്.ഒരുകൂട്ടം ആർഎസ്‌എസ് നേതാക്കളെ അനുഗമിക്കുന്ന ഘട്ടത്തിൽ വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം അവർക്ക് മേഘവൻഷി വാഗ്‌ദാനം ചെയ്‌തു. ഞങ്ങൾ കഴിക്കുമെങ്കിലും പുരോഹിതന്മാർക്കും -ഋഷിമാർക്കും അത് ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരുടെ മറുപടി. ഭക്ഷണം പാക്ക് ചെയ്യാനും അടുത്ത ഗ്രാമത്തിൽ എത്തുന്പോൾ കഴിച്ചോളാമെന്നും അവർ പറഞ്ഞു. എന്നാൽ അടുത്ത ഗ്രാമത്തിലെത്തിയപ്പോൾ ബ്രാഹ്മണ വീട്ടിൽ പാകം ചെയ്‌തുകൊണ്ടുവന്ന ഭക്ഷണമാണ് അവർ കഴിച്ചതെന്നും തന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണം വഴിയിൽ എറിഞ്ഞുകളഞ്ഞുവെന്നും തൊട്ടടുത്ത ദിവസം അറിഞ്ഞതായി അദ്ദേഹം പറയുന്നുണ്ട്. അവരെ നേരിട്ടുകണ്ട് മേഘ-വൻഷി ചോദിച്ചു. ‘ആദ്യം, നിങ്ങൾ എന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചില്ല. നിങ്ങൾ ഭക്ഷണം പായ്ക്ക് ചെയ്തു, പക്ഷേ കഴിക്കുന്നതിനുപകരം അത് വലിച്ചെറിഞ്ഞു. അയോധ്യയിൽ നിങ്ങൾക്കായി എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറായിരുന്നു. ഞാൻ നിങ്ങളുടെ ജില്ലാ മേധാവിയാണ്. നിങ്ങളോടൊപ്പം ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ എന്റെ സ്ഥാനമെന്താണ്?” സഹപ്രവർത്തകർ ഇതൊരു ചെറിയ കാര്യമായി തള്ളിക്കളയാൻ ശ്രമിച്ചെങ്കിലും മാസങ്ങളോളം അദ്ദേഹം അവരുമായി തർക്കിച്ചുകൊണ്ടിരുന്നു. ഒടുവിൽ, അദ്ദേഹം അവരോട് ചോദിച്ചു ‘നിങ്ങളുടെ ഹിന്ദു രാഷ്ട്രത്തിൽ ദളിതരുടെ സ്ഥാനം എന്താണ്?’. ഇതിനുശേഷം താമസിയാതെ അദ്ദേഹം ആർഎസ്എസ് വിട്ടു. തെറ്റിദ്ധാരണകൾ മാറുകയും ആർഎസ്എസിന്റെ വിട്ടുവീഴ്ചയില്ലാത്ത എതിരാളിയായി അദ്ദേഹം മാറുകയും ചെയ്‌തു. ‘സംഘത്തിന്റെ ദൃഷ്ടിയിൽ, ഹിന്ദു രാഷ്ട്രം വർണ്ണവ്യവസ്ഥയും, നാല് വേദങ്ങളും, മനുസ്മൃതിയും ഉള്ള ഒരു ബ്രാഹ്മണ രാഷ്ട്രം മാത്രമാണ്. ഈ അടിത്തറയിൽനിന്നുകൊണ്ട് രാഷ്ട്രത്തെ നയിക്കാനാണ് സംഘം ആഗ്രഹിക്കുന്നത്’–അദ്ദേഹം പറയുന്നു.
ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ നമ്മുടെ പോരാട്ടത്തിൽ, അതിനെ പിന്തുണയ്‌ക്കുന്നവരെ സമീപിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യേണ്ടത് അതിപ്രധാനമാണ്. ക്രൂരവും വിവേചനപരവും അപമാനകരവും പിന്തിരിപ്പൻ സ്വഭാവവുമുള്ള ഇൗ സംഘടനയുടെ മുഖം വെളിപ്പെടുത്തുന്നത് ചിലരെ, ഒരുപക്ഷേ നിരവധി പേരെ, പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും. l
പരിഭാഷ: റിതിൻ പൗലോസ്



