രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. അതിനായി ഒരു സവിശേഷ ഘട്ടംവരെ നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് പാർട്ടി പരിപാടിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അതിനെയാണ് വിപ്ലവ തന്ത്രമെന്ന് വിശേഷിപ്പിക്കുന്നത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള അടവുകളാണ് പാർട്ടി കോണ്‍ഗ്രസുകള്‍ ചര്‍ച്ച ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ക്ക് അത് രൂപംനല്‍കുന്നു. ഇത്തരത്തിലെടുത്ത നയപരമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ടെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളാണ് ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ചുകളും.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്നതിന് ബ്രാഞ്ചുകളുടെ ഇടപെടലുകള്‍ മര്‍മ്മപ്രധാനമാണ്. സാല്‍ക്കിയ പ്ലീനം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. ബ്രാഞ്ചുകളുടെ ഉത്തരവാദിത്വവും പാർട്ടി മെമ്പര്‍മാരുടെ ചുമതലയും അതില്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ബ്രാഞ്ചുകളെ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിനും ബ്രാഞ്ച് സെക്രട്ടറിമാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും, അവരുടെ പ്രത്യയശാസ്ത്രപരമായ വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും സാല്‍കിയ പ്ലീനം എടുത്തുപറയുന്നുണ്ട്.
പാർട്ടി അനുഭാവികളുടെ ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുമുണ്ട്. അതിലൂടെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും സാല്‍ക്കിയ പ്ലീനം (1978) മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിയുടെ ബഹുജനാടിത്തറയും പിന്തുണയും വികസിപ്പിക്കുന്നതിന് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം പ്രധാനമായിത്തീരുന്നുവെന്ന കാര്യം സാല്‍ക്കിയ പ്ലീനം എടുത്തുപറഞ്ഞിട്ടുണ്ട്.
2015ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം റിപ്പോര്‍ട്ട് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. ഒരു ബ്രാഞ്ചിന്റെ പ്രദേശത്തോ, പ്രവര്‍ത്തന മേഖലയിലോ ഉള്ള തൊഴിലാളികളും കര്‍ഷകജനസാമാന്യവും മറ്റു വിഭാഗങ്ങളും തമ്മിലുള്ള ജീവത്തായ കണ്ണിയായാണ് ബ്രാഞ്ചിനെ കാണുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമെന്ന നിലയില്‍ പ്രാധാന്യത്തോടെ പ്രവര്‍ത്തിക്കണമെന്ന കാര്യവും എടുത്തുപറയുന്നുണ്ട്. വിവിധ വര്‍ഗ്ഗ – ബഹുജന സംഘടനകളിലും പ്രദേശങ്ങളിലും ബഹുജനങ്ങളുടെ പ്രാദേശികവും അടിയന്തരവുമായ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുകയെന്നത് അതിന്റെ ഉത്തരവാദിത്വമായി എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ക്യാമ്പയിന്‍ നടത്തണം; വിവിധ വിഭാഗങ്ങളെ അണിനിരത്തുന്നതിനും, പാർട്ടി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്വമാണ് പാർട്ടി ബ്രാഞ്ചിനുള്ളതെന്ന് അത് എടുത്തു പറയുന്നുണ്ട്.
ബ്രാഞ്ചില്‍ പരമാവധി 15 അംഗങ്ങൾ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂവെന്ന കാര്യവും കൊൽക്കത്താ പ്ലീനം എടുത്തു പറയുന്നുണ്ട്. വര്‍ഗ്ഗ – ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഉശിരരായ സഖാക്കളെ പാർട്ടി ഗ്രൂപ്പിലേക്ക് കൊണ്ടുവരുന്നതിനും, പാർട്ടി മെമ്പര്‍മാരായി റിക്രൂട്ട് ചെയ്യുന്നതിനും ബ്രാഞ്ചുകള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തില്‍ സുപ്രധാനമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത് പ്രധാനമാണ്.
പാർട്ടി സംഘടനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാനം പാർട്ടി മെമ്പര്‍മാരുടെ ഗുണനിലവാരമാണ്. അവര്‍ക്ക് പ്രത്യയശാസ്ത്രബോധവും സംഘടനാ അച്ചടക്കത്തിനു കീഴില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നതിന്- ബ്രാഞ്ചുകള്‍ക്ക് കഴിയേണ്ടതുണ്ട്. പാര്‍ട്ടിയുടെ വിപ്ലവ സ്വഭാവം നിലനിര്‍ത്തുന്നതിന് പ്രധാനപ്പെട്ട ഒന്നാണ് അടിസ്ഥാന വിഭാഗങ്ങളില്‍നിന്നും സാമൂഹ്യമായ അവശതയനുഭവിക്കുന്ന വിഭാഗങ്ങളില്‍ നിന്നും കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയെന്നുള്ളത്. അതിന് അനുയോജ്യമായ വിധം റിക്രൂട്ട്മെന്റ് നടത്തുന്നതിന് അത്തരം സഖാക്കളെ പാർട്ടി ഗ്രൂപ്പുകളിലേക്ക് കൊണ്ടുവരികയെന്നതും പ്രധാനമായി കാണേണ്ടതുണ്ട്. ബഹുജന വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയെന്ന സാല്‍ക്കിയ പ്ലീനത്തിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് ഇത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ വിവിധ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് വിപ്ലവകരമായ ഉള്ളടക്കത്തോടെ പാർട്ടിയെ വികസിപ്പിക്കുന്നതിന് ഈ ഇടപെടല്‍ അനിവാര്യമാണെന്ന് കാണാം. പാർട്ടി അംഗങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇടപെടുകയെന്നതും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കാണേണ്ടതുണ്ട്.
പാർട്ടി അംഗങ്ങളില്‍ കൊഴിഞ്ഞുപോക്കുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു ഘടകം അവര്‍ക്ക് രാഷ്ട്രീയവും സംഘടനാപരവുമായ പരിശീലനം നൽകാൻ നമുക്കു കഴിയുന്നില്ല എന്നത് കൂടിയാണ്. അതോടൊപ്പം തന്നെ പാർട്ടി പരിപാടിയും ഭരണഘടനയും വര്‍ഗ്ഗ – ബഹുജന സംഘടനകളെക്കുറിച്ചുള്ള കാഴ്ചപ്പാടും പാർട്ടി സഖാക്കളിലെത്തിക്കുകയെന്നതും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. പാർട്ടി അംഗത്വം ഇത്തരത്തില്‍ സജീവമാക്കി നിര്‍ത്തുന്നതിന് പാർട്ടി അംഗങ്ങള്‍ നിര്‍വ്വഹിക്കേണ്ട സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ പാർട്ടി കേന്ദ്ര കമ്മിറ്റി എടുത്തുപറയുന്നുണ്ട്.
1. അംഗത്വ ഫീസും ലെവിയും അടയ്ക്കല്‍.
2. ബ്രാഞ്ച് യോഗങ്ങളില്‍ പതിവായി ഹാജരാകല്‍.
3. പാർട്ടി ക്ലാസുകള്‍, രാഷ്ട്രീയ ക്യാമ്പയിന്‍, പ്രക്ഷോഭ സമരങ്ങള്‍ എന്നിവയില്‍ പതിവായ സാന്നിധ്യം.
4. പാർട്ടി തീരുമാനപ്രകാരം പ്രത്യേകം ഒഴിവാക്കി നിർത്തിയിട്ടില്ലെങ്കില്‍ ബഹുജന മുന്നണി പ്രവര്‍ത്തനത്തില്‍ അംഗത്വവും സജീവ പങ്കാളിത്തവും.
5. പാർട്ടി പത്രങ്ങളുടെ വരിക്കാരനാകലും അവ പതിവായി വായിക്കലും.
ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെയാണ് പാർട്ടി അംഗങ്ങളായി റിക്രൂട്ട് ചെയ്യുന്നത്. ഓരോ വര്‍ഷവും മെമ്പര്‍ഷിപ്പ് പുതുക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പരിശോധന നടത്തിക്കൊണ്ടാണ് പാർട്ടി മുന്നോട്ടുപോകുന്നത്. വരുമാനത്തിനനുസരിച്ച് ലെവി ഈടാക്കുന്ന രീതിയും നടപ്പിലാക്കുകയാണ്.
കേരളത്തിലെ നില പരിശോധിച്ചാല്‍ 38,538 ബ്രാഞ്ചുകളാണ് സംസ്ഥാനത്തുള്ളത്. 1991 ബ്രാഞ്ചുകളില്‍ വനിതാ സെക്രട്ടറിമാരാണ് ഉള്ളത്. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തണമെന്ന കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ചില്‍ പങ്കെടുത്ത് മുന്നോട്ടുപോകണമെന്ന തീരുമാനമെടുത്തത്. ഉപരിഘടകത്തിലെ സഖാക്കള്‍ പങ്കെടുത്തുകൊണ്ട് ഇത്തരത്തില്‍ യോഗങ്ങള്‍ ചേരുമ്പോൾ ബ്രാഞ്ചിലെ ചില പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന നേട്ടം കൂടി അതിനുണ്ട്. ഓരോ കുടുംബത്തിന്റേയും പ്രശ്നങ്ങളെ മനസ്സിലാക്കി ഇടപെടുന്നതിനും ബ്രാഞ്ചിനാണ് കഴിയുക. പാർട്ടി അംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോഴാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം ഫലപ്രദമാവുന്നത്. ഓരോ മെമ്പറുടേയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും നിഷ്-ക്രിയരായിട്ടുള്ള അംഗങ്ങളെ ഒഴിവാക്കുകയും ചെയ്യുകയെന്ന സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നത്.
പാർട്ടി ബ്രാഞ്ചുകള്‍ക്കകത്ത് എല്ലാ വര്‍ഗ്ഗ – ബഹുജന സംഘടനകളുടേയും യൂണിറ്റുകള്‍ ഉണ്ടാക്കുകയെന്നത് പ്രധാനമാണ്. എങ്കില്‍ മാത്രമേ, ബഹുജനങ്ങളിലാകമാനം സ്വാധീനമുറപ്പിക്കുന്ന ഒന്നായി പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാവൂ. വീടുകൾ സന്ദര്‍ശിക്കുകയെന്ന പരിപാടിയും തുടര്‍ച്ചയായി നടത്തേണ്ടതുണ്ട്. ജനകീയ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ഇത് പ്രധാനമാണെന്ന് കാണണം. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് അവരില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഇടപെടുകയെന്ന കമ്യൂണിസ്റ്റ് ശൈലി രൂപപ്പെടുത്തുന്നതിന് ഇത്തരം ഇടപെടല്‍ അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്.
വര്‍ഗ്ഗ – ബഹുജന സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നല്ല രാഷ്ട്രീയ സംഘടനാധാരണയുള്ള സഖാക്കളെ ഉള്‍പ്പെടുത്തിയാണ് അനുഭാവി ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. അവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിന് ബ്രാഞ്ചുകള്‍ ശ്രദ്ധിക്കേണ്ടതാണ്. മുന്‍ഗണനാ ക്രമത്തില്‍പ്പെട്ട വിഭാഗങ്ങളെ ഗ്രൂപ്പുകളില്‍ കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രൊഫഷണല്‍ മേഖലയിലും അനുഭാവി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയെന്നത് പ്രധാനമായി കാണേണ്ടതുണ്ട്. മുന്‍ഗണനാ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായ വിധം അനുഭാവി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ കഴിയുക എന്നത് പ്രധാനമാണ്. കേരളത്തിന്റെ പൊതുവായ വികസനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന സങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇടപെടുകയെന്നത് ബ്രാഞ്ചുകളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ഫ്ളാറ്റുകള്‍ പോലുള്ള പുതിയ ആവാസ വ്യവസ്ഥകളില്‍ ഇടപെടുകയെന്നതും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി കാണേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ നഗരവല്‍ക്കരണം സജീവമായി നടന്നുവരികയാണ്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഇടപെടുകയെന്നത് പ്രധാനമാണ്. ഇടത്തരം വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ വികസന കാഴ്ചപ്പാടിനും ബുദ്ധിജീവികളുടെ ഇടപെടലിനും സവിശേഷമായ സ്ഥാനമുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്.
വര്‍ത്തമാനകാലത്ത് വ്യത്യസ്ത മാധ്യമങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയത്തേയും ചിന്തകളേയുമെല്ലാം വലിയ തോതില്‍ സ്വാധീനിക്കുന്ന നിലയുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ഇടപെടുകയെന്നത് പ്രധാനമാണ്. മാധ്യമങ്ങളുടെ പക്ഷപാതിത്വപരമായ നിലപാട് തുറന്നുകാട്ടി മാധ്യമ സംസ്കാരം വികസിപ്പിക്കുകയെന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായി ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും ഏറ്റെടുക്കേണ്ടതുണ്ട്. പത്രമാധ്യമങ്ങളുടെ പ്രചരണവും നവമാധ്യമ രംഗത്തെ നമ്മുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും സവിശേഷമായ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.
സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതില്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ജനങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട് പൊതുമണ്ഡലങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനുള്ള ഇടപെടലുകളും സജീവമായി ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ ചിന്തകൾ പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിനും കഴിയേണ്ടതുണ്ട്. വിവിധ ജനവിഭാഗങ്ങള്‍ പരസ്പരം ഇഴുകിച്ചേർന്ന് ജീവിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. എല്ലാ ഉത്സവങ്ങളിലും ആഘോഷങ്ങളിലും എല്ലാവരും പങ്കെടുക്കുകയെന്ന രീതിയിലേക്ക് അവയെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പൊതുഇടങ്ങളെ സംരക്ഷിക്കുകയെന്നതും പൊതുവിദ്യാഭ്യാസമുള്‍പ്പെടെയുള്ളവയെ വികസിപ്പിക്കുകയെന്നുള്ളതും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി മാറുന്നുണ്ട്.
അരാഷ്ട്രീയമായ ചിന്താരീതികള്‍ വികസിച്ചുവരുന്നതിന് കാരണമായിത്തീരുന്ന ഒരു ഘടകം വായനയുടേയും എഴുത്തിന്റേയും ലോകങ്ങളില്‍ നിന്ന് അകന്നുനിൽക്കുന്നു എന്നുള്ളതാണ്. അതിനെ മറികടക്കുന്ന വിധം വായനശാലകളുടേയും, കലാസമിതികളുടേയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയെന്നത് ഏറെ പ്രധാനമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കായിക മേഖലയിലും നല്ല ശ്രദ്ധപുലര്‍ത്താന്‍ കഴിയേണ്ടതുണ്ട്.
സംസ്ഥാനത്ത് 2,494 ലോക്കല്‍ കമ്മിറ്റികളാണ് ഇപ്പോഴുള്ളത്. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുകയെന്ന ഉത്തരവാദിത്വമാണ് പ്രധാനമായും ഇവര്‍ക്ക് ഏറ്റെടുക്കാനുള്ളത്. പ്രാദേശികമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ലോക്കല്‍ കമ്മിറ്റികള്‍ നിര്‍വ്വഹിക്കണം.
പാര്‍ട്ടിയംഗങ്ങളുടെ ജനറല്‍ ബോഡികള്‍, അനുഭാവി യോഗങ്ങള്‍, ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കേണ്ടത് ലോക്കല്‍ കമ്മിറ്റികളാണ്. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ എന്നനേ-്വഷിക്കുകയും അവയെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമാണ് ഇവര്‍ക്ക് ഏറ്റെടുക്കാനുള്ളത്. അത് ഫലപ്രദമായി നിര്‍വ്വഹിക്കുന്ന രീതിയാണ് പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്.
വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ ചെറുത്തുതോൽപ്പിക്കുന്നതിനും അതിനുതകുന്ന വിധത്തിൽ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനുമെല്ലാം നേതൃത്വപരമായ പങ്കുവഹിക്കുന്നതും ലോക്കല്‍ കമ്മിറ്റികളാണ്. ഒരു വില്ലേജില്‍ ഒരു കമ്മിറ്റി എന്ന നിലയിലാണ് പൊതുവില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വില്ലേജ് തലത്തിലെ വര്‍ഗ്ഗ – ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ശ്രദ്ധിക്കുകയെന്ന ഉത്തരവാദിത്വവും ലോക്കല്‍ കമ്മിറ്റികള്‍ ഏറ്റെടുക്കുന്നുണ്ട്.
പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ ജനങ്ങളിലെത്തിക്കുകയും അതിനനുസൃതമായ വിധത്തില്‍ ഇടപെടുകയും ചെയ്യുകയെന്നതാണ് ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ചുകളും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം. പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ വേരാഴ്ത്തി നിര്‍ത്തുന്നതിനുള്ള ഘടകങ്ങള്‍ എന്ന നിലയില്‍ സുപ്രധാനമായ ഉത്തരവാദിത്വമാണ് ഇവയ്ക്കുള്ളത്. പാര്‍ട്ടിക്കെതിരായി ശക്തമായ പ്രചാരവേലകള്‍ എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരുമ്പോഴും അതിനെ ചെറുക്കുന്നതിനുള്ള സംവിധാനമെന്ന നിലയില്‍ ബ്രാഞ്ചുകളും ലോക്കല്‍ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് വലിയ ബഹുജനാടിത്തറയുള്ള പാര്‍ട്ടിയായി സിപിഐ എമ്മിന് കേരളത്തില്‍ മുന്നോട്ടുപോകാനാവുന്നത്. l



