ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിനെതിരെ (റിപ്പോർട്ടർ ടിവി) സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന കടന്നാക്രമണങ്ങളെ കേവലമൊരു നിയമനടപടിയായി ചുരുക്കിക്കാണാൻ കഴിയില്ല. സത്യത്തിൽ എന്താണ് ഈ കേസിന്റെ അടിസ്ഥാനം? സാമാന്യബുദ്ധിയുള്ള ആർക്കും ഒറ്റവാക്കിൽ പറയാൻ കഴിയുന്ന ഉത്തരമേ ഇതിനുള്ളൂ– ‘ഒന്നുമില്ല’. ഇല്ലാത്ത ഒരു കേസ് കെട്ടിച്ചമച്ച്, കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഇഡിയെയും (ED) ഇൻകം ടാക്സിനെയും ഉപയോഗിച്ച് നടപ്പിലാക്കുന്ന അതേ മാധ്യമവേട്ടയുടെയും രാഷ്ട്രീയ പകപോക്കലിന്റെയും തനിപ്പകർപ്പാണ് കേരളത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ പകർത്തിവയ്ക്കുന്നത്.
ഈ കേസിന്റെ യുക്തിയില്ലായ്മ ആദ്യം പരിശോധിക്കാം. അർജന്റീന ടീമിനെ കൊണ്ടുവരാൻ റിപ്പോർട്ടർ ചാനൽ സ്വന്തം നിലയ്ക്ക് നൂറുകോടിയിലധികം രൂപ അഡ്വാൻസായി നൽകുന്നു. ഇതിനായി സർക്കാരിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഒരു നയാപൈസ പിരിച്ചിട്ടില്ല. വിദേശ താരങ്ങൾക്ക് കളിക്കുന്നതിനായി കൊച്ചിയിലെ ജിസിഡിഎ (GCDA) സ്റ്റേഡിയം സ്വന്തം ചെലവിൽ അവർ നവീകരിക്കുന്നു. മാതൃഭൂമി ‘ക’ ഫെസ്റ്റിവലോ, മനോരമ ‘ഹോർത്തൂസോ’ നടത്തുമ്പോൾ സർക്കാർ വേദികൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവോ, സമാനമായ ഒരു നടപടി മാത്രമാണിത്. പണി പൂർത്തിയായെങ്കിലും ഇല്ലെങ്കിലും, ഫ്രീ ആയി കിട്ടിയ സ്റ്റേഡിയം നവീകരണം സർക്കാരിന് ലാഭം മാത്രമാണ് ഉണ്ടാക്കിയത്. ഒടുവിൽ സാങ്കേതിക കാരണങ്ങളാൽ മെസിയുടെ പരിപാടി റദ്ദാക്കപ്പെടുന്നു. അഡ്വാൻസ് തുക നഷ്ടപ്പെട്ടതും സാമ്പത്തിക ബാധ്യതയുണ്ടായതും റിപ്പോർട്ടർ ചാനലിനാണ്. സർക്കാരിന്റെ ഖജനാവിന് ഒരു പോറലും ഏറ്റിട്ടില്ല എന്നിരിക്കെ ഇതിൽ എവിടെയാണ് തട്ടിപ്പ്?
ഇനി സർക്കാർ ഉയർത്തുന്ന ജിഎസ്ടി വെട്ടിപ്പ് എന്ന ബാലിശമായ വാദത്തിലേക്ക് വരാം. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ, ജിഎസ്ടി എന്നത് സപ്ലൈയ്ക്ക് (Supply of Service) മേലുള്ള നികുതിയാണ്. അർജന്റീന ടീം കേരളത്തിൽ വരുന്നില്ല എന്ന് ഉറപ്പായതോടെ ആ സേവനം ഇല്ലാതായി. സേവനം നടക്കാത്ത ഒരു ഇടപാടിന്മേൽ എന്തടിസ്ഥാനത്തിലാണ് ജിഎസ്ടി വകുപ്പ് കേസ് എടുക്കുന്നത്? ഭാവിയിൽ കിട്ടാനിടയുള്ള സേവനത്തിന് നൽകിയ മുൻകൂർ തുകയ്ക്ക് റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ നികുതി ഈടാക്കിയിരുന്നെങ്കിൽതന്നെ, സേവനം റദ്ദാക്കപ്പെടുമ്പോൾ ആ തുക നികുതിദായകന് തിരികെ നൽകാൻ വകുപ്പ് ബാധ്യസ്ഥവുമാണ്. ഇതാണ് നിയമം. എന്നിട്ടും, ജിഎസ്ടി വെട്ടിപ്പ് എന്ന കള്ളക്കഥ മെനഞ്ഞ്, നികുതി പിരിവിനെ ഒരു കാടൻ ആയുധമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാർ. ചുരുക്കിപ്പറഞ്ഞാൽ, ഇല്ലാത്ത കേസിന്റെ മറവിലാണ് ഇരുപത് മണിക്കൂറോളം റിപ്പോർട്ടർ ടിവിയുടെ വാർത്താമുറിയിൽ പൊലീസ് അഴിഞ്ഞാടിയതും സംപ്രേഷണം തടസ്സപ്പെടുത്തിയതും.
റിപ്പോർട്ടർ ടിവിയുടെ മീഡിയ റൂമിൽ കേരള പൊലീസ് അതിക്രമിച്ചുകടന്ന് മാധ്യമ പ്രവർത്തകരുടെ കസേരകളിൽ കയറിയിരുന്ന സംഭവം സൂചിപ്പിക്കുന്നത് മാധ്യമങ്ങൾക്കുമേൽ പൊലീസ് ആധിപത്യം ഉറപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തെയാണ്. മാധ്യമ സ്ഥാപനത്തിന്റെ ഉടമയുടെ പേരിൽ ഒരു കേസുണ്ടെങ്കിൽ, അയാളുടെ താമസസ്ഥലമോ, മാനേജ്മെന്റ് ഓഫീസോ റെയ്ഡ് ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ, മീഡിയാ റൂമിൽ എന്തിന് പൊലീസ് കടന്നുവെന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയുകയോ സർക്കാർ അനുമതിയില്ലാതെയാണ് പൊലീസ് നടപടിയെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. അതായത്, എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുകയാണ് റിപ്പോർട്ടർ ടിവിയിലെ പൊലീസ് കടന്നുകയറ്റത്തിനുപിന്നിൽ കാണുന്നത്. ഇതാണ് വി ഡി സതീശൻ സർക്കാരിന്റെ മാധ്യമ സമീപനം. ഈ സമീപനത്തോട് ഒത്തുനിൽക്കുകയാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാരുടെ അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾക്കും താൽപ്പര്യം.
ഇവിടെയാണ് കേരള സർക്കാരിന്റെ നടപടികളും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളും തമ്മിലുള്ള സാമ്യം നാം തിരിച്ചറിയേണ്ടത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോർപ്പറേറ്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു ‘ഹഫ്താ വസൂലി’ തന്ത്രമാണ് നരേന്ദ്ര മോദി സർക്കാർ പയറ്റുന്നത്. ഫ്യൂച്ചർ ഗെയിമിങ്, അരബിന്ദോ ഫാർമ, മേഘ എഞ്ചിനീയറിങ് തുടങ്ങിയ കമ്പനികളിൽ ഇഡി റെയ്ഡ് നടത്തുകയും, തൊട്ടുപിന്നാലെ അവർ ഇലക്ടറൽ ബോണ്ടുകൾ വഴി ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകിയപ്പോൾ അന്വേഷണം മരവിപ്പിക്കുകയും ചെയ്തത് രാജ്യം കണ്ടതാണ്. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ഡൽഹിയിൽ വാചാലരാകുന്ന കോൺഗ്രസ് നേതൃത്വം, കേരളത്തിൽ തങ്ങൾക്ക് അധികാരമുള്ളപ്പോൾ സ്വന്തം ജിഎസ്ടി വകുപ്പിനെയും പൊലീസിനെയും ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നു. ഇത് ഫെഡറൽ സംവിധാനത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ്.
അന്വേഷണ ഏജൻസികളെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടം വളരെ വലുതാണ്. ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്ന മാധ്യമങ്ങളെ ഇല്ലാത്ത നികുതിവെട്ടിപ്പിന്റെ പേരിൽ വേട്ടയാടുന്നത് സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ഭരണകൂടത്തിന് വഴങ്ങാത്തവരെ പൂട്ടിക്കാനുള്ള ആയുധമായി അന്വേഷണ ഏജൻസികൾ മാറുന്നു.
ഇന്ന് ഒരു വാർത്താ ചാനലിനുനേരെ ഭരണകൂട ഭീകരത അരങ്ങേറുമ്പോൾ, തങ്ങളുടെ കഴുത്തറുപ്പൻ ബിസിനസ് കുടിപ്പകയുടെ പേരിൽ അതിനെ ആഘോഷിക്കുന്ന മറ്റ് മാധ്യമ മുതലാളിമാർ ഒരു കാര്യം ഓർക്കുന്നത് നന്ന്, നാളെ ഈ വാൾ നിങ്ങളുടെ കഴുത്തിനുനേരെയും വരും. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അടുക്കളയിൽ ഗോമാംസം തിരയുന്ന അതേ ഫാസിസ്റ്റ് മാനസികാവസ്ഥ തന്നെയാണ് വാർത്താമുറികളിലെ കമ്പ്യൂട്ടറുകളിൽ കടന്നുകയറുന്ന പൊലീസിനുള്ളത്. ഈ സ്റ്റേറ്റ് സ്പോൺസേർഡ് ഗുണ്ടായിസത്തെയും അധികാര ഹുങ്കിനെയും ചെറുത്തുതോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ചരിത്രപരമായ കടമയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് ഭരണകൂടങ്ങളുടെ വ്യാമോഹം മാത്രമാണ്. l



