ജനാധിപത്യത്തിന്റെ കാവലാളാവുക, അധികാരത്തിലുളളവരോട് ചോദ്യങ്ങൾ നിർഭയം ചോദിച്ചുകൊണ്ടിരിക്കുക, ആവശ്യമുള്ള സമയങ്ങളിൽ പ്രതിപക്ഷമായി പ്രവർത്തിക്കുക എന്നിവയൊക്കെ മാധ്യമങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്വങ്ങളാണ്. ആ ഉത്തരവാദിത്വം മാധ്യമങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് വിലയിരുത്താൻ സർക്കാരിനെതിരായ എത്ര വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നതിന്റെ കണക്കുമാത്രം പോരാ. ഏതൊക്കെ വിഷയങ്ങളിൽ ഇടപെടൽ നടത്തി, ആരുടെയൊക്കെ വിശദീകരണം തേടി, അപ്രിയമായ ചോദ്യങ്ങൾ ചോദിച്ചോ, മറുപടി ലഭിക്കാത്ത ചോദ്യങ്ങൾ ആവർത്തിച്ചോ, എങ്കിൽ എത്രവട്ടം എന്നതൊക്കെ കൂടി പരിശോധിക്കണം. കേരളത്തിലെ യുഡിഎഫ് സർക്കാരിനോടുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ സമീപനത്തെക്കുറിച്ചുള്ള ചർച്ച തുടങ്ങേണ്ടതും ഈ ചോദ്യങ്ങളിൽ നിന്നാണ്.
മാധ്യമങ്ങളോട് സർക്കാരിനുള്ളതായി വ്യാഖ്യാനിക്കപ്പെടുന്ന ധിക്കാരപൂർണമായ സമീപനവും അതേ സർക്കാരിന് ഒരു വിഭാഗം മാധ്യമങ്ങൾ നൽകുന്ന സംരക്ഷണവും തമ്മിൽ വിരോധാഭാസമുണ്ടെങ്കിലും ഇവ ഒരുമിച്ച് പരിശോധിക്കേണ്ട കാര്യങ്ങളാണ്. ചോദ്യങ്ങളോടുള്ള അസഹിഷ്ണുത ആവർത്തിച്ച് പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾ വീണ്ടും നേരിടേണ്ടിവരുന്നുണ്ടോ? സർക്കാർ നൽകുന്ന വിവരങ്ങളും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവുമടക്കം വാർത്തയാക്കുന്നതിനൊപ്പം അത് വസ്തുതാപരമാണോ എന്ന് മാധ്യമങ്ങൾ പരിശോധിക്കുന്നുണ്ടോ? മുൻ സർക്കാരിനെ വിമർശിക്കാൻ അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങൾ പുതിയ സർക്കാരിന്റെ കാര്യത്തിലും പ്രയോഗിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ വിമർശകരുമാണ്.
കണ്ണട മുതൽ റേഞ്ച് റോവർ വരെ;
മാധ്യമശ്രദ്ധയുടെ മാറുന്ന മുഖങ്ങൾ
മാധ്യമങ്ങളുടെ ഈ സമീപനം പരിശോധിക്കാൻ പഴയ ചില വാർത്തകളിലേക്ക് തിരിഞ്ഞുനോക്കുന്നതും പ്രസക്തമാണ്. മാധ്യമപ്രവർത്തക നിലീന അത്തോളിയാണ് ഫേസ്ബുക്കിൽ അടുത്തകാലത്ത് ഇക്കാര്യം ഓർത്തെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ വാങ്ങിയ കണ്ണടയുടെ വില വലിയ രാഷ്ട്രീയ-–മാധ്യമ വിവാദമായി മാറിയിരുന്നു. 28800 രൂപ വിലവന്ന കണ്ണടയുടെ ചെലവ് സർക്കാർ റീഇംബേഴ്സ് ചെയ്തുവെന്ന വാർത്തയാണ് വിവാദത്തിന്റെ അടിസ്ഥാനം. കണ്ണട വാങ്ങിയത് ചികിത്സാപരമായ ആവശ്യത്തെ തുടർന്നാണെന്ന വിശദീകരണവും പുറത്തുവന്നു. എന്നിട്ടും ഒരു മന്ത്രിയുടെ ജീവിതശൈലിയും സർക്കാരിന്റെ ‘ധൂർത്തും’ വിലയിരുത്താനുള്ള പ്രതീകമായി ആ കണ്ണട ഏറെക്കാലം പൊതുചർച്ചയിൽ നിലനിന്നു.
അതേ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണികളും കർട്ടനുകളുടെ ചെലവുമൊക്കെ സമാനമായ രീതിയിൽ ‘ധൂർത്ത്’ എന്ന രാഷ്ട്രീയ ആഖ്യാനത്തിന്റെ ഭാഗമായി. പൊതുപണം എങ്ങനെ ചെലവഴിക്കുന്നു എന്നത് മാധ്യമങ്ങൾ പരിശോധിക്കേണ്ടതുതന്നെയാണ്. എന്നാൽ ആയിരങ്ങളുടേയോ ലക്ഷങ്ങളുടേയോ ഇത്തരം ചെലവുകളെ ഒരു സർക്കാരിന്റെ സ്വഭാവം തന്നെ നിർവചിക്കുന്ന വാർത്തകളാക്കി മാറ്റിയ മാധ്യമങ്ങൾ, ഭരണം മാറിയപ്പോഴും അതേ സൂക്ഷ്മതയും അതേ ധാർമിക രോഷവും പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ ആ ചോദ്യം കൂടുതൽ പ്രസക്തമാണ്. യുഡിഎഫ് സർക്കാരിലെ മന്ത്രി കെഎം ഷാജി സുഹൃത്തായ വ്യവസായിയുടെ റേഞ്ച് റോവർ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിച്ചത് വിവാദമായി. സർക്കാർ പണം അതിന് ചെലവായിട്ടില്ലെന്ന ന്യായീകരണവും ഉയർന്നു. എന്നാൽ പ്രശ്നം വാഹനത്തിന്റെ വില മാത്രമായിരുന്നോ? അധികാരസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരു സ്വകാര്യ വ്യക്തിയിൽനിന്ന് വിലകൂടിയ സൗകര്യം സ്വീകരിക്കുന്നതിലെ ഔചിത്യവും അതിലൂടെ ഉയരാവുന്ന കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് സംബന്ധിച്ച ചോദ്യവുമായിരുന്നു പ്രശ്നം. ഇതോടൊപ്പം സ്വകാര്യ വ്യക്തി സ്പോൺസർ ചെയ്ത മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയും മന്ത്രിമാരുടെ സ്പോൺസേ ർഡ് വിദേശയാത്രകളും പൊതുചർച്ചയിലെത്തി.
ഇവിടെ മാധ്യമങ്ങൾ ഈ വാർത്തകൾ ഒന്നും പ്രസിദ്ധീകരിച്ചില്ലെന്ന് പറയുന്നത് വസ്തുതാപരമായി ശരിയാകില്ല. റേഞ്ച് റോവർ വിവാദം വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്ത കൊടുത്തോ ഇല്ലയോ എന്നതല്ല, എത്ര പ്രാധാന്യത്തോടെ കൊടുത്തു, എത്ര ദിവസം ഫോളോ അപ്പ് ചെയ്തു, മറുപടി തൃപ്തികരമല്ലാത്തപ്പോൾ എത്ര തവണ ചോദ്യങ്ങൾ ആവർത്തിച്ചു, വിശദീകരണത്തിലെ വൈരുധ്യങ്ങൾ എത്രത്തോളം പരിശോധിച്ചു എന്നതൊക്കെയാണ് വിഷയങ്ങൾ. മുൻ സർക്കാരിന്റെ കാലത്ത് കണ്ണടയും കർട്ടനുംവരെ ഭരണകൂടത്തിന്റെ ധൂർത്തിന്റെ പ്രതീകങ്ങളാക്കിയ കഴിഞ്ഞ മാധ്യമങ്ങൾക്ക്, റേഞ്ച് റോവർ, ചാർട്ടേഡ് ഫ്ലൈറ്റ്, സ്വകാര്യ വ്യക്തികളുടെ ചെലവിൽ നടക്കുന്ന മന്ത്രിമാരുടെ വിദേശ യാത്രകൾ എന്നിവയൊക്കെ വരുമ്പോൾ അതേ അന്വേഷണത്വരയും അതേ സൂക്ഷ്മതയും ഉണ്ടോ എന്നതാണ് ചോദ്യം.
സ്വകാര്യ വ്യക്തികളിൽനിന്ന് ഭരണാധികാരികൾ സൗജന്യങ്ങൾ സ്വീകരിക്കുമ്പോൾ അതിന് പിന്നിലെ ബന്ധങ്ങൾ മാധ്യമങ്ങൾ പരിശോധിക്കേണ്ടതല്ലേ? ആരാണ് സൗജന്യം നൽകിയത്, എന്തിനാണ് നൽകിയത്, അതിന് എന്തെങ്കിലും പ്രത്യുപകാരം അവർ പ്രതീക്ഷിക്കുന്നുണ്ടോ, ഔദ്യോഗിക തീരുമാനങ്ങളുമായി ആ വ്യക്തിക്ക് ബന്ധമുണ്ടോ തുടങ്ങിയവയാണ് സ്വാഭാവികമായ തുടർചോദ്യങ്ങൾ. മാധ്യമങ്ങളുടെ നിഷ്പക്ഷത അളക്കേണ്ടത് ഓരോ ഭരണകാലത്തും അവർ ഇത്തരം ചോദ്യങ്ങൾ ഒരേ ആർജവത്തോടെ ചോദിക്കുന്നുണ്ടോ എന്നതിലൂടെയാണ്.
മുൻ സർക്കാരിന്റെ കാലത്ത് മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ഒരു പ്രതികരണം വർഷങ്ങളോളം മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പ്രതീകമായി ആവർത്തിക്കപ്പെട്ടു. ചർച്ചകളും വിമർശനങ്ങളും കാർട്ടൂണുകളും തുടർന്നു. അന്ന് പ്രകടമായ മാധ്യമ ഐക്യവും വർഗബോധവും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും അതേ ശക്തിയിൽ തുടരുന്നുണ്ടോ എന്നതാണ് ചോദ്യം. “നിങ്ങളെ എനിക്ക് കാണേണ്ട, ദയവായി മാറി നിൽക്കൂ” എന്നു പറഞ്ഞ് മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ വി ഡി സതീശൻ ആവശ്യപ്പെട്ടു. പലപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ഒറ്റതിരിഞ്ഞ് മാധ്യമപ്രവർത്തകരെ നേരിടുമ്പോഴും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുമ്പോഴും മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ അധികാരം ഉപയോഗിക്കുമ്പോഴും പ്രതിഷേധസ്വരം എവിടെയാണ് ഉയരുന്നത്? മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഭരണകക്ഷിയെ നോക്കി നിലപാട് മാറ്റരുത്.
ന്യൂസ്റൂമിലേക്ക് പൊലീസ് കയറുമ്പോൾ
റിപ്പോർട്ടർ ടിവിയിലെ പോലീസ് പരിശോധനയുടെ കാര്യമെടുക്കാം. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധനയെന്നാണ് സർക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം. വാർത്താപ്രക്ഷേപണം സുഗമമായി നടത്താനായില്ലെന്നും മാധ്യമപ്രവർത്തകരുടെ ഫോണുകൾവരെ പിടിച്ചെടുത്തുവെന്നും ചാനൽ ആരോപിച്ചു.
എന്നാൽ ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളൊഴിച്ചാൽ ഭൂരിഭാഗം പേരും റിപ്പോർട്ടറിനുവേണ്ടി ശബ്ദമുയർത്തിയില്ല, മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടില്ല. അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന സംഭവമായി മാറി അത്. അക്കാലത്ത് ആദ്യമവർ വാർത്താമുറികളിലേക്കാണ് കടന്നുചെന്നത്. പത്രങ്ങൾ പിടിച്ചെടുക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും മാധ്യമ പ്രവർത്തകരെ അറസ്റ്റുചെയ്യുകയും ചെയ്തു.
അടിയന്തരാവസ്ഥയുടെ രീതികൾ തിരിച്ചുവരുമ്പോൾ അത് തിരിച്ചറിയുകയും എതിർക്കുകയും ഒറ്റക്കെട്ടായി നിൽക്കുകയും വേണ്ടേ? കേരളത്തിൽ നാലാം തൂണിനു നേരെ ആക്രമണം നടന്നപ്പോൾ ഇവിടുത്തെ മാധ്യമസ്ഥാപനങ്ങൾ എവിടെ നിന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പാണ്.
ഉന്നയിക്കപ്പെടാതെ പോകുന്ന
ചോദ്യങ്ങൾ സർക്കാരിന് ലഭിക്കുന്ന
സംരക്ഷണമാണ്
വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്, മുഖ്യമന്ത്രി പറയുന്നത് രേഖപ്പെടുത്താൻ മാത്രമല്ല മുൻ പ്രസ്താവനകളും സർക്കാർ രേഖകളും തീരുമാനങ്ങളും പരിശോധിച്ച് വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടേണ്ട സന്ദർഭം കൂടിയല്ലേ അത്? മൊബൈൽ ഫോണിൽപ്പോലും രേഖകൾ ലഭ്യമാകുന്ന കാലത്ത്, വസ്തുതാപരമായി പരിശോധിക്കാവുന്ന അവകാശവാദങ്ങളെ ചോദ്യം ചെയ്യാൻ വാർത്താസമ്മേളനം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
ചോദ്യത്തോടുള്ള ധിക്കാരപരമായ പ്രതികരണം മറുപടിയായി വരാൻ അനുവദിക്കരുത്. അക്കാര്യത്തിൽ ഈ സർക്കാരിന് എന്തൊരു ഇമ്മ്യൂണിറ്റിയാണ് മാധ്യമങ്ങൾ കൊടുക്കുന്നത്. മറുപടി ലഭിച്ചില്ലെങ്കിൽ ചോദ്യം ആവർത്തിക്കണം. മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാനുള്ള അവസരം ഉപയോഗിക്കാതെ, വാർത്താസമ്മേളനം കഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിമർശനം എഴുതുന്നതുകൊണ്ട് കാര്യമില്ല. പിന്നീട് സ്റ്റുഡിയോയിൽ എത്ര കടുത്ത ചർച്ച നടത്തിയാലും, മറുപടി പറയേണ്ട വ്യക്തിക്ക് ആ ചോദ്യം നേരിടേണ്ടിവരുന്നില്ല. ഉന്നയിക്കപ്പെടാതെ പോകുന്ന ചോദ്യങ്ങളും സർക്കാരിന് ലഭിക്കുന്ന സംരക്ഷണമാണെന്ന് മാധ്യമ പ്രവർത്തകർക്ക് അറിയാത്തതൊന്നുമല്ലല്ലോ.
ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായി റിപ്പോർട്ടുകളിൽ വിശേഷിപ്പിക്കപ്പെട്ട വ്യക്തി പിടിയിലായ സംഭവത്തിന്റെ ഫോളോ അപ്പ് എന്തായി? ഔദ്യോഗിക ചുമതലയുണ്ടായിരുന്നോ? അന്വേഷണത്തിൽ പിന്നീട് എന്ത് സംഭവിച്ചു? ഇത്തരം ചോദ്യങ്ങൾക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ മറുപടി കണ്ടെത്തിയിട്ടുണ്ടോ? മുൻ സർക്കാരുമായി ബന്ധപ്പെട്ടവർക്കെതിരെ ആരോപണം ഉയർന്നപ്പോൾ പ്രകടിപ്പിച്ച അന്വേഷണതാൽപര്യം ഇപ്പോഴും ഉണ്ടാകണം. അതല്ലേ ന്യായം? മന്ത്രിമാരുടെ സ്പോൺസേഡ് ടൂറുകൾ, ബന്ധു നിയമനം ഇതൊക്കെ മുഖ്യധാരാ മാധ്യമങ്ങളേക്കാൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് എന്തുകൊണ്ടാകാം?
വി ഡി സതീശൻ നടത്തിയ മംഗളൂരു യാത്രയെക്കുറിച്ചും എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വിശദീകരണം ആവശ്യപ്പെടുന്നവയാണ്. ആരെ കണ്ടു, എന്തിനായിരുന്നു കൂടിക്കാഴ്ച, യാത്രയുടെ ചെലവ് വഹിച്ചത് ആര് തുടങ്ങിയ ചോദ്യങ്ങൾ മാധ്യമങ്ങൾ പരിശോധിച്ചിട്ടുണ്ടോ ? ആവർത്തിച്ചു ചോദിച്ചിട്ടുണ്ടോ? മാധ്യമങ്ങളുമായുള്ള സ്വതന്ത്രമായ ഇടപെടലുകൾക്ക് സമയപരിധിയും നിയന്ത്രണവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി, എല്ലാ ബുധനാഴ്ചയും മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ് അറിയിച്ചതിന് പിന്നാലെ മന്ത്രിസഭായോഗത്തിനു ശേഷമുള്ള പതിവ് വാർത്താസമ്മേളനംപോലും സെപ്തംബർ മുപ്പതിന് ഒഴിവാക്കി.
വാർത്തകൾ തമസ്കരിക്കപ്പെടുന്നതും
പക്ഷപാതത്തിന്റെ ഭാഗമായി
മണ്ണിടിച്ചിലടക്കമുള്ള ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. മുന്നറിയിപ്പുകളുടെയും മുൻകരുതൽ നടപടികളുടെയും കാര്യത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ പ്രാധാന്യം എത്രയായിരുന്നു? ആ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ച് സർക്കാരിനോട് തുടർചോദ്യങ്ങൾ ചോദിച്ചോ? ആ വാർത്താസമ്മേളനത്തിന് എത്ര പ്രാധാന്യം ലഭിച്ചു? വാർത്ത അർഹിക്കുന്ന പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും ചിലരെ സംരക്ഷിക്കാനായിക്കൂടെ?
സൈബർ ആക്രമണങ്ങളെ വിലയിരുത്തുന്നതിലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സമീപനങ്ങൾ മാറ്റരുത്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മകൾക്കെതിരെ കോൺഗ്രസ് അനുയായികൾ നടത്തിയ അധിക്ഷേപങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അച്ഛനെ കണ്ടെത്താനുള്ള തിരച്ചിലിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന മകൾക്ക് രാഷ്ട്രീയലക്ഷ്യം ആരോപിച്ച് അധിക്ഷേപം നേരിടേണ്ടിവരുന്നത് ഗൗരവമുള്ള വിഷയമാണ്. കോൺഗ്രസ് നേതാക്കൾക്കെതിരായ പ്രതികരണങ്ങളെ സൈബർ ആക്രമണമായി ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇവിടെ പ്രകടിപ്പിച്ച പ്രതികരണം എന്തായിരുന്നു?
‘ഗോദി മീഡിയ’യെ
വിമർശിക്കുമ്പോൾ
ഉത്തരേന്ത്യയിലെ ‘ഗോദി മീഡിയ’യെ വിമർശിക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അവരും നമ്മളും തമ്മിൽ എന്തു വ്യത്യാസമാണുള്ളതെന്ന ആത്മപരിശോധന നടത്തണം. അന്വേഷണ ഏജൻസികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധനയില്ലാതെ ബ്രേക്കിങ് ന്യൂസാക്കുകയും ആരോപണത്തെ കുറ്റം തെളിഞ്ഞതുപോലെ അവതരിപ്പിക്കുകയും ചെയ്യുന്ന രീതി എവിടെ നടന്നാലും അത് പ്രശ്നമാണ്. ഇഡി നൽകുന്ന വിവരം അപ്പാടെ വിഴുങ്ങുമ്പോൾ അത് പരിശോധിക്കപ്പെടേണ്ടതല്ലെന്നു ഈ മാധ്യമങ്ങൾക്ക് തോന്നുന്നത് എന്തുകൊണ്ടായിരിക്കാം…
ദില്ലിയിലെ പ്രതിഷേധങ്ങളിൽ
ചിലർ മാത്രം കാണാതെപോകുന്ന
ഇടതുപക്ഷം
എസ്ഐആർ വിഷയത്തിൽ, ഇടതുനേതാക്കളും പ്രവർത്തകരും ദില്ലിയിലെ തെരുവുകളിൽ പ്രതിഷേധം നയിച്ചും പൊലീസ് നടപടികളെ നേരിട്ടും ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി പോരാടുകയാണ്. വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾവരെ സമരത്തിന്റെ മുന്നണിയിലുണ്ട്. പിണറായി വിജയനെയും എം എ ബേബിയെയും ശൈലജ ടീച്ചറെയും ശ്രീമതി ടീച്ചറെയും അവിടെ കണ്ടതാണ്. അവരുടെ സ്ഥിരം വിമർശകർപോലും സമൂഹമാധ്യമങ്ങളിൽ ആ പങ്കാളിത്തം അംഗീകരിച്ചു.
ഈ പശ്ചാത്തലത്തിലും കേരളത്തിലെ ചില മാധ്യമങ്ങൾക്കും വിമർശകർക്കും ചർച്ച ചെയ്യാനുള്ളത് ഇടതുപക്ഷത്തിന്റെ ‘അവസ്ഥ’ മാത്രം. ഈ സമരങ്ങളിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക് അവരുടെ വിലയിരുത്തലുകളിൽ ഇടംപിടിക്കാത്തത് എന്തുകൊണ്ടാണ്? ഒരു ചാനൽ പരിപാടിയിൽ രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തിയ അവതാരക, ഇടതുപക്ഷമെന്നോ സിപിഐഎമ്മെന്നോ ഒരിക്കൽപ്പോലും പരാമർശിക്കാതിരുന്നത് കണ്ട് അതിശയിച്ചുപോയി. അത്രയും മെനക്കെട്ടാൽ മാത്രമേ ഇടതുപക്ഷത്തെ പരാമർശിക്കാതെ ഈ സമരത്തെക്കുറിച്ച് സംസാരിക്കാനാകൂ. വാരാന്ത്യ പ്രതിഷേധങ്ങളിലെ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും അസാന്നിധ്യം ചർച്ചയായപ്പോഴും ആ അവതാരക രാഹുലിന്റെ ഇടപെടലുകളെക്കുറിച്ചാണ് വാചാലയായത്.
സർക്കാരുകൾ മാറാം;
ചോദ്യങ്ങളുടെ മാനദണ്ഡം മാറരുത്
യുഡിഎഫ് സർക്കാരിനോട് സ്വീകരിക്കുന്ന മൃദുസമീപനവും ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ തമസ്കരിക്കുന്ന വാർത്താരീതിയും ഒരുമിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. വാർത്തകളുടെ തിരഞ്ഞെടുപ്പിലും അവയ്ക്കുനൽകുന്ന പ്രാധാന്യത്തിലും ഫോളോ അപ്പിലും രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ട്. അവിടെയാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും പരീക്ഷിക്കപ്പെടുന്നത്.
ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾക്ക് സർക്കാർ മറുപടി പറയുന്നുവെന്ന് ഉറപ്പാക്കുകയാണ് മാധ്യമങ്ങളുടെ ജോലി. ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ അസഹിഷ്ണുതയോ ധിക്കാര മനോഭാവമോ കാണിക്കുമ്പോൾ ആ ചോദ്യത്തിൽ ഉറച്ചുനിൽക്കണം. സർക്കാർ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുമ്പോൾ രേഖകൾ മുന്നിൽവയ്ക്കണം. മറുപടിയില്ലാത്ത വിഷയങ്ങളെ വീണ്ടും പിന്തുടരണം. ഈ അടിസ്ഥാന മാധ്യമധർമ്മത്തിൽ നിന്നുതന്നെ യുഡിഎഫ് സർക്കാരിന് ഇളവ് ലഭിക്കുന്നുവെങ്കിൽ, ‘അധികാരത്തിന്റെ പ്രതിപക്ഷം’ എന്ന അവകാശവാദം തന്നെ ചോദ്യം ചെയ്യപ്പെടും. നാലാം തൂണെന്ന ജനാധിപത്യത്തിലെ മാധ്യമങ്ങളുടെ ഇടംതന്നെ അപ്രസക്തമാകും.
ഈ വിമർശനം എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല ഉന്നയിക്കുന്നത്. അധികാര കേന്ദ്രങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയും കൃത്യമായ അന്വേഷണങ്ങൾ നടത്തുകയും വാർത്തകളെ അക്ഷീണം പിന്തുടരുകയും സമ്മർദങ്ങൾക്കിടയിലും പ്രൊഫഷണൽ സത്യസന്ധത കൈവിടാതിരിക്കുകയും ചെയ്യുന്ന നിരവധി മാധ്യമപ്രവർത്തകർ കേരളത്തിലുണ്ട്. പക്ഷേ അതുകൊണ്ട് മാധ്യമരംഗത്തെ ഇരട്ടത്താപ്പുകളെ ചോദ്യംചെയ്യാതിരിക്കാനാവില്ല. അധികാരം മാറുമ്പോൾ ചോദ്യങ്ങളുടെ ഷാർപ്നെസ് മാറുകയും, ഒരാളോട് കാണിച്ച നിലപാട് മറ്റൊരാളോട് കാണിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ചോദ്യം ചെയ്യപ്പെടും. അതിനെ വെറും എഡിറ്റോറിയൽ ചോയ്സായി കാണാനാവില്ല. രാഷ്ട്രീയ പക്ഷപാതമായിത്തന്നെ അത് വായിക്കപ്പെടും. അധികാരം ആരുടേതായാലും മാധ്യമങ്ങൾക്ക് ഒരേ സമീപനം തന്നെയായിരിക്കണം. നിഷ്പക്ഷത അങ്ങനെയാണ് തെളിയിക്കേണ്ടത്. സർക്കാരുകൾ മാറുമ്പോൾ മാറേണ്ടതല്ല മാധ്യമങ്ങളുടെ ജനാധിപത്യ ഉത്തരവാദിത്വം. l



