Wednesday, November 12, 2025

ad

Homeപ്രതികരണംജനങ്ങളോട് നേരിട്ടു സംവദിക്കാൻ

ജനങ്ങളോട് നേരിട്ടു സംവദിക്കാൻ

പിണറായി വിജയൻ

നാധിപത്യ വ്യവസ്ഥയിൽ ഭരണസംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണ്. ഈ തത്വം അക്ഷരാർത്ഥത്തിൽത്തന്നെ നടപ്പാവേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇക്കഴിഞ്ഞ ഒമ്പതു വർഷഘട്ടത്തിലാകെ പ്രവർത്തിച്ചത്. വാഗ്ദാനങ്ങളിൽ നടപ്പാക്കിയവ ഏത്, നടപ്പാക്കാൻ കഴിയാതെപോയവ ഏത് എന്ന് വർഷാന്ത്യത്തിൽ ജനങ്ങളോടു തുറന്നുപറയുന്ന പ്രോഗ്രസ് റിപ്പോർട്ട്, മന്ത്രിസഭ അപ്പാടെതന്നെ ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ നാട്ടിലേക്കിറങ്ങിയ നവകേരള സദസ്സ്, തദ്ദേശ സ്ഥാപന തലത്തിൽ സംഘടിപ്പിക്കപ്പെട്ട വികസന സദസ്സുകൾ തുടങ്ങി മുമ്പൊരുകാലത്തുമില്ലാത്ത പുതുമയാർന്ന കാര്യങ്ങൾ ആവിഷ്‌കരിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കവിഞ്ഞുനിൽക്കുന്നതായി മറ്റൊന്നുമില്ല എന്ന ബോധ്യം കൊണ്ടാണ്.

ഇതിനൊക്കെ അനുബന്ധമായിത്തന്നെ മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയൽ അദാലത്ത്,- കുടിശ്ശികയായ ഫയലുകൾ തീർക്കാനുള്ള തീവ്രയജ്ഞ പരിപാടിയായി. ഒന്നിലധികം ജില്ലകളിലായി പടർന്നുനിൽക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്താൻ കലക്‌ടേഴ്‌സ് കോൺഫറൻസുകൾ തുടങ്ങി ഇനിയും ഏറെയുണ്ട് ആ ദിശയിലുള്ള നടപടികൾ.

ഇതിനൊക്കെപ്പുറമെയാണ് അതിനൂതനമായ പുതിയ ഒരു പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങളിലേക്കെത്തുന്നത്. അതാണ് സി എം വിത്ത് മി, അഥവാ, ‘മുഖ്യമന്ത്രി എന്നോടൊപ്പം’. മുഖ്യമന്ത്രി എന്നോടൊപ്പം എന്നതിന്, സർക്കാർ അപ്പാടെ പൗരരോടൊപ്പം എന്നുതന്നെയാണ് അർത്ഥം. .

ഇത് ഒരു സിറ്റിസൺ കണക്റ്റ് സെന്ററാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയരംഗത്ത് വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കുന്ന സംവിധാനം; ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന സംവിധാനം, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന സംവിധാനം. ഇങ്ങനെയൊന്ന് മുമ്പില്ലാത്തതാണ്; എവിടെയും ഇല്ലാത്തതാണ്.

നവകേരള നിർമ്മാണത്തിലേക്കു കേരളം നീങ്ങുകയാണ്. അതിന്റെ സവിശേഷതകൾ നമ്മുടെ പൊതുസമൂഹത്തിനു മുമ്പിലുണ്ട്. അതു കൂടുതൽ സമഗ്രമാവാൻ നിർദ്ദേശങ്ങൾ മുമ്പോട്ടുവെക്കാം. സർക്കാർ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്താം. നീതി ലഭിക്കാതെ വന്നതിനെക്കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽ പെടുത്താം.

നിലവിലുള്ള സംവിധാനത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം, സി എം വിത്ത് മി യിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിച്ചിരിക്കും എന്നതാണ്. എന്തെങ്കിലും കാരണങ്ങൾ കൊണ്ടു സാധ്യമാവാത്തതാണു കാര്യമെങ്കിൽ ആ കാരണങ്ങളും വിളിച്ചറിയിക്കും. അത്ര ഉത്തരവാദിത്വപൂർണമായിരിക്കുമിത്. ടോൾഫ്രീ നമ്പറായ 1800 425 6789 ഈ ആവശ്യത്തിനായി ഉപയോഗിക്കാം.

ഓരോ പൗരന്റേയും ജീവിതക്ഷേമം ഉറപ്പാക്കിക്കൊണ്ടുവേണം പൊതുവായ വികസനം എന്ന ജനകീയ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് സി എം വിത്ത് മി. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവും. ഇതു മനസ്സിൽ വച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82

ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാം. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാം. അതിനൊക്കെ പരിഹാരം കാണും. സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനുള്ളവ അങ്ങനെയും, മന്ത്രിമാർ ഉൾപ്പെട്ട് പരിഹരിക്കാനുള്ളവ ആ വിധത്തിലും കൈകാര്യം ചെയ്യും. ജനങ്ങളെ ഭരണനിർവ്വഹണത്തിൽ പങ്കാളികളാക്കുന്ന പദ്ധതിയാണിത്. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായവും ഉൾക്കൊള്ളാനും സർക്കാരിനു കഴിയും. അതിലൂടെ ജനങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്നും ഉറപ്പാക്കും.

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്കു സമർപ്പിക്കാം. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി ഇതു മാറും.

സി എം വിത്ത് മി പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്‌ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പൊലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പൊലീസിലെ തന്നെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പരിപാലന ചുമതലയും വഹിക്കും എന്നതിൽ നിന്നുതന്നെ സർക്കാർ ഇതിനു നൽകുന്ന പ്രാധാന്യം വ്യക്തമാകുമല്ലോ. എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും. എവിടെ നിന്നും ഏതു വിവരവും ശേഖരിക്കാൻ വേണ്ട നെറ്റ്‌വർക്കുണ്ടാകുമെന്നു ചുരുക്കം.

കോൾ സെന്ററിന് രണ്ട് ലെയർ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും. പരാതികൾ ക്ഷമയോടെ കേട്ട് രേഖപ്പെടുത്തുന്നവരുണ്ടാകും.

രണ്ടാം ലെയർ, വകുപ്പുതല പരിഹാരത്തിന്റേതാണ്. കൂടുതൽ പരാതികൾ ഉണ്ടാവാറുള്ളത് തദ്ദേശ സ്വയംഭരണം, റവന്യൂ, ആഭ്യന്തരം, സഹകരണം എന്നീ വകുപ്പുകളിൽ നിന്നുള്ളവ ആയതുകൊണ്ട് ഇവയിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും. ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തും. അവിടെ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.

സംസ്ഥാനത്തിന്റെ പുരോഗതി സാമ്പത്തിക വളർച്ചയുടെ സ്റ്റാറ്റിസ്റ്റിക്‌സ് കൊണ്ടുമാത്രമല്ല, ജനജീവിതത്തിന്റെ യാഥാർത്ഥ്യം കൊണ്ടുകൂടിയാണ് അളക്കേണ്ടത്. പലപ്പോഴും അളക്കപ്പെടാതെ പോകുന്നത് ഈ രണ്ടാമത്തെ കാര്യമാണ്. നവകേരള സദസ്സുമായി കേരളത്തിലാകെ സഞ്ചരിച്ചപ്പോൾത്തന്നെ ഇതേക്കുറിച്ച് മന്ത്രിസഭയ്ക്ക് തോന്നലുണ്ടായതാണ്. ആ തോന്നലുകളെ ശക്തിപ്പെടുത്തുന്ന പല കാര്യങ്ങളും പിന്നീടുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ടു പറയാം എന്ന നിലയ്ക്കുള്ള ഒരു സംവിധാനം ഏർപ്പെടുത്താം എന്നു നിശ്ചയിച്ചത്.

ഇതിനൊപ്പമോ ഇതിലേറെയോ പ്രാധാന്യമുള്ളതാണ് നവകേരള നിർമ്മാണത്തിന്റെ പശ്ചാത്തലം. കേരളം വളർച്ചയിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തുണ്ടായ വികസനത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കഴിഞ്ഞ 9 വർഷങ്ങളായി നവകേരള നിർമ്മാണ പദ്ധതികൾ മുമ്പോട്ടുപോവുകയാണ്. വിജ്ഞാന സമ്പദ്ഘടനയുടെ അടിത്തറയിലുള്ള ഒരു പുതിയ കേരളം നാം പടുത്തുയർത്തുകയാണ്. എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യ പരിരക്ഷ, എല്ലാ കുടുംബങ്ങൾക്കും വീട്, എല്ലാവർക്കും തൊഴിലും ജീവിതസൗകര്യവും എന്നിവ ഉറപ്പാക്കുന്ന ഒരു പുതുകേരളം. മതനിരപേക്ഷതയുടെ തെളിഞ്ഞ അന്തരീക്ഷത്തിൽ രൂപപ്പെട്ടുവരുന്ന പുതുകേരളം.

അടിസ്ഥാന ജീവിത സൗകര്യങ്ങളും സുസ്ഥിര വികസനവും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസ വ്യവസ്ഥയും ഉറപ്പാക്കിയതിന്റെ അടിത്തറയിൽ നിന്ന് നാം പുതിയ കാലത്തിലേക്ക് ഉയർന്നെത്തുകയാണ്. നമ്മുടെ സംസ്ഥാനം സമഗ്ര പുരോഗതിയിലേക്കു നീങ്ങുകയാണ്.

അടിസ്ഥാന സൗകര്യ വികസനം സുസ്ഥിര വികസനത്തിന്റെ നട്ടെല്ലാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട് കിഫ്ബി വഴി നടപ്പാക്കിയ കാര്യങ്ങൾ ആർക്കും നേരിൽക്കാണാവുന്നതാണ്. ആർദ്രം മിഷൻ, വിദ്യാകിരണം, ഹരിതകേരളം, ലൈഫ് എന്നിവയുണ്ടാക്കിയ മാറ്റവും കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി.

വീടില്ലാത്ത കുടുംബങ്ങൾക്കെല്ലാം വീട് ലഭിക്കുന്ന നിലയുണ്ടാകുന്നു. ഭൂരഹിതർക്കു ഭൂമി ലഭിക്കുന്നു. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നു. വ്യാപകമായി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തെ മികച്ച സാമുദായിക സൗഹാർദ്ദവും സമാധാനവും ഉള്ള നാടായി കേരളം മാറിയിരിക്കുന്നു. ഇനി വേണ്ടത് നവകേരള നിർമ്മിതിയാണ്. നവകേരള നിർമ്മിതി എന്നാൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള ജനതയായി കേരളജനതയെ ഉയർത്തുക എന്നതാണ്.

ആ നവകേരള നിർമ്മിതി പൂർണ്ണമാവുക ജനങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലും എല്ലാ പ്രദേശങ്ങളിലും എത്തേണ്ടതുണ്ട്, ജീവിത വ്യവസ്ഥയിൽ പ്രതിഫലിക്കേണ്ടതുണ്ട്. അതിന് എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് ജനങ്ങൾക്ക് അഭിപ്രായമുണ്ടാകും. പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടാവും. അതൊക്കെ സർക്കാരിനു വിലപ്പെട്ടതാണ്. ജനാഭിപ്രായമറിഞ്ഞും പോരായ്മകൾ പരിഹരിച്ചും മാത്രമേ വികസനത്തിലേക്ക് എത്താൻ കഴിയൂ. ഭരണകർത്താക്കൾക്കും ജനങ്ങൾക്കും തമ്മിൽ അകലമില്ലാത്ത ഒരു ആശയവിനിമയ സംവിധാനമുണ്ടാകണം. ആ ഒരു കാഴ്ചപ്പാടാണ് ‘സി എം വിത്ത് മി’ എന്ന പരിപാടിയുടെ പിന്നിലുള്ളത്.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ തുടർച്ചയായി ഈ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കുക എന്നത്. അശരണർക്കും ആലംബഹീനർക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. സർക്കാരിന്റെ ആ തീരുമാനത്തിൽത്തന്നെ വരുന്ന അഞ്ച് കൊല്ലങ്ങളിൽ സർക്കാരിന്റെ പ്രവർത്തനദിശ എങ്ങോട്ടായിരിക്കുമെന്ന് ദൃശ്യമായിരുന്നു. കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനാധിപത്യത്തിന്റെ യഥാർത്ഥ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സർക്കാരായിരിക്കും ഇതെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. അതിന്റെയെല്ലാം തുടർച്ചയാണ് സി എം വിത്ത് മി കോൾ സെന്ററും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three − 1 =

Most Popular