Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിപാർട്ടി സംഘടനയെ 
പുനരുജ്ജീവിപ്പിക്കാനുള്ള 
ആഹ്വാനം

പാർട്ടി സംഘടനയെ 
പുനരുജ്ജീവിപ്പിക്കാനുള്ള 
ആഹ്വാനം

ബി വി രാഘവുലു

ആമുഖം
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസിസ്റ്റിന്റെ ഇരുപത്തിനാലാം കോൺഗ്രസ് ഏപ്രിൽ ഒന്നുമുതൽ ആറുവരെയുള്ള തീയതികളിലായി മധുരയിൽ വച്ച് നടന്നു. വിപുലമായ ചർച്ചകൾക്കു ശേഷം കോൺഗ്രസ് പ്രധാനപ്പെട്ട മൂന്ന് രേഖകൾ അംഗീകരിച്ചു: രാഷ്ട്രീയ അവലോകന റിപ്പോർട്ട്, രാഷ്ട്രീയ പ്രമേയം, സംഘടനയെ സംബന്ധിച്ച റിപ്പോർട്ട് എന്നിവയാണവ.

അവലോകന റിപ്പോർട്ടും അംഗീകരിക്കപ്പെട്ട രാഷ്ട്രീയ അടവുനയവും കണക്കിലെടുത്തുകൊണ്ട്, സംഘടനാപരമായ വീഴ്ചകളെ കണ്ടെത്തുന്നതിനും തിരുത്തുന്നതിനും വേണ്ടി സ്വയംവിമർശനാത്മകവും ആഴത്തിലുള്ളതുമായ അവലോകനം നടത്തുന്നതിലാണ് സംഘടനയെ സംബന്ധിച്ച റിപ്പോർട്ട് (Report on Organisation) കേന്ദ്രീകരിച്ചത്. പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനത്തെ സംഘടനാ റിപ്പോർട്ട് ചിട്ടയോടെ വിലയിരുത്തുകയും തീരുമാനങ്ങളുടെ നടപ്പാക്കലിനെ സംബന്ധിച്ച് പരിശോധിക്കുകയും പാർട്ടി സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന് മൂർത്തമായ നടപടികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. വർഗസമരങ്ങൾ നയിക്കുവാനും ഹിന്ദുത്വ– നവലിബറൽ ശക്തികളെ ഫലപ്രദമായി വെല്ലുവിളിക്കുവാനും കഴിയുന്ന ഒരു വിപ്ലവശക്തിയെന്ന നിലയിൽ പാർട്ടിയെ പുനഃക്രമീകരിക്കുകയാണ് ലക്ഷ്യം.

സമഗ്രമായ ഈ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തി, രാഷ്ട്രീയ അടവുനയത്തിൽ പറഞ്ഞിട്ടുള്ള ഉത്തരവാദിത്തങ്ങൾക്കനുസൃതമായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള കടമകളും നിർദേശങ്ങളും ഈ റിപ്പോർട്ട് അടിവരയിട്ടു പറയുന്നു. നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സംഘടനാ കടമകളിൽ, 5 എണ്ണത്തിന് നിർണായകമായതെന്ന നിലയിൽ മുൻഗണന നൽകിയിട്ടുണ്ട്. ഇരുപത്തിനാലാം കോൺഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഈ കടമകളുടെ വിജയകരമായ നടപ്പാക്കൽ, പാർട്ടിയുടെ ശേഷിയിൽ മൂല്യവത്തായ പുരോഗതിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഘടനാ സംവിധാനത്തെ ചിട്ടപ്പെടുത്തൽ
പാർട്ടി കോൺഗ്രസിന്റെ നിർദേശങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിനുള്ള ശേഷി ഉറപ്പാക്കുന്നതിന് എല്ലാ തലങ്ങളിലുമുള്ള പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ചിട്ടപ്പെടുത്തണം. വർഗ ബഹുജന സമരങ്ങളും അതുപോലെ തന്നെ ഭിന്നസ്വഭാവമുള്ള എല്ലാ വിധ ആശയങ്ങൾക്കുമെതിരായ, പ്രത്യേകിച്ചും ഹിന്ദുത്വത്തിന്റെ വർഗീയ പ്രത്യയശാസ്ത്രത്തിനെതിരായ, പ്രത്യയശാസ്ത്രപരമായ പോരാട്ടവും ആരംഭിക്കുന്നതിനും നയിക്കുന്നതിനും ഈ സംഘടനാ സംവിധാനങ്ങളെ സജ്ജമാക്കുകയും വേണം. ഈ സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ പാർട്ടിക്ക് അതിന്റെ തനതായ കരുത്ത് ഉൗട്ടിയുറപ്പിക്കുവാനും വ്യാപിപ്പിക്കുവാനും സാധിക്കുകയുള്ളൂ.

ബ്രാഞ്ച് തലംമുതൽ പൊളിറ്റ് ബ്യൂറോ വരെയുള്ള പാർട്ടി ഘടകങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്തിയതിനുശേഷം സംഘടനയെ സംബന്ധിച്ച റിപ്പോർട്ട്, വിവിധ ഘടകങ്ങളുടെ മൂല്യവത്തായ സംഭാവനകൾ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും, അവയുടെ പ്രവർത്തനത്തിലുണ്ടായ നിരവധി ഗുരുതരമായ വീഴ്ചകൾ റിപ്പോർട്ട് വിമർശനാത്മകമായി എടുത്തുപറയുകയും ചെയ്തു; പാർട്ടിയുടെ വളരുവാനുള്ള ശേഷിക്കുതന്നെ ഈ വീഴ്ചകൾ തടയിടുകയുണ്ടായി. ഈ പോരായ്മകളെ നേരിടുന്നതിനും പാർട്ടി സംഘടനയുടെ മൊത്തത്തിലുള്ള കാര്യക്ഷമതയെ ശക്തിപ്പെടുത്തുന്നതിനും റിപ്പോർട്ട് സവിശേഷമായ തിരുത്തൽ നടപടികൾ മുന്നോട്ടുവച്ചു.

മെമ്പർഷിപ്പിന്റെ ഗുണനിലവാരം വർധിപ്പിക്കുക
അങ്ങേയറ്റം ശരിയായ രാഷ്ട്രീയ നയവും അങ്ങേയറ്റം പ്രായോഗികവും സാക്ഷാത്കരിക്കാനാകുന്നതുമായ കടമകളും ഉണ്ടായിരുന്നാൽപോലും പാർട്ടി മെമ്പർമാരുടെ സജീവമായ ഇടപെടലില്ലാതെ അവ വിജയം കാണുകയില്ല. തൃണമൂല തലത്തിൽ പാർട്ടിയും ജനങ്ങളും തമ്മിലുള്ള നിർണായക കണ്ണിയെന്ന നിലയ്ക്ക് പാർട്ടി മെമ്പർമാരുടെ പങ്ക് തികച്ചും അനുപേക്ഷണീയമായ ഒന്നാണ്. അതുകൊണ്ടാണ് പാർട്ടി അതിലെ അംഗങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഗുണനിലവാരം വർധിപ്പിക്കുന്നതിന് അങ്ങേയറ്റം പ്രാധാന്യം നൽകുന്നത്.

2024ലെ മെമ്പർഷിപ്പിന്മേൽ നടത്തിയ പഠനം വെളിപ്പെടുത്തിയത് നിരവധി ആശങ്കകളാണ്. മൊത്തം മെമ്പർഷിപ്പിൽ 33252 എണ്ണത്തിന്റെ വർധനവുണ്ടായി; ഈയുണ്ടായ മുന്നേറ്റത്തിന്റെ ഭൂരിഭാഗവും കേരളത്തിൽനിന്നും ഉണ്ടായിട്ടുള്ളതാണ്. എന്നിരുന്നാലും, കാൻഡിഡേറ്റ് മെമ്പർമാർക്കിടയിലുണ്ടായ കൊഴിഞ്ഞുപോക്കിന്റെ ഉയർന്ന നിരക്ക് ഗുരുതരമായൊരു പ്രശ്നമായി തുടരുന്നു; തെലങ്കാനയിൽ ഈ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് 35.5 ശതമാനവും കേരളത്തിൽ 22.8 ശതമാനവുമാണ്. ഏതാണ്ട് 35 ശതമാനം അംഗങ്ങൾ മാത്രമാണ് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത്; ഗണ്യമായൊരു വിഭാഗം അംഗങ്ങൾ അവരുടെ ലെവി മുഴുവനായും അടയ്ക്കുന്നുപോലുമില്ല. കൂടാതെ, മൊത്തം മെമ്പർഷിപ്പിന്റെ 50 ശതമാനത്തിലേക്കു മാത്രമേ രാഷ്ട്രീയ പഠനക്ലാസുകൾ എത്തുന്നുള്ളൂ; രാഷ്ട്രീയ വിദ്യാഭ്യാസത്തിലും സംഘടനാപരമായ ദൃഢീകരണത്തിലും കൂടുതൽ വലിയ പരിശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ പ്രവണതകൾ വിരൽചൂണ്ടുന്നത്, ചില പ്രദേശങ്ങളിൽ നടന്നുവരുന്ന അയഞ്ഞ റിക്രൂട്ട്മെന്റ് നടപടികളിലേക്കും പരിമിതമായ പ്രാരംഭപ്രവർത്തനങ്ങളിലേക്കുമാണ്. പുതിയ മെമ്പർമാരിൽ ഗണ്യമായൊരു വിഭാഗം പ്രവർത്തനോന്മുഖമായ അനുഭാവി ഗ്രൂപ്പുകൾ വഴി റിക്രൂട്ടു ചെയ്യപ്പെടുന്നവരല്ല. വർഗ ബഹുജന സംഘടനകളിൽനിന്നുള്ള സജീവവും സമരോത്സുകരുമായ അനുഭാവികളാൽ രൂപപ്പെടുത്തപ്പെട്ടിട്ടുള്ള ഈ ഗ്രൂപ്പുകൾ, വ്യക്തികളെ കാൻഡിഡേറ്റ് മെമ്പർഷിപ്പിനു തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടതാണ്.

ഒരു വർഷം നീണ്ട കാൻഡിഡേറ്റ് മെമ്പർഷിപ്പ് കാലയളവ് സഖാക്കളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും പരിശീലിപ്പിക്കുന്നതിന് നിർണായകമാണ്. അവരുടെ രാഷ്ട്രീയബോധം ഉയർത്തുന്നതിനും പാർട്ടി ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിന് അവരെ സജ്ജരാക്കുന്നതിനും വേണ്ടിയുള്ളതാണ് അത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കലിന്റെ കാര്യത്തിൽ അഞ്ചിന മാനദണ്ഡം നടപ്പാക്കുന്നതിന് കൊൽക്കത്ത പ്ലീനം ആഹ്വാനം ചെയ്തിട്ടുള്ളതാണ്. ഇതുവരെയായിട്ടും ഇത് ഭാഗികമായി മാത്രമേ നടപ്പാക്കപ്പെട്ടിട്ടുള്ളൂ.

അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നത് മെമ്പർഷിപ്പ് പുതുക്കലിന്റെ സമയത്തു മാത്രം നടത്തേണ്ട ഒരഭ്യാസമല്ല. രാഷ്ട്രീയ വിദ്യാഭ്യാസവും സംഘടനാപരമായ പരിശീലനവും പാർട്ടി പ്രവർത്തനത്തിലെ സ്ഥിരമായ പങ്കാളിത്തവും ഉൾച്ചേരുന്ന തുടർച്ചയായൊരു പ്രക്രിയയാണത്. ഈ ഉത്തരവാദിത്തം പൂർണമായും സംസ്ഥാന– ജില്ലാ കമ്മിറ്റികളിൽ നിക്ഷിപ്തമാണ്. അഞ്ചിന മാനദണ്ഡത്തിന്റെ ഫലപ്രദമായ നടപ്പാക്കൽ അവർ ഉറപ്പുവരുത്തേണ്ടതുണ്ട്, പ്രത്യേകിച്ചും 2026ലെ മെമ്പർഷിപ്പ് പുതുക്കലിന്റെ സമയത്ത്.

രാഷ്ട്രീയ വിദ്യാഭ്യാസം മാത്രം മതിയാവില്ലായെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. ജനങ്ങളുടെ ദെെനംദിന ആശങ്കകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പോരാട്ടങ്ങളിലും അംഗങ്ങൾ സ്ഥിരമായി ഇടപെടണം. ഇപ്പോഴും, ഒട്ടേറെ സംസ്ഥാനങ്ങളിൽ, പാർട്ടി മെമ്പർമാർ ഏതെങ്കിലും ബഹുജന സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നവരല്ല. ഗുണനിലവാരമുള്ള അംഗങ്ങളെ റിക്രൂട്ടുചെയ്യുന്നതിനും അവരുടെ പ്രവർത്തനവും കാര്യക്ഷമതയും നിലനിർത്തുന്നതിനും തുടർച്ചയായതും ഉശിരനുമായ ബഹുജന മുന്നേറ്റങ്ങൾ അനിവാര്യമാണ്.

സാമൂഹികഘടന
പാർട്ടി മെമ്പർഷിപ്പിലെ സ്ത്രീ പ്രാതിനിധ്യത്തിൽ മിതമായൊരു പുരോഗതിയാണ്– അതായത് 2021ൽ 18.2 ശതമാനമായിരുന്നതിൽനിന്നും 2024ൽ 20.2 ശതമാനമായി വർധിക്കുകയാണ് – ഉണ്ടായിട്ടുള്ളത്. പാർട്ടി നിശ്ചയിച്ചിട്ടുള്ള 25 ശതമാനം ടാർഗറ്റിനുതാഴെയാണ് ഇത് നിൽക്കുന്നത്. അതിനെക്കാളുപരി, വനിതാസംവരണത്തിനുവേണ്ടി പാർടി ഭരണഘടനാവ്യവസ്ഥ അംഗീകരിക്കപ്പെട്ടിട്ടും, പാർട്ടി കമ്മിറ്റികളിലെ സ്ത്രീ പ്രാതിനിധ്യത്തിലുണ്ടായിട്ടുള്ള വർധനവ് അസമമായി തുടരുന്നു. കേരളമൊഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലും യുവജന മെമ്പർഷിപ്പ് ഇടിഞ്ഞിരിക്കുന്നു; കേരളത്തിൽ ശ്രദ്ധേയമായ വർധനവാണ് യുവജന മെമ്പർഷിപ്പിൽ ഉണ്ടായിരിക്കുന്നത് –23.79 ശതമാനത്തിൽനിന്നും 29.8 ശതമാനമായാണ് വർധിച്ചത്. ചെറുപ്പക്കാരെ ആകർഷിക്കുന്നതിനുള്ള പാർട്ടിയുടെ ശേഷിയില്ലായ്മ, അടിയന്തരവും കേന്ദ്രീകരിച്ചുള്ളതുമായ ഇടപെടൽ ആവശ്യമായിട്ടുള്ള ഗൗരവമേറിയ വിഷയമായി തുടരുന്നു. പാർട്ടി മെമ്പർഷിപ്പിന്റെ വർഗപരവും സാമൂഹികവുമായ ഘടന ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കെത്തന്നെ, കർഷകത്തൊഴിലാളികളുടെയും ദരിദ്രകർഷകരുടെയും പ്രാതിനിധ്യം ഗണ്യമായി ഉയർത്തേണ്ടതിന്റെ ആവശ്യകത മൊത്തത്തിൽ നിലനിൽക്കുന്നുമുണ്ട്.

ബ്രാഞ്ചുകളുടെ പ്രവർത്തനം
പാർട്ടി മെമ്പർഷിപ്പിന്റെ ഗുണനിലവാരം, പാർട്ടി ബ്രാഞ്ചുകളുടെ നിരന്തരവും ചിട്ടയോടുകൂടിയതും സജീവവുമായ പ്രവർത്തനവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. സംഘടനയെ സംബന്ധിച്ച കൊൽക്കത്ത പ്ലീനം റിപ്പോർട്ട് ബ്രാഞ്ചുകളുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഇപ്രകാരം വളരെ വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്.

‘‘ബ്രാഞ്ച്, അത് സ്ഥിതിചെയ്യുന്ന പ്രദേശത്തോ, പ്രവർത്തന മണ്ഡലത്തിനകത്തോ ഉള്ള തൊഴിലാളികളും കർഷകരും മറ്റ് ജനവിഭാഗങ്ങളുമടങ്ങുന്ന ബഹുജനങ്ങളുമായുള്ള സജീവ കണ്ണിയാണ്; അത് പാർട്ടിയുടെ അടിസ്ഥാന ഘടകവുമാണ്. വ്യത്യസ്ത വർഗ ബഹുജന മുന്നണികളിലേക്കും പ്രദേശങ്ങളിലേക്കും പാർട്ടി അംഗങ്ങളെ വിന്യസിക്കുക, ബഹുജനങ്ങളുടെ പ്രാദേശികവും അടിയന്തരവുമായ വിഷയങ്ങൾ ഏറ്റെടുക്കുക, പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുക, വിവിധ വർഗങ്ങളെയും ജനവിഭാഗങ്ങളെയും അണിനിരത്തുന്നതിന് രാഷ്ട്രീയ കാമ്പയ്നുകൾ നടത്തുക എന്നിവയെല്ലാം പാർട്ടി ബ്രാഞ്ചിന്റെ ഉത്തരവാദിത്തമാണ്. ബഹുജന സമരങ്ങളിലും രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കുന്ന ഉശിരരെ ചേർത്തുകൊണ്ട് പാർട്ടി ബ്രാഞ്ചുകൾ അനുഭാവി ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്യണം.’’

പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പാർട്ടിക്ക് മൊത്തം 81,513 ബ്രാഞ്ചുകളുണ്ട്. ചില സംസ്ഥാന കമ്മിറ്റികൾ ബ്രാഞ്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, മൊത്തം സാഹചര്യം അതൃപ്തികരമായി തുടരുകയാണ്. വലിയൊരു വിഭാഗം പാർട്ടി ബ്രാഞ്ചുകൾ കൃത്യമായി യോഗം ചേരുന്നില്ല; പാർട്ടി മാനദണ്ഡമനുസരിച്ച് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്.

കൃത്യമായി യോഗം ചേരാത്തതിന്റെ പോരായ്മ, അംഗങ്ങളെ അണിനിരത്താനും ഏൽപ്പിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ബ്രാഞ്ചിന്റെ ശേഷിയെ ദുർബലമാക്കും. പ്രവർത്തനക്ഷമമല്ലാത്തതോ ഭാഗികമായി മാത്രം പ്രവർത്തനക്ഷമമായതോ ആയ ബ്രാഞ്ചുകൾക്ക്, ബഹുജനങ്ങളുമായി ബന്ധം പുലർത്തുകയോ രാഷ്ട്രീയമായി അണിനിരത്തുകയോ ചെയ്യുന്ന ഫലപ്രദമായ ഉപകരണങ്ങളായി മാറാൻ കഴിയില്ല.

എന്തായാലും, ഈ പ്രശ്നം തരണം ചെയ്യാൻ കഴിയാത്ത ഒന്നല്ല. ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നുള്ളത് ലോക്കൽ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും മുഖ്യ ഉത്തരവാദിത്തമായി അംഗീകരിക്കപ്പെടണം. ഇടത്തട്ട് കമ്മിറ്റികളിലെ കേഡർമാരെയും കമ്മിറ്റിയംഗങ്ങളെയും പ്രത്യേക ബ്രാഞ്ചുകളുടെ ഉത്തരവാദിത്തമേൽപ്പിക്കുകയും ബ്രാഞ്ചുകളുടെ പ്രവർത്തനത്തിൽ സജീവമായ പിന്തുണ അവർ നൽകുകയും ചെയ്യുകയാണെങ്കിൽ– പ്രതേ-്യകിച്ചും ബ്രാഞ്ച് സെക്രട്ടറിമാർക്കുവേണ്ട മാർഗനിർദേശവും പരിശീലനവും നൽകുക– ബ്രാഞ്ചുകളുടെ പ്രവർത്തനത്തെ ചുരുങ്ങിയ കാലംകൊണ്ട് നമുക്ക് പുനരുജ്ജീവിപ്പിക്കാനാകും.

ഈ നിരീക്ഷണം കൊൽക്കത്ത പ്ലീനത്തിൽ അടിവരയിട്ടു പറയുന്നുണ്ട്:
‘‘പാർട്ടിയുടെ പ്രാഥമിക ഘടകം ജനങ്ങളുമായി സജീവമായ ബന്ധം പുലർത്തുന്നുണ്ടെന്നും പാർട്ടിയുടെ രാഷ്ട്രീയ സംഘടനാഘടകമെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും എങ്ങനെ ഉറപ്പാക്കാമെന്നതാണ് പ്രധാന പ്രശ്നം. ബ്രാഞ്ച് സെക്രട്ടറിക്ക് നിർവഹിക്കാൻ നിർണായകമായ കടമകളുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാർക്ക് പരിശീലനം നൽകുകയും അവരെ സജ്ജരാക്കുകയും ചെയ്യുകയെന്നത് മുൻഗണനാ പ്രാധാന്യമുള്ള ഒരു കടമയായി മാറണം. ഇടത്തട്ട് കമ്മിറ്റികളും അതിലെ അംഗങ്ങളും ബ്രാഞ്ചുകളെ പ്രവർത്തനക്ഷമമാക്കുന്നതിന് രാഷ്ട്രീയമായും സംഘടനാപരമായും ശേഷിയുള്ളവരായിരിക്കണം. ഈ ലക്ഷ്യം സാധ്യമാക്കുന്നതിന് ജില്ലാ കമ്മിറ്റികളും ഇടത്തട്ട് കമ്മിറ്റികളും ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കണം.’’

ഈ ലക്ഷ്യത്തിനുവേണ്ടി, ബ്രാഞ്ച് സെക്രട്ടറിമാർക്ക് ആവശ്യമായിട്ടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രാവീണ്യം നൽകിക്കൊണ്ട് അവരെ സജ്ജരാക്കുന്നതിനും മേൽകമ്മിറ്റികളുമായി സ്ഥിരമായ ആശയവിനിമയം ഉറപ്പുവരുത്തുന്നതിനും വേണ്ടി ശിൽപ്പശാലകൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഘടനാ റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.

ബ്രാഞ്ചുകളെ പ്രവർത്തനക്ഷമമാക്കുകയെന്നത് നിർണായമാകുന്നത് സംഘടനയുടെ ഉൾക്കരുത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറിച്ച് നിരന്തരമായ തൃണമൂലതല ഇടപെടലിലൂടെ പ്രാദേശികമായ വിഷയങ്ങളെ കണ്ടെത്തുന്നതിനും അതിനെ അഭിസംബോധന ചെയ്യുന്നതിനും വേണ്ടി കൂടിയാണ്. ബ്രാഞ്ചുകൾ മാസാമാസം യോഗം ചേരുന്നുവെന്ന് ഉറപ്പാക്കുകയെന്നത് സംഘടനാപരമായി മുൻഗണനയുള്ള ഒരു മുഖ്യകമടമയായി കാണണം. ഈ കടമയുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റികളും ഇടത്തട്ട് കമ്മിറ്റികളും പരിപൂർണമായ ഉത്തരവാദിത്തമേറ്റെടുക്കണം; അവ നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് കർക്കശമായി നിരീക്ഷിച്ച് റിപ്പോർട്ടു ചെയ്യുകയും തുടർ നടപടികൾ ഉറപ്പാക്കുകയും ചെയ്യണം.

കമ്മിറ്റികൾ
പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ബ്രാഞ്ചുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിലും പാർട്ടി കടമകൾ തൃണമൂല തലത്തിൽ നിർവഹിക്കുന്നതിലും ലോക്കൽ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും കാര്യക്ഷമത പരമപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. ഉന്നതതലത്തിൽ തീരുമാനങ്ങളും താഴേതലത്തിൽ അവയുടെ പ്രായോഗികമായ നടപ്പാക്കലും തമ്മിലുള്ള അനിവാര്യമായ കണ്ണി രൂപപ്പെടുത്തുന്നത് ഈ കമ്മിറ്റികളാണ്.

നിലവിൽ, പാർട്ടിക്ക് 22 സംസ്ഥാന കമ്മിറ്റികളും 4 സംസ്ഥാന സംഘടനാ കമ്മിറ്റികളുമുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽനിന്നുള്ള ഡാറ്റ അനുസരിച്ച്, 204 ജില്ലാ കമ്മിറ്റികളും 76 ജില്ലാ സംഘടനാ കമ്മിറ്റികളും 1260 ഏരിയാ കമ്മിറ്റികളും 3180 ലോക്കൽ കമ്മിറ്റികളുമുണ്ട്. ഈ ലോക്കൽ കമ്മിറ്റികളിൽ അധികവും, അതായത് 2444 ലോക്കൽ കമ്മിറ്റികളും കേരളത്തിലാണ്.

സംസ്ഥാന സമ്മേളനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഒട്ടേറെ ലോക്കൽ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വന്തം കാലിൽനിന്ന് പ്രവർത്തിക്കുവാൻ കഷ്ടപ്പെടുകയാണ്, പലപ്പോഴും അവ സംസ്ഥാന നേതൃത്വത്തെ ആശ്രയിച്ചുനിൽക്കുകയാണ് എന്നാണ്.

തനത് പ്രവർത്തനങ്ങളുടെ അഭാവം ഗൗരവമായ സംഘടനാ ദൗർബല്യമായി മാറിയിരിക്കുന്നു. പ്രാദേശികമായ യാഥാർഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ നടപടികൾ കെെക്കൊള്ളുന്നതിനുപകരം ഒട്ടനവധി കമ്മിറ്റികളും മുകളിൽനിന്നുള്ള നിർദേശത്തിനുവേണ്ടി കാത്തിരിക്കുന്നു. സർവോപരി, കീഴ്-ഘടകങ്ങളിലെ കമ്മിറ്റികളെ, ഏൽപ്പിച്ചിട്ടുള്ള കടമകൾ കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടോ എന്നുറപ്പുവരുത്തുന്ന കാര്യത്തിൽ ചുമതലയുള്ള സംസ്ഥാന കമ്മിറ്റികൾ പലപ്പോഴും പരാജയപ്പെടുന്നു; ഇത് നിഷ്ക്രിയത്വത്തിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു.

അതിനാൽ, ലോക്കൽ കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുകയെന്നത്, സംസ്ഥാന കമ്മിറ്റികളെ സംബന്ധിച്ചിടത്തോളം, അടിയന്തരമായ, മുൻഗണനാ പ്രാധാന്യത്തോടെ നടപ്പാക്കേണ്ട കടമയായി മാറിയിരിക്കുകയാണ്. മുഖ്യമായും ചെയ്യേണ്ട ഒരു നടപടി, ജില്ലാ കമ്മിറ്റികളിലെയും ഇടത്തട്ട് കമ്മിറ്റികളിലെയും അംഗങ്ങൾക്ക് അതത് കാലത്ത് ശിൽപ്പശാലകൾ സംഘടിപ്പിക്കുക എന്നതാണ്. ബ്രാഞ്ചുകളെ പ്രവർത്തനക്ഷമമാക്കുക, പാർട്ടി അംഗങ്ങളെ അണിനിരത്തുക, പ്രാദേശിക സാഹചര്യങ്ങൾ പഠിക്കുക, പ്രാദേശിക സമരങ്ങൾ സംഘടിപ്പിക്കുക, ബഹുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുക, ബഹുജന സംഘടനകളുടെ തൃണമൂല തല ഘടകങ്ങളെ ശക്തിപ്പെടുത്തുക എന്നീ പ്രവർത്തനങ്ങൾക്കുവേണ്ട പ്രാവീണ്യമുള്ള അംഗങ്ങളാക്കി അവരെ സജ്ജരാക്കുന്നതിൽ ഈ ശിൽപ്പശാലകൾ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയ– പ്രത്യയശാസ്ത്ര പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന്, പ്രത്യേകിച്ചും ഹിന്ദുത്വ വർഗീയതയെ ചെറുക്കുന്നതിന് സവിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട്.

സംസ്ഥാന സമ്മേളന റിപ്പോർട്ടുകൾ കാണിക്കുന്നത്, പല സംസ്ഥാന കമ്മിറ്റികളും സ്വതന്ത്രമായി പ്രവർത്തിക്കുകയും രാഷ്ട്രീയ സംവാദങ്ങൾക്കുള്ള ജനാധിപത്യപരമായ അന്തരീക്ഷം നിലനിർത്തിപ്പോരുകയും ചെയ്യുന്നുണ്ട് എന്നാണ്. എന്നിരുന്നാലും, പ്രാദേശിക തല സമരങ്ങളെ കണ്ടെത്തുന്നതിലും അത് തുടർന്നു മുന്നോട്ടുകൊണ്ടുപോകുന്നതിലുമുള്ള അവയുടെ ശേഷിയില്ലായ്മയിൽ കാണുന്നത് സുപ്രധാനമായൊരു വീഴ്ചയാണ്. പാർട്ടി സംഘടനാപരമായി ദുർബലമായിട്ടുള്ള സംസ്ഥാനങ്ങളിൽ, കീഴ്ഘടകങ്ങളുമായി ബന്ധത്തിലേർപ്പെടുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ സജീവമായ പങ്ക് നിർവഹിക്കണം. ഉദാഹരണത്തിന്, കേരളത്തിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വർഷത്തിൽ കുറഞ്ഞത് ഒരു ബ്രാഞ്ച് യോഗത്തിലെങ്കിലും പങ്കെടുക്കുന്ന സമ്പ്രദായം, ബ്രാഞ്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്.

വ്യക്തിവാദത്തെയും വിഭാഗീയതയെയും ചെറുക്കുന്നതിന് സംസ്ഥാന സെക്രട്ടേറിയറ്റുകളിലും ജില്ലാ സെക്രട്ടേറിയറ്റുകളിലും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. അതുവഴി ഓരോ അംഗത്തിന്റെ പ്രവർത്തനക്ഷമതയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഈ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തിക്കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സെക്രട്ടറിയറ്റുകൾക്കാണ്. അവെയ്ലബിൾ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ദെെനംദിന യോഗങ്ങൾ ചേരുന്നത് പരസ്പരബന്ധവും ഏകോപനവും ശക്തിപ്പെടുത്തുവാൻ സഹായിക്കും. കൂടാതെ, പാർട്ടി സെന്ററുകളുടെയും കമ്മിറ്റികളുടെയും -ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഓരോ സംസ്ഥാന സെക്രട്ടേറിയറ്റും വ്യക്തമായ മാർഗനിർദേശങ്ങൾ ഉറപ്പുവരുത്തണം.

മുഴുവൻസമയ പ്രവർത്തകരും കാഡർമാരും
പാർട്ടിയുടെ കമ്മിറ്റികളും സെക്രട്ടേറിയറ്റുകളും ഫ്രാക്ഷൻ കമ്മിറ്റികളുമെല്ലാം, സാരാംശത്തിൽ, മുഴുവൻ സമയപ്രവർത്തകരുടെ ഒരു സംഘം ഉൾപ്പെടുന്നതാണ്. ഈ മുഴുവൻ സമയ കാഡർമാരുടെ രാഷ്ട്രീയ പ്രതിബദ്ധതയെയും പ്രവർത്തനശേഷിയെയും സമരവീര്യത്തെയും ജനാഭിമുഖ്യത്തെയും മൊത്തത്തിലുള്ള ശേഷിയെയും നേരിട്ട് ആധാരമാക്കിയതായിരിക്കും ഈ സംഘടനാ വേദികളുടെ കാര്യക്ഷമത. മറിച്ചാണ് സംഭവിക്കുന്നതെ ങ്കിൽ, അവരെ നയിക്കുന്നത് വിപ്ലവാശയമായിരിക്കില്ല, അതിലുപരി സ്വന്തം ഉയർച്ചയോടുള്ള താൽപ്പര്യം മാത്രമാവുകയോ അവരുടെ പ്രവർത്തനം നിത്യാനുഷ്ഠാനം പോലെയോ താൽപ്പര്യരാഹിത്യത്തോ
ടുകൂടിയതോ ആകാനുള്ള സാധ്യതയുണ്ട്.

ഇപ്പോൾ, പാർട്ടിയിൽ ഏകദേശം 10,000 മുഴുവൻ സമയപ്രവർത്തകരുണ്ട്– 2015ൽ നടന്ന കൊൽക്കത്ത പ്ലീനത്തിന്റെ കാലത്തുണ്ടായിരുന്ന അത്ര തന്നെ. എന്നിരുന്നാലും 95 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് വെറും 6 സംസ്ഥാനങ്ങളിലായാണ്. ഈ അസന്തുലിതാവസ്ഥ പ്രധാനപ്പെട്ട ഒരു സംഘടനാ പോരായ്മയിലേക്കാണ് വെളിച്ചംവീശുന്നത്. രാജ്യത്തിലെ വിശാലമായ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ, നിലനിൽക്കുന്ന സ്തംഭനാവസ്ഥായെ അതിജീവിക്കുന്നതിന് പാർട്ടിയിലെ മുഴുവൻ സമയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് പുതിയ തലമുറയിലെ യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിക്കാതെ കഴിയില്ല. ഇത് കെെകാര്യം ചെയ്യുന്നതിന് വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിലെ നമ്മുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയപ്രവർത്തനം ശ്രദ്ധേയമായ വിധം ശക്തിപ്പെടുത്തണം.

ഏകോപിതമായ ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നതിന് പാർട്ടി മുഴുവൻ സമയപ്രവർത്തകരുമായി ബന്ധപ്പെട്ട നയത്തെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകിയി]ട്ടുണ്ട്; ഇത് നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന കമ്മിറ്റികൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. ചില സംസ്ഥാനങ്ങളിൽ കുറേയൊക്കെ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നല്ലാതെ അവയുടെ മൊത്തത്തിലുള്ള നിർവഹണം ദുർബലമായി നിലനിൽക്കുകയാണ്. മുഴുവൻ സമയപ്രവർത്തകർക്കുള്ള അലവൻസുകൾ പലപ്പോഴും അപര്യാപ്തമാണ്; സ്ഥിരമായി നൽകാറുമില്ല. അവരെ പിന്തുണയ്ക്കുന്നതിനായി ലക്ഷ്യമിട്ട് സമാഹരിച്ച പ്രത്യേക ഫണ്ട് ചില സംസ്ഥാനങ്ങളിൽ മാത്രമേ നിലവിലുള്ളൂ.

അതീവ ഗുരുതരമായ സംഘടനാ പരാജയത്തെയാണ് ഈ സാഹചര്യം പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ പരമപ്രധാന ആസ്തികളിലൊന്നായി പരിഗണിക്കപ്പെടേണ്ടതിന്, മുഴുവൻ സമയപ്രവർത്തകർക്ക് – പിന്തുണയോ പരിരക്ഷയോ നാം വേണ്ടത്ര നൽകുന്നില്ല. അവരിൽ പലർക്കും കൃത്യമായ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു കൊടുക്കുന്നുപോലുമില്ല. തന്മൂലം പ്രസ്ഥാനത്തിന് അവർ നൽകുന്ന സംഭാവനയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ ബുദ്ധിമുട്ടായിരിക്കുന്നു. കാലാകാലങ്ങളിലുള്ള വിലയിരുത്തലുകൾ, കൃത്യമായ ചുമതലകൾ നിർണയിക്കൽ, അവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം അടിയന്തര പ്രാധാന്യം നൽകി ഏറ്റെടുക്കണം.

നമ്മുടെ കാഡർമാരുടെയും നേതൃത്വത്തിന്റെയും മൊത്തത്തിലുള്ള ഗുണനിലവാരവും സ്വഭാവവും മെച്ചപ്പെടുത്തേണ്ടതും അതേപോലെ തന്നെ അടിയന്തരമായ ആവശ്യമാണ്. പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് അഴിമതി, കരിയറിസം (തൻകാര്യം നോക്കൽ), അന്യവർഗ ജീവിതശെെലി സ്വീകരിക്കൽ എന്നിവ ഉൾപ്പെടെ ചില നിഷേധാത്മക പ്രവണതകൾ ചില കാഡർമാരിൽ പ്രത്യക്ഷപ്പെടുന്നതായാണ്. നിർണായകമായ രാഷ്ട്രീയ നടപടിയിലൂടെയും അച്ചടക്ക നടപടിയിലൂടെയും ഈ പ്രവണതകളെ ശക്തമായി ചെറുത്തുതോൽപ്പിക്കേണ്ടതാണ്.

മുഴുവൻ സമയപ്രവർത്തകർ കേവലം പൂർണ സമയ ഭാരവാഹികൾ മാത്രമല്ല; അവർ പ്രൊഫഷണൽ വിപ്ലവകാരികളുമാണ്. അവരുടെ പങ്ക് പതിവ് പാർട്ടി പ്രവർത്തനത്തിനും ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനത്തിനുമപ്പുറമാണ്. വിപ്ലവപ്രസ്ഥാനത്തിന്റെ സമഗ്രവികാസത്തിന് സംഭാവന നൽകുകയെന്ന ഉത്തരവാദിത്തമാണ് അവരെ ഏൽപ്പിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സമയപ്രവർത്തകർ യൂണിയൻ കാര്യങ്ങളിൽ മാത്രം ഏർപ്പെട്ടിരുന്നാൽ മതിയാവില്ല. അവർ തൊഴിലാളിവർഗ കുടുംബങ്ങളുമായും ബന്ധം സ്ഥാപിക്കണം. സ്ത്രീകളുമായും കുട്ടികളുമായും വിദ്യാർഥികളുമായും ബന്ധംസ്ഥാപിക്കണം; അവർ ജീവിത സാഹചര്യങ്ങളുമായും വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യജീവിതം തുടങ്ങിയ സർവ മേഖലകളിലും ഇടപെടണം.

പാർട്ടി സെന്റർ
നമ്മുടെ രാഷ്ട്രീയ നയം നടപ്പാക്കുന്നതിൽ പാർട്ടി സെന്റർ വഹിച്ച പങ്കിനെക്കുറിച്ച് സത്യസന്ധവും സ്വയം വിമർശനപരവുമായ വിലയിരുത്തൽ രാഷ്ട്രീയ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചതുപോലെ, 23–ാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച കടമകൾ നടപ്പാക്കുന്നതിൽ പാർട്ടി സെന്ററിന്റെ സംഭാവനയെ സംബന്ധിച്ച അനുകൂലവും പ്രതികൂലവുമായ വശങ്ങൾ ഒരേപോലെ വിലയിരുത്തുകയാണ് സംഘടനയെ സംബന്ധിച്ച റിപ്പോർട്ട്.

ഈ കാലഘട്ടത്തിൽ പാർട്ടി സെന്ററും പൊളിറ്റ് ബ്യൂറോയും തികച്ചും ഒത്തുചേർന്നാണ് പ്രവർത്തിച്ചത്. പ്രതിദിനം നടക്കുന്ന അവയ്ലബിൾ പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗങ്ങൾ രാഷ്ട്രീയ സംഭവ വികാസങ്ങളോടും സംഘടനാ കാര്യങ്ങളോടും കൃത്യമായി യഥാസമയം പ്രതികരിക്കാൻ സെന്ററിനെ പ്രാപ്തമാക്കി. തങ്ങളിൽ അർപ്പിതമായ രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തങ്ങളിലേറെയും പൊളിറ്റ് ബ്യൂറോ വിജയകരമായി നടപ്പിലാക്കി.
ആർഎസ്എസിനെ സംബന്ധിച്ച ഒരു റിപ്പോർട്ട് തയ്യാറാക്കിയത്, 30 വിഷയങ്ങളിൽ ടീച്ചിങ് നോട്ടുകൾ വികസിപ്പിച്ചത്, കാഡർമാർക്കുവേണ്ടി സെൻട്രൽ പാർട്ടി സ്കൂളുകൾ നടത്തിയത്, മുഴുവൻ സമയപ്രവർത്തക നയം സംബന്ധിച്ച മാർഗരേഖയുടെ കരട് തയ്യാറാക്കൽ, തെറ്റുതിരുത്തൽ കാംപെയ്ൻ സംഘടിപ്പിക്കൽ, ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുമായുള്ള യോഗങ്ങൾ ചേരൽ, ബാലസംഘം, സോഷ്യൽമീഡിയ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ശിൽപ്പശാലകൾ നടത്തൽ എന്നിവ ഏറ്റെടുത്ത മുഖ്യകടമകളിൽ ഉൾപ്പെടുന്നു. അതിനെല്ലാം പുറമേ, മൂന്നു പ്രധാന ബഹുജന മുന്നണികളുടെ പ്രവർത്തനത്തെക്കുറിച്ച് അവലോകനം നടത്തുകയും ഇടതുപക്ഷ പാർട്ടികളുടെ യോഗങ്ങൾ വീണ്ടും ചേരുകയുമുണ്ടായി. പൊതുതിരഞ്ഞെടുപ്പ് കാലത്തും സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാലത്തും പാർട്ടി ഘടകങ്ങൾക്ക് പിന്തുണയും മാർഗ നിർദേശവും നൽകുകയും ആന്ധ്രാപ്രദേശിലെയും പഞ്ചാബിലെയും തെലങ്കാനയിലെയും ഛത്തീസ്ഗഢിലെയും സംഘടനാപരമായ പ്രത്യേക വെല്ലുവിളികൾ കെെകാര്യം ചെയ്യുകയുമുണ്ടായി.

സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാർട്ടി സെന്റർ ശ്രദ്ധേയമായ പരിശ്രമങ്ങൾ നടത്തുമ്പോൾ തന്നെ അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് പരിഹരിക്കുകപ്പെടേണ്ട നിരവധി പോരായ്മകൾ നിലനിൽക്കുന്നുമുണ്ട്. സെന്ററിലുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ സമ്പൂർണയോഗം സ്ഥിരമായി ചേരാത്തതാണ് ഇപ്പറഞ്ഞതിലൊരു പ്രശ്നം. ഗുരുതരമായ മറ്റൊരു വിഷയം വിവിധ സംസ്ഥാനങ്ങളുടെ ചുമതലക്കാരായ പിബി, സിസി അംഗങ്ങൾ വേണ്ടത്ര മേൽനോട്ടം വഹിക്കാതിരിക്കുന്നതാണ്. സംസ്ഥാന കമ്മിറ്റികൾ പ്രധാന പാർട്ടി കടമകൾ, താഴേത്തട്ടിൽ മൂർത്തരൂപമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ ഈ സഖാക്കൾ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ല. എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തുന്നതിനും മോണിറ്റർ ചെയ്യുന്നതിനും ചിട്ടയായ തുടർ നടപടികളുടെ അഭാവം നിലവിലുണ്ട്. ഇത് പരിഹരിക്കപ്പെടേണ്ടതാണ്.

സർവോപരി, സെക്രട്ടേറിയറ്റിന്റെയും സബ്കമ്മിറ്റികളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതും പാർട്ടി കടമകളുടെ നിർവഹണം കൂടുതൽ മികച്ച നിലയിൽ നടപ്പാക്കുന്നതിന് ഇവയെ നല്ല നിലയിൽ ഏകോപിപ്പിക്കേണ്ടതും ആവശ്യമാണ്. അതിനുപുറമെ, സെൻട്രൽ കമ്മിറ്റി സ്ഥിരമായി യോഗം ചേരുകയും അജൻഡയിലെ ഇനങ്ങൾ സമഗ്രമായി ചർച്ച ചെയ്യുകയും അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സമരങ്ങളെയും കാമ്പെയ്നുകളെയും ബഹുജന മുന്നണികളുടെ പ്രവർത്തനത്തെയും അവലോകനം ചെയ്യുന്നതിന് അഥവാ സംഘടനാ പദ്ധതികളുടെ ശരിയായ നടപ്പാക്കലിനെ സംബന്ധിച്ച് അവലോകം ചെയ്യുന്നതിന് ഈ യോഗങ്ങളുടെ രൂപഘടന തീരെ ചെറിയ സാധ്യതയാണ് നൽകുന്നത്. യോഗങ്ങളെ കൂടുതൽ ഫ-ലപ്രദമാക്കുന്നതിന് അവ നടത്തുന്ന രീതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ നേതൃത്വം കെെക്കൊള്ളണം. പ്രധാന കാര്യം പറയട്ടെ, ഈ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ മാത്രം പരിമിതപ്പെട്ടു നിൽക്കുന്നതല്ല. സംസ്ഥാന കമ്മിറ്റികളുടെയും താഴേത്തട്ടിലുള്ള കമ്മിറ്റികളുടെയും പ്രവർത്തനത്തിൽ സമാനമായ പ്രശ്നങ്ങൾ കാണുന്നുണ്ട്; ഇത് അവയുടെ പ്രവർത്തനത്തിൽ സമഗ്രമായൊരു പുനരുജ്ജീവനം നടത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.

ബഹുജന സംഘടനകളും ഫ്രാക്ഷൻ കമ്മിറ്റികളും
സംഘടനയെ സംബന്ധിച്ച റിപ്പോർട്ട് പ്രധാനപ്പെട്ട മൂന്ന് വശങ്ങൾക്കാണ് ഉൗന്നൽ നൽകിയിട്ടുള്ളത്. ഒന്നാമത്തേത് അടിസ്ഥാന ഘടകങ്ങളെ ശക്തിപ്പെടുത്തുകയാണ്; രണ്ടാമത്തേത്, സമരങ്ങളെ രാഷ്ട്രീയ സ്വാധീനമായി ശാക്തീകരിക്കലാണ്; മൂന്നാമത്തേത്, സബ് കമ്മിറ്റികളുടെയും ഫ്രാക്ഷൻ കമ്മിറ്റികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തലാണ്.

ഈ കാലഘട്ടത്തിൽ നമ്മുടെ ട്രേഡ് യൂണിയനുകളുടെയും കിസാൻ സംഘടനയുടെയും കർഷകത്തൊഴിലാളി സംഘടനയുടെയും അവയ്ക്കൊപ്പം യുവജന –വിദ്യാർഥി മുന്നണികളുടെയും ഒന്നിച്ചുള്ള മെമ്പർഷിപ്പിൽ 64 ലക്ഷത്തിന്റെ വർധനവുണ്ടായിട്ടുണ്ട്– നിലവിലുള്ള അനുകൂലമല്ലാത്ത രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താൽ ഇത് ഗണ്യമായ ഒരു നേട്ടം തന്നെയാണ്. ബിജെപി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ഈ സംഘടനകൾ നടത്തിയ തനത് പ്രക്ഷോഭങ്ങളിലെയും സംയുക്ത പ്രക്ഷോഭങ്ങളിലെയും ശക്തമായ ഇടപെടലുകളെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.

എന്നിരുന്നാലും, തൃണമൂലതലത്തിൽ അടിസ്ഥാന ഘടകങ്ങളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും പ്രധാനപ്പെട്ട ദൗർബല്യങ്ങൾ നിലനിൽക്കുന്നുണ്ട്. പൊതുവിൽ മെമ്പർഷിപ്പ് ടാർഗറ്റുകൾ മുന്നോട്ടുവയ്ക്കുകയും അത് നിറവേറ്റപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പ്രാഥമിക ഘടകങ്ങളുടെ തലത്തിൽ ഈ അംഗങ്ങളെ സംഘടിപ്പിക്കുന്നതിൽ കാര്യമായ കണിശതയൊന്നും പുലർത്താറില്ല. ആഭ്യന്തര ജനാധിപത്യം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക നേതൃത്വത്തെ വളർത്തിക്കൊണ്ടുവരുന്നതിനും പുതിയ പ്രവർത്തകരെ ആകർഷിക്കുന്നതിനും ബഹുജനങ്ങളുമായി ഉറ്റബന്ധം നിലനിർത്തുന്നതിനും പൊതുജനവികാരം മനസ്സിലാക്കുന്നതിനും ഈ അടിസ്ഥാനഘടകങ്ങളെ ശാക്തീകരിക്കുന്നതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. ബഹുജന സംഘടനകളുടെ നേതൃതലത്തിലുള്ള എല്ലാ വേദികളും ഈ കടമയ്ക്ക് മുൻഗണന നൽകേണ്ടതുണ്ട്.

തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും മറ്റു ബഹുജനമുന്നണികളുടെയും സമരങ്ങളിലേക്ക് ആകർഷിക്കപ്പെട്ട ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ കാണുന്ന വീഴ്ചയാണ് നിർണായകമായ മറ്റൊരു പോരായ്മ. ബഹുജന സംഘടനാ സമരങ്ങളുടെ ലക്ഷ്യം ബഹുജനങ്ങളെ അണിനിരത്തുന്നതിനപ്പുറത്തേക്ക് പോകണം– ഈ പരിശ്രമങ്ങൾ ശാശ്വതവും ഈടുറ്റതുമായ രാഷ്ട്രീയ സ്വാധീനമായി മാറ്റുകയും പാർട്ടി കെട്ടിപ്പടുക്കൽ ഊട്ടിയുറപ്പിക്കുകയും വേണം. ബഹുജന സംഘടനാ മെമ്പർമാർക്കിടയിൽ പാർട്ടി സബ് കമ്മിറ്റികളും ഫ്രാക്ഷൻ കമ്മിറ്റികളും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ച് ഗൗരവപൂർണമായ അവലോകനം ഇത് ആവശ്യമാക്കിത്തീർക്കുന്നു.

ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനത്തിന്റെ കാര്യത്തിൽ കേന്ദ്ര –സംസ്ഥാന തലങ്ങളിൽ കുറച്ച് പുരോഗതിയുണ്ടായതായി നിരീക്ഷിക്കപ്പെട്ടുവെങ്കിലും ഇത്തരത്തിൽ ജില്ല പ്രാദേശികതലങ്ങളിൽ മെച്ചപ്പെടൽ ഒന്നുംതന്നെ പൊതുവെ കാണുന്നില്ല.

ബഹുജനസംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനം വളർത്തിക്കൊണ്ടുവരുന്നതിൽ വീഴ്ചയുണ്ടാകുന്നതിന്റെ പ്രാഥമികമായ കാരണം സബ് കമ്മിറ്റികളുടെയും ഫ്രാക്ഷൻ കമ്മിറ്റികളുടെയും സ്ഥിരവും ഫ-ലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധചെലുത്താത്തതാണ്. ബഹുജന സംഘടനകളുടെ വീഴ്ചയല്ല ഇത്; മറിച്ച് പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയാണിത്. സബ്കമ്മിറ്റികളും ഫ്രാക്ഷൻ കമ്മിറ്റികളും സജീവമായും സുസ്ഥിരമായും പ്രവർത്തിച്ചാൽ മാത്രമേ അർഥപൂർണമായ മാറ്റമുണ്ടാക്കാൻ കഴിയൂ. അവയുടെ ഫലപ്രദമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഈ സംഘടനാ വേദികളുടെ ചുമതലക്കാരായവരായിരിക്കണം ബാധ്യസ്ഥരാകേണ്ടത്.

പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച കടമകൾ നിറവേറ്റുകയെന്നത് എല്ലാ തലങ്ങളിലെയും സബ് കമ്മിറ്റികളുടെയും ഫ്രാക്ഷൻ കമ്മിറ്റികളുടെയും മൗലികമായ ചുമതലയാണ്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഈ കമ്മറ്റികൾക്ക് പൊളിറ്റ് ബ്യൂറോയും പാർട്ടിയുടെ മറ്റു നേതൃഘടകങ്ങളും സ്ഥിരമായി മാർഗനിർദേശം നൽകണം. ബഹുജന സംഘടനാ സെന്ററുകളുടേതെന്നതുപോലെ തന്നെ അവയുടെ പ്രവർത്തനവും വർഷംതോറും അവലോകനം ചെയ്യണം.

ഫ്രാക്ഷൻ കമ്മിറ്റികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്, ബഹുജന സംഘടനകൾക്കുള്ളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഫ്രാക്ഷൻ കമ്മിറ്റി അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിലെയെല്ലാം പാർട്ടി കമ്മിറ്റികൾ, സ്ഥിരമായി ശിൽപ്പശാലകൾ സംഘടിപ്പിക്കണം.

അടിയന്തര ശ്രദ്ധ പതിയേണ്ട നിർണായകമേഖലകൾ
പാർട്ടിയുടെ വളർച്ചയും ഫലപ്രദമായ കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിന്, അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുള്ള നമ്മുടെ ഇപ്പോഴത്തെ പ്രവർത്തനത്തിലെ നിർണായകമായ നിരവധി പോരായ്മകളിലേക്ക് സംഘടനയെ സംബന്ധിച്ച റിപ്പോർട്ട് വെളിച്ചംവീശുന്നു. നവലിബറൽ നയങ്ങളും വിവിധ വർഗങ്ങളിൽ അവയുണ്ടാക്കിയ ശക്തമായ സ്വാധീനവും സൃഷ്ടിച്ച സാമൂഹിക–സാമ്പത്തിക പരിവർത്തനങ്ങൾ കണക്കിലെടുത്ത്, പുതിയ ബഹുജന സംഘടനകളും വേദികളുമുണ്ടാക്കുന്നതിന് പാർട്ടി മുൻപുതന്നെ തീരുമാനിച്ചിരുന്നതാണ്. കുട്ടികളുടെ സംഘടനകൾ, ബസ്തി കമ്മിറ്റികൾ, നഗരപ്രദേശങ്ങളിൽ റസിഡൻഷ്യൽ കോളനി സംഘടനകളും അയൽക്കൂട്ട സംഘടനകളും, ഗ്രാമീണതൊഴിലാളികളുടെ ഫെഡറേഷനുകൾ, സാമൂഹ്യസേവന സംഘടനകൾ, പെൻഷൻകാരുടെ അസോസിയേഷനുകൾ എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ പ്രാധാന്യമുള്ളതായിട്ടും എടുത്തുപറയത്തക്ക പുരോഗതിയൊന്നും ഇക്കാര്യത്തിൽ ഉണ്ടാക്കാനായില്ല; ഇപ്പോൾ പാർട്ടി ഈ പ്രവർത്തനം സജീവമാക്കാനും വിപുലപ്പെടുത്താനും ഉൗർജിതമായ നടപടികൾ കെെക്കൊള്ളണം.
പാർട്ടിയുടെ അടിയന്തരവും കേന്ദ്രീകൃതവുമായ ശ്രദ്ധ പതിയേണ്ട ചില നിർണായക മേഖലകളെക്കുറിച്ച് റിപ്പോർട്ട് അടിവരയിടുന്നു.

ഗ്രാമീണ കാർഷികേതര 
തൊഴിലാളികൾ
കാർഷിക മേഖലയ്ക്ക് പുറത്തുള്ള ഗ്രാമീണ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾ ഒരു ദശകത്തിലേറെക്കാലം പിന്നിട്ടിട്ടുപോലും വളരെ കുറച്ച് പുരോഗതിയേ കെെവരിച്ചിട്ടുള്ളൂ; ഗ്രാമീണ കാർഷികേതര തൊഴിലാളികളുടെ തന്ത്രപരമായ പ്രാധാന്യം അംഗീകരിക്കേണ്ടത് അനുപേക്ഷണീയമാണ്. ഗ്രാമീണ രാഷ്ട്രീയ– സാമൂഹ്യ ജീവിതത്തിൽ താരതമേ-്യന സജീവമായവരും സ്വാധീനമുള്ളവരുമാണ് ഈ വിഭാഗങ്ങൾ; അവയിൽ അധികംപേരും സാമ്പത്തികമായും സാമൂഹികമായും ദുർബലമായ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരുമാണ്. അവരെ ഫലപ്രദമായി സംഘടിപ്പിക്കുകയാണെങ്കിൽ, സംയുക്ത സമരങ്ങളിൽ ഗ്രാമീണ ദരിദ്രരെ അണിനിരത്തുന്നതിനുള്ള അടിത്തറയായി മാറുന്നതിന് സാധ്യതയുള്ള വിഭാഗമാണവർ. ഗ്രാമീണമേഖലകളിൽ പ്രാദേശിക വിഷയങ്ങൾ ഏറ്റെടുക്കുന്നതിനെയും വർഗസമരം മുന്നോട്ടുകൊണ്ടുപോകുന്നതിനെയും സംബന്ധിച്ചിടത്തോളം ഇതിന് സവിശേഷമായ പ്രാധാന്യമുണ്ട്.

ഇനിയുള്ള കാലത്ത്, എല്ലാ തലങ്ങളിലെയും പാർട്ടി, ഗ്രാമീണ കാർഷികേതര തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന കടമ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം; പാർട്ടി കമ്മിറ്റികളുടെ അജൻഡയിൽ ഇതിന് മുൻഗണന നൽകണം. കർഷകത്തൊഴിലാളി മുന്നണിയും ഗ്രാമീണ തൊഴിലാളി മുന്നണിയും ട്രേഡ് യൂണിയൻ മുന്നണിയും ഒരുപോലെ ഈ പ്രവർത്തനത്തിൽ സജീവമായി ഏർപ്പെടണം.

നഗരങ്ങളിലെ റസിഡൻഷ്യൽ മേഖലകൾ
നഗരങ്ങളിലെ റസിഡൻഷ്യൽ മേഖലകളും നിർണായകമായ പ്രാധാന്യം കെെവരിച്ചിരിക്കുകയാണ്. വർഗീയശക്തികൾ കൂടുതൽ സജീവവും ജാതി രാഷ്ട്രീയം പരസ്യമായി നടപ്പാക്കപ്പെടുന്നതുമായ പ്രദേശങ്ങൾ ഇവയാണ്. പൊതുസേവനങ്ങളുടെ സ്വകാര്യവൽക്കരണത്തിന്റെ ഭാരം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നതും ക്ഷേമപദ്ധതികൾ നടപ്പാക്കപ്പെടുന്നതും ഇവിടങ്ങളിലാണ്. അതിനും പുറമെ, അസംഘടിതവും അനൗപചാരികവുമായ മേഖലകളിലെ തൊഴിലാളികൾക്ക് താരതമേ-്യന അനായാസം കടക്കാനാവുന്നതും ഈ പ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ നിത്യജീവിതവുമായി നമ്മുടെ പ്രവർത്തനങ്ങളെ ബന്ധിപ്പിക്കാതെ നമ്മുടെ ബഹുജന ലെെൻ (Mass Line) എന്ന സമീപനം നടപ്പാക്കുന്നത് അസാധ്യമാണ്.

നഗരങ്ങളിലെ പാർപ്പിട പ്രദേശങ്ങളിൽ (റസിഡൻഷ്യൽ പ്രദേശങ്ങളിൽ) പ്രവർത്തനം ശക്തമാക്കേണ്ടതിന്റെ ആവശ്യകത നമ്മൾ വളരെക്കാലം മുൻപുതന്നെ അംഗീകരിച്ചതാണെങ്കിലും ഇക്കാര്യത്തിൽ കാര്യമായ പുരോഗതി കെെവരിക്കാനായില്ല. ഈ പോരായ്മ പരിഹരിക്കുന്നതിന്, നഗരങ്ങളിലെ പ്രവർത്തനം സംബന്ധിച്ച പാർട്ടിയുടെ കാഴ്ചപ്പാട് പാർട്ടി കമ്മിറ്റികൾ പൂർണമായും ഉൾക്കൊള്ളണം; ബന്ധപ്പെട്ട മുന്നണികളെ ഏകോപിപ്പിക്കുന്നതിനുള്ള പൂർണമായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. ദളിത് ബസ്തികളിലെയും നഗറുകളിലെയും പ്രവർത്തനത്തിൽ പ്രതേ-്യകം ശ്രദ്ധ ചെലുത്തേണ്ടതാണ്. നഗരങ്ങളിലെ പാർപ്പിട പ്രദേശങ്ങളിലുള്ള നമ്മുടെ സാന്നിധ്യവും ഇടപെടലുകളും ശക്തിപ്പെടുത്താനായി ട്രേഡ് യൂണിയൻ മുന്നണിയുടെയും പ്രാദേശികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മറ്റു ബഹുജന സംഘടനകളുടെയും പരിശ്രമങ്ങളെ സംയോജിപ്പിക്കേണ്ടതാണ്.

ഇടത്തരം വർഗങ്ങൾ
വർധിച്ചുവരുന്ന ഇടത്തരം വർഗത്തിൽപെട്ടവരെ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടി നിരന്തരം ഊന്നിപ്പറയാറുണ്ട്– പ്രത്യേകിച്ചും ഹിന്ദുത്വവർഗീയ ശക്തികൾ തങ്ങളുടെ പ്രത്യയശാസ്ത്രനിരയിലേക്ക് ഈ വിഭാഗത്തെ ആകർഷിക്കുന്നതിൽ കൂടുതൽ വിജയം വരിക്കുന്ന പശ്ചാത്തലത്തിൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഭാഗങ്ങളുമായി പ്രത്യയശാസ്ത്രപരമായി ഇടപെടാൻ നമ്മുടെ പരമ്പരാഗതമായ ട്രേഡ് യൂണിയൻ രീതികൾ അപര്യാപ്തമാണ്. അതുകൊണ്ട്, സാംസ്കാരിക വേദികളിലൂടെയും പൗരവിഭാഗങ്ങളുടെ സംഘടനകളിലൂടെയും അപ്പാർട്ടുമെന്റ് അഥവാ റസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനിലൂടെയും അവരിലേക്ക് എത്തിച്ചേരേണ്ടത് ആവശ്യമാണെന്ന് നാം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നത്തെ ഇടത്തരം വർഗങ്ങൾ, പ്രധാനമായും സേവന മേഖലയിലെ ജീവനക്കാർ ഉൾപ്പെടുന്നതാണ് – വളരെയേറെ വെെവിധ്യവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണിവർ. ഈ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിന്, ഈ മേഖലയുടെ സവിശേഷമായ അവസ്ഥയെയും തൊഴിൽ പരിസരത്തെയും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള, അവരെ ചേർത്തുപിടിക്കുന്ന തന്ത്രങ്ങളാണ് പാർട്ടി സ്വീകരിക്കേണ്ടത്.

ഇതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ടതെങ്കിലും പോസിറ്റീവായ അനുഭവങ്ങൾ ചില സംസ്ഥാനങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്; ഈ പരിശ്രമങ്ങളെ സുസ്ഥിരവും സംസ്ഥാന വ്യാപകവുമായ പ്രസ്ഥാനങ്ങളായി ഉയർത്താനായിട്ടില്ല. ഇടത്തരം വർഗങ്ങൾക്കിടയിൽ ഫലപ്രദവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ഇടപെടലിനുവേണ്ടി പാർട്ടി വ്യക്തമായ ഒരുപദ്ധതി വികസിപ്പിക്കണം.

കുട്ടികൾക്കിടയിലെ പ്രവർത്തനം
ചെറിയ പ്രായത്തിൽ തന്നെ തങ്ങളുടെ പിന്തിരിപ്പൻ പ്രത്യയശാസ്ത്രം കുട്ടികളുടെ മനസ്സിൽ കുത്തിവയ്ക്കുകയെന്ന ലക്ഷ്യത്തോടെ വർഗീയ ശക്തികൾ അവരെ സ്വാധീനിക്കാൻ സജീവമായി പ്രവർത്തിക്കുകയാണ്. കുട്ടികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെപ്പോലും സ്വാധീനിക്കുന്നതിന് ഈ വർഗീയശക്തികൾ സാംസ്കാരിക പ്രവർത്തനങ്ങളെയും സാമൂഹ്യമായ സംഭവങ്ങളെയും മറ്റു വേദികളെയുമാണ് ഉപയോഗിക്കുന്നത്. ഈ രംഗത്തെ യാതൊരെതിർപ്പും കൂടാതെ അവർക്ക് ഇടപെടാനായി വിട്ടുകൊടുത്തുകൂട. അതുകൊണ്ടാണ് രാജ്യത്തുടനീളം കുട്ടികളുടെ സംഘടനകൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാർട്ടി ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുള്ളത്.

ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ചില നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഈ പ്രവർത്തനങ്ങൾ സുസ്ഥിരമായവയായിരുന്നില്ല; മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ ഏകീകരണമെന്ന ലക്ഷ്യത്തോടെ അവ വികസിപ്പിക്കപ്പെട്ടതുമില്ല. പ്രാദേശികാവസ്ഥയുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തനത്തിന്റെ രൂപവും ഭാവവും വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാ തലങ്ങളിലെയും പാർട്ടി കമ്മിറ്റികൾ ഈ പ്രവർത്തനത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിച്ചു പ്രവർത്തിക്കാൻ നമ്മുടെ വിദ്യാർഥി സംഘടന നേരിടുന്ന ബുദ്ധിമുട്ടുകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ചും ഇതിന് അടിയന്തര പ്രാധാന്യമുണ്ട്.

യുവജനങ്ങളെ ആകർഷിക്കൽ
യുവതലമുറയെ ആകർഷിക്കുന്നതിന് അവരുമായി ഇടപെടാനുള്ള പരമ്പരാഗത ശെെലികളും രീതികളും അപര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നൂതനവും ക്രിയാത്മകവും പുതുമയുള്ളതുമായ സമീപനങ്ങൾ അടിയന്തരമായും ആവശ്യമാണ്. യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെെകാര്യം ചെയ്യുന്നതുകൊണ്ടു മാത്രം അവരുമായി അർഥപൂർണമായ ബന്ധങ്ങൾ സ്ഥാപിക്കാനാവില്ല. പ്രാരംഭ ഘട്ടത്തിൽ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും വിനോദപരിപാടികളിലൂടെയും സ്പോർട്സിലൂടെയും സാമൂഹ്യപരിഷ്കരണ നടപടികളിലൂടെയും സാമൂഹ്യസേവനത്തിലൂടെയുമെല്ലാം അവരുമായി സജീവമായി ഇടപെടണം. അങ്ങനെ അവരുടെ വിശ്വാസമാർജിക്കാനും അവരുമായി ബന്ധം ഉൗട്ടിയുറപ്പിക്കാനുമുള്ള ഫലപ്രദമായ പ്രവേശനകവാടമായി ഈ വിശാലമായ മാർഗത്തെ പ്രയോജനപ്പെടുത്താനാവും.

യുവജനങ്ങൾ നിഷ്-ക്രിയരോ താൽപ്പര്യരഹിതരോ ആയി മാറുകയാണെന്നതല്ല വെല്ലുവിളി. നേരെമറിച്ച് മറ്റ് നിരവധി രംഗങ്ങളിൽ അവർ വളരെയധികം സജീവമായുണ്ട് എന്നതാണ് യാഥാർഥ്യം– സ്പോർട്സ്, സംസ്കാരം, സോഷ്യൽ മീഡിയ, സാമൂഹിക പ്രവർത്തനം തുടങ്ങി വിവിധ രംഗങ്ങളിൽ. അവരിലേക്കെത്തിച്ചേരാനും അവരെ അണിനിരത്താനും വേണ്ട ഫലപ്രദമായ തന്ത്രങ്ങൾ ആവിഷ്കരിക്കാനും അവ നടപ്പാക്കാനും നമുക്ക് കഴിയുന്നില്ല. നല്ല നിലയിൽ ആസൂത്രണം ചെയ്യപ്പെട്ടതും സന്ദർഭത്തിനു യോജിച്ചതുമായ കാര്യങ്ങൾ നാം ഏറ്റെടുക്കുമ്പോൾ വലിയ വിഭാഗം യുവജനങ്ങളുമായി ബന്ധപ്പെടാനും അവരെ അണിനിരത്താനും നമ്മുടെ യുവജനമുന്നണിക്ക് സാമർഥ്യമുണ്ട്.

എല്ലാ വർഗങ്ങളിലും സാമൂഹ്യവിഭാഗങ്ങളിലും യുവജനങ്ങളുണ്ട്. വിദ്യാർഥികളോ തൊഴിൽ രഹിതരോ മാത്രമല്ല; കരാർ തൊഴിലാളികളും അനൗപചാരിക മേഖലയിലെ തൊഴിലാളികളും ഗിഗ് തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും ഗ്രാമീണ മേഖലയിലെ കൂലിവേലക്കാരും പട്ടിണിക്കൂലിക്ക് കഠിനാധ്വാനം ചെയ്യിക്കുന്ന സ്ഥാപനങ്ങളിലും സേവന മേഖലയിലും പണിയെടുക്കുന്ന യുവതികളുമെല്ലാം ഉൾപ്പെടുന്നവരാണവർ. അതുകൊണ്ട്, അവരിലേക്കെത്തിച്ചേരുകയും അവരെ അണിനിരത്തുകയും ചെയ്യുകയെന്നത് യുവജന മുന്നണിയുടെ മാത്രം ഉത്തരവാദിത്തമല്ല. യുവജനങ്ങളുമായി ബന്ധപ്പെടാൻ ലക്ഷ്യം വച്ചുള്ള പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കുകയെന്നത് എല്ലാ ബഹുജന സംഘടനകളുടെയും പാര്‍ട്ടി കമ്മിറ്റികളുടെയും കാഡര്‍മാരുടെയും കൂട്ടായ ഉത്തരവാദിത്തമായിരിക്കണം.

യുവജനങ്ങളെ ആകര്‍ഷിക്കാനും നമ്മുടെ പക്ഷത്തേക്ക് അവരെ ഉള്‍ച്ചേര്‍ക്കാനുമുള്ള ശേഷിയെ ആശ്രയിച്ചായിരിക്കും പാര്‍ട്ടിയുടെ ഭാവിയെന്ന് നാം വ്യക്തമായും മനസ്സിലാക്കണം. പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അവലോകന റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുളവാക്കുന്ന ഒരു പ്രവണത വെളിപ്പെടുത്തുന്നു. വേണ്ടത്ര എണ്ണം വരുന്ന യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നാം വിജയിക്കുന്നില്ല. മുഖ്യധാരാ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍നിന്ന് വേറിട്ട ഒരു ശക്തിയാണ് നമ്മുടെ പാര്‍ട്ടിയെന്ന ഒരു പ്രതിച്ഛായ യുവജനങ്ങള്‍ക്കിടയില്‍ പുനഃസ്ഥാപിക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്. യുവജനങ്ങളുടെ ആശയാഭിലാഷങ്ങളോടും ബദലിനു വേണ്ടിയുള്ള അവരുടെ അന്വേഷണത്തോടും പ്രതികരിക്കുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാമ്പെയ്നുകള്‍. ഇന്നത്തെ യുവജനങ്ങള്‍ പുതിയ ആശയങ്ങളോട് തുറന്ന മനസ്സുള്ളവരാണ്. നമ്മുടെ മുതലാളിത്ത വിരുദ്ധ, ഫ്യൂഡല്‍ വിരുദ്ധ, മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളെക്കുറിച്ച് യുവജനങ്ങളുടെ അനുഭവങ്ങളെയും കാഴ്ചപ്പാടിനെയും പ്രതിധ്വനിപ്പിക്കുന്ന ഭാഷയിലും രീതിയിലും അവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ നാം കണ്ടെത്തണം.

ട്രേഡ് യൂണിയന്‍ മുന്നണിയുടെയും 
വിദ്യാര്‍ഥി മുന്നണിയുടെയും 
അടിയന്തര പ്രാധാന്യം
സംഘടനാപരമായ ഇപ്പോഴത്തെ ദൗര്‍ബല്യങ്ങളുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ മുന്നണിക്കും വിദ്യാര്‍ഥി മുന്നണിക്കും കൂടുതല്‍ വലിയ പ്രാധാന്യം കൈ വരുന്നു. പാര്‍ട്ടി ദുര്‍ബലമായിരിക്കുന്ന പ്രദേശങ്ങളില്‍ നമ്മുടെ സാന്നിധ്യമുണ്ടാക്കാന്‍ പാര്‍ട്ടിയെ സഹായിക്കുന്നതില്‍ ഈ മുന്നണികള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. വിപുലമായ സാമൂഹ്യ വിഭാഗങ്ങളിലേക്ക് പ്രത്യേകിച്ചും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിലേക്കും മുഴുവന്‍ സമയപ്രവര്‍ത്തകരാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിലേക്കും നമ്മുടെ സാന്നിധ്യം വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ഉപകരണങ്ങളായി അവ പ്രയോജനപ്പെടുന്നു.

മറ്റു മുന്നണികളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കാനുള്ള കരുത്തും ദര്‍ശനീയതയും അവശ്യവിഭവങ്ങളും അവ പ്രദാനം ചെയ്യുന്നു. മറ്റു മുന്നണികളെ അവഗണിക്കുന്നതില്‍ അവ ഏര്‍പ്പെടുന്നില്ല; സര്‍വോപരി, ഇവ രണ്ടിന്റെ യും ശാക്തീകരണം പുതിയ മേഖലകളിലേക്ക് ബഹുജന മുന്നണികളുടെ വികാസത്തിനും വിപുലീകരണത്തിനും വേണ്ട രാസത്വരകമായി പ്രവര്‍ത്തിക്കുന്നു.

ഗോത്ര സമുദായങ്ങള്‍
മിക്കവാറുമെല്ലാ സംസ്ഥാനങ്ങളിലും ഗോത്ര സമുദായങ്ങള്‍ക്കിടയിലെ നമ്മുടെ പിന്തുണാടിത്തറ ക്ഷതമേല്‍ക്കാതെ നിലനില്‍ക്കുകയാണ്. അവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ നാം നടത്തുന്ന സുസ്ഥിരവും പ്രതിബദ്ധതയോടുകൂടിയതുമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ ശക്തി ചോരാതെ തുടരുന്നത്. എന്നാല്‍, ഈ അടിത്തറ മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് കണ്ണുമടച്ച് വിശ്വസിച്ചിരിക്കാനാവില്ല. കാരണം, ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ നാം പരാജയപ്പെടുകയാണെങ്കില്‍ ഈ മേഖലകളില്‍ പോലും നമ്മുടെ സ്വാധീനമില്ലാതാകും.

വളര്‍ന്നുവരുന്ന വെല്ലുവിളികളിലൊന്ന് ഗോത്ര സമുദായങ്ങളിലെ വിദ്യാഭ്യാസം നേടിയ വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന വര്‍ഗീയതയും സ്വത്വരാഷ്ട്രീയവുമാണ്. ദശകങ്ങളായി നാം പടുത്തുയര്‍ത്തിയ പുരോഗമനപരമായ ഐക്യത്തിന് ഈ പ്രവണതകള്‍ ഗൗരവതരമായ ഭീഷണി ഉയര്‍ത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ആവശ്യമായ ഇടങ്ങളിലെല്ലാം നാം നമ്മുടെ സമീപനം സ്വീകരിക്കണം; ഗോത്ര സമുദായങ്ങളിലെ പരമ്പരാഗത നേതൃത്വവുമായും പുതുതായി ഉയര്‍ന്നുവരുന്ന നേതൃത്വവുമായും നാം ഒരുപോലെ സ്ഥിരമായി ബന്ധപ്പെടുന്നത് ഉറപ്പുവരുത്തുകയും വേണം.

വര്‍ഗസമരങ്ങളും ബഹുജന സമരങ്ങളും കെട്ടഴിച്ചുവിടല്‍
പാര്‍ട്ടിയുടെ തനത് ശക്തി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. ഇത് കൈവരിക്കുന്നതിന്, തുടർച്ചയായി വര്‍ഗസമരങ്ങളും ബഹുജന സമരങ്ങളും വികസിപ്പിക്കണമെന്ന് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു. എല്ലാ തലങ്ങളിലുമുള്ള പാര്‍ട്ടി ഘടകങ്ങള്‍, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകജനതയെയും അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയിലെ മറ്റു വിഭാഗങ്ങളെയും അണിനിരത്തുന്നതില്‍ സദാ ശ്രദ്ധകേന്ദ്രീകരിക്കണം. അതേ സമയം തന്നെ ലിംഗപരവും ജാതി അടിസ്ഥാനത്തിലുള്ളതുമായ അടിച്ചമര്‍ത്തലിന്റെയും വിവേചനത്തിന്റെയും വിഷയങ്ങളും കൈകാര്യം ചെയ്യണം.

ഈ സമീപനത്തിലെ സുപ്രധാനമായ ഘടകം, വര്‍ഗപ്രശ്നങ്ങളുമായും സാമൂഹ്യപ്രശ്നങ്ങളുമായും ജനകീയപ്രശ്നങ്ങളുമായും ബന്ധപ്പെട്ട സുസ്ഥിരമായ പ്രാദേശിക സമരങ്ങളും പ്രക്ഷോഭങ്ങളും ആരംഭിക്കുകയും മൂര്‍ത്തമായ ചില ആവശ്യങ്ങള്‍ നേടുന്നതുവരെ അത് തുടരുകയും ചെയ്യുകയെന്നതാണ്. ഇത്തരം പ്രാദേശിക സമരങ്ങളില്‍ പാര്‍ട്ടി നേരിട്ട് നേതൃത്വമേറ്റെടുക്കണം; അങ്ങനെയാകുമ്പോള്‍ അടിസ്ഥാനവര്‍ഗങ്ങള്‍ക്ക് പാര്‍ട്ടിയോട് കൂടുതല്‍ അടുത്തിടപഴകാന്‍ സാധിക്കുന്നു. സംസ്ഥാന കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റികള്‍ക്കും ഇടത്തട്ട് കമ്മിറ്റികള്‍ക്കും ഇതിനുവേണ്ട മൂര്‍ത്തമായ മാര്‍ഗനിര്‍ദേശം നല്‍കണം; പ്രാദേശിക പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനും കണ്ടെത്തുന്നതിനും സുസ്ഥിരമായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനുവേണ്ട മുന്‍കൈയെടുക്കുന്നതിനും അവയെ സജ്ജമാക്കുകയും വേണം.

പ്രധാനപ്പെട്ട ചില സമരങ്ങള്‍ നടത്തിയെങ്കിലും ഈടുറ്റതും തുടർച്ചയായതുമായ പ്രാദേശിക സമരങ്ങള്‍ വിപുലമായി വികസിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതിന് തൃണമൂല തലത്തില്‍ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് സമഗ്രവും മൂര്‍ത്തവുമായ പഠനം അനിവാര്യമാണ്. പ്രാദേശിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഫലപ്രദമായ കാമ്പെയ്നുകളും ജനകീയപ്രക്ഷോഭങ്ങളും നടത്തേണ്ടത്. സ്റ്റഡി സെന്ററുകളുടെയും ബുദ്ധിജീവികളുടെയും സഹായത്തോടെ പാര്‍ട്ടി കാഡര്‍മാര്‍ ജനങ്ങളെ അണിനിരത്താൻ സാധ്യതയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് പ്രാദേശികമായ പ്രശ്നങ്ങളെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്യുന്നതിന് തൃണമൂല തലത്തില്‍ പഠനങ്ങള്‍ നടത്തണം.

അഖിലേന്ത്യാ തലത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും കാമ്പെയ്നുകള്‍ക്കുമുള്ള ആഹ്വാനങ്ങള്‍ നല്‍കേണ്ടത് ശ്രദ്ധാപൂര്‍വമായ ആസൂത്രണത്തോടെ ആയിരിക്കണം. പെട്ടെന്നുയര്‍ന്നുവരുന്ന സംഭവങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ പ്രതിഷേധത്തിനുള്ള ചില ആഹ്വാനങ്ങള്‍ ഉടന്‍ തന്നെ നല്‍കേണ്ടത്- ആവശ്യമായിരിക്കവെ തന്നെ കാമ്പെയ്നുകള്‍ക്കുള്ള ആഹ്വാനങ്ങള്‍ നടത്തേണ്ടത് കൃത്യമായ തയ്യാറെടുപ്പുകള്‍ക്കു വേണ്ടത്ര സമയം നൽകിക്കൊണ്ടായിരിക്കണം. പ്രാദേശിക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെടുത്താതിരിക്കുമ്പോള്‍ ദേശവ്യാപകമായ കാമ്പെയ്നുകള്‍ ബാധ്യതയായി മാറുകയും പ്രസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അത് പ്രതിബന്ധം പോലും ആയേക്കാവുന്നതുമാണ്. ഇപ്പോള്‍ പാര്‍ട്ടിയും ബഹുജന സംഘടനകളും അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലങ്ങളിലും ഒരേ സമയം നിരവധി ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്; പലപ്പോഴും അവ ഒരേസമയം തന്നെ ഒന്നിനു മേല്‍ ഒന്നായി കടന്നു വരാറുമുണ്ട്. ഇത് കാമ്പെയ്നുകളെയും സമരങ്ങളെയും ഔപചാരികമായ ചടങ്ങുകളാക്കി മാറ്റുന്നതിനിടയാക്കുന്നു; അതുകൊണ്ടുതന്നെ വേണ്ടത്ര ജനപങ്കാളിത്തം ഇല്ലാതെ പോകുന്നു. പ്രസ്ഥാനത്തിന് മൊത്തത്തില്‍ അവ അര്‍ഥപൂര്‍ണമായ സംഭാവന നല്‍കുന്നുവെന്നുറപ്പുവരുത്താന്‍ വിവിധ ഫ്രാക്ഷന്‍ കമ്മിറ്റികളിലൂടെ പാര്‍ട്ടി ഇത്തരം ആഹ്വാനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഇടപെടണം.

ശ്രദ്ധേയമായ ഒരു ദൗര്‍ബല്യത്തിലേക്കും രാഷ്ട്രീയ അവലോകനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്- തൊഴിലാളിവര്‍ഗ മുന്നണിയുടെയും കിസാന്‍ മുന്നണിയുടെയും നേതൃത്വത്തിലുള്ള സമരങ്ങളില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയവല്‍ക്കരണത്തിന്റെ അഭാവമുണ്ട്. ഈ മുന്നണികളിലെ ബഹുജന മെമ്പര്‍ഷിപ്പിനിടയില്‍ പാര്‍ട്ടി ഫ്രാക്ഷനുകള്‍ എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് എന്ന കാര്യം വിമര്‍ശനപരമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ വിദ്യാഭ്യാസവും രാഷ്ട്രീയ പ്രക്ഷോഭവും തീവ്രമാക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ ഏറ്റെടുക്കണം. പാര്‍ട്ടി മെമ്പര്‍മാരാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അനുഭാവി ഗ്രൂപ്പുകളില്‍ സംഘടിപ്പിക്കുന്നത് തുടരുകയും അവരെ ചിട്ടയായി വിദ്യാഭ്യാസം ചെയ്യിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അവരെ ഉള്‍ച്ചേര്‍ക്കുകയും വേണം.

ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കുന്നതിന്
പ്രത്യയശാസ്ത്ര പ്രവര്‍ത്തനം ശക്തിപ്പെടുത്തൽ
നിലവിലുള്ള സാഹചര്യത്തെ നേരിടുന്നതിനുവേണ്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇപ്പോഴത്തെ നമ്മുടെ പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ തീരെ അപര്യാപ്തമാണ്. ഹിന്ദുത്വവര്‍ഗീയ കടന്നാക്രമണം രൂക്ഷമായിരിക്കുകയാണ്; അതിന്റെ തീവ്രതയുമായും ആഴവും പരപ്പുമായും പൊരുത്തപ്പെടുന്നതായിരിക്കണം നമ്മുടെ പ്രതികരണം. ഈ ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതല്ല നമ്മള്‍ കൈക്കൊണ്ട നടപടികള്‍ എന്ന് അംഗീകരിച്ചേ തീരൂ.

എല്ലാ മുന്നണികളും ഈ വിപത്തിനെതിരെ സമഗ്രമായ പ്രത്യയശാസ്ത്ര പ്രത്യാക്രമണം നടത്തേണ്ടത് അടിയന്തരാവശ്യമാണ്. ഇത് ഫലപ്രദമായി ചെയ്യുന്നതിന് ലഭ്യമായ സര്‍വ വിഭവങ്ങളും നാം സമാഹരിക്കണം; എല്ലാ പ്രധാന പ്രത്യയശാസ്ത്ര ഉപകരണങ്ങളെയും നവീകരിക്കുകയും വേണം- – പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍, പ്രക്ഷോഭവും പ്രചാരണവും, രാഷ്ട്രീയ വിദ്യാഭ്യാസം, സോഷ്യല്‍ മീഡിയ ഔട്ട് റീച്ച് എന്നിവയെല്ലാം നവീകരിക്കപ്പെടണം. ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികളെ നേരിടുന്നതിന് ഈ ഉപകരണങ്ങളെയെല്ലാം തന്നെ സജ്ജമാക്കണം.

എല്ലാ തലങ്ങളിലുമുള്ള പാര്‍ട്ടി ഘടകങ്ങള്‍ പ്രത്യയശാസ്ത്ര പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള വേദികളെയും ഇനിഷ്യേറ്റീവുകളെയും ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും മോണിറ്റര്‍ ചെയ്യുകയും വേണം. ശാസ്ത്രവേദികള്‍, സാഹിത്യ-സാംസ്കാരിക സംഘടനകള്‍, പുരോഗമന സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ എന്നിവയ്ക്കെല്ലാം സജീവ പിന്തുണ നല്‍കണം. പാര്‍ട്ടിയുടെ പ്രസിദ്ധീകരണ ശാലകള്‍, വിജ്-ഞാനകേന്ദ്രങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കെല്ലാം ഈ നീക്കങ്ങള്‍ക്കുവേണ്ട അനുപേക്ഷണീയമായ പശ്ചാത്തല സൗകര്യങ്ങള്‍ പ്രദാനം ചെയ്യണം.

ശാസ്ത്രീയമായ മാനസികാവസ്ഥയും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുന്നത് – പ്രത്യേകിച്ചും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ -– ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധവും അന്ധവിശ്വാസ ജടിലവുമായ ലോക വീക്ഷണത്തെ ചെറുക്കുന്നതില്‍ നിര്‍ണായകമാണ്. മാറ്റമില്ലാത്തതും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രത്യയശാസ്ത്ര സമരത്തിന് യുവജനങ്ങളെ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുണ്ട്.

ബഹുജനസംഘടനകളുടെ സബ്കമ്മിറ്റികളും ഫ്രാക്ഷന്‍ കമ്മിറ്റികളും പ്രത്യയശാസ്ത്ര പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും കൂടുതല്‍ സജീവമായ പങ്കുവഹിക്കണം –- പ്രത്യേകിച്ച് ഓരോ വിഭാഗങ്ങളുമായും ബന്ധപ്പെട്ട് നടത്തുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ.

സംഘ് പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ഇടങ്ങളിലെ പാര്‍പ്പിട പ്രദേശങ്ങളില്‍ സാമൂഹ്യസേവനങ്ങള്‍ നടത്തുന്നതിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വ്യാവസായിക മേഖലകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളുപയോഗിച്ച് ഇതിനുള്ള വേദികള്‍ വികസിപ്പിക്കേണ്ടതാണ്.

സാംസ്കാരിക ഇടപെടലുകള്‍ 
വ്യാപിപ്പിക്കല്‍
പ്രത്യയശാസ്ത്ര സമരത്തില്‍ നിര്‍ണായകമായ ഒരു മേഖലയാണ് സാംസ്കാരിക പ്രവര്‍ത്തനം. സാംസ്കാരിക ജീവിതത്തില്‍ ഹിന്ദുത്വത്തിന്റെ സ്വാധീനം വളര്‍ന്നുവരുന്നത് തടയുന്നതിന് ഈ മണ്ഡലത്തില്‍ നമ്മുടെ ഇടപെടല്‍ ശ്രദ്ധേയമായ വിധം വിപുലീകരിക്കണം. നമ്മുടെ ഏറ്റവുമടുത്ത സ്വാധീനവലയത്തിനുപുറത്ത് നിരവധി പുരോഗമന-ജനാധിപത്യ സാംസ്കാരിക ശക്തികളുണ്ട്; അനുയോജ്യമായ തന്ത്രങ്ങളിലൂടെയും സംഘടനാവേദികളിലൂടെയും ഇവയെയാകെ അണിനിരത്താന്‍ കഴിയും. സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കൂട്ടായ്മകള്‍ക്കും സംയുക്തപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട പ്രധാന കേന്ദ്രങ്ങളായി അവയെ മാറ്റാവുന്നതാണ്.

ബഹുജന സംഘടനകൾ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേദികൾക്ക് രൂപംനൽകുകയും ചെയ്യണം; ഒപ്പം തന്നെ, പാർട്ടിയുടെ സാംസ്കാരികരേഖയിൽ അടിവരയിട്ടു പറയുന്ന നിർദേശങ്ങളും രാഷ്ട്രീയ പ്രമേയത്തിൽ വിശദീകരിച്ചിട്ടുള്ള ആറ് പ്രവർത്തനരംഗങ്ങളും പ്രായോഗികമാക്കുകയും വേണം. ഈ നിർദേശങ്ങളെ ഗൗരവമായിത്തന്നെ കാണുകയും പ്രതിബദ്ധതയോടുകൂടി അവനടപ്പാക്കുകയും വേണം.

പാർട്ടി ദിനപത്രങ്ങൾ, 
പ്രസിദ്ധീകരണങ്ങൾ, 
സാമൂഹിക മാധ്യമങ്ങൾ
സോഷ്യൽ മീഡിയയിലെ പ്രചരണത്തോടൊപ്പം പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും പ്രസിദ്ധീകരണങ്ങളും പ്രത്യയശാസ്ത്ര പ്രവർത്തനത്തിൽ നിർണായകമായ പങ്കാണ് വഹിക്കുന്നത്.

ഇന്നത്തെ തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കവും ഭാഷയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണം. അതിന് ശ്രമിക്കുമ്പോൾ അവയുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയുമരുത്. ഈ പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റൽ–ഓൺലെെൻ സാന്നിധ്യം വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്, ഇന്നത്തെ മാധ്യമ പരിതഃസ്ഥിതിക്കും നമ്മുടെ ശേഷിക്കും അനുയോജ്യമായ തന്ത്രങ്ങളും രീതികളും വികസിപ്പിക്കണം.

സോഷ്യൽ മീഡിയ
കഴിഞ്ഞ പാർട്ടി കോൺഗ്രസ് മുതലിങ്ങോട്ട്, സോഷ്യൽ മീഡിയയിലെ നമ്മുടെ പ്രവർത്തനം അതിന്റെ സാധ്യതയിലും ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിലും മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, മൊത്തം ഫോളോവേഴ്സിലെ വർധനവ് വളരെ കുറവാണ്. പാർട്ടി സെന്ററും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെട്ടിട്ടുണ്ട്; സംസ്ഥാന ടീമുകളിൽനിന്ന് കൂടുതൽ ക്രമാനുഗതമായ റിപ്പോർട്ടിങ് ഉണ്ടാവുന്നുണ്ട്; പക്ഷേ, ഇപ്പോഴും പോരായ്മകൾ നിലനിൽക്കുന്നു– പ്രത്യേകിച്ചും, സമരങ്ങൾ അതാത് സമയത്ത് റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ.

അൽഗോരിതങ്ങൾ മാറിക്കൊണ്ടിരിക്കുകയും പ്ലാറ്റ്ഫോമുകൾ കൂടുതൽ ചലനാത്മകമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നമ്മുടെ പരിശ്രമങ്ങൾ വീഡിയോ കണ്ടന്റുകൾക്ക്, പ്രത്യേകിച്ചും ഇൻസ്റ്റഗ്രാമിനും യൂട്യൂബിനും മുൻഗണന നൽകിക്കൊണ്ടുള്ളതായിരിക്കണം. ഹിന്ദുത്വത്തിനെതിരായ ജനങ്ങളുടെ സമരങ്ങളും ചെറുത്തുനിൽപ്പും ഉയർത്തിക്കാണിച്ചുകൊണ്ടുള്ള കാമ്പെയ്നുകളും നമ്മൾ ശക്തിപ്പെടുത്തണം. നമ്മുടെ പോസ്റ്ററുകളും വീഡിയോകളും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു എന്നുറപ്പാക്കുന്നതിന് ഒരു വാട്സാപ്പ് നെറ്റ്-വർക്ക് ഉണ്ടാക്കുകയെന്നതാണ് ഏറ്റവും അടിയന്തരമായ കടമ.

തെറ്റുതിരുത്തൽ കാമ്പെയ്ന്റെ ആവശ്യകത:
പാർലമെന്ററിസത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകത
പാർലമെന്ററിസത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെയും പ്രാദേശിക സമരങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ അതുണ്ടാക്കുന്ന നിഷേധാത്മകമായ ഫലത്തെയും സംബന്ധിച്ച് രാഷ്ട്രീയ അവലോകന റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. തിരഞ്ഞെടുപ്പു സംബന്ധമായ പ്രവർത്തനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് പാർലമെന്ററിസമെന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്. വർഗ–ബഹുജന സമരങ്ങളിലൂടെ ബഹുജനാടിത്തറ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രീകരിക്കുന്ന നമ്മുടെ രാഷ്ട്രീയ അടവുനയത്തിന്റെ നടപ്പാക്കലിനെ പാർലമെന്ററിസം തുരങ്കം വയ്ക്കുന്നു. അത് പ്രത്യയശാസ്ത്രപരമായ അധഃപതനത്തിലേക്ക് നയിക്കുകയും പാർട്ടിയുടെ സ്വഭാവത്തെത്തന്നെ ദുർബലപ്പെടുത്തുകയും ചെയ്യും. പാർട്ടിയുടെ വിപ്ലവസ്വഭാവത്തിന് ഭീഷണിയാകുന്ന തരത്തിൽ കമ്യൂണിസ്റ്റ് ആദർശങ്ങളിൽ വെള്ളംചേർക്കപ്പെടുന്നതിലേക്കും ചില പാർട്ടി കേഡർമാർക്കിടയിൽ വിഭിന്നമായ പ്രവണതകളുണ്ടാകുന്നതിലേക്കുമാണ് സംസ്ഥാന റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത്.

ഈ പശ്ചാത്തലത്തിൽ, പാർട്ടി സംഘടനയെ സുസംഘടിതമാക്കുന്നതിനും വർഗ–ബഹുജന സമരങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള തെറ്റുതിരുത്തൽ കാമ്പെയ്ന്റെ ആവശ്യകതയിൽ സംഘടനയെ സംബന്ധിച്ച റിപ്പോർട്ട് വീണ്ടും ഉൗന്നുന്നു. ഏറ്റവും ഒടുവിൽ നടത്തിയ തെറ്റുതിരുത്തൽ കാമ്പെയ്ൻ തൃണമൂലതലത്തിലേക്കെത്തിക്കുന്നതിലുണ്ടായ പരാജയം, പുതിയൊരു കാമ്പെയ്ന് തുടക്കംകുറിക്കേണ്ടതിന്റെ അടിയന്തരാവശ്യകതയെ അടിവരയിടുന്നു. ഇത് എല്ലാ തലങ്ങളിലും അങ്ങേയറ്റം ഗൗരവത്തോടുകൂടി ഏറ്റെടുത്തു നടപ്പാക്കണം. പാർലമെന്ററിസത്തെ ചെറുക്കുന്നതിലും, റുട്ടീനിസം (പതിവുശെെലി മാറ്റമില്ലാതെ തുടരുന്ന രീതി), ബ്യൂറോക്രാറ്റിസം, ആത്മനിഷ്ഠവാദം, ലിബറലിസം, വിജ്ഞാനവിരോധം, പുരുഷാധിപത്യം തുടങ്ങിയ അപകടകരമായ പ്രവണതകളെ തിരിച്ചറിയുന്നതിലും നേരിടുന്നതിലും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് അത് സംഘടിപ്പിക്കണം.

ആസൂത്രിത പ്രവർത്തനത്തിന്റെ 
പ്രാധാന്യം
പാർട്ടിയുടെ വളർച്ചയും വ്യാപനവും ഉറപ്പാക്കുന്നതിന് വ്യവസ്ഥാനുസൃതമായ ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് രാഷ്ട്രീയ അവലോകന റിപ്പോർട്ട് ഉൗന്നിപ്പറയുന്നുണ്ട്. വളർച്ച സ്വമേധയാ സംഭവിക്കുമെന്നോ അവസരം വരുമ്പോൾ ഉണ്ടാകുമെന്നോ കരുതി വെറുതെയിരിക്കാനാവില്ല. പുതിയ മേഖലകളിലേക്കും പുതിയ സാമൂഹിക വിഭാഗങ്ങൾക്കിടയിലേക്കും പാർട്ടിയെയും ബഹുജന സംഘടനകളെയും വ്യാപിപ്പിക്കുന്നതിന് അഖിലേന്ത്യാ സെന്ററുമായി കൂടിയാലോചിച്ചുകൊണ്ട് സംസ്ഥാനങ്ങൾ സവിശേഷമായ ദീർഘകാല പദ്ധതികൾ, പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന മേഖലകളിൽ രൂപപ്പെടുത്തണം. ഈ പദ്ധതികൾ ലഭ്യമായ വിഭവങ്ങളുമായി പൊരുത്തപ്പെടുന്നതും പാർട്ടിയുടെ കരുത്തും ഓരോ സംസ്ഥാനത്തെയും സവിശേഷ സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ളതുമായിരിക്കണം. പദ്ധതികളുടെ നടപ്പാക്കൽ സമയബന്ധിതമായിരിക്കുകയും, അതു സംബന്ധിച്ച് കൃത്യമായി അവലോകനം നടത്തുകയും ചെയ്യണം.

അനുകൂലമായ സാഹചര്യങ്ങളും ഗോത്ര മേഖലകളിലേതുപോലെ കാഡർമാരെ നൽകുന്നതിലും ഒപ്പം തന്നെ സംഘടനാപരമായ പിന്തുണ നൽകുന്നതിലും വിദ്യാർഥി പ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനുമുള്ള ശേഷിയും ഈ പദ്ധതികളിലെ ഘടകമായി ഉണ്ടായിരിക്കണം.

ഈ പദ്ധതികൾ ഒരിക്കൽ തയ്യാറാക്കിക്കഴിഞ്ഞാൽ, അവ യാഥാർഥ്യമാക്കുന്നതിന് പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും അഖിലേന്ത്യാ സെന്ററുകൾ ദുർബല സംസ്ഥാനങ്ങൾക്ക് എല്ലാ വിധ അടിയന്തര സഹായങ്ങളും നൽകുകയും സ്ഥിരമായി മേൽനോട്ടം വഹിക്കുകയും ചെയ്യണം.

കടമകൾ
പാർട്ടി സംഘടനയുടെ ഈ അവലോകനത്തിലെ നിഗമനങ്ങൾ പതിനാല് പ്രധാന കടമകളായി ചുരുക്കി അവതരിപ്പിച്ചിട്ടുണ്ട്. അതുകൂടാതെ, അവനടപ്പാക്കുന്നതുവേണ്ടിയുള്ള മൂർത്തമായ കാൽവയ്പുകൾ എന്ന് നമുക്ക് പറയാവുന്ന നിരവധി നിർദേശങ്ങളും നിരീക്ഷണങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. അതിൽ, അഞ്ച് കടമകൾ അടിയന്തരമായി നടപ്പാക്കേണ്ടതും, മുൻഗണനാ പ്രാധാന്യത്തോടുകൂടി കാണേണ്ടവയുമാണ്: പാർട്ടി മെമ്പർഷിപ്പിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പാർട്ടി ബ്രാഞ്ചുകളെ പുനരുജ്ജീവിപ്പിക്കുക, ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നത് വർധിപ്പിക്കുക, ഹിന്ദുത്വ വർഗീയതയെ ചെറുക്കുക, പ്രാദേശിക സമരങ്ങൾ വിപുലമായ തോതിൽ വ്യാപിപ്പിക്കുക.

കണ്ടെത്തിയിട്ടുള്ള മറ്റു പ്രധാന കടമകൾ ഇനി പറയുന്നവയാണ്: ആധുനിക മാനുഫാക്ചറിങ് മേഖലയിലും മറ്റ് നിർണായക മേഖലകളിലും സംഘടിത മേഖലയിലെ കരാർ തൊഴിലാളികൾക്കിടയിലുമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുക; പാർട്ടിയിലെ വനിതാ മെമ്പർഷിപ്പ് 25 ശതമാനമെന്ന ലക്ഷ്യത്തിലേക്കെത്തിക്കുന്നതിന് ആസൂത്രിതമായൊരു നീക്കത്തിന് തുടക്കംകുറിക്കുക; എല്ലാ പാർട്ടി അംഗങ്ങളും അടിസ്ഥാന വിദ്യാഭ്യാസ സിലബസ് പൂർത്തിയാക്കി എന്നുറപ്പാക്കുക; തെരഞ്ഞെടുക്കപ്പെട്ട ഗോത്ര മേഖലകളിലെ ആദിവാസികൾക്കിടയിലെ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കുക. പാർലമെന്ററിസത്തിനും ബന്ധപ്പെട്ട വിഷയങ്ങൾക്കുമെതിരായ തെറ്റുതിരുത്തൽ കാമ്പെയ്ൻ സെൻട്രൽ കമ്മിറ്റി ആരംഭിക്കുന്നതാണ്. പുതിയ മേഖലകളിലും പുതിയ വിഭാഗങ്ങൾക്കിടയിലും പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പൊളിറ്റ് ബ്യൂറോയോടോ സെൻട്രൽ കമ്മിറ്റിയോടോ കൂടിയാലോചിച്ച് സംസ്ഥാന തല പദ്ധതികൾ തയ്യാറാക്കേണ്ടതണ്. അനുയോജ്യമായ സംഘടനാ രൂപങ്ങളിലൂടെ ഗ്രാമീണ കായിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ കെെക്കൊള്ളണം. ചേരികൾ, ബസ്തികൾ, അപ്പാർട്ട്മെന്റുകൾ, താഴ്ന്ന ഇടത്തരം വർഗങ്ങളുടെ വാസകേന്ദ്രങ്ങൾ തുടങ്ങിയ നഗര പാർപ്പിട മേഖലകളിലെ പ്രവർത്തനങ്ങൾ വികേന്ദ്രീകൃതവും അയവേറിയതുമായ രീതികളുപയോഗിച്ച് വിപുലപ്പെടുത്തേണ്ടതാണ്. സോഷ്യൽ മീഡിയയെ പാർട്ടി പ്രവർത്തനത്തിലേക്ക് സംയോജിപ്പിക്കുന്നത് സംസ്ഥാന കമ്മിറ്റികൾ തുടരുകയും ചെയ്യണം. ഈ കടമകളുടെ നടപ്പാക്കൽ സംബന്ധിച്ച് ഒരു ഇടക്കാല അവലോകനം സെൻട്രൽ കമ്മിറ്റി നടത്തുന്നതാണ്.

ഉപസംഹാരം
യാതൊരു സംശയവുമില്ല, ഈ കടമകൾ വെല്ലുവിളി ഉയർത്തുന്നവയാണ്; പക്ഷേ അവ നമ്മുടെ ശേഷിക്കപ്പുറത്തുള്ളതുമല്ല. നിശ്ചയദാർഢ്യത്തോടെ, അച്ചടക്കത്തോടെ, കൂട്ടായ പരിശ്രമത്തോടെ നമുക്ക് പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുവാനും ഹിന്ദുത്വ വർഗീയതയ്ക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുവാനും ശക്തമായൊരു ഇടതുപക്ഷ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കുവാനും കഴിയും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 6 =

Most Popular